അഞ്ചാമത്തെ സ്ഥാപകന്‍
ശതമന്യു
ദേശാഭിമാനി, 2011 ആഗസ്റ്റ് 8
കടുവയെ കിടുവ പിടിച്ചപോലെയാണ് മുഖ്യന്ത്രിയുടെ കസേരയില്‍ 'പ്രധാനമന്ത്രി' കയറിയിരുന്നത്. പണ്ട് ഒരു ഡ്രൈവര്‍ക്ക് പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനമോടിക്കുമ്പോള്‍ കണ്‍ഫ്യൂഷന്‍ പറ്റിപ്പോയതിന്റെ കുറ്റം അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ തലയില്‍ കൊണ്ടിട്ടയാളാണ് ഉമ്മന്‍ചാണ്ടി. മനോരമ ഒരുദിവസം രണ്ടുഡസന്‍ വാര്‍ത്തയാണ് അതുസംബന്ധിച്ച് അന്ന് ആഘോഷിച്ചത്. ഒന്നാം പേജില്‍ വരച്ച ചിത്രംഗ്രാഫ്ഇറാഖ് യുദ്ധംപോലെ. കേരളത്തില്‍ പ്രധാനമന്ത്രിക്ക് ഇതാണവസ്ഥയെങ്കില്‍ സാധാരണ ജനം എങ്ങനെ ജീവിക്കും എന്ന് ചോദ്യം. ഇന്നിപ്പോള്‍ ഒരു ഭ്രാന്തന്‍ കയറിച്ചെന്നത് ഉമ്മന്‍ചാണ്ടി എന്ന ആഭ്യന്തര വകുപ്പുകൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പലതട്ട് സുരക്ഷയുള്ള കസേരയിലേക്കാണ്. ചിത്രവുമില്ല; പരിദേവനവുമില്ല. ഇപ്പോള്‍ ഭ്രാന്തനേ കടന്നുള്ളൂ. വെബ്സൈറ്റിലൂടെ ഉലകംമുഴുവന്‍ കാണുന്ന ഓഫീസാണ്. അവിടെ ചിലര്‍ കിടന്നുറങ്ങുന്നത് ഇയ്യിടെ ജനം കണ്ടിരുന്നു. നാളെ യഥാര്‍ഥ ഭീകരന്‍ തന്നെ അങ്ങ് കയറിയാലോ? ഇതൊന്നും നമ്മുടെ മനോരമയുടെ ആശങ്കയല്ല. ഇതിനെയും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിളിക്കും.
മുഖ്യമന്ത്രി സ്വന്തം സുരക്ഷയുടെ കാര്യമേ നോക്കാതുള്ളൂ. മറ്റു കാര്യങ്ങളിലൊക്കെ നല്ല പിടിപാടാണ്. ദൂരദര്‍ശന്‍ മലയാളം ചാനലില്‍ ഭേദപ്പെട്ട ഒരു വാര്‍ത്താ പരിപാടി വന്നിരുന്നു'വാര്‍ത്തകള്‍ക്കു പിന്നില്‍'. ഒരുദിവസം ആ പരിപാടിക്ക് എത്താമെന്നേറ്റ കോണ്‍ഗ്രസ് എംഎല്‍എ മുങ്ങി. ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ ഭാഗം പറയാന്‍ ആളില്ലാതായി. അതോടെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്ന് കേന്ദ്രത്തിലേക്ക് തീട്ടൂരം ചെന്നുഇനി ആ പരിപാടിയേ വേണ്ട എന്ന്. മനോരമ പോലെതന്നെ വേണം ദൂരദര്‍ശനും. ഇടയ്ക്ക് ഉമ്മന്‍ചാണ്ടിക്ക് സിന്ദാബാദ് വിളിക്കണം. അതും മാധ്യമ സ്വാതന്ത്ര്യ പരിപോഷണം. ഈ വരികള്‍ അച്ചടിച്ചുവരുമ്പോഴെങ്കിലും പ്രസ് അക്കാദമിക്ക് പുതിയ ചെയര്‍മാന്‍ ഉണ്ടാകട്ടെ എന്നും അത് സാക്ഷാല്‍ ശ്രീമാന്‍ എന്‍പി രാജേന്ദ്രന്‍ തന്നെ ആകട്ടെ എന്നും ശതമന്യു ഉള്ളുരുകി പ്രാര്‍ഥിക്കുന്നു. ആനകൊടുത്താലും ആശകൊടുക്കരുത്. വല്ലാതെ മോഹിച്ചുപോയതാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് കരുണ കാണിക്കണം. ഇനി നല്ല കുട്ടിയായിക്കൊള്ളാം എന്ന ഉറപ്പ് സ്വീകരിച്ച് ഉമ്മന്‍ചാണ്ടിയെ ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ കാണിക്കാന്‍ അനുവദിക്കണം.
അഞ്ചാംപത്തി, അഞ്ചാം എസ്റ്റേറ്റ്, അഞ്ചരക്കണ്ടി, അഞ്ചുതെങ്ങ് എന്നെല്ലാം കേട്ടിട്ടുണ്ട്. അഞ്ചാം സ്ഥാപകനും ഇപ്പോള്‍ അവതരിച്ചിരിക്കുന്നു. പി കൃഷ്ണപിള്ള, ഇ എം എസ്, കെ ദാമോദരന്‍ , എന്‍ സി ശേഖര്‍ എന്നിവരാണ് കേരളത്തിലെ പാര്‍ടിയുടെ ആദ്യഗ്രൂപ്പില്‍ അംഗങ്ങളായത്. അത് നാമൊക്കെ പഠിച്ച ചരിത്രം. ഇപ്പോഴിതാ അഞ്ചാമതൊരു സ്ഥാപകന്‍ രംഗത്തുവന്ന് 'എന്നെക്കണ്ടില്ലേ; കേമനല്ലേ' എന്നു ചോദിക്കുന്നു. എന്തൊക്കെയാണ് പാര്‍ടി 'സ്ഥാപക'നാകാനുള്ള യോഗ്യതകള്‍ ?
പതിനാറാംവയസ്സില്‍ ബോംബെയില്‍ പോകണം. ടൈപ്പ്റൈറ്റിങ് അറിയണം. സിഐഎയുടെ നോട്ടപ്പുള്ളിയാകണം. ബുള്‍ഗാന്‍ താടി വേണം. രുചികരമായ ആഹാരം നല്‍കണം. ചിലര്‍ മഹാന്മാരായി ജനിക്കുന്നു; ചിലര്‍ മഹാന്മാരായിത്തീരുന്നു; ചിലരുടെ മേല്‍ മഹത്വം അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നാണ് ഫ്രാന്‍സിസ് ബേക്കണ്‍ പറഞ്ഞത്. ഇവിടെ ജനനംതന്നെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിച്ചുകൊണ്ടാണ്. അങ്ങനെയുള്ളവര്‍ക്ക് പിന്നെ പാര്‍ടിയില്‍ പണിയൊന്നും എടുക്കേണ്ടതില്ല. ഒരു കമ്മിറ്റിയിലും അംഗമാകേണ്ട. മഹത്വം താനേ വന്നുകൊള്ളും. വെറുതെയിരുന്നുകൊടുത്താലും നേതാവായിക്കൊള്ളും. ഏതെങ്കിലും പുസ്തകത്തില്‍ പേരുവന്നാല്‍പിന്നെ പറയാനില്ല. രുചികരമായ ആഹാരം ഒരുക്കുന്നതും വിളമ്പി നല്‍കുന്നതും ഉല്‍കൃഷ്ടമാണെങ്കില്‍ കോഴിക്കോട്ടെ ബോംബെ ഹോട്ടലിലെ പാചകക്കാരനല്ലേ വലിയ നേതാവാകേണ്ടത്? ബ.കു.ന എന്ന കുഞ്ഞനന്തന്‍നായര്‍ ഒരിക്കല്‍ പറഞ്ഞു, സിഐഎ ഇതാ എന്റെ പുറകിലെത്തിക്കഴിഞ്ഞു എന്ന്. കൈയിലുള്ള രഹസ്യരേഖകള്‍ ബാങ്ക് ലോക്കറിലാണ്എങ്കിലും അത് അമേരിക്കന്‍ ചാരസംഘടന കൊള്ളയടിച്ച് വാഷിങ്ടണിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. പത്രങ്ങളില്‍ വാര്‍ത്ത വരുത്തിച്ചു. അന്ന് എ കെ ജി സെന്ററിലേക്ക് ബ.കു.നയുടെ ഫോണ്‍കോള്‍ വന്നു. 'എന്റെ ഒരു പെട്ടി അവിടെയുണ്ട്. അതില്‍ ഞെട്ടിക്കുന്ന രഹസ്യരേഖകളാണ്. ആരും കാണാതെ ഭദ്രമായി സൂക്ഷിച്ചുവെക്കണം.' സെന്ററിലുള്ളവര്‍ നോക്കുമ്പോള്‍ ഒരു പെട്ടിയുണ്ട്. പൂട്ടിയിട്ടില്ല. എടുത്തപ്പോള്‍ത്തന്നെ തുറന്നുവന്നു. അതിലെ രഹസ്യരേഖകള്‍ കണ്ട് അവര്‍ ഞെട്ടിഒരു തോര്‍ത്തുമുണ്ട്, പഴയ അടിവസ്ത്രം, കുറെ മെഡിക്കല്‍ റിപ്പോര്‍ട്ടും മരുന്നുചീട്ടും, പിന്നെ എന്നോ യാത്രചെയ്ത ഏതാനും ട്രെയിന്‍ ടിക്കറ്റുകളും. അന്നുവീണ പേര് ബഡായി നായര്‍ എന്നാണ്. അങ്ങനെ നായരുടെ തോര്‍ത്തുമുണ്ട് സിഐഎയുടെ രഹസ്യരേഖയായി കൂര്‍ത്തമുള്ളില്‍ കോര്‍ത്തു. പൊളിച്ചെഴുത്ത് എന്നപേരില്‍ ആളെ വച്ച് ആത്മകഥ എഴുതാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അതിന് മാര്‍ക്കറ്റ് പിടിക്കാന്‍ നായരുടെ നമ്പരുകളുണ്ടായി. ഒരു പ്രത്യേകത മരിച്ചുപോയവരെപ്പറ്റിയും 'രഹസ്യമായി' നടന്ന കാര്യങ്ങളെക്കുറിച്ചുമാണ് കൂടുതല്‍ എഴുതുന്നത് എന്നാണ്. അതാകുമ്പോള്‍ ആരും എഴുന്നേറ്റു വന്ന് മറുപടി പറയില്ല എന്ന സൗകര്യമുണ്ട്. തൊഴിലാളവര്‍ഗ രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് നായര്‍ എന്തു നേടി എന്ന് ആരും ചോദിക്കരുത്. പച്ചക്കള്ളങ്ങള്‍ ചരിത്രമെന്ന കുപ്പിയിലിട്ട് വില്‍ക്കാന്‍ വച്ചപ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍ ഒരിക്കല്‍ ചോദിച്ചുഅല്ല നായരെ, ഈ ആര്‍ഭാട ജീവിതം നയിക്കാനും ബര്‍ലിനിലും നാട്ടിലുമായി കറങ്ങിയടിക്കാനുമൊക്കെയുള്ള പണം എവിടെനിന്നാണ് കിട്ടുന്നത് എന്ന്. അതിന് മറുപടി പറഞ്ഞതായി അറിവില്ല. തൊലിയില്‍ നിര്‍ദോഷമായ പാടുവീണാല്‍ ആഡംബരക്കപ്പലില്‍ മുറി തരപ്പെടുത്തി ദിവസങ്ങളോളം താമസിച്ച് ഉപ്പുവെള്ള ചികിത്സ നടത്താനും നാട്ടില്‍നിന്ന് ആരെങ്കിലും ചെല്ലുന്നുണ്ടെന്നറിഞ്ഞാല്‍ ജര്‍മനിയിലെ സുഖവാസകേന്ദ്രങ്ങളില്‍ ഒളിച്ചുതാമസിക്കാനും തൊഴിലാളിവര്‍ഗരാഷ്ട്രീയം തടസ്സമേയല്ല. സ്വത്ത് പാര്‍ടിക്ക് കൊടുക്കും എന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തിട്ടില്ല എന്നേയുള്ളൂമറ്റു ചിലര്‍ക്കൊക്കെ കൊടുത്തിട്ടുണ്ട്. നാറാത്തുകാര്‍ക്കറിയാം. ആള്‍ പണ്ട് കെജിബിയുടെ ഏജന്റായിരുന്നു എന്നാണ് സ്വയം പറയുന്നതെങ്കില്‍ ഇപ്പോള്‍ സുധാകരന്റെ ഏജന്റാണ്. സുധാകരനുവേണ്ടി വോട്ടുമാത്രമല്ലരാഷ്ട്രീയ സഹായവും വേണ്ടുവോളം ചെയ്യുന്നു. വീട്ടില്‍ വിളിച്ചുകൊണ്ടുപോയി സദ്യ കൊടുക്കാനൊരുങ്ങിയത് വി എസിനോടുള്ള സ്നേഹംകൊണ്ടോ കമ്യൂണിസ്റ്റ് പാര്‍ടിയെ നന്നാക്കിക്കളയാനോ അല്ല. അതിനുപിന്നിലെ രാഷ്ട്രീയം നായരുടെ നാവില്‍നിന്നുതന്നെ വന്നിട്ടുണ്ട് 'പിണറായി 14 കൊല്ലം സെക്രട്ടറിയായി ഈ പ്രസ്ഥാനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ സമരമാണിത്. ഒരു വര്‍ഗസമരമാണ്. ആശയപരമായ വര്‍ഗസമരം' എന്ന്. കഴിഞ്ഞ കുറെ ദിവസങ്ങളായി നാട്ടില്‍ പല സംഭവങ്ങളും നടക്കുന്നു. പാര്‍ലമെന്റില്‍ ബിജെപിയും കോണ്‍ഗ്രസും ഭായി ഭായി ആയി. പ്രധാനമന്ത്രിയെ ഒഴിവാക്കിയ ലോക്പാല്‍ ബില്‍ വന്നു. കേന്ദ്രത്തിന് എന്‍ഡോസള്‍ഫാന്‍ പ്രണയം കനത്തു. സിങ്വി എന്‍ഡോസള്‍ഫാനും കുടിച്ചു. ഡീസലിന്റെ വിലനിയന്ത്രണവും എടുത്തുകളയാന്‍ പോകുന്നു. വിലക്കയറ്റംകൊണ്ട് ജീവിക്കാന്‍ വയ്യാതായി. ഇവിടെയാണെങ്കില്‍ സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റും ചേര്‍ന്ന് മെറിറ്റ് സീറ്റും കൊള്ളയടിക്കുന്നു. വക്കം കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. ചെന്നിത്തല ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു. ബസ്ചാര്‍ജ് വര്‍ധന പെരുത്ത അന്യായമായി. ഇതൊന്നും നമ്മുടെ ചാനലുകള്‍ക്കും പത്രകേസരികള്‍ക്കും ചര്‍ച്ചയല്ല. അവര്‍ രാവിലെമുതല്‍ സിപിഐ എമ്മിനെ നന്നാക്കാനുള്ള ചര്‍ച്ച തുടങ്ങുന്നു. തുടക്കമിട്ടുകൊടുത്തതും ഇടയ്ക്കിടെ എണ്ണയൊഴിച്ചു കത്തിക്കുന്നതും ഈ നായരാണ്. ചര്‍ച്ചയിലും പത്രങ്ങളുടെ എഡിറ്റ് പേജുകളിലും അവതരിക്കുന്നവരുടെ കുപ്പായത്തിന്റെ നിറമേ മാറുന്നുള്ളൂ. ഒരേ പാട്ടുകാരാണ്. സിപിഐ എം എന്ന പാര്‍ടിയില്‍ അരുതാത്തത് പലതും നടക്കുന്നു എന്നാണ് നായരുടെയും കൂട്ടരുടെയും പ്രചാരണം. അങ്ങനെ എന്തെങ്കിലും നടക്കുന്നുവെങ്കില്‍ അത് ഒരുതരത്തിലും പൊറുപ്പിക്കുന്ന പാര്‍ടിയല്ല സിപിഐ എം. സര്‍വഗുണ സമ്പന്നരെ ആസിഡ് ടെസ്റ്റ് നടത്തിയല്ല പാര്‍ടിയിലെടുക്കുന്നത്. ചിലര്‍ ചില തെറ്റുകളില്‍പെട്ടു എന്നുവരും. അത്തരക്കാരെ തിരുത്തിക്കുക; തെറ്റായ വഴികള്‍ കൊട്ടിയടയ്ക്കുക; തിരുത്താന്‍ ഭാവമല്ലെങ്കില്‍ പുറന്തള്ളുക ഇതൊക്കെയാണ് പാര്‍ടിയില്‍ നടക്കുക. കുഞ്ഞനന്തന്‍നായരെ സ്വന്തം വീട്ടുകാര്‍ സഹിക്കുന്നില്ലേ? അത് സര്‍വഗുണസമ്പന്നത കൊണ്ടാണോ? നായര്‍ പറയുന്ന തരത്തില്‍ നായരെപ്പറ്റി പറഞ്ഞാല്‍ നാറ്റം നാനാവിധമാകില്ലേ? വലിയ വലിയ കേസുകളില്‍ കൈയോടെ പിടിക്കപ്പെട്ടവര്‍ മന്ത്രിയായും എംപിയായുമൊക്കെ ഇന്നാട്ടില്‍ വിലസുന്നുണ്ട്. അവരെക്കാണുമ്പോള്‍ കവാത്തുമറന്ന് കമിഴ്ന്നു വീഴുന്നവര്‍തന്നെ സിപിഐ എം സദാചാരഭ്രംശത്തിനെതിരെ കടുത്ത സമീപനമെടുക്കുമ്പോള്‍ പുച്ഛിക്കുന്നു. ഇരട്ടത്താപ്പേ കാണാനുള്ളൂ. പാര്‍ടി ഉടന്‍ നടപടിയെടുത്താലും കുറ്റം, അന്വേഷിച്ച് ബോധ്യപ്പെട്ട് നടപടിയെടുത്താലും കുറ്റം. നായരെ പേറിയാല്‍ പേറിയവന്‍ നാറും എന്നാണ് തോന്നുന്നത്. ലോകത്ത് ഏറ്റവും മികച്ച മനോരോഗ ചികിത്സയുള്ളത് ജര്‍മനിയിലാണ്. അടുത്ത ആറുമാസം ആ വഴിക്കൊന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ കേരളം മാലിന്യമുക്തമായേനെ. മലപ്പുറം സമ്മേളനത്തിനുമുമ്പ് ബ.കു.ന സ്വപ്നംകണ്ട സ്ഥാനം പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്വമായിരുന്നു. ഇക്കുറി അത് പാര്‍ടി സ്ഥാപകപ്പട്ടം തന്നെയാണ്. അപ്പുക്കുട്ടന്റെ സഹായമുണ്ടെങ്കില്‍ അത് സാധിക്കാവുന്നതേയുള്ളൂആസാദിന്റെ പാര്‍ടിയുടെ സ്ഥാപകനാകാം. നീലകണ്ഠനെ പൊളിറ്റ് ബ്യൂറോ മെമ്പറാക്കാം.
No comments:
Post a Comment