കരാര്‍ ആപത്തുതന്നെ
പ്രൊഫ. കെ എന്‍ ഗംഗാധരന്‍
ഇന്ത്യ-ആസിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍ സംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നിരീക്ഷണങ്ങള്‍ തെറ്റിദ്ധാരണ ഉളവാക്കുന്നവയാണ്. അന്തിമകരാറിന്റെ വിശദമായ പരിശോധന അത്തരമൊരു നിഗമനത്തിലേക്കാണ് നമ്മെ എത്തിക്കുക. കയറ്റുമതി-ഇറക്കുമതിയിന്മേല്‍ ചുമത്തുന്ന തീരുവ, നിശ്ചിത കാലപരിധിക്കുള്ളില്‍ ക്രമാനുഗതമായി കുറവുചെയ്ത്, ഇന്ത്യയും പത്ത് ആസിയന്‍ രാജ്യമുള്‍പ്പെട്ട, തീരുവരഹിത സ്വതന്ത്രവ്യാപാരമേഖല സൃഷ്ടിക്കുകയാണ് കരാറിന്റെ ലക്ഷ്യം. തീരുവയേതും ഇല്ലാതെ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് നിര്‍ബാധം ഇറക്കുമതിചെയ്യുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍, കേരളത്തിലെ കൃഷിക്കാര്‍ക്ക് പ്രശ്നമൊന്നുമുണ്ടാക്കുകയില്ലെന്ന് സ്ഥാപിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ഇറക്കുമതി ഉല്‍പ്പന്നങ്ങളെ അഞ്ചുവിഭാഗമായി തിരിച്ചിട്ടുണ്ട്. അതിലൊന്നാണ് നെഗറ്റീവ് ട്രാക്. കരാറില്‍ ഉപയോഗിച്ചിട്ടുള്ള വാക്ക് എക്സ്ക്ളൂഷന്‍ ലിസ്റ് എന്നാണ്. സംരക്ഷിത പട്ടികയില്‍പ്പെടുത്തിയാല്‍ പിന്നെ ഭയക്കേണ്ടതില്ലെന്ന തരത്തിലുള്ള പ്രചാരണമുണ്ട്. സംരക്ഷിത പട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ തീരുവനിരക്ക് ഉയര്‍ന്നതാണെന്നും പ്രസ്തുത നിരക്ക് കല്‍പ്പാന്തകാലം തുടരുമെന്നുമാണ് പ്രചാരണം. ഒന്നാമതായി, സംരക്ഷിത പട്ടികയില്‍പ്പെട്ട 489 ഉല്‍പ്പന്നങ്ങളില്‍ മിക്കതിന്റെയും ശരാശരി തീരുവ 30 ശതമാനമാണ്. 'കിറശമ ടരവലറൌഹല ീ അലെമി' എന്ന പേരില്‍ ഈ പട്ടിക നല്‍കിയിട്ടുണ്ട്. 30 ശതമാനം തീര്‍ച്ചയായും ഉയര്‍ന്ന നിരക്കല്ലതന്നെ. ഇറക്കുമതി നിര്‍ബാധം തുടരുന്നതിന് അത് തടസ്സവുമല്ല. ഉല്‍പ്പന്നം ഉണ്ടാക്കുന്ന രാജ്യത്ത് ഉല്‍പ്പാദനച്ചെലവും വിലയും കുറവാണെങ്കില്‍, 30 ശതമാനം തീരുവ അവര്‍ക്ക് പ്രശ്നമല്ല.
ഉദാഹരണത്തിന് ഫിലിപ്പീന്‍സില്‍ ഒരു നാളികേരത്തിന് രണ്ടുരൂപയും കേരളത്തില്‍ മൂന്നുരൂപയുമാണ് വില എന്ന് കരുതുക. ഇറക്കുമതി തീരുവ ചേര്‍ത്താല്‍ ഫിലിപ്പീന്‍സ് നാളികേരത്തിന്റെ വില രണ്ടുരൂപ അറുപതു പൈസയേ വരൂ. അപ്പോഴും ഫിലിപ്പീന്‍സ് നാളികേരത്തിന് വിലക്കുറവാണെന്നര്‍ഥം. "ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ പ്രകടനം വിലയിരുത്തി, സംരക്ഷിത പട്ടിക വര്‍ഷംതോറും പുതുക്കാം'' എന്ന വ്യാഖ്യാനം സത്യസന്ധമല്ല. അന്തിമകരാറിലെ പ്രസക്തഭാഗം ഇതാണ്. 'ഋഃരഹൌശീിെ ഹശ വെമഹഹ യല ൌയഷലര ീ മി മൃൃശ്മഹ മൃേശളള ൃല്ശലം ംശവേ മ ിലം ീ ശ്ാുൃീശിഴ ാമൃസല മരരല'. ഓരോ വര്‍ഷവും വേണമെങ്കില്‍ പുനഃപരിശോധിക്കാമെന്നല്ല; പുനഃപരിശോധിക്കണം എന്നുതന്നെയാണ് നിബന്ധന. പുനഃപരിശോധനയുടെ അടിസ്ഥാനമോ? വിപണി പ്രവേശനം വര്‍ധിപ്പിക്കാനും.
അങ്ങനെ വര്‍ധിപ്പിക്കാനാണ് ആസിയന്‍ കരാര്‍, തീരുവ നിരക്ക് കുറയ്ക്കുന്നതില്‍ ഊന്നുന്നത് എന്നോര്‍ക്കണം. സംരക്ഷിത പട്ടികയില്‍പ്പെട്ട ഏതെങ്കിലും ഉല്‍പ്പന്നത്തിനോ ഉല്‍പ്പന്നങ്ങള്‍ക്കോ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട അളവില്‍ തുറക്കപ്പെടുന്നില്ലെങ്കില്‍ (ഇന്ത്യക്കാണല്ലോ സംരക്ഷിത പട്ടിക) തീരുവ കുറയ്ക്കാന്‍ ബാധ്യതപ്പെടും എന്നുതന്നെയാണ് അര്‍ഥം. തീരുവരഹിത ഇറക്കുമതി ഇന്ത്യയുടെ കാര്‍ഷികമേഖലയ്ക്ക് ഹാനികരമാകുമെന്ന് ഇന്ത്യ വാദിച്ചെന്നും ആസിയന്‍ രാജ്യങ്ങള്‍ ആദ്യം എതിര്‍ത്തെങ്കിലും അവസാനം അവര്‍ക്ക് വഴങ്ങേണ്ടിവന്നു എന്നുമുള്ള പ്രസ്താവവും വസ്തുനിഷ്ഠമല്ല. 1460 ഉല്‍പ്പന്നം സംരക്ഷിത പട്ടികയില്‍പ്പെടുത്തണമെന്നാണ് ഇന്ത്യ നിര്‍ദേശിച്ചത്. പിന്നീടത് 900 ആക്കി കുറയ്ക്കാന്‍ സമ്മതിച്ചു. തുടര്‍ന്ന് 560 ആയും ഒടുവില്‍ 489 ആയും കുറയ്ക്കാന്‍ സമ്മതിച്ചു. പകരം വ്യവസായ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ആസിയന്‍ രാജ്യങ്ങളും സമ്മതിച്ചു. അതിന്റെ ഗുണം ഇന്ത്യയിലെ കുത്തക വ്യവസായ സ്ഥാപനങ്ങള്‍ക്കാണ്. കൃഷിക്കാരുടെ ചെലവില്‍ വ്യവസായികള്‍ക്ക് വളരാന്‍ വേദിയൊരുക്കി എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. കേരളത്തിന്റെ പ്രധാന നാണ്യവിളയാണല്ലോ റബര്‍.
രാജ്യത്തെ മൊത്തം റബര്‍ ഉല്‍പ്പാദനത്തിന്റെ 92 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. റബര്‍ എസ്റേറ്റുകള്‍ കുറച്ചേയുള്ളൂ. 95 ശതമാനം റബര്‍കൃഷിക്കാരും നാമമാത്ര-ചെറുകിട വിഭാഗത്തില്‍പ്പെടുന്നവരുമാണ്. റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി റബര്‍കൃഷിക്കാരുടെ ജീവിതത്തില്‍ ഇരുള്‍ പരത്തും. റബര്‍ സംരക്ഷിത പട്ടികയിലല്ല. റബറും റബറുല്‍പ്പന്നങ്ങളും അന്തിമകരാറിന്റെ വിശദമായ പട്ടികയില്‍ ക്രമനമ്പര്‍ 4500 മുതല്‍ 4673 വരെ 173 ഇനമായി ചേര്‍ത്തിട്ടുണ്ട്. അവയില്‍ 92 ഇനം നോര്‍മല്‍ ട്രാക്കിലും 68 ഇനം സെന്‍സിറ്റീവ് ട്രാക്കിലുമാണ്. നാല് റബര്‍ ഉല്‍പ്പന്നത്തെ സംരക്ഷിത പട്ടികയില്‍പ്പെടുത്തി എന്നു പറയുമ്പോഴും 169 ഇനത്തെ പെടുത്തിയിട്ടില്ല എന്നോര്‍ക്കണം. നോര്‍മല്‍ ട്രാക്കിലെ ഉല്‍പ്പന്നങ്ങളുടെ തീരുവ ചില ആസിയന്‍ രാജ്യങ്ങള്‍ 2013ലും മറ്റുള്ളവ 2016ലും പൂജ്യം നിരക്കില്‍ എത്തിക്കണം. സെന്‍സിറ്റീവ് ട്രാക്കിലേത് ചില രാജ്യങ്ങള്‍ 2016ലും മറ്റുള്ളവ 2019ലും അഞ്ചു ശതമാനമായും ചില ഉല്‍പ്പന്നങ്ങളുടേത് നാലു ശതമാനവുമാക്കണം.
ടയര്‍ നിര്‍മാതാക്കള്‍ക്കു മാത്രമേ റബര്‍ ഇറക്കുമതി ആഹ്ളാദം പകരുകയുള്ളൂ. ആരുടെ താല്‍പ്പര്യപ്രകാരമാണ് സംരക്ഷിക്കപ്പെടുന്നത്? ഇന്ത്യക്കു മാത്രമായി പ്രത്യേക ഉല്‍പ്പന്നങ്ങള്‍ (ടുലരശമഹ ജൃീറൌര) എന്നൊരു വിഭാഗമുണ്ട്. അസംസ്കൃത പാമോയില്‍, ശുദ്ധീകരിച്ച പാമോയില്‍, കാപ്പി, ചായ, കുരുമുളക് എന്നിവയാണ് ആ പട്ടികയിലുള്ളത്. അവയുടെ തീരുവ ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവന്ന് നിശ്ചിത നിരക്കില്‍ എത്തിക്കണം. എന്തിനാണ് പ്രത്യേക ഉല്‍പ്പന്നങ്ങള്‍ എന്നൊരിനം? കൃത്യമായും അതുതന്നെയാണ് കേരളം ഉയര്‍ത്തേണ്ട പ്രധാന ചോദ്യങ്ങളിലൊന്ന്. പ്രസ്തുത ഉല്‍പ്പന്നങ്ങളെ സംരക്ഷിത പട്ടികയിലെങ്കിലും ഉള്‍പ്പെടുത്താന്‍ ആരാണ് തടസ്സം? വ്യവസായലോബിക്കുവേണ്ടിയുള്ള വിട്ടുവീഴ്ചയ്ക്കിടെ ലോകത്തെ പാമോയില്‍ ഉല്‍പ്പാദനത്തില്‍ 87 ശതമാനം ഉണ്ടാക്കുന്ന മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും കുരുമുളക് ഉല്‍പ്പാദനത്തില്‍ ഒന്നും മൂന്നും സ്ഥാനത്തുനില്‍ക്കുന്ന വിയറ്റ്നാമിന്റെയും ഇന്തോനേഷ്യയുടെയും താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. അതുപോലുള്ള രാജ്യങ്ങള്‍ക്കു വഴങ്ങിയും വ്യവസായലോബിക്ക് നേട്ടങ്ങള്‍ ഉറപ്പാക്കിയും കര്‍ഷകതാല്‍പ്പര്യങ്ങള്‍ ബലികൊടുത്തുവെന്നല്ലാതെ മറ്റെന്താണ് മനസ്സിലാക്കേണ്ടത്? "പത്തുവര്‍ഷംകൊണ്ട് നാല് ഉല്‍പ്പന്നത്തിന്റെ തീരുവ പകുതിയായി കുറയുന്നുവെന്നതാണ് കാതലായ മാറ്റം'' എന്നത് ശരിക്കും ധ്വനിപ്പിക്കുന്നത് "കാതലായ പ്രശ്നം'' എന്നാണ്.
എന്തിനാണ് ഈ കാതലായ മാറ്റം വരുത്തിയത്? ഉത്തരം ലഭിക്കേണ്ട ചോദ്യമാണിത്. കരാറിനെത്തുടര്‍ന്ന് ഇറക്കുന്ന സര്‍ക്കാര്‍ പത്രക്കുറിപ്പിലല്ല നാം വിശ്വസിക്കേണ്ടത്. കരാറില്‍ എന്തുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. "സംരക്ഷണങ്ങള്‍ക്കെല്ലാം ശേഷവും പ്രതിസന്ധിയുണ്ടായാല്‍ സുരക്ഷാ നടപടി സ്വീകരിക്കാന്‍ വകുപ്പുണ്ട്'' എന്നത് ഒരു മോഹചിന്ത മാത്രമാണ്. കരാറിലുടനീളം പരതിയിട്ടും അത്തരമൊരു വ്യവസ്ഥ കാണുന്നില്ല. ചൈനീസ് ഉല്‍പ്പന്നങ്ങളെ പ്രതിരോധിക്കാനാണ് കരാര്‍ എന്ന വാദം അതീവ വിചിത്രമത്രേ. ഇന്ത്യയുമായി പ്രത്യേക കരാറുണ്ടാക്കാതെതന്നെ ചൈനയ്ക്ക് ഇനി ഇന്ത്യയിലെത്താം, ആസിയന്‍ രാജ്യങ്ങള്‍വഴി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ആദ്യം ആസിയനിലേക്ക്, പിന്നെ ഇന്ത്യയിലേക്കും. ഗ്വോട്ടിമാല കുരുമുളക് ശ്രീലങ്കവഴി ഇന്ത്യയിലെത്തുന്നതുപോലെ. 35 ശതമാനം മൂല്യവര്‍ധന ആസിയനില്‍ ആകണമെന്നേയുള്ളൂ. അത് എളുപ്പമാണ്.
ഉദാഹരണമായി ചൈനയിലുണ്ടാക്കിയ മരുന്നിന്റെ ചേരുവകളും ഫോര്‍മുലയും ആസിയന്‍ രാജ്യത്ത് എത്തിക്കുക. അവരത് കൂട്ടിയോജിപ്പിച്ച്, പായ്ക്കറ്റിലാക്കി ലേബലൊട്ടിച്ച്, തീരുവകൂടാതെ ഇന്ത്യയില്‍ വില്‍ക്കും. ഏതായാലും കേരളം ഭയക്കേണ്ട. നമ്മുടെ റബറും ഏലവും കാപ്പിയുമൊന്നും ചൈനയില്‍ വിളയില്ല. അവയുമായി മത്സരിക്കേണ്ടതുമില്ല. അമേരിക്കയല്ല, ചൈനയാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി എന്നോര്‍മിക്കണം. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ചൈനയെ പ്രതിരോധിക്കാന്‍ ശ്രമിക്കല്‍. ഒരു ഊരാക്കുടുക്കിലാണ് ആസിയന്‍ കരാര്‍ കേരളത്തിലെ കൃഷിക്കാരെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഒരു വ്യാപാരകരാറും അന്തിമവാക്കല്ല. കുറയ്ക്കേണ്ട തീരുവനിരക്കും ഏതു വര്‍ഷത്തിനുമുമ്പ് കുറയ്ക്കണമെന്നും ആസിയന്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, കരാറിന് കാലാവധിയില്ല. മാത്രമല്ല, ഒരു പട്ടികയില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റം സാധ്യമാണുതാനും. ഹൈലി സെന്‍സിറ്റീവ് പട്ടികയില്‍നിന്നോ പ്രത്യേക ഉല്‍പ്പന്നപട്ടികയില്‍നിന്നോ, ഏതെങ്കിലും ഉല്‍പ്പന്നം സെന്‍സിറ്റീവ് ട്രാക്കിലേക്കോ നോര്‍മല്‍ ട്രാക്കിലേക്കോ മാറ്റാന്‍ വ്യവസ്ഥയുണ്ട്.
സെന്‍സിറ്റീവ് ട്രാക്കിലേത് നോര്‍മല്‍ ട്രാക്കിലേക്കു മാറ്റാനും വ്യവസ്ഥയുണ്ട്. പ്രസ്തുത വ്യവസ്ഥകളെ എന്തുകൊണ്ട് മറിച്ചും ഉപയോഗിച്ചുകൂടാ? അതായത്, നോര്‍മല്‍ ട്രാക്കില്‍നിന്നോ സെന്‍സിറ്റീവ് ട്രാക്കില്‍നിന്നോ സംരക്ഷിത പട്ടികയിലേക്കോ പ്രത്യേക ഉല്‍പ്പന്ന പട്ടികയിലേക്കോ മാറ്റണം. കരാര്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമെന്നുകണ്ടാല്‍ 12 മാസത്തെ നോട്ടീസ് നല്‍കി പിന്മാറാനും വ്യവസ്ഥയുണ്ട്.
(ദേശാഭിമാനിയിൽ നിന്ന്))
No comments:
Post a Comment