വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, September 2, 2009

ഒരുനേരം ഉണ്ടാല്‍ ദരിദ്രനല്ലാതാകുമോ?

ഒരുനേരം ഉണ്ടാല്‍ ദരിദ്രനല്ലാതാകുമോ?

( ദേശാഭിമാനി മുഖ പ്രസംഗം )

ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) എല്ലാ കുടുംബത്തിനും മാസം 25 കിലോ ഗോതമ്പോ അരിയോ കിലോക്ക് മൂന്നുരൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസ് വച്ച പ്രധാന വാഗ്ദാനങ്ങളിലൊന്ന്. യുപിഎ ഭരണത്തിനുകീഴില്‍ ഒരാളും പട്ടിണി അനുഭവിക്കേണ്ടിവരില്ലെന്ന മധുരമനോഹര പ്രഖ്യാപനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍നിന്ന് നാം കേട്ടു. ഇപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ പറയുന്നത്, സംസ്ഥാനങ്ങള്‍ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നാണ്. നിലവിലുള്ള 6.52 കോടി എന്നതില്‍നിന്ന് 5.91 കോടിയായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളോട് കര്‍ക്കശമായി ആവശ്യപ്പെട്ടിരിക്കുന്നു. അതിനര്‍ഥം തങ്ങള്‍ നിശ്ചയിക്കുന്ന ആളുകളെ മാത്രമേ ദാരിദ്യ്രരേഖയ്ക്കു കീഴിലുള്ളവരായി അംഗീകരിക്കൂ എന്നും അവര്‍ക്കുമാത്രമേ ആനുകൂല്യങ്ങള്‍ നല്‍കൂ എന്നുമാണ്.

കട്ടിലിനനുസരിച്ച് കാലുമുറിക്കുന്ന ഏര്‍പ്പാടാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാം. രാജ്യം വിലക്കയറ്റത്തിന്റെ പിടിയിലാണ് ഇന്ന്. രൂക്ഷമായ വരള്‍ച്ച ഗ്രാമീണ ഇന്ത്യയെ കണ്ണീരുകുടിപ്പിക്കുന്നു. 77 ശതമാനത്തോളം ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ താഴെയാണ് ചെലവഴിക്കുന്നത്. ഒരു ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കാന്‍ അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് 70 രൂപയ്ക്കുമുകളില്‍ ചെലവുവരും. ദൈനംദിനം ഭക്ഷണംകഴിക്കാന്‍പോലും കടം വാങ്ങേണ്ട ഗതികേടിലാണ് ലക്ഷക്കണക്കിനു കുടുംബം. അന്തര്‍ദേശീയ ഭക്ഷ്യനയഗവേഷണ ഇന്‍സ്റിറ്റ്യൂട്ടും (ഐഎഫ്പിആര്‍ഐ) ആഗോള പട്ടിണിസൂചകവും (ജിഎച്ച്ഐ) 88 വികസ്വരരാജ്യങ്ങളില്‍ ഏറ്റവും ഭീകരമായ പട്ടിണിയുള്ള വിഭാഗത്തില്‍ ഇന്ത്യയെ 66-ാം സ്ഥാനത്താണ് നിര്‍ത്തിയിരിക്കുന്നത്. ഗ്രാമീണജനതയില്‍ 80 ശതമാനവും നഗരജനതയില്‍ 64 ശതമാനവും മൊത്തം ജനസംഖ്യയില്‍ 76 ശതമാനവും കലോറിക്കുറവിന്റെയും ഭക്ഷ്യലഭ്യതയുടെയും കാര്യത്തില്‍ ദുരിതം അനുഭവിക്കുന്നവരാണ്. പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുന്നതിനുള്ള മാര്‍ഗം പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കലും ശക്തിപ്പെടുത്തലും വിലനിയന്ത്രണവും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയലുമാണ്.

എന്നാല്‍, സാധാരണക്കാര്‍ക്കുവേണ്ടി നില്‍ക്കുന്നെന്ന് അവകാശപ്പെടുന്ന യുപിഎ സര്‍ക്കാര്‍ പൊതുവിതരണസംവിധാനത്തെ ഘട്ടംഘട്ടമായി തകര്‍ത്തുകളയുകയും അഗ്രി ബിസിനസുകളെയും സ്ഥാപനങ്ങളെയും സ്വകാര്യ വ്യാപാരികളെയും വളരാനനുവദിച്ച് മുതലക്കണ്ണീരൊഴുക്കുകയുമാണ്. രാജ്യത്ത് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം രൂക്ഷമായ പട്ടിണിയോട് യുപിഎ സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. 'ലക്ഷ്യാധിഷ്ഠിത പൊതുവിതരണസംവിധാനം' എന്ന തലതിരിഞ്ഞ സമ്പ്രദായമാണ് യുപിഎ മുന്നോട്ടുവച്ചത്. ദാരിദ്രരേഖയ്ക്കു മീതെയുള്ളവര്‍ (എപിഎല്‍), ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ (ബിപിഎല്‍), അന്ത്യോദയയിലേക്ക് ഉള്‍പ്പെടുത്തുന്ന ഏറ്റവും ദരിദ്രരായവര്‍ എന്നിങ്ങനെ ദരിദ്രരെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

ഇത് ധനികരെയും ദരിദ്രരെയും വേര്‍തിരിക്കലല്ല; ദരിദ്രരിലെതന്നെ വിവിധ വിഭാഗങ്ങളെ വേര്‍തിരിക്കലാണ്. എല്ലാവര്‍ക്കും ലഭ്യമാകേണ്ട കുറഞ്ഞ വിലയ്ക്ക് ഭക്ഷണം എന്നതിനെ അതില്‍ ചിലര്‍ക്കുമാത്രമായി ഒതുക്കുന്നു. അനുദിനം പട്ടിണിക്കാരുടെ നിരയിലേക്ക് പുതിയ വിഭാഗങ്ങള്‍ വന്നുകൊണ്ടിരിക്കെ ദരിദ്രരുടെ എണ്ണം സ്ഥിതിവിവരകണക്കുകളില്‍ കുറച്ചു കാണിക്കുകയും അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനായ ഭക്ഷണം നല്‍കുക എന്ന പ്രഥമപ്രധാനമായ കടമയില്‍നിന്ന് ഒളിച്ചോടുകയുമാണ് കേന്ദ്രസര്‍ക്കാര്‍. "ഒരു നേരം വയര്‍ നിറച്ചുണ്ണുന്നവര്‍'' ദരിദ്രജനവിഭാഗത്തില്‍ പെടാത്തവിധമാണ് ദരിദ്രരെ തിരിച്ചറിയുന്നതിനുള്ള ചോദ്യാവലി കേന്ദ്ര ഗ്രാമീണവികസന മന്ത്രാലയം തയ്യാറാക്കിയത്.

എന്നാല്‍, ദിവസം രണ്ടു നേരം ഭക്ഷണം കഴിക്കുകയും 'പലപ്പോഴും അതില്‍ പോരായ്മ' അനുഭവിക്കുകയും ചെയ്യുന്നവര്‍ ദരിദ്രരല്ലത്രേ! ഭാര്യയും ഭര്‍ത്താവും പണിയെടുക്കുകയും അവരുടെ മക്കളെ സ്കൂളിലയക്കുകയും ചെയ്യുന്നെങ്കില്‍ അവരെ ദരിദ്രരായി കണക്കാക്കാനാകില്ലെന്നും പറയുന്നു യുപിഎ സര്‍ക്കാര്‍! ഗ്രാമീണമേഖലയില്‍ ഒരു ദിവസം ശരാശരി ഒരാള്‍ക്ക് 11.50 രൂപയും നഗരമേഖലയില്‍ 17.50 രൂപയും കിട്ടുന്നവര്‍ ഇളവുകള്‍ക്ക് അര്‍ഹരല്ലെന്ന മാനദണ്ഡം മിതമായ വാക്കുകളില്‍ പറഞ്ഞാല്‍, ദരിദ്രജനവിഭാഗങ്ങളെ നോക്കിയുള്ള ഇളിച്ചുകാട്ടലാണ്.

പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദാരിദ്യ്രരേഖ കണക്കാക്കുന്നതില്‍ തിരുത്തല്‍ വരുത്തിയേ തീരൂ. അത് യഥാര്‍ഥ ദരിദ്രരെ ഒഴിവാക്കിയുള്ള പട്ടിക തയ്യാറാക്കലാകരുത്. അസ്പഷ്ടമായ ദാരിദ്യ്ര കണക്ക് പൊതുവിതരണസംവിധാനവുമായി ബന്ധപ്പെട്ട ഭക്ഷ്യധാന്യക്വോട്ട അനുവദിക്കുന്നതുമായി ബന്ധപ്പെടുത്താനും പാടില്ല. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ ഭക്ഷ്യനയങ്ങളുടെ ഏറ്റവും വലിയ തെളിവ് എപിഎല്‍ വിഭാഗത്തിന് നല്‍കി വന്നിരുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ 2006നും 2008നും ഇടയില്‍ 73.4 ശതമാനം അല്ലെങ്കില്‍ 3.25 ലക്ഷം ട വെട്ടിക്കുറച്ചതാണ്.

ഭക്ഷ്യ വസ്തുക്കള്‍ക്ക് അന്യസംസ്ഥാനങ്ങളെ വലിയതോതില്‍ ആശ്രയിക്കേണ്ട കേരളംപോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ചെയ്യുന്നത് എപിഎല്‍ ക്വോട്ടയനുസരിച്ച് കിട്ടുന്ന ഭക്ഷ്യധാന്യത്തിന് കൂടുതല്‍ സബ്സിഡി നല്‍കി കുറഞ്ഞ വിലയ്ക്ക് 2006നു മുമ്പുള്ളതുപോലെ സാര്‍വത്രികമായി ഭക്ഷ്യധാന്യം നല്‍കാനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ശ്രമത്തെ തുരങ്കംവയ്ക്കലാണ്. ഇളവുനല്‍കി കൂടുതല്‍ വിപുലമായി ഭക്ഷ്യവിതരണസംവിധാനം നിലനിര്‍ത്തി വരുന്ന പശ്ചിമബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളിലെ ഇടതുപക്ഷസര്‍ക്കാരുകള്‍ക്ക് ഇതുമൂലം വന്‍ നഷ്ടം സഹിക്കേണ്ടതായി വരുന്നു.

പട്ടിണിയും പോഷകാഹാരക്കുറവും അവസാനിക്കുംവിധം പൊതുവിതരണസംവിധാനത്തെ ശക്തിപ്പെടുത്താനും സാര്‍വത്രികമാക്കാനും ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും പരമ പ്രാധാന്യം നല്‍കുന്ന സമീപനം യുപിഎ സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമെന്ന് കരുതുക വയ്യ. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ചപ്പോള്‍ ഗത്യന്തരമില്ലതെ ചില കാര്യങ്ങള്‍ ചെയ്യേണ്ടിവന്നതൊഴിച്ചാല്‍, ഇക്കാര്യത്തില്‍ ജനവിരുദ്ധ സമീപനംമാത്രമേ യുപിഎയില്‍നിന്ന് ഉണ്ടായിട്ടുള്ളൂ. ബഹുജന സമ്മര്‍ദത്തിലൂടെ ഈ ദുര്‍നയങ്ങള്‍ തിരുത്തിക്കാനുള്ള പരിശ്രമങ്ങളാണുണ്ടാകേണ്ടത്. ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം കൃത്രിമമായി കുറച്ചുകാട്ടാനുള്ള കേന്ദ്ര നിര്‍ബന്ധത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ശബ്ദം ഇന്ത്യയിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെയാകെ ശബ്ദമായി മാറേണ്ടതുണ്ട്.

കാണുക നാം ഇന്ന് ഓരേ സ്വപ്നം

കാണുക നാം ഇന്ന് ഓരേ സ്വപ്നം

മലയാള മനോരമ മുഖപ്രസംഗം

ഒരു ഐതിഹ്യത്തിന് ഇത്രമേല്‍ ഒരു നാടിനെ ഭൂമിയില്‍നിന്ന് ഉയര്‍ത്താമെന്നും പ്രത്യാശാഭരിതമാക്കാമെന്നും പഠിപ്പിച്ച ചക്രവര്‍ത്തീ, മലയാളിക്ക് ഏറ്റവും പ്രിയങ്കരവും പരിചിതവുമായ കഥയിലെ നായകാ, ഈ ദിവസം അങ്ങേയ്ക്കുള്ളതാണ്. ഞങ്ങളുടെ സ്വപ്നത്തിന്റെ പൂവിതളുകളിലൂടെ, ഒാണത്തുമ്പികള്‍ പാറിനടക്കുന്ന ചിങ്ങത്തിന്റെ ആയിരം അഴകുകള്‍ക്കിടയിലൂടെ ഒരിക്കല്‍ക്കൂടി മലയാളത്തിലേക്കു നടന്നുവരിക. പൂവും പൂവടയും ഒാണപ്പാട്ടുമൊക്കെയായി കാത്തിരിക്കുന്നുണ്ട്, കേരളം.

അതേസമയം, മലയാളിയുടെ വ്യഥകള്‍ക്കും ആകുലതകള്‍ക്കും ഈ ഒറ്റദിവസത്തെ വാര്‍ഷിക അവധി മാത്രമാണുള്ളതെന്നു ഞങ്ങളറിയുന്നു. മറ്റൊരാള്‍ക്കു സൌകര്യപൂര്‍വം എപ്പോള്‍ വേണമെങ്കിലും വിരാമചിഹ്നമിടാവുന്ന ഇപ്പോഴത്തെ അരക്ഷിത കേരളീയജീവിതത്തിനിടയില്‍ സ്വപ്നംകൊണ്ടു തീര്‍ത്ത ഒരു ദിവസമെങ്കിലും ഞങ്ങള്‍ക്കു സമ്മാനിച്ചതിന്, മാനുഷരെല്ലാവരും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സംഗീതം കേട്ടിരുന്ന ഒരു കാലത്തിന്റെ കഥ പറഞ്ഞുതന്നതിന് പഴങ്കഥയിലെ അനശ്വരനായ രാജാവേ, ഇതാ മലയാളമണ്ണിന്റെ നന്ദി. ഇങ്ങനെയൊരു തിരുവോണപ്രസാദംകൂടി ഇല്ലായിരുന്നുവെങ്കില്‍ മലയാളിയുടെ ജീവിതം സമകാലസാഹചര്യങ്ങളില്‍ എന്തുമാത്രം ഇരുണ്ടുപോയേനേ!

പക്ഷേ, ഇപ്പോഴത്തെ കേരളത്തിലേക്കുള്ള അങ്ങയുടെ വാര്‍ഷിക സന്ദര്‍ശനവേളയില്‍ മലയാളിക്കുള്ള ആശങ്ക കുറച്ചൊന്നുമല്ല. സങ്കടങ്ങളും അസ്വസ്ഥതകളുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത പഴങ്കഥയിലെ ആ കേരളമല്ല മഹാബലിയെ കാത്തിരിക്കുന്നത്. നൂറുനൂറു പ്രശ്നങ്ങള്‍ക്കിടയില്‍പ്പെട്ടു
കര്‍ഷകന്‍ ഉലയുന്ന കേരളമാണ്; വിലക്കയറ്റവും പൂഴ്ത്തിവയ്പും മായംചേര്‍ക്കലും അങ്ങാടിവാഴുന്ന കേരളമാണ്.

തൂശനിലയില്‍ ഇന്ന് അങ്ങേയ്ക്കായി വിളമ്പുന്ന ചോറിലും അവിയലിലും പായസത്തിലുമൊക്കെ വിലക്കയറ്റത്തില്‍ കീശ കീറിപ്പോയ മലയാളിയുടെ കണ്ണീരുപ്പും കലര്‍ന്നിരിക്കും. വിലയില്ലാത്തതായി ഈ നാട്ടില്‍ ഇപ്പോഴൊന്നുമില്ല; മനുഷ്യജീവനൊഴിച്ച്. ആ ജീവനാവട്ടെ, ഏതോ ഗുണ്ടയുടെ കത്തിമുനയിലും. വീട്ടിലും റോഡിലും പകലിലും രാത്രിയിലും ആ കൊലക്കത്തി ഉയര്‍ന്നേക്കാം. അതുകൊണ്ടുതന്നെ ഇന്നത്തെ വരവില്‍ അങ്ങു സ്വയം കാക്കേണ്ടിയിരിക്കുന്നു. എല്ലാ കാലങ്ങളിലും മഹാബലി ഉണ്ടാവേണ്ടതു മലയാളത്തിന്റെ ആവശ്യംതന്നെയാണല്ലോ. കാരണം, ഏത് ഇരുട്ടിലും തെളിയുന്ന പ്രത്യാശയുടെ വെളിച്ചമാണ് അങ്ങ്. മലയാളിയുടെ അവസാനത്തെ സുന്ദരസ്വപ്നം.

ഇന്നത്തെ ഭവനസന്ദര്‍ശന യാത്രകളില്‍ കഴിയുമെങ്കില്‍ വഴിയരികുകളിലേക്കു നോക്കാതിരിക്കുക. മാലിന്യത്തിന്റെ കൂമ്പാരങ്ങളാവും അവിടെ കാഴ്ചയെ കാത്തിരിക്കുന്നത്. പുഴകളിലേക്കു നിവൃത്തിയുണ്ടെങ്കില്‍ ഇറങ്ങരുത്. കുറെപ്പേര്‍ ക്രൂരമായ സന്തോഷത്തോടെ തള്ളിവിടുന്ന മാലിന്യമാണു പുഴയില്‍ ഒഴുകുന്നത്.

അതുകൊണ്ടൊക്കെയാവണം സകല രോഗങ്ങളും മലിനകേരളത്തില്‍ ശാഖകള്‍ തുറന്നുകഴിഞ്ഞു. ഒടുവിലിതാ, എച്ച്1എന്‍1 വൈറസും ഞങ്ങള്‍ക്കു ഹസ്തദാനം തന്നിരിക്കുകയാണ്. ഒാലക്കുടയ്ക്കൊപ്പം ഈ യാത്രയില്‍ ഒരു 'മാസ്ക് കൂടി അങ്ങു ധരിച്ചാല്‍ പന്നിപ്പനി വന്നുതൊടാതെ സൂക്ഷിക്കാം. വഴിനീളെ അങ്ങേയ്ക്കു കാണാം, നാലുകാലില്‍ ഇഴയുന്ന കേരളത്തെ. ഉത്രാടത്തലേന്ന് ഇവിടെ ബവ്റിജസ് കോര്‍പറേഷന്‍വഴി മാത്രം വിറ്റതു 34 കോടി രൂപയുടെ മദ്യമല്ലേ! ഇനി, നിരത്തിലൂടെ വാഹനസവാരിയും അങ്ങയുടെ വാര്‍ഷികോദ്ദേശ്യത്തിലുണ്ടെങ്കില്‍, കുഴികളില്‍ വീണു നടുവൊടിയാതിരിക്കാനും ശ്രദ്ധിക്കുക. റോഡിന്റെ മാത്രമല്ല, സമസ്തമേഖലകളിലും ഉണ്ടാവേണ്ട വികസനവും ഞങ്ങള്‍ക്ക് ഇന്നൊരു നഷ്ടസ്വപ്നമാവുകയാണ്. വികസനം കൊണ്ടുവരേണ്ടവര്‍തന്നെ വഴിമുടക്കുമ്പോള്‍ കേരളം താഴേക്കുള്ള പടവുകള്‍ സങ്കടത്തോടെ ഇറങ്ങിത്തുടങ്ങുന്നു.

ഇന്നത്തെ യാത്രയില്‍ വെളുക്കെച്ചിരിച്ച് അങ്ങേയ്ക്കൊപ്പം കൂടുന്ന ചിലരെയെങ്കിലും സൂക്ഷിക്കുക. അവരുടെ ചിരിയില്‍ ഒളിപ്പിച്ചുവച്ച തിന്മയുടെ ദംഷ്ട്രങ്ങളുണ്ടാവുമെന്നു തീര്‍ച്ച. കുറച്ചുകാലത്തിനുള്ളില്‍ത്തന്നെ അങ്ങയുടെ പ്രിയനാട് തട്ടിപ്പുകാരുടെ വിഹാരഭൂമിയായി മാറിക്കഴിഞ്ഞു. വീട്ടുമോഷണത്തില്‍ തുടങ്ങി രാജ്യാന്തര നിലവാരത്തിലുള്ള സൈബര്‍ തട്ടിപ്പിനുവരെ എളുപ്പത്തില്‍ ഇരയാവുകയാണു കേരളം. മറ്റൊരാളെ വിശ്വസിക്കാതിരിക്കാന്‍ കാരണങ്ങള്‍ വര്‍ധിക്കുന്നത് ഒരു സമൂഹത്തിന്റെ മുഴുവന്‍ ദുരന്തമാണ്.

എള്ളോളമില്ലാത്ത പൊളിവചനത്തിന്റെ കാലത്തുനിന്നു കേരളം കൈവരിച്ച 'വളര്‍ച്ച അങ്ങു കണ്ടുതന്നെ അറിയേണ്ടതാണ്. ഈ നാട്ടിലെ പെണ്‍കുട്ടികള്‍ വൈകിട്ടു വീട്ടില്‍ തിരിച്ചെത്തുന്നത് ആരുടെയൊക്കെയോ സുകൃതംകൊണ്ടാവണം. കഴുകന്‍കണ്ണുകളില്‍നിന്നും നീളന്‍നഖമുനകളില്‍നിന്നും സ്വയം രക്ഷിക്കാന്‍ മലയാളിപ്പെണ്‍കുട്ടികള്‍ ഇപ്പോള്‍ പരിശീലിച്ചുതുടങ്ങി. വല്ലാത്തൊരു കാലമാണിതെന്ന് അവര്‍ക്കുമറിയാം.

ആസുരമായ കാലം എന്ന വിശേഷണം അങ്ങയോടു പറയാനാവില്ലെങ്കിലും പ്രിയപ്പെട്ട മഹാബലീ, ഇങ്ങനെയൊക്കെയുള്ള ഒരു കാലത്തിലേക്കാണ് അങ്ങയുടെ ഇന്നത്തെ വാര്‍ഷികസന്ദര്‍ശനം. എങ്കിലും, പലതരത്തിലുള്ള അരക്ഷിതാവസ്ഥകള്‍ക്കിടയില്‍ സമര്‍പ്പണത്തിന്റെയും നിസ്വാര്‍ഥതയുടെയും ആത്മബലിയുടെയും മഹാസന്ദേശം ഞങ്ങളെ ഒാര്‍മിപ്പിക്കാന്‍ കഥയിലെ ഒരു സ്നേഹരാജാവെങ്കിലും ബാക്കിയുണ്ടായല്ലോ. പൊന്നോണം സമ്മാനിക്കുന്ന നന്മയുടെ സ്മൃതിമുദ്രകളെല്ലാം മനസ്സില്‍ സൂക്ഷിച്ച് ഈ വസന്തോല്‍സവം ആഘോഷിക്കാം. പ്രിയപ്പെട്ട വായനക്കാര്‍ക്കു 'മലയാള മനോരമയുടെ പുഷ്പാഭമായ തിരുവോണാശംസകള്‍.

പത്താം ക്ലാസ് പരീക്ഷ ഇനി വേണ്ട

-പത്രത്തില്‍ നിന്ന്

പത്താം ക്ലാസ് പരീക്ഷ ഇനി വേണ്ട

cbseപത്താം ക്ലാസ് പരീക്ഷ ഇനി നിര്‍ബന്ധമായി എഴുതേണ്ടതില്ല. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഗ്രേഡിങ്ങ് സമ്പ്രദായത്തിലൂടെ ആയിരിക്കും ഇനി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം പരിശോധിക്കുക. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബാല്‍ അറിയിച്ചതാണ് ഈ കാര്യം.

വര്‍ഷാവസാനത്തിലെ പരീക്ഷ കുട്ടികളില്‍ ഉളവാക്കുന്ന മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും ഏറെ നാളായി ഇന്ത്യയില്‍ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്കും രക്ഷിതാക്കള്‍ക്കിടയിലും ചര്‍ച്ച നടന്നു വരികയായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും മറ്റും ഉള്ള സംഭവങ്ങള്‍ ഇത്തരം ഒരു നീക്കത്തിലൂടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇന്ത്യ ഒട്ടാകെ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയമാണിതെന്ന് മന്ത്രി അറിയിച്ചു. സി. ബി. എസ്. ഇ. സ്ക്കൂളുകളിലാണ് തല്‍ക്കാലം ഗ്രേഡിങ്ങ് സമ്പ്രദായം നടപ്പിലാക്കുക. A+, A, B, C, D, E എന്നീ ഗ്രേഡുകളാവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.

പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ പത്താം ക്ലാസില്‍ നിന്നും പതിനൊന്നാം ക്ലാസിലേക്ക് പ്രവേശിക്കാം. എന്നാല്‍ പത്താം ക്ലാസ് വരെ മാത്രമുള്ള സ്ക്കൂളുകള്‍ക്ക് പരീക്ഷ നടത്താം എന്നും മന്ത്രി വിശദീകരിച്ചു.

കേന്ദ്രനയം ഭക്ഷ്യസുരക്ഷ അപകടത്തിലാക്കും

കേന്ദ്രനയം ഭക്ഷ്യസുരക്ഷ അപകടത്തിലാക്കും

ദേശാഭിമാനി ലേഖനം

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനെന്ന പേരില്‍ ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു നിയമ നിര്‍മാണത്തിനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയരുകയാണ്. 26ന് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജനകീയ കവന്‍ഷന്‍ ഒരു തുടക്കം മാത്രമാണ്. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി സംസ്ഥാന തലസ്ഥാനങ്ങളില്‍ കവന്‍ഷന്‍ ചേരാനും നവംബറില്‍ റാലികള്‍ നടത്താനും ദേശീയ കവന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ എതിര്‍പ്പ് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി കൊണ്ടുവരുന്ന നിയമത്തോടല്ല മറിച്ച് അതിലെ ഉള്ളടക്കത്തോടാണ്.

സാമ്പത്തികരംഗത്തെ രക്ഷിക്കാനെന്ന പേരില്‍ ഉദാരവല്‍ക്കരണ നടപടി കൈക്കൊണ്ടപ്പോള്‍ ആ മേഖല പ്രതിസന്ധിയിലായി. വൈദ്യുതിമേഖലയെ രക്ഷിക്കാനെന്ന പേരില്‍ ആ രംഗത്ത് പരിഷ്കാരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ വൈദ്യുതിയുടെ വില ഉയര്‍ന്നെന്നു മാത്രമല്ല ആ രംഗം താറുമാറാകുകയും ചെയ്തു. ഭക്ഷ്യസുരക്ഷയ്ക്കെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമനിര്‍മാണമാകട്ടെ നിലവിലുള്ള പരിമിതമായ ഭക്ഷ്യസുരക്ഷയെപോലും ഇല്ലാതാക്കുന്നതുമാണ്. എല്ലാ പൌരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതല്ല കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന നിയമമെന്നതാണ് അതിന്റെ പ്രധാന ന്യൂനത. ഐക്യരാഷ്ട്ര സംഘടനയുടെ ഉപഘടകമായ ഭക്ഷ്യകാര്‍ഷിക സംഘടന(എഫ്എഒ) നല്‍കുന്ന നിര്‍വചനമനുസരിച്ച് ഒരു വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ആരോഗ്യപൂര്‍ണവും സജീവവുമായ ജീവിതം നിലനിര്‍ത്താന്‍ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ പ്രദാനം ചെയ്യുകയെന്നതാണ് ഭക്ഷ്യ സുരക്ഷകൊണ്ട് ലക്ഷ്യമാക്കുന്നത്.

എന്നാല്‍, ഈ ലക്ഷ്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന നിയമനിര്‍മാണമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. എല്ലാ പൌരന്മാര്‍ക്കും ഭക്ഷ്യധാന്യം നല്‍കുകയെന്നത് നിയമനിര്‍മാണം ലക്ഷ്യമാക്കുന്നില്ല. ദരിദ്രര്‍ക്കു മാത്രമായി പൊതുവിതരണസമ്പ്രദായത്തിന്റെ ഗുണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1996-97 വര്‍ഷത്തിലാണ് ടാര്‍ജറ്റഡ് റേഷന്‍ സമ്പ്രദായം നരസിംഹറാവു സര്‍ക്കാര്‍ ആരംഭിച്ചത്. അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് തന്നെയായിരുന്നു എപിഎല്‍-ബിപിഎല്‍ വിഭജനത്തിലൂടെ പാവപ്പെട്ടവരെ റേഷന്‍ സമ്പ്രദായത്തില്‍നിന്ന് പുറത്തു നിര്‍ത്തിയത്.

നിലവില്‍ 6.52 കോടി കുടുംബങ്ങള്‍ക്ക് മാത്രമാണ് ബിപിഎല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. അത് 5.91 കോടിയാക്കി കുറയ്ക്കണമെന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുള്ളത്. പാവപ്പെട്ടവരെ റേഷന്‍ സമ്പ്രദായത്തില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലവാക്കുന്ന തുകയുണ്ടെങ്കില്‍ത്തന്നെ ലക്ഷക്കണക്കിന് പേര്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിയുമെന്നത് മറ്റൊരു വസ്തുത. നിലവിലുള്ള ബിപിഎല്‍ കാര്‍ഡിന്റെ പരിധിയില്‍ രാജ്യത്തെ 52 ശതമാനം കര്‍ഷകത്തൊഴിലാളി കുടുംബങ്ങളും 60 ശതമാനം വരുന്ന പട്ടികജാതി-പട്ടിക വര്‍ഗ കുടുംബങ്ങളും ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 77 ശതമാനം കുടുംബങ്ങളും പെടുന്നില്ലെന്നത് തുച്ഛമായ ദരിദ്ര കുടുംബങ്ങള്‍ക്കു മാത്രമാണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അതിലും കുറവുവരുത്തണമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം കേവലം 5-6 ശതമാനത്തിന് മാത്രമാണ് ഭക്ഷ്യസുരക്ഷയുടെ ഗുണം ലഭിക്കുകയെന്നതാണ്.

ദാരിദ്യ്രരേഖയ്ക്ക് മുകളിലുള്ള(എപിഎല്‍) വിഭാഗത്തിനെ പൂര്‍ണമായും റേഷന്‍ സമ്പ്രദായത്തില്‍നിന്ന് ഒഴിവാക്കി ഭക്ഷ്യസുരക്ഷ നേടാമെന്നത് വെറും വിഡ്ഢിത്തമാണ്. ബിപിഎല്ലുകാരെ തെരഞ്ഞെടുക്കുന്നതിന് ആസൂത്രണ കമീഷന്‍ സ്വീകരിച്ചുവരുന്ന വരുമാനപരിധിയും മാറ്റിയെഴുതേണ്ടതാണ്. പ്രത്യേകിച്ചും രൂക്ഷമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍. നിലവില്‍ ഗ്രാമീണമേഖലയില്‍ ദിവസവരുമാനം 11.80 പൈസയും നഗരത്തില്‍ 17.80 പൈസയും ലഭിക്കുന്നവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് ലഭിക്കില്ല. അതായത് ദരിദ്ര ജനവിഭാഗങ്ങളിലെ മഹാഭൂരിപക്ഷത്തെയും സബ്സിഡിയോടെയുള്ള ഭക്ഷ്യവിതരണത്തില്‍നിന്ന് ഒഴിവാക്കുകയാണ്. അര്‍ജുന്‍ സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ 77 ശതമാനം ജനങ്ങളും ദിവസത്തില്‍ 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണ്. ഇവരെ റേഷന്‍ പരിധിയില്‍നിന്ന് ഒഴിവാക്കി എങ്ങനെ ഭക്ഷ്യസുരക്ഷ നേടാനാകും? ഈ മാനദണ്ഡങ്ങള്‍ ഉയര്‍ത്തണമെന്ന് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

എന്നാല്‍, ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കുന്ന മറ്റൊരു നിര്‍ദേശവും പുതിയ നിയമനിര്‍മാണത്തിലുണ്ട്. ബിപിഎല്‍ പട്ടികയിലുള്ള 6.52 ശതമാനം കുടുംബങ്ങളില്‍ 2.5 കോടി കുടുംബങ്ങളെ അതീവ ദരിദ്രരെന്ന് പറഞ്ഞ് അവര്‍ക്ക് അന്ത്യോദയ അന്നയോജന പദ്ധതിയിന്‍കീഴില്‍ രണ്ടു രൂപയ്ക്ക് 35 കിലോ വീതം അരിയും ഗോതമ്പും നല്‍കിയിരുന്നു. എന്നാല്‍,പുതിയ നിയമം വരുന്നതോടെ ഈ വിഭാഗം ജനങ്ങള്‍ക്ക് ഈ ആനുകൂല്യം ഇല്ലാതാകും. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്നു രൂപയ്ക്ക് 25 കിലോ അരിയോ ഗോതമ്പോ മാത്രമാണ് ലഭ്യമാക്കുക. അതായത് ഒരു കിലോവിന് ഒരു രൂപ അധികം നല്‍കണമെന്നു മാത്രമല്ല ഭക്ഷ്യധാന്യത്തില്‍ മാസത്തില്‍ 10 കിലോ കുറയ്ക്കുകയുംചെയ്യും. കേരളം, പശ്ചിമബംഗാള്‍, ഒറീസ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ത്തന്നെ രണ്ടു രൂപയ്ക്ക് അരി നല്‍കുന്നുമുണ്ട്. അതിനേക്കാളും വിലയുള്ള കേന്ദ്രപദ്ധതി നടപ്പാക്കുന്നതിലുള്ള സാംഗത്യം ഈ സംസ്ഥാനങ്ങള്‍ ചോദ്യം ചെയ്യുന്നത് സ്വാഭാവികം.

ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കുന്നതിനു പകരം വിലകൂടിയതും കുറഞ്ഞ അളവിലും ഭക്ഷ്യധാന്യം നല്‍കുമെന്നു പറയുന്ന പദ്ധതി എങ്ങനെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താന്‍ സഹായിക്കും? ബിപിഎല്‍ കുടംബങ്ങളുടെ എണ്ണം കുറയ്ക്കുക മാത്രമല്ല കാര്‍ഡുകളുടെ എണ്ണം കുറച്ച് ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ കൂടുതല്‍ പേര്‍ വീതിച്ചെടുക്കണമെന്ന നിര്‍ദേശവും കോഗ്രസ് നേതൃത്വം മുന്നോട്ടു വയ്ക്കുന്നുണ്ട്. കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെയാണ് അപകടകരമായ ഈ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. ന്യൂക്ളിയര്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നതിനു പകരം കൂട്ടുകുടംബങ്ങള്‍ക്ക് കാര്‍ഡ് നല്‍കണമെന്നാണ് സോണിയ ഗാന്ധി നിര്‍ദേശിച്ചിട്ടുള്ളത്. അതായത് ഒരു കാര്‍ഡില്‍ ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണം കൂടുതല്‍ പേര്‍ വീതിക്കേണ്ടിവരും എന്നര്‍ഥം. യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

പുതിയ പദ്ധതി വഴി 4000 കോടി രൂപ സബ്സിഡി കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ അതിന് ഭീമമായ പണം ആവശ്യമാണെന്നും ആ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമാണ് വാദം. രാജ്യത്തെ എല്ലാ അര്‍ഹരായ ദരിദ്രര്‍ക്കും രണ്ടു രൂപയ്ക്ക് 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ ഒമ്പത് കോടി ട ഭക്ഷ്യധാന്യമാണ് വേണ്ടിവരികയെന്ന് പ്രസിദ്ധ സാമ്പത്തിക ശാത്രജ്ഞയായ ജയതിഘോഷ് കണക്കാക്കുന്നു.

ഈ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനുള്‍പ്പെടെ പ്രതീക്ഷിക്കുന്ന ചെലവ് 1,20,000 കോടി രൂപയാണ്. നിലവില്‍ ഭക്ഷ്യ സബ്സിഡിക്കായി കേന്ദ്രസര്‍ക്കാര്‍ 52,000 കോടി രൂപ ചെലവാക്കുന്നുണ്ട്. അതിന്റെകൂടെ 70,000 കോടി രൂപ കൂടി ചെലവാക്കിയാല്‍ ലക്ഷ്യം കാണാമെന്നര്‍ഥം. ഇത് അത്ര വലിയ തുകയൊന്നുമല്ല. കാരണം കഴിഞ്ഞ ബജറ്റില്‍ വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം കോടിയുടെ ഇളവാണ് നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് റിലയന്‍സ് കമ്പനിക്കുമാത്രം സര്‍ക്കാര്‍ നല്‍കിയ ഇളവ് 45,000 കോടി രൂപയുടേതാണ്. ഒരു കമ്പനിക്കുവേണ്ടി 45,000 കോടി രൂപ ചെലവാക്കാമെങ്കില്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി 70,000 കോടി ചെലവാക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ജയതിഘോഷ് ചോദിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷ്യ സുരക്ഷാനിയമം പൊളിച്ചെഴുതേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭം അനിവാര്യമാകും.

ആസിയന്‍ കരാര്‍ അറബിക്കടലില്‍

ആസിയന്‍ കരാര്‍ അറബിക്കടലില്‍

കെ ജെ ആന്റണി

2001 നവംബര്‍ 14ന് ദോഹയില്‍ നടന്ന ആസിയന്‍ വ്യാപാര സമിതിയുടെ സമ്മേളനത്തില്‍ മത്സ്യവും മത്സ്യ ഉല്‍പ്പന്നങ്ങളും കാര്‍ഷികവിളയില്‍നിന്ന് കാര്‍ഷികേതര ഉല്‍പ്പന്നങ്ങളുടെ പട്ടികയിലേക്കു മാറ്റിയത് ഉല്‍ക്കണ്ഠാജനകമായിരുന്നു. മത്സ്യമേഖലയെ കാര്‍ഷിക മേഖലയുടെ ഒരു സുപ്രധാന വിഭാഗമായി കൈകാര്യം ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് അത്തരം പുനഃക്രമീകരണം ദോഷകരമാണ്. ഇപ്പോള്‍ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറില്‍ സമ്മര്‍ദങ്ങളുടെ ഫലമായി 2009 ആഗസ്തില്‍ പുറത്തിറങ്ങിയ നെഗറ്റീവ് ലിസ്റ്റില്‍ ചില മത്സ്യ ഇനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ അയിലയും സ്പാര്‍ട്ടും (ഒരിനം ചാള-നമുക്കിവിടെ സുഭിക്ഷമായി ലഭിക്കുന്നതല്ല; നമ്മുടെ ചാള നെഗറ്റീവ് ലിസ്റ്റിലില്ല) പെടും.

കേരളത്തില്‍ ധാരാളമായി ലഭിക്കുന്ന മത്സ്യഇനങ്ങള്‍ ലിസ്റില്‍പെട്ടിട്ടില്ല. ആസിയന്‍ കരാര്‍ കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്കു പ്രഹരം ഏല്‍പ്പിക്കുന്നതുപോലെതന്നെ മത്സ്യമേഖലയിലും വന്‍ പ്രതിസന്ധി സൃഷ്ടിക്കും. ഇറക്കുമതിമൂലം മത്സ്യങ്ങള്‍ക്കും മത്സ്യ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലയിടിവ് സംഭവിക്കും. ഇന്ത്യയില്‍ ആഭ്യന്തര വിപണി തകരും. ആസിയന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മത്സ്യബന്ധനച്ചെലവ് ഇന്ത്യയില്‍ കൂടുതലാണ്. പ്രത്യേകിച്ച് കേരളത്തില്‍. മത്സ്യ ഉല്‍പ്പാദനം ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ 6.5 ലക്ഷം ട ആണെങ്കില്‍ ആസിയന്‍ രാജ്യങ്ങളില്‍ 15 ലക്ഷം ടണ്ണാണ്.

നമ്മുടെ കടല്‍സമ്പത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വിയറ്റ്നാം, തായ്ലന്‍ഡ്, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ കാളാഞ്ചി, പൂമീന്‍ തുടങ്ങിയ മത്സ്യകൃഷിയിലും ചെമ്മീന്‍കൃഷിയിലും നമ്മളേക്കാളും വളരെ മുന്നിലാണ്. നമ്മുടെ ചെമ്മീന്‍കൃഷിക്കുള്ള നിബന്ധനകള്‍ ഏറെയാണ്. ഒരു കരാറിലും ഏര്‍പ്പെടാതെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചെമ്മീനും മത്സ്യവും കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. 2008-09ല്‍ കയറ്റുമതി ചെയ്ത മത്സ്യയിനങ്ങളില്‍ 43.97 ശതമാനം ചെമ്മീനാണ.് ഈ ഇനത്തില്‍ 8607.94 കോടി വിദേശനാണ്യം നമുക്ക് ലഭിച്ചു. യൂറോപ്പില്‍ ഉള്‍പ്പെടെ നമ്മുടെ ചെമ്മീനിനും നെയ്മീനും കൂന്തലിനുമാണ് പ്രിയം. ലോകത്ത് ഏറ്റവും രുചിയുള്ള മത്സ്യം ഉണ്ടാകുന്നതും കേരളത്തോടടുത്ത കടലിലാണ്. 590 കി. മീറ്ററോളം കടലും 44 നദികളും 34 കായലുകളും വിവിധ ജലസ്രോതസ്സുകളുംകൊണ്ട് മത്സ്യസമ്പന്നമായ നാടാണ് നമ്മുടേത്.

ഒന്നര ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിലും ഏഴുലക്ഷംപേര്‍ പരോക്ഷമായും ഈ മേഖലയില്‍ തൊഴിലെടുക്കുന്നു. പ്രതിവര്‍ഷം ഇന്ത്യയില്‍ ശരാശരി ഒരു മനുഷ്യന്‍ മത്സ്യം ഭക്ഷിക്കുന്നത് ഒന്‍പത് കിലോയാണ്. കേരളത്തില്‍ അത് 29 കിലോയാണ്. മത്സ്യ ഉപയോഗത്തില്‍ തൊട്ടുപിന്നില്‍ ഒരാള്‍ 28 കിലോ മത്സ്യം ഉപയോഗിക്കുന്നത് ചൈനയിലാണ്. എന്നാല്‍,ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യ ഉല്‍പ്പാദനമുള്ള ഒന്നാംകിട രാജ്യമാണ് ചൈന. ആസിയന്‍ രാജ്യങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും എണ്ണം ഇന്ത്യയുമായി താരതമ്യംചെയ്യുമ്പോള്‍ വളരെ കുറവാണ്.

ഈ രാജ്യങ്ങളിലെ ജനസംഖ്യയും വളരെ കുറവാണ്. ഈ സാഹചര്യങ്ങളില്‍ ഇന്ത്യയിലെ 60 കോടി മത്സ്യഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ കരാര്‍. ആസിയന്‍ രാജ്യങ്ങളിലെ മത്സ്യ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പറ്റിയ വലിയ ഒരു വിപണിയായി ഇന്ത്യ മാറും. പ്രാദേശിക വിപണിയില്‍ വിലയില്‍ കുറവ് വരുത്തി (ബഹുരാഷ്ട്രകുത്തകകളുടെ അടവുകളില്‍ ഒന്ന്) ഇറക്കുമതി മത്സ്യങ്ങള്‍ വില്‍ക്കുന്നതുമൂലം പ്രാദേശിക മത്സ്യങ്ങളുടെ വിലയില്‍ വന്‍ ഇടിവുനേരിടും. ഇത് മത്സ്യം പിടിക്കുന്നവരെ മാത്രമല്ല മത്സ്യം വില്‍ക്കുന്നവരെയും അവരുടെ കുടുംബത്തിനെയും ബാധിക്കും. ആസിയന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ഉല്‍പ്പാദനവും ലാഭവും ലക്ഷ്യമാക്കി പാരിസ്ഥിതികപ്രശ്നങ്ങളെ അവഗണിച്ച് ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യത്തിന്റെയും ചെമ്മീന്റെയും ഗുണനിലവാരം തീരെ കുറവാണെന്നത് വസ്തുതയാണ്.

ഗുണനിലവാരം പരിശോധിക്കാന്‍ ആവശ്യമായ സംവിധാനം ഇപ്പോള്‍ ഇന്ത്യക്കില്ല. ഗുണനിലവാരമില്ലാത്ത മത്സ്യത്തിന്റെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെയും ഡമ്പിങ് സ്റേഷനായി ഇന്ത്യ മാറും. ഇപ്പോള്‍തന്നെ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഇന്ത്യയില്‍ ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും. ഇറക്കുമതി മത്സ്യ-ഉല്‍പ്പന്നങ്ങള്‍ നമ്മുടെ ചെമ്മീനിലും നെയ്മീനിലും കൂന്തലിലും കൂട്ടിക്കലര്‍ത്തി കയറ്റുമതിചെയ്താല്‍ വര്‍ഷങ്ങളായി രുചികരമായ മത്സ്യം കയറ്റുമതിചെയ്യുന്ന നമ്മുടെ വിശ്വാസ്യതയെ സാരമായി ബാധിക്കും; ആഭ്യന്തരവിപണിയെ ബാധിക്കും. ഇടത്തരം കയറ്റുമതിക്കാര്‍ കഷ്ടത്തിലാകും. 1990ന് ശേഷം കേന്ദ്രഗവമെന്റ് നടപ്പാക്കുന്ന ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ സാമ്പത്തികനയംമൂലം ഇന്ത്യയിലെയും കേരളത്തിലെയും തൊഴിലാളികളും കര്‍ഷകരും പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളും വന്‍ ജീവിതപ്രയാസങ്ങളിലും പ്രതിസന്ധിയിലുമാണ്.

ഇന്ത്യാഗവമെന്റ് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിദേശ മീന്‍പിടിത്തക്കപ്പലുകള്‍ക്ക് നല്‍കിയ ലൈസന്‍സുകളുടെ ഭാഗമായി (3-6-2008 വരെയുള്ള കണക്കനുസരിച്ച്) 72 വെസലുകള്‍ക്ക് ഘഛജ (ഘലലൃേേ ീള ജലൃാശശീിൈ) നല്‍കിയതിന്റെ ഫലമായി കേരളത്തിന്റെ തീരക്കടല്‍ സമ്പത്ത് അരിച്ചുപെറുക്കി ചൂഷണംചെയ്യുന്നു. അതിനുപുറമെയാണ് കൂനിന്മേല്‍ കുരു എന്ന കണക്കെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ജീവിതം തകര്‍ത്തെറിയുന്ന ആസിയന്‍ കരാര്‍. ആസിയന്‍ കരാര്‍ റദ്ദാക്കുന്നതിനും അറബിക്കടലിലേക്ക് വലിച്ചെറിയാനും കര്‍ഷക ജനവിഭാഗത്തോടൊപ്പം മുഴുവന്‍ മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും ഒന്നിച്ച് അണിനിരക്കണം. കക്ഷിഭേദമെന്യേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് യൂണിയനുകളും ട്രേഡ്യൂണിയനുകളും സാമുദായിക സാംസ്കാരിക സംഘടനകളും ചെറുകിട കയറ്റുമതിക്കാരും ഒന്നിച്ചുനിന്ന് പോരാടണം.

(മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ജോ. സെക്രട്ടറിയും മത്സ്യഫെഡ് ഡയറക്ടറുമാണ് ലേഖകന്‍)

(ദേശാഭിമാനിയിൽ നിന്ന്‌)

ഡിഗ്രിതല പഠനനിലവാരവും സെമസ്ററൈസേഷനും

ഡിഗ്രിതല പഠനനിലവാരവും സെമസ്ററൈസേഷനും

പി സി രാമന്‍കുട്ടി

കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വളരെ താഴ്ന്നതാണെന്ന കാര്യത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. നമ്മുടെ വിദ്യാര്‍ഥികള്‍ വിവിധ മത്സരപരീക്ഷകളില്‍ പരാജയപ്പെടുന്നതില്‍ മാതാപിതാക്കള്‍ ആകുലരാണ്. ഈസ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ഗുമസ്തരെ സൃഷ്ടിക്കാന്‍ മെക്കാളെ പ്രഭു വിളമ്പിയ സര്‍വാണി വിദ്യാസദ്യ മുറയ്ക്കുണ്ടുവളര്‍ന്ന തലമുറയ്ക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് സമൂലപരിവര്‍ത്തനം വരുത്തുന്നതില്‍ ഇന്നും വ്യക്തമായ കാഴ്ചപ്പാടില്ല. യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷന്റെ നിര്‍ദേശപ്രകാരം ഡിഗ്രിതല പഠന പ്രവര്‍ത്തനങ്ങള്‍ ചോയിസ് ബെയിസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ സമ്പ്രദായത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ അലകുംപിടിയും അറിയാത്തവരാണ്.

പഴയ സമ്പ്രദായമനുസരിച്ച് മൂന്നുകൊല്ലംകൊണ്ട് വിദ്യാര്‍ഥികള്‍പഠിക്കുന്ന വിഷയങ്ങളെ ഒമ്പത് മണിക്കൂറുള്ള ഓര്‍മ പരീക്ഷകൊണ്ട് അളക്കുന്ന അശാസ്ത്രീയരീതിയില്‍നിന്ന് സെമസ്റര്‍ രീതി തികച്ചും ഭിന്നമാണ്. ഓരോ സെമസ്ററും ആറുമാസ കാലാവധിക്കുള്ളില്‍ നിശ്ചിത കോഴ്സുകളുടെ ക്ളാസ്റൂം പഠനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. നിരന്തര മൂല്യനിര്‍ണയാടിസ്ഥാനത്തിലുള്ളതും സര്‍ഗാത്മകവും ഗവേഷണാത്മകവുമാണ് പുതിയ ഡിഗ്രി പ്രോഗ്രാം. 2007ല്‍ കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൌസില്‍ ആരംഭിച്ച ഡിഗ്രിതല പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ അക്കാദമിക് പണ്ഡിതരുടെയും വിവിധ പഠനവകുപ്പുകളുടെയും വിശദചര്‍ച്ചയ്ക്കും സെമിനാറുകള്‍ക്കും ശേഷമാണ് ഇത് നടപ്പില്‍വരുത്താന്‍ തീരുമാനിച്ചത്.

ഈ സമ്പ്രദായത്തില്‍ പ്രധാനമായും നാല് തലമാണുള്ളത്. സെമസ്ററിങ്, ചോയിസ് ബെയ്സ്ഡ് ക്രെഡിറ്റിങ്, ആന്തരിക-ബാഹ്യമൂല്യ നിര്‍ണയം, ഗ്രേഡിങ് എന്നിങ്ങനെ ചുരുക്കി പറയാം. ലോകത്ത് വിജ്ഞാനവിസ്ഫോടനം നടക്കുകയാണ്. ഈ സ്ഫോടന ലാവാപ്രവാഹത്തില്‍നിന്ന് നമ്മുടെ വിദ്യാര്‍ഥികള്‍ ഒഴിഞ്ഞുനില്‍ക്കണോ? ഇന്ത്യന്‍ യൂണിവേഴ്സിറ്റികളിലെ ബിരുദവിദ്യാഭ്യാസം ഇന്നും കൊളോണിയല്‍ പാരമ്പര്യത്തിന്റെ തടവറയ്ക്കുള്ളിലാണ്. ഇതിനെ മോചിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ബിരുദവിദ്യാഭ്യാസത്തില്‍ മാറ്റമുണ്ടായാലേ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരൂ. ഈ ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസകമീഷന്‍ ഡിഗ്രിതല കരിക്കുലവും സിലബസ് പരിഷ്കരണവും മറ്റും നടത്തുന്നത്. ഇതിന്റെ പ്രായോഗിക രൂപമാണ് ചോയിസ് ബെയിസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ പ്രോഗ്രാം.

പൊതുവിദ്യാഭ്യാസത്തിന്റെ നാല് നെടുംതൂണുകളെന്ന് യുനസ്കോ വിശേഷിപ്പിക്കുന്ന- പഠിക്കാന്‍ പഠിക്കുക, പ്രവര്‍ത്തിക്കാന്‍ പഠിക്കുക, സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ പഠിക്കുക, സ്വയം കണ്ടെത്താനും മെച്ചപ്പെടുത്താനും പഠിക്കുക എന്നീ ലക്ഷ്യങ്ങള്‍ ഡിഗ്രിതലത്തിലാണ് കൂടുതല്‍ സംഗതമാകുന്നത്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് യൂണിവേഴ്സിറ്റികള്‍ പ്രധാനമായും മൂന്നുതരം പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. ഒന്ന്: വിജ്ഞാനഉല്‍പ്പാദനം - വിജ്ഞാന സംരക്ഷണം - വിജ്ഞാന വിതരണം - ക്ളാസ് മുറിക്ക് അകത്തും പുറത്തും സംവാദാത്മകമായ പഠന പരീക്ഷണ നിരീക്ഷണങ്ങള്‍ സാധ്യമാകുന്ന രീതിയില്‍ ഇന്നത്തെ യാഥാസ്ഥിതിക വിദ്യാഭ്യാസത്തെ ഉടച്ചുമാറ്റാന്‍ കഴിയുന്ന വിദ്യാഭ്യാസരംഗത്തെ പുതുപരീക്ഷണമാണ് പുതിയ പഠനപദ്ധതി. വിദ്യാഭ്യാസഘടനയിലും ഉള്ളടക്കത്തിലും ബോധനരീതിയിലും മൂല്യനിര്‍ണയ സമ്പ്രദായത്തിലും ശാസ്ത്രീയരീതിയാണ് ഈ പുതുപാഠ്യക്രമം മുന്നോട്ടുവെയ്ക്കുന്നത്.

പാശ്ചാത്യസര്‍വകലാശാലകളെ അന്ധമായി അനുകരിക്കലല്ല മറിച്ച് ഇന്ത്യന്‍ സമ്പദ്ഘടനയെയും സാമൂഹ്യപുരോഗതിയെയും ലക്ഷ്യംവച്ച് യൂണിവേഴ്സിറ്റികള്‍ക്ക് അനുഗുണമായ രീതിയില്‍ ബോര്‍ഡ് ഓഫ് സ്റഡീസുകളുടെ സഹായത്തോടെ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്ന രീതിയാണ് നാമിവിടെ അനുകരണീയമാക്കേണ്ടത്. ക്രെഡിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ആഭ്യന്തര അന്തര്‍ദേശീയതലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാവിനിമയം സാധ്യമാകുകയും ചെയ്യും. മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യത്തിന്റെ പ്രായോഗികവല്‍ക്കരണം സാധ്യമാക്കുകയും ചെയ്യുന്നു. ക്രെഡിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തിനകത്തും പുറത്തും അന്തര്‍ദേശീയതലത്തിലും കോഴ്സുകള്‍ പരസ്പരം അംഗീകരിക്കപ്പെടുന്നതിനുള്ള സാധ്യത വര്‍ധിക്കുന്നു. ഘടനാപരമായ സമാനത ക്രെഡിറ്റ് ട്രാന്‍സ്ഫറിന് സൌകര്യമൊരുക്കിക്കൊടുക്കുമ്പോള്‍ അക്കാദമിക തലത്തിലുള്ള വൈവിധ്യം തങ്ങള്‍ക്ക് ഇഷ്ടമുള്ള കോഴ്സുകള്‍ തെരഞ്ഞെടുത്ത് പഠിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നു.

സ്കൂള്‍പരീക്ഷയില്‍ നടന്നിരുന്ന റാങ്ക് കിടമത്സരങ്ങളും മറ്റ് ഉപജാപങ്ങളും ഒഴിവാക്കാനായിരുന്നു മൂല്യനിര്‍ണയരീതി ഗ്രേഡിങ്ങിലേക്കു മാറ്റിയത്. എന്നാല്‍, ഡിഗ്രിതലത്തില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ സിസ്റത്തിലെ ഗ്രേഡിങ്ങില്‍ വളരെ വിപുലമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. പഠിതാവിന് സമയബന്ധിതമായി സെമസ്റര്‍ പരീക്ഷയ്ക്ക് തയ്യാറാകേണ്ടതുണ്ട്. ആന്തരികവും ബാഹ്യവുമായ പരീക്ഷകളുണ്ട്. പഠിതാവാര്‍ജിച്ച വിജ്ഞാനത്തിന്റെയും പ്രായോഗിക പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഡയറക്ട് ഗ്രേഡിങ് നടത്തുന്നത്. ഇത്തരത്തില്‍ ഓരോ കോഴ്സിനും (ുമുലൃ) സെമസ്ററിനും/പ്രോഗ്രാമിനും (ഉലഴൃലല) ഫലനിര്‍ണയം വിശദമായി നടത്തുന്നു. മൂല്യനിര്‍ണയത്തിന് രണ്ടു ഭാഗമുണ്ട്. തുടര്‍മൂല്യനിര്‍ണയവും സെമസ്റര്‍ അവസാന മൂല്യനിര്‍ണയവും. ഇത് യഥാക്രമം ഇന്റേണലിന് 25 ശതമാനവും, എക്സ്റേണലിന് 75 ശതമാനവുമാണ് മാര്‍ക്ക്. ഓരോ സെമസ്ററിലും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള കോഴ്സുകളുടെ (ുമുലൃ) വിശദപഠനവും പ്രയോഗവും സംവാദാത്മക ഇടപെടലും ക്ളാസ്മുറികളിലും ക്യാമ്പസിലും സാധ്യമാകുന്നു എന്നതാണ് ഈ രീതിയുടെ ശ്രേഷ്ഠത.

മാത്രമല്ല, വിദ്യാര്‍ഥിക്ക് പ്രധാന പ്രോഗ്രാമിനൊപ്പം ഇഷ്ടമുള്ളതും അഭിരുചിക്കിണങ്ങുന്നതുമായ മറ്റ് വിഷയങ്ങളും പഠിക്കുകയുമാകാം. അങ്ങനെ ഡിഗ്രിപഠനമേഖലയില്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും പുതിയ വെളിച്ചം കൊളുത്തിവയ്ക്കാന്‍ ഹയര്‍ എഡ്യൂക്കേഷന്‍ കൌസിലിന് കഴിഞ്ഞിരിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് നടത്താനുദ്ദേശിക്കുന്ന ഡിഗ്രിതല വിദ്യാഭ്യാസ പുനഃസംഘാടനത്തിന് പ്രധാനമായും നാല് തലമുണ്ട്. ഒന്ന് അതിന്റെ ഘടനയാണ്. രണ്ട്: ഉള്ളടക്കം, മൂന്ന്: ബോധനരീതി, നാല്: മൂല്യനിര്‍ണയ രീതി. ഇതില്‍ വിമര്‍ശകരും പ്രതിപക്ഷവും ചെറുപക്ഷം അധ്യാപകരും യൂണിവേഴ്സിറ്റി ജീവനക്കാരില്‍ ഒരുപക്ഷവും ഡിഗ്രിതല പുനഃസംഘാടനത്തോട് ക്രിയാത്മക നിലപാടല്ല സ്വീകരിക്കുന്നത്. എന്താണ് ഉന്നതവിദ്യാഭ്യാസരംഗത്ത് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് 2007 ഏപ്രില്‍മുതല്‍തന്നെ വെബ്സൈറ്റിലും വിവിധ മാധ്യമങ്ങള്‍ വഴിയും പൊതുജനസമ്പര്‍ക്കം നടത്തുകയുണ്ടായി.

പക്ഷേ, അന്നൊന്നും ഇതിന്റെ ഗുണാഗുണ പരിചിന്തനത്തില്‍ ഇടപെടാതിരുന്നവര്‍ ഇന്ന് ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. 2007ല്‍ ആരംഭിച്ച് 2009ല്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ ധൃതിപാടില്ലെന്നും വിശദ ചര്‍ച്ച വേണമെന്നും പ്രതിപക്ഷമുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഒരിക്കലും പൂര്‍ത്തിയാകാത്ത നമ്മുടെ പഞ്ചവത്സരപദ്ധതികള്‍പോലെ നീണ്ടുപോകണമോ നമ്മുടെ ഉന്നതവിദ്യാഭ്യാസ പുനഃസംഘാടനവും? ഹയര്‍സെക്കന്‍ഡറിതലത്തില്‍ പുനഃസംഘാടനവും ഗ്രേഡിങ്ങും നടപ്പില്‍ വരുത്തിയപ്പോഴും ഇക്കൂട്ടര്‍ ഇതുപോലെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും സമരപരിപാടികളുമായി രംഗത്തുവരികയും ചെയ്തു. പക്ഷേ ഒന്നുണ്ട്. പ്ളസ്ടു തലത്തില്‍ പുതിയ പഠന പരീക്ഷ സമ്പ്രദായങ്ങളിലൂടെ കടന്നുവന്നവരാണ് ഇന്ന് കോളേജ് ക്ളാസുകളില്‍ എത്തിയിരിക്കുന്നത്.

ഇവര്‍ക്ക് ദശകങ്ങള്‍ പിന്നിട്ട മെക്കാളെ മിനിട്സില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസരീതി മതിയാകില്ല. ക്രെഡിറ്റ് സെമസ്റര്‍ സിസ്റത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും മൂല്യനിര്‍ണയത്തിലുമാണ് പ്രധാനമായും വിമര്‍ശ ശരങ്ങള്‍ തൊടുത്തുവിടുന്നത്. ഘടന വളരെ ഇടുങ്ങിയതായിപ്പോയി. ആറുമാസംകൊണ്ട് ഇന്റേണല്‍, എക്സ്റേണല്‍ പരീക്ഷ, മൂല്യനിര്‍ണയം, സെമിനാര്‍, അസൈന്‍മെന്റ് എന്നീ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും സമയബന്ധിതമായ പ്രവര്‍ത്തനം കൃത്യമായി പാലിച്ചാലേ കാര്യങ്ങള്‍ ഒപ്പിച്ചെടുക്കാനാകൂ! ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ തമ്മിലും വിവിധ ഡിപ്പാര്‍ട്മെന്റുകള്‍ തമ്മിലും അധ്യാപകരും വിദ്യാര്‍ഥികള്‍ തമ്മിലുമുള്ള പാരസ്പര്യത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സമയമെവിടെ എന്ന് അവര്‍ ചോദിക്കുന്നു. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരായി ചിലര്‍ രംഗത്തുവന്നു. അവര്‍ പ്രധാനമായും ഉന്നയിച്ച വിമര്‍ശം നമ്മുടെ ഭാഷയും സംസ്കാരവും തള്ളിക്കളയുന്നു.

പുതിയ ഡിഗ്രിതല സെമസ്റര്‍ പഠനസമ്പ്രദായം എന്നായിരുന്നു. ഇതിനു മറുപടിയായി ഉന്നത വിദ്യാഭ്യാസകൌസിലിന്റെ വൈസ് ചെയര്‍മാനായ കെ എം പണിക്കര്‍ പറയുന്ന മറുപടി ശ്രദ്ധിക്കുക. "ഭാഷാപഠനം പുതിയ പാഠ്യക്രമത്തില്‍ രണ്ടു തലത്തിലാണ് നടത്തുക. കോമ കോഴ്സിന്റെയും സ്പെഷ്യലൈസേഷന്റെയും. ഇതുവരെയുള്ള ഭാഷാപഠനം അടിസ്ഥാനപരമായി സാഹിത്യപഠനമായിരുന്നു. പക്ഷേ, സാഹിത്യപഠനം മാത്രമല്ല ഭാഷാപഠനം. അതുകൊണ്ട് സാഹിത്യത്തില്‍മാത്രം ഒതുങ്ങിനിന്ന ഭാഷാപഠനത്തെ പുതിയ തലത്തിലേക്ക് കൊണ്ടുവരികയാണ് പ്രധാനപ്പെട്ട കാര്യം. വിദ്യാര്‍ഥികള്‍ക്ക് ഭാഷ ഉപയോഗിക്കാനുള്ള കഴിവുണ്ടാക്കുക, അതിനു മറ്റു പല മേഖലയുമായി ഭാഷാപഠനത്തെ ബന്ധപ്പെടുത്തണം. ലോകസംസ്കാരവുമായി ബന്ധപ്പെട്ടാന്‍ തര്‍ജമ സഹായിക്കും. കൂടാതെ ഭാഷ/സാഹിത്യം പഠിക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് ഓപ്പകോഴ്സിലൂടെ സാഹിത്യം പഠിക്കാനുള്ള സൌകര്യംകൂടി പുതിയ സംവിധാനത്തിലുണ്ട്. യഥാര്‍ഥത്തില്‍ ഭാഷ പഠിക്കാനുള്ള സ്പെയിസ് കൂടുകയാണ് ഈ പരിഷ്കരണത്തില്‍. കൂടാതെ കഴിഞ്ഞ ഒരു ദശകമായി കേരളത്തിലുള്ള പ്രവണത മലയാള സാഹിത്യവും ഭാഷയും പഠിക്കാതെ ന്യൂ ജനറേഷന്‍ ബിരുദം നേടാമെന്നായിരുന്നു. എന്നാല്‍, കൌസില്‍ ഇപ്പോള്‍ ചെയ്തിട്ടുള്ളത് മലയാളം പഠിക്കാതെ ഉന്നത വിദ്യാഭ്യാസം സാധ്യമല്ല എന്ന നില വരുത്തുകയാണ്. ചുരുക്കത്തില്‍ സംസ്കാരപഠനത്തിനുള്ള പ്രാധാന്യം കുറയ്ക്കുകയല്ല കൂട്ടുകയാണ് ചെയ്തതെന്ന് പണിക്കര്‍ വ്യക്തമാക്കുന്നു''.

മുമ്പ് ബിബിഎ പോലുള്ള കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മാതൃഭാഷ പഠിച്ചിരുന്നില്ല. ഹിസ്റ്ററി പഠിക്കുന്ന വിദ്യാര്‍ഥികള്‍ ബ്രിട്ടീഷ് ചരിത്രവും അമേരിക്കന്‍ചരിത്രവും പഠിക്കുകയും കേരളചരിത്രവും സംസ്കാരവും പഠിക്കാന്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ അറുതിവരുത്തി, ദേശീയ കാഴ്ചപ്പാടിന് അനുസൃതമായ പൊതുവിദ്യാഭ്യാസഫ്രെയിം കൊണ്ടുവരികയാണ് ഇതുവഴി ഉന്നതവിദ്യാഭ്യാസ കൌസില്‍ ചെയ്യുന്നത്. വിദ്യാര്‍ഥി കേന്ദ്രീകൃതമായ വ്യത്യസ്തതലത്തിലുള്ള പഠനാനുഭവം ഉള്‍ക്കൊള്ളുന്ന പുതിയ സമ്പ്രദായം വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന വിഷയത്തോടു കൂടുതല്‍ ആഭിമുഖ്യം ഉണ്ടാക്കാന്‍ സഹായിക്കുന്നു. യഥാര്‍ഥത്തില്‍ ജീവിതാന്ത്യംവരെ നീളുന്ന പഠനപ്രക്രിയക്കുവേണ്ട അടിസ്ഥാന പരിശീലനമാണ് ഡിഗ്രിതലത്തില്‍ നടത്തുന്നത്.

ഡിഗ്രിതല പഠനപരിഷ്കാരം നടപ്പില്‍ വരുത്തുമ്പോള്‍ കോളേജില്‍ അതിനു വേണ്ട ഭൌതിക സൌകര്യങ്ങളും ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളും ഉടന്‍ നികത്തണം. പരീക്ഷകള്‍ ഇരട്ടിക്കുകയാണ്. യൂണിവേഴ്സിറ്റി പരീക്ഷാവിഭാഗത്തിന് ജോലി ഭാരം വര്‍ധിക്കും. പുതിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായവും പഴയ സ്കീമിലുള്ള വിവിധ പരീക്ഷകളും നടത്തേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കം തുടങ്ങണം. (ലേഖകന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗവും പരീക്ഷാവിഭാഗം കവീനറുമാണ്)

(ദേശാഭിമാനിയിൽ നിന്ന്‌)

Tuesday, September 1, 2009

കരാര്‍ ആപത്തുതന്നെ

കരാര്‍ ആപത്തുതന്നെ

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

ഇന്ത്യ-ആസിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍ സംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നിരീക്ഷണങ്ങള്‍ തെറ്റിദ്ധാരണ ഉളവാക്കുന്നവയാണ്. അന്തിമകരാറിന്റെ വിശദമായ പരിശോധന അത്തരമൊരു നിഗമനത്തിലേക്കാണ് നമ്മെ എത്തിക്കുക. കയറ്റുമതി-ഇറക്കുമതിയിന്മേല്‍ ചുമത്തുന്ന തീരുവ, നിശ്ചിത കാലപരിധിക്കുള്ളില്‍ ക്രമാനുഗതമായി കുറവുചെയ്ത്, ഇന്ത്യയും പത്ത് ആസിയന്‍ രാജ്യമുള്‍പ്പെട്ട, തീരുവരഹിത സ്വതന്ത്രവ്യാപാരമേഖല സൃഷ്ടിക്കുകയാണ് കരാറിന്റെ ലക്ഷ്യം. തീരുവയേതും ഇല്ലാതെ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് നിര്‍ബാധം ഇറക്കുമതിചെയ്യുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍, കേരളത്തിലെ കൃഷിക്കാര്‍ക്ക് പ്രശ്നമൊന്നുമുണ്ടാക്കുകയില്ലെന്ന് സ്ഥാപിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

ഇറക്കുമതി ഉല്‍പ്പന്നങ്ങളെ അഞ്ചുവിഭാഗമായി തിരിച്ചിട്ടുണ്ട്. അതിലൊന്നാണ് നെഗറ്റീവ് ട്രാക്. കരാറില്‍ ഉപയോഗിച്ചിട്ടുള്ള വാക്ക് എക്സ്ക്ളൂഷന്‍ ലിസ്റ് എന്നാണ്. സംരക്ഷിത പട്ടികയില്‍പ്പെടുത്തിയാല്‍ പിന്നെ ഭയക്കേണ്ടതില്ലെന്ന തരത്തിലുള്ള പ്രചാരണമുണ്ട്. സംരക്ഷിത പട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ തീരുവനിരക്ക് ഉയര്‍ന്നതാണെന്നും പ്രസ്തുത നിരക്ക് കല്‍പ്പാന്തകാലം തുടരുമെന്നുമാണ് പ്രചാരണം. ഒന്നാമതായി, സംരക്ഷിത പട്ടികയില്‍പ്പെട്ട 489 ഉല്‍പ്പന്നങ്ങളില്‍ മിക്കതിന്റെയും ശരാശരി തീരുവ 30 ശതമാനമാണ്. 'കിറശമ ടരവലറൌഹല അലെമി' എന്ന പേരില്‍ പട്ടിക നല്‍കിയിട്ടുണ്ട്. 30 ശതമാനം തീര്‍ച്ചയായും ഉയര്‍ന്ന നിരക്കല്ലതന്നെ. ഇറക്കുമതി നിര്‍ബാധം തുടരുന്നതിന് അത് തടസ്സവുമല്ല. ഉല്‍പ്പന്നം ഉണ്ടാക്കുന്ന രാജ്യത്ത് ഉല്‍പ്പാദനച്ചെലവും വിലയും കുറവാണെങ്കില്‍, 30 ശതമാനം തീരുവ അവര്‍ക്ക് പ്രശ്നമല്ല.

ഉദാഹരണത്തിന് ഫിലിപ്പീന്‍സില്‍ ഒരു നാളികേരത്തിന് രണ്ടുരൂപയും കേരളത്തില്‍ മൂന്നുരൂപയുമാണ് വില എന്ന് കരുതുക. ഇറക്കുമതി തീരുവ ചേര്‍ത്താല്‍ ഫിലിപ്പീന്‍സ് നാളികേരത്തിന്റെ വില രണ്ടുരൂപ അറുപതു പൈസയേ വരൂ. അപ്പോഴും ഫിലിപ്പീന്‍സ് നാളികേരത്തിന് വിലക്കുറവാണെന്നര്‍ഥം. "ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ പ്രകടനം വിലയിരുത്തി, സംരക്ഷിത പട്ടിക വര്‍ഷംതോറും പുതുക്കാം'' എന്ന വ്യാഖ്യാനം സത്യസന്ധമല്ല. അന്തിമകരാറിലെ പ്രസക്തഭാഗം ഇതാണ്. 'ഋഃരഹൌശീിെ ഹശ വെമഹഹ യല ൌയഷലര മി മൃൃശ്മഹ മൃേശളള ൃല്ശലം ംശവേ ിലം ശ്ാുൃീശിഴ ാമൃസല മരരല'. ഓരോ വര്‍ഷവും വേണമെങ്കില്‍ പുനഃപരിശോധിക്കാമെന്നല്ല; പുനഃപരിശോധിക്കണം എന്നുതന്നെയാണ് നിബന്ധന. പുനഃപരിശോധനയുടെ അടിസ്ഥാനമോ? വിപണി പ്രവേശനം വര്‍ധിപ്പിക്കാനും.

അങ്ങനെ വര്‍ധിപ്പിക്കാനാണ് ആസിയന്‍ കരാര്‍, തീരുവ നിരക്ക് കുറയ്ക്കുന്നതില്‍ ഊന്നുന്നത് എന്നോര്‍ക്കണം. സംരക്ഷിത പട്ടികയില്‍പ്പെട്ട ഏതെങ്കിലും ഉല്‍പ്പന്നത്തിനോ ഉല്‍പ്പന്നങ്ങള്‍ക്കോ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട അളവില്‍ തുറക്കപ്പെടുന്നില്ലെങ്കില്‍ (ഇന്ത്യക്കാണല്ലോ സംരക്ഷിത പട്ടിക) തീരുവ കുറയ്ക്കാന്‍ ബാധ്യതപ്പെടും എന്നുതന്നെയാണ് അര്‍ഥം. തീരുവരഹിത ഇറക്കുമതി ഇന്ത്യയുടെ കാര്‍ഷികമേഖലയ്ക്ക് ഹാനികരമാകുമെന്ന് ഇന്ത്യ വാദിച്ചെന്നും ആസിയന്‍ രാജ്യങ്ങള്‍ ആദ്യം എതിര്‍ത്തെങ്കിലും അവസാനം അവര്‍ക്ക് വഴങ്ങേണ്ടിവന്നു എന്നുമുള്ള പ്രസ്താവവും വസ്തുനിഷ്ഠമല്ല. 1460 ഉല്‍പ്പന്നം സംരക്ഷിത പട്ടികയില്‍പ്പെടുത്തണമെന്നാണ് ഇന്ത്യ നിര്‍ദേശിച്ചത്. പിന്നീടത് 900 ആക്കി കുറയ്ക്കാന്‍ സമ്മതിച്ചു. തുടര്‍ന്ന് 560 ആയും ഒടുവില്‍ 489 ആയും കുറയ്ക്കാന്‍ സമ്മതിച്ചു. പകരം വ്യവസായ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ആസിയന്‍ രാജ്യങ്ങളും സമ്മതിച്ചു. അതിന്റെ ഗുണം ഇന്ത്യയിലെ കുത്തക വ്യവസായ സ്ഥാപനങ്ങള്‍ക്കാണ്. കൃഷിക്കാരുടെ ചെലവില്‍ വ്യവസായികള്‍ക്ക് വളരാന്‍ വേദിയൊരുക്കി എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. കേരളത്തിന്റെ പ്രധാന നാണ്യവിളയാണല്ലോ റബര്‍.

രാജ്യത്തെ മൊത്തം റബര്‍ ഉല്‍പ്പാദനത്തിന്റെ 92 ശതമാനം കേരളത്തിന്റെ സംഭാവനയാണ്. റബര്‍ എസ്റേറ്റുകള്‍ കുറച്ചേയുള്ളൂ. 95 ശതമാനം റബര്‍കൃഷിക്കാരും നാമമാത്ര-ചെറുകിട വിഭാഗത്തില്‍പ്പെടുന്നവരുമാണ്. റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി റബര്‍കൃഷിക്കാരുടെ ജീവിതത്തില്‍ ഇരുള്‍ പരത്തും. റബര്‍ സംരക്ഷിത പട്ടികയിലല്ല. റബറും റബറുല്‍പ്പന്നങ്ങളും അന്തിമകരാറിന്റെ വിശദമായ പട്ടികയില്‍ ക്രമനമ്പര്‍ 4500 മുതല്‍ 4673 വരെ 173 ഇനമായി ചേര്‍ത്തിട്ടുണ്ട്. അവയില്‍ 92 ഇനം നോര്‍മല്‍ ട്രാക്കിലും 68 ഇനം സെന്‍സിറ്റീവ് ട്രാക്കിലുമാണ്. നാല് റബര്‍ ഉല്‍പ്പന്നത്തെ സംരക്ഷിത പട്ടികയില്‍പ്പെടുത്തി എന്നു പറയുമ്പോഴും 169 ഇനത്തെ പെടുത്തിയിട്ടില്ല എന്നോര്‍ക്കണം. നോര്‍മല്‍ ട്രാക്കിലെ ഉല്‍പ്പന്നങ്ങളുടെ തീരുവ ചില ആസിയന്‍ രാജ്യങ്ങള്‍ 2013ലും മറ്റുള്ളവ 2016ലും പൂജ്യം നിരക്കില്‍ എത്തിക്കണം. സെന്‍സിറ്റീവ് ട്രാക്കിലേത് ചില രാജ്യങ്ങള്‍ 2016ലും മറ്റുള്ളവ 2019ലും അഞ്ചു ശതമാനമായും ചില ഉല്‍പ്പന്നങ്ങളുടേത് നാലു ശതമാനവുമാക്കണം.

ടയര്‍ നിര്‍മാതാക്കള്‍ക്കു മാത്രമേ റബര്‍ ഇറക്കുമതി ആഹ്ളാദം പകരുകയുള്ളൂ. ആരുടെ താല്‍പ്പര്യപ്രകാരമാണ് സംരക്ഷിക്കപ്പെടുന്നത്? ഇന്ത്യക്കു മാത്രമായി പ്രത്യേക ഉല്‍പ്പന്നങ്ങള്‍ (ടുലരശമഹ ജൃീറൌര) എന്നൊരു വിഭാഗമുണ്ട്. അസംസ്കൃത പാമോയില്‍, ശുദ്ധീകരിച്ച പാമോയില്‍, കാപ്പി, ചായ, കുരുമുളക് എന്നിവയാണ് പട്ടികയിലുള്ളത്. അവയുടെ തീരുവ ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവന്ന് നിശ്ചിത നിരക്കില്‍ എത്തിക്കണം. എന്തിനാണ് പ്രത്യേക ഉല്‍പ്പന്നങ്ങള്‍ എന്നൊരിനം? കൃത്യമായും അതുതന്നെയാണ് കേരളം ഉയര്‍ത്തേണ്ട പ്രധാന ചോദ്യങ്ങളിലൊന്ന്. പ്രസ്തുത ഉല്‍പ്പന്നങ്ങളെ സംരക്ഷിത പട്ടികയിലെങ്കിലും ഉള്‍പ്പെടുത്താന്‍ ആരാണ് തടസ്സം? വ്യവസായലോബിക്കുവേണ്ടിയുള്ള വിട്ടുവീഴ്ചയ്ക്കിടെ ലോകത്തെ പാമോയില്‍ ഉല്‍പ്പാദനത്തില്‍ 87 ശതമാനം ഉണ്ടാക്കുന്ന മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും കുരുമുളക് ഉല്‍പ്പാദനത്തില്‍ ഒന്നും മൂന്നും സ്ഥാനത്തുനില്‍ക്കുന്ന വിയറ്റ്നാമിന്റെയും ഇന്തോനേഷ്യയുടെയും താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. അതുപോലുള്ള രാജ്യങ്ങള്‍ക്കു വഴങ്ങിയും വ്യവസായലോബിക്ക് നേട്ടങ്ങള്‍ ഉറപ്പാക്കിയും കര്‍ഷകതാല്‍പ്പര്യങ്ങള്‍ ബലികൊടുത്തുവെന്നല്ലാതെ മറ്റെന്താണ് മനസ്സിലാക്കേണ്ടത്? "പത്തുവര്‍ഷംകൊണ്ട് നാല് ഉല്‍പ്പന്നത്തിന്റെ തീരുവ പകുതിയായി കുറയുന്നുവെന്നതാണ് കാതലായ മാറ്റം'' എന്നത് ശരിക്കും ധ്വനിപ്പിക്കുന്നത് "കാതലായ പ്രശ്നം'' എന്നാണ്.

എന്തിനാണ് കാതലായ മാറ്റം വരുത്തിയത്? ഉത്തരം ലഭിക്കേണ്ട ചോദ്യമാണിത്. കരാറിനെത്തുടര്‍ന്ന് ഇറക്കുന്ന സര്‍ക്കാര്‍ പത്രക്കുറിപ്പിലല്ല നാം വിശ്വസിക്കേണ്ടത്. കരാറില്‍ എന്തുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. "സംരക്ഷണങ്ങള്‍ക്കെല്ലാം ശേഷവും പ്രതിസന്ധിയുണ്ടായാല്‍ സുരക്ഷാ നടപടി സ്വീകരിക്കാന്‍ വകുപ്പുണ്ട്'' എന്നത് ഒരു മോഹചിന്ത മാത്രമാണ്. കരാറിലുടനീളം പരതിയിട്ടും അത്തരമൊരു വ്യവസ്ഥ കാണുന്നില്ല. ചൈനീസ് ഉല്‍പ്പന്നങ്ങളെ പ്രതിരോധിക്കാനാണ് കരാര്‍ എന്ന വാദം അതീവ വിചിത്രമത്രേ. ഇന്ത്യയുമായി പ്രത്യേക കരാറുണ്ടാക്കാതെതന്നെ ചൈനയ്ക്ക് ഇനി ഇന്ത്യയിലെത്താം, ആസിയന്‍ രാജ്യങ്ങള്‍വഴി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ആദ്യം ആസിയനിലേക്ക്, പിന്നെ ഇന്ത്യയിലേക്കും. ഗ്വോട്ടിമാല കുരുമുളക് ശ്രീലങ്കവഴി ഇന്ത്യയിലെത്തുന്നതുപോലെ. 35 ശതമാനം മൂല്യവര്‍ധന ആസിയനില്‍ ആകണമെന്നേയുള്ളൂ. അത് എളുപ്പമാണ്.

ഉദാഹരണമായി ചൈനയിലുണ്ടാക്കിയ മരുന്നിന്റെ ചേരുവകളും ഫോര്‍മുലയും ആസിയന്‍ രാജ്യത്ത് എത്തിക്കുക. അവരത് കൂട്ടിയോജിപ്പിച്ച്, പായ്ക്കറ്റിലാക്കി ലേബലൊട്ടിച്ച്, തീരുവകൂടാതെ ഇന്ത്യയില്‍ വില്‍ക്കും. ഏതായാലും കേരളം ഭയക്കേണ്ട. നമ്മുടെ റബറും ഏലവും കാപ്പിയുമൊന്നും ചൈനയില്‍ വിളയില്ല. അവയുമായി മത്സരിക്കേണ്ടതുമില്ല. അമേരിക്കയല്ല, ചൈനയാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി എന്നോര്‍മിക്കണം. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ചൈനയെ പ്രതിരോധിക്കാന്‍ ശ്രമിക്കല്‍. ഒരു ഊരാക്കുടുക്കിലാണ് ആസിയന്‍ കരാര്‍ കേരളത്തിലെ കൃഷിക്കാരെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഒരു വ്യാപാരകരാറും അന്തിമവാക്കല്ല. കുറയ്ക്കേണ്ട തീരുവനിരക്കും ഏതു വര്‍ഷത്തിനുമുമ്പ് കുറയ്ക്കണമെന്നും ആസിയന്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, കരാറിന് കാലാവധിയില്ല. മാത്രമല്ല, ഒരു പട്ടികയില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റം സാധ്യമാണുതാനും. ഹൈലി സെന്‍സിറ്റീവ് പട്ടികയില്‍നിന്നോ പ്രത്യേക ഉല്‍പ്പന്നപട്ടികയില്‍നിന്നോ, ഏതെങ്കിലും ഉല്‍പ്പന്നം സെന്‍സിറ്റീവ് ട്രാക്കിലേക്കോ നോര്‍മല്‍ ട്രാക്കിലേക്കോ മാറ്റാന്‍ വ്യവസ്ഥയുണ്ട്.

സെന്‍സിറ്റീവ് ട്രാക്കിലേത് നോര്‍മല്‍ ട്രാക്കിലേക്കു മാറ്റാനും വ്യവസ്ഥയുണ്ട്. പ്രസ്തുത വ്യവസ്ഥകളെ എന്തുകൊണ്ട് മറിച്ചും ഉപയോഗിച്ചുകൂടാ? അതായത്, നോര്‍മല്‍ ട്രാക്കില്‍നിന്നോ സെന്‍സിറ്റീവ് ട്രാക്കില്‍നിന്നോ സംരക്ഷിത പട്ടികയിലേക്കോ പ്രത്യേക ഉല്‍പ്പന്ന പട്ടികയിലേക്കോ മാറ്റണം. കരാര്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമെന്നുകണ്ടാല്‍ 12 മാസത്തെ നോട്ടീസ് നല്‍കി പിന്മാറാനും വ്യവസ്ഥയുണ്ട്.

(ദേശാഭിമാനിയിൽ നിന്ന്‌))
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്