ആശങ്കയുണര്‍ത്തുന്ന മൌനം, നിഷ്ക്രിയത്വം
പ്രത്യേക ലേഖകന്‍
(ദേശാഭിമാനിയില്‍നിന്ന്)
ന്യൂഡല്‍ഹി: രണ്ടാംതലമുറ സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും ആശങ്കയുണര്‍ത്തുന്നതാണെന്ന് സുപ്രീംകോടതി. സ്പെക്ട്രം അഴിമതിക്കേസില്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി കാലതാമസം വരുത്തിയതിന് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2008ല്‍ രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവെയാണ് ജസ്റിസ് ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. സ്വകാര്യവ്യക്തികള്‍ക്ക് മന്ത്രിയുടെ പ്രോസിക്യൂഷന്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ടോ എന്ന കാര്യം വ്യക്തമാക്കാനും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ഫോര്‍ പബ്ളിക് ഇന്‍ട്രസ്റ് ലിറ്റിഗേഷനും ജനതാപാര്‍ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഫയല്‍ചെയ്ത ഹര്‍ജികളാണ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചത്. അഴിമതിനിരോധന നിയമം അനുസരിച്ച് മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി 2008 നവംബറില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, 2010 മാര്‍ച്ചിലാണ് മറുപടി ലഭിച്ചത്. സിബിഐ കേസ് അന്വേഷിക്കുന്നതിനാല്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടിയെന്നും സ്വാമി ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് കോടതി പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കാര്യാലയത്തിനുമെതിരെ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും തങ്ങളെ ആശങ്കപ്പെടുത്തുന്നതായി കോടതി പറഞ്ഞു. മന്ത്രി രാജ രാജിവച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇനി പ്രധാനമന്ത്രിയുടെ അനുവാദം ആവശ്യമില്ലെന്ന് സ്വാമി കോടതിയില്‍ പറഞ്ഞു. സ്വാന്‍ ടെലികോമിനും റിലയന്‍സ് കോമിനും ലൈസന്‍സ് ലഭിക്കുന്നതിലുള്ള അമിത താല്‍പ്പര്യം സംബന്ധിച്ച സ്വാമിയുടെ വാദങ്ങള്‍ സുപ്രീംകോടതി വ്യാഴാഴ്ച കേള്‍ക്കും. അനധികൃതമായി 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതിനുപിന്നില്‍ സ്വകാര്യ ടെലികോം കമ്പനികളും ടെലികോംവിഭാഗവും തമ്മിലുള്ള ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത്ഭൂഷ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. നേരത്തെ ഇതേ കേസിലാണ് സുപ്രീംകോടതി സിബിഐ യെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രധാനമന്ത്രിക്കെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ കോഗ്രസ് വിസമ്മതിച്ചു. സുപ്രീംകോടതിയുടെ പരാമര്‍ശത്തിന്റെ പൂര്‍ണ രൂപം അറിയാതെ പ്രതികരിക്കാനാകില്ലെന്ന് കോഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയുടെ പങ്കും സ്വാഭാവികമായും ജെപിസിയില്‍ അന്വേഷണവിധേയമാക്കണമെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയും ബിജെപി നേതാവ് എസ് എസ് അലുവാലിയയും നേരത്തെ അഭിപ്രായപ്പെട്ടു. ലൈസന്‍സ് നല്‍കിയത് പ്രധാനമന്ത്രിയെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണെന്ന് മന്ത്രി രാജ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രികാര്യാലയവും അന്വേഷണപരിധിയില്‍ വരുമെന്നുറപ്പാണ്. സുപ്രീംകോടതിയുടെ പരാമര്‍ശം പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ശക്തികൂട്ടും.
No comments:
Post a Comment