ഉള്ളതുപറഞ്ഞാല്‍
ഫാന്‍സ് അസോസിയേഷന്‍
ശതമന്യു
ദേശാഭിമാനി, 2011 ആഗസ്റ്റ് 15
ഇത് ഫാന്‍സ് അസോസിയേഷനുകളുടെ കാലമാണ്. ഉമ്മന്‍ചാണ്ടി ഫാന്‍സ് ക്ലബ്ബില്‍ ഇന്ദ്രന്‍ മുതല്‍ രാജപ്പന്‍വരെ ഉണ്ട്. പി സി ജോര്‍ജ് പറയുന്നത്, മന്ത്രിസഭയുടെ തീരുമാനത്തിന് മേലെ പരുന്തും പറക്കില്ല എന്നാണ്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തവുമില്ല; പാമൊലിന്‍ കേസില്‍ പ്രതിയാവുകയുമില്ല എന്ന്. ലാവ്ലിന്‍ കേസ് വന്നപ്പോള്‍ മന്ത്രിസഭാതീരുമാനത്തിനു വിലയില്ലപിണറായിയെ പിടിക്കണം എന്നായിരുന്നു രാജപ്പന്റെയും ജോര്‍ജ്കുട്ടിയുടെയും ഘോരവാദം. ഇങ്ങനെ അപ്പപ്പോള്‍ കാണുന്നവരെ കെട്ടിപ്പിടിച്ച് വാത്സല്യം നുകരുന്ന ശീലക്കാരുടെ എണ്ണം കൂടിവരികയാണ് നാട്ടില്‍ . ചെന്നിത്തല പറയുന്നതുകേട്ടു, പാമൊലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന്. ലാവ്ലിന്‍ കേസില്‍ രാഷ്ട്രീയക്കളി എണ്ണിപ്പറഞ്ഞ് അതിനെ രാഷ്ട്രീയമായി തുറന്നുകാട്ടുമെന്ന് സിപിഐ എം നിലപാടെടുത്തപ്പോള്‍ ആനപ്പുറത്തേറിയാണ് പ്രതിഷേധം വന്നത്. നിയമത്തോടോ രാഷ്ട്രീയക്കളി എന്നാണ് ചോദിച്ചത്. ഇവിടെ സ്വയം കുഴിച്ച കുഴിയില്‍ ഉമ്മന്‍ചാണ്ടി വീഴുകയും മുസ്തഫ മണ്ടന്‍ കളിച്ച് അതേ കുഴിയിലേക്ക് കല്ലെടുത്തിടുകയും ചെയ്തപ്പോള്‍ രാഷ്ട്രീയമായി നേരിടുമത്രെ. ഉമ്മന്‍ചാണ്ടി മൊഴിഞ്ഞത്, തനിക്ക് എല്ലാം അറിയാമായിരുന്നുവെന്ന്. ഇപ്പോള്‍ പി സി ജോര്‍ജ് പറയുന്നത് ആ പാവത്തിന് ഒന്നും അറിയില്ലായിരുന്നു എന്ന്. ചെന്നിത്തല ആണയിടുന്നു ഞാന്‍ ക്യാബിനറ്റില്‍ ഇല്ല; ക്യാബിനറ്റില്‍ ഉള്ളവരോട് ചോദിക്കൂ എന്ന്. നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇതൊന്നും വാര്‍ത്തയല്ല. ലാവ്ലിന്‍ കേസില്‍ ഒരു നട്ടപ്പിരാന്തനെ വണ്ടികയറ്റി കൊണ്ടുവന്ന് നാടുചുറ്റിച്ച് വാര്‍ത്ത സൃഷ്ടിച്ച മാധ്യമനിഷ്പക്ഷേന്ദ്രന്മാര്‍ക്ക് വാര്‍ത്തയും സത്യവുമൊന്നും വേണ്ടഎല്ലിന്‍ കഷണങ്ങള്‍ മതി. ഉമ്മന്‍ചാണ്ടി കുടുങ്ങുന്ന കേസിലും അവര്‍ ചര്‍ച്ചചെയ്യുക കോടിയേരി പറഞ്ഞത് ശരിയായോ, എല്‍ഡിഎഫില്‍ ആശയക്കുഴപ്പമല്ലേ എന്നാണ്. സിപിഐ എമ്മിനെതിരെ സാക്ഷികളെ സൃഷ്ടിക്കും, ഏതോ തലതിരിഞ്ഞവര്‍ നാലു പോസ്റ്ററൊട്ടിച്ചാല്‍ ആഗോളവാര്‍ത്തയാക്കും. പിണറായി വിജയന് അനുകൂലമായി കോടതി പറഞ്ഞാല്‍ അമ്പമ്പോ അത് ശരിക്കും എതിരായി പറഞ്ഞതാണ് എന്ന് സമര്‍ഥിക്കാന്‍ ഒരു നിയമജ്ഞന്‍ ചാടിവീണിരിക്കും. കോടതി എതിരായാണ് പറഞ്ഞതെങ്കില്‍ , ഇനി പിണറായി ജീവിക്കാന്‍ പാടില്ല എന്നതായിരിക്കും മുന്‍ നക്സല്‍ എന്ന് സ്വയംവിളിക്കാറുള്ള വക്കീല്‍ മഹോദയിന്റെ തീര്‍പ്പ്. അങ്ങനെയൊരാള്‍ , വീരഇന്ദ്രന്മാരുടെ പത്രത്താളില്‍ കയറി സമര്‍ഥിച്ചുകളഞ്ഞത്, പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടതില്ല എന്നാണ്. അതിനായി ഭരണഘടനയുടെ ഉടുമുണ്ട് പോലും അഴിക്കാന്‍നോക്കി കാളീശ്വരത്തെ രാജപ്പന്‍
ആപ്പുക്കുട്ടന് പിള്ളയെയും കാണണ്ട; ഉമ്മന്‍ചാണ്ടിയുടെ കേസും നോക്കേണ്ട. ബര്‍ലിന്‍നായര്‍ പൊളിറ്റ് ബ്യുറോയിലെത്തിയാല്‍മതി. ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ കയറിയിരുന്നയാള്‍ 'പ്രധാനമന്ത്രി'യായി. ഈരാറ്റുപേട്ടയിലെ ക്വട്ടേഷന്‍പണിക്ക് ക്യാബിനറ്റ് പദവി കിട്ടി. എതിരായി വിധിച്ച ജഡ്ജി പണ്ട് കമ്യൂണിസ്റ്റായിരുന്നു എന്നതാണ് ന്യായം പറയേണ്ടതെന്ന് പി സി ജോര്‍ജ് ക്ലാസെടുക്കുന്നു. രാഷ്ട്രീയത്തില്‍ വയ്യാതാകുമ്പോഴാണ് എന്‍ ഡി തിവാരിയെപ്പോലുള്ളവര്‍ക്ക് ഗവര്‍ണര്‍പദവി കൊടുക്കുന്നത്. അങ്ങനെയൊരു ഗവര്‍ണര്‍ മന്ത്രിസഭയുടെയും അഡ്വക്കറ്റ് ജനറലിന്റെയും ശുപാര്‍ശ തള്ളി രാഷ്ട്രീയതീരുമാനമെടുത്തപ്പോള്‍ സിപിഐ എം എതിര്‍പ്പുയര്‍ത്തി. അന്ന് ഗവര്‍ണറുടെ പദവിയുടെ പവിത്രതയെക്കുറിച്ച് സംഘഗാനംപാടിയവര്‍ക്ക് ഇപ്പോള്‍ ഒരു ജില്ലാ ജഡ്ജിയുടെ ജാതകംതോണ്ടി പി സി ജോര്‍ജ് തെരുവിലെടുത്തിട്ടലക്കുമ്പോള്‍ കണ്ണും കാണുന്നില്ല, കാതും കേള്‍ക്കുന്നില്ല. ശുംഭന്‍ വിളിക്ക് എം വി ജയരാജനെ വിടില്ല ഞങ്ങള്‍ എന്നാണ് കോടതി പറയുന്നത്. അക്കണക്കിന് പി സി ജോര്‍ജിന് കൂട്ടില്‍നിന്നിറങ്ങാന്‍ സമയം കാണില്ല. ഒരുഭാഗത്ത് ജഡ്ജിക്കെതിരെ പക്ഷപാതം ആരോപിക്കുന്നു. മറുവശത്ത് ജഡ്ജിയെ ആക്രമിക്കുന്നു. കമീഷന്‍ പിരിച്ചുവിടുന്നു. സ്വാശ്രയക്കാരുടെകൂടെ ആടിപ്പാടിയ ജഡ്ജിയെ തുറന്നുകാട്ടിയപ്പോള്‍ ജുഡീഷ്യറിയുടെ പരിപാവനത തച്ചുടയ്ക്കപ്പെടുന്നേ എന്ന നിലവിളിയായിരുന്നു. ഇപ്പോള്‍ അക്കൂട്ടര്‍ മോങ്ങുന്നുപോലുമില്ല. ഇതെല്ലാം കാണുമ്പോള്‍ ആപ്പുക്കുട്ടന്റെ പണിതന്നെ ഉചിതം എന്ന് തോന്നുന്നു. വെറുതെ കമ്യൂണിസ്റ്റുകാരെ തെറിവിളിച്ചുകൊണ്ടിരിക്കുക. പത്രത്തില്‍ സ്ഥലം കിട്ടും; ചാനലില്‍ കസേര കിട്ടും. പറയുന്നതെല്ലാം ഒരേ കാര്യങ്ങളാണെങ്കിലും യുഡിഎഫിലെ പ്രശ്ങ്ങള്‍ മൂടിവയ്ക്കുക എന്ന സേവനം കൃത്യമായി നിറവേറ്റപ്പെടുന്നുണ്ട്. കൊക്കകോളക്കാരനെ പ്ലാനിങ് ബോര്‍ഡിലിരുത്തിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. സിങ്വിയും ചിദംബരവും നേതാവായ പാര്‍ടിക്ക് സാന്തിയാഗോ മാര്‍ട്ടിനെ പ്ലാനിങ് ബോര്‍ഡ് മെമ്പറാക്കാന്‍ തോന്നാത്തതില്‍ സന്തോഷിക്കാം. ആ ബോര്‍ഡില്‍ ഇപ്പോള്‍ വൈസ് ചെയര്‍മാന്റെ ഭരണമാണത്രെ. ഉമ്മന്‍ചാണ്ടിക്ക് ശബ്ദം നഷ്ടപ്പെട്ടുപോലും. മഹാബലി വരുമ്പോള്‍ ഇതൊക്കെ കാണാനാകും വിധി. എന്തായാലും ഇത്തരം വേണ്ടാതീനങ്ങളൊന്നും നാട്ടുകാരെ അറിയിക്കാതിരിക്കാന്‍ നമ്മുടെ മാധ്യമസൈന്യം ജാഗരൂകരായി നില്‍ക്കുന്നുണ്ട്. പ്രസ് അക്കാദമിപോലെ ചില അക്കാദമികളും സിന്‍ഡിക്കറ്റുകളുമുണ്ടാക്കി ചെയര്‍മാന്‍ , വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീതിച്ചുകൊടുത്താല്‍ അവര്‍ തൃപ്തിപ്പെട്ടുകൊള്ളും
ഓരോരുത്തര്‍ക്ക് ഓരോ ദൗത്യമുണ്ട്. മഴയുടെയും ഇടിമിന്നലിന്റെയും ദേവനാണ് ഇന്ദ്രന്‍ . അഷ്ടദിക്പാലകന്മാരില്‍ ഒരാള്‍ . ആ ഇന്ദ്രന്റെ വിലാസം അമരാവതി, സ്വര്‍ഗം പോസ്റ്റ് എന്നതാണ്. ഇവിടെ പരാമര്‍ശിക്കുന്ന ഇന്ദ്രന്‍ കോഴിക്കോടന്‍ ബിരിയാണി കഴിക്കുന്നയാളാണ്. മഴയും ഇടിമിന്നലുമുണ്ടാക്കുക, അഷ്ടദിക്പാലകന്റെ സൂക്ഷ്മതയോടെ യുഡിഎഫിനെ സംരക്ഷിക്കുക എന്നീ ദൗത്യങ്ങള്‍ ഓണ്‍ലൈനിലൂടെ ഭംഗിയായി നിര്‍വഹിക്കുന്നു. ചുറ്റും അനുചരരുണ്ട്. ഇന്ദ്രനെ ആരെങ്കിലും തറപ്പിച്ചു നോക്കിയാല്‍ വാനരപ്പട ചാടിയിറങ്ങും. ബഹുമുഖ പ്രതിഭകള്‍ക്ക് പലകാര്യം ഒരുനേരം ചെയ്യാം. ഒരുഭാഗത്ത് യൂണിയന്‍ , മറുഭാഗത്ത് ഐരാവതത്തിന്റെ മുതുകത്തേറി കോളമെഴുത്ത്, പിന്നൊരു ഭാഗത്ത് രാഷ്ട്രീയ ഇടപെടല്‍ . എല്ലാമായപ്പോള്‍ താനൊരു സംഭവം തന്നെയെന്ന് തോന്നിപ്പോയി. കണ്ടുനിന്നവര്‍ക്കും അങ്ങനെതന്നെ തോന്നി. അങ്ങനെ കാളീശ്വരം രാജ്, ക്രൈം നന്ദകുമാര്‍ , കാര്‍ത്തികപുരം കൊച്ചപ്പി, ആപ്പുക്കുട്ടന്‍ പാരക്കുന്ന്, പുഴങ്കരരാജു തുടങ്ങിയ മഹാന്മാരുടെ ശ്രേണിയിലേക്കുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. എവിടെ അനീതി കണ്ടാലും വിശേഷാല്‍ ശക്തിയോടെ ചാടിവീണുകളയും. പക്ഷേ വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ച് ആ പേനയില്‍നിന്ന് ഇന്നുവരെ ഒരു വരി ഉതിര്‍ന്നുവീണിട്ടില്ല. പാമൊലിന്‍ കേസില്‍ പെട്ട് തുലഞ്ഞുകിടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ രക്ഷയ്ക്ക്, ഇതെല്ലാം അസാധാരണ സംഭവങ്ങളല്ലേവെറുതെ വാള്‍ തൂങ്ങുകയല്ലേ എന്നാണ് ഇന്ദ്രന്റെ രക്ഷാബന്ധനം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന് ഉമ്മന്‍ചാണ്ടിക്ക് നന്നായറിയാം. ഐരാവതത്തിന്റെ തീറ്റയ്ക്കിപ്പോള്‍ നല്ല വിലയായതുകൊണ്ട്, പകരം യാത്രയ്ക്ക് സര്‍ക്കാര്‍ ബോര്‍ഡുവച്ച കാര്‍ ഉമ്മന്‍ചാണ്ടി ഇന്ദ്രന് നല്‍കി. എറണാകുളത്ത് വിശ്രമത്തിനൊരു ഓഫീസും. ഇനി അഞ്ചുകൊല്ലം പ്രതിപക്ഷം വെള്ളം കുടിച്ചതുതന്നെ. കുടിച്ചില്ലെങ്കില്‍ കുടിപ്പിക്കും
ബാലകൃഷ്ണപിള്ള എഴുപത്തൊന്‍പതുദിവസം കഴിഞ്ഞാല്‍ പലരുടെയും മുഖംമൂടി തകര്‍ക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പല പ്രമാണിമാര്‍ക്കും അതോടെ ഉറക്കംകെട്ടു. പിള്ളയ്ക്ക് ജയിലില്‍നിന്ന് പ്രൊമോഷന്‍ കിംസ് ആശുപത്രിയുടെ ശീതളിമയിലേക്ക്. ഒന്നുകൂടി ആഞ്ഞുപിടിച്ചാല്‍ മസ്കറ്റ് ഹോട്ടലിലേക്ക് മാറാം. തമാശതന്നെ. അഴിമതി അന്വേഷിക്കാന്‍ മാണി ഗ്രൂപ്പ് പ്രത്യേക സമിതിയുണ്ടാക്കിയത്രെ. അവരുടെ കാര്യം ആര് നോക്കും; ബ്ലാക്ക് മെയിലിങ് ആ സമിതിയുടെ പരിധിയില്‍ പെടുമോ, സമിതിക്കാര്‍ ലോക്പാല്‍ ബില്ലിന് അകത്തോ പുറത്തോ എന്നീ വിഷയങ്ങള്‍ പി സി ജോര്‍ജ് കൈകാര്യംചെയ്യുമോ എന്തോ. തരുണ്‍ ദാസിന്റെ കാര്യം കോളയ്ക്കെതിരെ സമരംനയിച്ച കൃഷ്ണന്‍കുട്ടിയെ ബോധ്യപ്പെടുത്താനെങ്കിലും വീരന് കഴിഞ്ഞിട്ടുണ്ടാകുമോ.. പെരുമാട്ടി പഞ്ചായത്തിലെ വീരന്‍ദളിനെ ഇനി തരുണ്‍ദാസ് നയിക്കട്ടെ.
No comments:
Post a Comment