വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, July 7, 2011

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം


മ്യൂസിയം പരിഗണിക്കാം: സുപ്രീംകോടതി


എം പ്രശാന്ത്

ദേശാഭിമാനി ദിനപ്പത്രം, ജൂലായ് 7 , 2011

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍നിന്ന് കണ്ടെത്തിയ അമൂല്യ ചരിത്രവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ അവ ദേശീയ മ്യൂസിയത്തിന്റെ ഭാഗമാക്കണമോ എന്ന് വിശദമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കണ്ടെത്തിയ സ്വത്തുശേഖരത്തില്‍ ഏതൊക്കെ സംരക്ഷിക്കണം, ഏതൊക്കെ പ്രദര്‍ശിപ്പിക്കണം എന്ന് തീരുമാനിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും നാഷണല്‍ മ്യൂസിയം അധികൃതരുടെയും സേവനം തേടാം. ചരിത്രവസ്തുക്കള്‍ കേടുകൂടാതെ സംരക്ഷിക്കുന്നതിന് വിദഗ്ധരായ മ്യൂസിയം ക്യൂറേറ്റര്‍മാരുടെയും സഹായം പ്രയോജനപ്പെടുത്താം സുപ്രീംകോടതി പറഞ്ഞു. നിലവറയില്‍ കണ്ടെത്തിയ വസ്തുക്കള്‍ വീഡിയോയില്‍ പകര്‍ത്താനും ഫോട്ടോ എടുക്കാനും കോടതി നിര്‍ദേശിച്ചു. ഇനിയുള്ള നടപടിക്രമവും വീഡിയോയില്‍ പകര്‍ത്തണം. കണക്കെടുപ്പിന്റെ വിവരം ഇപ്പോള്‍ പുറത്തുവിടരുത്. സ്വത്തുസമ്പാദ്യങ്ങളെച്ചൊല്ലി അനാവശ്യവിവാദങ്ങള്‍ പാടില്ലെന്നും സ്വത്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കോടതി നിയോഗിച്ച സമിതി അംഗങ്ങള്‍ പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ നിര്‍ത്തണമെന്നും കോടതി പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രവും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ സമര്‍പ്പിച്ച അപ്പീലില്‍ കക്ഷിചേരുന്നതിന് മൂലം തിരുനാള്‍ രാമവര്‍മയ്ക്ക് കോടതി അനുമതി നല്‍കി. വെള്ളിയാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. പൗരാണികമൂല്യമുള്ള സ്വത്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന രണ്ട് ക്യൂറേറ്റര്‍മാരുടെ പേരുകള്‍ ഈ ഘട്ടത്തില്‍ നിര്‍ദേശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായം കേട്ടശേഷം സ്വത്തുക്കള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കാം കോടതി പറഞ്ഞു. നിലവറകളില്‍ കണ്ടെത്തിയ ചരിത്രവസ്തുക്കളില്‍ ഏതൊക്കെ പ്രദര്‍ശിപ്പിക്കണം, ഏതൊക്കെ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിക്കും. ക്ഷേത്രസ്വത്തിനെച്ചൊല്ലിയുള്ള അനാവശ്യവിവാദങ്ങളില്‍ ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ , എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ക്ഷേത്രസ്വത്തില്‍ഏതെങ്കിലും കക്ഷി ഉടമസ്ഥാവകാശം ഉന്നയിച്ചാല്‍ കോടതി കര്‍ശനനടപടിയെടുക്കും. സ്വത്തുവിവരങ്ങളെക്കുറിച്ചും നിലവറയ്ക്കുള്ളിലെ സംവിധാനങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ച ജസ്റ്റിസ് സി എസ് രാജനെ കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് രാജന്‍ അടക്കമുള്ളവരെ സ്വത്തുശേഖരത്തിന്റെ കണക്കെടുക്കാന്‍മാത്രമാണ് ചുമതലപ്പെടുത്തിയതെന്നും വിവരങ്ങള്‍ പരസ്യപ്പെടുത്താനല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ എണ്ണിത്തിട്ടപ്പെടുത്തല്‍ സംഘത്തില്‍നിന്ന് പുറത്താക്കേണ്ടി വരും. നിലവറയിലെ വസ്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സുന്ദരരാജനും വിവാദ പ്രസ്താവനകള്‍ക്ക് മുതിരരുത്. സ്വത്തുക്കള്‍ തിട്ടപ്പെടുത്തുന്ന പ്രക്രിയയില്‍ രാജകുടുംബത്തിലെ അംഗത്തിനും പങ്കെടുക്കാം. ഇപ്പോഴത്തെ രാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കാളിയാകാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു പ്രതിനിധിയെ നിശ്ചയിക്കാം. ഇക്കാര്യം സംഘത്തലവനായ ജസ്റ്റിസ് എം എന്‍ കൃഷ്ണനെ രേഖാമൂലം അറിയിക്കണം. പ്രദര്‍ശിപ്പിക്കേണ്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. ഇവ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനംവേണം. തിരുവനന്തപുരത്തെ മ്യൂസിയംതന്നെ മതിയോ അതോ ക്ഷേത്രത്തോട് ചേര്‍ന്ന് പ്രത്യേക മ്യൂസിയം വേണോ തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെ നിലവറകളെ ക്കുറിച്ച് രാജകുടുംബം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്