പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Thursday, July 7, 2011
മലയോളം ഉയരത്തിലെന്‍ മലയാളം
മലയോളം ഉയരത്തിലെന്‍ മലയാളം
എം.പി. അബ്ദുസ്സമദ് സമദാനി
മാതൃഭൂമി ദിനപ്പത്രം, ജൂലൈ 7 , 2011
മാതൃഭാഷയെ കൈവെടിയുന്നതുകൊണ്ട് സ്വന്തം ഭാഷ മാത്രമല്ല നഷ്ടമാകുന്നത്. സ്വന്തം സംസ്‌കാരത്തെയും അത് ശിഥിലമാക്കുന്നു. ജീവിതത്തിന്റെയും പെരുമാറ്റത്തിന്റെയും രീതിശാസ്ത്രങ്ങളെയെല്ലാം ചിട്ടപ്പെടുത്തുന്നതില്‍ മാതൃഭാഷയ്ക്ക് അനല്പമായ പങ്കുണ്ട്. മലയാളത്തെ അവഗണിക്കുന്നതിന് വലിയ വില കൊടുക്കേണ്ടതായിവരുമെന്ന പാഠം അഭിനവമലയാളി സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്
ഹിന്ദുസ്താന്‍ ഹമാരാ
ലോകത്തെവിടെയും മാതൃഭാഷയ്ക്ക് മാനവസംസ്‌കാരവുമായുള്ള പൊക്കിള്‍ക്കൊടിബന്ധം സുവിദിതമാണ്. മാതാവും മാതാവിന്റെ ഭാഷയും മനുഷ്യസ്വഭാവത്തിന്റെ രൂപകല്പനയില്‍ വഹിക്കുന്ന അതിപ്രധാനമായ പങ്കിനുപകരം മറ്റൊന്നില്ല. മാതൃത്വം മാനവത്വത്തിന്റെ ആദിമമായ ആത്മവിദ്യാലയമാകയാല്‍ മാതൃഭാഷ ആത്മാവിന്റെ ഭാഷയും സ്വത്വത്തിന്റെ ആവിഷ്‌കാരവുമായിരിക്കുന്നു.
എന്നാല്‍ ഉണ്മയുടെ അടിസ്ഥാനത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്ന ഏത് വേരും പിഴുതെറിയാന്‍ ധൃഷ്ടനായിത്തീര്‍ന്ന പുതിയ കാലത്തിന്റെ പുത്രന്മാര്‍ അമ്മയെ നിഷേധിക്കുന്നതുപോലെ അമ്മയുടെ ഭാഷയെ തമസ്‌കരിക്കാനും തുടങ്ങിയിരിക്കുന്നു. വൃദ്ധസദനങ്ങളില്‍ മാതാവെന്നപോലെ ഇന്നത്തെ ചില വിദ്യാലയങ്ങളില്‍ മാതൃഭാഷയും ക്ലേശങ്ങള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.എന്നാല്‍ ലോകമെങ്ങും ഇതാണ് സ്ഥിതിയെന്ന് പറയുന്നത് തെറ്റായിരിക്കും. മാതൃഭാഷയെ മാറോട് ചേര്‍ത്തുവെച്ച് സ്‌നേഹിക്കുന്ന ജനസഞ്ചയങ്ങള്‍ പലയിടത്തുമുണ്ട്.
പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രയിലെ അനുഭവങ്ങള്‍ വിവരിക്കവെ, തീവണ്ടിയില്‍ വെച്ചു പരിചയപ്പെട്ട സഹയാത്രികന്‍ തന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ നിസ്സംഗനായി ഇരുന്നത് മഹാന്മാരായ മലയാളികളില്‍പ്പെടുന്ന ഗുരു നിത്യചൈതന്യ യതി വിവരിക്കുന്നുണ്ട്. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, വണ്ടിയില്‍ നിന്നിറങ്ങിയ ഉടനെ അതേവ്യക്തി ഗുരുവിനോട് വാചാലമായി സംസാരിക്കാന്‍ തുടങ്ങി. കാരണമാരാഞ്ഞപ്പോള്‍ ''ഞങ്ങള്‍ ഫ്രഞ്ചുകാര്‍ ഫ്രാന്‍സിന്റെ അതിര്‍ത്തിക്കകത്ത് മറ്റൊരു ഭാഷയില്‍ സംസാരിക്കാറില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുരുവിനോടൊപ്പം കേരളത്തില്‍ നടത്താന്‍ സാധിച്ച സൗഭാഗ്യയാത്രകളില്‍ പലപ്പോഴും തന്റെ ഈ ഫ്രഞ്ചനുഭവത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ഈ ലേഖകനോട് വിവരിച്ചത് ഓര്‍ക്കുന്നു.
ഫ്രഞ്ചുകാരുടെ മാതൃഭാഷാസ്‌നേഹത്തെക്കുറിച്ച് വേറെയും കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. വിവിധങ്ങളായ ആധുനിക ശാസ്ത്രങ്ങള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള മാധ്യമമായും മാതൃഭാഷ മതി എന്നു അവര്‍ കരുതുന്നു. അതിനായി ഫ്രഞ്ചുഭാഷയെ സജ്ജമാക്കാനും അവര്‍ക്ക് സാധ്യമായി. ആധുനിക ജീവിതത്തിലെ നിരവധി നിത്യോപയോഗ സാധനങ്ങളില്‍ ഇന്ന് ഫ്രഞ്ച് അക്ഷരമുദ്രകള്‍ പതിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ അതിന് നിമിത്തമായത് അത് മാതൃഭാഷയായിട്ടുള്ള ഒരു ജനതയുടെ ആത്മാഭിമാനമാണ്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു സമൂഹവും സ്വന്തം മാതൃഭാഷയെ കൈയൊഴിക്കാന്‍ തയ്യാറാവുകയില്ല.
മാതൃഭാഷയെ കൈവെടിയുന്നതുകൊണ്ട് സ്വന്തം ഭാഷ മാത്രമല്ല നഷ്ടമാകുന്നത്. സ്വന്തം സംസ്‌കാരത്തെയും അത് ശിഥിലമാക്കുന്നു. ജീവിതത്തിന്റെയും പെരുമാറ്റത്തിന്റെയും രീതിശാസ്ത്രങ്ങളെയെല്ലാം ചിട്ടപ്പെടുത്തുന്നതില്‍ മാതൃഭാഷയ്ക്ക് അനല്പമായ പങ്കുണ്ട്. മലയാളത്തെ അവഗണിക്കുന്നതിന് വലിയ വില കൊടുക്കേണ്ടതായിവരുമെന്ന പാഠം അഭിനവമലയാളി സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. നമ്മുടെ പൈതൃകവും ഓര്‍മകളും മലയാളത്തില്‍ ചാലിച്ചതാണ്. ഗൃഹവുമായി ഹൃദയബന്ധം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ ഗൃഹാതുരത്വത്തിന് പോലും അവകാശമുള്ളൂ.
ഒരിക്കല്‍ ഒരു മലയാളി കുടുംബത്തിന്റെ തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ സംഭവത്തിന്റെ വേദന മനസ്സില്‍ ഇപ്പോഴുമുണ്ട്. ഗൃഹനാഥനായ പിതാവ് യുവാവായ തന്റെ മകനെ എനിക്ക് പരിചയപ്പെടുത്തി. ആ ചെറുപ്പക്കാരനോട് (സ്വാഭാവികമായും മലയാളത്തില്‍) സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ പിതാവ് പറഞ്ഞു: ''അതുവേണ്ട, അവന് മലയാളം അറിയില്ല.'' അതു കേട്ടപ്പോള്‍ വലിയ അത്ഭുതവും അതിലേറെ സങ്കടവുമുണ്ടായി. ആ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനുമുമ്പ് സ്‌നേഹപൂര്‍വം തന്നെ പിതാവിനോട് പറഞ്ഞു. ''വൈകിപ്പോയെങ്കിലും മകനെ മലയാളം പഠിപ്പിക്കണം. അല്ലെങ്കില്‍ അവന് നിങ്ങളെയും അറിയാതായിത്തുടങ്ങും.'' മാതൃഭാഷ അറിയാത്തവന് മാതാവിനെയും പിതാവിനെയും തിരിച്ചറിയാനാവില്ല എന്ന സത്യം ഉറക്കെ പറയേണ്ടതുണ്ട്.
യഥാര്‍ഥത്തില്‍ ഏതൊരു മനുഷ്യനെയും മാതൃഭാഷ ആരും പഠിപ്പിക്കുന്നതല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അന്ന് അങ്ങനെ പറഞ്ഞത്. മാതാവ് തന്റെ നാവിന്‍തുമ്പില്‍ നിന്ന് കുഞ്ഞിന്റെ ഇളം ചുണ്ടിലേക്ക് പകര്‍ന്നു കൊടുക്കുന്നതാണ് മാതൃഭാഷ. അതിന്റെ പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ പഠനമോ വിദ്യയോ അഭ്യാസമോ ഒന്നും തന്നെയില്ല. തീര്‍ത്തും സ്വാഭാവികവും നൈസര്‍ഗികവും സര്‍വോപരി നിര്‍മലവുമായ ഈ പ്രക്രിയയില്‍ അധ്യയനത്തിനോ അധ്യാപനത്തിനോ ഒരു പ്രസക്തിയുമില്ല. അമ്മ അക്ഷരങ്ങള്‍ പഠിച്ചിരുന്നില്ല. അമ്മയില്‍ നിന്ന് അക്ഷരങ്ങള്‍ ഉത്ഭവിക്കുകയാണ് ചെയ്യുന്നത്. അമ്മയുടെ സ്‌നേഹസ്വരം അറിവിന്റെ ആദ്യ പാഠങ്ങളായിത്തീരുന്നുണ്ടെങ്കിലും അമ്മയോ കുഞ്ഞോ അതറിയുന്നില്ല. 'പാഠം' എന്ന വാക്ക് തന്നെ അവരുടെ നിഘണ്ടുവില്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അതു പഠിക്കാനുള്ളതല്ല, പകര്‍ത്താനുള്ളതാണ്. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ സ്വരമാണ് അമ്മ. കുഞ്ഞ് അതിന്റെ പ്രതിസ്വരവും. സ്വരവും പ്രതിസ്വരവും സ്‌നേഹത്തിന്റെ ഭാഷയിലൂടെയാണ് ആവിഷ്‌കരിക്കപ്പെടുന്നത്. നമുക്ക് ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട മലയാളം സ്‌നേഹത്തിന്റെ സ്വരവിന്യാസമായിത്തീര്‍ന്നത് മലയാളക്കരയിലെ ഏതോ സാധു സ്ത്രീയുടെ പുണ്യത്തില്‍ വിടര്‍ന്ന സൗഭാഗ്യത്തിന്റെ ഫലമാകുന്നു. മാതാവിന്റെ മടിത്തട്ടില്‍ ആകാശത്തു നിന്ന് ഒരു സൗഭാഗ്യ നക്ഷത്രം അടര്‍ന്നുവീണപ്പോള്‍ അതു മലയാളമായി. ''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ /മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍'' എന്നു മഹാകവി വള്ളത്തോള്‍.
മാതൃഭാഷ ഇത്രയേറെ പ്രധാനമാകുന്നതുകൊണ്ട് മറ്റൊരു ഭാഷയും അപ്രധാനമാകുന്നില്ല. കാര്‍ത്തിക നക്ഷത്രത്തിന്റെ കാന്തി മറ്റു നക്ഷത്രങ്ങളുടെയൊന്നും പ്രകാശത്തിനൊരു കുറവും വരുത്തുന്നില്ല. എല്ലാ ഭാഷകളും മാനവ കുടുംബത്തിനു അവകാശപ്പെട്ടതാണ്. എല്ലാം പിറന്നതും വളര്‍ന്നതും ആ തറവാട്ടില്‍ തന്നെ. അതുകൊണ്ടുതന്നെ ഭാഷകള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് അര്‍ഥശൂന്യമാണ്. എത്രയേറെ ഭാഷകള്‍ പഠിക്കുന്നുവോ അത്രയേറെ മനുഷ്യന്റെ അറിവും സംസ്‌കാരവും വികസിക്കുകയും മനസ്സിന് വിശാലത കൈവരികയും ചെയ്യുന്നു. മാതൃഭാഷയ്ക്ക് പുറമെ മറ്റു ഭാഷകള്‍ പഠിക്കാനുള്ള താത്പര്യമാണ് ഏതു സമൂഹത്തിന്റെയും മാനവ വിഭവശേഷിയെ വികസിപ്പിക്കാന്‍ സഹായിച്ചത്. വിദേശത്ത്, വിശേഷിച്ചും മധ്യപൗരസ്ത്യ രാഷ്ട്രങ്ങളില്‍ മലയാളികള്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ക്ക് പിറകിലുള്ള പ്രധാനഘടകം അവര്‍ക്ക് ഭാഷകളിലുള്ള വ്യുല്പത്തിയാണെന്നതും അവിതര്‍ക്കിതമാണ്.
എന്നാല്‍, ഇതൊന്നും മാതൃഭാഷയുടെ മഹിമ കുറയ്ക്കുന്നില്ല. ഓരോ ഭാഷയും ഓരോ രുചിയാകുന്നു. മനുഷ്യന്റെ നാവിലാണ് ഏതുരുചിയും അനുഭവപ്പെടുന്നത്. ഭാഷയും ഭക്ഷണവും രുചിഭേദങ്ങളിലൂടെ മനുഷ്യനെ രസിപ്പിക്കുകയും അവന്റെ നിലനില്‍പ്പിനെ സഹായിക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ ഇമ്പങ്ങള്‍ ഉളവാക്കാന്‍ വിവിധങ്ങളായ ഭാഷകള്‍ക്ക് സാധിച്ചേക്കും. എന്നാല്‍, മാതൃഭാഷയുടെ രുചി അതില്‍ നിന്നെല്ലാം വ്യതിരിക്തമായ അപൂര്‍വതയാണ്. അതരുചികരമായ മലയാളം ആര്‍ഭാട നിര്‍ഭരമായ ഭക്ഷണശാലയില്‍ എത്രയെത്രയോ വിഭവങ്ങള്‍ക്കിടയില്‍ വിളമ്പിവെച്ച കഞ്ഞിയാകുന്നു. കഞ്ഞി രുചികരം മാത്രമല്ല കേരളീയന് അനിവാര്യവുമാകുന്നു. അമ്മ വിളമ്പിത്തന്ന കഞ്ഞിയാണ് മലയാളം. ''കുമ്പിളില്‍ കഞ്ഞി, വിശപ്പാറ്റുവാന്‍ വാക്കുതന്ന മലയാളം'' എന്ന് കുരീപ്പുഴ ശ്രീകുമാറിന്റെ വരികള്‍ക്ക് കഞ്ഞിയുടെ രുചിയുണ്ട്.
അടുത്ത കാലത്തായി മലയാളികള്‍ക്കിടയില്‍ മലയാളത്തോടുള്ള അനാഭിമുഖ്യം വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്. ഇളം തലമുറയെ മാതൃഭാഷയില്‍ നിന്നകറ്റുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും ഉത്കണ്ഠയുണ്ടാക്കുന്നു. മലയാളം വികൃതമാക്കി സംസാരിക്കുന്ന രീതി മിനി സ്‌ക്രീനില്‍ സൃഷ്ടിക്കുന്ന വൈകൃതങ്ങള്‍ നാടിനു തന്നെ അപമാനകരമാണ്. മലയാളിയാണെങ്കിലും ചിലര്‍ക്ക് 'മലയാളത്തില്‍ ഐഡിയാസ് എക്‌സ്പ്രസ് ചെയ്യാന്‍ വല്യ ഡിഫിക്കല്‍റ്റി' ആണ്. ചിലരാകട്ടെ മലയാളം 'കുരച്ചു കുരച്ചു അരിയുന്ന'തില്‍ അഭിമാനം കൊള്ളുന്നവരാണ്. കേഴുക മലയാള നാടേ എന്നു വിലപിക്കേണ്ട അവസ്ഥയിലാണ് ഭാഷാ സ്‌നേഹികള്‍. ഏതു വിദേശത്തു വാണാലും സ്വന്തം ഭാഷയെ തറവാട്ടമ്മയായും അന്യഭാഷകളെ വിരുന്നുകാരിയായും കണക്കാക്കണമെന്ന് വള്ളത്തോള്‍ ഓര്‍മിപ്പിച്ചത് ഇന്ന് ഏറെ അന്വര്‍ഥമായിരിക്കുന്നു.
ചൈനക്കാര്‍ മാതൃഭാഷയെ ഏറെ സ്‌നേഹിച്ചതുകൊണ്ടാണ് ചൈനീസ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായിത്തീര്‍ന്നത്. മറ്റുള്ളവര്‍ നമ്മുടെ ഭാഷയ്ക്ക് നല്‍കുന്ന പരിഗണനപോലും ചില മലയാളികള്‍ മലയാളത്തിന് നല്‍കാതിരിക്കുന്നത് അവരുടെ അപകര്‍ഷതാബോധം കൊണ്ടുമാത്രമാണ്. പല ഗള്‍ഫ് രാജ്യങ്ങളിലും മലയാളത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവിടത്തെ സര്‍ക്കാറുകള്‍ തയ്യാറായിരിക്കുന്നു. ഖത്തറില്‍ പല സ്ഥലത്തും ഗതാഗത സൂചനാബോര്‍ഡുകള്‍ മലയാളത്തിലാണ്.
മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ രാജ്യത്തു പ്രത്യേക പരിഗണനയും പരിപോഷണവും അര്‍ഹിക്കുന്നുണ്ട്. ഉത്തരേന്ത്യക്കാര്‍ തമിഴും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളും പഠിക്കണമെന്ന് നിര്‍ദേശിക്കുകയും പാര്‍ലമെന്റംഗങ്ങള്‍ക്ക് ആ ഭാഷ പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്ത പ്രശസ്ത ചിന്തകനും പ്രമുഖ സ്വാതന്ത്ര്യ സമരനായകനും നമ്മുടെ പ്രഥമ വിദ്യാഭ്യാസമന്ത്രിയുമായിരുന്ന മൗലാനാ അബ്ദുള്‍കലാം ആസാദിന്റെ നിലപാട് ഇക്കാര്യത്തില്‍ മാതൃകയാണ്. എല്ലാ ഭാരതീയ ഭാഷകളെയും പരിരക്ഷിക്കുക എന്ന ഭരണഘടനാ തത്ത്വം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു മൗലാനാ ആസാദ്.
മലയാളം സുന്ദരമാണെന്ന സത്യം പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. രാജ്യസഭയില്‍ മലയാളത്തില്‍ പ്രതിജ്ഞ ചെയ്തപ്പോള്‍ മലയാളം കേള്‍ക്കാന്‍ രസമുള്ള ഭാഷയാണെന്ന് പറഞ്ഞുകൊണ്ട് ഉത്തരേന്ത്യന്‍ എം.പി.മാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ മനസ്സില്‍ അത്ഭുതവും അഭിമാനവും സൃഷ്ടിച്ചതോര്‍ക്കുന്നു. മലയാളത്തിന് ഇതര ഭാഷക്കാരെയും ആഹ്ലാദിപ്പിക്കാന്‍ കഴിയുമെന്ന പാഠം അന്നു പഠിക്കുകയായിരുന്നു.
ഡല്‍ഹിയിലോ മറ്റു ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലോ പോയി ശുദ്ധമലയാളത്തില്‍ സംസാരിച്ചാല്‍ കുറച്ചൊക്കെ അവിടത്തുകാര്‍ക്ക് മനസ്സിലാകുമെന്നതും എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. പാര്‍ലമെന്റംഗമായി ആദ്യമായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കേരളാ ഹൗസില്‍ മലയാളികള്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തത് ഡോ. കരണ്‍ സിങ്ങായിരുന്നു. എന്റെ മറുപടി പ്രസംഗം കേട്ട് അത് ഏറെക്കുറെ തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ഭാഷകളുടെ നട്ടെല്ലായി നിലകൊള്ളുന്ന സംസ്‌കൃതമാണ് ഭാഷകളുടെ ഈ ഉദ്ഗ്രഥനത്തിന് സഹായകമാകുന്നത് എന്ന തിരിച്ചറിവും അന്നെനിക്കുണ്ടായി.
എല്ലാ ഭാഷകളിലും കാണും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ കഴിയാത്ത ചില പദങ്ങള്‍. ഭാഷയ്ക്ക് കരുത്ത് പകരുന്ന ഈ പ്രത്യേകത മലയാളത്തിന് ഒട്ടും കുറവല്ല. മലയാളത്തിലെ ചില രചനകളും പ്രഭാഷണങ്ങളും അപ്രകാരം പരിഭാഷയ്ക്ക് വഴങ്ങാത്തതാണ്. വിവര്‍ത്തനത്തിലൂടെ അതിന്റെ യഥാര്‍ഥ ചൈതന്യം ആവിഷ്‌കരിക്കുക എളുപ്പമല്ലാതായിത്തീരുന്നു. നമ്മുടെ കാലഘട്ടത്തില്‍ തന്നെ എം.ടി.വാസുദേവന്‍നായരുടെ എഴുത്തും സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗവും ഉദാഹരണം.
നമ്മുടെ ചിന്ത തന്നെ മലയാളത്തിലാകയാല്‍ ചില കാര്യങ്ങള്‍ നമുക്ക് ഇതരഭാഷകളില്‍ പറയാനും പ്രയാസമാണ്. മാതൃഭാഷ അത്രത്തോളം ഹൃദയത്തോട് ചേര്‍ന്നു കിടക്കുന്നു. അല്ല, അതു ഹൃദയത്തില്‍ നിന്നു തന്നെ നിര്‍ഗളിക്കുന്നു.
ഓരോ വാക്കിനും ഒരു സംസ്‌കാരമുണ്ട്. അച്ഛന്‍, അമ്മ, ബാപ്പ, ഉമ്മ, ചേട്ടന്‍, ചേച്ചി, ചോറ്, കഞ്ഞി, മത്തന്‍, മത്തി, പുര, പറമ്പ്, നാലുകെട്ട്, സഹധര്‍മിണി, ധര്‍മസങ്കടം..... എല്ലാം വിവിധങ്ങളായ സാംസ്‌കാരിക പ്രതീകങ്ങളാകുന്നു. ഇതര പ്രദേശങ്ങളിലും ഇതര ഭാഷകളിലും ഈ പ്രതീകങ്ങളും ചിഹ്നങ്ങളും അവയുടെ പശ്ചാത്തലങ്ങളും ഇങ്ങനെത്തന്നെ ആകണമെന്നില്ല.
നാഗര്‍കോവില്‍ ഗാഡിധാം എക്‌സ്പ്രസ്സില്‍ തിരുവനന്തപുരത്തുനിന്ന് തിരൂരിലേക്കുള്ള യാത്രാ മധ്യേ ഈ ലേഖനം എഴുതുമ്പോള്‍ അടുത്ത സീറ്റിലിരുന്ന ഹരീഷ് എന്ന ഡല്‍ഹിക്കാരനെ പരിചയപ്പെടാന്‍ ഇടയായി. സംസാരമധ്യേ ലേഖന വിഷയവുമായി ബന്ധപ്പെട്ട രണ്ടുകാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. ഒന്ന്, മലയാളം പഠിക്കാന്‍ വളരെ പ്രയാസമാണ്. വ്യാപാരാവശ്യാര്‍ഥം പതിനഞ്ചു വര്‍ഷമായി കേരളത്തില്‍ വന്നുപോകുന്ന തനിക്ക് ആകെ പഠിക്കാന്‍ കഴിഞ്ഞത് രണ്ടുമൂന്നു വാക്കുകള്‍ മാത്രമാണ്. രണ്ടാമതായി മലയാളം അറിഞ്ഞില്ലെങ്കിലും എനിക്ക് എന്റെ കാര്യം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. അതിനുകാരണം ഇവിടെ ഏതു മലയാളിക്കും അത് ഓട്ടോറിക്ഷാ ഡ്രൈവറാണെങ്കിലും ഇംഗ്ലീഷ് അറിയാമെന്നതാണ്. ഹരീഷ് പറഞ്ഞ ആദ്യത്തെ കാര്യം മലയാളത്തിന്റെയും രണ്ടാമത്തേത് മലയാളിയുടെയും കരുത്തായിത്തോന്നി.
ഹരീഷ് രണ്ടാമതായി പറഞ്ഞതുപോലുള്ള സ്ഥിതിവിശേഷം മാതൃഭാഷയില്‍ നിന്നുള്ള അകല്‍ച്ചയാകാതെ നോക്കേണ്ട കടമ നമുക്കുണ്ട്. ആ കടമയാണ് ധീരതയോടെ മുഖ്യമന്ത്രി നിര്‍വഹിച്ചിരിക്കുന്നത്. മലയാളം ഒന്നാം ഭാഷയാവുകയും ഭാഷാ പിതാവിന്റെ മണ്ണില്‍ മലയാളം സര്‍വകലാശാല യാഥാര്‍ഥ്യമാവുകയും ചെയ്യുന്നതില്‍ ഏതൊരു മലയാളിയും അഭിമാനിക്കും.
എല്ലാ അഭിമാനവും മാതൃത്വത്തിലെത്തുന്നു. മാതാവ് രണ്ട് അമൃതാണ് നല്‍കിയത്. അമ്മിഞ്ഞപ്പാലും മാതൃഭാഷയും. മുലപ്പാലിന്റെ രുചി എന്നെന്നും ഓര്‍മിപ്പിക്കുകയാണെന്റെ മലയാളം. അതിനാല്‍ ഈ വരികള്‍ മുപ്പത്തിമൂന്നു വര്‍ഷം മുമ്പ് ഒരു പെരുന്നാള്‍ ദിനത്തില്‍ ഈ മകന്റെ ഉടുപ്പില്‍ ചെഞ്ചായം പടര്‍ത്തി രക്തം ഛര്‍ദിച്ചു യൗവനത്തില്‍ തന്നെ മരണം പ്രാപിച്ച ഉമ്മാക്കും അവര്‍ ചുരത്തിത്തന്ന മധുരമലയാളത്തിനും സമര്‍പ്പിക്കുന്നു. ഏത് ജീവിതയാത്രയും അവിടെത്തുടങ്ങുകയും അവിടെച്ചെന്നവസാനിക്കുകയും ചെയ്യുന്നു.
Subscribe to:
Post Comments (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്
No comments:
Post a Comment