ഒരുനേരം ഉണ്ടാല്‍ ദരിദ്രനല്ലാതാകുമോ?
( ദേശാഭിമാനി മുഖ പ്രസംഗം )
ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) എല്ലാ കുടുംബത്തിനും മാസം 25 കിലോ ഗോതമ്പോ അരിയോ കിലോക്ക് മൂന്നുരൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസ് വച്ച പ്രധാന വാഗ്ദാനങ്ങളിലൊന്ന്. യുപിഎ ഭരണത്തിനുകീഴില്‍ ഒരാളും പട്ടിണി അനുഭവിക്കേണ്ടിവരില്ലെന്ന മധുരമനോഹര പ്രഖ്യാപനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍നിന്ന് നാം കേട്ടു. ഇപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ പറയുന്നത്, സംസ്ഥാനങ്ങള്‍ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നാണ്. നിലവിലുള്ള 6.52 കോടി എന്നതില്‍നിന്ന് 5.91 കോടിയായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളോട് കര്‍ക്കശമായി ആവശ്യപ്പെട്ടിരിക്കുന്നു. അതിനര്‍ഥം തങ്ങള്‍ നിശ്ചയിക്കുന്ന ആളുകളെ മാത്രമേ ദാരിദ്യ്രരേഖയ്ക്കു കീഴിലുള്ളവരായി അംഗീകരിക്കൂ എന്നും അവര്‍ക്കുമാത്രമേ ആനുകൂല്യങ്ങള്‍ നല്‍കൂ എന്നുമാണ്.
കട്ടിലിനനുസരിച്ച് കാലുമുറിക്കുന്ന ഏര്‍പ്പാടാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാം. രാജ്യം വിലക്കയറ്റത്തിന്റെ പിടിയിലാണ് ഇന്ന്. രൂക്ഷമായ വരള്‍ച്ച ഗ്രാമീണ ഇന്ത്യയെ കണ്ണീരുകുടിപ്പിക്കുന്നു. 77 ശതമാനത്തോളം ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ താഴെയാണ് ചെലവഴിക്കുന്നത്. ഒരു ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കാന്‍ അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് 70 രൂപയ്ക്കുമുകളില്‍ ചെലവുവരും. ദൈനംദിനം ഭക്ഷണംകഴിക്കാന്‍പോലും കടം വാങ്ങേണ്ട ഗതികേടിലാണ് ലക്ഷക്കണക്കിനു കുടുംബം. അന്തര്‍ദേശീയ ഭക്ഷ്യനയഗവേഷണ ഇന്‍സ്റിറ്റ്യൂട്ടും (ഐഎഫ്പിആര്‍ഐ) ആഗോള പട്ടിണിസൂചകവും (ജിഎച്ച്ഐ) 88 വികസ്വരരാജ്യങ്ങളില്‍ ഏറ്റവും ഭീകരമായ പട്ടിണിയുള്ള വിഭാഗത്തില്‍ ഇന്ത്യയെ 66-ാം സ്ഥാനത്താണ് നിര്‍ത്തിയിരിക്കുന്നത്. ഗ്രാമീണജനതയില്‍ 80 ശതമാനവും നഗരജനതയില്‍ 64 ശതമാനവും മൊത്തം ജനസംഖ്യയില്‍ 76 ശതമാനവും കലോറിക്കുറവിന്റെയും ഭക്ഷ്യലഭ്യതയുടെയും കാര്യത്തില്‍ ദുരിതം അനുഭവിക്കുന്നവരാണ്. പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള മാര്‍ഗം പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കലും ശക്തിപ്പെടുത്തലും വിലനിയന്ത്രണവും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയലുമാണ്.
എന്നാല്‍, സാധാരണക്കാര്‍ക്കുവേണ്ടി നില്‍ക്കുന്നെന്ന് അവകാശപ്പെടുന്ന യുപിഎ സര്‍ക്കാര്‍ പൊതുവിതരണസംവിധാനത്തെ ഘട്ടംഘട്ടമായി തകര്‍ത്തുകളയുകയും അഗ്രി ബിസിനസുകളെയും സ്ഥാപനങ്ങളെയും സ്വകാര്യ വ്യാപാരികളെയും വളരാനനുവദിച്ച് മുതലക്കണ്ണീരൊഴുക്കുകയുമാണ്. രാജ്യത്ത് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം രൂക്ഷമായ പട്ടിണിയോട് യുപിഎ സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. 'ലക്ഷ്യാധിഷ്ഠിത പൊതുവിതരണസംവിധാനം' എന്ന തലതിരിഞ്ഞ സമ്പ്രദായമാണ് യുപിഎ മുന്നോട്ടുവച്ചത്. ദാരിദ്രരേഖയ്ക്കു മീതെയുള്ളവര്‍ (എപിഎല്‍), ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ (ബിപിഎല്‍), അന്ത്യോദയയിലേക്ക് ഉള്‍പ്പെടുത്തുന്ന ഏറ്റവും ദരിദ്രരായവര്‍ എന്നിങ്ങനെ ദരിദ്രരെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
ഇത് ധനികരെയും ദരിദ്രരെയും വേര്‍തിരിക്കലല്ല; ദരിദ്രരിലെതന്നെ വിവിധ വിഭാഗങ്ങളെ വേര്‍തിരിക്കലാണ്. എല്ലാവര്‍ക്കും ലഭ്യമാകേണ്ട കുറഞ്ഞ വിലയ്ക്ക് ഭക്ഷണം എന്നതിനെ അതില്‍ ചിലര്‍ക്കുമാത്രമായി ഒതുക്കുന്നു. അനുദിനം പട്ടിണിക്കാരുടെ നിരയിലേക്ക് പുതിയ വിഭാഗങ്ങള്‍ വന്നുകൊണ്ടിരിക്കെ ദരിദ്രരുടെ എണ്ണം സ്ഥിതിവിവരകണക്കുകളില്‍ കുറച്ചു കാണിക്കുകയും അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനായ ഭക്ഷണം നല്‍കുക എന്ന പ്രഥമപ്രധാനമായ കടമയില്‍നിന്ന് ഒളിച്ചോടുകയുമാണ് കേന്ദ്രസര്‍ക്കാര്‍. "ഒരു നേരം വയര്‍ നിറച്ചുണ്ണുന്നവര്‍'' ദരിദ്രജനവിഭാഗത്തില്‍ പെടാത്തവിധമാണ് ദരിദ്രരെ തിരിച്ചറിയുന്നതിനുള്ള ചോദ്യാവലി കേന്ദ്ര ഗ്രാമീണവികസന മന്ത്രാലയം തയ്യാറാക്കിയത്.
എന്നാല്‍, ദിവസം രണ്ടു നേരം ഭക്ഷണം കഴിക്കുകയും 'പലപ്പോഴും അതില്‍ പോരായ്മ' അനുഭവിക്കുകയും ചെയ്യുന്നവര്‍ ദരിദ്രരല്ലത്രേ! ഭാര്യയും ഭര്‍ത്താവും പണിയെടുക്കുകയും അവരുടെ മക്കളെ സ്കൂളിലയക്കുകയും ചെയ്യുന്നെങ്കില്‍ അവരെ ദരിദ്രരായി കണക്കാക്കാനാകില്ലെന്നും പറയുന്നു യുപിഎ സര്‍ക്കാര്‍! ഗ്രാമീണമേഖലയില്‍ ഒരു ദിവസം ശരാശരി ഒരാള്‍ക്ക് 11.50 രൂപയും നഗരമേഖലയില്‍ 17.50 രൂപയും കിട്ടുന്നവര്‍ ഇളവുകള്‍ക്ക് അര്‍ഹരല്ലെന്ന മാനദണ്ഡം മിതമായ വാക്കുകളില്‍ പറഞ്ഞാല്‍, ദരിദ്രജനവിഭാഗങ്ങളെ നോക്കിയുള്ള ഇളിച്ചുകാട്ടലാണ്.
പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദാരിദ്യ്രരേഖ കണക്കാക്കുന്നതില്‍ തിരുത്തല്‍ വരുത്തിയേ തീരൂ. അത് യഥാര്‍ഥ ദരിദ്രരെ ഒഴിവാക്കിയുള്ള പട്ടിക തയ്യാറാക്കലാകരുത്. അസ്പഷ്ടമായ ദാരിദ്യ്ര കണക്ക് പൊതുവിതരണസംവിധാനവുമായി ബന്ധപ്പെട്ട ഭക്ഷ്യധാന്യക്വോട്ട അനുവദിക്കുന്നതുമായി ബന്ധപ്പെടുത്താനും പാടില്ല. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ ഭക്ഷ്യനയങ്ങളുടെ ഏറ്റവും വലിയ തെളിവ് എപിഎല്‍ വിഭാഗത്തിന് നല്‍കി വന്നിരുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ 2006നും 2008നും ഇടയില്‍ 73.4 ശതമാനം അല്ലെങ്കില്‍ 3.25 ലക്ഷം ട വെട്ടിക്കുറച്ചതാണ്.
ഭക്ഷ്യ വസ്തുക്കള്‍ക്ക് അന്യസംസ്ഥാനങ്ങളെ വലിയതോതില്‍ ആശ്രയിക്കേണ്ട കേരളംപോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത് എപിഎല്‍ ക്വോട്ടയനുസരിച്ച് കിട്ടുന്ന ഭക്ഷ്യധാന്യത്തിന് കൂടുതല്‍ സബ്സിഡി നല്‍കി കുറഞ്ഞ വിലയ്ക്ക് 2006നു മുമ്പുള്ളതുപോലെ സാര്‍വത്രികമായി ഭക്ഷ്യധാന്യം നല്‍കാനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ശ്രമത്തെ തുരങ്കംവയ്ക്കലാണ്. ഇളവുനല്‍കി കൂടുതല്‍ വിപുലമായി ഭക്ഷ്യവിതരണസംവിധാനം നിലനിര്‍ത്തി വരുന്ന പശ്ചിമബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളിലെ ഇടതുപക്ഷസര്‍ക്കാരുകള്‍ക്ക് ഇതുമൂലം വന്‍ നഷ്ടം സഹിക്കേണ്ടതായി വരുന്നു.
പട്ടിണിയും പോഷകാഹാരക്കുറവും അവസാനിക്കുംവിധം പൊതുവിതരണസംവിധാനത്തെ ശക്തിപ്പെടുത്താനും സാര്‍വത്രികമാക്കാനും ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും പരമ പ്രാധാന്യം നല്‍കുന്ന സമീപനം യുപിഎ സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമെന്ന് കരുതുക വയ്യ. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ചപ്പോള്‍ ഗത്യന്തരമില്ലതെ ചില കാര്യങ്ങള്‍ ചെയ്യേണ്ടിവന്നതൊഴിച്ചാല്‍, ഇക്കാര്യത്തില്‍ ജനവിരുദ്ധ സമീപനംമാത്രമേ യുപിഎയില്‍നിന്ന് ഉണ്ടായിട്ടുള്ളൂ. ബഹുജന സമ്മര്‍ദത്തിലൂടെ ഈ ദുര്‍നയങ്ങള്‍ തിരുത്തിക്കാനുള്ള പരിശ്രമങ്ങളാണുണ്ടാകേണ്ടത്. ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം കൃത്രിമമായി കുറച്ചുകാട്ടാനുള്ള കേന്ദ്ര നിര്‍ബന്ധത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ശബ്ദം ഇന്ത്യയിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെയാകെ ശബ്ദമായി മാറേണ്ടതുണ്ട്.
No comments:
Post a Comment