വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, September 2, 2009

ഡിഗ്രിതല പഠനനിലവാരവും സെമസ്ററൈസേഷനും

ഡിഗ്രിതല പഠനനിലവാരവും സെമസ്ററൈസേഷനും

പി സി രാമന്‍കുട്ടി

കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വളരെ താഴ്ന്നതാണെന്ന കാര്യത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. നമ്മുടെ വിദ്യാര്‍ഥികള്‍ വിവിധ മത്സരപരീക്ഷകളില്‍ പരാജയപ്പെടുന്നതില്‍ മാതാപിതാക്കള്‍ ആകുലരാണ്. ഈസ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ഗുമസ്തരെ സൃഷ്ടിക്കാന്‍ മെക്കാളെ പ്രഭു വിളമ്പിയ സര്‍വാണി വിദ്യാസദ്യ മുറയ്ക്കുണ്ടുവളര്‍ന്ന തലമുറയ്ക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് സമൂലപരിവര്‍ത്തനം വരുത്തുന്നതില്‍ ഇന്നും വ്യക്തമായ കാഴ്ചപ്പാടില്ല. യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷന്റെ നിര്‍ദേശപ്രകാരം ഡിഗ്രിതല പഠന പ്രവര്‍ത്തനങ്ങള്‍ ചോയിസ് ബെയിസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ സമ്പ്രദായത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ അലകുംപിടിയും അറിയാത്തവരാണ്.

പഴയ സമ്പ്രദായമനുസരിച്ച് മൂന്നുകൊല്ലംകൊണ്ട് വിദ്യാര്‍ഥികള്‍പഠിക്കുന്ന വിഷയങ്ങളെ ഒമ്പത് മണിക്കൂറുള്ള ഓര്‍മ പരീക്ഷകൊണ്ട് അളക്കുന്ന അശാസ്ത്രീയരീതിയില്‍നിന്ന് സെമസ്റര്‍ രീതി തികച്ചും ഭിന്നമാണ്. ഓരോ സെമസ്ററും ആറുമാസ കാലാവധിക്കുള്ളില്‍ നിശ്ചിത കോഴ്സുകളുടെ ക്ളാസ്റൂം പഠനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. നിരന്തര മൂല്യനിര്‍ണയാടിസ്ഥാനത്തിലുള്ളതും സര്‍ഗാത്മകവും ഗവേഷണാത്മകവുമാണ് പുതിയ ഡിഗ്രി പ്രോഗ്രാം. 2007ല്‍ കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൌസില്‍ ആരംഭിച്ച ഡിഗ്രിതല പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ അക്കാദമിക് പണ്ഡിതരുടെയും വിവിധ പഠനവകുപ്പുകളുടെയും വിശദചര്‍ച്ചയ്ക്കും സെമിനാറുകള്‍ക്കും ശേഷമാണ് ഇത് നടപ്പില്‍വരുത്താന്‍ തീരുമാനിച്ചത്.

ഈ സമ്പ്രദായത്തില്‍ പ്രധാനമായും നാല് തലമാണുള്ളത്. സെമസ്ററിങ്, ചോയിസ് ബെയ്സ്ഡ് ക്രെഡിറ്റിങ്, ആന്തരിക-ബാഹ്യമൂല്യ നിര്‍ണയം, ഗ്രേഡിങ് എന്നിങ്ങനെ ചുരുക്കി പറയാം. ലോകത്ത് വിജ്ഞാനവിസ്ഫോടനം നടക്കുകയാണ്. ഈ സ്ഫോടന ലാവാപ്രവാഹത്തില്‍നിന്ന് നമ്മുടെ വിദ്യാര്‍ഥികള്‍ ഒഴിഞ്ഞുനില്‍ക്കണോ? ഇന്ത്യന്‍ യൂണിവേഴ്സിറ്റികളിലെ ബിരുദവിദ്യാഭ്യാസം ഇന്നും കൊളോണിയല്‍ പാരമ്പര്യത്തിന്റെ തടവറയ്ക്കുള്ളിലാണ്. ഇതിനെ മോചിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ബിരുദവിദ്യാഭ്യാസത്തില്‍ മാറ്റമുണ്ടായാലേ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരൂ. ഈ ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസകമീഷന്‍ ഡിഗ്രിതല കരിക്കുലവും സിലബസ് പരിഷ്കരണവും മറ്റും നടത്തുന്നത്. ഇതിന്റെ പ്രായോഗിക രൂപമാണ് ചോയിസ് ബെയിസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ പ്രോഗ്രാം.

പൊതുവിദ്യാഭ്യാസത്തിന്റെ നാല് നെടുംതൂണുകളെന്ന് യുനസ്കോ വിശേഷിപ്പിക്കുന്ന- പഠിക്കാന്‍ പഠിക്കുക, പ്രവര്‍ത്തിക്കാന്‍ പഠിക്കുക, സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ പഠിക്കുക, സ്വയം കണ്ടെത്താനും മെച്ചപ്പെടുത്താനും പഠിക്കുക എന്നീ ലക്ഷ്യങ്ങള്‍ ഡിഗ്രിതലത്തിലാണ് കൂടുതല്‍ സംഗതമാകുന്നത്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് യൂണിവേഴ്സിറ്റികള്‍ പ്രധാനമായും മൂന്നുതരം പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. ഒന്ന്: വിജ്ഞാനഉല്‍പ്പാദനം - വിജ്ഞാന സംരക്ഷണം - വിജ്ഞാന വിതരണം - ക്ളാസ് മുറിക്ക് അകത്തും പുറത്തും സംവാദാത്മകമായ പഠന പരീക്ഷണ നിരീക്ഷണങ്ങള്‍ സാധ്യമാകുന്ന രീതിയില്‍ ഇന്നത്തെ യാഥാസ്ഥിതിക വിദ്യാഭ്യാസത്തെ ഉടച്ചുമാറ്റാന്‍ കഴിയുന്ന വിദ്യാഭ്യാസരംഗത്തെ പുതുപരീക്ഷണമാണ് പുതിയ പഠനപദ്ധതി. വിദ്യാഭ്യാസഘടനയിലും ഉള്ളടക്കത്തിലും ബോധനരീതിയിലും മൂല്യനിര്‍ണയ സമ്പ്രദായത്തിലും ശാസ്ത്രീയരീതിയാണ് ഈ പുതുപാഠ്യക്രമം മുന്നോട്ടുവെയ്ക്കുന്നത്.

പാശ്ചാത്യസര്‍വകലാശാലകളെ അന്ധമായി അനുകരിക്കലല്ല മറിച്ച് ഇന്ത്യന്‍ സമ്പദ്ഘടനയെയും സാമൂഹ്യപുരോഗതിയെയും ലക്ഷ്യംവച്ച് യൂണിവേഴ്സിറ്റികള്‍ക്ക് അനുഗുണമായ രീതിയില്‍ ബോര്‍ഡ് ഓഫ് സ്റഡീസുകളുടെ സഹായത്തോടെ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്ന രീതിയാണ് നാമിവിടെ അനുകരണീയമാക്കേണ്ടത്. ക്രെഡിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ആഭ്യന്തര അന്തര്‍ദേശീയതലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാവിനിമയം സാധ്യമാകുകയും ചെയ്യും. മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യത്തിന്റെ പ്രായോഗികവല്‍ക്കരണം സാധ്യമാക്കുകയും ചെയ്യുന്നു. ക്രെഡിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തിനകത്തും പുറത്തും അന്തര്‍ദേശീയതലത്തിലും കോഴ്സുകള്‍ പരസ്പരം അംഗീകരിക്കപ്പെടുന്നതിനുള്ള സാധ്യത വര്‍ധിക്കുന്നു. ഘടനാപരമായ സമാനത ക്രെഡിറ്റ് ട്രാന്‍സ്ഫറിന് സൌകര്യമൊരുക്കിക്കൊടുക്കുമ്പോള്‍ അക്കാദമിക തലത്തിലുള്ള വൈവിധ്യം തങ്ങള്‍ക്ക് ഇഷ്ടമുള്ള കോഴ്സുകള്‍ തെരഞ്ഞെടുത്ത് പഠിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നു.

സ്കൂള്‍പരീക്ഷയില്‍ നടന്നിരുന്ന റാങ്ക് കിടമത്സരങ്ങളും മറ്റ് ഉപജാപങ്ങളും ഒഴിവാക്കാനായിരുന്നു മൂല്യനിര്‍ണയരീതി ഗ്രേഡിങ്ങിലേക്കു മാറ്റിയത്. എന്നാല്‍, ഡിഗ്രിതലത്തില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ സിസ്റത്തിലെ ഗ്രേഡിങ്ങില്‍ വളരെ വിപുലമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. പഠിതാവിന് സമയബന്ധിതമായി സെമസ്റര്‍ പരീക്ഷയ്ക്ക് തയ്യാറാകേണ്ടതുണ്ട്. ആന്തരികവും ബാഹ്യവുമായ പരീക്ഷകളുണ്ട്. പഠിതാവാര്‍ജിച്ച വിജ്ഞാനത്തിന്റെയും പ്രായോഗിക പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഡയറക്ട് ഗ്രേഡിങ് നടത്തുന്നത്. ഇത്തരത്തില്‍ ഓരോ കോഴ്സിനും (ുമുലൃ) സെമസ്ററിനും/പ്രോഗ്രാമിനും (ഉലഴൃലല) ഫലനിര്‍ണയം വിശദമായി നടത്തുന്നു. മൂല്യനിര്‍ണയത്തിന് രണ്ടു ഭാഗമുണ്ട്. തുടര്‍മൂല്യനിര്‍ണയവും സെമസ്റര്‍ അവസാന മൂല്യനിര്‍ണയവും. ഇത് യഥാക്രമം ഇന്റേണലിന് 25 ശതമാനവും, എക്സ്റേണലിന് 75 ശതമാനവുമാണ് മാര്‍ക്ക്. ഓരോ സെമസ്ററിലും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള കോഴ്സുകളുടെ (ുമുലൃ) വിശദപഠനവും പ്രയോഗവും സംവാദാത്മക ഇടപെടലും ക്ളാസ്മുറികളിലും ക്യാമ്പസിലും സാധ്യമാകുന്നു എന്നതാണ് ഈ രീതിയുടെ ശ്രേഷ്ഠത.

മാത്രമല്ല, വിദ്യാര്‍ഥിക്ക് പ്രധാന പ്രോഗ്രാമിനൊപ്പം ഇഷ്ടമുള്ളതും അഭിരുചിക്കിണങ്ങുന്നതുമായ മറ്റ് വിഷയങ്ങളും പഠിക്കുകയുമാകാം. അങ്ങനെ ഡിഗ്രിപഠനമേഖലയില്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും പുതിയ വെളിച്ചം കൊളുത്തിവയ്ക്കാന്‍ ഹയര്‍ എഡ്യൂക്കേഷന്‍ കൌസിലിന് കഴിഞ്ഞിരിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് നടത്താനുദ്ദേശിക്കുന്ന ഡിഗ്രിതല വിദ്യാഭ്യാസ പുനഃസംഘാടനത്തിന് പ്രധാനമായും നാല് തലമുണ്ട്. ഒന്ന് അതിന്റെ ഘടനയാണ്. രണ്ട്: ഉള്ളടക്കം, മൂന്ന്: ബോധനരീതി, നാല്: മൂല്യനിര്‍ണയ രീതി. ഇതില്‍ വിമര്‍ശകരും പ്രതിപക്ഷവും ചെറുപക്ഷം അധ്യാപകരും യൂണിവേഴ്സിറ്റി ജീവനക്കാരില്‍ ഒരുപക്ഷവും ഡിഗ്രിതല പുനഃസംഘാടനത്തോട് ക്രിയാത്മക നിലപാടല്ല സ്വീകരിക്കുന്നത്. എന്താണ് ഉന്നതവിദ്യാഭ്യാസരംഗത്ത് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് 2007 ഏപ്രില്‍മുതല്‍തന്നെ വെബ്സൈറ്റിലും വിവിധ മാധ്യമങ്ങള്‍ വഴിയും പൊതുജനസമ്പര്‍ക്കം നടത്തുകയുണ്ടായി.

പക്ഷേ, അന്നൊന്നും ഇതിന്റെ ഗുണാഗുണ പരിചിന്തനത്തില്‍ ഇടപെടാതിരുന്നവര്‍ ഇന്ന് ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. 2007ല്‍ ആരംഭിച്ച് 2009ല്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ ധൃതിപാടില്ലെന്നും വിശദ ചര്‍ച്ച വേണമെന്നും പ്രതിപക്ഷമുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഒരിക്കലും പൂര്‍ത്തിയാകാത്ത നമ്മുടെ പഞ്ചവത്സരപദ്ധതികള്‍പോലെ നീണ്ടുപോകണമോ നമ്മുടെ ഉന്നതവിദ്യാഭ്യാസ പുനഃസംഘാടനവും? ഹയര്‍സെക്കന്‍ഡറിതലത്തില്‍ പുനഃസംഘാടനവും ഗ്രേഡിങ്ങും നടപ്പില്‍ വരുത്തിയപ്പോഴും ഇക്കൂട്ടര്‍ ഇതുപോലെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും സമരപരിപാടികളുമായി രംഗത്തുവരികയും ചെയ്തു. പക്ഷേ ഒന്നുണ്ട്. പ്ളസ്ടു തലത്തില്‍ പുതിയ പഠന പരീക്ഷ സമ്പ്രദായങ്ങളിലൂടെ കടന്നുവന്നവരാണ് ഇന്ന് കോളേജ് ക്ളാസുകളില്‍ എത്തിയിരിക്കുന്നത്.

ഇവര്‍ക്ക് ദശകങ്ങള്‍ പിന്നിട്ട മെക്കാളെ മിനിട്സില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസരീതി മതിയാകില്ല. ക്രെഡിറ്റ് സെമസ്റര്‍ സിസ്റത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും മൂല്യനിര്‍ണയത്തിലുമാണ് പ്രധാനമായും വിമര്‍ശ ശരങ്ങള്‍ തൊടുത്തുവിടുന്നത്. ഘടന വളരെ ഇടുങ്ങിയതായിപ്പോയി. ആറുമാസംകൊണ്ട് ഇന്റേണല്‍, എക്സ്റേണല്‍ പരീക്ഷ, മൂല്യനിര്‍ണയം, സെമിനാര്‍, അസൈന്‍മെന്റ് എന്നീ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും സമയബന്ധിതമായ പ്രവര്‍ത്തനം കൃത്യമായി പാലിച്ചാലേ കാര്യങ്ങള്‍ ഒപ്പിച്ചെടുക്കാനാകൂ! ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ തമ്മിലും വിവിധ ഡിപ്പാര്‍ട്മെന്റുകള്‍ തമ്മിലും അധ്യാപകരും വിദ്യാര്‍ഥികള്‍ തമ്മിലുമുള്ള പാരസ്പര്യത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സമയമെവിടെ എന്ന് അവര്‍ ചോദിക്കുന്നു. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരായി ചിലര്‍ രംഗത്തുവന്നു. അവര്‍ പ്രധാനമായും ഉന്നയിച്ച വിമര്‍ശം നമ്മുടെ ഭാഷയും സംസ്കാരവും തള്ളിക്കളയുന്നു.

പുതിയ ഡിഗ്രിതല സെമസ്റര്‍ പഠനസമ്പ്രദായം എന്നായിരുന്നു. ഇതിനു മറുപടിയായി ഉന്നത വിദ്യാഭ്യാസകൌസിലിന്റെ വൈസ് ചെയര്‍മാനായ കെ എം പണിക്കര്‍ പറയുന്ന മറുപടി ശ്രദ്ധിക്കുക. "ഭാഷാപഠനം പുതിയ പാഠ്യക്രമത്തില്‍ രണ്ടു തലത്തിലാണ് നടത്തുക. കോമ കോഴ്സിന്റെയും സ്പെഷ്യലൈസേഷന്റെയും. ഇതുവരെയുള്ള ഭാഷാപഠനം അടിസ്ഥാനപരമായി സാഹിത്യപഠനമായിരുന്നു. പക്ഷേ, സാഹിത്യപഠനം മാത്രമല്ല ഭാഷാപഠനം. അതുകൊണ്ട് സാഹിത്യത്തില്‍മാത്രം ഒതുങ്ങിനിന്ന ഭാഷാപഠനത്തെ പുതിയ തലത്തിലേക്ക് കൊണ്ടുവരികയാണ് പ്രധാനപ്പെട്ട കാര്യം. വിദ്യാര്‍ഥികള്‍ക്ക് ഭാഷ ഉപയോഗിക്കാനുള്ള കഴിവുണ്ടാക്കുക, അതിനു മറ്റു പല മേഖലയുമായി ഭാഷാപഠനത്തെ ബന്ധപ്പെടുത്തണം. ലോകസംസ്കാരവുമായി ബന്ധപ്പെട്ടാന്‍ തര്‍ജമ സഹായിക്കും. കൂടാതെ ഭാഷ/സാഹിത്യം പഠിക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് ഓപ്പകോഴ്സിലൂടെ സാഹിത്യം പഠിക്കാനുള്ള സൌകര്യംകൂടി പുതിയ സംവിധാനത്തിലുണ്ട്. യഥാര്‍ഥത്തില്‍ ഭാഷ പഠിക്കാനുള്ള സ്പെയിസ് കൂടുകയാണ് ഈ പരിഷ്കരണത്തില്‍. കൂടാതെ കഴിഞ്ഞ ഒരു ദശകമായി കേരളത്തിലുള്ള പ്രവണത മലയാള സാഹിത്യവും ഭാഷയും പഠിക്കാതെ ന്യൂ ജനറേഷന്‍ ബിരുദം നേടാമെന്നായിരുന്നു. എന്നാല്‍, കൌസില്‍ ഇപ്പോള്‍ ചെയ്തിട്ടുള്ളത് മലയാളം പഠിക്കാതെ ഉന്നത വിദ്യാഭ്യാസം സാധ്യമല്ല എന്ന നില വരുത്തുകയാണ്. ചുരുക്കത്തില്‍ സംസ്കാരപഠനത്തിനുള്ള പ്രാധാന്യം കുറയ്ക്കുകയല്ല കൂട്ടുകയാണ് ചെയ്തതെന്ന് പണിക്കര്‍ വ്യക്തമാക്കുന്നു''.

മുമ്പ് ബിബിഎ പോലുള്ള കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മാതൃഭാഷ പഠിച്ചിരുന്നില്ല. ഹിസ്റ്ററി പഠിക്കുന്ന വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് ചരിത്രവും അമേരിക്കന്‍ചരിത്രവും പഠിക്കുകയും കേരളചരിത്രവും സംസ്കാരവും പഠിക്കാന്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ അറുതിവരുത്തി, ദേശീയ കാഴ്ചപ്പാടിന് അനുസൃതമായ പൊതുവിദ്യാഭ്യാസഫ്രെയിം കൊണ്ടുവരികയാണ് ഇതുവഴി ഉന്നതവിദ്യാഭ്യാസ കൌസില്‍ ചെയ്യുന്നത്. വിദ്യാര്‍ഥി കേന്ദ്രീകൃതമായ വ്യത്യസ്തതലത്തിലുള്ള പഠനാനുഭവം ഉള്‍ക്കൊള്ളുന്ന പുതിയ സമ്പ്രദായം വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന വിഷയത്തോടു കൂടുതല്‍ ആഭിമുഖ്യം ഉണ്ടാക്കാന്‍ സഹായിക്കുന്നു. യഥാര്‍ഥത്തില്‍ ജീവിതാന്ത്യംവരെ നീളുന്ന പഠനപ്രക്രിയക്കുവേണ്ട അടിസ്ഥാന പരിശീലനമാണ് ഡിഗ്രിതലത്തില്‍ നടത്തുന്നത്.

ഡിഗ്രിതല പഠനപരിഷ്കാരം നടപ്പില്‍ വരുത്തുമ്പോള്‍ കോളേജില്‍ അതിനു വേണ്ട ഭൌതിക സൌകര്യങ്ങളും ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളും ഉടന്‍ നികത്തണം. പരീക്ഷകള്‍ ഇരട്ടിക്കുകയാണ്. യൂണിവേഴ്സിറ്റി പരീക്ഷാവിഭാഗത്തിന് ജോലി ഭാരം വര്‍ധിക്കും. പുതിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായവും പഴയ സ്കീമിലുള്ള വിവിധ പരീക്ഷകളും നടത്തേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കം തുടങ്ങണം. (ലേഖകന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗവും പരീക്ഷാവിഭാഗം കവീനറുമാണ്)

(ദേശാഭിമാനിയിൽ നിന്ന്‌)

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്