ആസിയന്‍ കരാര്‍ അറബിക്കടലില്‍
കെ ജെ ആന്റണി
2001 നവംബര്‍ 14ന് ദോഹയില്‍ നടന്ന ആസിയന്‍ വ്യാപാര സമിതിയുടെ സമ്മേളനത്തില്‍ മത്സ്യവും മത്സ്യ ഉല്‍പ്പന്നങ്ങളും കാര്‍ഷികവിളയില്‍നിന്ന് കാര്‍ഷികേതര ഉല്‍പ്പന്നങ്ങളുടെ പട്ടികയിലേക്കു മാറ്റിയത് ഉല്‍ക്കണ്ഠാജനകമായിരുന്നു. മത്സ്യമേഖലയെ കാര്‍ഷിക മേഖലയുടെ ഒരു സുപ്രധാന വിഭാഗമായി കൈകാര്യം ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് അത്തരം പുനഃക്രമീകരണം ദോഷകരമാണ്. ഇപ്പോള്‍ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറില്‍ സമ്മര്‍ദങ്ങളുടെ ഫലമായി 2009 ആഗസ്തില്‍ പുറത്തിറങ്ങിയ നെഗറ്റീവ് ലിസ്റ്റില്‍ ചില മത്സ്യ ഇനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ അയിലയും സ്പാര്‍ട്ടും (ഒരിനം ചാള-നമുക്കിവിടെ സുഭിക്ഷമായി ലഭിക്കുന്നതല്ല; നമ്മുടെ ചാള നെഗറ്റീവ് ലിസ്റ്റിലില്ല) പെടും.
കേരളത്തില്‍ ധാരാളമായി ലഭിക്കുന്ന മത്സ്യഇനങ്ങള്‍ ലിസ്റില്‍പെട്ടിട്ടില്ല. ആസിയന്‍ കരാര്‍ കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്കു പ്രഹരം ഏല്‍പ്പിക്കുന്നതുപോലെതന്നെ മത്സ്യമേഖലയിലും വന്‍ പ്രതിസന്ധി സൃഷ്ടിക്കും. ഇറക്കുമതിമൂലം മത്സ്യങ്ങള്‍ക്കും മത്സ്യ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലയിടിവ് സംഭവിക്കും. ഇന്ത്യയില്‍ ആഭ്യന്തര വിപണി തകരും. ആസിയന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മത്സ്യബന്ധനച്ചെലവ് ഇന്ത്യയില്‍ കൂടുതലാണ്. പ്രത്യേകിച്ച് കേരളത്തില്‍. മത്സ്യ ഉല്‍പ്പാദനം ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ 6.5 ലക്ഷം ട ആണെങ്കില്‍ ആസിയന്‍ രാജ്യങ്ങളില്‍ 15 ലക്ഷം ടണ്ണാണ്.
നമ്മുടെ കടല്‍സമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വിയറ്റ്നാം, തായ്ലന്‍ഡ്, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ കാളാഞ്ചി, പൂമീന്‍ തുടങ്ങിയ മത്സ്യകൃഷിയിലും ചെമ്മീന്‍കൃഷിയിലും നമ്മളേക്കാളും വളരെ മുന്നിലാണ്. നമ്മുടെ ചെമ്മീന്‍കൃഷിക്കുള്ള നിബന്ധനകള്‍ ഏറെയാണ്. ഒരു കരാറിലും ഏര്‍പ്പെടാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചെമ്മീനും മത്സ്യവും കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. 2008-09ല്‍ കയറ്റുമതി ചെയ്ത മത്സ്യയിനങ്ങളില്‍ 43.97 ശതമാനം ചെമ്മീനാണ.് ഈ ഇനത്തില്‍ 8607.94 കോടി വിദേശനാണ്യം നമുക്ക് ലഭിച്ചു. യൂറോപ്പില്‍ ഉള്‍പ്പെടെ നമ്മുടെ ചെമ്മീനിനും നെയ്മീനും കൂന്തലിനുമാണ് പ്രിയം. ലോകത്ത് ഏറ്റവും രുചിയുള്ള മത്സ്യം ഉണ്ടാകുന്നതും കേരളത്തോടടുത്ത കടലിലാണ്. 590 കി. മീറ്ററോളം കടലും 44 നദികളും 34 കായലുകളും വിവിധ ജലസ്രോതസ്സുകളുംകൊണ്ട് മത്സ്യസമ്പന്നമായ നാടാണ് നമ്മുടേത്.
ഒന്നര ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിലും ഏഴുലക്ഷംപേര്‍ പരോക്ഷമായും ഈ മേഖലയില്‍ തൊഴിലെടുക്കുന്നു. പ്രതിവര്‍ഷം ഇന്ത്യയില്‍ ശരാശരി ഒരു മനുഷ്യന്‍ മത്സ്യം ഭക്ഷിക്കുന്നത് ഒന്‍പത് കിലോയാണ്. കേരളത്തില്‍ അത് 29 കിലോയാണ്. മത്സ്യ ഉപയോഗത്തില്‍ തൊട്ടുപിന്നില്‍ ഒരാള്‍ 28 കിലോ മത്സ്യം ഉപയോഗിക്കുന്നത് ചൈനയിലാണ്. എന്നാല്‍,ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യ ഉല്‍പ്പാദനമുള്ള ഒന്നാംകിട രാജ്യമാണ് ചൈന. ആസിയന്‍ രാജ്യങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും എണ്ണം ഇന്ത്യയുമായി താരതമ്യംചെയ്യുമ്പോള്‍ വളരെ കുറവാണ്.
ഈ രാജ്യങ്ങളിലെ ജനസംഖ്യയും വളരെ കുറവാണ്. ഈ സാഹചര്യങ്ങളില്‍ ഇന്ത്യയിലെ 60 കോടി മത്സ്യഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ കരാര്‍. ആസിയന്‍ രാജ്യങ്ങളിലെ മത്സ്യ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പറ്റിയ വലിയ ഒരു വിപണിയായി ഇന്ത്യ മാറും. പ്രാദേശിക വിപണിയില്‍ വിലയില്‍ കുറവ് വരുത്തി (ബഹുരാഷ്ട്രകുത്തകകളുടെ അടവുകളില്‍ ഒന്ന്) ഇറക്കുമതി മത്സ്യങ്ങള്‍ വില്‍ക്കുന്നതുമൂലം പ്രാദേശിക മത്സ്യങ്ങളുടെ വിലയില്‍ വന്‍ ഇടിവുനേരിടും. ഇത് മത്സ്യം പിടിക്കുന്നവരെ മാത്രമല്ല മത്സ്യം വില്‍ക്കുന്നവരെയും അവരുടെ കുടുംബത്തിനെയും ബാധിക്കും. ആസിയന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ഉല്‍പ്പാദനവും ലാഭവും ലക്ഷ്യമാക്കി പാരിസ്ഥിതികപ്രശ്നങ്ങളെ അവഗണിച്ച് ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യത്തിന്റെയും ചെമ്മീന്റെയും ഗുണനിലവാരം തീരെ കുറവാണെന്നത് വസ്തുതയാണ്.
ഗുണനിലവാരം പരിശോധിക്കാന്‍ ആവശ്യമായ സംവിധാനം ഇപ്പോള്‍ ഇന്ത്യക്കില്ല. ഗുണനിലവാരമില്ലാത്ത മത്സ്യത്തിന്റെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെയും ഡമ്പിങ് സ്റേഷനായി ഇന്ത്യ മാറും. ഇപ്പോള്‍തന്നെ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഇന്ത്യയില്‍ ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും. ഇറക്കുമതി മത്സ്യ-ഉല്‍പ്പന്നങ്ങള്‍ നമ്മുടെ ചെമ്മീനിലും നെയ്മീനിലും കൂന്തലിലും കൂട്ടിക്കലര്‍ത്തി കയറ്റുമതിചെയ്താല്‍ വര്‍ഷങ്ങളായി രുചികരമായ മത്സ്യം കയറ്റുമതിചെയ്യുന്ന നമ്മുടെ വിശ്വാസ്യതയെ സാരമായി ബാധിക്കും; ആഭ്യന്തരവിപണിയെ ബാധിക്കും. ഇടത്തരം കയറ്റുമതിക്കാര്‍ കഷ്ടത്തിലാകും. 1990ന് ശേഷം കേന്ദ്രഗവമെന്റ് നടപ്പാക്കുന്ന ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ സാമ്പത്തികനയംമൂലം ഇന്ത്യയിലെയും കേരളത്തിലെയും തൊഴിലാളികളും കര്‍ഷകരും പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളും വന്‍ ജീവിതപ്രയാസങ്ങളിലും പ്രതിസന്ധിയിലുമാണ്.
ഇന്ത്യാഗവമെന്റ് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിദേശ മീന്‍പിടിത്തക്കപ്പലുകള്‍ക്ക് നല്‍കിയ ലൈസന്‍സുകളുടെ ഭാഗമായി (3-6-2008 വരെയുള്ള കണക്കനുസരിച്ച്) 72 വെസലുകള്‍ക്ക് ഘഛജ (ഘലലൃേേ ീള ജലൃാശശീിൈ) നല്‍കിയതിന്റെ ഫലമായി കേരളത്തിന്റെ തീരക്കടല്‍ സമ്പത്ത് അരിച്ചുപെറുക്കി ചൂഷണംചെയ്യുന്നു. അതിനുപുറമെയാണ് കൂനിന്മേല്‍ കുരു എന്ന കണക്കെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ജീവിതം തകര്‍ത്തെറിയുന്ന ആസിയന്‍ കരാര്‍. ആസിയന്‍ കരാര്‍ റദ്ദാക്കുന്നതിനും അറബിക്കടലിലേക്ക് വലിച്ചെറിയാനും കര്‍ഷക ജനവിഭാഗത്തോടൊപ്പം മുഴുവന്‍ മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും ഒന്നിച്ച് അണിനിരക്കണം. കക്ഷിഭേദമെന്യേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് യൂണിയനുകളും ട്രേഡ്യൂണിയനുകളും സാമുദായിക സാംസ്കാരിക സംഘടനകളും ചെറുകിട കയറ്റുമതിക്കാരും ഒന്നിച്ചുനിന്ന് പോരാടണം.
(മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ജോ. സെക്രട്ടറിയും മത്സ്യഫെഡ് ഡയറക്ടറുമാണ് ലേഖകന്‍)
(ദേശാഭിമാനിയിൽ നിന്ന്)
No comments:
Post a Comment