വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 4, 2012

സാഹിത്യവും പ്രസ്ഥാനവും

സാഹിത്യവും പ്രസ്ഥാനവും

പ്രഭാവര്‍മ

ദേശാഭിമാനി ദിനപ്പത്രം, 04-Jan-2012

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷഘട്ടമാണിത്. ഈ ഘട്ടത്തില്‍ രണ്ടുചോദ്യങ്ങള്‍ പ്രസക്തമാണ്. സാഹിത്യത്തിന് ഈ പ്രസ്ഥാനം എന്ത് സംഭാവന നല്‍കി എന്നതാണ് ഒന്ന്. ഇന്ന് ഈ പ്രസ്ഥാനത്തിന് എന്ത് പ്രസക്തിയാണുള്ളത് എന്നതാണ് മറ്റൊന്ന്. ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം ഈ പ്രസ്ഥാനമാണ് ദൈവത്തെയും രാജാവിനെയും കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ് ഉത്തമസാഹിത്യം എന്ന സങ്കല്‍പ്പം തട്ടിയുടച്ചുകൊണ്ട് അതിനെ മനുഷ്യനെയും അവന്റെ പൊള്ളുന്ന ജീവിതത്തെയുംകുറിച്ചുള്ള പ്രതിപാദനങ്ങള്‍കൊണ്ട് പകരംവച്ചത് എന്നതാണ്. രണ്ടാമത്തേതിന്റെ ഉത്തരം ആധുനിക മുതലാളിത്തത്തിന്റെ കലയിലെ പ്രകടരൂപമായ പോസ്റ്റ്മോഡേണിസം സാഹിത്യത്തില്‍നിന്ന് മനുഷ്യനെയും അവന്റെ ജീവിത യാഥാര്‍ഥ്യങ്ങളെയും നിഷ്കാസനംചെയ്യുന്ന പുതുകാലത്ത് കലയുടെ ജനായത്തവല്‍ക്കരണ പ്രക്രിയയെ മുമ്പോട്ടുകൊണ്ടുപോവാന്‍ തക്കവിധം ഇടപെടാന്‍ ഇതൊന്നുമാത്രമേ ഉള്ളൂ എന്നതാണ്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ , മലയാളത്തില്‍ മൗലിക സാഹിത്യമുണ്ടായിത്തുടങ്ങിയത് പുരോഗമന സാഹിത്യപ്രസ്ഥാനവും അതിലൂടെ കടന്നുവന്ന എഴുത്തുകാരും ഉണ്ടായപ്പോഴാണ്. പുരാണകൃതികളുടെയും ഇതിഹാസകൃതികളുടെയും പുനരാഖ്യാനങ്ങളോ ഉപജീവനാഖ്യാനങ്ങളോ മാത്രമായിരുന്ന സാഹിത്യത്തില്‍ മൗലികതയുടെ സ്ഫുരണങ്ങളുണ്ടായത് ബഷീറും തകഴിയും പൊന്‍കുന്നം വര്‍ക്കിയും കേശവദേവും ഒക്കെ സ്വന്തം സര്‍ഗപ്രതിഭകൊണ്ട് ജീവിതത്തോട് ഏറ്റുമുട്ടിയപ്പോഴാണ്. അതുവരെ സാഹിത്യത്തിന് പുറത്തുനിര്‍ത്തപ്പെട്ടിരുന്ന ചാത്തനും ചിരുതയുമൊക്കെ സാഹിത്യത്തില്‍ കഥാപാത്രങ്ങളായി. അവരുടെ ജ്വലിക്കുന്ന ജീവിതങ്ങള്‍ സാഹിത്യത്തിന്റെ ഇതിവൃത്തങ്ങളായി. 'തോട്ടിയുടെ മകന്‍' പോലുള്ള കൃതികളുണ്ടായി. ആ മാറ്റമുണ്ടാക്കിയെടുത്ത പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു മുമ്പില്‍ ഇന്ന് ഉയര്‍ന്നുനില്‍ക്കുന്ന വെല്ലുവിളി പഴയതിനേക്കാള്‍ രൂക്ഷഭാവമുള്ളതാണ്. അന്ന് രാജാവാണെങ്കിലും മനുഷ്യന്‍ കഥാപാത്രമാവുന്ന സ്ഥിതിയുണ്ടായിരുന്നു. ഇന്നോ കലയില്‍ , സാഹിത്യത്തില്‍ മനുഷ്യനേ വേണ്ട എന്ന സന്ദേശം ശക്തമാവുന്നു. 'കുറ്റവും ശിക്ഷയും'പോലെ 'അന്നാകരിനീന'പോലെയുള്ള ജീവിതഗന്ധിയായ കൃതികള്‍ സിനിമകളായിരുന്ന ഹോളിവുഡില്‍നിന്ന് മനുഷ്യനെയും ജീവിതത്തെയും വകഞ്ഞുമാറ്റുന്ന 'ജുറാസിക് പാര്‍ക്കും' 'മമ്മി'യുംപോലുള്ള ചിത്രങ്ങള്‍ പുറത്തുവരുന്നു. മനുഷ്യനെ യന്ത്രരൂപികളെക്കൊണ്ടും രാക്ഷസരൂപികളെക്കൊണ്ടും ബഹിരാകാശരൂപികളെക്കൊണ്ടും പകരംവയ്ക്കുന്നു. ഭൂമിയെ എക്സ്ട്രാ ടെറസ്ട്രിയല്‍ തലങ്ങള്‍കൊണ്ടും ജീവിതത്തിന്റെ കറുപ്പും വെളുപ്പുമായ യാഥാര്‍ഥ്യങ്ങളെ വര്‍ണപ്പൊലിമയാര്‍ന്ന ഭ്രമകല്‍പ്പനകള്‍കൊണ്ടും പകരംവയ്ക്കുന്നു. ബൃഹദാഖ്യാനങ്ങളെ കാപ്സ്യൂള്‍ രചനകള്‍കൊണ്ടും സാരവത്തായ കാര്യങ്ങളെ നിസ്സാരതകൊണ്ടും ഗൗരവമേറിയ ചിന്തകളെ നയനാഭിരാമമായ വര്‍ണക്കാഴ്ചപ്പൊലിമകൊണ്ടും പകരംവയ്ക്കുന്നു.

മനുഷ്യനും ജീവിതവും കലയ്ക്ക് പുറത്തായ മറ്റൊരു ഘട്ടമില്ല. ഈ കാലത്ത് മനുഷ്യനെയും ജീവിതത്തെയും തിരികെപ്പിടിച്ച് കലയിലുറപ്പിച്ചു നിര്‍ത്തുക എന്നതാകുന്നു പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ദൗത്യം. . പുരോഗമന സാഹിത്യകാരന്മാര്‍ ജീവിതത്തിന്റെ കടല്‍ സാഹിത്യരചനയ്ക്കുള്ള മഷിപ്പാത്രമാക്കിയപ്പോള്‍ 'ഹൊ! രാഷ്ട്രീയം' എന്ന് അയിത്തഭാഷയില്‍ ആര്‍ത്തുവിളിച്ച ശുദ്ധകലാവാദികളുണ്ടായിരുന്നു. എന്നാലിന്ന് അവരുടെ പിന്മുറക്കാര്‍ സിദ്ധാന്തപരമായി ശുദ്ധകലാവാദം ഉയര്‍ത്തിപ്പിടിക്കുകയും സാഹിത്യത്തെ ഇടതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ നേതാക്കളെയും അപഹസിക്കുന്നതിനുള്ള ആയുധമാക്കുകയുംചെയ്യുന്നു. അപ്പോള്‍ , ഇടതുപക്ഷ രാഷ്ട്രീയം സാഹിത്യത്തില്‍വന്നാല്‍ അത് സര്‍ഗാത്മകതയ്ക്ക് എതിര്; ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയം സാഹിത്യത്തില്‍ വന്നാല്‍ അത് സര്‍ഗാത്മകതയ്ക്ക് ഉശിര് എന്നതാവുന്നു സമവാക്യം. ഇതിന്റെ പൊള്ളത്തരം തുറന്നുകാട്ടുക എന്നതും പുതിയ കാലഘട്ടത്തില്‍ പ്രസ്ഥാനത്തിന്റെ കടമയാവുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയം കൈകാര്യംചെയ്താല്‍ എഴുത്തുകാരന് ഹൃദയച്ചുരുക്കം വന്നുപോകുമെന്നു പറയാന്‍ ആധുനികകാലത്ത് കൂപമണ്ഡൂകങ്ങള്‍ക്ക് മാത്രമേ കഴിയൂ. ലോകവും കാലവും ആദരിക്കുന്ന പാബ്ലോ പിക്കാസോ ഫ്രഞ്ച് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. ഒരു മെയ്ദിനമാണ് വിഖ്യാതമായ 'ഗൂര്‍ണിക്ക' വരച്ചുതുടങ്ങാന്‍ അദ്ദേഹം തെരഞ്ഞെടുത്തതുപോലും. ലൂയി ആരഗണ്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു.

നൊബേല്‍ സമ്മാന ജേതാവ് സരമാഗോ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമാണ്. ജോണ്‍ സ്റ്റെയിന്‍ബെക്, യൂജീന്‍ ഒനീല്‍ എന്നിവര്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സൗന്ദര്യശാസ്ത്ര ചിന്തകരിലൊരാളായ ക്രിസ്റ്റഫര്‍ കോഡ്വെല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. വിഖ്യാത മ്യൂറലിസ്റ്റ് പെയിന്റര്‍ സിക്വറോസ് മെക്സിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടി സെക്രട്ടറിയായിരുന്നു. പ്രശസ്ത ചിത്രകാരിയായ ഫ്രീഡാ കാലോ മെക്സിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടിയില്‍ അംഗമായിരുന്നു. ലൂസുന്‍ ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. പാബ്ലോ നെരൂദ മുതല്‍ അന്റോണിയോ ഗ്രാംഷിവരെയുള്ളവരെക്കുറിച്ച് എടുത്തുപറയേണ്ടതില്ല. എഴുത്തുകാരനായിരുന്ന ഭീഷ്മസാഹ്നിയും ചലച്ചിത്രകാരനായിരുന്ന സഹോദരന്‍ ബല്‍രാജ് സാഹ്നിയും കമ്യൂണിസ്റ്റ്പാര്‍ടി അംഗങ്ങളായിരുന്നു. ഫെയ്സ് അഹമ്മദ് ഫെയ്സ് പാക് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായിരുന്നു. ഇവരൊക്കെ കമ്യൂണിസ്റ്റുകാരായിപ്പോയതുകൊണ്ട് ഹൃദയച്ചുരുക്കമുള്ളവരായോ? ലോകമാകെ മാര്‍ക്സിലേക്ക് തിരിയുന്ന പുതുകാലത്ത് ഹൃദയച്ചുരുക്കവാദത്തോളം അസംബന്ധമായി മറ്റൊന്നില്ല. ഈ പശ്ചാത്തലം പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് സവിശേഷമായ പ്രസക്തി നല്‍കുന്നു. . സാര്‍വദേശീയരംഗത്ത് പുരോഗമന സാഹിത്യപ്രസ്ഥാനം ഉദയംചെയ്തതുതന്നെ കൃത്യമായും ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ഫാസിസ്റ്റ്വിരുദ്ധ യുദ്ധത്തിന്റേതായിരുന്നു ആ പശ്ചാത്തലം. ഫാസിസ്റ്റ് വിരുദ്ധ മുന്നണിയും കൊളോണിയല്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധമുന്നണിയും എന്നത് 1935ല്‍ മോസ്കോവില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസ് അംഗീകരിച്ച പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാക്സിംഗോര്‍ക്കി പങ്കെടുത്ത പാരീസ് കോണ്‍ഫറന്‍സ് നടക്കുന്നത്. ആ കോണ്‍ഫറന്‍സിന്റെ മുഖ്യമുദ്രാവാക്യം ഫാസിസ്റ്റ് വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ 1936ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സെഷന്‍ ലഖ്നൗവില്‍ കൂടിയപ്പോള്‍ കമ്യൂണിസ്റ്റ് എഴുത്തുകാരുടെ ഒരു പ്രത്യേകസമ്മേളനം ചേര്‍ന്നത്. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ്പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ സജാത് സഹീറിനെപ്പോലുള്ളവരായിരുന്നു അത് വിളിച്ചുകൂട്ടിയവരില്‍ പ്രധാനികള്‍ . പിന്നീട് അദ്ദേഹം പാകിസ്ഥാനിലായി. കമ്യൂണിസ്റ്റുകാരാണ് നേതൃത്വപരമായ പങ്കു വഹിച്ചതെങ്കിലും ആ സമ്മേളനത്തില്‍ കമ്യൂണിസ്റ്റുകാരല്ലെങ്കിലും ദേശീയവാദികളായ പ്രഗത്ഭരായ എഴുത്തുകാരുണ്ടായിരുന്നു. പ്രേംചന്ദ് ആയിരുന്നു അധ്യക്ഷന്‍ . ടാഗോര്‍ , സരോജിനി നായിഡു തുടങ്ങിയവരുടെ ആശീര്‍വാദവും ആ സമ്മേളനത്തിനുണ്ടായി. അന്ന് രൂപീകരിച്ച പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിന്റെ സമ്മേളനം 1936ല്‍ മഹാരാഷ്ട്രയിലെ ഫൈസ്പുരില്‍ ചേര്‍ന്നപ്പോള്‍ സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തുകാര്യം എന്ന ചോദ്യം ശക്തമായി ഉയര്‍ന്നുവന്നു. അശോക്മേത്ത ഉന്നയിച്ച ആ ചോദ്യത്തിന് സാര്‍വദേശീയ സാഹചര്യവും അത് സാഹിത്യകാരന്റെ ചിന്തയിലുളവാക്കുന്ന മാറ്റങ്ങളും വിശദീകരിച്ചുകൊണ്ട് ശക്തമായ മറുപടി നല്‍കിയത് സരോജിനി നായിഡുവാണ്. . ഇതേത്തുടര്‍ന്നാണ് കേരളത്തിലും പുരോഗമനസാഹിത്യസംഘടനയുണ്ടാക്കാനുള്ള സമ്മേളനം വിളിച്ചുചേര്‍ത്തത്. 1937 ഏപ്രില്‍ 20ന് അങ്ങനെയാണ് ഇ എം എസിന്റെയും മറ്റും നേതൃത്വത്തില്‍ ജീവല്‍സാഹിത്യസംഘടന രൂപീകരിച്ചത്. ആ സംഘടന ഇന്ന് വിശാല പുരോഗമനസാഹിത്യപ്രസ്ഥാനമായി വളര്‍ന്നുനില്‍ക്കുന്നു. കാലം മാറിയതനുസരിച്ച് വീക്ഷണത്തിലും ഏറെ മാറ്റംവന്നു. അത് കൂടുതല്‍ പ്രകാശമാനവും വികസ്വരവുമായി. ഇത് പലരും ഇന്നു കാണാന്‍ കൂട്ടാക്കുന്നില്ല. എന്താണ് ആ മാറ്റം? ബോധപൂര്‍വമല്ലാതെയും വിപ്ലവ പുരോഗമനപ്രസ്ഥാനത്തെ സഹായിക്കുന്ന കൃതികള്‍ രചിക്കുന്ന ചിലരുണ്ട് എന്ന കാര്യവും കലാരചനയുടെ ഉള്ളടക്കം എന്നതുപോലെ രൂപവും പ്രധാനമാണ് എന്ന കാര്യവും ആദ്യം പ്രസ്ഥാനം കണ്ടിരുന്നില്ല. എന്നാല്‍ , വിപ്ലവ പുരോഗമനപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ സാഹിത്യം വലിയ പങ്കുവഹിക്കും. ആദ്യ നിലപാടിലെ അടിസ്ഥാനപരമായ ശരി നിലനിര്‍ത്തിക്കൊണ്ടുതന്നെ, കൃതികളുടെ കാര്യത്തില്‍ രൂപത്തിനുള്ള പ്രസക്തിയെന്ത് എന്നുകൂടി ഗണിക്കുന്ന നിലവന്നു. പ്രതിബദ്ധതയോടെ സാഹിത്യരംഗത്തു നിലയുറപ്പിച്ചിട്ടുള്ള സാഹിത്യകാരന്മാരില്‍നിന്ന് വ്യത്യസ്തരായി പ്രത്യേക ലക്ഷ്യമൊന്നും മുന്നില്‍ കണ്ടുകൊണ്ടല്ലെങ്കിലും സാഹിത്യസപര്യയില്‍ മുഴുകിക്കഴിയുന്ന മറ്റൊരു വിഭാഗം എഴുത്തുകാര്‍ ബോധപൂര്‍വമല്ലാതെതന്നെ പിന്തിരിപ്പന്‍ശക്തികളെ എതിര്‍ത്ത് പുരോഗമനശക്തികളെ സഹായിക്കുന്നുണ്ട് എന്നത് അംഗീകരിക്കുന്ന നില വന്നു. ഇവര്‍ വിലയിരുത്തപ്പെടാതെ പോകേണ്ടവരല്ല എന്ന മനോഭാവം വന്നു. ടോള്‍സ്റ്റോയിയുടെയും ഗോര്‍ക്കിയുടെയും ഉദാഹരണംകൊണ്ട് ഈ വേര്‍തിരിവ് കൂടുതല്‍ വ്യക്തമാക്കാം. ടോള്‍സ്റ്റോയി ശുദ്ധ കലാകാരനായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കല കലയ്ക്കുവേണ്ടിത്തന്നെയായിരുന്നു. എന്നാല്‍ , ആ ശുദ്ധകലാവാദിയുടെ കൃതിയെക്കുറിച്ചു പറയാന്‍ ലെനിന്‍ ഉപയോഗിച്ചത് 'വിപ്ലവത്തിന്റെ കണ്ണാടി' എന്ന വിശേഷണമായിരുന്നു. ഗോര്‍ക്കിയാകട്ടെ, വിപ്ലവപ്രസ്ഥാനത്തെ കരുത്തുറ്റതാക്കുക എന്ന പ്രഥമ ലക്ഷ്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ രചന നടത്തി. ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ കാലത്ത് പുരോഗമനസാഹിത്യപക്ഷത്തു നിന്നവര്‍ കൈക്കൊണ്ട നിലപാടിനെ മാനദണ്ഡമാക്കിയാല്‍ ടോള്‍സ്റ്റോയിയെ തള്ളിപ്പറയേണ്ടിവരും. അന്ന് രൂപഭദ്രതാവാദക്കാര്‍ അംഗീകരിച്ച നിലപാട് മാനദണ്ഡമാക്കിയാല്‍ ഗോര്‍ക്കിയെ തള്ളിപ്പറയേണ്ടിവരും. പക്ഷേ, ഇരുവരും തള്ളിപ്പറയപ്പെടേണ്ടവരല്ല, മറിച്ച് അംഗീകരിക്കപ്പെടേണ്ടവരാണ്. ഇരുവരെയും അംഗീകരിക്കുന്ന ഒരു അവസ്ഥ രൂപപ്പെടണമെങ്കില്‍ ഇരുവാദത്തിലെയും ദൗര്‍ബല്യങ്ങള്‍ ഇല്ലാതാവണം. ഇതു ചെയ്തുകൊണ്ട് പ്രതിജ്ഞാബദ്ധരും അല്ലാത്തവരുമായ സാഹിത്യകാരന്മാരെ ആസ്വദിക്കുക എന്നതാണ് അനുവാചകലോകത്തിന്റെ കടമ എന്ന വിശാലവീക്ഷണത്തിലേക്ക് ഈ കാലത്ത് പുരോഗമനസാഹിത്യപ്രസ്ഥാനം മാറി. രൂപഭദ്രതയുടെ പേരില്‍ ബദ്ധപ്രതിജ്ഞരായ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും രചനകളെ അവഗണിച്ചുകൂടാ. വിപ്ലവത്തോടുള്ള കൂറിന്റെ പേരില്‍ പ്രതിജ്ഞാബദ്ധരല്ലാത്ത കലാകാരന്മാരുടെ രചനകളെയും അവഗണിച്ചുകൂടാ. ഇത്രമേല്‍ സമതുലിതവും ബോധത്തെളിമയുമുള്ള നിലപാട് ഇന്ന് മറ്റേതു പ്രസ്ഥാനത്തിനുണ്ട്? . ജീവല്‍ പുരോഗമന സാഹിത്യഘട്ടങ്ങള്‍ ഉണ്ടാക്കിയ നേട്ടം മലയാളസാഹിത്യചരിത്രത്തിലാദ്യമായി അധ്വാനിക്കുന്ന ബഹുജനങ്ങള്‍ കലാസാഹിത്യകൃതികള്‍ ആസ്വദിക്കുന്നവര്‍മാത്രമല്ല, അവയുടെ രചയിതാക്കള്‍കൂടിയായി മാറി എന്നതാണ്. വരേണ്യ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരുന്ന സാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത് ചരിത്രപ്രധാനമായ കാര്യംതന്നെയാണ്. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ കാഴചപ്പാട് കൂടുതല്‍ പ്രകാശപൂര്‍ണവും വികസ്വരവുമായതിന്റെ പിന്നിലെ പല ഘടകങ്ങളിലൊന്ന് സാര്‍വദേശീയരംഗത്ത് ഇടക്കാലത്തുയര്‍ന്നുവന്ന 'പുത്തന്‍ ഇടതുപക്ഷം' പ്രസരിപ്പിച്ച ചിന്തകൂടിയാണ്. ന്യൂലെഫ്റ്റ് പ്രസ്ഥാനത്തെ സാമ്രാജ്യത്വാനുകൂല വ്യതിയാനമായാണ് ആദ്യം പലരും കണ്ടത്. എന്നാല്‍ , അത് അങ്ങനെ ആയിരുന്നില്ല. ടെറി ഈഗിള്‍ടണ്‍ , ഇ വി തോംപ്സണ്‍ തുടങ്ങിയവരടക്കമുള്ളവര്‍ ഈ ന്യൂലെഫ്റ്റ് ചിന്താധാരയെ നവീകരിച്ച് ശക്തിപ്പെടുത്തി. സാഹിത്യത്തിന് സ്ഥിതവ്യവസ്ഥയ്ക്കെതിരായ കലാപം എന്നതിനൊപ്പം ഏകാന്തമായ അനുഭൂതികളുടെ പ്രസരണം എന്ന ധര്‍മവും അനുഷ്ഠിക്കാനാവും എന്ന് അവര്‍ വ്യക്തമാക്കി. മനുഷ്യന് അന്യമല്ലാത്തതെല്ലാം കലയ്ക്കു സ്വീകാര്യമാണെന്ന് അവര്‍ തെളിയിച്ചു. പുത്തന്‍ ഇടതുപക്ഷം പകര്‍ന്ന വെളിച്ചം പുരോഗമനപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനെ നവീകരിക്കുന്നതില്‍ വഹിച്ച പങ്ക് പ്രധാനമാണ്. രൂപംമാത്രമേ നോക്കേണ്ടതുള്ളൂ എന്ന വാദത്തിലെയും ഭാവം ശരിയായാല്‍ എല്ലാം ശരിയായി എന്ന വാദത്തിലെയും ദൗര്‍ബല്യങ്ങള്‍ കുടഞ്ഞുകളഞ്ഞ് ആരോഗ്യകരവും സര്‍ഗാത്മകവുമായ ഒരു നവസമീപനത്തിലേക്ക് പുരോഗമനസാഹിത്യപ്രസ്ഥാനം ഉണര്‍ന്നു.

പുതിയ കാലത്തിന്റെ വെല്ലുവിളികളെ, പുതിയ ഭാഷയുടെയും സംവേദനത്തിന്റെയും വെല്ലുവിളികളെ നേരിടാന്‍ വേണ്ട ഊര്‍ജവും കരുത്തും ഉള്‍ക്കൊണ്ടുകൊണ്ട് പ്ലാറ്റിനം ജൂബിലി ഘട്ടത്തില്‍ പുരോഗമനസാഹിത്യപ്രസ്ഥാനം പ്രസക്തമായി ഉണര്‍ന്നുയര്‍ന്നു നില്‍ക്കുന്നത് ഈ സ്വയം നവീകരണ സന്നദ്ധതകൊണ്ടുകൂടിയാണ്. . സൈനിക സാമ്പത്തിക അധിനിവേശങ്ങള്‍ നമുക്ക് പ്രത്യക്ഷത്തില്‍ കാണാനാവും. എന്നാല്‍ , ആഗോളവല്‍ക്കരണത്തിലൂടെയുള്ള സാമ്രാജ്യത്വാധിനിവേശം ഇരുട്ടില്‍ പതിഞ്ഞ കാല്‍വയ്പുകളോടെയാണ് കടന്നുവരുന്നത്. സ്വന്തം ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിലുള്ള അഭിമാനം ഒരു ജനതയില്‍ നിന്ന് ചോര്‍ത്തിയെടുത്താല്‍ ഭൗതിക തലത്തില്‍ ആ ജനതയെ കീഴ്പ്പെടുത്താന്‍ സാമ്രാജ്യത്വത്തിന് എളുപ്പമാകും. അതുകൊണ്ടുതന്നെ സൂക്ഷ്മമായ ജാഗ്രത ആ രംഗത്തുണ്ടായേ പറ്റൂ. ആ നിലയ്ക്കുള്ള ഉണര്‍വ് സമൂഹമനസ്സിലുണ്ടാക്കുക എന്നതാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സമകാലിക കടമകളില്‍ പ്രധാനപ്പെട്ട ഒന്ന്.

ഇന്ത്യ എന്ന വികാരത്തെ ജാതിവര്‍ഗീയ വികാരങ്ങള്‍ ആളിപ്പടര്‍ത്തി ഛിദ്രീകരിക്കാനുള്ള വിധ്വംസകശക്തികളുടെ ശ്രമങ്ങള്‍ ശക്തമാവുന്ന കാലമാണിത്. അതേസമയം, ഒറ്റമനസ്സായിനിന്ന് അതിനെ നേരിട്ട് സമഭാവനയുടെയും സാഹോദര്യത്തിന്റെയും ചിന്ത മനസ്സിലുറപ്പിച്ചു മുന്നേറാനുള്ള ഐക്യബോധത്തിന്റെ ചെറുത്തുനില്‍പ്പ് ശക്തമാവുന്ന ഘട്ടവുമാണ്. ഈ ചെറുത്തുനില്‍പ്പിന് ആര്‍ജവം പകരാനുള്ള കരുത്തിന്റെ നിത്യസംഭരണിയാണ് ഇന്ത്യയിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം. അതിരുകളെ അതിലംഘിച്ചുകൊണ്ടുള്ള മൂലധനവ്യവസ്ഥ സ്വതന്ത്രരാഷ്ട്ര പദവികളെ (ിമശേീി െമേലേെ)ത്തന്നെ തട്ടിത്തെറിപ്പിച്ച് മുന്നേറുകയാണ്. അധിനിവേശഭാവുകത്വത്തിന്റെ കാര്‍പ്പെറ്റ് ബോംബിങ്ങില്‍ വികസ്വരരാഷ്ട്രങ്ങളുടെ സാംസ്കാരികസത്തകളും ഭാവുകത്വസമ്പ്രദായങ്ങളും ഞെരിഞ്ഞമരുകയാണ്. ഓരോ ജനതയും സ്വന്തം ചരിത്രസംസ്കാര സ്വത്വങ്ങളിലൂന്നി ഇതിനെതിരായ ധീരപോരാട്ടങ്ങള്‍ നടത്തുന്ന കാലംകൂടിയാണിത്. ഈ പോരാട്ടത്തില്‍ ജനതയുടെയാകെ സാംസ്കാരികബോധത്തെ കണ്ണിചേര്‍ക്കുക എന്ന ദൗത്യമാണ് ഇന്ത്യന്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് ഏറ്റെടുക്കാനുള്ളത്. അതിനുള്ള കര്‍മപദ്ധതികളാല്‍ ശ്രദ്ധേയമാവും 2012ല്‍ ഉടനീളം നടക്കാന്‍പോവുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ .


ഇന്ത്യന്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് 75

പി രാജീവ്

ദേശാഭിമാനി, 04-Jan-2012

'ഭാഷ വഴി മാത്രമാണ്. ലക്ഷ്യമല്ല. അത് ഒരു ഘട്ടമാണ്, യാത്രയുടെ അവസാനമല്ല. ഇതുവരെയുള്ള സാഹിത്യചര്‍ച്ചകള്‍ എല്ലാം ഭാഷയെക്കുറിച്ചായിരുന്നു. രൂപവും നിര്‍മാണവും ഉള്ളടക്കവും സംബന്ധിയായ ചര്‍ച്ചകള്‍ നിറഞ്ഞതായിരുന്നു എല്ലാ സാഹിത്യവിമര്‍ശനവും. അത് പ്രധാനംതന്നെ. എന്നാല്‍ നമ്മുടെ ഉല്‍ക്കണ്ഠകള്‍ അവിടെ തീരുന്നില്ല. കാര്യങ്ങളുടെ അര്‍ഥവും വ്യാപ്തിയും തിരിച്ചറിയേണ്ടതുണ്ട്. എന്തിനുവേണ്ടിയാണോ ഭാഷ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആ ലക്ഷ്യ പ്രാപ്തിക്കായുള്ള സഞ്ചാരവും പ്രധാനമാണ്. അതാണ് ഈ സമ്മേളനം ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു തുടക്കം കുറിച്ച സമ്മേളനം നടന്നത് 1936 ഏപ്രിലില്‍ ലക്നോവിലാണ്്. അത് ഉദ്ഘാടനം ചെയ്തത് മുന്‍ഷി പ്രേംചന്ദായിരുന്നു. ടാഗോര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രധാന സാഹിത്യകാരന്മാരുടെ പിന്തുണയും ആ സമ്മേളനത്തിനായിരുന്നു. ഇക്കാലത്ത് സാഹിത്യം ഏറ്റെടുക്കേണ്ടത് പുതിയ കടമകളാണെന്ന് പ്രേംചന്ദ് ഓര്‍മിപ്പിച്ചു.

സൗന്ദര്യത്തെക്കുറിച്ചുള്ള സാഹിത്യകാരന്റെ ആന്തരിക അവബോധംതന്നെയാണ് അവന്റെ ഉപകരണം. പ്രകൃതിയെയും സമൂഹത്തെയും നിരീക്ഷിച്ചുകൊണ്ടാണ് അവന്റെ ഈ അവബോധം ശക്തിയാര്‍ജിക്കുന്നത്. ഈ കരുത്ത് സാഹിത്യകാരന്റെ കൃതികള്‍ക്ക് പുതിയ രൂപം ലഭിക്കുമെന്നും മാനവികതയുടേയും നൈതികതയുടേയും സന്ദേശം പകരുന്ന ഒന്നായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതം അനുഭവിക്കുന്നവരുടേയും ചൂഷിതരുടേയും മര്‍ദിതരുടേയും ഒപ്പം നില്‍ക്കലാണ് പുരോഗമന സാഹിത്യകാരന്റെ കടമയെന്നും പ്രേം ചന്ദ് പ്രഖ്യാപിക്കുകയുണ്ടായി. മുപ്പതുകളിലെ മുതലാളിത്ത കുഴപ്പം ലോകത്തെയാകെ പിടിച്ചുലയ്ക്കുകയുണ്ടായി. അത് ദുരിതങ്ങളുടെ കാലമായിരുന്നു. ലോകം ഏതു വഴിക്കു തിരിയുമെന്ന ചോദ്യം ശക്തമായിരുന്നു. അത് മര്‍ദിതരുടെ പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. മുപ്പതുകള്‍ പുതിയ പ്രസ്ഥാനങ്ങളുടെ കാലംകൂടിയാണ്. മര്‍ദിതരുടെ മോചന സ്വപ്നങ്ങള്‍ മുറുകെ പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ . ചില പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളും ഈ സന്ദര്‍ഭത്തെ ഉപയോഗിക്കുകയുണ്ടായി. അവരും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ദുരിതവും ദാരിദ്ര്യവും ഒക്കെത്തന്നെയാണ്. എന്നാല്‍ , ലക്ഷ്യം ഫാസിസത്തിന്റേതായിരുന്നു. മുതലാളിത്ത പ്രതിസന്ധി സോഷ്യലിസത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കാമെന്ന നിരീക്ഷണം പ്രസക്തം. പ്രതിസന്ധി തുറന്നുതരുന്ന സാഹചര്യത്തെ എങ്ങനെയാണ് വിപ്ലവശക്തികള്‍ ഉപയോഗിക്കുന്നതെന്നതാണ് പ്രസക്തം. ഇന്ത്യയിലാണെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇരുപതുകള്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസിനകത്തെ ഇടതുപക്ഷ പ്രവര്‍ത്തനം പുതിയ സംഘടനകളുടെ രൂപീകരണത്തിലേക്ക് നയിച്ചിരുന്നു. വര്‍ഗങ്ങളെ അടിസ്ഥാനമാക്കിയും ബഹുജനങ്ങളെ അണിനിരത്തിയും അതാതു മേഖലകളില്‍ തനത് പ്രസ്ഥാനങ്ങളെന്ന കാഴ്ചപ്പാടും വികസിച്ചിരുന്നു. ഇക്കാലയവളിലാണ് കര്‍ഷക പ്രസ്ഥാനങ്ങളും ട്രേഡ് യുണിയനുകളും വിദ്യാര്‍ഥി സംഘടനകളുമെല്ലാം രൂപം കൊള്ളുന്നത്. ഒരു വശത്ത് മുതലാളിത്ത പ്രതിസന്ധി സൃഷ്ടിച്ച ദുരിതങ്ങള്‍ക്കെതിരായ പൊതുവികാരവും മറുവശത്ത് സംഘടനകളുടെ ആവശ്യത്തെ സംബന്ധിച്ച പുതിയ കാഴ്ചപ്പാടും സമന്വയിച്ച ഈ ഘട്ടം പ്രധാനമാണ്.

ലക്നോവിലാണ് ആദ്യ സമ്മേളനം ചേര്‍ന്നതെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു. ലണ്ടനിലായിരുന്ന മുല്‍ക്ക്രാജ് ആനന്ദും ഉറുദു സാഹിത്യകാരന്‍ സജ്ജാദ് സാഹിറുമാണ് അതിന്റെ പ്രകടപത്രികയുടെ കരട് രൂപം തയ്യാറാക്കിയത്. വിശദമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയായിരുന്നു ലക്നോ സമ്മേളനം. വിപ്ലവകരമായ പ്രമേയമാണ് സമ്മേളനം അംഗീകരിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സാമൂഹ്യപരിവര്‍ത്തനത്തിനുമായി പുരോഗമനസാഹിത്യത്തെ മാറ്റിത്തീര്‍ക്കുക എന്ന ലക്ഷ്യം സമ്മേളനം പ്രഖ്യാപിച്ചു. പൂരോഗമന സാഹിത്യകാരന്മാരുടെ അവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്രചിന്തക്കും വേണ്ടി നിലകൊള്ളുമെന്നു പ്രഖ്യാപിച്ച സമ്മേളനം വിവിധ ഭാഷകളില്‍ രൂപം കൊള്ളുന്ന സംഘടനകളെ യോജിപ്പിക്കുന്ന ഒന്നായാണ് ദേശീയ സംഘടനയെ കണ്ടിരുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക സംഘടനയും സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കുകയെന്ന കാഴ്ചപ്പാടാണ് അന്ന് ശക്തമായിരുന്നത്. സ്വാതന്ത്ര്യസമ്പാദനത്തിനുശേഷമുള്ള രാഷ്ട്രീയ സാമൂഹ്യാന്തരീക്ഷം പുരോമന സാഹിത്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചക്ക് ഇന്ത്യയില്‍ പ്രതിബന്ധം സൃഷ്ടിച്ചെന്നത് യാഥാര്‍ഥ്യമാണ്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് എഴുപത്തിയഞ്ചു വയസ് തികയുന്ന കാലം പഴമകളിലേക്കുള്ള കേവല മടക്കത്തിന്റേതല്ല. ചരിത്രം നാം പഠിക്കുന്നത് ഇന്നിന്റെ കടമകള്‍ തിരിച്ചറിയുന്നതിനുകൂടിയാണ്. പുരോഗമന സാഹിത്യപ്രസ്ഥാന രൂപീകരണസമ്മേളനത്തില്‍ മുന്‍ഷി പ്രേംചന്ദും മറ്റുള്ളവരും സാഹിത്യത്തിനു വന്ന മാറ്റം വിശദീകരിക്കുന്നുണ്ട്. അത് കൂടുതല്‍ കൂടുതല്‍ യാഥാര്‍ഥ്യങ്ങളെ അവതരിപ്പിക്കുന്നു. സംഭവങ്ങളുടെ കേവലമായ അവതരണമല്ല, ഭാവനയുടെ വഴികളിലൂടെയുള്ള സഞ്ചാരവും പുതിയ കാലത്തെ നിരീക്ഷിച്ചുകൊണ്ടാണ്. കര്‍ഷകന്റെ കണ്ണുനീര്‍ അവനു കാണാതിരിക്കാനാവുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിന്റെ പീഡനകാലവും വിമോചനത്തിന്റെ സ്വപ്നവും അവന് അന്യമല്ല. അതെല്ലാം സാഹിത്യത്തിന്റെ പ്രമേയങ്ങളായി മാറി. ആഗോളവല്‍ക്കരണകാലത്ത് സാഹിത്യത്തിന്റെ മുന്‍ഗണനകളും മാറുന്നുണ്ട്. അവനവനിലേക്കുളള കേന്ദ്രീകരണത്തിന്റെ പുതിയ അവസ്ഥകള്‍ ചരിത്രത്തെയും സാഹിത്യത്തെയും വ്യക്തിമഹാത്മ്യങ്ങളിലേക്ക് ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നു. തനത് സംസ്കാരങ്ങളെയും സവിശേഷതകളെയും ചവിട്ടിമെതിച്ചോ സമര്‍ഥമായി ഉറക്കിക്കെടുത്തിയോ ആഗോള സംസ്കാരം കടന്നുവരുന്നു. ലോകത്തിന്റെ രുചികള്‍ മാത്രമല്ല അഭിരുചികളും ആഗോളവല്‍ക്കരിക്കപ്പെടുന്നു. കെന്റക്കിയും മര്‍ഡോക്കും രണ്ടു രീതിയില്‍ ഈ ദൗത്യം നിര്‍വഹിക്കുന്നു. മുതലാളിത്തത്തിന്റെ പുതിയ പ്രതിസന്ധിഘട്ടവും രണ്ടു വഴികള്‍ തുറന്നിടുന്നുണ്ട്. ഈ സാധ്യതയെ തിരിച്ചറിയുക പ്രധാനമാണ്. വംശീയ, വര്‍ഗീയശക്തികള്‍ ഇടപെടുന്നത് പ്രധാനമായും സാംസ്കാരിക മേഖലയെ സമര്‍ഥമായി ഉപയോഗിച്ചുകൊണ്ടാണെന്നത് പഴയ പാഠമാണ്. വിശാലമായ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള വഴിയായി സ്വത്വ രാഷ്ട്രീയവും ഈ മണ്ഡലത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് പുരോഗമന സാംസ്കാരിക ഇടപെടലുകള്‍ക്ക് ഇക്കാലത്ത് ഗൗരവമായ സ്ഥാനമുണ്ട്. എഴുപത്തിയഞ്ചു വര്‍ഷത്തെ അനുഭവം നല്‍കുന്ന പാഠവും ഇന്നത്തെ സാംസ്കാരിക മണ്ഡലത്തിന്റെ സവിശേഷതകളും തിരിച്ചറിയുന്ന പുതിയ ഇടപ്പെടലുകള്‍ അത്യാവശ്യമാണ്.

Tuesday, January 3, 2012

യുവാക്കള്‍ കാണുന്ന കേരളസ്വപ്നം

യുവാക്കള്‍ കാണുന്ന കേരളസ്വപ്നം

മലയാ‍ള മനോരമ മുഖപ്രസംഗം, ജനുവരി 2 , 2012


''സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ ആദ്യം നിങ്ങള്‍ സ്വപ്നം കാണൂ എന്നാണു നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്ത്യയിലെ യുവാക്കള്‍ക്കു നല്‍കിയ ഉപദേശം. രാജ്യത്തിന്റെ നാനാഭാഗങ്ങളിലെ യാത്രകളില്‍ ചെറുപ്പക്കാരുമായി ഉള്ളുതുറന്നു സംവദിക്കുകയും അവരുടെ ചിന്തകളുടെ സര്‍ഗാത്മകതയില്‍ അദ്ഭുതം കൂറുകയും ചെയ്ത ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹം തന്റെ പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്.

ഇന്ത്യയുടെ ഭാവി നമ്മുടെ യുവതലമുറയുടെ കൈകളില്‍ സുരക്ഷിതവും സുശോഭനവുമായിരിക്കുമെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്. ഈ വിശ്വാസത്തിനു ബലം നല്‍കാന്‍ അദ്ദേഹം കൂടുതല്‍ കൂടുതല്‍ സ്വപ്നങ്ങള്‍ കാണാന്‍ അവരെ ആഹ്വാനം ചെയ്യുന്നു.

എന്താണ് കേരളത്തിലെ യുവാക്കളുടെ സപ്നങ്ങള്‍ ? അല്ലെങ്കില്‍ സ്വന്തം സംസ്ഥാനത്തെപ്പറ്റി അവര്‍ക്കു സ്വപ്നങ്ങളുണ്ടോ ? 2012ലെ കേരളം എങ്ങനെയാവണമെന്നു മലയാള മനോരമ ചോദിച്ചപ്പോള്‍ അവര്‍ മനസ്സുതുറന്നതു വൈവിധ്യമാര്‍ന്ന സ്വപ്നങ്ങളുടെ അനേകം മഴവില്ലുകള്‍ വിരിയിച്ചുകൊണ്ടാണ്. ആയിരക്കണക്കിനു പ്രതികരണങ്ങളാണുണ്ടായത്.

അവയില്‍നിന്നു തിരഞ്ഞെടുത്ത ഏറ്റവും ശ്രദ്ധേയമായ ചിലതാണ് ഇന്നലെ 'ഞായറാഴ്ചയില്‍ വായനക്കാരുടെ മുന്‍പില്‍ മനോരമ അവതരിപ്പിച്ചത്. ജനിച്ചുവളര്‍ന്ന നാടിന്റെ ഇന്നത്തെ അവസ്ഥയില്‍ യുവതലമുറ സംതൃപ്തരല്ലെന്നും ഭാവിയെ സംബന്ധിച്ച് അവര്‍ക്ക് ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ അവര്‍ നിരാശരല്ലെന്നും ഇവ ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതുമയേറിയ ഒട്ടേറെ നിര്‍ദേശങ്ങളും അവരുടെ പ്രതികരണങ്ങളിലുണ്ട്.

നമ്മുടെ ചെറുപ്പക്കാര്‍ക്കു പൊതുകാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും അവര്‍ സദാ കളിചിരിതമാശകളില്‍ മുഴുകിയും നിസ്സാരകാര്യങ്ങളില്‍ അഭിരമിച്ചും കഴിയുകയാണെന്നുമുള്ള പൊതുസങ്കല്‍പ്പത്തെ ഈ പ്രതികരണങ്ങള്‍ അടിമുടി നിരാകരിക്കുന്നു. പഴയ തലമുറ തക്കസമയത്ത് ഇടപെടാതിരുന്നതു കാരണം കേരളീയ സമൂഹഗാത്രത്തില്‍ പറ്റിപ്പിടിച്ചുപോയ ജീര്‍ണതകളിലേക്കു ടോര്‍ച്ചടിക്കുന്നവയാണു ചില പ്രതികരണങ്ങള്‍.

ഒരുവശത്തു തൊഴിലില്ലായ്മയാണെങ്കില്‍ മറുവശത്തു ജോലിക്കു പറ്റിയ ആളുകളെ കിട്ടുന്നില്ലെന്ന അവസ്ഥ; ഹര്‍ത്താലും പണിമുടക്കും; രോഗത്തിന്റെ വേദനകളെക്കാള്‍ ഭീകരമായ ചൂഷണം നടമാടുന്ന ചികില്‍സാരംഗം; കുടിവെള്ളക്ഷാമം; ആരോഗ്യത്തിനു ഭീഷണിയാകുന്ന പരിസര മലിനീകരണം; ട്രാഫിക് നിയമലംഘനങ്ങളും അതുമൂലമുണ്ടാകുന്ന റോഡപകടങ്ങളും; മദ്യാസക്തി; ആഡംബരഭ്രമം; വിവാഹത്തിലും വീടുനിര്‍മാണത്തിലും പ്രകടമാകുന്ന ധൂര്‍ത്ത്; വര്‍ധിച്ചുവരുന്ന സ്ത്രീപീഡനം - ഇവയൊന്നും തന്നെ നമ്മുടെ യുവാക്കളുടെ ശ്രദ്ധയ്ക്കും ചിന്തയ്ക്കും അതീതമാകുന്നില്ല.

തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ സഞ്ചരിക്കുമ്പോള്‍ കാണുന്ന ചെറുതും വലുതുമായ തരിശുഭൂമികളില്‍ അവരവരാല്‍ കഴിയുന്ന ചെറുകൃഷികളെങ്കിലും ചെയ്ത്, കേരളത്തിനു വെളിയില്‍നിന്നു വരുന്ന വിഷലിപ്തമായ ഭക്ഷണം, പഴം-പച്ചക്കറികള്‍ എന്നിവ ആവുന്നത്ര ഒഴിവാക്കേണ്ടതല്ലേ ? അങ്ങനെയുള്ള കൊച്ചുകേരളത്തിലെ ചന്ദനമരത്തില്‍ ചാരിനിന്നു നമുക്കാശ്വസിക്കാന്‍ കഴിഞ്ഞെങ്കില്‍ ? ഒരു പെണ്‍കുട്ടി ഇങ്ങനെ സ്വപ്നം കാണുന്നു.

ആന്ധ്രയില്‍ നിന്ന് അരി, തമിഴ്നാട്ടില്‍ നിന്നു പച്ചക്കറി, മഹാരാഷ്ട്രയില്‍ നിന്നു പഞ്ചസാര, കേരളത്തിനു സ്വന്തമായുള്ളതാവട്ടെ വെള്ളം, ആ വെള്ളത്തിനും നമ്മുടെ നാട്ടില്‍ അടിപിടി - മറ്റൊരു പെണ്‍കുട്ടി പരിതപിക്കുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും കുട്ടി വിശദീകരിക്കുന്നുണ്ട്.

സര്‍ക്കാര്‍ ഒരു രൂപയ്ക്ക് അരി നല്‍കിയാലും അതു വേവിച്ചുവയ്ക്കുമ്പോള്‍ ചവിട്ടിയെറിയുന്ന മദ്യപന്‍ വീട്ടിലുണ്ടെങ്കില്‍ അരികൊണ്ട് എന്തു പ്രയോജനം എന്നു വേറൊരു കുട്ടി ചോദിക്കുമ്പോള്‍ അതിലടങ്ങിയ വിമര്‍ശനം ചെന്നുകൊള്ളുന്നതു മദ്യവിപത്തിനെ ചെറുക്കുന്നതില്‍ മുന്‍തലമുറകള്‍ക്കുണ്ടായ പരാജയത്തിന്റെ മര്‍മത്തിലാണ്.

ഗതാഗതപ്രശ്നത്തിനുള്ള ഒരു പരിഹാര നിര്‍ദേശം ഇങ്ങനെ: ആറുലക്ഷം രൂപയിലധികം വിലവരുന്ന വാഹനങ്ങള്‍ക്കു 10% നികുതി ചുമത്തുക, ഈ തുക റോഡ് ഫണ്ടില്‍ നിക്ഷേപിക്കുക, മാസത്തില്‍ ഒരുദിവസം പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ദിനം ആക്കുക, ആദിവസം റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളില്‍ നിന്നു 100 രൂപ വീതം ഈടാക്കുക.

ഏതു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണം വലിയൊരളവുവരെ ആ സമൂഹത്തിലെ യുവതലമുറയുടെ സര്‍ഗാത്മക ചിന്തകളെ ആശ്രയിച്ചിരിക്കുന്നു. അതിനവര്‍ ഭാവിയെക്കുറിച്ചു ധാരാളം സ്വപ്നങ്ങള്‍ കാണേണ്ടിയിരിക്കുന്നു. സ്വപ്നങ്ങളാണ് ആശയങ്ങളായി മാറുന്നത്.

ആശയങ്ങള്‍ കര്‍മങ്ങള്‍ക്കു വഴിയൊരുക്കുന്നു. പ്രശ്നങ്ങള്‍ക്കും പരാധീനതകള്‍ക്കും പരിഹാരം കാണാന്‍ മാത്രമല്ല, ആധുനിക ശാസ്ത്രസാങ്കേതികവിദ്യകള്‍ നല്‍കുന്ന സൌകര്യങ്ങളുടെ സഹായത്തോടെ സമൂഹത്തിന്റെ, അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ ഭാവി ശോഭനമാക്കാനുമുള്ള പരിപാടികള്‍ക്കു തുടക്കം കുറിക്കാനും ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ക്കു കഴിയും. പുതുവര്‍ഷം തുടങ്ങുമ്പോള്‍, യുവത്വത്തിന്റെ ഈ കനവുകള്‍ക്കുകൂടി നമുക്കു കാതോര്‍ക്കാം.

മരണമില്ലാത്ത ജീവിതം (മാര്‍ക്സിസം സംബന്ധിച്ച് )

മരണമില്ലാത്ത ജീവിതം

കെ ഇ എന്‍

ദേശാഭിമാനി വാരിക 2012 ജനുവരി 8 ലക്കം

ഒരമ്പത് കൊല്ലംമുമ്പ്, ചിലരെങ്കിലും കാല്‍പ്പനികമായ അര്‍ഥത്തില്‍ 'ഗംഭീരം' എന്ന് മുദ്രകുത്തുന്ന പഴയ കേരളത്തില്‍ ഇന്നത്തെപോലെ സാമാന്യാര്‍ഥത്തില്‍ , 'മനുഷ്യരക്തം' പോലും വ്യാപകമായിരുന്നില്ല. രോഗബാധിതരായവര്‍പോലും, കഴിയുന്നതും സ്വന്തം മതത്തില്‍പ്പെടുന്നവരുടെ രക്തംതന്നെ കിട്ടാല്‍ പരസ്യമായിത്തന്നെ ശ്രമിക്കുമായിരുന്നു! ഇത്തരമൊരവസ്ഥ മറികടക്കാന്‍വേണ്ടി പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അന്ന് നടത്തിയ ഇടപെടലുകളില്‍ ഉയര്‍ന്ന ഒരു പ്രധാന മുദ്രാവാക്യം, അന്നത്തെ കേരളീയാവസ്ഥയെയും അതിനെതിരെയുയര്‍ന്ന അന്നത്തെ പ്രതിഷേധത്തെയും ഒരേ സമയം വിശദമാക്കാന്‍ പര്യാപ്തമാണ്. 'ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലീം രക്തം, ഞങ്ങളിലില്ല ക്രൈസ്തവരക്തം, ഞങ്ങളിലുള്ളത് മാനവരക്തം' എന്ന് ഞങ്ങളന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചത്, രക്തം വ്യത്യസ്ത ഗ്രൂപ്പുകളായിട്ടാണ് വിഭജിക്കപ്പെട്ടിരിക്കുന്നതെന്ന് അറിയാഞ്ഞിട്ടായിരുന്നില്ല. മറിച്ച് അതുപോലും ഉള്‍ക്കൊള്ളാനാവാത്തവിധം നമ്മുടെ സമൂഹം സങ്കുചിതമായതുകൊണ്ടായിരുന്നു. എന്നാലിന്ന് മലയാളികള്‍ പൊതുവായി 'രക്തവിശുദ്ധി'യെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രോഗബാധിതമാവുന്ന സമയത്തെങ്കിലും കൈയൊഴിച്ചിരിക്കുന്നു.

സങ്കുചിത മതകാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍പോലും രോഗബാധിതമാകുമ്പോഴെങ്കിലും മതേതരവാദികളായി മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി 'രക്തദാന സേനകള്‍' നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു. 'ഞങ്ങളിലുള്ളത് ഇസ്ലാം രക്തം, ഞങ്ങളിലുള്ളത് ഹിന്ദുരക്തം, ഞങ്ങളിലുള്ളത് ക്രൈസ്തവരക്തം' എന്ന പഴയ കാഴ്ചപ്പാടിന്റെ 'ഫോസിലുകള്‍'പോലും പൊതുജീവിതത്തില്‍നിന്നെങ്കിലും അപ്രത്യക്ഷമായിരിക്കുന്നു. എന്നാലിന്നും രക്തദാനത്തെ അപേക്ഷിച്ച് എത്രയോ എളുപ്പമായ 'നേത്രദാന'ത്തിന് ഇന്നും മലയാളികള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനം നേടാന്‍ കഴിഞ്ഞിട്ടില്ല. രക്തം കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ചെറിയ വേദനപോലും, മരണാനന്തരം കണ്ണ് കൊടുക്കുമ്പോള്‍ ഉണ്ടാകില്ലെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും 'എന്തുകൊണ്ടോ' കഴിയുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍നിന്ന് നോക്കുമ്പോഴാണ് ഇന്ത്യയിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ നേത്രദാനഗ്രാമമായി മാറിയ കോഴിക്കോട് ജില്ലയിലെ 'ചെറുകുളത്തൂര്‍' ജനാധിപത്യത്തിന്റെ പ്രചോദനകേന്ദ്രങ്ങളിലൊന്നായി മാറുന്നത്. ഇന്നലെവരെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് പറയാന്‍ കഴിഞ്ഞിരുന്നത്, മരണംവരെ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നായിരുന്നു. എന്നാലിന്ന്, മരണാനന്തരവും കാഴ്ചകളുടെ ലോകത്തിലെങ്കിലും എന്നും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് പറയാന്‍ ഓരോ ചെറുകൂളത്തൂര്‍കാരനും കഴിഞ്ഞിരിക്കുന്നു. എത്രമേല്‍ പരസ്പരം ഇടഞ്ഞാലും, 'നിന്റെ കണ്ണടിച്ച് പൊട്ടിക്കു'മെന്ന് സമ്പൂര്‍ണ നേത്രദാനഗ്രാമമായി മാറിയ ചെറുകുളത്തൂരുകാരോട് പറയാന്‍ , ഒരു ജനാധിപത്യവാദിക്കും കഴിയില്ല. കാരണം ആ കണ്ണുകള്‍ ഇനിമുതല്‍ മനുഷ്യരാശിയുടെ പൊതുസ്വത്താണ്.

സിദ്ധാന്തവും പ്രയോഗവും ഒന്നിക്കുമ്പോഴാണ് മാതൃകകള്‍ പിറക്കുന്നത്. മക്കള്‍ക്ക് കാഴ്ചനല്‍കുന്നതിന് ഒരമ്മ ബലിയര്‍പ്പിച്ചത് സ്വന്തം ജീവിതം. അന്ധരായ രണ്ട് ആണ്‍മക്കള്‍ക്ക് കണ്ണുകള്‍ ദാനം ചെയ്യുന്നതിന് സമ്മതപത്രമെഴുതിവച്ച് അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം. ചെന്നൈ വ്യാസര്‍വാടി കൊടുങ്കയ്യൂര്‍ സെന്‍ട്രല്‍ നഗര്‍ സ്വദേശി ശങ്കറിന്റെ ഭാര്യ തമിഴ്ശെല്‍വി(40) ആണ് മക്കള്‍ക്ക് വെളിച്ചമേകാന്‍ സ്വയം മരണത്തിന്റെ ഇരുട്ടില്‍ അഭയം തേടിയത്. തന്റെ കണ്ണുകള്‍ കാഴ്ചയില്ലാത്ത രണ്ടാണ്‍മക്കള്‍ക്ക് നല്‍കണമെന്ന് ആത്മഹത്യാകുറിപ്പ് എഴുതിയശേഷം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു....മരിച്ചാലും എന്നും നിങ്ങളോടൊപ്പം നിങ്ങളുടെ കണ്ണുകളായി ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നുവെന്ന് മകന്‍ കുമരന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി.(പത്രവാര്‍ത്ത). കണ്ണുകള്‍ നല്‍കിയവരുടെ ബന്ധുക്കളും കിട്ടിയവരും കൂടിച്ചേര്‍ന്ന ഒരു കുടുംബസംഗമം കോഴിക്കോട്ടെ പ്രശസ്തമായ കണ്ണുരോഗാശുപത്രിയായ കോംട്രസ്റ്റില്‍ നടന്നു. നേത്രദാനം വഴി കണ്ണുലഭിച്ച വെള്ളിപറമ്പത്തുകാരനായ ബാബുരാജിനോട് കണ്ണുകള്‍ ലഭിച്ചപ്പോഴുള്ള അനുഭവം പറയാനാവശ്യപ്പെട്ടപ്പോള്‍ അയാള്‍ പൊട്ടിക്കരയുകയായിരുന്നുവത്രെ. എങ്ങനെ പറയുമതെന്ന് ചോദിച്ച് കണ്ണുകള്‍ കലങ്ങിയ ആ സന്ദര്‍ഭം 'നേത്രദാനത്തിന്റെ' കരുത്തും കാന്തിയുമാകുമായിരുന്നു. ആരുടെയൊക്കെയോ കണ്ണും ചോരയും വൃക്കയും ഹൃദയവും ഒരു മനുഷ്യനില്‍ സംഗമിക്കുമ്പോള്‍ , മരിച്ചു പോകുന്നവര്‍ 'ജീവിച്ചിരിക്കുന്നു' എന്ന് തിരിച്ചറിയുന്നതോടൊപ്പം, എന്തുകൊണ്ട് ജീവിതമരണങ്ങളെ സംബന്ധിച്ച പഴയ കാഴ്ചപ്പാടുകള്‍ എന്നിട്ടും മരിക്കുന്നില്ല എന്നും നാം ചോദിക്കണം.

മരണത്തോട് സംവദിച്ചപ്പോള്‍ , മുമ്പ് മതതത്വശാസ്ത്രങ്ങളുടെ മുമ്പില്‍ ഒരു പൂര്‍ണ മൃതദേഹമുണ്ടായിരുന്നു. മറ്റാരുടേതുമല്ലാത്ത സ്വന്തമായ ഒരു മൃതദേഹം! അതിനന്ന് സാധാരണഗതിയില്‍ ചെയ്യാന്‍ കഴിയുമായിരുന്നത് മണ്ണില്‍ സാവധാനം ലയിക്കുകയോ തീയില്‍ പെട്ടെന്ന് ദഹിക്കുകയോ മാത്രമായിരുന്നു. അതിനപ്പുറം ഒരാലോചന വികസിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് സാമാന്യബോധത്തിന്റെ നാട്ടുനടപ്പിനെ നിവര്‍ന്ന്നിന്ന് വെല്ലുവിളിക്കുന്നതിന് നേതൃത്വം കൊടുത്ത നവോത്ഥാന പ്രസ്ഥാനമാണ്. കേരളത്തില്‍ ശ്രീനാരായണ ഗുരു മൃതദേഹത്തെ ദഹിപ്പിക്കുന്നതാണോ മറവുചെയ്യുന്നതാണോ നല്ലതെന്ന ചോദ്യത്തെ നേരിട്ടത് ചക്കിലിട്ടാട്ടി വളമായെടുത്ത് കൃഷിക്കുപയോഗിക്കുന്നതല്ലേ നല്ലത് എന്ന ഒരെതിര്‍ ചോദ്യത്തിലൂടെയായിരുന്നു. 'അയ്യോ സ്വാമി അത് സങ്കടമാണ്' എന്ന് പ്രതികരിച്ച ശിഷ്യനോട് 'എന്താണ് നോവുമോ' എന്നത്രേ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഗുരു ചോദിച്ചത്. എന്തായാലും മരിച്ചു. ഇനി ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്കനുസരിച്ച് ഉചിതമാംവിധം സംസ്കരിച്ചാല്‍ പോരേ എന്ന പ്രത്യക്ഷ പരിഹാസത്തിനൊപ്പം, മരണത്തെപ്പോലും ജനോപകാരപ്രദമാക്കാനാവുമോ എന്ന അത്ര പ്രകടമല്ലാത്ത ഒരന്വേഷണവും അതിലടങ്ങിയിരുന്നു. ആദ്യത്തേത് ശ്മശാനങ്ങളെപ്പോലും സംഘര്‍ഷകേന്ദ്രമാക്കുന്ന 'സാമാന്യബോധ'ത്തിന്നെതിരെയുള്ള പൊട്ടിത്തെറിയായിരുന്നെങ്കില്‍ , രണ്ടാമത്തേത് ശ്മശാനങ്ങളെപ്പോലും ജീവിതത്തിന്റെ ശക്തികേന്ദ്രമാക്കാനുള്ള ഒരബോധ ആവേശമായിരുന്നു. ആധിപത്യം വഹിക്കുന്ന പതിവുകള്‍ക്കെതിരെ പ്രസ്തുത പ്രയോഗം പങ്കുവച്ച രോഷവും പരിഹാസവും ശരിയായി തിരിച്ചറിയപ്പെട്ടപ്പോഴും, അതില്‍ സന്നിഹിതമായിരുന്ന 'സര്‍ഗാത്മകത' വേണ്ടവിധം തിരിച്ചറിയപ്പെട്ടില്ല. ഒരു പക്ഷേ മരണാനന്തര ജീവിതങ്ങളെ ദീപ്തമാക്കുന്ന ഒരു സ്വപ്നം പോലുമായി അന്നത് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത് അന്ന് ശരീരാവയവങ്ങള്‍ കൈമാറ്റം ചെയ്യുന്ന ശാസ്ത്രീയ അറിവുകള്‍ ഉയര്‍ന്നു വരാത്തതുകൊണ്ടു മാത്രമല്ല, അത്തരം അറിവുകളുടെ അഭാവത്തില്‍പോലും, 'മതചിന്ത' ചിട്ടപ്പെടുത്തിയ പരലോകാതിര്‍ത്തിയെ മുറിച്ചുകടക്കും വിധമുള്ള സാഹസിക സ്വപ്നങ്ങള്‍ പിറക്കാത്തത് കൊണ്ട് കൂടിയായിരുന്നു.

ജീവിതം വ്യത്യസ്ത 'പ്രത്യയശാസ്ത്രങ്ങളുടെ' സംഘര്‍ഷാത്മക വിനിമയവേദിയാകുമ്പോഴും, 'മരണം' മിക്കപ്പോഴും മതപ്രത്യയശാസ്ത്രങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണത്തിന് കീഴ്പ്പെടുന്നതുകൊണ്ടാണ് മരണാനന്തരം വികസിക്കേണ്ട ജനാധിപത്യ അന്വേഷണങ്ങള്‍ അലസിപ്പോവുന്നത്. തെമ്മാടിക്കുഴിക്കും പള്ളി വിലക്കുകള്‍ക്കുമിടയില്‍ തറയില്‍ വീണ കുപ്പിഗ്ലാസ്സ് കണക്ക് അതെല്ലാം പൊട്ടിച്ചിതറുന്നത്. മരണവീട്ടിലെ 'വെളുത്ത മൗനങ്ങളില്‍നിന്ന്' പരലോകപക്ഷികള്‍ മാത്രം ചിറകടിച്ചു പറക്കുന്നത്. ജന്മത്തില്‍ ആഹ്ലാദമായും വളര്‍ച്ചയില്‍ അഭിനന്ദനമായും വീഴ്ചകളില്‍ വിമര്‍ശനമായും രോഗാവസ്ഥകളില്‍ സാന്ത്വനമായും സൗഹൃദങ്ങളില്‍ 'കളികളായും' കടന്നുവരുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിലെ നിത്യസാന്നിധ്യമായ 'സമൂഹം' മരണത്തിനുമുമ്പില്‍ ഇന്നലെവരെ എത്തിയത് വെറുമൊരു അനുശോചനവുമായിട്ടാണ്. എന്നാലിനിമുതലത് 'അനുശോചനങ്ങളോടൊപ്പം' 'അന്വേഷണവേദികള്‍' കൂടിയായി മാറേണ്ടിയിരിക്കുന്നു. 'എന്റെ അവസാനത്തെ ശ്വാസംവരെ നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്ന' പഴയ തീര്‍പ്പുകള്‍ , മരണാനന്തരവും ഞാന്‍ നിങ്ങളോടൊപ്പം പുതുരൂപങ്ങളില്‍ തുടരുമെന്ന പ്രതിജ്ഞകള്‍ക്ക് വഴി മാറേണ്ടിയിരിക്കുന്നു. മൃതദേഹങ്ങള്‍ക്ക്പോലും സാമൂഹ്യപ്രവര്‍ത്തനം തുടരാന്‍ കഴിയുന്ന പുതിയ പശ്ചാത്തലത്തെ ഉള്ളിന്റെയുള്ളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് ആവേശപൂര്‍വം ആരംഭിക്കേണ്ടിയിരിക്കുന്നത്. 'കൊള്ളാന്‍ വല്ലതുമൊന്ന്, കൊടുക്കാനില്ലാതില്ലൊരു മുള്‍ച്ചെടിയും, ഉദയക്കതിരിനെമുത്തും മാനവ ഹൃദയപ്പൂന്തോപ്പില്‍' എന്ന വൈലോപ്പിള്ളിയുടെ കാവ്യയുക്തിക്കുമുമ്പില്‍ നിന്നാണ്, സംസ്കാരസംഘട്ടനമെന്ന ഹണ്ടിങ്ടന്റെ മനുഷ്യവിദ്വേഷത്തിന്റെ ക്രൂരയുക്തിയുടെ നടുവില്‍നിന്നല്ല മനുഷ്യര്‍ പുളകത്തിന്റെ പൂക്കള്‍ കണ്ടെടുക്കേണ്ടത്. ആന്തരികാവയവങ്ങള്‍ മാത്രമല്ല, പഴയ പല്ലും നഖവും തൊലിയുമടക്കം മരണശേഷം മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവുന്നതെന്തും എന്നില്‍ നിന്നെടുത്തോളൂ എന്ന വിനയപൂര്‍ണമായ അപേക്ഷ ചരിത്രത്തില്‍ സമര്‍പ്പിക്കപ്പെടും മുറയ്ക്കാണ് മനുഷ്യരാശിയുടെ ജീവിതം ചൈതന്യ നിര്‍ഭരമാകുന്നത്. അപ്പോഴാണ് 'അവനവനാത്മസുഖത്തിന്നാചരിക്കുന്നവ അപരന്റെ സൂഖത്തിനായ് മാറുന്നത്'. സാര്‍ത്രിന്റെ ഒരനുരാഗിയായ കഥാപാത്രം അത്രമേല്‍തന്നെ ഇഷ്ടമായ പ്രിയപ്പെട്ടവനോട് നിനക്കെന്റെ കുടലുകള്‍ ഇഷ്ടമാണോ എന്ന് ചോദിച്ചത് വായിച്ചതോര്‍മയിലുണ്ട്. കുട്ടികളെ ലാളിക്കുമ്പോഴും പ്രണയലീലകളിലേര്‍പ്പെടുമ്പോഴും കണ്ണും മൂക്കുമടങ്ങുന്ന ബാഹ്യശരീരഭാഗങ്ങള്‍ വര്‍ണിക്കപ്പെടുകയും കരള്‍ , ഹൃദയം തുടങ്ങിയ 'ആന്തരികാവയവങ്ങള്‍' സ്നേഹസൂചകമായ സംബോധനകളായി കടന്നുവരികയും ചെയ്യും. എന്നാലപ്പോഴും വൃക്കയും കുടലുമടക്കമുള്ള ഭാഗങ്ങള്‍ സ്നേഹലീലകളില്‍ വിളിച്ചുണര്‍ത്തപ്പെടുകയില്ല. അതിനെ ഒന്ന് പ്രകോപിപ്പിച്ചതാവണം അന്ന് സാര്‍ത്ര്. എന്നാലിന്ന് 'ഭാവനയുടെ ഭൂപടം' തന്നെ മാറ്റിവരയ്ക്കാനവസരമൊരുക്കും വിധം അറിവുകള്‍ പരിവര്‍ത്തന വിധേയമായിക്കഴിഞ്ഞിരിക്കുന്നു. രണ്ട് മസ്തിഷ്കമരണം സംഭവിച്ച സുകുമാരന്റെ ഹൃദയം അബ്രഹാമിന് നല്‍കിയപ്പോള്‍ സുകുമാരന്റെ മക്കളും ബന്ധുക്കളും പുതിയ കാലത്തിന്റെ മാര്‍ഗദര്‍ശികളായി മാറുകയായിരുന്നു. അതിലെ ഹൃദ്യമായ സമര്‍പ്പണം നമ്മെ വിനയാന്വിതരാക്കുമ്പോള്‍ , അതില്‍ സന്നിഹിതമായ ആഹ്വാനം നമ്മെ ആവേശഭരിതമാക്കുകയും ചെയ്യേണ്ടതുണ്ട്. 'സുകുമാരന്റെ ഹൃദയം നിലച്ചു. അബ്രഹാം മരിച്ചു'.ഇത്തരമൊരു തലക്കെട്ട് 2003നു മുമ്പ് ഒരു മലയാളപത്രത്തിനും അച്ചടിക്കാന്‍ കഴിയുമായിരുന്നില്ല. 2003 മെയ് 13ന് വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച തെങ്ങുകയറ്റ തൊഴിലാളിയായ സുകുമാരന്റെ ഹൃദയം അബ്രഹാമിലേക്ക് മാറ്റിവച്ചത് പ്രതിഫലംപോലും നല്‍കാതെയാണ്. മാനവികത പൂത്തുനിന്ന ഒരു ചരിത്ര മുഹൂര്‍ത്തത്തെയാണ് പ്രസ്തുത പത്രവാര്‍ത്ത പ്രതിനിധീകരിച്ചതെങ്കില്‍ , 2003 മെയ് 13ന് സുകുമാരന്റെ ശവദാഹം. 'പുലവീട്ടല്‍ കര്‍മങ്ങള്‍ അന്ന് ഒഴിവാക്കിയിരുന്നു.' ഹൃദയം നിലയ്ക്കാത്ത അവസ്ഥയില്‍ പുലകര്‍മങ്ങള്‍ പാടില്ലായെന്ന പുരോഹിത നിര്‍ദേശമനുസരിച്ചാണ് അന്നത് ചെയ്തത് എന്ന വിവരണം പ്രതിനിധീകരിക്കുന്നത് മാറിവന്ന വസ്തുനിഷ്ഠ അവസ്ഥയോട് പൊരുത്തപ്പെടാനാവാത്ത ഒരാത്മനിഷ്ഠ അവസ്ഥയുടെ അവികസിതാവസ്ഥയേയാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും മനുഷ്യന്റെ ഭാവിയിലേക്ക് പ്രവേശിക്കാനുള്ള സന്നദ്ധതയുമാണ് 'ഭൂതകാലത്തിന്റെ ഭാരം' നിമിത്തം ഇവിടെ പ്രതിസന്ധി നേരിടുന്നത്. അവയവ വിനിമയ വേദിയായി മാറുന്ന പുതിയ ശരീരത്തിന് സാമ്പ്രദായികാര്‍ഥത്തിലുള്ള 'സമഗ്രത' അവകാശപ്പെടാനാവില്ല. പഴയ മരണാനന്തര അനുഷ്ഠാനങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ആധുനികോത്തര മൃതദേഹങ്ങളെ പഴയതുപോലെ പരിചരിക്കാനാവില്ല. പുതിയ 'മതവിധികള്‍ കൊണ്ട്' അവയവദാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ജനാധിപത്യ നിലപാടുകള്‍ ആദരവ് അര്‍ഹിക്കുന്നു. അതേസമയം സമ്പൂര്‍ണ മൃതദേഹങ്ങളെ സംബോധന ചെയ്ത മരണാനന്തര ചടങ്ങുകള്‍ മാറിവന്ന പുതിയ സാഹചര്യത്തില്‍ മൗലികമായ മാറ്റങ്ങള്‍ക്ക് സ്വയം വിധേയമാകാതെ ഇനിയും ആവര്‍ത്തിക്കുന്നത് ഉചിതമല്ല. ഒരര്‍ഥത്തില്‍ മൃതദേഹം സംബന്ധിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ ദൈവശാസ്ത്രങ്ങള്‍ക്കും മാനവിക സമീപനങ്ങള്‍ക്കും മുമ്പിലുയര്‍ത്തികഴിഞ്ഞ വെല്ലുവിളികള്‍ അത്ര ചെറുതല്ല. മൃതദേഹങ്ങള്‍ ഇന്ന് ആദരവ്/ അനാദരവ് എന്നതിനപ്പുറം ആഴത്തിലുള്ള അപഗ്രഥനമാണ് ആവശ്യപ്പെടുന്നത്. ബന്ധുക്കളുടെ പരമ്പരാഗതമായ ഇഷ്ടങ്ങളില്‍ വച്ചാവരുത്, മറിച്ച്, സ്വന്തം ശരീരത്തെക്കുറിച്ച് ഓരോ മനുഷ്യനും സ്വീകരിക്കുന്ന സമീപനങ്ങളില്‍ വച്ചാവണം നമ്മുടെ മൃതദേഹപരിചരണത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ രൂപംകൊള്ളേണ്ടത്. സ്വന്തം ജീവിതകാലത്ത് മാത്രമല്ല, ജീവിതശേഷവും ഓരോ മനുഷ്യന്റെയും ഇഛാശക്തി സ്വന്തമായ ജീവിതം തുടരേണ്ടതുണ്ട്. മൂന്ന് 'മുള്‍വേലി/ പൂത്തിരിക്കുന്നു/ അതിര്‍ത്തിയെക്കുറിച്ചു/ നാം വെച്ച ഒച്ചകള്‍ക്കെല്ലാം/ മീതെയായി' (വീരാന്‍കുട്ടി). അപകടത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട അരുണ്‍ജോര്‍ജ് ഇന്ന് അതിര്‍ത്തികള്‍ക്കപ്പുറം പൂത്തുനില്‍ക്കുന്നൊരു സ്നേഹ സാന്നിധ്യമാണ്. കണ്ണീര്‍കയത്തില്‍നിന്ന് പൊങ്ങിവന്ന കാരുണ്യത്തിന്റെ പ്രകാശമായി, ഇന്നാജീവിതം വളരുകയാണ്. ജീവിതത്തിന്റെ ശരീരത്തില്‍ 'മരണം' എഴുതുന്ന ആദ്യത്തേയും അവസാനത്തേയും കവിതയാണ് അവയവദാനം. ഇനിയൊരിക്കലും പരസ്പരം കണ്ടെത്താന്‍ കഴിയാത്തവരുടെ, അനുഭൂതിസാന്ദ്രമായ ഒത്തുചേരലാണത്. ഇന്നലെവരെ കാണാത്തവരും കേള്‍ക്കാത്തവരും തമ്മിലുള്ള അസാധാരണമായ ഒരാശ്ലേഷം സംഭവിക്കുകതന്നെയാണ്. അരുണ്‍ജോര്‍ജ് പകുത്ത്നല്‍കിയത് സ്വന്തം കണ്ണും കരളും വൃക്കകളും മാത്രമല്ല; എന്നുമെന്നും സ്പന്ദിക്കുന്ന ഉദാത്തമായൊരു മാനവിക കാഴ്ചപ്പാടാണ്. അവയവങ്ങളായി പിരിച്ചെഴുതാനാവാത്ത, ഒരു മഹാസമഗ്രതയുടെ സമര്‍പ്പണമാണ് അരുണിന്റെ അമ്മ ത്രേസ്യാമ്മ ഫ്രാന്‍സിസും അച്ഛന്‍ ജോര്‍ജും മനുഷ്യരാശിക്കുമുമ്പില്‍ നിര്‍വഹിച്ചിരിക്കുന്നത്. പറഞ്ഞറിയിക്കാനാവാത്തൊരു സ്നേഹനഷ്ടത്തിന്റെ സമുദ്രത്തില്‍നിന്നും അവര്‍ നിര്‍വചനങ്ങള്‍ക്കൊക്കെയുമപ്പുറമുള്ള മറ്റൊരു സ്നേഹതീരത്തിലേക്കാണ് സാഹസികമായി സഞ്ചരിച്ചെത്തിയിരിക്കുന്നത്. 'മരണപ്പെട്ടാല്‍ അന്ത്യവിശ്രമസ്ഥാനം ഭൂമിയില്‍ അന്വേഷിക്കാതിരിക്കുക; അവ മനുഷ്യഹൃദയങ്ങളില്‍ കാണുക'(റൂമി). മരണം ഒരനിവാര്യതയാണെങ്കില്‍ , അവയവദാനവും അത്രതന്നെ ഒരനിവാര്യതയാണെന്ന് മനുഷ്യരായ മനുഷ്യര്‍ക്കൊക്കെയും ആത്മാഭിമാനത്തോടെ പറയാന്‍ കഴിയണം. മരണം ഒരു ജൈവയാഥാര്‍ഥ്യമാണെങ്കില്‍ ; അവയവദാനം സാംസ്കാരികമായ ഒരാവിഷ്കാരമാണ്. 'മരണം' നമ്മുടെ അനുവാദമില്ലാതെ കടന്നുവരും. എന്നാല്‍ , 'അവയവദാനം' നമ്മുടെ സമ്മതംകാത്ത്, ഉമ്മറവാതിലില്‍ നില്‍ക്കുകയാണ്! ഒരുകാര്യം അഭിനന്ദനാര്‍ഹമായി നമുക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ , തീര്‍ച്ചയായും അക്കാര്യം സ്വയം നിര്‍വഹിക്കാന്‍ അഭിമാനത്തോടെ നമ്മളും സന്നദ്ധമാവണം. ഒരു ജനസമൂഹം ആധുനികരാവുന്നത് മുമ്പാരോ തയ്യാറാക്കിവച്ച 'പാരമ്പര്യ'ത്തെ നിഷ്ക്രിയമായി സ്വയം സ്വീകരിക്കുമ്പോഴല്ല; മറിച്ച് സ്വന്തം കാലത്തിന്റെ സാധ്യതകളെ സ്വാംശീകരിച്ചുകൊണ്ട് തങ്ങളെതന്നെ സ്വയം പുതുക്കി പണിയുമ്പോഴാണ്. 'പാരമ്പര്യത്തെ ഞാന്‍ പുതിയതാക്കി, പാരമ്പര്യം എന്നെ പക്ഷേ പഴഞ്ചനാക്കി' എന്ന് കെ ജി എസ് പാടിയ അവസ്ഥയില്‍നിന്ന് പുറത്ത്കടക്കണമെങ്കില്‍ , ഓരോ കാലവും സ്വന്തം 'പാരമ്പര്യങ്ങള്‍' സൃഷ്ടിക്കണം. ഭൂതത്തിന്റെ സാധ്യതകളെ സ്വന്തമാക്കുന്നതോടൊപ്പം വര്‍ത്തമാനത്തില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യണം. അവയവദാനത്തെ പുതിയകാലത്തിന്റെ ജ്വലിക്കുന്നൊരു പാരമ്പര്യമായി ഭാവിക്കുമുമ്പില്‍ അഭിമാനപൂര്‍വം സമര്‍പ്പിക്കാന്‍ നമുക്ക് കഴിയണം. അയിത്തത്തിന്റെയും ആഭിജാത്യ സങ്കല്‍പങ്ങളുടെയും അന്ത്യമാണ് പുതിയ അവയവദാന പാരമ്പര്യം സാധ്യമാക്കിയിരിക്കുന്നത്. ജാതിക്കും മതത്തിനും രാഷ്ട്രാതിര്‍ത്തികള്‍ക്കും അപ്പുറംവച്ച്, മനുഷ്യരുടെ 'അകങ്ങള്‍' അടുക്കുകയാണ്, ആന്തരികാവയങ്ങള്‍ , കൂട് വിട്ട് കൂട് മാറുകയാണ്! 'എന്നെ തൊടല്ലേ' എന്ന് എത്ര ആഗ്രഹിച്ചാലും ആര്‍ക്കും പറയാന്‍ കഴിയാത്തവിധം നമ്മുടെ ശരീരത്തിന്റെ 'ഭൂമിശാസ്ത്രവും' സാമൂഹ്യശാസ്ത്രവും അടിസ്ഥാനപരമായി മാറുകയാണ്. പഴയത്പോലെ ഇനി നമുക്ക് ഒരു 'ക്ലാസിക്കല്‍ മൃതദേഹത്തെ'പോലും കണ്ടുകിട്ടുക പ്രയാസമാവും! ജീവിച്ചിരിക്കുമ്പോള്‍ , ആ ശരീരം ആര്‍ക്കൊക്കെയോ ചോരകൊടുത്തിരിക്കും, ആരില്‍നിന്നൊക്കെയോ ചോരവാങ്ങിയിരിക്കും, വൃക്കകൈമാറ്റം നടന്നിരിക്കും, കരളും പകുത്ത് കൊടുത്തിരിക്കും; 'പുറം' അങ്ങിനെതന്നെ നിന്നാലും അകത്ത് ഒരു 'കുലുക്കികുത്ത്' നടന്നിരിക്കും! ആന്തരികാവയവങ്ങളെല്ലാം ഇവ്വിധം വച്ചുമാറിയ ഒരു മനുഷ്യന്‍ മരിക്കുന്നതോടെ, ഒരു 'പോസ്റ്റ്മോഡേണ' മൃതദേഹം പിറന്നു കഴിഞ്ഞിരിക്കും. പഴയ 'ക്ലാസിക്കല്‍ മൃതദേഹത്തെ' സ്വന്തം വരുതിയില്‍നിര്‍ത്താന്‍ കഴിഞ്ഞ മരണാനന്തര ചടങ്ങുകള്‍ക്ക്; പോസ്റ്റ്മോഡേണ്‍ മൃതദേഹത്തിനുമുമ്പില്‍ സ്വയം വിയര്‍ക്കേണ്ടി വരും! മനുഷ്യര്‍ എത്രമേല്‍ മാറിയാലും, മനുഷ്യരിപ്പോഴും മാറിയിട്ടില്ലെന്ന് ചിലര്‍ വാദിച്ചുകൊണ്ടേയിരിക്കും! അത് 'പഴയ പരിമിതികളെ' ഇപ്പോഴും പൂര്‍ണമായി മറികടക്കാന്‍ കഴിയാത്ത ഏതൊരു പുതിയ കാലത്തിന്റെയും നിസ്സഹായതയുടെ തെളിവാണ്! എങ്കിലും മുമ്പത്തേക്കാള്‍ നാം എത്രമാത്രം മാറി എന്നറിയണമെങ്കില്‍ 'മുമ്പത്തെ' ജീര്‍ണസ്ഥിതി വീണ്ടും ഒരിക്കല്‍കൂടി ഒന്നോര്‍മിച്ചാല്‍ മതിയാകും. 'നരനു നരനശുദ്ധ വസ്തുപോലും/ധരയില്‍ നടപ്പതു തീണ്ടലാണുപോലും/നരകമിവിടമാണു ഹന്ത കഷ്ടം/ ഹരഹര ഇങ്ങിനെ വല്ലനാടുമുണ്ടോ?' എന്ന് ആശാനും 'ജാതി ഹാ! നരകത്തില്‍നിന്നു പൊന്തിയ ശബ്ദം/ പാര്‍തിന്നും പിശാചിന്റെ ഏട്ടിലെ രണ്ടക്ഷരം' എന്ന് വള്ളത്തോളും പാടിയത് ആ മനോഹര കാലത്തെക്കുറിച്ചാണ്! ആര്‍ക്കൊക്കെ എത്ര അസ്വാസ്ഥ്യകരമായാലും അവയവദാനത്തെക്കുറിച്ചുള്ളൊരാലോചനയില്‍ , ഭൂതകാലത്തെക്കുറിച്ചൊരു അനുസ്മരണം ഒരനിവാര്യതയാണ്. 'പഴയകഥകള്‍ പഠിക്കണം' എന്ന പേരില്‍ കക്കാട് എഴുതിയ ഒരു കവിതയിങ്ങനെ: 'സന്ധ്യയും പ്രഭാതവും ആരേയും കാത്തുനില്‍ക്കുന്നില്ല/ വരുമെന്ന് പറഞ്ഞവനേയും/ പോകുമെന്ന് പറഞ്ഞവനേയും/ കര്‍മം മടിച്ചുനിന്നാലും/ കാലം കാത്തുനില്‍ക്കില്ല' ക്ഷോഭിച്ചിട്ട് കാര്യമില്ല/ പഴയകഥകള്‍ കേള്‍ക്കണം,/ കേള്‍ക്കാതെ ഒന്നും മനസ്സിലാകില്ല/ ഇടവപ്പാതിക്കു പാടത്തിറങ്ങാത്തവന്‍/ കന്നിപ്പാടത്ത് കതിര്‍കൊയ്യുന്നില്ല/ മുത്തശ്ശി പറഞ്ഞതാണ്.' വൈദ്യവിദ്യാഭ്യാസത്തില്‍ റാങ്കുണ്ടായിരുന്ന ഡോക്ടര്‍ പല്‍പ്പുവിന് യോഗ്യതയില്ലാതിരുന്നത്കൊണ്ടല്ല, മറിച്ച് അവര്‍ണര്‍ ചികിത്സിച്ചാല്‍ ആമാശയം ചീത്തയാകുമെന്ന് സവര്‍ണ പ്രത്യയശാസ്ത്രം 'കണ്ടുപിടിച്ചതുകൊണ്ടാണ്' പൊന്നുതിരുമേനിമാരുടെ അന്നത്തെ ധര്‍മരാജ്യത്തില്‍നിന്ന് പല്‍പ്പുവിന് പുറത്തുപോകേണ്ടി വന്നത്. 1904ല്‍ പാലക്കാട് മുനിസിപ്പല്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ കെ കൃഷ്ണന്‍ എന്ന ഈഴവനെ നിയമിച്ചതിനെതിരെ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചതിന്റെ പിന്നിലും ഇതേ പ്രത്യയശാസ്ത്രംതന്നെയാണ് പ്രവര്‍ത്തിച്ചത്! 'സ്വന്തം മക്കള്‍ വെള്ളത്തില്‍ മുങ്ങി ചത്തുപോയാലും പുലയന്റെ കൈകൊണ്ട് രക്ഷപ്പെടേണ്ട' എന്നു വാശിപിടിച്ച മാതാപിതാക്കളെക്കുറിച്ചത്രെ ഉള്ളൂര്‍ അന്ന് പാടിയത്! 'അയിത്തായിട്ട് ജീവിക്കുന്നതിനേക്കാള്‍ ഭേദം ശുദ്ധായിട്ട് മരിക്കുന്നതാണ് നല്ലതെന്ന' കാര്യത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ പഴയ തമ്പുരാട്ടിമാരില്‍ ചിലര്‍ക്ക് സംശയമേ ഉണ്ടായിരുന്നില്ല! ഒരധ:സ്ഥിതകുട്ടിയെ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചു എന്ന് കേട്ടപ്പോഴാണത്രേ നാട്ടുപ്രമാണിയായ ഊന്നുപാറ നായര്‍ ബോധംകെട്ട് വീണുപോയത്! 'ഈച്ച പൂച്ച നായ നസ്രാണി എന്നിവര്‍ക്ക് അയിത്തമില്ല' എന്നുള്ളത് വലിയൊരു ആക്ഷേപമായിട്ടാണ് അന്ന് പരിഗണിച്ചിരുന്നത്. 'നാല്‍ക്കാലികളെക്കാളും താഴെയാണോ ഇക്കാണും മാനുഷസോദരന്മാര്‍' എന്ന് 'ജാതിക്കുമ്മി'യില്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍ സങ്കടപ്പെട്ടത് ഇവ്വിധമുള്ള അയിത്തപിശാചിന്റെ അസ്സല്‍മുഖം കണ്ടപ്പോഴാണ്. 'അയിത്തമെന്നത് അടിമത്തത്തേക്കാള്‍ ബീഭത്സമാണ്' എന്ന് അംബേദ്ക്കറും; 'ശങ്കരാചാര്യര്‍ വലിയ ആളായിരുന്നിരിക്കാം, ജാതിയുടെ കാര്യത്തില്‍ പക്ഷേ ചെറിയ ആളായിരുന്നു' എന്ന് ശ്രീനാരായണഗുരുവും സാക്ഷ്യപ്പെടുത്താന്‍ നിര്‍ബന്ധിതമായത്, ജാതിപ്രത്യയശാസ്ത്രം തുറന്നുവിട്ട 'അയിത്തഭൂത'ത്തിന്റെ ഭീകരത ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം. ശ്രീനാരായണഗുരുവിനുപോലും വൈക്കം ക്ഷേത്രത്തിനുപുറത്തുള്ള വഴിയെ സഞ്ചാരം നടത്താന്‍ സ്വാതന്ത്ര്യം ഇല്ലെന്നറിയുന്നത് എന്നെ വേദനിപ്പിക്കുന്നു എന്ന് കെ പി കേശവമേനോന്‍ എഴുതിയിട്ടുണ്ട്. നാഗമയ്യയുടെ 'മാന്വലില്‍' പറഞ്ഞിരിക്കുന്നത്, ഈഴവരുടെ കൂട്ടത്തില്‍ 'നാണു' എന്നൊരു യോഗ്യനുമുണ്ട് എന്നത്രെ! വൈദ്യന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നതും അവരില്‍നിന്ന് ഭക്ഷണം സ്വീകരിക്കുന്നതിനും പഴയകാലത്ത് വിലക്കുണ്ടായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഇന്നത് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല! എന്നാല്‍ മനു അവരുടെ ഭക്ഷണത്തില്‍ കണ്ടത് ചോരയും ചലവുമാണ്. വൈദ്യന്മാരെ മനു ഉള്‍പ്പെടുത്തിയതാവട്ടെ കള്ളന്മാര്‍ക്കും വേശ്യകള്‍ക്കുമൊപ്പവും! തമ്പുരാക്കന്മാരുടെ കൈ 'തൃക്കൈ' ആയിരുന്നപ്പോള്‍ അധ:സ്ഥിതന്റെ കൈ വെറും പഴങ്കൈ! അവരുറങ്ങുന്നത് പള്ളിക്കുറുപ്പ്, അധ:സ്ഥിതരുടേത് 'നിലംപൊത്തല്‍'! അവര്‍ മൂത്രമൊഴിക്കുന്നത് 'തിരുവെള്ളം വീഴ്ത്തല്‍!' മറ്റുള്ളവരുടേത് 'നാറ്റവെള്ളം വീത്തല്‍!?' അങ്ങിനെയാണെങ്കില്‍ , ആന്തരികാവയവങ്ങളുടെ കൈമാറ്റകാലത്ത്, 'തൃവൃക്കകളും', 'പീറവൃക്കകളും', തിരുകരളുകളും, വാട്ടകരളുകളും, തിരുകൊടലും, തീട്ടകൊടലും എന്നിങ്ങനെയുള്ള വേര്‍തിരിവുകളും മുമ്പായിരുന്നെങ്കില്‍ ഭാഷയില്‍ ഉണ്ടായിവരുമായിരുന്നു. നാല് ഇന്ന് നമുക്ക് ആരെന്തുപറഞ്ഞാലും, നമ്മള്‍ ശ്വസിക്കുന്ന വായു ഒന്ന്, കുടിക്കുന്ന വെള്ളമൊന്ന്, മുറിഞ്ഞാല്‍ ഒഴുകുന്ന ചോര ഒന്ന്, വേദനിച്ചാല്‍ നിലവിളിക്കുന്ന ഭാഷ ഒന്ന് എന്നൊക്കെപറയാന്‍ ഒരു മതാചാര്യന്റെയും സമ്മതം വേണ്ട. മതമേതായാലും, എത്ര പ്രാകൃതമായി ജീവിച്ചാലും, ഇത്തരം പരിഷ്കൃതാശയങ്ങള്‍ പറയാന്‍ ഇപ്പോള്‍ നമുക്കൊരു പ്രയാസവുമില്ല. എന്നാല്‍ ഇങ്ങിനെയൊരു 'നിരുപദ്രവചോദ്യം'പോലും മുമ്പ് സാധ്യമായിരുന്നില്ലെന്ന് മനസ്സിലാക്കാന്‍മാത്രം ഹിന്ദു നവോത്ഥാനനായകനായ ദയാനന്ദ സരസ്വതിയുടെ 'സത്യാര്‍ഥപ്രകാശ'ത്തില്‍ നിന്നുള്ള ഒരുഭാഗം എടുത്തുചേര്‍ക്കുന്നു. 'ചണ്ഡാളന്റെ ശരീരം ദുര്‍ഗന്ധപരമായ അണുക്കളെകൊണ്ട് നിറഞ്ഞിരിക്കുന്നു. ബ്രാഹ്മണാദി ജാതികളുടെ ശരീരം അങ്ങിനെയുള്ളതല്ല. അമ്മ, സ്വശ്രു, സഹോദരി, പുത്രി പുത്രഭാര്യ' എന്നിവരുടെയെല്ലാം ശരീരം ഏതുവിധത്തില്‍ ചര്‍മംകൊണ്ട് ഉണ്ടാക്കിയതാണോ അതേവിധത്തില്‍ ചര്‍മംകൊണ്ടുണ്ടാക്കിയതാണ് അവനവന്റെ ഭാര്യയുടെ ശരീരവും. അതുകൊണ്ട് നിങ്ങള്‍ ഭാര്യയോട് പെരുമാറുന്നതുപോലെ അമ്മ മുതലായവരോടും പെരുമാറുമോ? ഉത്തമമായ അന്നം കൈകൊണ്ട് എടുത്ത് വായകൊണ്ട് ഭക്ഷിക്കുന്നത്പോലെ ദുര്‍ഗന്ധമുള്ള പദാര്‍ഥങ്ങളെയും ഭക്ഷിക്കാന്‍ കഴിയുമെങ്കില്‍ മലാദിവസ്തുക്കളെയും നിങ്ങള്‍ ഭക്ഷിക്കുമോ? ജാതി ഏതായാലും നമ്മളൊന്നല്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരമാണിതെന്ന് ഓര്‍ക്കണം! മുസ്ലീം നവോത്ഥാന നായകരില്‍ പ്രമുഖനായ 'മക്തി തങ്ങളുടെ' ജീവചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗം, ഗൗരവപൂര്‍ണമായ അന്വേഷണങ്ങള്‍ക്കിടയിലെ ഒരു തമാശക്കുവേണ്ടിമാത്രം ഇവിടെ ചേര്‍ക്കുന്നു. ആലുവായ്ക്കടുത്ത മാഞ്ഞാരിയില്‍ വച്ചു ക്രൈസ്തവപാതിരിമാരും മക്തി തങ്ങളുമായി തുറന്ന വിവാദം നടന്നു. 'ക്രിസ്തു മരിച്ചവരെ ജീവിപ്പിച്ചിരുന്നു. മുഹമ്മദ് മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ടോ? ക്രൈസ്തവ പാതിരി ചോദിച്ചു. മക്തി തങ്ങള്‍ സര്‍വസ്വവും ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: 'നിങ്ങള്‍ ഒരു മണിക്കൂറിനിടയില്‍ ഒരു ശവം ഇവിടെ എത്തിച്ചാല്‍ ഞാന്‍ ജീവിപ്പിക്കും'. ക്രൈസ്തവര്‍ പല സംഘങ്ങളായി ഒരു മനുഷ്യശവം ലഭിക്കാന്‍ പലഭാഗങ്ങളിലേക്കും ഓടിനോക്കി. അവര്‍ക്കു ശവം ലഭിച്ചില്ല. അവര്‍ പരാജിതരായി. ഈ വാദം കുറച്ചു കടന്നതായിപ്പോയെന്നു തങ്ങളുടെ അഭ്യുദയകാംക്ഷികള്‍പോലും അഭിപ്രായപ്പെട്ടിരുന്നു. 'അല്ലാഹു അവന്റെ ദീനിനെ ഒരിക്കലും പരാജയപ്പെടുത്തുകയില്ല' എന്നത്രേ അതിന്ന് തങ്ങളവര്‍ക്ക് പ്രത്യുത്തരം നല്‍കിയത്. (മക്തി തങ്ങളുടെ ജീവചരിത്രംകെ കെ മുഹമ്മദ് അബ്ദുള്‍ കരീം). അങ്ങനെയൊക്കെയുളള ഒരു കാലത്തില്‍നിന്ന്; അവയവദാനം അടക്കം സാധ്യമായ ഇങ്ങനെയൊക്കെയുള്ള ഒരു കാലത്തെത്തുമ്പോള്‍ നമ്മളേറെ മാറിയിട്ടുണ്ട്. ഇനിയുമേറെ മാറേണ്ടതുണ്ട്! 1940ല്‍ അമേരിക്കയില്‍ റെഡ്ക്രോസ് കറുത്തവരുടെയും വെളുത്തവരുടെയും രക്തം വേറെവേറെയാണത്രേ സംഭരിച്ചത്! ഇവിടെ ഹിന്ദുരക്തത്തിന്റെയും ഇസ്ലാം രക്തത്തിന്റെയും പേരിലാണ് യാഥാസ്ഥിതികര്‍ മുമ്പ് പരസ്പരം ഇടികൂടിയതെങ്കില്‍ അവിടെ കറുത്തരക്തവും വെളുത്തരക്തവുമാണ് പരസ്പരം ഏറ്റുമുട്ടിയത്! രക്തബാങ്ക് സമ്പ്രദായം രൂപപ്പെടുത്തിയ ചാള്‍സ് ഡ്യൂ എന്ന കറുത്ത വംശജനായ ഡോക്ടര്‍ ഈയൊരസംബന്ധ വേര്‍തിരിവ് അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ , ആ വേര്‍തിരിവ് ഇല്ലാതാക്കാനല്ല, മറിച്ച് ആ വേര്‍തിരിവില്ലാതാക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്! എന്നാലിത് ഒരു ചാള്‍സ്ഡ്യൂവിന്റെ മാത്രം അനുഭവമായിരുന്നില്ല. ശവപരിശോധന നിര്‍വഹിച്ച വെസാലിയസിനും പീഡനാനുഭവങ്ങള്‍ തന്നെയാണ് നേരിടേണ്ടി വന്നത്. അതിനേക്കാള്‍ അത്ഭുതകരമായിരുന്നു ബ്രിട്ടനിലെ കോമണ്‍സഭയുടെ ക്രാന്തദര്‍ശിത്വം. പ്ലേഗ് എന്ന മഹാരോഗത്തിന്റെ കാരണം അവര്‍ കണ്ടെത്തിയത് പ്രശസ്ത ചിന്തകനായ ഹോബ്സിന്റെ പുസ്തകത്തിലാണ്!

അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ചാള്‍സ് അഞ്ചാമന്റെ കൃപകൊണ്ടാണ് അദ്ദേഹം അന്ന് ഒരുവിധം രക്ഷപ്പെട്ടത്. എന്നിട്ടും 'ആധുനിക വൈദ്യശാസ്ത്രം' ഇന്ന്കാണുംവിധം അവിടെ വളര്‍ന്നു. ഇന്നത് ഹൃദയമുള്‍പ്പെടെയുള്ള അവയവമാറ്റത്തില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യയുടെ തദ്ദേശീയവൈദ്യങ്ങളില്‍ മുഖ്യമായ ആയുര്‍വേദത്തിന് അത്തരമൊരവസ്ഥയിലേക്ക് കുതിക്കാന്‍ എന്തുകൊണ്ടാണ് കഴിയാതെ പോയത്? നാഡിപിടിച്ച് മൃത്യുദേവതയുടെ ചുവടുവയ്പ്പുകള്‍ തിരിച്ചറിയുന്ന 'ആരോഗ്യനികേതനം' എന്ന നോവലിലെ ജീവന്‍മശായിയെപ്പോലുള്ള മഹാന്മാരായ നിരവധി ഭിഷഗ്വരന്‍മാര്‍ക്ക് ജന്മം നല്‍കാന്‍ ആയുര്‍വേദത്തിന് കഴിഞ്ഞു. അതേസമയം ശസ്ത്രക്രിയാരംഗത്ത് ആവിധമുള്ള വൈദ്യപ്രതിഭകളെ വികസിപ്പിച്ചെടുക്കാന്‍ അതിന് കഴിയാതെ പോവുകയും ചെയ്തു. അവയവകൈമാറ്റത്തിലേക്ക് വളരുംവിധം ആയുര്‍വേദത്തില്‍ വികസിച്ചുവരാന്‍ സാധ്യതയുണ്ടായിരുന്ന ശസ്ത്രക്രിയയെ 'കരിച്ചു കളഞ്ഞത്' സവര്‍ണ പ്രത്യയശാസ്ത്രമാണ്. ആയുര്‍വേദത്തിന്റെ ഇന്നത്തെ സാധ്യതക്ക് അത് കടപ്പെട്ടിരിക്കുന്നത്, സവര്‍ണ പ്രത്യയശാസ്ത്രത്തോട് നിരന്തരം എതിരിട്ട ബൗദ്ധ ഇടപെടലുകളോടാണ്. പ്രൊഫസര്‍ വി അരവിന്ദാക്ഷന്‍ ഇക്കാര്യത്തെക്കുറിച്ച് എഴുതിയതിങ്ങനെ:

'വിജ്ഞാന വികാസത്തെ തടസ്സപ്പെടുത്തിയ വലിയൊരു ബാധയായിരുന്നുവോ ഹേതുവിദ്യാ നിരോധനം? നമ്മുടെ ആയുര്‍വേദത്തെ മുരടിപ്പിച്ച പ്രതിബന്ധങ്ങളില്‍ ഒന്നാണത്. മറ്റൊന്ന് 'നിഷിദ്ധകര്‍മ'ത്തോടുള്ള വിരോധമായിരുന്നു. ശവംതൊടുന്നതുതന്നെ നിഷിദ്ധ കര്‍മമായിരുന്നു ബ്രാഹ്മണര്‍ക്ക്. അത് കൈകാര്യം ചെയ്യുന്നവരോ ചണ്ഡാളരായിരുന്നു. ശരീരഘടനയുടെ സൂക്ഷ്മാല്‍ സൂക്ഷ്മമായ വസ്തുതകള്‍ കണ്ടെത്താന്‍ ജീവനില്ലാത്ത ശരീരങ്ങള്‍ കീറിമുറിച്ച് പഠിക്കുകതന്നെ വേണം. അത് നിഷിദ്ധം തന്നെ. ശല്യതന്ത്രത്തിന്റെ ഗതിമുട്ടിപ്പോയത് ബ്രാഹ്മണമേധാവിത്വത്തിന്റെ ദുശ്ശാഠ്യംകൊണ്ടാണ്. രോഗകാരണം അന്വേഷിക്കുന്നതും നിഷിദ്ധം തന്നെ. അതുഹേതുവിദ്യയാണല്ലോ. അതില്‍ വ്യാപരിച്ചവരെ തരംതാഴ്ത്തി പുരോഹിതന്‍ . ഇതെല്ലാം ചേര്‍ന്നപ്പോള്‍ ആയുര്‍വേദം ശുഷ്കിച്ചുപോയി. എന്നിട്ടും വിസ്മയകരമായ നേട്ടങ്ങള്‍ വൈദ്യശാസ്ത്രത്തിലുണ്ടായല്ലോ എന്നാണെങ്കില്‍ , അതിനു നന്ദി പറയേണ്ടത് ബൗദ്ധരോടാണ്.'(സമന്വയവും സംഘര്‍ഷവും).ി

പോംവഴി മാര്‍ക്സിസത്തിലൂടെ

പോംവഴി മാര്‍ക്സിസത്തിലൂടെ

ഡോ. കെ എന്‍ പണിക്കര്‍

ദേശാഭിമാനി, ദിനപ്പത്രം 2012 ജനുവരി 3

മനുഷ്യസമൂഹത്തിന്റെ പുരോഗതി സാധ്യമാക്കുന്ന ആശയങ്ങള്‍ തടസ്സങ്ങളില്ലാത്ത നേര്‍വഴികളിലൂടെ മാത്രം മുന്നേറുന്നവയല്ല. നിരവധി പ്രതിരോധങ്ങളെ മറികടന്നും വൈരുധ്യങ്ങളുടെ കുരുക്കഴിച്ചുകൊണ്ടുമാണ് മനുഷ്യസമൂഹം പുതിയ ഘട്ടങ്ങളില്‍ എത്തിച്ചേരുന്നത്. ഈ യാത്രയില്‍ പല അപചയവും സംഭവിക്കുന്നു. അപചയങ്ങള്‍ക്ക് ധൈഷണികമായി അടിമപ്പെടാതെ നൂതനമായ പോംവഴികള്‍ക്കുവേണ്ടിയുള്ള ക്രിയാത്മകമായ ശ്രമങ്ങള്‍ സ്വായത്തമാക്കുകയാണ് പൊതുവെ സാമൂഹ്യപരിശ്രമങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. പക്ഷേ, അതൊരു തുടര്‍ക്കഥയല്ലതാനും. നിരന്തരമായ സാമൂഹ്യസംവേദനങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ചരിത്രം. ഈ പ്രക്രിയയില്‍ അനിതരസാധാരണമായ മാറ്റങ്ങള്‍ ആവശ്യമുള്ള ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തത്തെയാണ് മനുഷ്യസമൂഹം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന കാര്യം വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. കഴിഞ്ഞുപോയ നൂറ്റാണ്ടിനെ സംഘര്‍ഷഭരിതമായ കാലഘട്ടമായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം തകര്‍ന്നപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയനേതാക്കള്‍ അതിനെ തങ്ങളുടെ വിജയമായാണ് നോക്കിക്കണ്ടത്. അതായത് മുതലാളിത്തത്തിന്റെ വിജയവും സോഷ്യലിസത്തിന്റെ പരാജയവും. മാര്‍ക്സിസത്തിന്റെ അപര്യാപ്തതയുടെ ഉദാഹരണമായാണ് ചിലര്‍ ഇതിനെ വ്യാഖ്യാനിച്ചത്. മാര്‍ക്സിസം കാലഹരണപ്പെട്ട തത്വസംഹിതയാണെന്ന നിഗമനത്തിലാണ് മുതലാളിത്ത രാഷ്ട്രീയനേതൃത്വവും ബുദ്ധിജീവികളും എത്തിച്ചേര്‍ന്നത്. മാര്‍ക്സിസത്തോടുള്ള പൊതുബോധത്തെ അതു ബാധിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരും സ്വതന്ത്ര ബുദ്ധിജീവികളും സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സംഭവിച്ച തിരിച്ചടിയെ മാര്‍ക്സിസത്തിന്റെ അപര്യാപ്തതയായി പെരുപ്പിച്ചുകാണിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു; അവരില്‍ പലര്‍ക്കും മാര്‍ക്സിസത്തിന്റെ അപാരമായ വിജ്ഞാനസമ്പത്ത് അപരിചിതമായിരുന്നെങ്കിലും. പക്ഷേ, ലോകത്തെമ്പാടും മാര്‍ക്സിസ്റ്റ് തത്വസംഹിതയോടുള്ള ധൈഷണിക താല്‍പ്പര്യത്തില്‍ കാര്യമായ കുറവൊന്നുമുണ്ടായില്ല.

അമേരിക്കന്‍ സര്‍വകലാശാലകളുള്‍പ്പെടെ ലോകത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ക്സിസം പഠനവിഷയമായി തുടര്‍ന്നുപോന്നു. ഇന്ന് അന്തര്‍ദേശീയ നിലവാരത്തില്‍ അറിയപ്പെടുന്ന എല്ലാ സാമൂഹ്യശാസ്ത്രജ്ഞരുടെയും ചിന്താമണ്ഡലത്തില്‍ മാര്‍ക്സിസം സ്വാധീനം ചെലുത്തി; യോജിച്ചോ വിയോജിച്ചോ. അതായത് ഗൗരവപൂര്‍വമായ ധൈഷണിക വ്യവഹാരങ്ങളില്‍ മാര്‍ക്സിസത്തിന്റെ സാന്നിധ്യം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പരാജയത്തിനുശേഷവും നിലനിന്നു എന്നര്‍ഥം. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും പതനം മാര്‍ക്സിസത്തിന്റെ പതനമായിരുന്നില്ല. മാര്‍ക്സിസം ഭരണവ്യവസ്ഥയല്ല; മനുഷ്യസമൂഹത്തിന്റെ പരിണാമപ്രക്രിയ വിശദീകരിക്കുന്ന ശാസ്ത്രീയ തത്വസംഹിതയാണ്. ടെറി ഈഗിള്‍ട്ടണ്‍ പറഞ്ഞതുപോലെ മാര്‍ക്സിന്റെ ആശയങ്ങള്‍ സൂചിപ്പിക്കുന്നത് സാമൂഹ്യരാഷ്ട്രീയ സാധ്യതകളെയാണ്. ആ സാധ്യതകളുടെ ജയപരാജയങ്ങള്‍ മറ്റു പല ഘടകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സോഷ്യലിസത്തിന് നേരിട്ട അപചയത്തിനുശേഷം 'മുതലാളിത്തവസന്ത'മാണ് ഉണ്ടാകാന്‍ പോകുന്നതെന്ന പൊതുധാരണ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ഫ്രാന്‍സിസ് ഫുക്കുയാമയെയും സാമുവല്‍ ഹണ്ടിങ്ടനെയും പോലെയുള്ളവരാണ് ഈ ആശയത്തിന്റെ വക്താക്കളായി രംഗത്തെത്തിയത്. അവരുടെ അനുയായികള്‍ മുതലാളിത്തത്തിന്റെ വീരഗാഥകളുമായി എല്ലാ രാജ്യത്തും ജൈത്രയാത്ര നടത്തി. മുതലാളിത്തത്തിന് ഉദാരമുഖമുണ്ടെന്നും സാമൂഹ്യ അസമത്വത്തിന് മുതലാളിത്തത്തിനു മാത്രമേ പ്രതിവിധി കണ്ടെത്താന്‍ കഴിയൂ എന്നും അവര്‍ വാദിച്ചു. ആഗോളവല്‍ക്കരണം മുതലാളിത്തവികസനത്തിന്റെ ഗുണഭോക്താക്കളായി ദരിദ്രരാജ്യങ്ങളെയാകെ മാറ്റിത്തീര്‍ക്കുമെന്നും അവകാശപ്പെട്ടു. അതായത് മുതലാളിത്തത്തിന്റെ ന്യായീകരണത്തിനായി എല്ലാവിധ തന്ത്രവും പുറത്തെടുത്തു എന്നര്‍ഥം. പക്ഷേ, ഇതൊരു കെട്ടുകഥയായാണ് ഇന്ന് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യം ഇതില്‍നിന്ന് എത്രയോ വ്യത്യസ്തമാണ്. ആഗോളവല്‍ക്കരണം മുതലാളിത്ത ചൂഷണവ്യവസ്ഥയുടെ പുതിയ മുഖമായാണ് പ്രത്യക്ഷപ്പെട്ടത്. ബഹുഭൂരിപക്ഷത്തിന്റെയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയല്ല, മോശമാവുകയാണുണ്ടായത്. ഇന്ത്യയില്‍ 80 ശതമാനം അര്‍ധപട്ടിണിക്കാരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ കാണിക്കുന്നു. ചെറിയ ന്യൂനപക്ഷത്തിന്റെ അവസ്ഥയില്‍ മാത്രമാണ് ഗുണപരമായ മാറ്റമുണ്ടായിട്ടുള്ളത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ ആരംഭിച്ച സാമ്പത്തികമാന്ദ്യം വലിയതോതിലുള്ള തൊഴിലില്ലായ്മയിലേക്ക് നയിച്ചിരിക്കുന്നു. ഋണബാധ്യതയില്‍ കുടുങ്ങിയിരിക്കുകയാണ് സാധാരണക്കാരായ ജനങ്ങളാകെ. അതുകൊണ്ട് മിക്കവാറും എല്ലാ രാജ്യത്തും സാമ്പത്തികവും രാഷ്ട്രീയവുമായ അസംതൃപ്തി തീക്ഷ്ണമായിക്കൊണ്ടിരിക്കുന്നു. അതില്‍നിന്ന് ഉടലെടുത്ത പ്രകടനങ്ങള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഇതൊരു പുതിയ യുഗത്തിന്റെ നാന്ദിയായി പരിണമിക്കുമോ എന്നതാണ് ലോകം ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന സ്ഥിതിവിശേഷം. ഇടതുപക്ഷസ്വഭാവമുള്ള, മാര്‍ക്സിസത്തില്‍നിന്ന് സൈദ്ധാന്തികമായ പ്രചോദനം ഉള്‍ക്കൊള്ളുന്ന, രാഷ്ട്രീയ സാമ്പത്തികവ്യവസ്ഥ സംജാതമാകുമോ എന്ന ചോദ്യത്തിന്റെ പ്രസക്തി വ്യക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. കാരണം, വിഖ്യാത ചരിത്രകാരനായ എറിക് ഹോബ്സ്ബോം പറഞ്ഞപോലെ, 'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രശ്നങ്ങള്‍ക്ക്, സാമ്പത്തികരാഷ്ട്രീയ ഉദാരശീലത്വത്തിന്, ഒറ്റയ്ക്കോ കൂട്ടായോ പോംവഴി കണ്ടുപിടിക്കാനാകുകയില്ല. മാര്‍ക്സിനെ ഗൗരവപൂര്‍വം മനസ്സിലാക്കേണ്ട സന്ദര്‍ഭമാണ് ഇത്!' ഈ കാലഘട്ടത്തില്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന മൂന്ന് പ്രവണത തിരിച്ചറിയാന്‍ കഴിയും. അമേരിക്കന്‍ സഹായത്തോടെ ഭരണം നടത്തിയിരുന്ന ലാറ്റിനമേരിക്കന്‍ സ്വേച്ഛാധിപതികള്‍ക്കെതിരായ ബഹുജനമുന്നേറ്റം; അറബ്രാജ്യങ്ങളിലെ ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; മുതലാളിത്തത്തിനെതിരായ ലോകവ്യാപകമായ പ്രകടനങ്ങള്‍ . ലാറ്റിന്‍ അമേരിക്കയിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളില്‍നിന്നും അമേരിക്കന്‍ ദല്ലാളുകളായിരുന്ന ഭരണാധികാരികള്‍ പുറന്തള്ളപ്പെട്ടുകഴിഞ്ഞു. വെനസ്വേലയിലും നിക്കരാഗ്വയിലും ചിലിയിലും അര്‍ജന്റീനയിലുമൊക്കെ ജനാധിപത്യസ്വഭാവമുള്ള ഭരണങ്ങള്‍ നിലവില്‍വന്നു. 'അറബ്വസന്തം' സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അനുകൂലമായ കാഹളം മുഴക്കിക്കഴിഞ്ഞു. മുതലാളിത്തത്തിനും ആഗോളവല്‍ക്കരണത്തിനും എതിരെ മിതമായ രീതിയില്‍ ന്യൂയോര്‍ക്കില്‍ തുടങ്ങിയ പ്രകടനങ്ങള്‍ ലോകത്തെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. 'മുതലാളിത്തത്തെ തൂത്തെറിയുക' എന്നതാണ് ഈ പ്രകടനക്കാര്‍ മുഴക്കുന്ന മുദ്രാവാക്യം. മുതലാളിത്തം പ്രതിസന്ധിയിലാണോ എന്നതിനെക്കുറിച്ച് ആര്‍ക്കും സംശയത്തിനിടയില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണമാറ്റത്തിനു പിന്നിലും മുതലാളിത്തവിരുദ്ധ കാഴ്ചപ്പാടുകള്‍ സ്വാധീനം ചെലുത്തിയതായി കാണാം. ഈ പ്രതിരോധപ്രസ്ഥാനങ്ങളുടെയെല്ലാം സ്വഭാവത്തിലും ലക്ഷ്യങ്ങളിലും പല വ്യത്യാസങ്ങളുമുണ്ട്. പക്ഷേ, ഇവയിലെല്ലാം പൊതുവായ സ്വഭാവം ഇടതുപക്ഷസ്വാധീനമാണ്. ആഗോളവല്‍ക്കരണത്തില്‍ അധിഷ്ഠിതമായ മുതലാളിത്തം സാമൂഹ്യപുരോഗതിക്ക് ഗുണപ്രദമല്ലെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു പോംവഴിയായി പരിഗണിക്കപ്പെടുന്നത് മാര്‍ക്സ് നിര്‍ദേശിച്ച പാതയാണ്; ആ പാതയെക്കുറിച്ചുള്ള ധാരണയും സങ്കല്‍പ്പവും വളരെ വ്യത്യസ്തമാണെങ്കില്‍ക്കൂടി. അതുകൊണ്ടാണ് മാര്‍ക്സിസത്തെക്കുറിച്ചുള്ള ഗൗരവപൂര്‍വമായ ചര്‍ച്ചകള്‍ക്ക് പ്രചാരവും പ്രാധാന്യവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ലണ്ടനില്‍ നടക്കുന്ന മാര്‍ക്സിസ്റ്റ് വാര്‍ഷികാഘോഷങ്ങളിലും അമേരിക്കയിലെ മാര്‍ക്സ് സെമിനാറിലും മാര്‍ക്സിസ്റ്റുകളല്ലാത്തവരുടെയും പങ്കാളിത്തമുണ്ടാകുന്നത്. മാര്‍ക്സ് ശരിയായിരുന്നു എന്ന് ഇന്നു പറയുന്നത് ടെറി ഈഗിള്‍ട്ടനെപ്പോലുള്ള മാര്‍ക്സിസ്റ്റ് പണ്ഡിതന്മാര്‍ മാത്രമല്ല, മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ പോലും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ് അത്.

മനുഷ്യസമൂഹത്തിന്റെ പരിണാമപ്രക്രിയയെ സൈദ്ധാന്തവല്‍ക്കരിക്കുന്നതില്‍ മാര്‍ക്സിസത്തേക്കാള്‍ ശാസ്ത്രീയമായ ഒരു വിശകലനപദ്ധതി സാമൂഹ്യശാസ്ത്രത്തിലില്ല. കാരണം മാര്‍ക്സിസം സമഗ്രമായ ഒരു കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാട് സാമ്പത്തികോല്‍പ്പാദനത്തെയും പ്രത്യയശാസ്ത്ര സ്വാധീനത്തെയും സാംസ്കാരിക അവബോധമണ്ഡലങ്ങളെയുമൊക്കെ കൂട്ടിയിണക്കുന്നു. ഇന്ന് മാനവസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍നിന്ന് മോചനമുണ്ടാകണമെങ്കില്‍ , ഈ ബന്ധങ്ങളുടെ സങ്കീര്‍ണത തിരിച്ചറിയാന്‍ കഴിവുള്ള സൈദ്ധാന്തിക ചട്ടക്കൂട് ആവശ്യമാണ്. അതുതന്നെയാണ് ഇന്ന് മാര്‍ക്സിസത്തിന്റെ പ്രസക്തിയും പ്രാധാന്യവും.

മികവാര്‍ന്ന ലോകസൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം

മികവാര്‍ന്ന ലോകസൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം

എം മെഹബൂബ്


ദേശാഭിമാനി, 2012 ജനുവരി 3 :


2012 അന്തര്‍ദേശീയ സഹകരണവര്‍ഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുകയാണ്. 'മികവാര്‍ന്ന ലോകസൃഷ്ടിക്ക് സഹകരണപ്രസ്ഥാനം' എന്നതാണ് മുദ്രാവാക്യം. ഇക്കാലമത്രയും ലോകത്തിന്റെ സാമൂഹികസാമ്പത്തിക വളര്‍ച്ചയില്‍ സഹകരണ പ്രസ്ഥാനം നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. സുസ്ഥിര വികസനം, ദാരിദ്ര്യ ലഘൂകരണം, തൊഴില്‍ സൃഷ്ടിക്കല്‍ , സാമൂഹിക ഐക്യം കെട്ടിപ്പടുക്കല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണ പ്രസ്ഥാനം ഉണ്ടാക്കിയെടുത്ത സവിശേഷ നേട്ടങ്ങളെ ഐക്യരാഷ്ട്ര സഭ ഈ തീരുമാനത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുകയാണ്. സഹസ്രാബ്ദത്തിന്റെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങളുടെ സാധ്യതകളെ ലോകസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സഹകരണവര്‍ഷ പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി സഹകരണപ്രസ്ഥാനത്തെ സംബന്ധിച്ച പൊതു അവബോധം വര്‍ധിപ്പിക്കുന്നതിനും സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിനായി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പൊതു സാമ്പത്തിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സഹകരണ സ്ഥാപനങ്ങളുടെ രൂപീകരണവും വളര്‍ച്ചയും പരിപോഷിപ്പിക്കുന്നതിനും ഇതിനാവശ്യമായ നയങ്ങളും നിയമനിര്‍മാണവും നടത്തുന്നതിന് സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നതിനും ഐക്യരാഷ്ട്ര സഭ മുന്‍കൈയെടുക്കും. ഒക്ടോബര്‍ 31ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്താണ് അന്തര്‍ദേശീയ സഹകരണ വര്‍ഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സഹകരണപ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ അന്തര്‍ദേശീയ സഹകരണ സഖ്യം}(ഐസിഎ) 2011 നവംബര്‍ 16ന് മെക്സിക്കോയിലെ കാന്‍കൂണില്‍ അന്തര്‍ദേശീയ സഹകരണ വര്‍ഷം ഔപചാരികമായി ഉദ്ഘാടനംചെയ്തു. 96 രാജ്യങ്ങളില്‍നിന്ന് അന്തര്‍ദേശീയ സഹകരണസഖ്യത്തില്‍ അംഗത്വമുള്ള 260 സംഘടനകളെ പ്രതിനിധാനംചെയ്ത്് രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്നുള്ള 17 അംഗ സംഘത്തില്‍ കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രതിനിധിയായി ഈ ലേഖകനും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറുകളും ചര്‍ച്ചകളും സഹകരണ പ്രസ്ഥാനത്തിന്റെ ആഗോളതലത്തിലുള്ള സ്വീകാര്യതയും കരുത്തും വെളിപ്പെടുത്തുന്നതായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ജപ്പാന്‍ കാര്‍ഷിക സഹകരണ സംഘടനകളുടെ സെന്‍ട്രല്‍ യൂണിയന്‍ പ്രതിനിധി ഭൂകമ്പവും സുനാമിയും ജപ്പാനിലുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ഈ നാശത്തില്‍നിന്ന് കരകയറുന്നതിനും പുനര്‍നിര്‍മാണത്തിനുമായി അവിടത്തെ സഹകരണ സംഘങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ചും വിവരിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജപ്പാനിലെ കാര്‍ഷിക സഹകരണ സംഘങ്ങള്‍ 133 മില്യന്‍ അമേരിക്കന്‍ ഡോളറാണ് (ഏകദേശം 665 കോടി രൂപ) സംഭാവനചെയ്തത്. മറ്റ് രാഷ്ട്രങ്ങളുടെ സഹകരണ പ്രസ്ഥാനങ്ങളുടെ സംഭാവനയായി 154 മില്യന്‍ ഡോളറും (ഏകദേശം 770 കോടി രൂപ) ശേഖരിക്കാനായി. സഹകരണ മേഖലയുടെ ശക്തിയുടെയും പാരസ്പര്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമാണ് ഇത്. 2008ല്‍ അമേരിക്കയെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ന്യൂയോര്‍ക്കിലെ നാഷണല്‍ കോഓപ്പറേറ്റീവ് ബിസിനസ് അസോസിയേഷന്‍(എന്‍സിബിഎ) പ്രതിനിധികള്‍ വിശദീകരിച്ചു. ഇക്കാലയളവില്‍ അമേരിക്കയിലെ 95 ശതമാനം വാണിജ്യ ബാങ്കുകളെയും മാന്ദ്യം പിടികൂടിയപ്പോള്‍ രക്ഷപ്പെട്ടുനില്‍ക്കാനായത് സഹകരണ ബാങ്കുകള്‍ക്ക് മാത്രമാണെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞു. സര്‍ക്കാരിന്റെ അന്ധമായ വിപണിവല്‍ക്കരണ നയങ്ങളും സാമ്രാജ്യത്വതാല്‍പ്പര്യങ്ങളും സാധാരണക്കാരുടെ ജീവിതം തകര്‍ത്തുകളയുന്നതിന്റെ നേര്‍ചിത്രമാണ് അവര്‍ നല്‍കിയത്. ആ വിവരണങ്ങള്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന കാഴ്ചകളാണ് തെരുവില്‍ കണ്ടത്. സെ്പതംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. സമരപ്പന്തലുകളില്‍നിന്ന് വിതരണംചെയ്യുന്ന നോട്ടീസുകളില്‍ അമേരിക്കക്കാരന്റെ പ്രതിഷേധത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 'കേവലം ഒരു ശതമാനം വരുന്നവര്‍ 99 ശതമാനം വരുന്നവരെ തൊഴില്‍രഹിതരും ഭവനരഹിതരുമാക്കി. ഞങ്ങള്‍ക്ക് പ്രിയപ്പെട്ട എല്ലാറ്റിനെയും വാള്‍സ്ട്രീറ്റുകാര്‍ ഇല്ലാതാക്കി. ഇനി ജീവിതം മുന്നോട്ടുപോകണമെങ്കില്‍ ഞങ്ങള്‍ക്ക് വാള്‍സ്ട്രീറ്റ് പിടിച്ചെടുത്തേ മതിയാകൂ'നോട്ടീസില്‍ പറയുന്നു. അമേരിക്കയുടെ ധനകാര്യ ബാങ്കിങ് മേഖലയുടെ ചുക്കാന്‍ പിടിക്കുന്ന വാള്‍സ്ട്രീറ്റിന്റെ അഴിമതികളുടെയും ഊഹക്കച്ചവടത്തിന്റെയും ചൂതാട്ടത്തിന്റെയും ദൂഷ്യഫലങ്ങള്‍ നേരിട്ടനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ ആത്മരോഷം തെരുവുകളില്‍ കത്തിപ്പടരുന്ന കാഴ്ച ഇന്ന് മുതലാളിത്ത രാജ്യങ്ങള്‍ മൊത്തത്തില്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്തര്‍ദേശീയ സഹകരണവര്‍ഷം എന്ന തീരുമാനത്തില്‍ ഐക്യരാഷ്ട്രസഭ എത്തിച്ചേര്‍ന്നതിന്റെ പ്രധാന കാരണം 2008ലെ ആഗോള സാമ്പത്തിക മാന്ദ്യവും മുതലാളിത്ത വ്യവസ്ഥയുടെ തകര്‍ച്ചയുമാണെന്ന കാര്യത്തില്‍ സംശയമില്ല. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വാക്കുകള്‍ ഇത് സൂചിപ്പിക്കുന്നു 'ഒരേ സമയം സാമ്പത്തിക ജീവനക്ഷമതയും സാമൂഹിക ഉത്തരവാദിത്തങ്ങളും പിന്തുടരാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന അന്തര്‍ദേശീയ സമൂഹത്തിനുള്ള ഒരോര്‍മപ്പെടുത്തലാണ് സഹകരണ പ്രസ്ഥാനങ്ങള്‍ ,' അന്തര്‍ദേശീയ സഹകരണ വര്‍ഷം പ്രഖ്യപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ വാക്കുകളിലൂടെ സഹകരണ പ്രസ്ഥാനത്തിന്റെ മാനുഷിക മുഖം അദ്ദേഹം ലോകജനതയെ ഓര്‍മപ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ ആറ് ലക്ഷത്തോളം സഹകരണ സംഘങ്ങളാണുള്ളത്. അംഗങ്ങള്‍ 24 കോടിയോളമുണ്ട്. എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങളുടെ സാന്നിധ്യമുണ്ട്. എന്നാല്‍ , നൂറ്റാണ്ട് പിന്നിട്ട ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ്. പാല്‍ സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ ഗുജറാത്ത് ലോകശ്രദ്ധയാകര്‍ഷിക്കുന്നു. മഹാരാഷ്ട്ര സഹകരണ പഞ്ചസാരമില്ലുകള്‍ക്കും ഹരിയാന സഹകരണ വളംഫാക്ടറികളുടെ കാര്യത്തിലും മുന്‍പന്തിയിലാണ്. കേരളത്തെപ്പോലെ സഹകരണ ബാങ്കിങ് രംഗം ശക്തമായ മറ്റൊരു സംസ്ഥാനമില്ല. പൊതുമേഖല വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായ പ്രവര്‍ത്തനമാണ് കേരളത്തില്‍ സഹകരണ ബാങ്കുകള്‍ നടത്തുന്നത്. വൈജാത്യങ്ങള്‍ നിറഞ്ഞതാണെങ്കിലും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം പൊതുവില്‍ ശക്തവും സാധാരണക്കാരന്റെ അത്താണിയുമാണ്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ പകുതിയോളം പേര്‍ക്കെങ്കിലും സഹകരണ പ്രസ്ഥാനങ്ങളെക്കൊണ്ട് പ്രയോജനം ലഭിക്കുന്നുണ്ട്. നവഉദാരവല്‍ക്കരണനയങ്ങള്‍ സഹകരണ മേഖലയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനാപ്പട്ടികയില്‍ സഹകരണ മേഖല അവഗണിക്കപ്പെട്ടു. സഹകരണ സ്ഥാപനങ്ങള്‍ക്ക് നെഹ്റുവിന്റെ കാലം മുതല്‍ ലഭിച്ചുവന്ന പ്രത്യേക സംരക്ഷണവും ആനൂകൂല്യങ്ങളും ഓരോന്നായി എടുത്തുമാറ്റപ്പെട്ടു. നികുതികളും ലെവികളും ഈടാക്കാനാരംഭിച്ചു. കാര്‍ഷിക വായ്പയുടെ കാര്യത്തില്‍ സഹകരണസംഘങ്ങളെ സഹായിക്കാന്‍ രൂപീകരിച്ച നബാര്‍ഡിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍തന്നെ അട്ടിമറിക്കപ്പെട്ടു. 1990കളില്‍ രാജ്യത്തെ മൊത്തം കാര്‍ഷിക വായ്പയില്‍ 62 ശതമാനവും സഹകരണബാങ്കുകളിലൂടെയായിരുന്നെങ്കില്‍ 2011 ആയപ്പോള്‍ അത് 16 ശതമാനമായി ചുരുങ്ങി. വിപണി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന നബാര്‍ഡിനെയാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുക. കാര്‍ഷിക മേഖലയുടെ പുരോഗതി, സഹകരണ സംഘങ്ങളുടെ വളര്‍ച്ച, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ നിന്നെല്ലാം നബാര്‍ഡ് പിന്നോട്ടുപോയി. ഏതൊരു കോര്‍പറേറ്റ് സ്ഥാപനത്തെയുംപോലെ ലാഭമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് നബാര്‍ഡ്. കാര്‍ഷിക വായ്പാ പുനര്‍വായ്പയുടെയും ദീര്‍ഘകാല കാര്‍ഷിക വായ്പയുടെയും പലിശ വര്‍ഷംതോറും കൂട്ടിക്കൊണ്ടിരിക്കുന്നു. ഹ്രസ്വകാല കാര്‍ഷിക വായ്പാ മേഖലയില്‍ നിലനില്‍ക്കുന്ന സുദൃഢമായ ത്രിതല സംവിധാനം അട്ടിമറിച്ച് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ താറുമാറാക്കാനുള്ള ശ്രമങ്ങള്‍പോലും സംസ്ഥാനത്തെ നബാര്‍ഡ് ഉദ്യോഗസ്ഥരില്‍നിന്ന് അടുത്തകാലത്തുണ്ടായി എന്നത് ഗൗരവമായി കാണണം. ഇത്തരമൊരു സാഹചര്യത്തില്‍ അന്തര്‍ദേശീയ സഹകരണ വര്‍ഷം കേന്ദ്ര ഭരണാധികാരികളുടെ സഹകരണ മേഖലയോടുള്ള മനോഭാവത്തിലും സമീപനത്തിലും എന്തൊക്കെ മാറ്റങ്ങളാണുണ്ടാക്കുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍ , കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. സഹകരണം ഇവിടെ സര്‍വതല സ്പര്‍ശിയാണ്. മുഴുവന്‍ ജനങ്ങളും സഹകരണ മേഖലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടുനില്‍ക്കുന്നു. ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണക്രമവും വികസനോന്മുഖ നയപരിപാടികളും നമ്മുടെ സഹകരണ പ്രസ്ഥാനത്തിനുണ്ട്. ചില കുറവുകളും ഇല്ലാതില്ല. സാങ്കേതിക സൗകര്യങ്ങള്‍ വിപുലപ്പെടുത്തല്‍ , മനുഷ്യവിഭവശേഷി വികസനം, പ്രൊഫഷണലിസം തുടങ്ങി കാര്യങ്ങളില്‍ കുറെക്കൂടി മൂന്നേറാനുണ്ട്. അതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഓരോ സ്ഥാപനങ്ങളുടെയും സാമ്പത്തിക ജീവനക്ഷമതയും സാമ്പത്തിക അച്ചടക്കവും പ്രത്യേകമായി ഉറപ്പുവരുത്തുക എന്നതും. മികവാര്‍ന്ന സഹകരണ പ്രസ്ഥാനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അന്തര്‍ദേശീയ സഹകരണ വര്‍ഷത്തില്‍ നമ്മള്‍ ഏറ്റെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, പാരമ്പര്യേതര ഊര്‍ജം, മാസ്ട്രാന്‍സ്പോര്‍ട്ടേഷന്‍ , റഗുലേറ്റഡ് മാര്‍ക്കറ്റ് തുടങ്ങി മേഖലകളില്‍ സഹകരണ സംരംഭങ്ങള്‍ക്കുള്ള സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. അമിതമായ ഉപഭോഗതല്‍പ്പരതയ്ക്കും മദ്യാസക്തിക്കും കടക്കെണിയെ തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യയ്ക്കും എതിരെയുള്ള ഫലപ്രദമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കുന്നത് ഉചിതമായിരിക്കും. ചുരുക്കത്തില്‍ വികസിത വികസ്വര അവികസിത രാജ്യങ്ങളെന്ന വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാകോണുകളിലും പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ സമാധാനം, പരിസ്ഥിതി, തൊഴില്‍ , വികസനം, സമന്വയം തുടങ്ങി മാനവിക അജന്‍ഡകള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. ഈ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനും ജനോപകാരപ്രദവും വികസനോന്മുഖവുമായ പരിപാടികള്‍ കൂടുതലായി ഏറ്റെടുക്കുന്നതിനും അന്തര്‍ദേശീയ സഹകരണ വര്‍ഷം ഏവര്‍ക്കും പ്രചോദനമാകട്ടെ. (സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റാണ് ലേഖകന്‍)

Sunday, January 1, 2012

2012- നമുക്ക് നല്ലവരാകാം

നമുക്ക് നല്ലവരാകാം

2012 ജനുവരി 1 ന് മലയാള മനോരമ ദിനപത്രത്തിൽ വന്നത്

പുതിയ ശീലങ്ങളിലേക്ക് ഇൌ പുതുവത്സരത്തെ മാറ്റിയെടുക്കാം. വിവിധ ജീവിത മേഖലകളില്‍ നമുക്കു ശീലിക്കാവുന്ന അഞ്ചു കാര്യങ്ങള്‍ സി.രാധാകൃഷ്ണന്‍, ഡോ. ബി. ഇക്ബാല്‍, ബി. ഹൃദയകുമാരി എന്നിവര്‍ അവതരിപ്പിക്കുന്നു

സാമൂഹികം

നമ്മളും നമ്മുടെ നാടും നന്നാവണമെങ്കില്‍ നാം ഉപേക്ഷിക്കേണ്ട 5 കാര്യങ്ങള്‍

സി. രാധാകൃഷ്ണന്‍

ഒരു പുതുവല്‍സര ദിനത്തിലാണു സ്വിറ്റ്സര്‍ലന്‍ഡില്‍ ആല്‍പ്സ് പര്‍വതത്തിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ച് അന്നാട്ടുകാരനായ ഒരാള്‍ എന്നോടു പറഞ്ഞത്, 'നേരേചൊവ്വേ പരിപാലിച്ചാല്‍ ഞങ്ങളുടേതിനെക്കാള്‍ ചന്തമുള്ള നാടാണു കേരളം എന്ന്. കേരളം പലവട്ടം കണ്ട അദ്ദേഹത്തോടു 'നിങ്ങളുടെ നാടു മനോഹരമായിരിക്കുന്നു! എന്നു പറഞ്ഞപ്പോഴുണ്ടായ പ്രതികരണമായിരുന്നു അത്.

അതില്‍പ്പിന്നെ ആണ്ടുപിറവികളില്‍ ഇൌ കാര്യം ഞാന്‍ ഒാര്‍ക്കാറുണ്ട്. നമുക്കും നാടിനും നന്നാകാന്‍ എന്തെല്ലാം വേണം എന്നു വെറുതെ ആലോചിക്കാറുമുണ്ട്. നാലഞ്ചു കാര്യങ്ങളില്‍ മനസ്സുവച്ചാല്‍ രായ്ക്കുരാമാനം എല്ലാം ശരിയാകുമെന്നു തോന്നുന്നു.

1. ലഹരിപ്രിയം: ആരോഗ്യത്തിനു തീകൊളുത്തി ലഹരിച്ചൂടുണ്ടാക്കി സ്വയം എരിയിക്കാതിരുന്നുകൂടേ? 'കേരളമെന്നു കേട്ടാലോ തിളയ്ക്കണം വിസ്കി നമുക്കു ഞരമ്പുകളില്‍! എന്ന ദാരുണാവസ്ഥ പ്രബുദ്ധരായ നമുക്കു ഭൂഷണമോ?

2. അഴിമതി: അഴിമതി സമൂഹശരീരത്തിലെ മാരകരോഗാണുവാണെന്നു തിരിച്ചറിയുകയും വര്‍ജിക്കുകയും ചെയ്യേണ്ടേ? 'ഭാരതമെന്നു കേള്‍ക്കുമ്പോഴപമാനപൂരിതമാകേണ്ടിവരില്ലല്ലോ പിന്നെ അന്തരംഗം!

3. ദുരഭിമാനം: ഇല്ലാത്ത പ്രതിച്ഛായ ഉണ്ടെന്നു സങ്കല്‍പിച്ച് അതിനെ രക്ഷിക്കാനും മിനുക്കാനും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ശുദ്ധഭോഷ്കല്ലേ? അതിരുകളില്ലാതെ സ്നേഹിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ മേന്മ എന്നറിഞ്ഞ് മനംകുളിര്‍ക്കുന്നതല്ലേ പരമസുഖം?

4.അന്യതാബോധം: തികച്ചും വേറിട്ട് ഒരാളായി ഇരിക്കുമ്പോഴും ഒാരോരുത്തരും നാടിന്റെയും ലോകത്തിന്റെയും പ്രപഞ്ചത്തിന്റെയും അവിഭാജ്യഭാഗമാണെന്ന നേരു മറക്കാമോ? ചുറ്റുമുള്ള ഭൌതിക പരിസ്ഥിതിയോ മാനസികാവസ്ഥകളോ മലിനമാകാതിരുന്നാലല്ലേ ആരുടെയും സ്വന്തം സുസ്ഥിതി ഭദ്രമാകൂ? ഒാരോ ദിവസം അസ്തമിക്കുമ്പോഴും ഇന്ന് ഇൌ മഹാവിശ്വത്തില്‍ നിന്ന് എടുത്തതും തിരികെക്കൊടുത്തതും തമ്മിലുള്ള അന്തരം നമ്മെ കടക്കാരനാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതല്ലേ സര്‍വമതസമ്മതമായ മനുഷ്യധര്‍മം?

5. സര്‍വജ്ഞഭാവം: കേരളീയരായ നമുക്കു പ്രത്യേകിച്ചുമുള്ള ഒരു പ്രധാന ദുസ്സ്വഭാവം സര്‍വജ്ഞഭാവമല്ലേ? അറിയാത്തത് അറിയില്ല എന്നു പറയാന്‍ നമുക്കിപ്പോഴും വേണ്ടത്ര അറിവുണ്ടോ? ഇൌ അറിവില്ലായ്മയല്ലേ മിക്കപ്പോഴും സംഘര്‍ഷങ്ങളുടെയും മനോമലിനീകരണത്തിന്റെയും തുടക്കം?
ഈ പഞ്ചപാപങ്ങള്‍ പോയാല്‍ ഇവിടം സ്വര്‍ഗമായി.

സ്റ്റുഡന്റ്സ് ഒണ്‍ലി

പുതുവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കു ചെയ്യാന്‍ 5 കാര്യങ്ങള്‍

ബി. ഹൃദയകുമാരി

1. സമയം വേണ്ടവിധം ഉപയോഗിക്കുക: സമയക്കുറവാണു വിദ്യാര്‍ഥികളെ അലട്ടുന്ന ഒരു പ്രശ്നം. സമയം പാഴാക്കാതിരിക്കുകയേ വഴിയുള്ളൂ. നിങ്ങളുടെ കോഴ്സിന്റെ പരിമിതികള്‍ക്കുള്ളില്‍ സമയത്തെ രണ്ടു വിധത്തില്‍ ഉപയോഗിക്കാന്‍ ശ്രമിക്കാം. ഒന്ന്, മണിക്കൂര്‍ എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി ചില ടോപ്പിക്കുകള്‍ പഠിക്കുക. രണ്ട്, അയവുള്ള പഠനമാണ്. ആഴ്ചയോ മാസമോ യൂണിറ്റായെടുത്തു ടെന്‍ഷനില്ലാതെ സാവധാനത്തില്‍ മറ്റു ചില ടോപ്പിക്കുകള്‍ പഠിക്കുക. രണ്ടും ശ്രദ്ധയോടെ നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം. സമയം ഒരൊഴുക്കാണെന്നു മറക്കരുത്.

2. പുതുവിഷയങ്ങള്‍ പഠിക്കാം: നിങ്ങളുടെ ഐച്ഛികവിഷയം പഠിക്കുമ്പോള്‍, നിങ്ങള്‍ക്കു താല്‍പര്യമുള്ള മറ്റൊരു വിഷയം, ഐച്ഛികത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായതു ക്രമമായി വായിച്ച് അതുമായി ബന്ധം പുലര്‍ത്തുക. ഉദാഹരണമായി, ഗണിതശാസ്ത്രം പഠിക്കുന്നയാള്‍ക്കു സ്വന്തം താല്‍പര്യമനുസരിച്ച് ഇന്ത്യന്‍ സ്വാതന്ത്യ്രസമരമോ ആമസോണ്‍ തടാകത്തിലെ ബയോ ഡൈവേഴ്സിറ്റിയോ എന്തുവേണമെങ്കിലും അല്‍പം ആഴത്തില്‍ പഠിക്കാം. നിങ്ങളുടെ തലച്ചോറും കാഴ്ചപ്പാടും ബഹുമുഖമായി വികസിക്കട്ടെ.

3. ഭാഷാപഠനത്തിനു മുന്‍ഗണന: ഏതു വിഷയം സ്കൂള്‍, ഡിഗ്രി തലങ്ങളില്‍ പഠിക്കുമ്പോഴും ഭാഷാപഠനത്തിന് - മലയാളം, ഇംഗ്ലിഷ് - മുന്‍ഗണന നല്‍കുക. നല്ല പദശേഖരം, തെറ്റില്ലാത്ത വാക്യഘടന, ഉചിതപദം അനായാസമായി തിരഞ്ഞെടുക്കാനുള്ള കഴിവ് ഇവ വിദ്യാഭ്യാസമുള്ളയൊരാളിന് ഉണ്ടായിരിക്കണം. പദങ്ങളില്‍ കൂടി ബോധം വളരുന്നു. മനസ്സ് ഭാവത്തിന്റെയും അര്‍ഥത്തിന്റെയും സൂക്ഷ്മതലങ്ങളിലെത്തുന്നു. എന്തുവിഷയം പഠിക്കാനും മനസ്സ് സജ്ജമാകാന്‍ ഭാഷ വേണം.

4. മനസ്സിനെ അനുസരിപ്പിക്കുക: മനസ്സ് സദാ ചിലച്ചുകൊണ്ടിരിക്കും. അതിനെ അടക്കിനിര്‍ത്താന്‍ പ്രയാസമാണ്. ഒരു വ്യായാമം ശീലിച്ചാലോ? ഇപ്പോള്‍ എന്തു ചെയ്യുന്നുവോ അതില്‍ മനസ്സിനെ വ്യാപരിപ്പിക്കുക. ഉദാഹരണമായി, തലമുടി ചീകുകയാണെങ്കില്‍ ചീപ്പിന്റെ നിറം, മുടിയുടെ നിറം, മുടിക്കു കൈവരുന്ന തിളക്കവും ഒതുക്കവും, ചീപ്പിന്റെ പ്രപ്പര്‍ എന്നിങ്ങനെ ഒരു പേജെങ്കിലും എഴുതാനുള്ള വസ്തുതകള്‍ നിങ്ങള്‍ക്കു കിട്ടും. മനസ്സ് നിങ്ങളെ അനുസരിക്കാന്‍ ശീലിക്കുകയും ചെയ്യും.

5. ആരോഗ്യവും സന്തോഷവും: കളിക്കുക, ചിരിക്കുക, പാടുക - നിങ്ങളുടെ ശരീരവും മനസ്സും ഉന്മേഷഭരിതമാകട്ടെ. നിങ്ങളെക്കാണുമ്പോഴേ മറ്റുള്ളവര്‍ക്കു സന്തോഷം തോന്നട്ടെ. ആരോഗ്യവും സന്തോഷവുമുള്ളവരുടേതാകണം നാളത്തെ ഇന്ത്യ.

പെരുമാറ്റശീലങ്ങള്‍

വ്യക്തിശീലങ്ങളില്‍ മലയാളികള്‍ വരുത്തേണ്ട 5 മാറ്റങ്ങള്‍

ഡോ. ബി. ഇക്ബാല്‍

1. സാമൂഹികശുചിത്വം: വ്യക്തി ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വമാവട്ടെ ലക്ഷ്യം. ശുചിത്വകേരളം സുന്ദരകേരളം എന്ന സ്വപ്നം മനസ്സില്‍ ഉറപ്പിക്കണം. പ്ലാസ്റ്റിക്കിനെ കൈകാര്യം ചെയ്യാന്‍ മൂന്ന് " ആവട്ടെ മന്ത്രം. നിരസിക്കുക, ഉപേക്ഷിക്കാതെ വീണ്ടും ഉപയോഗിക്കുക, ,പുനഃചംക്രമണം. പൊതുസ്ഥലങ്ങള്‍ തുപ്പിയും മലമൂത്രവിസര്‍ജനം നടത്തിയും വൃത്തികേടാക്കാതിരിക്കുക. അക്രമവാസനകളോടും വിടപറയാം. കേരളത്തിന്റെ പരിസ്ഥിതിക്കു കോട്ടംതട്ടുന്ന പ്രവൃത്തികള്‍ ചെയ്യില്ലെന്നു മനസ്സുകൊണ്ട് ഉറപ്പിക്കാം.

2. റോഡുകളിലെ സുരക്ഷ: മദ്യപിച്ചും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചും വാഹനമോടിക്കുന്ന ശീലം പലരിലുമുണ്ട്. മുന്‍പേ കടന്നുപോകുന്ന വാഹനങ്ങളെ അവരുടെ വഴിക്കുവിടുക. അവരെ മറികടക്കാനുള്ള നിര്‍ബന്ധം നമുക്കു വേണ്ട. ഓവര്‍ടേക്കിങ് കൊണ്ടുമാത്രം അപകടങ്ങള്‍ പെരുകുന്നു. പത്തോ പതിനഞ്ചോ മിനിറ്റിനു വേണ്ടി അമിതവേഗത്തില്‍ പായുന്ന ശീലം വലിയ റിസ്കാണ്. ദിനംപ്രതി വാഹനാപകടങ്ങളില്‍ മരിച്ചുകൊണ്ടിരിക്കുന്ന ശരാശരി 10 പേരെയും പരുക്കേല്‍ക്കുന്ന 200 പേരെയും ഇടയ്ക്കെങ്കിലും ഓര്‍ക്കുക.

3. ജനസേവകരാകുക: സേവന മേഖലയില്‍ ചിലരെങ്കിലും നിലമറക്കുന്നില്ലേ? ഇനി അങ്ങനെയുണ്ടാവരുത്. സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ജനസേവകരാണെന്ന വസ്തുത വിസ്മരിക്കാതിരിക്കുക. വിദ്യാര്‍ഥികളുടെ പ്രാഥമിക ഉത്തരവാദിത്തം പഠനവും അധ്യാപകരുടേത് അധ്യാപനവുമാണെന്ന് ഒാര്‍ത്തുകൊണ്ടു വര്‍ഷം തുടങ്ങുക. മറ്റെല്ലാം ഇൌ പ്രാഥമിക ഉത്തരവാദിത്തത്തിനു പിന്നാലെ വരും.

4. പാഴാക്കരുത് വൈദ്യുതി: കേരളം വൈദ്യുതിക്ഷാമം ഉള്ള സംസ്ഥാനമാണെന്നു നമ്മളും ഒാര്‍ക്കണം. വെറുതെ വൈദ്യുതി പാഴാക്കാതിരിക്കുക. വീട്ടിലും ജോലിസ്ഥലത്തും വൈദ്യുതി ഉപയോഗം കഴിവതും പരിമിതപ്പെടുത്തുക.

5. ചെടികളും പുസ്തകങ്ങളും: ഇന്ന് എത്രപേര്‍ ചെടി നടും? വീട്ടുവളപ്പിലും ജോലിസ്ഥലത്തും ചെടികളും വൃക്ഷങ്ങളും നിറയാന്‍ നിങ്ങള്‍ കാരണക്കാരാവട്ടെ. പുതുവര്‍ഷവും ജന്മദിനവും എല്ലാം ചെടിനട്ട് ആഘോഷിക്കാം. നിര്‍ബന്ധമായും കുട്ടികളെ വായനശാലകളില്‍ അംഗമാക്കണം. വായനയെ പ്രോല്‍സാഹിപ്പിക്കുക. വിവാഹത്തിനും ജന്മദിനത്തിനും മറ്റും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കണം.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്