വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, July 6, 2011

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരം

'ആദ്യം നെഞ്ചൊന്നാളി, പിന്നെ സഹസ്രസൂര്യപ്രഭ'

വിജയ്

ദേശാഭിമാനി, ജൂലായ് 6 , 2011

തിരു: നിലവറ തുറന്ന് അകത്തു കടന്നപ്പോള്‍ ആദ്യം കണ്ടത് മണ്‍കൂനമാത്രം. പതുക്കെ മണ്ണ് നീക്കിയപ്പോള്‍ ശ്രീപത്മനാഭാ... എന്ന് ഉറക്കെ വിളിച്ചുപോയി. അവിശ്വസനീയമായ ഈ മഹാത്ഭുതം കാണാന്‍ ഭാഗ്യം ലഭിച്ചതിന് വിറയാര്‍ന്ന കൈകള്‍കൂപ്പി ശ്രീപത്മനാഭന് സ്തുതി പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരം തിട്ടപ്പെടുത്തുന്നതിന് സാക്ഷിയായ ഒരു പ്രമുഖന്‍ തന്റെ അനുഭവം 'ദേശാഭിമാനി'യോട് പങ്കുവച്ചു. നിലവറയില്‍ എന്തോ ഉണ്ടെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നെങ്കിലും നൂറു സ്വപ്നങ്ങളില്‍പ്പോലും ഉള്‍ക്കൊള്ളാത്തത്ര വന്‍ നിധിശേഖരമാണ് കണ്‍മുന്നില്‍ തെളിഞ്ഞത്.

ആയിരത്തിലേറെ നവരത്നക്കല്ല് പതിച്ച രണ്ടടി നീളമുള്ള വിഷ്ണുവിന്റെ തങ്കവിഗ്രഹത്തിന്റെയും അഞ്ചുതട്ടുള്ള കാഞ്ചനകിരീടത്തിന്റെയും തിളക്കം കണ്ണില്‍നിന്നു മായുന്നില്ല. ഇവയിലുണ്ടായിരുന്ന നവരത്നക്കല്ലുകള്‍ തിട്ടപ്പെടുത്താന്‍തന്നെ മണിക്കൂറുകള്‍ എടുത്തെന്ന് അദ്ദേഹം പറഞ്ഞു. അനന്തശയന പ്രതിഷ്ഠയുടെ ചുറ്റുമായാണ് ആറു നിലവറയും.പ്രധാന നിലവറകളായ ശ്രീപണ്ടാരവകയും ഭരതക്കോണും ശിരോഭാഗത്താണ്. പാദത്തിനടുത്തായാണ് വ്യാസക്കോണും മറ്റു മൂന്ന് നിലവറയും.

നിലവറകള്‍ സംരക്ഷിക്കാനെന്നവണ്ണം അനന്തശയനത്തിനുമുന്നില്‍ത്തന്നെ നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയുണ്ട്. രണ്ടു നിലവറ നരസിംഹമൂര്‍ത്തിപ്രതിഷ്ഠയുടെ പിന്‍ഭാഗത്തോടു ചേര്‍ന്നുകിടക്കുന്നു. ശ്രീപണ്ടാരവക നിലവറ തുറക്കുന്നത് കണ്ടുനില്‍ക്കുന്നതുതന്നെ അവിസ്മരണീയ അനുഭവമായിരുന്നു. ആദ്യം ഭരതക്കോണ്‍ നിലവറയിലേക്കാണ് പോയത്. ആദ്യ വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ ഏതാനും വെള്ളിക്കട്ടികളും വെള്ളിക്കുടങ്ങളും മാത്രമേ കണ്ടുള്ളൂ.

രണ്ടാമത്തെ വാതില്‍തുറക്കാന്‍ സാധിക്കാത്തതിനാല്‍ തിരിച്ചിറിങ്ങി. തുടര്‍ന്ന്, ഭൂഗര്‍ഭ അറയുള്ള ശ്രീപണ്ടാരവക നിലവറയിലേക്കു പോയി. ഇവിടെ ആദ്യത്തെ ഇരുമ്പുവാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ഏറെക്കുറെ ശൂന്യമായ മുറികണ്ട് നെഞ്ചൊന്നു ആളി. ഒരു തടിപ്പെട്ടിയില്‍ 13 തുണ്ടായി കിടന്ന ഭഗവാന്റെ തങ്കത്തിടമ്പ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവിടത്തെ ഭൂഗര്‍ഭ അറയിലേക്ക് ഇറങ്ങാനായില്ല. എല്ലായിടത്തും തടസ്സം നേരിടേണ്ടിവന്നതോടെ മനസ്സ് അസ്വസ്ഥമായി. രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. പത്മനാഭനെക്കുറിച്ച് കേട്ടതെല്ലാം കടങ്കഥ മാത്രമാകുമോ... പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ശ്രീപത്മനാഭ നാമം മനസ്സിലുരുവിട്ട് വീണ്ടും ക്ഷേത്രത്തിലേക്ക്.

നിലവറയിലെത്തി രണ്ടാമത്തെ വാതില്‍തുറന്ന് അകത്തുകയറിയപ്പോള്‍ പിടിയില്ലാത്ത മേശവലിപ്പുകള്‍പോലെ കരിങ്കല്ലുകള്‍ ചേര്‍ത്തുവച്ചിരിക്കുന്നു. മണ്ണുനീക്കിയപ്പോള്‍ കൂരിരുള്‍ നിറഞ്ഞ മുറിയില്‍ കത്തിജ്വലിക്കുന്ന സഹസ്രസൂര്യപ്രഭ. കിരീടങ്ങളുടെയും നവരത്നക്കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളുടെയും സ്വര്‍ണനാണയങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന തിളക്കമായിരുന്നു ആ പ്രകാശത്തിനുപിന്നില്‍ . ഇതെല്ലാം എടുത്തശേഷം മൂന്ന് വലിയ കുടംകണ്ടു. അതിലും ആഭരണങ്ങളായിരുന്നു. 70,000 കോടി രൂപയോളം വിലമതിക്കുന്ന വമ്പന്‍ശേഖരം കണ്ടെത്തിയത് ഇവിടെനിന്നായിരുന്നു.

ദേശാഭിമാനി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്