വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, July 24, 2012

ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു


ക്യാപ്റ്റന്‍ ലക്ഷ്മി അമരസ്മരണയായി  


വി ജയിന്‍ 

ദേശാഭിമാനി, Posted on: 24-Jul-2012 12:45 PM

കാണ്‍പൂര്‍: പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുതിര്‍ന്ന അന്ത്യാഭിവാദ്യമേറ്റുവാങ്ങി ക്യാപ്റ്റന്‍ ലക്ഷ്മി അമരസ്മരണയായി. രാഷ്ട്രചരിത്രത്തിന്റെ ഏടുകളിലെ സമാനതകളില്ലാത്ത ഉജ്വലമാതൃകയായി അവരുടെ ഓര്‍മ്മകള്‍ എന്നും തുടിച്ചു നില്‍ക്കും. ദേശീയ സ്വാതന്ത്ര്യസമരത്തിലെ ധീരനായികക്ക് രാജ്യം നല്‍കിയത് വിരോചിതമായ യാത്രയയപ്പ്.സിവില്‍ ലൈന്‍സിലെ വീട്ടില്‍ നിന്നും വിലാപയാത്രയായി ഗണേഷ്ശങ്കര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഭൗതിക ശരീരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും അനാട്ടമി വിഭാഗം തലവനും ചേര്‍ന്ന് ഏറ്റുവാങ്ങി.

ആയിരങ്ങളാണ് വിലാപ യാത്രയില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച രാവിലെ കാണ്‍പുരിലെ സിപിഐ എം ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം പത്തിന് വിലാപയാത്ര ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയതോടെ വിലാപയാത്ര വൈകി. മെഡിക്കല്‍ കോളേജിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സിറാണി റജിമെന്റിനെ നയിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സമരഭരിതജീവിതം ഇനി തലമുറകള്‍ക്ക് നിതാന്തപ്രചോദനം.

തിങ്കളാഴ്ച പകല്‍ 11.25ന് കാണ്‍പുര്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. മക്കളായ സുഭാഷിണി അലിയും അനീസയും പേരക്കുട്ടികളും സമീപത്തുണ്ടായിരുന്നു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് സഹോദരിയാണ്. പ്രമുഖ സംവിധായകന്‍ ഷാദ് അലി പേരക്കുട്ടി.മരണശേഷം നേത്രപടലം ഡോക്ടര്‍മാര്‍ മാറ്റി. കണ്ണുകളും മൃതദേഹവും ദാനംചെയ്യാനുള്ള സമ്മതപത്രം നേരത്തേ തയ്യാറാക്കിയിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, യുപിയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍, സമാജ്വാദി പാര്‍ടി, കോണ്‍ഗ്രസ്, ബിജെപി പാര്‍ടി നേതാക്കള്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യുപിയിലെ വിവിധ ജില്ലകളില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകരും സാധാരണജനങ്ങളും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ഡല്‍ഹിയിലെ എ കെ ജി ഭവനില്‍ രക്തപതാക താഴ്ത്തിക്കെട്ടി. നിരവധി പേര്‍ എ കെ ജി ഭവനില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിത്രത്തിനു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ജൂലൈ 19ന് രാവിലെ ഹൃദയാഘാതംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്യാപ്റ്റന്‍ ലക്ഷ്മിക്ക് അന്നുതന്നെ മസ്തിഷ്കാഘാതവുമുണ്ടായി. 20ന് വൈകിട്ട് രക്തസമ്മര്‍ദവും ഹൃദയസ്പന്ദനവും താഴ്ന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അവര്‍ മൂന്ന് ദിവസം അബോധാവസ്ഥയിലായിരുന്നു. 1914 ഒക്ടോബര്‍ 24ന് മദിരാശിയില്‍ പ്രശസ്ത അഭിഭാഷകനായ ഡോ. എസ് സ്വാമിനാഥന്റെയും കോണ്‍ഗ്രസ് നേതാവും നാഷണല്‍ വിമന്‍സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷയും പാര്‍ലമെന്റംഗവും ആനക്കര വടക്കത്ത് കുടുംബാംഗവുമായ അമ്മു സ്വാമിനാഥന്റെയും മകളായി ജനിച്ച ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായ കഥ അത്യാവേശകരവും വിസ്മയകരവുമാണ്. കുട്ടിക്കാലത്ത് വിദേശവസ്ത്രങ്ങളും പാവകളും കത്തിക്കാനും മദ്യഷാപ്പുകള്‍ പിക്കറ്റുചെയ്യാനും ലക്ഷ്മി മുന്നില്‍നിന്നു. വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ കമ്യൂണിസ്റ്റ് നേതാവും സരോജിനി നായിഡുവിന്റെ സഹോദരിയുമായ സുഹാസിനി ചതോപാധ്യായയില്‍നിന്ന് കേട്ട റഷ്യന്‍ വിപ്ലവത്തിന്റെയും കമ്യൂണിസ്റ്റ് പോരാളികളുടെയും കഥകള്‍ ലക്ഷ്മിയിലെ പോരാളിയെ വളര്‍ത്തി. 1940ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം സിംഗപ്പൂരില്‍ ക്ലിനിക് സ്ഥാപിച്ചു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗജന്യശുശ്രൂഷ നല്‍കി. ഒപ്പം ഇന്ത്യ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിലെ പ്രവര്‍ത്തനങ്ങളിലും സജീവമായി.

1942ല്‍ ജപ്പാന്‍ സിംഗപ്പൂര്‍ കീഴടക്കിയപ്പോള്‍ തടവുകാരായി പിടികൂടിയ ബ്രിട്ടീഷ് സൈന്യത്തില്‍ നിരവധി ഇന്ത്യക്കാരുണ്ടായിരുന്നു. തടവുകാരായി പിടിക്കപ്പെട്ടവര്‍ക്ക് എന്തുകൊണ്ട് സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സൈന്യം രൂപീകരിച്ചുകൂടാ എന്ന ചോദ്യം ലക്ഷ്മിയിലും ആവേശമുണര്‍ത്തി. ജനറല്‍ മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഐഎന്‍എ രൂപീകരിക്കുന്നതില്‍ ലക്ഷ്മിയും പങ്കുവഹിച്ചു. 1943 ജൂലൈ നാലിനാണ് ഐഎന്‍എയെ നയിക്കാന്‍ ബര്‍ലിനില്‍നിന്ന് ടോക്യോ വഴി സുഭാഷ്ചന്ദ്രബോസ് സിംഗപ്പൂരിലെത്തിയത്. ജൂലൈ അഞ്ചിന് ഐഎന്‍എയിലെ വനിതാവിഭാഗമായ ഝാന്‍സിറാണി റജിമെന്റിനെ നയിക്കാന്‍ പ്രാപ്തയായ വനിത ആരെന്ന നേതാജിയുടെ ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ കിട്ടിയുള്ളൂ. ക്ലിനിക് അടച്ചുപൂട്ടി ലക്ഷ്മി 'ഝാന്‍സിറാണി റജിമെന്റി'ന്റെ നായികയായി. 1943 ഒക്ടോബര്‍ 21ന് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ ലക്ഷ്മി വനിതാക്ഷേമ മന്ത്രിയായി.

1947 മാര്‍ച്ചില്‍ ലാഹോറില്‍വച്ച് പ്രേംകുമാര്‍ സൈഗാളും ലക്ഷ്മിയും വിവാഹിതരായി. തുടര്‍ന്ന് ഇരുവരും കാണ്‍പൂരില്‍ സ്ഥിരതാമസമാക്കി. കാണ്‍പൂരിലെത്തിയ ഉടന്‍തന്നെ അഭയാര്‍ഥികളെ ശുശ്രൂഷിക്കാനും സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മി മുഴുകി. പിന്നീട് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും അതിനുശേഷം വനിതാപ്രസ്ഥാനത്തിലും അവര്‍ സജീവമായി. 1971ല്‍ സിപിഐ എമ്മില്‍ ചേര്‍ന്നു. 1981ല്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് കാണ്‍പൂരില്‍ സിഖുകാരെ ആക്രമിക്കാന്‍ നടത്തിയ ശ്രമങ്ങളെ അവര്‍ തെരുവിലിറങ്ങിനിന്ന് തടഞ്ഞു. 2002ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എ പി ജെ അബ്ദുള്‍കലാമിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി അവര്‍ മത്സരിച്ചു. 1997ല്‍ പത്മവിഭൂഷണ്‍ പുരസ്കാരം നല്‍കി രാഷ്ട്രം അവരെ ആദരിച്ചു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്