പാമൊലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണം
സ്വന്തം ലേഖകന്‍
മനോരമ ഓൺലെയിൻ , 2011 ആഗസ്റ്റ് 8
തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി. കേസിനാസ്പദമായ ഇടപാട് നടന്ന കാലയളവില്‍ ധനമന്ത്രിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കേണ്ടതില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദമായ അന്വേഷണറിപ്പോര്‍ട്ട് മൂന്നു മാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മന്ത്രിസഭായോഗത്തില്‍ പാമൊയില്‍ ഇറക്കുമതി പ്രത്യേക വിഷയമായി ഉള്‍പ്പെടുത്തണമെന്ന അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയുടെ നിര്‍ദ്ദേശത്തില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പുവച്ചു, പാമൊയിലിന് 15 ശതമാനം സേവനനികുതി ഈടാക്കുന്നതു സംബന്ധിച്ച വസ്തുതകള്‍ ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നു, പാമൊയില്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ഒന്നരമാസത്തോളം അന്നത്തെ ധനമന്ത്രിയുടെ ഓഫിസില്‍ ഉണ്ടായിരുന്നു എന്നീ മൂന്നു കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്നതിനായി കോടതി കണക്കിലെടുത്തത്.
നിലവിലെ കുറ്റപത്രം അനുസരിച്ച് മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ അടക്കമുള്ളവരെ വിചാരണ ചെയ്യാവുന്നതാണെന്നും കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തില്‍ പുതിയ തെളിവുകളോ കൂടുതല്‍ പേരുടെ പങ്കോ കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് കാട്ടിയാണ് വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ. ഹനീഫ റിപ്പോര്‍ട്ട് തള്ളിയത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ പാമൊലിന്‍ കേസിലെ തുടരന്വേഷണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാമൊലിന്‍ കേസിനെ ധാര്‍മികമായും നിയമപരമായും നേരിടുമെന്നാണ് തിരഞ്ഞെടുപ്പ് വേളയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നത്. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൂന്നു മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഇന്നത്തെ വിജിലന്‍സ് കോടതി അതിനാല്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
പാമൊലിന്‍ ഇടപാടിനെ കുറിച്ച് തനിക്കെല്ലാം അറിയാം എന്ന ഉമ്മന്‍ചാണ്ടിയുടെ പത്ര പ്രസ്താവന അടിസ്ഥാനമാക്കിയാണ് കേസില്‍ തുടരന്വേഷണം വേണമെന്ന് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായ പി.എ. അഹമ്മദ് ഫെബ്രുവരി 26ന് ഹര്‍ജി നല്‍കിയത്. കേസിലെ നാലാം പ്രതിയായ സക്കറിയ മാത്യു കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പാമൊലിന്‍ ഇറക്കുമതിയെ കുറിച്ച് അന്നത്തെ ധനമന്ത്രിക്ക് എല്ലാം അറിയാമെന്ന് പറഞ്ഞിരുന്നു. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡിന് 15% സര്‍വീസ് ചാര്‍ജ് നല്‍കി പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി ധനമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു എന്നും അനുമതിയില്ലാതെ ഇറക്കുമതി സാധിക്കില്ലെന്നുമാണ് സക്കറിയ മാത്യു വാദിച്ചിരുന്നത്. ധനമന്ത്രിയുടെ സമ്മതത്തോടെയാണ് ഫയല്‍ മന്ത്രിസഭാ യോഗം പരിഗണിച്ചതെന്ന് അന്നത്തെ ഭക്ഷ്യ സിവില്‍ സപ്ളൈസ് സെക്രട്ടറി വ്യക്തമാക്കിയിരുന്നതും അഹമ്മദ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേസില്‍ പുതിയ പ്രതികള്‍ വന്നേക്കാമെന്നും തുടരന്വേഷണം വേണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയും ടി.എച്ച്. മുസ്തഫ ഭക്ഷ്യമന്ത്രിയുമായിരുന്ന കാലത്ത് 1992 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ സംസ്ഥാനത്തിനു 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണു കേസ്. കേസില്‍ മുന്‍ മുഖ്യമന്ത്രി കരുണാകരനായിരുന്നു ഒന്നാം പ്രതി. നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്.പദ്മകുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു. സിവില്‍ സപ്ളൈസ് മുന്‍ എംഡി ജിജിതോംസണ്‍, പാമൊയില്‍ കമ്പനി ഡയറക്ടര്‍മാരായ വി.സദാശിവന്‍, ശിവരാമകൃഷ്ണന്‍, മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനല്‍ പി.ജെ. തോമസ് എന്നിവരാണ് മറ്റ് പ്രതികള്‍.
No comments:
Post a Comment