വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, July 24, 2012

മനസ്ഥൈര്യത്തിന്റെ ക്യാപ്റ്റന്‍


മനസ്ഥൈര്യത്തിന്റെ ക്യാപ്റ്റന്‍


ദിനേശ് വര്‍മ


 ദേശാഭിമാനി, Posted on: 23-Jul-2012 

ക്യാപ്റ്റന്‍ ലക്ഷ്മിയോടൊപ്പമുണ്ടായിരുന്നവര്‍ എന്നേ അരങ്ങൊഴിഞ്ഞു. എന്നാല്‍, രാജ്യത്തിന്റെ സമരപാതകളും ത്യാഗേതിഹാസങ്ങളും ഓര്‍മിപ്പിച്ച ദീപസ്തംഭമായി കാണ്‍പുരിലെ വീട്ടില്‍ അവര്‍ പ്രസരിപ്പോടെ ജീവിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം അറിയാവുന്ന ഏവര്‍ക്കും അഭിമാനാതിരേകം നല്‍കി ആ സാന്നിധ്യം. സിവില്‍ലെയ്നിലുള്ള ആ വീട്ടിലേക്ക് ചെല്ലുമ്പോള്‍ പ്രതീക്ഷിച്ചില്ല, 98 വയസ്സ് കഴിഞ്ഞ അവര്‍ ഇത്ര ശക്തമായും മനോഹരമായും സംസാരിക്കുമെന്ന്. പാലക്കാട്ട് ആനക്കര വടക്കത്ത് വീട്ടില്‍നിന്ന് മലേഷ്യയിലും സിംഗപ്പുരിലും ബര്‍മയിലും എത്തി ഇന്ത്യയുടെ മോചനത്തിനായി പടപൊരുതിയ ലക്ഷ്മി കാണ്‍പുരിന്റെയും പ്രിയപുത്രിയായി.

യുപിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടക്കെയാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ കണ്ടത്. കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ കാര്യം പറഞ്ഞപാടെ സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു: "ഞാന്‍ പറന്നെത്തും" എന്ന്. മകള്‍ സുഭാഷിണി അലി കേള്‍ക്കാതിരിക്കാനായിരുന്നു സ്വകാര്യം. "അമ്മയ്ക്ക് യാത്ര ചെയ്യാനൊന്നും വയ്യ, എവിടേയ്ക്കുമില്ല" എന്നായിരുന്നു സുഭാഷിണി അലിയുടെ മറുപടി. മാര്‍ഗരി ദത്തയെന്നു പേരായ ഇംഗ്ലണ്ടുകാരി മുന്നിലിരുന്ന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മുഖത്തുതന്നെ നോക്കിയിരിക്കുന്നതും കണ്ടു. അവര്‍ നിത്യേനയുള്ള സന്ദര്‍ശകയാണെന്ന് പിന്നീട് അറിഞ്ഞു. കണ്ടുകൊണ്ടിരുന്ന ഹിന്ദിപരിപാടി നിര്‍ത്തി ക്യാപ്റ്റന്‍ സംസാരിച്ചു. യുപിയെക്കുറിച്ച്, പാലക്കാടിനെക്കുറിച്ച്, പഴയകാല സമരമുഖങ്ങളെക്കുറിച്ച്. ഓര്‍മക്കുറവുണ്ടെങ്കിലും ചോദിച്ചവയ്ക്കൊക്കെ കൃത്യമായ മറുപടി കിട്ടി. തണുത്തുറഞ്ഞ രാത്രിയിലേക്ക് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ വിചാരിച്ചില്ല അവരുമായി അഭിമുഖം നടത്തുന്ന അവസാനത്തെ പത്രപ്രവര്‍ത്തകനാണ് താനെന്ന്. ജീവിതത്തിലെ ലാളിത്യവും പാവങ്ങളോടുള്ള അനുകമ്പയും അവസാന കാലംവരെ കാത്തുസൂക്ഷിച്ചു അവര്‍. ഞങ്ങള്‍ ആദ്യം സിറ്റൗട്ടില്‍ കാത്തിരിക്കുമ്പോള്‍ കരുതിയത് അവര്‍ മുറിയില്‍ വിശ്രമിക്കുകയാണെന്നായിരുന്നു. ചോദിച്ചപ്പോള്‍ സഹായിയാണ് പറഞ്ഞത് ക്ലിനിക്കില്‍നിന്ന് എത്തിയിട്ടില്ലെന്ന്. തൊട്ടടുത്ത് ഒരു ക്ലിനിക്കിട്ട് സൗജന്യ ചികിത്സ നല്‍കിയിരുന്നു അവര്‍. രോഗാതുരതയുടെ വേദനയില്‍ പുളഞ്ഞ ദരിദ്രര്‍ക്ക് സൗജന്യ ശുശ്രൂഷനല്‍കാന്‍ കടല്‍ കടന്ന പാരമ്പര്യത്തിന്റെ തരുമ്പും ചോര്‍ന്നിരുന്നില്ല.

വീടിന്റെ ചുവരുകള്‍ നിറച്ച കറുപ്പ്വെളുപ്പ് ചിത്രങ്ങളിലൂടെ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജിവിതം വായിച്ചെടുത്തു. കുട്ടിയായിരുന്നപ്പോള്‍, ഐഎന്‍എ ഭടനായിരുന്നപ്പോള്‍, സുഭാഷ് ചന്ദ്രബോസിനൊപ്പം, ആതുരാലയത്തില്‍, യുദ്ധമുഖത്ത്, കുടുംബം, നേതാക്കളോടോപ്പം, ഒക്കെയുള്ള നേര്‍ചിത്രങ്ങള്‍. ആതുരശുശ്രൂഷയോട് അവര്‍ക്കുള്ള സമര്‍പ്പണം എത്രയെന്ന് അന്ന് പറഞ്ഞ വാക്കുകള്‍തന്നെ നിദാനം: "തീരെ ദരിദ്രരായ, ഉടുതുണിക്ക് മറുതുണിയില്ലാത്ത അനേകം സ്ത്രീകളുടെ പ്രസവമെടുക്കാനും ശുശ്രൂഷയ്ക്കും പോയിട്ടുണ്ട് ഇവിടെ. സിംഗപ്പുരിലും ബര്‍മയിലും യുദ്ധത്തില്‍ മുറിവേറ്റവരെയാണ് ശുശ്രൂഷിക്കാനുണ്ടായിരുന്നത്. ഇവിടെ വന്നശേഷവും ശുശ്രൂഷ തുടര്‍ന്നു. ഏത് പാതിരക്കായാലും പാവങ്ങള്‍ വന്നു വിളിച്ചാല്‍ പോകും. കുറ്റാ കൂരിരുട്ടില്‍ വൃത്തിഹീനമായ അന്തീക്ഷത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് ചികിത്സ നല്‍കാന്‍ ഓടിയെത്തിയിരുന്നു. ഇന്ന് അങ്ങോട്ട് പോകാന്‍ വയ്യാത്ത പ്രായം. അതുകൊണ്ട് ദിവസവും ഇപ്പോഴും, ഇവിടെ ക്ലിനിക്കില്‍ പോകും. അവിടെയും അനവധി ദരിദ്രരാണ് ചികിത്സ തേടിയെത്തുന്നത്. സൗജന്യമാണെന്നറിഞ്ഞ് പണമുള്ളവരും ചികിത്സയ്ക്കെത്താറുണ്ട്. എനിക്ക് മനസ്സിലാകുമെങ്കിലും ഞാന്‍ ഒന്നും മിണ്ടാറില്ല." കേരളത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആനക്കരയിലെ പാടവരമ്പുകളും കൊന്നപ്പൂക്കളും മറ്റും അവര്‍ക്ക് ഓര്‍മ വന്നു, അച്ഛന്‍ സ്വാമിനാഥന്റെ കൈപിടിച്ച് നടന്ന കാലം. "കഴിഞ്ഞ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്കായി നാട്ടില്‍ പോയിരുന്നു. ഒന്നു കൂടെ പോകണം, നടക്കുമോ എന്നറിയില്ല..." കേരളത്തിലെ ജാതിഭ്രാന്തിന്റെ മ്ലേച്ഛമുഖത്തെ സ്വന്തം വീട്ടുമുറ്റത്ത് കണ്ട് വളര്‍ന്ന ക്യാപ്റ്റന്‍ അതിനെതിരെ കടുത്ത പോരാട്ടം നടത്തിയിട്ടുണ്ട്. "അവരെ തൊടരുത്, മറ്റവരോട് മിണ്ടരുത് തുടങ്ങി വിലക്കുകള്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ പറയാറുള്ളത് ഇന്നും ഓര്‍ക്കുന്നു. എന്താണ് അവരെ തൊട്ടാല്‍, അവരും നമ്മുടെപോലെ മനുഷ്യരല്ലേയെന്നൊക്കെ അക്കാലത്തുതന്നെ തോന്നിയിരുന്നു." മടങ്ങാന്‍ നേരം പറഞ്ഞത് കേരളത്തിലെ നേതാക്കള്‍ കാണ്‍പുരിലെത്താറുള്ള കഥകളാണ്. എന്തെങ്കിലും പരിപാടിക്കായി വരുമ്പോള്‍ ഈ വീട്ടില്‍ കയറാതെ മടങ്ങാറില്ല, ഭക്ഷണം നിര്‍ബന്ധം. തണുപ്പിന്റെ കാഠിന്യത്തില്‍ നൊന്ത് ഞങ്ങള്‍ കൈകള്‍ ചുരുട്ടി സ്വറ്ററിനുള്ളിലേക്ക് വലിച്ചു കയറ്റിയപ്പോള്‍ വെളുത്ത് മെലിഞ്ഞ കൈ വാനിലേക്ക് എറിഞ്ഞാണ് ക്യാപ്റ്റന്‍ ലക്ഷ്മി യാത്ര പറഞ്ഞത്. കാണ്‍പുരില്‍ കുടിലുകളില്‍ അവഗണനയും അവശതയും ഏറ്റുവാങ്ങിയ സ്ത്രീകള്‍ക്ക് തണലായിരുന്നു അവര്‍. ആ നാടിന്റെ പ്രിയപുത്രിയായിരുന്നു അവര്‍. അതുകൊണ്ടാണ് സമരവേദികളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ കാണ്‍പുരിലെ തൊഴിലാളികള്‍ "ലക്ഷ്മി സൈഗാള്‍ സിന്ദാബാദ്" എന്ന് മറക്കാതെ വിളിക്കാറുള്ളത്. ആ മുദ്രാവാക്യത്തിന് മരിക്കാനാവില്ലല്ലോ.

ഡോക്ടറെ ക്യാപ്റ്റനാക്കിയ സിംഗപ്പൂര്‍


ഡോക്ടറെ ക്യാപ്റ്റനാക്കിയ സിംഗപ്പൂര്‍

ദേശാഭിമാനി, Posted on: 23-Jul-2012 11:43 PM 

സ്വാതന്ത്ര്യപ്രക്ഷോഭം ലക്ഷ്യത്തോടടുക്കുന്ന കാലം. അലയടിച്ചുയരുന്ന പ്രക്ഷോഭതരംഗത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ വിദേശമേധാവിത്വം കടപുഴക്കിയെറിയാനുള്ള ജീവന്മരണപോരാട്ടത്തില്‍. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമാധാനപരമായ സമരങ്ങള്‍ക്കുപുറമെ യുവ വിപ്ലവകാരികളുടെ സായുധപോരാട്ടവും ശക്തമായി. ഈ സന്ദര്‍ഭത്തിലാണ് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ സംഘടിപ്പിച്ച് രൂപീകരിച്ച ഇന്ത്യന്‍ ദേശീയസേന (ഐഎന്‍എ) ബ്രിട്ടീഷ് സേനയ്ക്കെതിരെ പടനീക്കമാരംഭിച്ചത്. ഐഎന്‍എയുടെ വനിതാവിഭാഗമായ റാണി ലക്ഷ്മി റെജിമെന്റിന്റെ പടനായികയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.

മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് വൈദ്യശാസ്ത്രപഠനം കഴിഞ്ഞ് യാദൃച്ഛികമായാണ് ഡോ. ലക്ഷ്മി സിംഗപ്പൂരിലെത്തിയത്. ഈ യാത്ര ലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള കുടുംബത്തില്‍ അംഗമായ ലക്ഷ്മി സിംഗപ്പൂരിലുണ്ടായിരുന്ന കെ പി കേശവമേനോനും കുടുംബവുമായി അടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മിയും ഭാഗഭാക്കായി. ലേഡി ഡോക്ടറുടെ കുറവുണ്ടെന്ന് അവിടത്തെ സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ അവിടെ തുടരാന്‍തന്നെ തീരുമാനിച്ചു. 1941ല്‍ രാഷ്ബിഹാരി ബോസ് ഇന്ത്യാ സ്വാതന്ത്ര്യ ലീഗ് സ്ഥാപിച്ചതുമുതല്‍ ലക്ഷ്മി അതിന്റെ പ്രവര്‍ത്തകയായി. രണ്ടാം ലോകയുദ്ധം കിഴക്കനേഷ്യയിലേക്കും കടന്നതോടെ ലീഗിന്റെ നേതൃത്വത്തില്‍ സിംഗപ്പൂരില്‍ അഭയാര്‍ഥികളുടെ ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്മിയും മുന്‍കൈയെടുത്തു. ഒരു ഡോക്ടറെന്ന നിലയില്‍ ലക്ഷ്മിയുടെ സേവനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. രാഷ്ബിഹാരി ബോസ് ഇന്ത്യ സ്വാതന്ത്ര്യ ലീഗ് സ്ഥാപിച്ച സമയത്തുതന്നെ ജപ്പാന്റെ സഹായത്തോടെ ജനറല്‍ മോഹന്‍സിങ് ഐഎന്‍എയും രൂപീകരിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്നു മോഹന്‍സിങ്. ജപ്പാന്റെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട ബ്രിട്ടന്‍ കിഴക്കനേഷ്യന്‍ യുദ്ധമേഖലയില്‍ ഇന്ത്യന്‍ ഭടന്മാരെ നിര്‍ത്തി പിന്‍വലിയുകയായിരുന്നു. അങ്ങനെ തഴയപ്പെട്ട് ജപ്പാന്റെ പിടിയിലായ ഇന്ത്യന്‍ സൈനികരെ സംഘടിപ്പിച്ചാണ് ഐഎന്‍എ രൂപീകരിച്ചത്.

ഇതോടെ സ്വതന്ത്ര്യലീഗിന്റെയും ഐഎന്‍എയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രാഷ്ബിഹാരി ബോസ് അധ്യക്ഷനായി പ്രവര്‍ത്തകസമിതി രൂപീകരിച്ചു. പിന്നീട് ജപ്പാനുമായി തെറ്റിയ മോഹന്‍സിങ് അവരുടെ തടവിലാവുകയും ഐഎന്‍എയുടെ പ്രവര്‍ത്തനം അധ്യക്ഷന്‍ രാഷ്ബിഹാരി ബോസിലൊതുങ്ങുകയും ചെയ്തു. തുടര്‍ന്ന് ലക്ഷ്മിയുടെയും മറ്റും സഹായത്തോടെയാണ് ബോസ് ഐഎന്‍എയും ലീഗും പുനഃസംഘടിപ്പിച്ചത്. ലീഗും ഐഎന്‍എയും പ്രതിസന്ധി അതിജീവിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം രാഷ്ബിഹാരി ബോസ് സുഭാഷ്ചന്ദ്രബോസിനെ ക്ഷണിച്ചുവരുത്തി അവയുടെ നേതൃത്വം കൈമാറി. അതോടെയാണ് ലക്ഷ്മി സുഭാഷ്ചന്ദ്രബോസിന്റെ വിശ്വസ്ത സഹപ്രവര്‍ത്തകയായത്. 1943 ജൂലൈയില്‍ സുഭാഷ് ഐഎന്‍എയുടെ നേതൃത്വം ഏറ്റെടുത്തതോടെ ആറാഴ്ചകൊണ്ട് അതിന്റെ അംഗബലം 30,000ല്‍നിന്ന് 60,000 ആയി ഉയര്‍ന്നു. സേനയുടെ പ്രവര്‍ത്തനത്തില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ സുഭാഷ് തീരുമാനിച്ചു. ഇതിന്റെ നേതൃത്വം ഏല്‍പ്പിച്ചത് ലക്ഷ്മിയെയാണ്. അങ്ങനെ ജൂലൈയില്‍തന്നെ ഐഎന്‍എയുടെ വനിതാ വിഭാഗമായി ലക്ഷ്മി ക്യാപ്റ്റനായ റാണി ലക്ഷ്മി റെജിമെന്റ് രൂപീകരിക്കപ്പെട്ടു. അതോടെ ഡോക്ടര്‍ ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായി.

അതേവര്‍ഷം ഒക്ടോബര്‍ 21ന് സിംഗപ്പൂരിലെ കാതേ തിയറ്റില്‍ സുഭാഷ് സ്വതന്ത്രഭാരതത്തിന് ഒരു താല്‍ക്കാലിക പ്രവാസ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ലക്ഷ്മിയും അതില്‍ അംഗമായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനവേളയില്‍ ഒന്നൊന്നായി ഇന്ത്യന്‍ പ്രദേശങ്ങള്‍ മോചിപ്പിക്കാന്‍ ഐഎന്‍എ ഭടന്മാര്‍ പടനീക്കം ആരംഭിച്ചു. വഴിയില്‍ ലക്ഷ്മിയും സംഘവും ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായി. ദേശീയ നേതാക്കളുടെ സമ്മര്‍ദത്തെതുടര്‍ന്ന് 1946ല്‍ മോചിപ്പിക്കപ്പെട്ട ലക്ഷ്മി മാര്‍ച്ചില്‍ കല്‍ക്കത്തയില്‍ വന്നിറങ്ങി. തുടര്‍ന്ന് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.

ഇന്ത്യയുടെ വീരപുത്രി


ഇന്ത്യയുടെ വീരപുത്രി

ദേശാഭിമാനി,  Posted on: 23-Jul-2012 

ആധുനിക ഇന്ത്യയുടെ വീരപുത്രിയാണ് വിടപറഞ്ഞത്. ദേശീയസ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെയും ഇക്കാലത്തെയും ബന്ധിപ്പിച്ചുനിര്‍ത്തിയ ധീരോദാത്തമായ ഒരു വീരേതിഹാസമാണ് അസ്തമിച്ചത്. ഇത്രയേറെ ത്യാഗോജ്വലമായ പോരാട്ടത്തിന്റെ ധീരചരിത്രമുള്ള മറ്റൊരു സ്വാതന്ത്ര്യസമരസേനാനി ഇനി ഇന്ത്യയിലില്ല. സമാനതകളില്ലാത്ത ഈ ധീരവനിതയ്ക്കുമുന്നില്‍ ലക്ഷ്മി സൈഗാള്‍ എന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സ്മൃതിക്കുമുന്നില്‍ ഞങ്ങള്‍ അഭിവാദ്യപൂര്‍വം പ്രണമിക്കുന്നു.

പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്നതും പഴയ തലമുറയെത്തന്നെ അമ്പരപ്പിക്കുന്നതുമായ ധീരസാഹസിക പോരാട്ടങ്ങള്‍കൊണ്ട് ചടുലമായ ജീവിതത്തിന്റെ ഉടമയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. സമ്പല്‍സമൃദ്ധമായ യാഥാസ്ഥിതിക കുടുംബത്തില്‍ ജനം, തിളക്കമുള്ള മെഡിക്കല്‍ ബിരുദം, സ്വച്ഛമായ ജീവിതം. അത്തരമൊരു പശ്ചാത്തലത്തില്‍നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ കനല്‍പ്പാതകളിലേക്കും ഗറില്ലാ പോരാട്ടരംഗത്തേക്കും വഴിമാറി നടന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടേതിനുസമാനമായി മറ്റൊരു വനിതയുടെ ജീവിതം പുതിയ കാലത്ത് കണ്ടെത്താന്‍ കഴിയില്ല.

നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന ഐഎന്‍എയില്‍ ചേര്‍ന്ന അവര്‍, സ്റ്റെതസ്കോപ്പ് ഇടംകൈയിലും കൈത്തോക്ക് വലതുകൈയിലുമായാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിരിട്ടത്. ഝാന്‍സിറാണി റജിമെന്റിന്റെ അധിപസ്ഥാനത്ത് അവര്‍ എത്തി. ബര്‍മയില്‍ ഗറില്ലായുദ്ധം നയിച്ചു. വെടിയുണ്ടകള്‍ക്കിടയിലൂടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നേതാജി സുഭാഷ്ചന്ദ്രബോസ് 'ആസാദ് ഹിന്ദ്' എന്ന പേരില്‍ പ്രതീകാത്മക പ്രവാസി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ അതില്‍ മന്ത്രിയായി. ബര്‍മയിലെ പോരാട്ടത്തിനിടയില്‍ സൈന്യത്തിന്റെ പിടിയിലായി. ഒരുവര്‍ഷം ഏകാന്തതടവ്. ഇങ്ങനെ ചടുലമായ സംഭവങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറി നീങ്ങിയതായിരുന്നു അവരുടെ ധീരയുവത്വം. വിഭജനത്തിലും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയസമീപനങ്ങളിലും മനംനൊന്ത ക്യാപ്റ്റന്‍ ലക്ഷ്മി, സ്വാതന്ത്ര്യലബ്ധിയെതുടര്‍ന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയെങ്കിലും കുറെ കാലം നിരാശയോടെ നിശബ്ദയായിരുന്നു. ബംഗ്ലാദേശ് വിമോചന സമരകാലത്ത് അതിര്‍ത്തിയില്‍ ശുശ്രൂഷയ്ക്കെത്തിയ ഡോക്ടറെ അക്കാലത്ത് ജ്യോതിബസുവാണ് വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ ക്യാപ്റ്റന്‍ ലക്ഷ്മി സിപിഐ എം കെട്ടിപ്പടുക്കാന്‍ പ്രതികൂലസാഹചര്യങ്ങളെയാകെ വെല്ലുവിളിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ സജീവമായി. മാസ്മരികമായ ആ വ്യക്തിത്വം യുപിയിലെയും ബിഹാറിലെയുമൊക്കെ ഗ്രാമവാസികള്‍ക്ക് പ്രിയങ്കരമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഐ എം ആവശ്യപ്പെട്ടപ്പോള്‍ തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവര്‍ മത്സരിക്കാന്‍ തയ്യാറായി.

സ്നേഹത്തിന്റെയും സാമൂഹ്യമാറ്റത്തിന്റെയും വിപ്ലവാത്മകതയുടെയും സമന്വയവ്യക്തിത്വമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടേത്. മനസ്സിന്റെ ഒരുഭാഗത്ത് പോരാട്ടവീര്യവും മറുഭാഗത്ത് ജീവകാരുണ്യവും അവര്‍ കാത്തുസൂക്ഷിച്ചു. അതുകൊണ്ടുതന്നെ എന്നും രോഗികള്‍ക്ക് സാന്ത്വനമരുളുന്ന ഡോക്ടര്‍കൂടിയായി അവര്‍ പ്രവര്‍ത്തിച്ചു. കാണ്‍പുരിലെ പാവപ്പെട്ടവര്‍ക്കായി പണം മാനദണ്ഡമല്ലാത്ത ആതുരശുശ്രൂഷാകേന്ദ്രം തുറന്നു. രാപ്പകല്‍ഭേദമില്ലാതെ അവര്‍ അവിടെ ചികിത്സാരംഗത്ത് വ്യാപിച്ചു; പ്രത്യേകിച്ചും ദീര്‍ഘയാത്രകള്‍ ശാരീരികമായി അസാധ്യമായ വാര്‍ധക്യത്തിന്റെ നാളുകളില്‍. ഐഎന്‍എയിലായിരിക്കെ ഷാര്‍പ് ഷൂട്ടര്‍ എന്ന് പേരെടുത്ത പോരാളിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി, രാഷ്ട്രീയരംഗത്ത് സാമ്രാജ്യത്വ വര്‍ഗീയശക്തികള്‍ക്കെതിരെ ഉന്നംതെറ്റാതെ വാക്കിന്റെ അമ്പുകളെയ്തു. ഒരു ഘട്ടത്തില്‍ വര്‍ഗീയതയുടെ ശക്തികള്‍ വീടുവളഞ്ഞ് അവരെ വീട്ടുതടങ്കലിലാക്കുന്ന സ്ഥിതിപോലുമുണ്ടായി. ഐഎന്‍എ പോരാളിയെന്ന് അറിയപ്പെടുന്നതിലല്ല, മറിച്ച് സിപിഐ എമ്മിന്റെ പോരാളിയെന്ന് അറിയപ്പെടുന്നതായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി കൂടുതല്‍ അഭിമാനകരമായി കരുതിയിരുന്നത് എന്നത് ശ്രദ്ധേയം.

കമ്യൂണിസ്റ്റ് എന്ന വിശേഷണം അവര്‍ക്ക് പ്രിയങ്കരവും അഭിമാനജനകവുമായി അനുഭവപ്പെട്ടു. അത് അഭിമുഖങ്ങളില്‍ പരസ്യമാക്കാന്‍ അവര്‍ മടിച്ചുമില്ല. പുതിയ കാലത്ത്, സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കും എതിരായും ജനമോചനത്തിനുവേണ്ടിയും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യസമരസേനാനികള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കമ്യൂണിസ്റ്റാവുകയല്ലാതെ തരമില്ലെന്ന സന്ദേശം അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളിലെത്തിച്ചു. ഗുജറാത്തില്‍ അതിഭീകരമായ വര്‍ഗീയവേട്ട നടന്ന നാളുകളില്‍ അതിനെതിരെ വിലക്കു ലംഘിച്ച് നിരത്തിലിറങ്ങി പൊരുതിയ നേതാവാണ് ക്യാപ്റ്റന്‍ ലക്ഷ്മി.

ചെന്നൈയില്‍നിന്ന് പഴയ മലയയിലേക്ക് പോയതും സിംഗപ്പൂരില്‍വച്ച് ജനറല്‍ മോഹന്‍സിങ് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ സമീപത്തേക്ക് 1942ല്‍ നയിച്ചതും യുദ്ധത്തില്‍ പരിക്കേറ്റവരെയും യുദ്ധത്തടവുകാരെയും ചികിത്സിച്ചതും ചികിത്സ പോരാട്ടങ്ങള്‍ക്ക് വഴിമാറിയതും ഝാന്‍സിറാണി റജിമെന്റിന്റെ ക്യാപ്റ്റനായതും ബര്‍മയില്‍ പോയതും അവിടെ ഗറില്ലായുദ്ധമടക്കം നയിച്ചതും ആസാദ് ഹിന്ദ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചതും അതില്‍ മന്ത്രിയായി അറിയപ്പെട്ടതും 1946 മാര്‍ച്ച് നാലിന് ഇന്ത്യയില്‍ വീരോചിതമായ സ്വീകരണം ലഭിച്ചതും 1947ല്‍ കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ വിവാഹം കഴിച്ചതും 1947 ആഗസ്ത് 15നുമുമ്പായുള്ള ആറുമാസങ്ങളില്‍ വിവാഹത്തിന്റെ മധുവിധുകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായ പോരാട്ടങ്ങളില്‍ വ്യാപൃതയായതുമൊക്കെ ഉള്‍പ്പെട്ട ആ ജീവിതത്തിന്റെ ഓരോ അധ്യായവും പുതുതലമുറയ്ക്ക് പാഠപുസ്തകമാകേണ്ടതാണ്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിക്കുന്നതിന് രാജ്യവ്യാപകമായി അവര്‍ യത്നിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലടക്കം വ്യാപരിച്ചു. കേരളത്തിന്റെ മകളാണ് ഇന്ത്യയുടെ ഈ വീരപുത്രി എന്നത് ഓരോ മലയാളിക്കും സവിശേഷമായ അഭിമാനം പകരുന്നതാണ്. അമ്മു സ്വാമിനാഥന്റെയും ഡോ. എസ് സ്വാമിനാഥന്റെയും മകളായാണ് പാലക്കാട് ആനക്കരയിലെ വടക്കത്ത് കുടുംബത്തില്‍ ലക്ഷ്മി ജനിച്ചത്. സ്ത്രീജീവിത ചരിത്രങ്ങളെയാകെ വിസ്മയിപ്പിക്കുന്ന സാഹസികവും യാതനാപൂര്‍ണവും ത്യാഗോജ്വലവും മനുഷ്യസ്നേഹനിര്‍ഭരവും വിമോചകവുമായ ഉള്ളടക്കത്തോടുകൂടിയ ഒരു ജീവിതയാത്രയുടെ തുടക്കമായിരുന്നു അത്. മാതൃകാപരമായ ആ വിപ്ലവജീവിത സ്മരണയ്ക്കുമുന്നില്‍ ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. സുഭാഷിണി അലി അടക്കമുള്ള കുടുംബാംഗങ്ങളുടെയും ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്നേഹിക്കുന്ന പുരോഗമന ജനതതിയുടെയും ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു


ക്യാപ്റ്റന്‍ ലക്ഷ്മി അമരസ്മരണയായി  


വി ജയിന്‍ 

ദേശാഭിമാനി, Posted on: 24-Jul-2012 12:45 PM

കാണ്‍പൂര്‍: പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുതിര്‍ന്ന അന്ത്യാഭിവാദ്യമേറ്റുവാങ്ങി ക്യാപ്റ്റന്‍ ലക്ഷ്മി അമരസ്മരണയായി. രാഷ്ട്രചരിത്രത്തിന്റെ ഏടുകളിലെ സമാനതകളില്ലാത്ത ഉജ്വലമാതൃകയായി അവരുടെ ഓര്‍മ്മകള്‍ എന്നും തുടിച്ചു നില്‍ക്കും. ദേശീയ സ്വാതന്ത്ര്യസമരത്തിലെ ധീരനായികക്ക് രാജ്യം നല്‍കിയത് വിരോചിതമായ യാത്രയയപ്പ്.സിവില്‍ ലൈന്‍സിലെ വീട്ടില്‍ നിന്നും വിലാപയാത്രയായി ഗണേഷ്ശങ്കര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഭൗതിക ശരീരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും അനാട്ടമി വിഭാഗം തലവനും ചേര്‍ന്ന് ഏറ്റുവാങ്ങി.

ആയിരങ്ങളാണ് വിലാപ യാത്രയില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച രാവിലെ കാണ്‍പുരിലെ സിപിഐ എം ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം പത്തിന് വിലാപയാത്ര ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയതോടെ വിലാപയാത്ര വൈകി. മെഡിക്കല്‍ കോളേജിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സിറാണി റജിമെന്റിനെ നയിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സമരഭരിതജീവിതം ഇനി തലമുറകള്‍ക്ക് നിതാന്തപ്രചോദനം.

തിങ്കളാഴ്ച പകല്‍ 11.25ന് കാണ്‍പുര്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. മക്കളായ സുഭാഷിണി അലിയും അനീസയും പേരക്കുട്ടികളും സമീപത്തുണ്ടായിരുന്നു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് സഹോദരിയാണ്. പ്രമുഖ സംവിധായകന്‍ ഷാദ് അലി പേരക്കുട്ടി.മരണശേഷം നേത്രപടലം ഡോക്ടര്‍മാര്‍ മാറ്റി. കണ്ണുകളും മൃതദേഹവും ദാനംചെയ്യാനുള്ള സമ്മതപത്രം നേരത്തേ തയ്യാറാക്കിയിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, യുപിയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍, സമാജ്വാദി പാര്‍ടി, കോണ്‍ഗ്രസ്, ബിജെപി പാര്‍ടി നേതാക്കള്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യുപിയിലെ വിവിധ ജില്ലകളില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകരും സാധാരണജനങ്ങളും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ഡല്‍ഹിയിലെ എ കെ ജി ഭവനില്‍ രക്തപതാക താഴ്ത്തിക്കെട്ടി. നിരവധി പേര്‍ എ കെ ജി ഭവനില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ചിത്രത്തിനു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ജൂലൈ 19ന് രാവിലെ ഹൃദയാഘാതംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്യാപ്റ്റന്‍ ലക്ഷ്മിക്ക് അന്നുതന്നെ മസ്തിഷ്കാഘാതവുമുണ്ടായി. 20ന് വൈകിട്ട് രക്തസമ്മര്‍ദവും ഹൃദയസ്പന്ദനവും താഴ്ന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അവര്‍ മൂന്ന് ദിവസം അബോധാവസ്ഥയിലായിരുന്നു. 1914 ഒക്ടോബര്‍ 24ന് മദിരാശിയില്‍ പ്രശസ്ത അഭിഭാഷകനായ ഡോ. എസ് സ്വാമിനാഥന്റെയും കോണ്‍ഗ്രസ് നേതാവും നാഷണല്‍ വിമന്‍സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷയും പാര്‍ലമെന്റംഗവും ആനക്കര വടക്കത്ത് കുടുംബാംഗവുമായ അമ്മു സ്വാമിനാഥന്റെയും മകളായി ജനിച്ച ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായ കഥ അത്യാവേശകരവും വിസ്മയകരവുമാണ്. കുട്ടിക്കാലത്ത് വിദേശവസ്ത്രങ്ങളും പാവകളും കത്തിക്കാനും മദ്യഷാപ്പുകള്‍ പിക്കറ്റുചെയ്യാനും ലക്ഷ്മി മുന്നില്‍നിന്നു. വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ കമ്യൂണിസ്റ്റ് നേതാവും സരോജിനി നായിഡുവിന്റെ സഹോദരിയുമായ സുഹാസിനി ചതോപാധ്യായയില്‍നിന്ന് കേട്ട റഷ്യന്‍ വിപ്ലവത്തിന്റെയും കമ്യൂണിസ്റ്റ് പോരാളികളുടെയും കഥകള്‍ ലക്ഷ്മിയിലെ പോരാളിയെ വളര്‍ത്തി. 1940ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം സിംഗപ്പൂരില്‍ ക്ലിനിക് സ്ഥാപിച്ചു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗജന്യശുശ്രൂഷ നല്‍കി. ഒപ്പം ഇന്ത്യ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിലെ പ്രവര്‍ത്തനങ്ങളിലും സജീവമായി.

1942ല്‍ ജപ്പാന്‍ സിംഗപ്പൂര്‍ കീഴടക്കിയപ്പോള്‍ തടവുകാരായി പിടികൂടിയ ബ്രിട്ടീഷ് സൈന്യത്തില്‍ നിരവധി ഇന്ത്യക്കാരുണ്ടായിരുന്നു. തടവുകാരായി പിടിക്കപ്പെട്ടവര്‍ക്ക് എന്തുകൊണ്ട് സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സൈന്യം രൂപീകരിച്ചുകൂടാ എന്ന ചോദ്യം ലക്ഷ്മിയിലും ആവേശമുണര്‍ത്തി. ജനറല്‍ മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഐഎന്‍എ രൂപീകരിക്കുന്നതില്‍ ലക്ഷ്മിയും പങ്കുവഹിച്ചു. 1943 ജൂലൈ നാലിനാണ് ഐഎന്‍എയെ നയിക്കാന്‍ ബര്‍ലിനില്‍നിന്ന് ടോക്യോ വഴി സുഭാഷ്ചന്ദ്രബോസ് സിംഗപ്പൂരിലെത്തിയത്. ജൂലൈ അഞ്ചിന് ഐഎന്‍എയിലെ വനിതാവിഭാഗമായ ഝാന്‍സിറാണി റജിമെന്റിനെ നയിക്കാന്‍ പ്രാപ്തയായ വനിത ആരെന്ന നേതാജിയുടെ ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ കിട്ടിയുള്ളൂ. ക്ലിനിക് അടച്ചുപൂട്ടി ലക്ഷ്മി 'ഝാന്‍സിറാണി റജിമെന്റി'ന്റെ നായികയായി. 1943 ഒക്ടോബര്‍ 21ന് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ ലക്ഷ്മി വനിതാക്ഷേമ മന്ത്രിയായി.

1947 മാര്‍ച്ചില്‍ ലാഹോറില്‍വച്ച് പ്രേംകുമാര്‍ സൈഗാളും ലക്ഷ്മിയും വിവാഹിതരായി. തുടര്‍ന്ന് ഇരുവരും കാണ്‍പൂരില്‍ സ്ഥിരതാമസമാക്കി. കാണ്‍പൂരിലെത്തിയ ഉടന്‍തന്നെ അഭയാര്‍ഥികളെ ശുശ്രൂഷിക്കാനും സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മി മുഴുകി. പിന്നീട് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും അതിനുശേഷം വനിതാപ്രസ്ഥാനത്തിലും അവര്‍ സജീവമായി. 1971ല്‍ സിപിഐ എമ്മില്‍ ചേര്‍ന്നു. 1981ല്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് കാണ്‍പൂരില്‍ സിഖുകാരെ ആക്രമിക്കാന്‍ നടത്തിയ ശ്രമങ്ങളെ അവര്‍ തെരുവിലിറങ്ങിനിന്ന് തടഞ്ഞു. 2002ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എ പി ജെ അബ്ദുള്‍കലാമിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി അവര്‍ മത്സരിച്ചു. 1997ല്‍ പത്മവിഭൂഷണ്‍ പുരസ്കാരം നല്‍കി രാഷ്ട്രം അവരെ ആദരിച്ചു.

Sunday, July 22, 2012

വി എസിന് പരസ്യശാസന


വി എസിന് പരസ്യശാസന
ദേശാഭിമാനി, Posted on: 22-Jul-2012 07:45 PM
 ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ സിപിഐ എം കേന്ദ്രകമ്മറ്റിയോഗം തീരുമാനിച്ചു. രണ്ടുദിവസമായി ചേര്‍ന്ന കേന്ദ്രകമ്മറ്റിയോഗ തീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനനേതൃത്വത്തിനെതിരെ വി എസ് ചില പരസ്യ പ്രസ്താവനകള്‍ നടത്തുകയും ചില നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ എതിരാളികള്‍ അവ പാര്‍ട്ടിയെ ആക്രമിക്കാനായി ഉപയോഗിച്ചു. കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചയ്ക്കുശേഷം തന്റെ ചില പരസ്യപ്രസ്താവനകള്‍ തെറ്റും ഒഴിവാക്കേണ്ടവയും ആയിരുന്നുവെന്ന് വി എസ് സ്വയം വിമര്‍ശനപരമായി സമ്മതിച്ചു. ഈ അടിസ്ഥാനത്തില്‍, തെറ്റായ പരാമര്‍ശങ്ങള്‍ക്കും പാര്‍ട്ടിയുടെ പ്രാഥമിക ചട്ടങ്ങള്‍ ലംഘിച്ചതിനും വി എസിനെ പരസ്യമായി ശാസിക്കാന്‍ കേന്ദ്രക്കമ്മറ്റി തീരുമാനിച്ചു. കേരളത്തിലെ പാര്‍ട്ടിയുടെ എറ്റവും മുതിര്‍ന്ന നേതാവായ വി എസ് ഇപ്പോഴത്തെ സാഹചര്യം ഐക്യത്തോടെ നേരിടാന്‍ പാര്‍ട്ടിയെ സഹായിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രക്കമ്മിറ്റി പ്രത്യാശിക്കുന്നതായി കാരാട്ട് പറഞ്ഞു.

ടി പി ചന്ദ്രശേരന്റെ നിഷ്ഠുരമായ കൊലപാതകം പാര്‍ട്ടിക്കെതിരായ സംഘടിത പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. പാര്‍ട്ടി നേതാക്കളെയും കേഡര്‍മാരെയും കേസില്‍ കുടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണ്. ഇതിനെ പാര്‍ട്ടി അപലപിക്കുന്നു. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതു   പാര്‍ട്ടിനയമല്ല. ഒരു കമ്മറ്റിയും അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷണം നടത്തും. ആരെങ്കിലും ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ നടപടിയെടുക്കും.

ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയുടെ പ്രസ്താവനയില്‍ യുക്തമായ നടപടിയെടുക്കുന്നതിന് സംസ്ഥാനകമ്മറ്റിയെ ചുമതലപ്പെടുത്തിയതായും കാരാട്ട് പറഞ്ഞു.

Saturday, July 21, 2012

'ദൈവകണം'


'ദൈവകണം'

വി ബി ചെറിയാന്‍

ദേശാഭിമാനി ജുലൈ 21  

ഹിഗ്സ് ബോസോണ്‍ കണ്ടെത്തിയെന്ന വാര്‍ത്ത ലോകമെങ്ങും ശാസ്ത്രകുതുകികളെ മാത്രമല്ല സാധാരണക്കാരെപ്പോലും ആകര്‍ഷിച്ചു. സാധാരണ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കുള്ള സങ്കീര്‍ണ ഫോര്‍മുലകളൊന്നുമില്ലാതെ ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നതായിരിക്കും ഒരു കാരണം. 'ദൈവകണം' എന്ന് ഹിഗ്സ് ബോസോണ് മാധ്യമങ്ങള്‍ നല്‍കിയ പേരും ആളുകളെ ആകര്‍ഷിക്കും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സമകാലികനായിരുന്ന സത്യേന്ദ്രനാഥ് ബോസാണ് ക്വാണ്ടം മെക്കാനിക്സ് അടിസ്ഥാനമാക്കിയ കണികാസങ്കല്‍പ്പം മുന്നോട്ടുവച്ചത്. ക്വാണ്ടം മെക്കാനിക്സില്‍ ബോസിന്റെ സംഭാവനയെ ഐന്‍സ്റ്റീനും അംഗീകരിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ബോസ് ഐന്‍സ്റ്റീന്‍ സാംഖ്യകം (ബോസ് ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റം).

ബോസിന്റെ സംഭാവനകള്‍ക്കുകൂടിയുള്ള അംഗീകാരം എന്ന നിലയ്ക്കാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് നല്‍കപ്പെട്ടത്. തന്റെ പേര് ചേര്‍ത്ത് വിളിക്കുന്നത് പീറ്റര്‍ ഹിഗ്സ് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ അതൃപ്തി വകവയ്ക്കാതെ യൂറോപ്യന്‍ ശാസ്ത്രജ്ഞരാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് പ്രചരിപ്പിച്ചത്. അമേരിക്കയിലെ ഇല്ലിനോയ്സിലുള്ള ഫെര്‍മിനാഷണല്‍ ആക്സലറേറ്റര്‍ ലാബിന്റെ തലവന്‍ ലിയോണ്‍ മാക്സ് ലെഡര്‍മാന്‍ ഹിഗ്സ് ബോസോണെപ്പറ്റി കൂടുതല്‍ പഠനം നടത്തി. അദ്ദേഹമാണ് അതിന്റെ സവിശേഷതകള്‍ മനസ്സിലാക്കി നാശംപിടിച്ചത് എന്ന അര്‍ഥത്തില്‍ ഏീറ ഉമാി (ഗോഡ് ഡാം) പാര്‍ട്ടിക്കിള്‍ എന്ന് അതിനെ വിളിച്ചത്. അദ്ദേഹം എഴുതിയ ലേഖനത്തിന്റെ പ്രസാധകരാണ് വായനക്കാര്‍ക്ക് സ്വീകാര്യമാകാനെന്ന പേരില്‍ അതിനെ ഗോഡ് പാര്‍ട്ടിക്കിള്‍ (ദൈവകണം) എന്നാക്കി മാറ്റിയത്. അത് കണ്ടുപിടിക്കാനുള്ള പരീക്ഷണമാണ് സമീപഭാവിയില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന വിശ്വാസത്തില്‍ ഇന്ന് എത്തിനില്‍ക്കുന്നത്. പ്രകൃതിശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും ചരിത്രം നോക്കിയാല്‍ പ്രാധാന്യമുള്ള ഇത്തരം ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടന്നിട്ടുണ്ടെന്നു കാണാന്‍ കഴിയും. ഈ ഓരോ സന്ദര്‍ഭത്തിലും അത്തരം കണ്ടുപിടിത്തങ്ങളെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്തവണ്ണം ദുര്‍വ്യാഖ്യാനിക്കാന്‍ ചൂഷകവര്‍ഗം ശ്രമിച്ചിട്ടുണ്ട്. പൊതുവില്‍ പറഞ്ഞാല്‍ ആത്മീയവാദത്തെയാണ് അതിന് അവര്‍ ആയുധമാക്കിയത്. അതിനെ ചെറുക്കാന്‍ ഭൗതികവാദത്തെ പൊതുവില്‍ ചൂഷിതരും ഉപയോഗിച്ചു. എന്നാല്‍, ഈ പൊതു നിയമത്തിന് പലപ്പോഴും അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാണാം. മാര്‍ക്സിന്റെ കാലംമുതല്‍ ഈ തര്‍ക്കത്തില്‍ വൈരുധ്യാത്മക ഭൗതികവാദ വീക്ഷണത്തോടെ ഇടപെട്ട് ശാസ്ത്രീയമായ സമീപനം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമമാരംഭിച്ചു. പിന്നീട് ലെനിനും സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് ശാസ്ത്രജ്ഞരും ആ ശ്രമം തുടര്‍ന്നു.

ഐസക് ന്യൂട്ടണ്‍ മെക്കാനിക്സിലെ യാന്ത്രികചലന നിയമങ്ങളാണ് ശാസ്ത്രീയമായി തെളിയിച്ചത്. അത് ദൈവസങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തെ സാരമായി പിടിച്ചുലച്ചു. ശാസ്ത്രജ്ഞനായ ന്യൂട്ടണ്‍ പരീക്ഷണശാലയിലെ ഗവേഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന ശാസ്ത്രീയ നിഗമനങ്ങള്‍ അദ്ദേഹത്തിലെ ഈശ്വരവിശ്വാസിയെ അത്യന്തം അസ്വസ്ഥനാക്കി. ഈ വൈരുദ്ധ്യത്തിനൊരു പരിഹാരം കണ്ടെത്താനും സ്വന്തം മനസ്സിന് സ്വസ്ഥത നല്‍കാനും അദ്ദേഹത്തിന് ഒടുവില്‍ ഈശ്വരനെ ഇറക്കുമതി ചെയ്യേണ്ടിവന്നു. ചലനരഹിതമായിരുന്ന പദാര്‍ഥത്തെ ചലിപ്പിച്ച് ചൈതന്യവത്താക്കാന്‍ അതിനൊരു ആദ്യതാക്കോല്‍ (ക്ലോക്കിന്റെ സങ്കല്‍പ്പം) കൊടുത്തതുപോലെയോ, നിശ്ചലമായ പദാര്‍ഥത്തെ ചലിപ്പിക്കാന്‍ ആദ്യത്തെ ഉന്ത് കൊടുത്തതുപോലെയോ, പ്രകൃതിയില്‍ ആദ്യചലനത്തിന് ഈശ്വരന്‍ കാരണക്കാരനായി എന്നാണതിന് അദ്ദേഹം നല്‍കിയ ന്യായം. ഇപ്രകാരം ഈശ്വര സങ്കല്‍പ്പത്തിന്റെ കള്ളക്കടത്ത് നടത്തുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് പദാര്‍ഥചലനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ അന്നത്തെ പരിമിതിയായിരുന്നെന്നു ചൂണ്ടിക്കാണിച്ചത് മാര്‍ക്സും എംഗല്‍സുമാണ്. പദാര്‍ഥത്തിന്റെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള സ്ഥാനമാറ്റംപോലെയുള്ള ചലനത്തിന്റെ യാന്ത്രികരൂപം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) മാത്രം മനസ്സിലുണ്ടായിരുന്നതാണ് ന്യൂട്ടന്റെ പരിമിതിയെന്നും ചലനത്തെ യാന്ത്രികരൂപത്തില്‍ മാത്രമല്ല മറ്റു കൂടുതല്‍ രൂപത്തിലും നിരീക്ഷിക്കാന്‍ കഴിയുമെന്നു സമര്‍ഥിക്കാന്‍ മാര്‍ക്സിനും എംഗല്‍സിനും കഴിഞ്ഞു. വലിയ പദാര്‍ഥരൂപത്തിന്റെ ചലനത്തിനാണ് യാന്ത്രികചലനം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) എന്ന് പറയുന്നത്. പദാര്‍ഥവലുപ്പം തന്മാത്രയിലേക്ക് എത്തുമ്പോള്‍ അത് മെക്കാനിക്സ് ഓഫ് മോളിക്യൂള്‍ അഥവാ ഫിസിക്സ് ആകും. ആറ്റം തലത്തിലേക്കെത്തുമ്പോള്‍ ഫിസിക്സ് ഓഫ് ആറ്റം അഥവാ കെമിസ്ട്രിയാകും.

ജീവശാസ്ത്രതലത്തിലേക്കെത്തുമ്പോള്‍ അതിലെ ചലനപ്രക്രിയകളെ മനസ്സിലാക്കാന്‍ അത് ബയോളജിയായും ജന്തുലോകത്തില്‍ സുവോളജിയായും സസ്യലോകത്തില്‍ ബോട്ടണിയായും മാറുന്നു. ഭൗതികവിജ്ഞാനത്തിലും അതിന്റെ ഭാഗമായി ഊര്‍ജതന്ത്രത്തിലും 20ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. ആറ്റം ആണ് പദാര്‍ഥകണികകളുടെ ഏറ്റവും ചെറിയ രൂപമെന്നും ആറ്റം അവിഭാജ്യമാണെന്നുമുള്ള ധാരണ ചോദ്യംചെയ്യപ്പെട്ടു. കൂടുതല്‍ സൂക്ഷ്മകണങ്ങളെ ശാസ്ത്രം കണ്ടെത്തി. ശാസ്ത്രത്തിന്റെ ഈ പുരോഗതിയെ ദ്രവ്യസങ്കല്‍പ്പത്തെയും ഭൗതികവാദത്തെയും ചോദ്യംചെയ്യാന്‍ ആത്മീയവാദ ദാര്‍ശനികര്‍ ഉപയോഗപ്പെടുത്തി. അവരുടെ വാദത്തെ നിരാകരിച്ച് ലെനിന്‍ നടത്തിയ ദാര്‍ശനിക ഇടപെടലാണ് 'ഭൗതികവാദവും അതിഭൗതിക വിമര്‍ശനവും' (മെറ്റീരിയലിസം & എംപീരിയോ ക്രിട്ടിസിസം) എന്ന കൃതി. ആറ്റം വിഭജിച്ചുണ്ടായ കണങ്ങള്‍ വീണ്ടും വിഭജിക്കപ്പെടാമെന്നും ആ വിഭജനസാധ്യതയ്ക്ക് അന്ത്യമില്ലെന്നും ലെനിന്‍ ചൂണ്ടിക്കാട്ടി. ദ്രവ്യത്തിന്റെ ഇതുവരെ അജ്ഞാതമായിരുന്ന പ്രത്യേകതകളാണ് അതില്‍ക്കൂടി പുറത്തുവരുന്നതെന്നും അതുകൊണ്ട് ദ്രവ്യത്തിന്റെ നിലനില്‍പ്പ് നിഷേധിക്കപ്പെടുന്നില്ലെന്നും നമ്മുടെ ബോധത്തിനു പുറത്ത് അസ്തിത്വമുള്ളതെന്തോ അതാണ് ദ്രവ്യമെന്നും ലെനിന്‍ കൂട്ടിച്ചേര്‍ത്തു. ഭൗതികവാദിയും നിരീശ്വരവാദിയും ആണെങ്കിലും ഐന്‍സ്റ്റീന് ഈ വൈരുധ്യാത്മക സമീപനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെ പരിമിതിയെന്നും ലെനിന്‍ വിമര്‍ശനപരമായി ചൂണ്ടിക്കാട്ടി. ഐന്‍സ്റ്റീന്‍ ഊര്‍ജത്തിന്റെ ദ്രവ്യ സമവാക്യം ((ഋ = ാഇ2) ) കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് പദാര്‍ഥം ജനിക്കുന്നുവെന്നും നശിക്കുന്നുവെന്നുമാണ് ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തം തെളിയിക്കുന്നതെന്ന എതിര്‍വാദവുമായി അന്നത്തെ കത്തോലിക്കാസഭയുടെ തത്വചിന്തകരായിരുന്ന നിയോതോമിസ്റ്റുകള്‍ രംഗത്തെത്തി. സ്റ്റാലിന്‍ നേതൃത്വം നല്‍കിയിരുന്ന അന്നത്തെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ശാസ്ത്രജ്ഞരാണ് ഇതിനെതിരെ രംഗത്തെത്തിയത്. പദാര്‍ഥവും ഊര്‍ജവും (പ്രഭാവവും) ദ്രവ്യം എന്ന വസ്തുനിഷ്ഠയാഥാര്‍ഥ്യത്തിന്റെ വ്യത്യസ്ത രൂപങ്ങളാണെന്നും അതുകൊണ്ട് ദ്രവ്യം ഇല്ലാതാകുന്നില്ലെന്നും രൂപമാറ്റം സംഭവിക്കുകമാത്രമാണ് ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സോവിയറ്റ് ശാസ്ത്രജ്ഞര്‍ അണുകേന്ദ്രത്തില്‍ 33 കണികകളെകൂടി കണ്ടെത്തി. ആ എണ്ണം അന്തിമമാണെന്നു കരുതുന്നില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഭൗതികശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന മഹാവിസ്ഫോടനത്തോടെയാണ് പ്രപഞ്ചോല്‍പ്പത്തി എന്നാണ് പൊതുവില്‍ ഭൗതികശാസ്ത്രജ്ഞര്‍ കരുതുന്നത്. 1928ല്‍ ജോര്‍ജ് ലെമൈറ്റര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ പ്രപഞ്ചസിദ്ധാന്തം ആവിഷ്കരിച്ചത്. അത്യന്തം സാന്ദ്രീകൃതമായ ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയിരുന്ന പ്രപഞ്ചമാണ് മഹാസ്ഫോടനത്തോടെ വികസിക്കാനാരംഭിച്ചതെന്നാണ് ഈ സിദ്ധാന്തം കരുതുന്നത്. ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി എന്നുമാത്രമേ പ്രപഞ്ചോല്‍പ്പത്തി എന്നു പറയുമ്പോള്‍ അര്‍ഥമാക്കേണ്ടതുള്ളൂ. കാരണം, ദ്രവ്യം കാലത്തില്‍ നിത്യവും സ്ഥലത്തില്‍ അതിരുകളില്ലാത്തത് എന്ന അര്‍ഥത്തില്‍ അപാരവുമാണ്. ദ്രവ്യമില്ലാത്ത സ്ഥലവും കാലവുമില്ല. അതായത്, ദ്രവ്യത്തിന് കേവലം നീളം, വീതി, കനം എന്നീ ത്രിമാന സങ്കല്‍പ്പം പോരെന്നും അത് സ്ഥലകാല നിബദ്ധംകൂടിയാണെന്നും സാരം.

പ്രപഞ്ചത്തില്‍ എവിടെയും ഭൗതികപദാര്‍ഥം ഉണ്ടെന്ന അര്‍ഥത്തില്‍ ശൂന്യത എന്നൊന്നില്ല. ഭൗതികതയാണ് പ്രപഞ്ചത്തിന്റെ ഏകത്വത്തിന് ആധാരം. പദാര്‍ഥങ്ങളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള കൂടുതല്‍ അന്വേഷണം പാര്‍ടിക്കിള്‍ ഫിസിക്സ് (കണികാ ഭൗതികം) എന്ന സൂക്ഷ്മകണ ശാസ്ത്രശാഖയ്ക്ക് വഴിതെളിച്ചു. സ്ഥൂലതലങ്ങളിലേക്കുള്ള അന്വേഷണം സൗര കടാഹത്തിലേക്കും നക്ഷത്രഗാലക്സികളിലേക്കും നമ്മെ നയിക്കും. സൗക്ഷ്മ്യത്തിലേക്കും സ്ഥൗല്യത്തിലേക്കും ഉള്ള അന്വേഷണത്തില്‍നിന്ന് സിദ്ധിക്കുന്ന ഒരു കാര്യമുണ്ട് പദാര്‍ഥം അതിന്റെ സൂക്ഷ്മതലങ്ങളിലും സ്ഥൂലതലങ്ങളിലും നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുതയാണത്. ചലനരഹിതമായ പദാര്‍ഥസങ്കല്‍പ്പത്തിന് ഒരടിസ്ഥാനവുമില്ലെന്നും പദാര്‍ഥവും ചലനവും ഭിന്നരൂപങ്ങളാണെങ്കിലും ദ്രവ്യത്തിന്റെ വിഭജിച്ച് മാറ്റാനാകാത്ത സ്വഭാവമാണ് ചലനമെന്നും അങ്ങനെ ദ്രവ്യം ചലനാത്മകമാണെന്നും സംശയലേശമന്യേ തെളിയിക്കപ്പെടുന്നു.

പദാര്‍ഥത്തിന്റെ സ്വഭാവവിശേഷങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള ഈ പഠനങ്ങള്‍ എല്ലാ പദാര്‍ഥങ്ങളിലുമുള്ള ഏറ്റവും പൊതുവായതിനെ പ്രതിനിധാനം ചെയ്യുന്നത് എന്ന നിലയ്ക്ക് ദ്രവ്യസങ്കല്‍പ്പത്തെ ഒരു ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ത്താന്‍, മാറ്ററിന്റെ അര്‍ഥകല്‍പ്പന ആ തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായകരമായി. അതായത് വിഭിന്ന രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിവിധ പദാര്‍ഥങ്ങളിലെ ഏറ്റവും സാമാന്യമായതിനെ പ്രതിനിധീകരിക്കുന്ന ഗണമായി ദ്രവ്യത്തെ (മാറ്ററിനെ) കാണാന്‍ ആരംഭിച്ചു. ഈ കാഴ്ചപ്പാടുള്‍ക്കൊള്ളാന്‍ കഴിയാതെ പോയതിന്റെ ഫലമായി 20ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ അന്ത്യപാദങ്ങളില്‍ (191718) പ്രകടമായ ഐന്‍സ്റ്റീന്റെ പരിമിതികളെ ചൂണ്ടിക്കാണിച്ച് വിമര്‍ശം നടത്താന്‍ കഴിഞ്ഞത് വൈരുധ്യാത്മക ഭൗതികവാദിയായ ലെനിന്റെ ശാസ്ത്രബോധത്തിനാണ്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ എന്തുകൊണ്ട് മാറ്റം? എങ്ങനെ മാറുന്നു? ഏത് ദിശയിലേക്ക് മാറുന്നു? (ണവ്യ? ഒീം? മിറ ീ ംവശരവ റശൃലരശീിേ?) ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പ്രധാനം.

എന്തുകൊണ്ട് മാറ്റം എന്നതിനുത്തരം വൈരുധ്യംമൂലമെന്നാണ്. എങ്ങനെ മാറുന്നു എന്നതിനുത്തരം അളവ് ഗുണമാകുന്നതിലൂടെ എന്നതാണ്. ഏത് ദിശയിലേക്ക് മാറുന്നു എന്നതിനുത്തരം നിഷേധ, നിഷേധത്തിലേക്ക്, താരതമ്യേന ലളിതമായതില്‍നിന്നും കൂടുതല്‍ സങ്കീര്‍ണമായതിലേക്ക് എന്നാണ്. ഈ മുഖ്യ നിയമങ്ങള്‍ക്കു പുറമെ പ്രധാന ദാര്‍ശനിക ഗണങ്ങള്‍കൂടി മനസ്സിലാക്കിയാല്‍ മാത്രമേ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെ ലളിതമായി ഉള്‍ക്കൊള്ളാനും സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയുംവിധം വിശദമാക്കിക്കൊടുക്കാനും കഴിയൂ. കാര്യകാരണ ബന്ധം അത്തരം ഒരു ദാര്‍ശനിക ഗണമാണ്.

ഏത് കാര്യത്തിനും ഒരു കാരണമുണ്ടാകും. ആ കാര്യമാകട്ടെ മറ്റൊരു കാര്യത്തിന്റെ കാരണമാകും. അതായത് ഏതും ഒരേ സമയം കാര്യവും കാരണവുമാണെന്നുകാണാം. കാരണം മാത്രമായോ, കാര്യം മാത്രമായോ ഒന്നുമില്ല. അങ്ങനെ മനസ്സിലാക്കാത്തവരാണ് ആദ്യകാരണം തേടി പോകുന്നത്. രൂപം ഉള്ളടക്കം, പ്രതിഭാസംസത്ത, മൂര്‍ത്തം അമൂര്‍ത്തം, ആവശ്യകത യാദൃച്ഛികത തുടങ്ങിയ ദാര്‍ശനിക ഗണദ്വയങ്ങള്‍ വേറെയുമുണ്ട്. ഇതെല്ലാംവഴി വൈരുധ്യാത്മക ഭൗതികവാദത്തെ സ്വന്തം ബോധമായി മാറ്റാന്‍ കഴിയുന്നവര്‍ക്ക് വളരെവേഗം പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് സോഷ്യലിസ്റ്റ് ശക്തികളുടെ ആദ്യഘട്ടത്തിലെ വേഗത്തിലുള്ള വളര്‍ച്ച.

(അവസാനിക്കുന്നില്ല)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്