വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, July 24, 2012

ഇന്ത്യയുടെ വീരപുത്രി


ഇന്ത്യയുടെ വീരപുത്രി

ദേശാഭിമാനി,  Posted on: 23-Jul-2012 

ആധുനിക ഇന്ത്യയുടെ വീരപുത്രിയാണ് വിടപറഞ്ഞത്. ദേശീയസ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെയും ഇക്കാലത്തെയും ബന്ധിപ്പിച്ചുനിര്‍ത്തിയ ധീരോദാത്തമായ ഒരു വീരേതിഹാസമാണ് അസ്തമിച്ചത്. ഇത്രയേറെ ത്യാഗോജ്വലമായ പോരാട്ടത്തിന്റെ ധീരചരിത്രമുള്ള മറ്റൊരു സ്വാതന്ത്ര്യസമരസേനാനി ഇനി ഇന്ത്യയിലില്ല. സമാനതകളില്ലാത്ത ഈ ധീരവനിതയ്ക്കുമുന്നില്‍ ലക്ഷ്മി സൈഗാള്‍ എന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സ്മൃതിക്കുമുന്നില്‍ ഞങ്ങള്‍ അഭിവാദ്യപൂര്‍വം പ്രണമിക്കുന്നു.

പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്നതും പഴയ തലമുറയെത്തന്നെ അമ്പരപ്പിക്കുന്നതുമായ ധീരസാഹസിക പോരാട്ടങ്ങള്‍കൊണ്ട് ചടുലമായ ജീവിതത്തിന്റെ ഉടമയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. സമ്പല്‍സമൃദ്ധമായ യാഥാസ്ഥിതിക കുടുംബത്തില്‍ ജനം, തിളക്കമുള്ള മെഡിക്കല്‍ ബിരുദം, സ്വച്ഛമായ ജീവിതം. അത്തരമൊരു പശ്ചാത്തലത്തില്‍നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ കനല്‍പ്പാതകളിലേക്കും ഗറില്ലാ പോരാട്ടരംഗത്തേക്കും വഴിമാറി നടന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടേതിനുസമാനമായി മറ്റൊരു വനിതയുടെ ജീവിതം പുതിയ കാലത്ത് കണ്ടെത്താന്‍ കഴിയില്ല.

നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന ഐഎന്‍എയില്‍ ചേര്‍ന്ന അവര്‍, സ്റ്റെതസ്കോപ്പ് ഇടംകൈയിലും കൈത്തോക്ക് വലതുകൈയിലുമായാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിരിട്ടത്. ഝാന്‍സിറാണി റജിമെന്റിന്റെ അധിപസ്ഥാനത്ത് അവര്‍ എത്തി. ബര്‍മയില്‍ ഗറില്ലായുദ്ധം നയിച്ചു. വെടിയുണ്ടകള്‍ക്കിടയിലൂടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നേതാജി സുഭാഷ്ചന്ദ്രബോസ് 'ആസാദ് ഹിന്ദ്' എന്ന പേരില്‍ പ്രതീകാത്മക പ്രവാസി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ അതില്‍ മന്ത്രിയായി. ബര്‍മയിലെ പോരാട്ടത്തിനിടയില്‍ സൈന്യത്തിന്റെ പിടിയിലായി. ഒരുവര്‍ഷം ഏകാന്തതടവ്. ഇങ്ങനെ ചടുലമായ സംഭവങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറി നീങ്ങിയതായിരുന്നു അവരുടെ ധീരയുവത്വം. വിഭജനത്തിലും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയസമീപനങ്ങളിലും മനംനൊന്ത ക്യാപ്റ്റന്‍ ലക്ഷ്മി, സ്വാതന്ത്ര്യലബ്ധിയെതുടര്‍ന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയെങ്കിലും കുറെ കാലം നിരാശയോടെ നിശബ്ദയായിരുന്നു. ബംഗ്ലാദേശ് വിമോചന സമരകാലത്ത് അതിര്‍ത്തിയില്‍ ശുശ്രൂഷയ്ക്കെത്തിയ ഡോക്ടറെ അക്കാലത്ത് ജ്യോതിബസുവാണ് വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ ക്യാപ്റ്റന്‍ ലക്ഷ്മി സിപിഐ എം കെട്ടിപ്പടുക്കാന്‍ പ്രതികൂലസാഹചര്യങ്ങളെയാകെ വെല്ലുവിളിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ സജീവമായി. മാസ്മരികമായ ആ വ്യക്തിത്വം യുപിയിലെയും ബിഹാറിലെയുമൊക്കെ ഗ്രാമവാസികള്‍ക്ക് പ്രിയങ്കരമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഐ എം ആവശ്യപ്പെട്ടപ്പോള്‍ തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവര്‍ മത്സരിക്കാന്‍ തയ്യാറായി.

സ്നേഹത്തിന്റെയും സാമൂഹ്യമാറ്റത്തിന്റെയും വിപ്ലവാത്മകതയുടെയും സമന്വയവ്യക്തിത്വമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടേത്. മനസ്സിന്റെ ഒരുഭാഗത്ത് പോരാട്ടവീര്യവും മറുഭാഗത്ത് ജീവകാരുണ്യവും അവര്‍ കാത്തുസൂക്ഷിച്ചു. അതുകൊണ്ടുതന്നെ എന്നും രോഗികള്‍ക്ക് സാന്ത്വനമരുളുന്ന ഡോക്ടര്‍കൂടിയായി അവര്‍ പ്രവര്‍ത്തിച്ചു. കാണ്‍പുരിലെ പാവപ്പെട്ടവര്‍ക്കായി പണം മാനദണ്ഡമല്ലാത്ത ആതുരശുശ്രൂഷാകേന്ദ്രം തുറന്നു. രാപ്പകല്‍ഭേദമില്ലാതെ അവര്‍ അവിടെ ചികിത്സാരംഗത്ത് വ്യാപിച്ചു; പ്രത്യേകിച്ചും ദീര്‍ഘയാത്രകള്‍ ശാരീരികമായി അസാധ്യമായ വാര്‍ധക്യത്തിന്റെ നാളുകളില്‍. ഐഎന്‍എയിലായിരിക്കെ ഷാര്‍പ് ഷൂട്ടര്‍ എന്ന് പേരെടുത്ത പോരാളിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി, രാഷ്ട്രീയരംഗത്ത് സാമ്രാജ്യത്വ വര്‍ഗീയശക്തികള്‍ക്കെതിരെ ഉന്നംതെറ്റാതെ വാക്കിന്റെ അമ്പുകളെയ്തു. ഒരു ഘട്ടത്തില്‍ വര്‍ഗീയതയുടെ ശക്തികള്‍ വീടുവളഞ്ഞ് അവരെ വീട്ടുതടങ്കലിലാക്കുന്ന സ്ഥിതിപോലുമുണ്ടായി. ഐഎന്‍എ പോരാളിയെന്ന് അറിയപ്പെടുന്നതിലല്ല, മറിച്ച് സിപിഐ എമ്മിന്റെ പോരാളിയെന്ന് അറിയപ്പെടുന്നതായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി കൂടുതല്‍ അഭിമാനകരമായി കരുതിയിരുന്നത് എന്നത് ശ്രദ്ധേയം.

കമ്യൂണിസ്റ്റ് എന്ന വിശേഷണം അവര്‍ക്ക് പ്രിയങ്കരവും അഭിമാനജനകവുമായി അനുഭവപ്പെട്ടു. അത് അഭിമുഖങ്ങളില്‍ പരസ്യമാക്കാന്‍ അവര്‍ മടിച്ചുമില്ല. പുതിയ കാലത്ത്, സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കും എതിരായും ജനമോചനത്തിനുവേണ്ടിയും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യസമരസേനാനികള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കമ്യൂണിസ്റ്റാവുകയല്ലാതെ തരമില്ലെന്ന സന്ദേശം അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളിലെത്തിച്ചു. ഗുജറാത്തില്‍ അതിഭീകരമായ വര്‍ഗീയവേട്ട നടന്ന നാളുകളില്‍ അതിനെതിരെ വിലക്കു ലംഘിച്ച് നിരത്തിലിറങ്ങി പൊരുതിയ നേതാവാണ് ക്യാപ്റ്റന്‍ ലക്ഷ്മി.

ചെന്നൈയില്‍നിന്ന് പഴയ മലയയിലേക്ക് പോയതും സിംഗപ്പൂരില്‍വച്ച് ജനറല്‍ മോഹന്‍സിങ് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ സമീപത്തേക്ക് 1942ല്‍ നയിച്ചതും യുദ്ധത്തില്‍ പരിക്കേറ്റവരെയും യുദ്ധത്തടവുകാരെയും ചികിത്സിച്ചതും ചികിത്സ പോരാട്ടങ്ങള്‍ക്ക് വഴിമാറിയതും ഝാന്‍സിറാണി റജിമെന്റിന്റെ ക്യാപ്റ്റനായതും ബര്‍മയില്‍ പോയതും അവിടെ ഗറില്ലായുദ്ധമടക്കം നയിച്ചതും ആസാദ് ഹിന്ദ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചതും അതില്‍ മന്ത്രിയായി അറിയപ്പെട്ടതും 1946 മാര്‍ച്ച് നാലിന് ഇന്ത്യയില്‍ വീരോചിതമായ സ്വീകരണം ലഭിച്ചതും 1947ല്‍ കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ വിവാഹം കഴിച്ചതും 1947 ആഗസ്ത് 15നുമുമ്പായുള്ള ആറുമാസങ്ങളില്‍ വിവാഹത്തിന്റെ മധുവിധുകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായ പോരാട്ടങ്ങളില്‍ വ്യാപൃതയായതുമൊക്കെ ഉള്‍പ്പെട്ട ആ ജീവിതത്തിന്റെ ഓരോ അധ്യായവും പുതുതലമുറയ്ക്ക് പാഠപുസ്തകമാകേണ്ടതാണ്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിക്കുന്നതിന് രാജ്യവ്യാപകമായി അവര്‍ യത്നിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലടക്കം വ്യാപരിച്ചു. കേരളത്തിന്റെ മകളാണ് ഇന്ത്യയുടെ ഈ വീരപുത്രി എന്നത് ഓരോ മലയാളിക്കും സവിശേഷമായ അഭിമാനം പകരുന്നതാണ്. അമ്മു സ്വാമിനാഥന്റെയും ഡോ. എസ് സ്വാമിനാഥന്റെയും മകളായാണ് പാലക്കാട് ആനക്കരയിലെ വടക്കത്ത് കുടുംബത്തില്‍ ലക്ഷ്മി ജനിച്ചത്. സ്ത്രീജീവിത ചരിത്രങ്ങളെയാകെ വിസ്മയിപ്പിക്കുന്ന സാഹസികവും യാതനാപൂര്‍ണവും ത്യാഗോജ്വലവും മനുഷ്യസ്നേഹനിര്‍ഭരവും വിമോചകവുമായ ഉള്ളടക്കത്തോടുകൂടിയ ഒരു ജീവിതയാത്രയുടെ തുടക്കമായിരുന്നു അത്. മാതൃകാപരമായ ആ വിപ്ലവജീവിത സ്മരണയ്ക്കുമുന്നില്‍ ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. സുഭാഷിണി അലി അടക്കമുള്ള കുടുംബാംഗങ്ങളുടെയും ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്നേഹിക്കുന്ന പുരോഗമന ജനതതിയുടെയും ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്