വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, November 24, 2009

തകര്‍ന്നത് ആസൂത്രിത നുണപ്രചാരണം

തകര്‍ന്നത് ആസൂത്രിത നുണപ്രചാരണം

ദേശാഭിമാനി മുഖപ്രസംഗം

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് എന്നപേരില്‍ ഒരു ആര്‍ഭാടമന്ദിരത്തിന്റെ ചിത്രം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇ-മെയില്‍ സന്ദേശമായി അയച്ച രണ്ടുപേര്‍ അറസ്റിലായതോടെ ഇന്നാട്ടില്‍ അരങ്ങേറുന്ന ദുഷിച്ച രാഷ്ട്രീയ ഉപജാപങ്ങളുടെ ആഴവും പരപ്പും എത്രയുണ്ടെന്നാണ് വെളിപ്പെട്ടത്. വര്‍ഷങ്ങളായി നടക്കുന്ന തുടര്‍പ്രക്രിയയുടെ ചെറിയൊരു ഭാഗം മാത്രമാണിത്. രണ്ടുതരത്തില്‍ ഇതിനെ കാണേണ്ടതുണ്ട്. ഒന്നാമത്തേത്, കമ്യൂണിസ്റ് പ്രസ്ഥാനത്തിനെതിരായ ആസൂത്രിത ആക്രമണത്തിന്റെ ഭാഗമെന്നുള്ള നിലയില്‍. രണ്ടാമത്തേത് മാധ്യമ ദുരുപയോഗമെന്ന നിലയില്‍. കേരളത്തില്‍, ഇടതുപക്ഷത്തെ നയിക്കുന്ന സിപിഐ എമ്മിന്റെ തകര്‍ച്ച ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ആഗ്രഹമാണ്. ജനപിന്തുണയിലോ രാഷ്ട്രീയ നയസമീപനങ്ങളുടെ കാര്യത്തിലോ സിപിഐ എമ്മിനെ കീഴ്പെടുത്താനാകില്ല എന്ന ബോധ്യത്തില്‍നിന്നാണ് പാര്‍ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഹീനമായ സമീപനത്തിലേക്ക് തിരിഞ്ഞത്.

ഇ എം എസ്, എ കെ ജി, അഴീക്കോടന്‍ രാഘവന്‍ എന്നിവരടക്കമുള്ള സമുന്നത നേതാക്കള്‍ക്കെതിരെ ആദ്യകാലത്ത് ഇത്തരം പ്രചാരണങ്ങള്‍ നടന്നിരുന്നു. കമ്യൂണിസ്റുകാര്‍ ഒരു ജന്മിവീട്ടില്‍ അതിക്രമിച്ചുകയറി അവിടത്തെ സ്ത്രീയുടെ മുലയരിഞ്ഞു എന്ന് പച്ചക്കള്ളം വാര്‍ത്തയായി എഴുതിയ മാതൃഭൂമിപോലുള്ള പത്രങ്ങള്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ഉദയംമുതല്‍ ഇത്തരം കുതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. വലതുപക്ഷരാഷ്ട്രീയത്തിന്റെയും മൂലധന താല്‍പ്പര്യങ്ങളുടെയും കുഴലൂത്തുകാരായി മാറിയ മാധ്യമങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രമിച്ചത്, സിപിഐ എം നേതൃത്വത്തിലെ ചിലര്‍ നല്ലവരും ചിലര്‍ മോശക്കാരുമാണെന്നും എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്നും വരുത്തിത്തീര്‍ക്കുന്ന കഥകള്‍ ജനമനസ്സില്‍ കുത്തിവയ്ക്കാനാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പിണറായിയുടെ വീട് കൊട്ടാരസമാനമാണെന്ന് സമര്‍ഥിക്കാനുള്ള വ്യാജ ചിത്രത്തിന്റെ പ്രചാരണം. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ ചുമതലയേല്‍ക്കുകയും കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം കൂടുതല്‍ ജനപിന്തുണയാര്‍ജിച്ച് മുന്നേറുകയും ചെയ്ത സാഹചര്യം വലതുപക്ഷത്തെയാകെ അങ്കലാപ്പിലാക്കിയിടത്തുനിന്നാണ് അപവാദപ്രചാരണത്തിന്റെ ഏറ്റവും ഊര്‍ജിതവും വിപുലവുമായ പ്രയോഗങ്ങളുണ്ടാകുന്നത്. അന്നൊന്നും പിണറായി നേരിട്ട് ആക്രമിക്കപ്പെട്ടിരുന്നില്ല. കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയെ രാജിവയ്പിച്ച് പാര്‍ടി സെക്രട്ടറിയാക്കിയതില്‍ മാതൃഭൂമിപോലുള്ള പത്രങ്ങള്‍ പരിഭവം പ്രകടിപ്പിക്കുകപോലുമുണ്ടായി. എന്നാല്‍, ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പടിപടിയായുള്ളതും അപ്രതിരോധ്യമായതുമായ മുന്നേറ്റം അത്തരക്കാരെ സ്വാഭിപ്രായങ്ങളില്‍ വിഷം ചേര്‍ക്കാനും ആരും അറയ്ക്കുന്ന കാര്യങ്ങള്‍പോലും കമ്യൂണിസ്റുകാര്‍ക്കെതിരെ ചെയ്യാനുമുള്ള മാനസികാവസ്ഥയിലേക്കാണ് നയിച്ചത്. പൊടുന്നനെ പാര്‍ടി സെക്രട്ടറിക്കെതിരായ പ്രചാരണങ്ങള്‍ ആരംഭിച്ചു.

ആദ്യം മാതൃഭൂമി പത്രത്തിലാണ് അത് തുടങ്ങിയത്. ഊരും പേരുമില്ലാതെ ഇറങ്ങിയ ചില 'പത്രിക'കളും 'ബുള്ളറ്റിനു'കളും എഴുതിവിട്ട നുണകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ഇടതുപക്ഷത്തെ നികൃഷ്ടമായി കണക്കാക്കുന്ന വലതുപക്ഷ- അറുപിന്തിരിപ്പന്‍ കേന്ദ്രങ്ങള്‍വരെ സിപിഐ എമ്മില്‍ വിപ്ളവവീര്യം ചോര്‍ന്നുപോകുന്നു എന്ന് വിലപിക്കുന്ന പരിഹാസ്യമായ രംഗങ്ങള്‍ക്കാണ് പിന്നീട് കേരളം സാക്ഷിയായത്. പത്രവാര്‍ത്തകളിലൂടെയും പ്രസംഗങ്ങളിലൂടെയും വാര്‍ത്താസമ്മേളനങ്ങളിലൂടെയും പ്രക്ഷേപണം ചെയ്യുന്ന സൂചനകളും ആസൂത്രിതമായി നടത്തുന്ന നുണപ്രചാരണവും ചേര്‍ന്നുള്ള സംയോജിതപരിപാടി ഒരുപരിധിവരെ ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ സഹായകമായി. അങ്ങനെ കപടമായി സൃഷ്ടിച്ച പൊതുബോധത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് ലാവ്ലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത്. 149 കോടി രൂപ കനേഡിയന്‍ കമ്പനിക്ക് നല്‍കി മൂന്നു പഴഞ്ചന്‍ വൈദ്യുതിപദ്ധതികള്‍ സമ്പൂര്‍ണമായി നവീകരിക്കാന്‍, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ തുടര്‍പ്രവര്‍ത്തനം ഏറ്റെടുത്ത എല്‍ഡിഎഫ് ഗവമെന്റിനെയും അതില്‍ ആദ്യനാളുകളില്‍ മന്ത്രിസ്ഥാനത്തിരുന്ന പിണറായി വിജയനെയും 374 കോടിയുടെ അഴിമതിക്ക് ഉത്തരവാദികള്‍ എന്ന് സാമാന്യബോധത്തെയും യുക്തിയെയും വെല്ലുവിളിക്കുന്ന ആരോപണത്തിന് ഇരയാക്കുന്നതുവരെ വളര്‍ന്നു ആ ഹീനമായ ഗൂഢാലോചന. മാത്രമോ, അതിന്റെ പേരില്‍ സിബിഐയെക്കൊണ്ട് കേസെടുപ്പിക്കുകയും ചെയ്തു. ആ കേസിന്റെ പ്രധാന തെളിവുകളിലൊന്നായി സിബിഐ കോടതിയില്‍ നല്‍കിയത്, വരദാചാരി എന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ തല മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ നോട്ട് എഴുതി എന്നാണ്. ആ വിഷയത്തില്‍ നാട്ടില്‍ എന്തൊക്കെ ചര്‍ച്ചകളും കോലാഹലവുമുണ്ടായി എന്ന് ഓര്‍ത്തുനോക്കാവുന്നതേയുള്ളൂ. ഒടുവില്‍ വ്യക്തമായത് വരദാചാരിക്കെതിരെ പിണറായി വിജയന്‍ എഴുതിയ നോട്ട്, കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന് വിശ്വാസ്യതയില്ല എന്ന അറുവഷളന്‍ സമീപനം ആ ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടായപ്പോഴാണ് എന്നാണ്. അതിന്റെ തെളിവുകള്‍ പുറത്തുവന്നപ്പോള്‍, അതുവരെ 'വരദാചാരിയുടെ തല'യില്‍ ലാവ്ലിന്‍വിവാദം കെട്ടിവച്ചവര്‍ക്ക് മിണ്ടാട്ടം നഷ്ടപ്പെട്ടു. നുണക്കഥകളുടെ പരമ്പര എഴുതിവിട്ട ഒരു മാധ്യമ സഹജീവിയും പിന്നെ മിണ്ടിയില്ല.

ഇത്തരം കാപട്യങ്ങളുടെയും നീചവൃത്തികളുടെയും ഒടുവിലത്തെ ഉദാഹരണമാണ് പിണറായിക്ക് കൊട്ടാരംപോലത്തെ വീടുണ്ടെന്ന പ്രചാരണത്തെ ബലപ്പെടുത്താനായി ഒരു എന്‍ആര്‍ഐ വ്യവസായിയുടെ കോടികള്‍ വിലയുള്ള അത്യാഡംബര വീട് പിണറായി വിജയന്റേതാണെന്ന് ചിത്രീകരിച്ച് അയച്ച ലക്ഷക്കണക്കിന് ഇ-മെയില്‍ സന്ദേശം. ഇതുപോലെ ഏതെങ്കിലും കള്ളപ്രചാരണങ്ങള്‍കൊണ്ട് കമ്യൂണിസ്റ് നേതാക്കളെ ജനമധ്യത്തില്‍ ഇല്ലാതാക്കിക്കളയാം എന്നത് മിഥ്യാധാരണയാണ്. എന്നാല്‍, ഇത്തരം ഹീനവൃത്തികളില്‍ വ്യാപൃതരാകുന്നവരെ വെറുതെ വിട്ടുകൂടാ. ഇപ്പോള്‍ പിടിയിലായത്, വ്യാജപ്രചാരണത്തിന്റെ ഒരുഘട്ടത്തില്‍ ഇടപെട്ട് കള്ള ഇ-മെയിലിന് പ്രചുരപ്രചാരം നല്‍കിയവരാണ്. ഇതിന്റെ ഉറവിടംതന്നെ പിടിക്കപ്പെടണം. കുപ്രചാരകര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം. അറസ്റിലായ രണ്ടുപേര്‍ നീണ്ട ചങ്ങലയിലെ കണ്ണികള്‍മാത്രമാണ്. തെരഞ്ഞെടുപ്പുപ്രചാരണമധ്യത്തില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ബിനാമി എന്ന് ആക്ഷേപിച്ച് ആ പച്ചക്കള്ളത്തെ മുഖ്യപ്രചാരണവിഷയമാക്കിയ പിതൃശൂന്യ സമീപനങ്ങളുടെ ചെറിയ പതിപ്പുമാത്രമാണിത്. ദുഷ്ടമനസ്സും കുറുക്കുവഴികളോട് പ്രണയവുമുള്ള രാഷ്ട്രീയ അശ്ളീലങ്ങളെ മറനീക്കി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഉത്തേജനമാകുന്ന നടപടി എന്നനിലയിലാണ് സൈബര്‍ പൊലീസ് വ്യാജചിത്ര പ്രചാരണക്കേസന്വേഷണത്തില്‍ നേടിയ പുരോഗതിയെ കാണേണ്ടത്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോ തുടങ്ങിയ മാധ്യമങ്ങളെ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന യാഥാര്‍ഥ്യവും ഈ കേസിന്റെ ഭാഗമായി സജീവമായ പരിചിന്തനത്തിന് വിധേയമാകേണ്ടതുണ്ട്.

സോഷ്യലിസമാണ് ബദല്‍

സോഷ്യലിസമാണ് ബദല്‍

ദേശാഭിമാനി മുഖപ്രസംഗം

ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സമാപിച്ച ലോക കമ്യൂണിസ്റ്, തൊഴിലാളി പാര്‍ടികളുടെ സമ്മേളനം. കമ്യൂണിസം മരിച്ചെന്നു പറഞ്ഞ് രണ്ടുപതിറ്റാണ്ട് മുമ്പ് അട്ടഹാസം മുഴുക്കിയവര്‍ മാര്‍ക്സിസത്തിന്റെ കരുത്തോടെയുള്ള തിരിച്ചുവരവ് കണ്ട് അമ്പരന്നിരിക്കുകയാണ്. ബര്‍ളിന്‍ മതില്‍ തകര്‍ത്തതിന്റെ 20-ാംവാര്‍ഷികവേളയില്‍ ആഹ്ളാദിക്കാന്‍ കഴിയാത്തവിധമാണ് മുതലാളിത്തത്തിന്റെ ഇന്നത്തെ അവസ്ഥയെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ടികള്‍ വ്യക്തമാക്കിയതും പ്രസക്തം. മുപ്പതുകളിലെ അത്യഗാധമായ സാമ്പത്തികപ്രതിസന്ധിക്കുശേഷം ലോകംകണ്ട ഏറ്റവും വലിയ കുഴപ്പമാണ് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടത്. ആഗോളവല്‍ക്കരണകാലത്ത് അതിവേഗത്തില്‍ മറ്റു രാജ്യങ്ങളിലേക്കും അതു പടര്‍ന്നുകയറി. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെ മാര്‍ക്സിലേക്കാണ് തിരിഞ്ഞത്.

ഫ്രാന്‍സിന്റെ പ്രസിഡന്റും മാര്‍പ്പാപ്പയും ഉള്‍പ്പെടെ മൂലധനം മറിച്ചുനോക്കാന്‍ നിര്‍ബന്ധിതമായി. ലോകത്ത് വീണ്ടും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും രചനകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായി. മാര്‍ക്സിനെ ഒരു ശാസ്ത്രജ്ഞനായി അംഗീകരിക്കാന്‍ വത്തിക്കാന്‍ തയ്യാറായതും ഈ കാലത്താണ്. മാര്‍ക്സിസത്തിന്റെ വഴികള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവരും, മുതലാളിത്തത്തെ ഏറ്റവും നന്നായി ശാസ്ത്രീയമായി വിശകലനത്തിനുവിധേയമാക്കിയത് മാര്‍ക്സ് മാത്രമാണെന്ന് അംഗീകരിക്കാന്‍ തയ്യാറായി. ഈ സാര്‍വദേശീയ സാഹചര്യത്തിലാണ് ആദ്യമായി ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. സോഷ്യലിസത്തിനേറ്റ തിരിച്ചടിയില്‍ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് ദിശാബോധം പകര്‍ന്ന സമ്മേളനം കൊല്‍ക്കത്തയില്‍ സിപിഐ എം വിളിച്ചുകൂട്ടിയതിനുശേഷം, ആദ്യമായാണ് ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മുതലാളിത്ത പ്രതിസന്ധിതന്നെയായിരുന്നു സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ചിലര്‍ വാദിച്ചിരുന്നത് ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ ധനകാര്യ കൈകാര്യകര്‍തൃത്വത്തിന്റെ പാളിച്ചമാത്രമാണെന്നായിരുന്നു. അത് തിരുത്തിയാല്‍ ഇതില്‍നിന്ന് കരകയറാന്‍ കഴിയുമെന്നും ഇവര്‍ വാദിച്ചു. സാമ്രാജ്യത്വ സാമ്പത്തികസ്ഥാപനങ്ങളുടെ ശക്തനായ വിമര്‍ശകന്‍ ജോസഫ് സ്റിഗ്ളിറ്റ്സ് വരെ ഈ അഭിപ്രായക്കാരനാണ്. എന്നാല്‍, ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ അനിവാര്യമായ പ്രതിസന്ധിയാണെന്ന മാര്‍ക്സിന്റെ നിഗമനമാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്. ഇതില്‍നിന്ന് കരകയറുന്നതിന് മുതലാളിത്തത്തിന് കഴിയുമെങ്കിലും അത് മറ്റൊരു

പ്രതിസന്ധിയിലേക്കായിരിക്കുമെന്നും അത്ശരിയായി നിരീക്ഷിച്ചു. ഈ പ്രതിസന്ധി ഉള്ളടക്കംചെയ്ത സാമൂഹ്യവ്യവസ്ഥയെ മാറ്റിത്തീര്‍ക്കലാണ് ശരിയായ പരിഹാരം. സോഷ്യലിസമാണ് ശരിയായ ബദല്‍ എന്ന പ്രഖ്യാപനത്തിലൂടെ ഇതാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്. ഈ സാഹചര്യം നന്നായി ഉപയോഗിക്കുന്നതിന് തൊഴിലാളിവര്‍ഗത്തിന് കഴിയേണ്ടതുണ്ട്. എവിടെയെല്ലാം ഈ നയത്തിന് എതിരായി ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുന്നുവോ അവിടെയെല്ലാം വന്‍മുന്നേറ്റമുണ്ടാക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയുന്നുണ്ടെന്നാണ് ലാറ്റിനമേരിക്ക തെളിയിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് മുതലാളിത്ത രാജ്യങ്ങള്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണജനതയ്ക്ക് സഹായകമല്ലെന്നും സമ്മേളനം കുറ്റപ്പെടുത്തുകയുണ്ടായി.

മൂലധനശക്തികള്‍ക്ക് പണം വാരിക്കോരി നല്‍കുന്ന നടപടികള്‍വഴി പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ല. ഓഹരിയിലൂടെയും നാണയമാറ്റത്തിലൂടെയും കൈമാറുന്ന പണത്തിന് നികുതി ചുമത്തണമെന്നതുള്‍പ്പെടെ ക്രിയാത്മകമായ നിര്‍ദേശങ്ങളും സമ്മേളനം മുന്നോട്ടുവച്ചിട്ടുണ്ട്. സാര്‍വദേശീയമായി സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ലഭിച്ച അംഗീകാരമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ കിട്ടിയ അവസരം. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് ഈ സമ്മേളനാനുഭവം പുത്തന്‍ ദിശാബോധം നല്‍കുമെന്ന് ഉറപ്പ്. പ്രത്യേകിച്ചും ഇന്ത്യന്‍ ഭരണവര്‍ഗം കൂടുതല്‍ കൂടുതല്‍ സാമ്രാജ്യത്വവിധേയത്വം കാണിക്കാന്‍ ശ്രമിക്കുന്ന കാലത്ത്, ഈ സാര്‍വദേശീയമായ അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍ പ്രധാനമാണ്.

Saturday, November 21, 2009

സൈലന്റ്വാലി കാലത്തോട് സംവദിക്കുന്നത്

സൈലന്റ്വാലി കാലത്തോട് സംവദിക്കുന്നത്

ബിനോയ് വിശ്വം (വനം വകുപ്പു മന്ത്രി)

ദേശാഭിമാനി ലേഖനം

സൈലന്റ്വാലിയുടെ നിശബ്ദത സമൂഹത്തിന്റ നീതിബോധത്തോട് സംവദിച്ചത് വമ്പിച്ച പ്രതിധ്വനികളാണുണ്ടാക്കിയത്. 1984 നവംബര്‍ 15നാണ് സൈലന്റ്വാലി നാഷണല്‍പാര്‍ക്ക് പ്രഖ്യാപനമുണ്ടായത്. പശ്ചിമഘട്ടമലനിരകളിലെ അത്യപൂര്‍വമായ ജൈവസമ്പത്ത് കാത്തുസൂക്ഷിക്കുന്നതിനുള്ളല്‍ പ്രധാനപ്പെട്ട പ്രഖ്യാപനമാണ് കേരള സര്‍ക്കാര്‍ 2007 ജൂ 11ന് നടത്തിയത്. സൈലന്റ്വാലി ദേശീയോദ്യനത്തിനുചുറ്റുമുള്ള 148 .കി.മീ. വനമേഖലയെ ബഫര്‍സോ (സംരക്ഷിതവലയം) ആയി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് വനംഡിവിഷനിലെ 109 .കി.മീറ്ററും നിലമ്പൂര്‍ സൌത്ത് വനംഡിവിഷനിലെ 39 .കി.മീറ്ററും ഉള്‍ക്കൊള്ളുന്നന്നപ്രദേശമാണ് ഇതിന്റെ വിസ്തൃതി. ബഫര്‍സോണായി ഏറ്റെടുക്കപ്പെട്ട വനങ്ങളുടെ സംരക്ഷണത്തിന് രണ്ടു ഫോറസ്റ് സ്റേഷനും അനുവദിച്ചു. സൈലന്റ്വാലി നാഷണല്‍ല്‍പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ചവരെയെല്ലാം ഓര്‍ക്കേണ്ടണ്ട സന്ദര്‍ഭമാണിത്. സ്വാതന്ത്യ്രത്തിന് ഒരു നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാര്‍ സൈലന്റ്വാലിയെന്നു പേരിട്ട പശ്ചിമഘട്ട മലനിരയിലെ പീഠഭൂമി അപൂര്‍വ ജനുസ്സുകളില്‍പ്പെട്ട വൃക്ഷലതാദികളാലും ജീവികളാലും സമ്പന്നമാണ്.

പാലക്കാട് ജില്ലയിലെ മുക്കാലിയില്‍നിന്ന് 23 കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ സഞ്ചരിച്ചെത്തുമ്പോഴാണ് സൈലന്റ്വാലിയുടെ തുടക്കമാകുന്നതെന്നു പറയാം. നിശബ്ദ താഴ്വാരത്തിന്റെ ഉള്ളറകളിലേക്ക് കടക്കുന്നതിനുമുമ്പുതന്നെന്ന കാടിന്റെ നനവാര്‍ന്നന്ന തലോടലും രാഗവീചികളും കുളിര് നല്‍കും. കരിമ്പുലിയും പുള്ളിപ്പുലിയും കരടിയും മറ്റും ഉള്‍പ്പെടുന്ന 315 ഇനം ജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആയിരത്തോളം പുഷ്പയിനവും 107 ഇനം ഓര്‍ക്കിഡും 100ല്‍ല്‍പരം പക്ഷിവര്‍ഗവും 200ല്‍ പരം ആല്‍ഗകളും 75 ഇനം ഒച്ചും മറ്റും വനത്തിലുണ്ട്. സൈലന്റ്വാലി കാടുകളുടെ 1800 മീറ്ററിനുമേല്‍ല്‍ഉയരമുള്ള നീലഗിരിച്ചരിവുകളില്‍ല്‍ ചോലക്കാട്, പുല്‍പ്പരപ്പ് ആവാസവ്യവസ്ഥയാണ്.

അത്യപൂര്‍വമായ ഓര്‍ക്കിഡ് സസ്യങ്ങളും കാട്ടു കാശിത്തുമ്പവംശങ്ങളും കുറിഞ്ഞികളും ഇവിടെ കാണാം. നീലഗിരിച്ചരിവുകള്‍ക്കുതാഴെ ദീര്‍ഘചതുരാകൃതിയില്‍ല്‍ 100 .കി.മീറ്ററോളം വിസ്തൃതിയിലുള്ള മഴക്കാടാണ് ദേശീയോദ്യാനത്തിന്റെ മര്‍മഭാഗം. സൈലന്റ്വാലിയുടെ സന്ദേശം തലമുറകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകത മുന്നില്‍ല്‍കണ്ടാണ് സൈലന്റ്വാലി ദേശീയോദ്യാന രജതജൂബിലി ആഘോഷങ്ങള്‍ക്ക് വനംവകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. ആഘോഷഭാഗമായി ഒരു തപാല്‍സ്റാമ്പ് പുറത്തിറക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും അത് അംഗീകരിക്കുകയും ചെയ്തത് എടുത്തുപറയേണ്ടതാണ്. 21ന് പാലക്കാട്ട് നടക്കുന്നന്നദേശീയ സെമിനാര്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ജയറാം രമേഷ് ഉദ്ഘാടനം ചെയ്യും.

രണ്ടാംദിവസം സൈലന്റ്വാലിയുടെ വശ്യതകള്‍ കണ്ടറിയാന്‍ സൈരന്ധ്രീതടങ്ങളും മറ്റും പരിസ്ഥിതി സ്നേഹികള്‍ സന്ദര്‍ശിക്കും. അനിതരസാധാരണമായ സൈലന്റ്വാലിയുടെ കാത്തുസൂക്ഷിപ്പിന്റെ പ്രാധാന്യം തലമുറകളോട് സംവദിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍-കോളേജ് തലങ്ങളില്‍ ഒരുവര്‍ഷത്തെ അവബോധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ബാഹ്യസ്പര്‍ശമേല്‍ക്കാത്ത സൈലന്റ്വാലിയുടെ തനിമ പ്രകൃതിയുടെ താളവട്ടങ്ങളായി കാലം കാത്തുപുലര്‍ത്തട്ടെ.

Sunday, November 15, 2009

ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌

(ആംഗലേയത്തില്‍ E.M.S. Namboodiripad, ജൂണ്‍ 13, 1909 പെരിന്തല്‍മണ്ണ - മാര്‍ച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യന്‍ മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകളിലൊന്നിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരന്‍, മാര്‍ക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞന്‍, സമൂഹിക പരിഷ്ക്കര്‍ത്താവ്‌ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രധാനിയാണ്‌.
1909 ജൂണ്‍ 13-ന് ഇന്നത്തെ മലപ്പുറം ജില്ലയില്‍ പെട്ടപെരിന്തല്‍മണ്ണയിലെ കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയില്‍ ജനിച്ചു. പിതാവ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത. പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന. ഇല്ലത്തിന്റെ പേരും പ്രശസ്തിയും മൂലം ആ ദേശത്തിന് തന്നെ ആ പേരാണ് വിളിച്ചിരുന്നത്. അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു അക്കാലത്ത്. ‘കുഞ്ചു‘ എന്ന ഓമന‍പ്പേരിലാണ്‌ ശങ്കരന്‍ അറിയപ്പെട്ടിരുന്നത്. വിഷ്ണുദത്തയില്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരന്‍.

ബാല്യം


കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരന്‍ വളര്‍ന്നത്. അഷ്ടഗൃഹത്തിലാഢ്യരെന്ന ഉയര്‍ന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവര്‍. തറവാട്ടുവകയായ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങള്‍. അവിടെ നിത്യവും പൂജയും മറ്റു കര്‍മ്മങ്ങളും നടന്നു. ഓര്‍മ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.ആ കുടുംബത്തിലെ നാലാമത്തെ സന്താനമായിരുന്നു ശങ്കരന്‍. മൂത്ത രണ്ടു കുഞ്ഞുങ്ങള്‍ ബാല്യമെത്തുന്നതിനു മുന്നേ തന്നെമരിച്ചു പോവുകയും മൂന്നാമത്തെ കുട്ടി ബുദ്ധിപരമായി വളര്‍ച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാല്‍ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളര്‍ത്തിയത്. പഠിപ്പിനായിട്ടുള്ള കാര്യങ്ങള്‍ക്ക് പുറമേ ആയുസ്സ് വര്‍ദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തില്‍ നിത്യദര്‍ശനം നിര്‍ബന്ധമാക്കിയിരുന്നു. പന്ത്രണ്ട് വയസ്സു വരെ ഇത് തുടര്‍ന്നു. പരമേശ്വരന്‍ കൂടാതെ അച്ഛന്‍ രണ്ടാം ഭാര്യയില്‍ ജനിച്ച രാമന്‍, ബ്രഹ്മദത്തന്‍, ദേവകി, പാര്‍വതി എന്നീ സഹോദരങ്ങളും ശങ്കരനുണ്ടായിരുന്നു.കുഞ്ചു എന്ന ഓമനപ്പേരിലാണ്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. അന്നത്തെ കേരളത്തിലെ ഏറ്റവും സമ്പന്നമായ ചുരുക്കം നമ്പൂതിരി ഇല്ലങ്ങളിലൊന്നായിരുന്നു ഏലംകുളം മന, അവിടെ പ്രതിവര്‍ഷം പാട്ടം വരവ് 60,000 പറ നെല്ലിന്‌ 3,60,000 കിലോ ഗ്രാം അരി ഉണ്ടായിരുന്നു. വാല്യക്കാരും അടിച്ചു തെളിക്കാരുമായി വലിയ ഒരു ജനം മനയുടെ ആശ്രിതരായിട്ടുണ്ടായിരുന്നു.

വിദ്യാഭ്യാസം


നമ്പുതിരി കുടുംബങ്ങളിലെ പതിവില്‍നിന്നു വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാന്‍ ഒരു സ്കൂള്‍ അദ്ധ്യാപകനെ ഏര്‍പ്പാട് ചെയ്തു. എങ്കിലും പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാന്‍ തുടങ്ങി. കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതന്‍ നമ്പൂതിരിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. സംസ്കൃതവും മലയാളവും നന്നായി വായിക്കാന്‍ പഠിച്ചു. എട്ടു വയസ്സിലാണ് ഉപനയനം കഴിഞ്ഞത്. എന്നാല്‍ ഓത്ത് (ഋഗ്വേദം ഓര്‍ത്തു ചൊല്ലിപ്പഠിക്കല്‍) തുടങ്ങി അധികം വൈകാതെ ഗുരുനാഥന്റെ അച്ഛന്‍ മരിച്ചതിനാല്‍ തുടര്‍ന്ന് പഠനം ഗുരുനാഥന്റെ വീട്ടില്‍ ആക്കി.[1] കാവ്യനാടകാലങ്കാരങ്ങള്‍ പഠിച്ച് പണ്ഡിതനാകണം, കടവല്ലൂരന്യോന്യത്തിനു പോയി പ്രശസ്തനാകണം തുടങ്ങിയവയായിരുന്നു അമ്മ വിഷ്ണുദത്തയെ സംബന്ധിച്ചിടത്തോളം മകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍.
പരമേശ്വരന്‍ നമ്പുതിരിപ്പാടിന്റെ നിര്യാണത്തെ തുടര്‍ന്ന് മനക്കലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ പ്രായമുള്ള ആരും ഇല്ലാതായതിനെത്തുടര്‍ന്ന് ഇല്ലം നോക്കി നടത്താന്‍ അകന്ന ഒരു ബന്ധുവിനെ ആശ്രയിക്കേണ്ടതായി വന്നു. അച്ഛന്‍ പരമേശ്വേരന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരീപുത്രന്‍ കൊച്ചീരാജ്യത്തെ ഇരിങ്ങാലക്കുടയിലെ മേച്ചേരി ഇല്ലത്തെ നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു ആ ബാധ്യത ഏറ്റത്. മേച്ചേരി ഏട്ടന്‍ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം പരിഷ്കൃത മനസ്സുള്ളവനും ദേശീയ പ്രസ്ഥാനത്തിലും പൊതുകാര്യങ്ങളിലും താല്പര്യമുള്ളയാളുമായിരുന്നു. ഇത് ഇല്ലത്തെ ജീവിത സമ്പ്രദായങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനിടയായി. പ്രതമാസികള്‍ വരുത്തുക, ഇല്ലത്ത് അഭ്യസ്തവിദ്യരും പൊതുകാര്യപ്രസക്തരുമായ സുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളുക തുടങ്ങിയ പുതുമകള്‍ പലതും തുടങ്ങി. ഇത് ഇ.എം.എസിലും മാറ്റങ്ങള്‍ വരുത്തി.

ഗുരുനാഥന്റെ വീട് ഒരു ജന്മി ഗൃഹമായിരുന്നു. ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളില്‍ നിഷിദ്ധമായിരുന്നു. എങ്കിലും അതിന്റെ ആവശ്യകതക മനസ്സിലാക്കാന്‍ എല്ലാവരും തുടങ്ങിയിരുന്നു. ഈ സമയത്ത് ഒല്ലൂരിനടുത്തുള്ള എടക്കുന്നിയില്‍ ഒരു ഇംഗ്ലീഷ് സ്കൂള്‍ നമ്പൂതിരി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചു തുടങ്ങി. കാരണവര്‍മാര്‍ എതിര്‍ത്തിരുന്നെങ്കിലും പലരും അത് പഠിക്കാന്‍ മുതിര്‍ന്നു. മേച്ചേരി ഏട്ടന്റെ സഹായത്തോടെ അദ്ദേഹവും ‘മ്ലേച്ഛഭാഷ’യായ ഇംഗ്ലീഷ് പഠിച്ചു.
ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധു വീട്ടിലാണ് കുറേ കാലം ശങ്കരന്‍ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാന്‍ അദ്ദേഹത്തിന് സാധിച്ചു. മാത്രവുമല്ല അന്ന് പുറം ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വര്‍ദ്ധിക്കാനും ഇത് കാരണമാക്കി. ഇതിനിടെ തൃശ്ശൂരിലെ നമ്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ശങ്കരന്‍ പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ ചേര്‍ന്നു. മൂന്നാം ക്ലാസിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയിലെ വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ദിവസംതോറും വിദ്യാലയത്തിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്ര ഇല്ലത്തിനു പുറത്തുള്ള സാഹചര്യങ്ങളുമായും നാനാജാതിമതസ്ഥരുമായി ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങള്‍ നല്‍കി. അതിനുള്ളില്‍ തന്നില്‍ വളര്‍ന്നുവന്ന പൊതുകാര്യപ്രസക്തനെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പഠനമുറിക്ക് പുറത്ത് അദ്ദേഹം പ്രസംഗമത്സരങ്ങള്‍, കളികള്‍ എന്നിവയില്‍ പങ്കെടുക്കുകയും ഉപന്യാസം, പ്രസംഗം എന്നിവയെഴുതുകയും ചെയ്യുന്നതില്‍ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്‍ അക്കാലം മുതലേ വിക്ക് ഉണ്ടായിരുന്നു എങ്കിലും അതൊരു പ്രശ്നമായി അദ്ദേഹം പിന്നീട് വിവരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വഴികാട്ടികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് എം.പി. ഗോവിന്ദമേനോന്‍ ആയിരുന്നു. അദ്ദേഹം അഭിഭാഷക വൃത്തി ഉപേക്ഷിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സംബന്ധിച്ച വ്യക്തിയായിരുന്നു.

സമൂഹ്യ-രാഷ്ടീയരംഗത്ത്


നിസ്സഹരകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹത്തിന് താല്പര്യം ജനിക്കാന്‍ തുടങ്ങി. [2]ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തില്‍ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാന്‍ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. ലോകമാന്യ എന്ന രാഷ്ട്രീയ വാരികയില്‍ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയായിരുന്നു. അധികാരികള്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചപ്പോള്‍ ശങ്കരന് അദ്ദേഹത്തോട് ആരാധനയുണ്ടായി. 1923-ല് നമ്പൂതിരി യോഗക്ഷേമ സഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാല്‍ വയ്പ്. പുരോഗമന ചിന്താഗതിയുള്ള നമ്പൂതിരി സമുദായാംഗങ്ങളുടെ കൂട്ടായ്മയായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീര്‍ന്നു അദ്ദേഹം. സ്കൂള്‍ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയില്‍ വച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്തു. സൈമണ്‍ കമ്മീഷനെതിരെയുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്ന കാലം ആയിരുന്നു അത്. ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂര്‍വച്ച് കേരള സംസ്ഥാനത്ത്ലെ രാഷ്ട്രീയ സമ്മേളനം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ നടന്നു. അതില്‍ വച്ച് മിതവാദികള്‍ സ്വരാജ് മതിയെന്നും തീവ്രവാദികള്‍ പൂര്‍ണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങള്‍ അദ്ദേഹത്തിനെ സജീവ രാഷ്ടീയത്തിലേയ്ക്ക് വലിച്ചിഴച്ചു.
ഇതേ സമയത്ത് നമ്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവര്‍ത്തനത്തിനായി അദേഹം ശ്രമിച്ചു. പാശുപതം എന്ന വാരികയില്‍ നമ്പൂതിരി നിയമം പരിഷ്കരിക്കുകയും കുടുംബസ്വത്തില്‍ കാരണവര്‍ക്കുള്ള അധികാരം കുറച്ച് മറ്റുള്ളവര്‍ക്കും മാന്യമായി ജീവിക്കാന്‍ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. [1925] ജൂണില്‍ പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ ചേര്‍ന്നു. കുറേകാലം വീട്ടില്‍ തന്നെ പഠനം നടത്തിയതിനാല്‍ നേരിട്ട് മുന്നാം ഫോറത്തിലേക്ക് ചേരുകയായിരുന്നു. സ്കൂളിനടുത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയിലെ സ്ഥിരം സന്ദര്‍ശകനായി അദ്ദേഹം.

രാഷ്ടീയരംഗത്ത്


സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട് പാണ്ടം, കുറൂര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. ഇക്കാലത്ത് ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനില്‍നിന്ന് ഹിന്ദി പഠിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഹിന്ദിയുടെ പ്രചരണം സ്കൂളിന്റെ പ്രിന്‍സിപ്പല്‍ തടഞ്ഞു. ഇത് അദ്ദേഹമുള്‍പ്പെടുന്നവരുടെ സമര വീര്യം ആളി കത്തിച്ചു.
1929 ജൂണില്‍ കോളേജ് പഠനത്തിനായി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ജൂനിയര്‍ ഇന്‍റര്‍മീഡിയേറ്റിനു ചേര്‍ന്നു. അന്നു മുതല്‍ 1932 വരെ അവിടത്തെ വിദ്യാര്‍ത്ഥിയായിരുന്നു. ഇവിടെ വച്ച് അദ്ധ്യാപകരായ പ്രൊഫ: നാരായണസ്വാമി, എം.പി. പോള്‍ എന്നിവരുമായി അടുത്തിടപെടാനായി. കോളജ്‌ പഠനകാലത്ത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാന്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമന്‍ലാല്‍ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
1931ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. തൊട്ടടുത്തവര്‍ഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് അത്രയൊന്നും പേരെടുക്കാത്ത ശങ്കരനെയാണ്. അത് പത്രമാധ്യമങ്ങളില്‍ വരികയും അന്നുവരെ ശങ്കരന്റെ ഇത്തരം പ്രവൃത്തികള്‍ അറിയാത്ത അമ്മ അത് അറിയുകയും ചെയ്തു. അവര്‍ മകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തില്‍ മൂന്നുപേര്‍ കടപ്പുറത്തേക്ക് ഉപ്പ് ശേഖരിക്കുക ജാഥ നടത്തി. ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വന്‍പിച്ച ജനാവലിക്കു മുന്‍പില്‍ വച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച്‌ ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ 1933 ഓഗസ്റ്റ് 31-ന് അദ്ദേഹമടക്കമുള്ള പലരേയും വെറുതെ വിട്ടു. വെല്ലൂര്‍, കണ്ണൂര്‍ ജയിലുകളിലായാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കപ്പെട്ടത്. കണ്ണൂര്‍ ജയിലില്‍ വച്ച് സഹ തടവുകാരനായ കമല്‍നാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ് ആശയങ്ങള്‍ പരിചയപ്പെടുത്തി. ഇതു കൂടാതെ ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെന്‍‍ഗുപ്ത, ചക്രവര്‍ത്തി, ആചാര്യ എന്നിവരും അന്ന് കണ്ണൂര്‍ ജയിലില്‍ ഉണ്ടായിരുന്നു. പിന്നീട് വെല്ലൂര്‍ ജയിലിലേയ്ക്ക് മാറ്റിയ ശേഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അദ്ദേഹത്തിന് സഹവര്‍ത്തിത്വം ഉണ്ടായി. അതില്‍ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂര്‍ത്തി എന്നിവര്‍.
തടവില്‍നിന്ന് പുറത്തു വന്ന ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ക്കൊപ്പമായിരുന്നു ഇ എം എസിന്റെ പ്രവര്‍ത്തനം.1932-കോളേജ് വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ജീവിക്കാന്‍ ആരംഭിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്‌. 1934-36ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1934, 1938, 1940 വര്‍ഷങ്ങളില്‍ കെ.പി.സി.സി യുടെ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യെപ്പറ്റി ആലോചിക്കുമ്പോള്‍തന്നെ ഇ എം എസ്‌ ആ ചിന്താധാരയ്കൊപ്പം നിന്നു. അങ്ങനെ 1937-ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളായി. 1951 വരെ ഒളിവിലായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം. [3] 1962-ല്‍ ജനറല്‍ സെക്രെട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടര്‍ന്ന്, ഇ.എം.എസ്. പാര്‍ട്ടി ജനറല്‍ സെക്രെട്ടറിയായി. അതോടൊപ്പം പാര്‍ട്ടിയുലുണ്ടായിരുന്ന വിഭാഗീയത തീര്‍ക്കുന്നതിനായി പാര്‍ട്ടി ചെയര്‍മാന്‍ എന്ന പുതിയ പദവി സൃഷ്ടിച്ച്, എ.എസ്. ഡാംഗെയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തു.
ചൈനയും ഇന്ത്യയുമായി 1962 ല്‍ യുദ്ധമുണ്ടായപ്പോള്‍ ചില കമ്യൂണിസ്റ്റ് നേതാക്കള്‍ യുദ്ധം മുതലാളിത്ത സ്റ്റേറ്റും സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള‍ പോരാട്ടമാണെന്നു പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികള്‍ എന്ന കാരണത്താല്‍ ജയിലിലടക്കുകയും ചെയ്തു. ഇ.എം.എസ്., അച്യുത മേനോന്‍ എന്നിവര്‍ ഉള്‍പ്പടെ പലരേയും അക്കാലത്ത് ജയിലിലടച്ചു. എന്നാല്‍ അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം മോചിപ്പിച്ചു.

ഒളിവു ജീവിതം


രണ്ടു തവണയാണ് ഇ.എം.എസ്. ഒളിവുജീവിതം നയിച്ചത്. 1940 ഏപ്രില്‍ 28 മുതല്‍ 1942 ഓഗസ്റ്റ് 2 വരെയും 1948 ജനുവരി മുതല്‍ 1951 ഒക്ടോബര്‍ വരെയും. കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെ ഗവര്‍ണ്മെന്‍റ് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാല്‍ ഒളിവില്‍ പോകാന്‍ സുഹൃത്ത് കൃഷ്ണപിള്ള അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. ഒളിവുകാലത്ത് തന്നെ പാര്‍ട്ടികേന്ദ്രത്തിലിരുന്ന്, ബുദ്ധിപരമായ പ്രവര്‍ത്തനങ്ങലിലും പാര്‍ട്ടിയുടെ ഭാവികാര്യങ്ങളിലും അദ്ദേഹം വ്യാപൃതനായി. ‘പാര്‍ട്ടിക്കത്ത്’ അച്ചടിച്ചു. മാര്‍ക്സിസ്റ്റ് അടിസ്ഥാന ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹം ഇക്കാലത്ത് നടത്തി. 1940 സെപ്തംബറില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരായി മര്‍ദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തില്‍ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടില്‍ അദ്ദേഹത്തിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബര്‍ 29 ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. ഏതാണ് ഒന്നരവര്‍ഷക്കാലം അവിടെ താമസിച്ചു. അദ്ദേഹത്തെ പോലീസില്‍ ഏല്പിച്ചാല്‍ കിട്ടുമായിരുന്ന തുകയുടെ പലിശയേക്കാള്‍ കുറഞ്ഞ മാസവരുമാനമുള്ള ആ കുടുംബത്തിന്റെ ധൈര്യവും വിശ്വസ്തതയും അദ്ദേഹത്തെ ആകര്‍ഷിച്ചു. ഒളിവു ജീവിതകാലത്തെ അനുഭവങ്ങള്‍ കര്‍ഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളര്‍ത്തി. [4]

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭ

1957-ല് തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വന്നു. എന്നാല്‍ ഇത് ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണെന്നും വാദമുണ്ട്.[5] മറ്റേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയില്‍ തിരഞ്ഞെടുക്കപ്പെട്ട (വോട്ടിങ്ങിലൂടെയല്ല) ഇന്ത്യാക്കാരനായ ചഡ്ഡി ജഗന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന മന്തിസഭയാണ്.[6] [7] ഇ.എം.എസ്. ആയിരുന്നു മന്ത്രിസഭയുടെ സാരഥി.

മുഖ്യമന്ത്രി സ്ഥാനത്ത്


ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അദ്ദേഹം രണ്ടുവര്‍ഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം അവര്‍ പാസ്സാക്കി. ഇതിന്‍ പ്രകാരം ഒരാള്‍ക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ച് കൂടുതല്‍ ഉള്ളത് കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാന്‍ നിയമമായി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കും നിയമ സംരക്ഷണം ലഭിച്ചു. ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു എന്നാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വാദിച്ചിരുന്നത്. വിദ്യാഭ്യാസ ബില്ല് അദ്ധ്യപകരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുവാനുതകുന്നതും മനേജ്മെന്‍റിന്റെ അമിത ചൂഷണം തടയുന്നതുമായിരുന്നു എന്നും അവര്‍ വാദിച്ചു. എന്നാല്‍ ഈ നിയമം വ്യാപകമായി എതിര്‍ക്കപ്പെട്ടു. കൂടാതെ കാര്‍ഷിക ബില്ലിന്റെയും പോലീസ് നയത്തിന്റെയും പേരില്‍ ധാരാളം എതിര്‍പ്പുകളുണ്ടായി. സര്‍ക്കാരിനെതിരായി വിമോചനസമരം എന്നപേരില്‍ പ്രക്ഷോഭം നടന്നു. സ്വാതന്ത്ര്യശേഷംഇന്ത്യയുടെ ചരിത്രത്തില്‍ആദ്യമായി ഇന്ത്യന്‍ ഭരണഘടന 356 ചട്ടപ്രകാരം ഉപയോഗിച്ച് സര്‍ക്കാരിനെ പിരിച്ചു വിട്ടു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു നാട്ടിലെ ക്രമസമാധാന നില തകരാറിലായി എന്ന കാരണത്താലാണ് അപ്രകാരം ചെയ്തത്. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം ഈ നിയമങ്ങള്‍ക്ക് പകരം മറ്റു നിയമങ്ങള്‍ ഉണ്ടാക്കപ്പെട്ടു. അത് കോടതിയില്‍ വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീണ്ടും 1967 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പുതിയ ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നു. ജന്മി സമ്പ്രദായം പൂര്‍ണ്ണമായും നിരോധിച്ചു. ഭൂമികൈവശംവയ്ക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടു വന്നു. അന്ന് യാതൊരു എതിര്‍പ്പുമില്ലാതെയാണ് ഈ നിയമംപാസ്സാക്കപ്പെട്ടത്

കുടുംബജീവിതം


കുടുംബംഗങ്ങള്‍

ജയില്‍വാസത്തിനിടക്ക് തൊട്ടു തിന്നുകയും തീണ്ടിത്തിന്നുകയും ചെയ്തതിനു നിരവധി നമ്പൂതിരി യുവാക്കളെ സമുദായം ഭ്രഷ്ട കല്പിച്ചുവെങ്കിലും ജയില്‍ വാസത്തിനുശേഷം ഇ.എം.എസിനോട് അവരുടെ ഇല്ലത്താര്‍ക്കും വിദ്വേഷമോ പകയോ ഉണ്ടായില്ല. ഇ.എം.എസിന്റെ പ്രശസ്തിയും ഇതിനൊരു കാരണമായിരുന്നിരിക്കണം. 1936 ഇല്‍ ഇല്ലം ഭാഗം വയ്കുന്ന സമയത്ത് ഒരോഹരി കൂടുതല്‍ കിട്ടുന്നതിനായി വിവാഹം കഴിക്കാന്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും അദ്ദേഹം വിവാഹത്തിനു തയ്യാറായില്ല. ഇല്ലം ഭാഗം വച്ചശേഷം അമ്മയുടേയും ബുദ്ധിവികാസം പ്രാപിക്കാത്ത സഹോദരന്റെയും കൂടെ പുതിയ ഒരു ഭവനത്തിലായി അദ്ദേഹത്തിന്റെ താമസം. വിധവാ വിവാഹം നടത്തിക്കൊടുത്തതിനും ജയിലില്‍ വച്ച് തീണ്ടിത്തിന്നതിനും ഇരട്ടാ ഭ്രഷ്ട് പ്രതീക്ഷിച്ചിരുന്ന ശങ്കരനുമായുള്ള വിവാഹ ബന്ധത്തിന്‍ പല തറവാടുകളും വിസമ്മതിച്ചു. അവസാനം രാഷ്ട്രീയ വിപ്ലവകാരിയോ സാമുദായിക കലാപകാരിയോ അല്ലെങ്കിലും ലോകകാര്യങ്ങളില്‍ തല്പരനായിരുന്ന പരിഷ്കൃതമനസ്സിനുടമയുമായ കുടമാളൂര്‍ തെക്കേടത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരിയായ് ‘ടിങ്ങിയ’ എന്ന് ചെല്ലപ്പേരുള്ള-ആര്യ അന്തര്‍ജനത്തെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇ.എം.എസിന്റെ ജീവിതത്തെയും താല്പര്യങ്ങളെയുംകുറിച്ച് തികച്ചും അറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സഹോദരിയെ വിവാഹം കഴിച്ചയക്കാന്‍ തയ്യാറായത്. 1937 ഒക്ടോബര്‍ ഒന്നിനായിരുന്നു വിവാഹം. വിവാഹത്തിനു നിരവധിപേര്‍ വിട്ടു നിന്നെങ്കിലും മറ്റനേകം പ്രശസ്തരുടെ സാന്നിധ്യവുണ്ടായിരുന്നു.
ജനകീയാസൂത്രണപദ്ധതിയില്‍ തോമസ് ഐസക്കിനോടൊപ്പം മുഖ്യപങ്കു വഹിച്ചിരുന്ന ഇ.എം. ശ്രീധരന്‍ (അനിയന്‍ എന്നും അറിയപ്പെടുന്നു) ഇ.എം.എസിന്റെ മകനാണ്.

സാംസ്കാരിക സൈദ്ധാന്തിക സംഭാവനകള്‍


ഇ എം എസ് കേരള ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. സ്വന്തം ജീവിതം പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ച അദ്ദേഹം തന്റെ സ്വത്ത് പാര്‍ട്ടി മുഖപത്രമായ ദേശാഭാമാനിക്ക് സംഭാവന ചെയ്തു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന, അര്‍ദ്ധഫ്യൂഡല്‍ വ്യവസ്ഥിതിയെ മാര്‍ക്സിയന്‍ ചരിത്രകാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്.

വിക്കി ലേഖനം

Wednesday, November 11, 2009

മൂന്ന് സീറ്റും യു.ഡി.എഫിന്

കേരളകൗമുദി വാര്‍‌ത്ത

മൂന്ന് സീറ്റും യു.ഡി.എഫിന്



തിരുവനന്തപുരം : ആറുമാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് കരകയറാനായിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ എന്നീ മൂന്നു മണ്ഡലങ്ങളിലും ഇടതുമുന്നണി പരാജയപ്പെട്ടു. മൂന്നിടത്തും കോണ്‍ഗ്രസ് സീറ്റ് നിലനിറുത്തി.


സി.പി.എം സര്‍വശക്തിയും സമാഹരിച്ച് പൊരുതിയ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ എ.പി. അബ്ദുള്ളക്കുട്ടി 12043 വോട്ടിന്റെ വമ്പന്‍ മാര്‍ജിനിലാണ് സി.പി.എമ്മിന്റെ എം.വി. ജയരാജനെ പരാജയപ്പെടുത്തിയത്. എറണാകുളത്ത് കോണ്‍ഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷന്‍, സി.പി.എമ്മിന്റെ പി.എന്‍. സീനുലാലിനെ 8620 വോട്ടിനും ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ എ.എ. ഷുക്കൂര്‍ സി.പി.ഐയുടെ ജി. കൃഷ്ണപ്രസാദിനെ 4745 വോട്ടിനും പരാജയപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെ എം.എല്‍.എമാരായിരുന്ന കെ. സുധാകരന്‍, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ എം.പിമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.


മൂന്നു സീറ്റില്‍ ഒരിടത്തെങ്കിലും വിജയിക്കാനാവുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷയാണ് അസ്ഥാനത്തായത്. സാധാരണ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി വിജയിച്ചുവന്ന ചരിത്രവും ഇതോടെ മാറി.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ കണ്ണൂരിലും എറണാകുളത്തും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയപ്പോള്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം നാലിലൊന്നായി ചുരുങ്ങി. യു.ഡി.എഫിന് ഇത് ക്ഷീണമാണ്. കണ്ണൂരില്‍ 2006ല്‍ കെ. സുധാകരന്‍ 8613 വോട്ടിന്റെയും എറണാകുളത്ത് കെ.വി. തോമസ് 5800 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതില്‍ യഥാക്രമം 3930 വോട്ടിന്റെയും 2820 വോട്ടിന്റെയും വര്‍ദ്ധന ഇപ്പോഴുണ്ടായി. ആലപ്പുഴയിലാകട്ടെ കെ.സി. വേണുഗോപാല്‍ കഴിഞ്ഞതവണ 16,933 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആ ഭൂരിപക്ഷത്തില്‍ 12187 വോട്ടിന്റെ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.


അതേസമയം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആലപ്പുഴയില്‍ മാത്രമല്ല മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ ഇടിവ് തട്ടിയതായി കാണാം. കണ്ണൂരില്‍ 23,207 വോട്ടിന്റെയും എറണാകുളത്ത് 14,547 വോട്ടിന്റെയും ആലപ്പുഴയില്‍ 19451 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു യു.ഡി.എഫ് ഇതേ നിയമസഭാ പ്രദേശത്ത് നേടിയിരുന്നത്.
ബി.ജെ.പിയാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് നില മെച്ചപ്പെടുത്തി. വോട്ടുനില ഇങ്ങനെ: ബ്രാക്കറ്റില്‍ 96-ലെ വോട്ട്. കണ്ണൂരില്‍ രഞ്ജിത്ത് 5665 (4519). എറണാകുളത്ത് ശോഭാ സുരേന്ദ്രന്‍ 7208 (4902). ആലപ്പുഴയില്‍ കെ. ബാബു 2247 (1118). എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ചിത്രവുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്ഥിതി ഇത്രത്തോളം മെച്ചമല്ല.


അതേസമയം പഴയ പൊന്നാനി പക വച്ച് ആലപ്പുഴയില്‍ സി.പി.ഐയെ തകര്‍ക്കാനിറങ്ങിയ പി.ഡി.പിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പി.ഡി.പിയുടെ ശക്തികേന്ദ്രത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അഡ്വ. കെ.എ. ഹസ്സന് 1804 വോട്ടു മാത്രമേ നേടാനായുള്ളൂ.
കണ്ണൂരില്‍ ശക്തി തെളിയിക്കാനിറങ്ങിയ എസ്.ഡി.പി.ഐ എന്ന എന്‍.ഡി.എഫിന്റെ പുതു രൂപത്തിനും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. കണ്ണഞ്ചിക്കുന്ന പ്രചരണ സന്നാഹത്തോടെ മത്സരിച്ച ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അബ്ദുള്‍ മജീദ് ഫൈസിക്ക് 3411 വോട്ടുമാത്രമേ ലഭിച്ചുള്ളൂ.


ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇടതുമുന്നണി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായിരുന്നു. സീറ്റ് പ്രശ്നത്തില്‍ ഘടകകക്ഷികള്‍ തമ്മില്‍ പോരടിക്കുകയുമായിരുന്നു. എന്നാല്‍ ഇത്തവണ ഘടകകക്ഷികള്‍ ഒത്തൊരുമയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സജീവമായി പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല.


കണ്ണൂര്‍
ആകെ വോട്ട് 1,33,326
പോള്‍ ചെയ്തത് 1,05,924
ഭൂരിപക്ഷം 12,043
എ.പി. അബ്ദുള്ളക്കുട്ടി (യു.ഡി.എഫ്) 53,987
എം.വി.ജയരാജന്‍ (എല്‍.ഡി.എഫ്) 41,944
കെ.രഞ്ജിത്ത് (ബി.ജെ.പി) 5,665
അബ്ദുള്‍ മജീദ് ഫൈസി (സ്വത) 3,411
എ.പി. അബ്ദുള്ളക്കുട്ടി
ഏനിന്റെപുരയ്ക്കല്‍ (സ്വത) 142
അബ്ദുള്ളക്കുട്ടി എ.പി.
ഡാനിഷ്മഹല്‍ (സ്വത) 95
അബ്ദുള്ളക്കുട്ടി പി.പി. (സ്വത) 92
അബ്ദുള്ളക്കുട്ടി എം.പി (സ്വത) 165
ജയരാജ് (സ്വത) 174
കെ.സുധാകരന്‍ (സ്വത) 249
2006 ലെ ഭൂരിപക്ഷം 8,613


എറണാകുളം
ആകെ വോട്ട് 1,43,091
പോള്‍ ചെയ്തത് 92,367
തപാല്‍വോട്ട് 15
അസാധു 5
ഭൂരിപക്ഷം 8,620
ഡൊമിനിക് പ്രസന്റേഷന്‍ (യു.ഡി.എഫ്) 46,119
പി.എന്‍. സീനുലാല്‍ (എല്‍.ഡി.എഫ്) 37,499
ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി) 7,208
ജെറാള്‍ഡ് ഇല്ലിപ്പറമ്പില്‍ 248
ഡൊമിനി അഗസ്റ്റിന്‍ 89
ഡൊമിനിക് ജോസഫ് 98
ഷംസുദ്ദീന്‍ 103
കെ.എസ്. സിന്ധു 214
കെ.യു. സീനുലാല്‍ 378
അരയക്കണ്ടി റോബി 140
2006 ലെ ഭൂരിപക്ഷം 5,800


ആലപ്പുഴ
ആകെ വോട്ട് 114250
പോള്‍ ചെയ്തത് 85612
തപാല്‍വോട്ട് 118
അസാധു 0
ഭൂരിപക്ഷം 4745
എ.എ. ഷുക്കൂര്‍ (യു.ഡി.എഫ്) 42707
ജി. കൃഷ്ണപ്രസാദ് (എല്‍.ഡി.എഫ്) 37,978,
കെ.ബാബു (ബി.ജെ.പി) 2247
അഡ്വ. കെ. എ ഹസന്‍ (പി.ഡി.പി) 1804
കൃഷ്ണകുമാര്‍ (സ്വത) 83
ഡോ. ജോര്‍ജ് ജോസഫ്
നൌഷാദ് ഷാഹുല്‍ ഹമീദ് (സ്വത) 31
മുരളീധരന്‍ (സ്വത) 110
പി. വിജയന്‍പിള്ള (സ്വത) 83
ഷുക്കൂര്‍ (സ്വത) 405
2006 ലെ ഭൂരിപക്ഷം 16,933

എല്‍ഡിഎഫിന്റെ അടിത്തറ ശക്തം

ദേശാഭിമാനി മുഖപ്രസംഗം

എല്‍ഡിഎഫിന്റെ അടിത്തറ ശക്തം


ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തില്‍ യുഡിഎഫിനനുകൂലമായ ജനവികാരം നിലനില്‍ക്കുന്നു എന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ്. പരമ്പരാഗതമായി ജയിക്കുന്ന മണ്ഡലങ്ങളില്‍ ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഫലം യുഡിഎഫിന് നല്‍കുന്നുള്ളൂ. അതേസമയം എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഫലം തെളിയിക്കുന്നു. 2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച 40 മണ്ഡലത്തില്‍ ഉറച്ച മൂന്നിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള എല്‍ഡിഎഫിന്റെ ശ്രമം വിജയിച്ചില്ല എന്നത് നേരാണ്. എന്നാല്‍, യുഡിഎഫിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു.

ലോക്സഭാതെരഞ്ഞെടുപ്പില്‍ 20ല്‍ 16 സീറ്റിലും യുഡിഎഫ് ജയിച്ചതോടെ എല്‍ഡിഎഫിന്റെ ഭരണത്തിനെതിരായ വിധിയെഴുത്താണതെന്ന് വലതുപക്ഷശക്തികള്‍ വിലയിരുത്തി. ഒന്നരവര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്നുവരെ അവകാശവാദമുണ്ടായി. അത് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിരട്ടാന്‍വരെ യുഡിഎഫ് നേതൃത്വം ധിക്കാരംകാട്ടി. വ്യക്തമായ രാഷ്ട്രീയ ചായ്വോ കാഴ്ചപ്പാടോ ഇല്ലാത്ത നിഷ്പക്ഷമതികളെയുള്‍പ്പെടെ യുഡിഎഫിന്റെ അവകാശവാദം ഒരുപരിധിവരെ വിശ്വസിപ്പിക്കുന്ന നിലയയിലാണ് പ്രചാരണമരങ്ങേറിയത്. ഉപതെരഞ്ഞെടുപ്പ് ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലോക്സഭാതെരഞ്ഞെടുപ്പില്‍ 23000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഉപതെരഞ്ഞെടുപ്പില്‍ 12,000 ആയി ചുരുങ്ങി.

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളിലെത്തിയ കോഗ്രസ് നേതാക്കള്‍ ഒരുകാര്യം തുറന്നുസമ്മതിച്ചു. ലോക്സഭാതെരഞ്ഞെടുപ്പിലെ യുഡിഎഫ് അനുകൂലതരംഗം തികച്ചും താല്‍ക്കാലികമായിരുന്നു. എല്‍ഡിഎഫ് ഭരണത്തിനെതിരായ വിധിയെഴുത്തായി ലോക്സഭാതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള യുഡിഎഫിന്റെ ശ്രമം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് ഇതോടെ തെളിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വ്യാപകമായ എതിര്‍പ്രചാരണമുണ്ടായപ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും രണ്ടുലക്ഷം വോട്ടുമാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നും സിപിഐ എം വിലയിരുത്തിയിരുന്നു. അതോടൊപ്പംതന്നെ, ഇത് ഗൌരവമായ തിരിച്ചടിയാണെന്നും പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, നഷ്ടപ്പെട്ട ജനസമ്മതി തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മും സിപിഐയും എല്‍ഡിഎഫാകെയും പൂര്‍ണ ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചത്.

ഭരണനേട്ടം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയുംചെയ്തു. ഇതിനൊക്കെ നല്ല ഫലം ഉണ്ടായി എന്നുവേണം കരുതാന്‍. എറണാകുളം മണ്ഡലത്തില്‍ 2009 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ വി തോമസിന്റെ ഭൂരിപക്ഷം 14507 ആയിരുന്നു. അത് നിയമസഭാതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം വര്‍ധിച്ചിട്ടും 8620 ആയി കുറയുകയാണുണ്ടായത്. ആലപ്പുഴയില്‍ 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ 49,721 വോട്ട് 42,774 ആയി ചുരുങ്ങി. എല്‍ഡിഎഫിനാകട്ടെ 32788ല്‍ നിന്ന് 38029 ആയി വര്‍ധിക്കുകയുംചെയ്തു. കണക്കുകളെല്ലാം വ്യക്തമാക്കുന്നത് 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി ആഞ്ഞടിച്ച തരംഗം ഇന്നും നിലനില്‍ക്കുകയോ ശക്തിപ്പെടുകയോ ചെയ്തുവെന്നാണ്. കണ്ണൂര്‍ തെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥിയായി കാലുമാറ്റക്കാരന്‍ മത്സരിച്ച് ജയിച്ചത് ആരോഗ്യകരമായ ജനാധിപത്യസമ്പ്രദായത്തിനുതന്നെ കളങ്കംവരുത്തിവച്ചതാണെന്ന് കാണാതെ പൊയ്ക്കൂടാ. കാലുമാറ്റക്കാരന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.

കണ്ണൂരില്‍ കോഗ്രസിന്റെ അടിത്തറ ശക്തമായിട്ടും ഇത്രയും ഉറച്ച മണ്ഡലത്തില്‍ കാലുമാറ്റ രാഷ്ട്രീയക്കാരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോഗ്രസ് നേതൃത്വത്തിനിടയിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതാണ്. ഇനിയുള്ള നാളുകളില്‍ ഇതിനുള്ള ന്യായീകരണം കണ്ടെത്താന്‍ കോഗ്രസ് നേതൃത്വം ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരും. പശ്ചിമ ബംഗാളില്‍ പത്തുനിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നതില്‍ ഒരെണ്ണത്തിലാണ് ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. നേരത്തെതന്നെ തൃണമൂല്‍-കോഗ്രസ് സഖ്യം വിജയിച്ച മണ്ഡലങ്ങളാണ് പത്തില്‍ ഏഴും. തൃണമൂല്‍കോഗ്രസും കോഗ്രസും മാവോയിസ്റുകളും മത മൌലികവാദ-വിഘടന ശക്തികളാകെയും യോജിച്ചാണ് അവിടെ ഇടതുപക്ഷത്തെ നേരിട്ടത്. അതിന്റെ ഫലമാണ് ഫലം. ഇതേ നിലപാട് കോഗ്രസിനെതിരെ മറ്റു കക്ഷികള്‍ എടുത്താല്‍ പാര്‍ടിക്ക് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭൂരിപക്ഷം നേടാന്‍ കഴിയില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസ്-എന്‍സിപി സഖ്യത്തിന് 37 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ സഖ്യങ്ങളിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കോഗ്രസിന്റെ നീക്കം രൂക്ഷതയോടെ പുറത്തുവരുന്നതാണ് പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പുഫലം എന്ന് കാണേണ്ടതുണ്ട്. വരുംനാളുകളില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും മുന്നണിയെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഊര്‍ജമാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങളില്‍നിന്ന് ആര്‍ജിക്കാനുള്ളത്്. കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനോടൊപ്പം സ്വയം വിമര്‍ശനാത്മകമായ പരിശോധനകള്‍ അവിരാമം തുടരുകയും അവയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതും അതുല്യമാക്കുകയും എന്ന കടമയാണ് എല്‍ഡിഎഫിന് മുന്നിലുള്ളത്. അത് നിര്‍വഹിക്കുന്നതിന് പര്യാപ്തമായ സൂചനയാണ് തെരഞ്ഞെടുപ്പുഫലത്തിലുള്ളത്. യുഡിഎഫിന്റെ വിജയാഘോഷത്തേക്കാള്‍ ഉയര്‍ന്ന മൂല്യം അതിനുണ്ട്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്