മനസ്ഥൈര്യത്തിന്റെ ക്യാപ്റ്റന്‍
ദിനേശ് വര്‍മ
ദേശാഭിമാനി, Posted on: 23-Jul-2012
ക്യാപ്റ്റന്‍ ലക്ഷ്മിയോടൊപ്പമുണ്ടായിരുന്നവര്‍ എന്നേ അരങ്ങൊഴിഞ്ഞു. എന്നാല്‍, രാജ്യത്തിന്റെ സമരപാതകളും ത്യാഗേതിഹാസങ്ങളും ഓര്‍മിപ്പിച്ച ദീപസ്തംഭമായി കാണ്‍പുരിലെ വീട്ടില്‍ അവര്‍ പ്രസരിപ്പോടെ ജീവിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം അറിയാവുന്ന ഏവര്‍ക്കും അഭിമാനാതിരേകം നല്‍കി ആ സാന്നിധ്യം. സിവില്‍ലെയ്നിലുള്ള ആ വീട്ടിലേക്ക് ചെല്ലുമ്പോള്‍ പ്രതീക്ഷിച്ചില്ല, 98 വയസ്സ് കഴിഞ്ഞ അവര്‍ ഇത്ര ശക്തമായും മനോഹരമായും സംസാരിക്കുമെന്ന്. പാലക്കാട്ട് ആനക്കര വടക്കത്ത് വീട്ടില്‍നിന്ന് മലേഷ്യയിലും സിംഗപ്പുരിലും ബര്‍മയിലും എത്തി ഇന്ത്യയുടെ മോചനത്തിനായി പടപൊരുതിയ ലക്ഷ്മി കാണ്‍പുരിന്റെയും പ്രിയപുത്രിയായി.
യുപിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടക്കെയാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ കണ്ടത്. കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ കാര്യം പറഞ്ഞപാടെ സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു: "ഞാന്‍ പറന്നെത്തും" എന്ന്. മകള്‍ സുഭാഷിണി അലി കേള്‍ക്കാതിരിക്കാനായിരുന്നു സ്വകാര്യം. "അമ്മയ്ക്ക് യാത്ര ചെയ്യാനൊന്നും വയ്യ, എവിടേയ്ക്കുമില്ല" എന്നായിരുന്നു സുഭാഷിണി അലിയുടെ മറുപടി. മാര്‍ഗരി ദത്തയെന്നു പേരായ ഇംഗ്ലണ്ടുകാരി മുന്നിലിരുന്ന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മുഖത്തുതന്നെ നോക്കിയിരിക്കുന്നതും കണ്ടു. അവര്‍ നിത്യേനയുള്ള സന്ദര്‍ശകയാണെന്ന് പിന്നീട് അറിഞ്ഞു. കണ്ടുകൊണ്ടിരുന്ന ഹിന്ദിപരിപാടി നിര്‍ത്തി ക്യാപ്റ്റന്‍ സംസാരിച്ചു. യുപിയെക്കുറിച്ച്, പാലക്കാടിനെക്കുറിച്ച്, പഴയകാല സമരമുഖങ്ങളെക്കുറിച്ച്. ഓര്‍മക്കുറവുണ്ടെങ്കിലും ചോദിച്ചവയ്ക്കൊക്കെ കൃത്യമായ മറുപടി കിട്ടി. തണുത്തുറഞ്ഞ രാത്രിയിലേക്ക് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ വിചാരിച്ചില്ല അവരുമായി അഭിമുഖം നടത്തുന്ന അവസാനത്തെ പത്രപ്രവര്‍ത്തകനാണ് താനെന്ന്. ജീവിതത്തിലെ ലാളിത്യവും പാവങ്ങളോടുള്ള അനുകമ്പയും അവസാന കാലംവരെ കാത്തുസൂക്ഷിച്ചു അവര്‍. ഞങ്ങള്‍ ആദ്യം സിറ്റൗട്ടില്‍ കാത്തിരിക്കുമ്പോള്‍ കരുതിയത് അവര്‍ മുറിയില്‍ വിശ്രമിക്കുകയാണെന്നായിരുന്നു. ചോദിച്ചപ്പോള്‍ സഹായിയാണ് പറഞ്ഞത് ക്ലിനിക്കില്‍നിന്ന് എത്തിയിട്ടില്ലെന്ന്. തൊട്ടടുത്ത് ഒരു ക്ലിനിക്കിട്ട് സൗജന്യ ചികിത്സ നല്‍കിയിരുന്നു അവര്‍. രോഗാതുരതയുടെ വേദനയില്‍ പുളഞ്ഞ ദരിദ്രര്‍ക്ക് സൗജന്യ ശുശ്രൂഷനല്‍കാന്‍ കടല്‍ കടന്ന പാരമ്പര്യത്തിന്റെ തരുമ്പും ചോര്‍ന്നിരുന്നില്ല.
വീടിന്റെ ചുവരുകള്‍ നിറച്ച കറുപ്പ്വെളുപ്പ് ചിത്രങ്ങളിലൂടെ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജിവിതം വായിച്ചെടുത്തു. കുട്ടിയായിരുന്നപ്പോള്‍, ഐഎന്‍എ ഭടനായിരുന്നപ്പോള്‍, സുഭാഷ് ചന്ദ്രബോസിനൊപ്പം, ആതുരാലയത്തില്‍, യുദ്ധമുഖത്ത്, കുടുംബം, നേതാക്കളോടോപ്പം, ഒക്കെയുള്ള നേര്‍ചിത്രങ്ങള്‍. ആതുരശുശ്രൂഷയോട് അവര്‍ക്കുള്ള സമര്‍പ്പണം എത്രയെന്ന് അന്ന് പറഞ്ഞ വാക്കുകള്‍തന്നെ നിദാനം: "തീരെ ദരിദ്രരായ, ഉടുതുണിക്ക് മറുതുണിയില്ലാത്ത അനേകം സ്ത്രീകളുടെ പ്രസവമെടുക്കാനും ശുശ്രൂഷയ്ക്കും പോയിട്ടുണ്ട് ഇവിടെ. സിംഗപ്പുരിലും ബര്‍മയിലും യുദ്ധത്തില്‍ മുറിവേറ്റവരെയാണ് ശുശ്രൂഷിക്കാനുണ്ടായിരുന്നത്. ഇവിടെ വന്നശേഷവും ശുശ്രൂഷ തുടര്‍ന്നു. ഏത് പാതിരക്കായാലും പാവങ്ങള്‍ വന്നു വിളിച്ചാല്‍ പോകും. കുറ്റാ കൂരിരുട്ടില്‍ വൃത്തിഹീനമായ അന്തീക്ഷത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് ചികിത്സ നല്‍കാന്‍ ഓടിയെത്തിയിരുന്നു. ഇന്ന് അങ്ങോട്ട് പോകാന്‍ വയ്യാത്ത പ്രായം. അതുകൊണ്ട് ദിവസവും ഇപ്പോഴും, ഇവിടെ ക്ലിനിക്കില്‍ പോകും. അവിടെയും അനവധി ദരിദ്രരാണ് ചികിത്സ തേടിയെത്തുന്നത്. സൗജന്യമാണെന്നറിഞ്ഞ് പണമുള്ളവരും ചികിത്സയ്ക്കെത്താറുണ്ട്. എനിക്ക് മനസ്സിലാകുമെങ്കിലും ഞാന്‍ ഒന്നും മിണ്ടാറില്ല." കേരളത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആനക്കരയിലെ പാടവരമ്പുകളും കൊന്നപ്പൂക്കളും മറ്റും അവര്‍ക്ക് ഓര്‍മ വന്നു, അച്ഛന്‍ സ്വാമിനാഥന്റെ കൈപിടിച്ച് നടന്ന കാലം. "കഴിഞ്ഞ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്കായി നാട്ടില്‍ പോയിരുന്നു. ഒന്നു കൂടെ പോകണം, നടക്കുമോ എന്നറിയില്ല..." കേരളത്തിലെ ജാതിഭ്രാന്തിന്റെ മ്ലേച്ഛമുഖത്തെ സ്വന്തം വീട്ടുമുറ്റത്ത് കണ്ട് വളര്‍ന്ന ക്യാപ്റ്റന്‍ അതിനെതിരെ കടുത്ത പോരാട്ടം നടത്തിയിട്ടുണ്ട്. "അവരെ തൊടരുത്, മറ്റവരോട് മിണ്ടരുത് തുടങ്ങി വിലക്കുകള്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ പറയാറുള്ളത് ഇന്നും ഓര്‍ക്കുന്നു. എന്താണ് അവരെ തൊട്ടാല്‍, അവരും നമ്മുടെപോലെ മനുഷ്യരല്ലേയെന്നൊക്കെ അക്കാലത്തുതന്നെ തോന്നിയിരുന്നു." മടങ്ങാന്‍ നേരം പറഞ്ഞത് കേരളത്തിലെ നേതാക്കള്‍ കാണ്‍പുരിലെത്താറുള്ള കഥകളാണ്. എന്തെങ്കിലും പരിപാടിക്കായി വരുമ്പോള്‍ ഈ വീട്ടില്‍ കയറാതെ മടങ്ങാറില്ല, ഭക്ഷണം നിര്‍ബന്ധം. തണുപ്പിന്റെ കാഠിന്യത്തില്‍ നൊന്ത് ഞങ്ങള്‍ കൈകള്‍ ചുരുട്ടി സ്വറ്ററിനുള്ളിലേക്ക് വലിച്ചു കയറ്റിയപ്പോള്‍ വെളുത്ത് മെലിഞ്ഞ കൈ വാനിലേക്ക് എറിഞ്ഞാണ് ക്യാപ്റ്റന്‍ ലക്ഷ്മി യാത്ര പറഞ്ഞത്. കാണ്‍പുരില്‍ കുടിലുകളില്‍ അവഗണനയും അവശതയും ഏറ്റുവാങ്ങിയ സ്ത്രീകള്‍ക്ക് തണലായിരുന്നു അവര്‍. ആ നാടിന്റെ പ്രിയപുത്രിയായിരുന്നു അവര്‍. അതുകൊണ്ടാണ് സമരവേദികളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ കാണ്‍പുരിലെ തൊഴിലാളികള്‍ "ലക്ഷ്മി സൈഗാള്‍ സിന്ദാബാദ്" എന്ന് മറക്കാതെ വിളിക്കാറുള്ളത്. ആ മുദ്രാവാക്യത്തിന് മരിക്കാനാവില്ലല്ലോ.
No comments:
Post a Comment