മലയാള മനോരമ മുഖപ്രസംഗം
ഒരു ഐതിഹ്യത്തിന് ഇത്രമേല്‍ ഒരു നാടിനെ ഭൂമിയില്‍നിന്ന് ഉയര്‍ത്താമെന്നും പ്രത്യാശാഭരിതമാക്കാമെന്നും പഠിപ്പിച്ച ചക്രവര്‍ത്തീ, മലയാളിക്ക് ഏറ്റവും പ്രിയങ്കരവും പരിചിതവുമായ കഥയിലെ നായകാ, ഈ ദിവസം അങ്ങേയ്ക്കുള്ളതാണ്. ഞങ്ങളുടെ സ്വപ്നത്തിന്റെ പൂവിതളുകളിലൂടെ, ഒാണത്തുമ്പികള്‍ പാറിനടക്കുന്ന ചിങ്ങത്തിന്റെ ആയിരം അഴകുകള്‍ക്കിടയിലൂടെ ഒരിക്കല്‍ക്കൂടി മലയാളത്തിലേക്കു നടന്നുവരിക. പൂവും പൂവടയും ഒാണപ്പാട്ടുമൊക്കെയായി കാത്തിരിക്കുന്നുണ്ട്, കേരളം.
അതേസമയം, മലയാളിയുടെ വ്യഥകള്‍ക്കും ആകുലതകള്‍ക്കും ഈ ഒറ്റദിവസത്തെ വാര്‍ഷിക അവധി മാത്രമാണുള്ളതെന്നു ഞങ്ങളറിയുന്നു. മറ്റൊരാള്‍ക്കു സൌകര്യപൂര്‍വം എപ്പോള്‍ വേണമെങ്കിലും വിരാമചിഹ്നമിടാവുന്ന ഇപ്പോഴത്തെ അരക്ഷിത കേരളീയജീവിതത്തിനിടയില്‍ സ്വപ്നംകൊണ്ടു തീര്‍ത്ത ഒരു ദിവസമെങ്കിലും ഞങ്ങള്‍ക്കു സമ്മാനിച്ചതിന്, മാനുഷരെല്ലാവരും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സംഗീതം കേട്ടിരുന്ന ഒരു കാലത്തിന്റെ കഥ പറഞ്ഞുതന്നതിന് പഴങ്കഥയിലെ അനശ്വരനായ രാജാവേ, ഇതാ മലയാളമണ്ണിന്റെ നന്ദി. ഇങ്ങനെയൊരു തിരുവോണപ്രസാദംകൂടി ഇല്ലായിരുന്നുവെങ്കില്‍ മലയാളിയുടെ ജീവിതം സമകാലസാഹചര്യങ്ങളില്‍ എന്തുമാത്രം ഇരുണ്ടുപോയേനേ!
പക്ഷേ, ഇപ്പോഴത്തെ കേരളത്തിലേക്കുള്ള അങ്ങയുടെ വാര്‍ഷിക സന്ദര്‍ശനവേളയില്‍ മലയാളിക്കുള്ള ആശങ്ക കുറച്ചൊന്നുമല്ല. സങ്കടങ്ങളും അസ്വസ്ഥതകളുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത പഴങ്കഥയിലെ ആ കേരളമല്ല മഹാബലിയെ കാത്തിരിക്കുന്നത്. നൂറുനൂറു പ്രശ്നങ്ങള്‍ക്കിടയില്‍പ്പെട്ടു
തൂശനിലയില്‍ ഇന്ന് അങ്ങേയ്ക്കായി വിളമ്പുന്ന ചോറിലും അവിയലിലും പായസത്തിലുമൊക്കെ വിലക്കയറ്റത്തില്‍ കീശ കീറിപ്പോയ മലയാളിയുടെ കണ്ണീരുപ്പും കലര്‍ന്നിരിക്കും. വിലയില്ലാത്തതായി ഈ നാട്ടില്‍ ഇപ്പോഴൊന്നുമില്ല; മനുഷ്യജീവനൊഴിച്ച്. ആ ജീവനാവട്ടെ, ഏതോ ഗുണ്ടയുടെ കത്തിമുനയിലും. വീട്ടിലും റോഡിലും പകലിലും രാത്രിയിലും ആ കൊലക്കത്തി ഉയര്‍ന്നേക്കാം. അതുകൊണ്ടുതന്നെ ഇന്നത്തെ വരവില്‍ അങ്ങു സ്വയം കാക്കേണ്ടിയിരിക്കുന്നു. എല്ലാ കാലങ്ങളിലും മഹാബലി ഉണ്ടാവേണ്ടതു മലയാളത്തിന്റെ ആവശ്യംതന്നെയാണല്ലോ. കാരണം, ഏത് ഇരുട്ടിലും തെളിയുന്ന പ്രത്യാശയുടെ വെളിച്ചമാണ് അങ്ങ്. മലയാളിയുടെ അവസാനത്തെ സുന്ദരസ്വപ്നം.
ഇന്നത്തെ ഭവനസന്ദര്‍ശന യാത്രകളില്‍ കഴിയുമെങ്കില്‍ വഴിയരികുകളിലേക്കു നോക്കാതിരിക്കുക. മാലിന്യത്തിന്റെ കൂമ്പാരങ്ങളാവും അവിടെ കാഴ്ചയെ കാത്തിരിക്കുന്നത്. പുഴകളിലേക്കു നിവൃത്തിയുണ്ടെങ്കില്‍ ഇറങ്ങരുത്. കുറെപ്പേര്‍ ക്രൂരമായ സന്തോഷത്തോടെ തള്ളിവിടുന്ന മാലിന്യമാണു പുഴയില്‍ ഒഴുകുന്നത്.
അതുകൊണ്ടൊക്കെയാവണം സകല രോഗങ്ങളും മലിനകേരളത്തില്‍ ശാഖകള്‍ തുറന്നുകഴിഞ്ഞു. ഒടുവിലിതാ, എച്ച്1എന്‍1 വൈറസും ഞങ്ങള്‍ക്കു ഹസ്തദാനം തന്നിരിക്കുകയാണ്. ഒാലക്കുടയ്ക്കൊപ്പം ഈ യാത്രയില്‍ ഒരു 'മാസ്ക് കൂടി അങ്ങു ധരിച്ചാല്‍ പന്നിപ്പനി വന്നുതൊടാതെ സൂക്ഷിക്കാം. വഴിനീളെ അങ്ങേയ്ക്കു കാണാം, നാലുകാലില്‍ ഇഴയുന്ന കേരളത്തെ. ഉത്രാടത്തലേന്ന് ഇവിടെ ബവ്റിജസ് കോര്‍പറേഷന്‍വഴി മാത്രം വിറ്റതു 34 കോടി രൂപയുടെ മദ്യമല്ലേ! ഇനി, നിരത്തിലൂടെ വാഹനസവാരിയും അങ്ങയുടെ വാര്‍ഷികോദ്ദേശ്യത്തിലുണ്ടെങ്കില്‍, കുഴികളില്‍ വീണു നടുവൊടിയാതിരിക്കാനും ശ്രദ്ധിക്കുക. റോഡിന്റെ മാത്രമല്ല, സമസ്തമേഖലകളിലും ഉണ്ടാവേണ്ട വികസനവും ഞങ്ങള്‍ക്ക് ഇന്നൊരു നഷ്ടസ്വപ്നമാവുകയാണ്. വികസനം കൊണ്ടുവരേണ്ടവര്‍തന്നെ വഴിമുടക്കുമ്പോള്‍ കേരളം താഴേക്കുള്ള പടവുകള്‍ സങ്കടത്തോടെ ഇറങ്ങിത്തുടങ്ങുന്നു.
ഇന്നത്തെ യാത്രയില്‍ വെളുക്കെച്ചിരിച്ച് അങ്ങേയ്ക്കൊപ്പം കൂടുന്ന ചിലരെയെങ്കിലും സൂക്ഷിക്കുക. അവരുടെ ചിരിയില്‍ ഒളിപ്പിച്ചുവച്ച തിന്മയുടെ ദംഷ്ട്രങ്ങളുണ്ടാവുമെന്നു തീര്‍ച്ച. കുറച്ചുകാലത്തിനുള്ളില്‍ത്തന്നെ അങ്ങയുടെ പ്രിയനാട് തട്ടിപ്പുകാരുടെ വിഹാരഭൂമിയായി മാറിക്കഴിഞ്ഞു. വീട്ടുമോഷണത്തില്‍ തുടങ്ങി രാജ്യാന്തര നിലവാരത്തിലുള്ള സൈബര്‍ തട്ടിപ്പിനുവരെ എളുപ്പത്തില്‍ ഇരയാവുകയാണു കേരളം. മറ്റൊരാളെ വിശ്വസിക്കാതിരിക്കാന്‍ കാരണങ്ങള്‍ വര്‍ധിക്കുന്നത് ഒരു സമൂഹത്തിന്റെ മുഴുവന്‍ ദുരന്തമാണ്.
എള്ളോളമില്ലാത്ത പൊളിവചനത്തിന്റെ കാലത്തുനിന്നു കേരളം കൈവരിച്ച 'വളര്‍ച്ച അങ്ങു കണ്ടുതന്നെ അറിയേണ്ടതാണ്. ഈ നാട്ടിലെ പെണ്‍കുട്ടികള്‍ വൈകിട്ടു വീട്ടില്‍ തിരിച്ചെത്തുന്നത് ആരുടെയൊക്കെയോ സുകൃതംകൊണ്ടാവണം. കഴുകന്‍കണ്ണുകളില്‍നിന്നും നീളന്‍നഖമുനകളില്‍നിന്നും സ്വയം രക്ഷിക്കാന്‍ മലയാളിപ്പെണ്‍കുട്ടികള്‍ ഇപ്പോള്‍ പരിശീലിച്ചുതുടങ്ങി. വല്ലാത്തൊരു കാലമാണിതെന്ന് അവര്‍ക്കുമറിയാം.
ആസുരമായ കാലം എന്ന വിശേഷണം അങ്ങയോടു പറയാനാവില്ലെങ്കിലും പ്രിയപ്പെട്ട മഹാബലീ, ഇങ്ങനെയൊക്കെയുള്ള ഒരു കാലത്തിലേക്കാണ് അങ്ങയുടെ ഇന്നത്തെ വാര്‍ഷികസന്ദര്‍ശനം. എങ്കിലും, പലതരത്തിലുള്ള അരക്ഷിതാവസ്ഥകള്‍ക്കിടയില്‍ സമര്‍പ്പണത്തിന്റെയും നിസ്വാര്‍ഥതയുടെയും ആത്മബലിയുടെയും മഹാസന്ദേശം ഞങ്ങളെ ഒാര്‍മിപ്പിക്കാന്‍ കഥയിലെ ഒരു സ്നേഹരാജാവെങ്കിലും ബാക്കിയുണ്ടായല്ലോ. പൊന്നോണം സമ്മാനിക്കുന്ന നന്മയുടെ സ്മൃതിമുദ്രകളെല്ലാം മനസ്സില്‍ സൂക്ഷിച്ച് ഈ വസന്തോല്‍സവം ആഘോഷിക്കാം. പ്രിയപ്പെട്ട വായനക്കാര്‍ക്കു 'മലയാള മനോരമയുടെ പുഷ്പാഭമായ തിരുവോണാശംസകള്‍.
No comments:
Post a Comment