ജാതിയുടെ ജാതകം
കെ ബാബു ജോസഫ്
(ദേശാഭിമാനി വാരിക )
അഖിലേന്ത്യാതലത്തില്‍ ജാതികളുടെ കണക്കെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കയാണല്ലോ. സംവരണനയം ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണം ചെയ്തിട്ടില്ലെന്നും, അത് നടപ്പാക്കിയതില്‍ പ്രമാദങ്ങള്‍ വന്നിട്ടുണ്ടെന്നുമുള്ള പരാതിയാണ് ഇതിന് പ്രേരകം. പ്രഖ്യാപിത ഉദ്ദേശ്യം, ഓരോരുത്തരുടെയും ജാതിയോ സദൃശമായ സാമൂഹികവിഭാഗമോ രേഖപ്പെടുത്തുകയാണ്. ഹിന്ദുസമുദായത്തില്‍ നിലവിലുള്ള തട്ടുകളെ (ൃമമേ) ക്കുറിച്ച് വ്യവഹരിക്കാനാണല്ലോ ജാതിയെന്ന പദം ഉപയോഗിക്കുക. മുസ്ളിങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ ഇടയിലും ഉച്ചനീചത്വങ്ങള്‍ വിളംബര ചെയ്യുന്ന, കൃത്രിമ വിഭജനങ്ങളുണ്ട്. ജാതിപോലെ ഇവ അത്ര കര്‍ശനമായി പാലിക്കപ്പെടുന്നില്ല. ഈ ചര്‍ച്ച പ്രധാനമായും ജാതിയെ പുരസ്കരിച്ചാണെങ്കിലും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാതരം സ്വത്വ/വര്‍ഗീകരണങ്ങള്‍ക്കും പ്രസക്തമാണ്്.
അടുത്തകാലംവരെ, ഇന്ത്യന്‍ സമൂഹത്തിന്റെ ശാപമായി ജാതിയെ കണക്കാക്കിയിരുന്നു. സ്വതന്ത്ര ചിന്തകര്‍ ഇപ്പോഴും ഇതേ അഭിപ്രായക്കാരാണ്. എന്നാല്‍, അതിശക്തമായ ഒരു സമ്മര്‍ദോപകരണമാണ് ജാതിയെന്ന് തെളിഞ്ഞിരിക്കയാണ്. ഒരു വിലപേശല്‍ തന്ത്രമാണ് ജാതിച്ചീട്ടുകളി. ഉദ്യോഗ സംവരണം മാത്രമല്ല, അധികാരസോപാനങ്ങളിലേക്കുള്ള അഭിവൃദ്ധിയും പലപ്പോഴും ജാതി അടിസ്ഥാനത്തില്‍ സംഭവിക്കുന്നു. മതങ്ങളെയും ജാതികളെയും പ്രീണിപ്പിച്ചുനിര്‍ത്തിയാല്‍ പൊതുരംഗത്ത് ശാന്തിയും സമാധാനവും കളിയാടുമെന്ന് ചില 'പ്രായോഗിക' രാഷ്ട്രീയക്കാര്‍ വിശ്വസിക്കുന്നു. അടുത്ത വര്‍ഷത്തെ ജാതിസെന്‍സസ്, ജാതിയെ ശാശ്വതവല്‍ക്കരിച്ചേക്കുമെന്ന ആശങ്ക പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2010 ലെ സെന്‍സസ് ഡാറ്റയില്‍നിന്ന് ജാതിയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ചോര്‍ത്തി എടുക്കാവുന്നതേ ഉള്ളൂ എന്ന് യു ജി സി ചെയര്‍മാന്‍, ഒരു മുന്‍ സെന്‍സസ് കമീഷണര്‍, കര്‍ണാടക പിന്നാക്ക വര്‍ഗകമീഷന്റെ ഒരു മുന്‍ ചെയര്‍മാന്‍, തലയെടുപ്പുള്ള ഏതാനും അക്കദമിക്കുകള്‍ എന്നിവരടക്കം ഒമ്പത് പ്രമുഖര്‍ ഈയിടെ പറഞ്ഞത്, ബധിരകര്‍ണങ്ങളിലാണോ പതിഞ്ഞത്? പൊതു സെന്‍സസിന് മൊത്തം ചെലവ് 2240 കോടി രൂപ; ജാതി സെന്‍സസിന് മാത്രം നീക്കിവെച്ചിട്ടുള്ളത് 2000 കോടി രൂപ!
മതവും ജാതിയും കൂടിക്കുഴഞ്ഞ് ഒര'ഴകുഴപ്രശ്ന'മായിരിക്കയാണ്. മതപരിവര്‍ത്തനത്തില്‍ ജാതിമാറ്റവും അന്തര്‍ഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സമകാലിക പ്രസക്തി ഉണ്ട്. നിരുപദ്രവമായ തൊഴില്‍ വിഭജനമല്ലിപ്പോള്‍ ജാതിഘടനയില്‍ ഒളിഞ്ഞിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആര്‍ക്കും ഏത് തൊഴിലും ചെയ്യാമെന്നതിനാല്‍ ജാതിയും തൊഴിലുമായുള്ള നാളീബന്ധത്തിന് ചരിത്രപരമായ പ്രാധാന്യമേയുള്ളൂ. എങ്കിലും ജാതികളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതില്‍ ജാതി-തൊഴില്‍ ബന്ധത്തിന് നിര്‍ണായകസ്ഥാനമുണ്ട്. ഒരപ്രിയസത്യമാണ് ജാതികളുടെ ശ്രേണീവല്‍ക്കരണം. വരള്‍ച്ചയെപ്പോലെ, എല്ലാവരും ഇഷ്ടപ്പെടുന്നു ജാതിയെ! അവര്‍ണന് സംവരണം നിലനിര്‍ത്താന്‍; സവര്‍ണന് ഇല്ലാത്ത പൊങ്ങച്ചം നടിക്കാന്‍, വെള്ളം കടക്കാത്ത അറകളായി ജാതികളെ പരിരക്ഷിക്കണമെന്നാണ് ജാതിക്കളിക്കാരുടെ ആവശ്യം. ഉത്തരേന്ത്യയിലെ മാനം കാക്കല്‍ കൊലപാതകങ്ങളും ജാതിശുദ്ധിയെന്ന മിഥ്യയെ പ്രതീകവല്‍ക്കരിക്കുന്ന ആചാരങ്ങളും ജാതിവാദത്തിന് പിന്നില്‍ നിഗൂഢതകളുണ്ടെന്ന അനുമാനത്തെ ബലപ്പെടുത്തുന്നു. എല്ലാറ്റിനും പുറമെ, ജാതിസമ്പ്രദായത്തിന്റെ ഭാവിയെപ്പറ്റി പര്യാലോചിക്കേണ്ട സമയവും സമാഗതമായി.
ജാതിയുടെ ആവിര്‍ഭാവം
വര്‍ണവും ജാതിയും വിഭിന്ന ആശയങ്ങളാണെന്നത് അവഗണിച്ചാണ് പതിവ് ചര്‍ച്ചകള്‍ നീങ്ങുക.'ആര്‍ഷജ്ഞാന'ത്തില്‍ നാലപ്പാട്ട് നാരായണമേനോന്‍ പറയുന്നതുപോലെ, 'വര്‍ണ'ശബ്ദത്തിന് സമുദായത്തിലുള്ള സ്ഥാനം, പ്രവൃത്തി, ഉപജീവനമാര്‍ഗം എന്നും, ആവരണം ചെയ്യപ്പെടുന്നത് (നിറം) എന്നും പല അര്‍ഥഭേദങ്ങളുണ്ട്. 'ഹിന്ദുധര്‍മം' എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ഭഗവന്‍ദാസിന്റെ അഭിപ്രായത്തില്‍ വര്‍ണത്തിന് ഇന്ന് നിലവിലുള്ള ജാതി എന്ന അര്‍ഥം ഒരുതരത്തിലുമില്ല. രമലെേ എന്ന ഇംഗ്ളീഷ്പദം പോര്‍ച്ചുഗീസിലുള്ള രമമെേ യില്‍ നിന്നുത്ഭവിച്ചതാണ്. ആൃലലറ അല്ലെങ്കില്‍ വംശം എന്നാണ് രമമെേ യുടെ അര്‍ഥം. തൊഴിലിനെ ആസ്പദമാക്കി പ്രാദേശികതലത്തില്‍ നടന്ന സാമൂഹിക വിഭജനത്തെയാണ് ജാതി സൂചിപ്പിക്കുക. ഇന്ത്യന്‍ സമൂഹത്തിന്റെ പരിണാമത്തിലെ ഒരു ഘട്ടം. എല്ലാ ജാതികളും ഒരേകാലത്ത്, ഒരേ സ്ഥലത്ത് നിശ്ചയിക്കപ്പെട്ടെന്നല്ല വിവക്ഷ. വിദഗ്ധ സേവനം ചെയ്യുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് വിവിധ ജാതികളായി ആദ്യം ചാപ്പ കുത്തപ്പെട്ടത്.
ജാതി ഒരു ആര്യന്‍ ഇറക്കുമതിയാണെന്ന ധാരണ ശരിയല്ലെന്ന് 2006 ല്‍ ഹൈദരബാദിലുള്ള സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്കുളര്‍ ബയോളജിയിലെ ഗവേഷകര്‍ കാണിച്ചു. 2009ല്‍ ഹാവാഡ് മെഡിക്കല്‍ സ്കൂള്‍, എം ഐ ടി തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ സ്ഥാപനം നടത്തിയ പഠനം തെളിയിക്കുന്നത്, ആര്യപൂര്‍വകാലഘട്ടത്തില്‍ ഇന്ത്യയിലുണ്ടായിരുന്ന ഗോത്രവംശങ്ങളില്‍ നിന്നത്രെ ജാതിയുടെ ഉല്‍പ്പത്തി എന്നാണ്. 13 സംസ്ഥാനങ്ങളില്‍നിന്ന് ശേഖരിച്ച 25 വ്യത്യസ്തവംശങ്ങളില്‍പ്പെട്ട 132 പേരുടെ ജീനോമു (ജീന്‍ സഞ്ചയം) കളെ വിശകലനം ചെയ്തതില്‍നിന്നുരുത്തിരിഞ്ഞ വിവരം. തെണ്ടലും (ഇര) തേടലും നടത്തി, ചെറിയതോതില്‍ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളും ചെയ്ത് ജീവിച്ചിരുന്ന ഗോത്രസംഘങ്ങള്‍ കൃഷിയിലേക്ക് തിരിഞ്ഞ് ഒരു സ്ഥലത്ത് സ്ഥിരപാര്‍പ്പ് തുടങ്ങിയ വേളയിലാവാം, അവരുടെ പരമ്പരാഗത തൊഴിലുകള്‍ ജാതിസൂചകങ്ങളായി മാറുന്നത്.
സാമ്പത്തിക കാരണങ്ങളാലാണ് ജാതിവ്യവസ്ഥയില്‍ ശ്രേണീവല്‍ക്കരണം സംഭവിച്ചത്. വിദഗ്ധ പരിശീലനം കൂടുതലാവശ്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂലി ലഭിക്കുന്നു. എണ്ണത്തില്‍ കുറവുള്ള ഇക്കൂട്ടര്‍ മേല്‍ജാതി ആയും, മറ്റു തൊഴിലാളികള്‍ കീഴ്ജാതി ആയും അംഗീകരിക്കപ്പെടുന്നു. അന്തസ്സ് ആപേക്ഷികമായതിനാല്‍, ഏത് രണ്ട് ജാതികളെയും പരസ്പരം താരതമ്യപ്പെടുത്തി, ഒന്ന് മറ്റേതിനേക്കാള്‍ ഉയര്‍ന്നത് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ആര്യന്മാര്‍ തങ്ങളുടെ വര്‍ണവ്യവസ്ഥയെ നാട്ടുകാരുടെ ജാതിവ്യവസ്ഥയുമായി ഇണക്കിയെടുത്തു. മികച്ച യുദ്ധതന്ത്രം ഉപയോഗിച്ച ആര്യന്മാരോട് ദ്രാവിഡര്‍ തോറ്റു. ആര്യന്മാരുടെ വര്‍ണവ്യവസ്ഥ, ദ്രാവിഡരുടെ ജാതിവ്യവസ്ഥക്ക് മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആര്യ-ദ്രാവിഡ സങ്കരസന്തതികള്‍ വൈശ്യ, അല്ലെങ്കില്‍ ശൂദ്രവിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കും. ഈ കനിവ് ലഭിക്കാത്ത നാട്ടുകാര്‍ ചാതുര്‍വര്‍ണ്യത്തിന് വെളിയിലുമായി. സംഭാവ്യതയെ ആസ്പദമാക്കിയുള്ള ഒരു വിശദീകരണമാണിത്. വര്‍ണ-ജാതിവ്യവസ്ഥകളുടെ അന്യോന്യ സ്വാധീനത്തിലാവാം, വര്‍ണവ്യവസ്ഥയിലും പ്രാദേശികതലത്തില്‍ ഉപവിഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ക്കിടയിലും 'അന്തസ്സ്' സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഉണ്ട്. ഉദാഹരണമായി, കൈമള്‍, പണിക്കര്‍, കുറുപ്പ്, മേനോന്‍, പിള്ള, നായര്‍ തുടങ്ങിയ നിരവധി ഉപവിഭാഗങ്ങള്‍ ഒരേ വര്‍ണത്തില്‍പ്പെട്ടവരാണെങ്കിലും ഇവരില്‍ ആരാണ് അന്തസ്സില്‍ മുന്തിയതെന്നതിനെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഉച്ചനീചത്വങ്ങള്‍ ദളിത്- പിന്നാക്കക്കാരുടെ ഇടയിലും പുലരുന്നുണ്ട്.
ജാതിയും ശരീരവര്‍ണവുമായി ബന്ധമുണ്ടോ? എന്തുകൊണ്ട് ഭൂരിപക്ഷം കീഴാളര്‍ കറുത്തതും ഭൂരിപക്ഷം മേലാളര്‍ വെളുത്തതും ആയി? കറുപ്പിനെ അപേക്ഷിച്ച് വെളുപ്പിന് ഒരു മഹത്വവും ഇല്ലെന്നുതന്നെയല്ല, ഉഷ്ണമേഖലകളില്‍ കറുപ്പാണ് അതിജീവനത്തിന് കൂടുതല്‍ സഹായകമായ നിറം. മനുഷ്യര്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ആഫ്രിക്കയിലാണെന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. അവിടെനിന്ന് മറ്റു ഭൂഖണ്ഡങ്ങളിലേക്ക് നിരവധി കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഉഷ്ണമേഖലകളില്‍ താമസിച്ചവരുടെ ശരീരത്തില്‍ സൂര്യരശ്മികളെ ആഗിരണം ചെയ്യുന്ന മെലാനിന്‍ എന്ന പിഗ്മെന്റ് കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെട്ടു. ഒരു ജീന്‍ ആണ് ഈ പ്രവര്‍ത്തനത്തിനുത്തരവാദി. എല്ലാ മനുഷ്യരിലും ഈ ജീന്‍ ഉണ്ടെങ്കിലും തണുപ്പ് രാജ്യങ്ങളില്‍ പാര്‍ക്കുന്നവരില്‍ ഇത് സ്വിച്ച് -ഓഫ് ചെയ്തിരിക്കുകയാണ്. തങ്ങളുടെ ശരീരവെണ്‍മയെ ഇഷ്ടപ്പെടാത്ത വെള്ളക്കാര്‍ അര്‍ധനഗ്നരായി, വെയില്‍ കൊള്ളാറുണ്ട്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ പ്രസ്തുത ജീന്‍ ഉണര്‍ന്ന്, അല്‍പ്പം മെലാനിന്‍ ഉല്‍പ്പാദിപ്പിച്ച് ശരീരത്തിന് മങ്ങിയ തവിട്ടുനിറം സമ്മാനിക്കുന്നു. വെയിലേല്‍ക്കാതാവുമ്പോള്‍, ജീന്‍ പ്രവര്‍ത്തനരഹിതമാവുകയും ശരീരവര്‍ണം വീണ്ടും വെളുപ്പായിത്തീരുകയും ചെയ്യുന്നു. തൊലിയില്‍ വളര്‍ന്നുവരുന്ന പുത്തന്‍ കോശങ്ങളിലെ മെലാനിന്‍-ഉല്‍പ്പാദക ജീന്‍ നിര്‍ജീവാവസ്ഥയിലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡി എന്‍ എ തന്മാത്രയുടെ ഖണ്ഡങ്ങളാണ് ജീനുകള്‍. ജീനുകള്‍ കോശങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നു. ജീനുകളുടെ സംഘാതമാണ് ജിനോം. കറമ്പന്റെയും വെളുമ്പന്റെയും ജിനോമുകള്‍ തമ്മില്‍ പറയത്തക്ക വ്യത്യാസങ്ങളില്ല. കൃത്യമായി പറഞ്ഞാല്‍, ഇവ തമ്മിലുള്ള ഘടനാപരമായ അന്തരം രണ്ട് വെളുമ്പരുടെ ജീനോമുകള്‍ തമ്മിലോ, രണ്ട് കറമ്പരുടെ ജിനോമുകള്‍ തമ്മിലോ ഉള്ള അന്തരത്തെ അപേക്ഷിച്ച് കുറവാണ്. സാഹചര്യങ്ങളാണ് കറമ്പനെ കറമ്പനും, വെളുമ്പനെ വെളുമ്പനും ആക്കുന്നത്. ഇരുവരും ഒരേ ജിനോമിന്റെ അവകാശികള്‍. സവര്‍ണനും അവര്‍ണനും വഹിക്കുക, ഹോമോ സാപ്പിയന്മാരുടെ ജിനോമാണ്. ഇന്ന് ഭൂമുഖത്തുള്ള ഏക മനുഷ്യ സ്പീഷീസാണിത്. ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ സവര്‍ണര്‍ എന്തേ മടിക്കുന്നു? ശുദ്ധിയുടെയും തീണ്ടലിന്റെയും അശുദ്ധവിചാരങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ ശ്രദ്ധിക്കുമോ?
നമ്മുടെ ഇടയിലെ കറുത്തവരുടെ നിറത്തില്‍നിന്ന് ഒരു വാസ്തവം അനുമാനിച്ചെടുക്കാം: വെളുത്ത തൊലിക്കാരായ വിദേശികള്‍ ഈ വന്‍കരയിലെത്തുന്നതിന് വളരെ മുമ്പേ ഇവരുടെ പൂര്‍വികര്‍ ഇവിടെ വന്ന് പാര്‍പ്പുറപ്പിച്ചു. ദീര്‍ഘകാലത്തെ സൂര്യതാഡനം അവരെ കറമ്പരാക്കി. എന്നാല്‍ കറമ്പരും പിന്നീടെത്തിയ വെളുമ്പരും തമ്മില്‍ നടന്നിരിക്കാനിടയുള്ള ഇണചേരലുകളുടെ ഫലമായി മെലാനിന്‍- സജീവ ജീനും, മെലാനിന്‍ -നിര്‍ജീവ ജീനും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയോ, അല്ലെങ്കില്‍ ഒരേ ജീനിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാവുകയോ ചെയ്തിരിക്കാം. ഇന്നത്തെ ഇന്ത്യന്‍ ജനത, ഇത്തരം ജനിതകപ്രക്രിയകളുടെ ഉല്‍പ്പന്നമാണ്. കറുപ്പ്-ജീനും, വെളുപ്പ്-ജീനും (ഒരേ ജീനിന്റെ രണ്ടവസ്ഥകള്‍) തമ്മിലുള്ള സംയോഗത്തില്‍ പിറക്കുന്ന സന്താനത്തിന് കറുപ്പോ, വെളുപ്പോ നിറമാവാം. എന്നാല്‍ ആര്‍ക്കും ഇത് പ്രവചിക്കാനാവില്ല. പറഞ്ഞുവരുന്നത് ഇന്നുള്ള സവര്‍ണരെല്ലാം പണ്ടത്തെ ആര്യന്‍ കുടിയേറ്റക്കാരുടെ നേര്‍-സന്തതികളാണെന്നത് മിഥ്യയാണെന്നാണ്. അതുപോലെ, സമകാലിക ഇന്ത്യയിലെ അവര്‍ണര്‍ ആദി ദ്രാവിഡരുടെ നേര്‍ -അവകാശികളുമല്ല. ഇരുകൂട്ടരും സങ്കരവര്‍ഗങ്ങളാണ്.
പൊള്ളയായ അന്തസ്സ് -സങ്കല്‍പ്പങ്ങളുടെ പേരില്‍, വിവാഹം ഓരോ ജാതിയുടെയും ആഭ്യന്തരകാര്യമായി ചുരുങ്ങി. ജനസംഖ്യ കുറഞ്ഞ ജാതിസമൂഹങ്ങളില്‍ അമ്മാവന്‍-അനന്തരവള്‍, മുറപ്പെണ്ണ് - മുറച്ചെറുക്കന്‍ തുടങ്ങിയ വാര്‍പ്പ് മാതൃകകളിലുള്ള വിവാഹങ്ങള്‍ ജനപ്രീതി നേടി. ഇപ്രകാരം ഓരോ ജാതിയും ഒരടഞ്ഞ ജീന്‍ ശേഖരമായി ഒതുങ്ങുന്നു. രഹസ്യബന്ധങ്ങളിലൂടെയെങ്കിലും പുറത്തുനിന്ന് ജീനുകളെ സ്വീകരിക്കുന്നില്ലെങ്കില്‍ ഓരോ ജാതിയുടെയും ജീന്‍ വൈവിധ്യം വല്ലാതെ കുറഞ്ഞുപോകും. സന്താനോല്‍പ്പാദനക്ഷമതയെ ബാധിച്ചെന്നും വരാം. ആഫ്രിക്കയിലും ആസ്ത്രേലിയയിലും ഒക്കെ ചില ആദിവാസി സമൂഹങ്ങള്‍ ഭൂമുഖത്തുനിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതിന് ഒരു കാരണം കെ ട്ടിയടച്ച ജീന്‍ശേഖരങ്ങളായി ദീര്‍ഘകാലം തുടര്‍ന്നതാവാം.
ജഡീകരണം തുടരണോ?
ജീവശാസ്ത്രപരമായി പരിശോധിച്ചാല്‍, ജാതിസമൂഹങ്ങള്‍ ജഡീകൃതമാണെന്ന് മനസ്സിലാക്കാം. സ്വതന്ത്ര ഇന്ത്യ ഭൌതികപുരോഗതി നേടിയെങ്കിലും മാനസികമായി ഒരിരുണ്ട യുഗത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്. ജാതി, മതചിന്തകള്‍ കൊടികുത്തിവാഴുന്ന ഒരു കാലഘട്ടം. ഇന്ത്യന്‍ സമൂഹം ചലനാത്മകമല്ല. സനാതന സംസ്കാരത്തിന്റെ സവിശേഷത അതിന്റെ നിശ്ചലാവസ്ഥയാണെന്ന വിമര്‍ശനം ശരിയോ? ജീവശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളെ സ്വാഗതം ചെയ്യാനുള്ള അധൈര്യമോ, അനാസ്ഥയോ ആണ് ഇത് സൂചിപ്പിക്കുന്നത്. തലങ്ങും വിലങ്ങും ജാതിച്ചരടുകളാല്‍ വലിഞ്ഞുമുറുക്കിയ ഒരു 'പ്രാകൃത' സമൂഹം?
ജാതിപ്പൊങ്ങച്ചങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കേരളീയര്‍ ഒട്ടും പിന്നിലല്ല. പുരോഗമനം പ്രസംഗിക്കുമെങ്കിലും യാഥാസ്ഥിതികതയുടെ മൂര്‍ത്തീകരണങ്ങളാണ് നമ്മള്‍. ശ്രീനാരായണ ഗുരുവിന്റെ
"നരജാതിയില്‍നിന്നത്രേ പു (പി)റന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളന്തരം നരജാതിയില്‍''
എന്നീ വരികള്‍ക്ക് സമകാലിക കേരളം എന്തെങ്കിലും വില കല്‍പ്പിച്ചിട്ടുണ്ടോ? തീണ്ടലും തൊടീലും ഒരു പരിധിവരെ അപ്രത്യക്ഷമായെങ്കിലും ഹൃദയത്തിന്റെ അഗാധതകളില്‍ ജാതി വൈരം വെന്തുനീറുന്നില്ലേ?
ജാതിസമ്പ്രദായം കേരളത്തില്‍പ്പോലും സാമൂഹിക ജഡീകരണം സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോഴത്തെ കോലാഹലങ്ങളേറെയും മതത്തിന്റെയും ജാതിയുടെയും പേരിലാണ്. അന്യജാതിയില്‍പ്പെട്ട പുരുഷനെ വേള്‍ക്കുന്ന പെണ്‍കുട്ടി പ്രസവിക്കുന്ന സന്താനങ്ങള്‍ക്ക് പുരുഷന്റെ ജാതി ലഭിക്കുന്നു എന്നാണ് വയ്പ്പ്. സ്ത്രീപുരുഷ സമത്വത്തിനെതിരാണീ നിയമം.ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളുടെ ജാതി തെരഞ്ഞെടുക്കാനുളള അവകാശം കൊടുക്കാവുന്നതാണ്. മതം മാറിയാല്‍ ജാതിയും മാറുന്നുവെന്ന നിരീക്ഷണം തെറ്റാണ്. എന്തെന്നാല്‍ ജീന്‍ ശേഖരമാണ് ജാതിയെ നിര്‍ണയിക്കുക. ഒരു ഹിന്ദു ദളിതന്‍ മുസ്ളിമോ ക്രിസ്ത്യാനിയോ ആയി മതപരിവര്‍ത്തനം ചെയ്താല്‍ അയാളുടെ ജാതി പരിവര്‍ത്തനം നടക്കുന്നില്ല.
ജാതി സമൂഹങ്ങളില്‍ പരിണാമം തടസ്സപ്പെടുന്നുവെന്ന നിരീക്ഷണത്തില്‍ അതിശയോക്തി ഇല്ല. സങ്കരജാതികളായ സസ്യങ്ങളും മൃഗങ്ങളും മുന്തിയ ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായി കാണാം. കൃത്രിമ ബീജസങ്കലനമാണ് ഇതിനായി ഉപയോഗിക്കുന്ന മാര്‍ഗം. മിശ്രവിവാഹത്തിലൂടെ ജീന്‍ സമ്പത്ത് മെച്ചപ്പെടുത്താന്‍ കഴിയും. പരിണാമത്തിന് അനുകൂലമായ നടപടിയാണിത്. ജീന്‍ സമ്മിശ്രണത്തിന്റെ മേന്മ സ്പഷ്ടമാക്കുന്ന പ്രവണതകള്‍ കേരള ചരിത്രത്തില്‍ ദൃശ്യമാണ്. നമ്പൂതിരി സംബന്ധത്തെ സാംസ്കാരികച്യുതിയായി ചിത്രീകരിക്കാറുണ്ടെങ്കിലും നായര്‍ സമുദായത്തെ സംബന്ധിച്ചിടത്തോളം ജീവശാസ്ത്രപരമായി അത് കുറേ ഗുണം ചെയ്തു. 'സംബന്ധ'ങ്ങളില്‍ പിറന്ന എത്രയോ പേര്‍ അന്യാദൃശമായ മികവിന്റെ ഉടമകളായിത്തീര്‍ന്നു! എന്നാല്‍ അന്തര്‍ജനങ്ങള്‍ പ്രസവിച്ച ശുദ്ധബ്രാഹ്മണരില്‍ ചിലരെങ്കിലും നമ്പൂതിരിഫലിതം, നമ്പൂരിവിഡ്ഢിത്തം തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് നിമിത്തമായി. ആഭ്യന്തരവിവാഹമാതൃക സ്വീകരിച്ച കേരളീയ രാജകുടുംബങ്ങള്‍ കാര്യമായ അഭിവൃദ്ധി പ്രാപിച്ചില്ലെന്നതും പ്രസ്താവ്യമാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിവിധ രംഗങ്ങളില്‍ മുന്നേറിയതിന്റെ ഒരു രഹസ്യംമതപരിവര്‍ത്തനമാണോ?
സൈലന്റ്വാലി പോലുള്ള മഴക്കാടുകളില്‍ തിങ്ങിവളരുന്ന ചെടികളും വൃക്ഷങ്ങളും, അവിടെ വിഹരിക്കുന്ന മൃഗങ്ങളും അമൂല്യമായ ജീന്‍ സമ്പത്താണല്ലോ. അവിടെ നൂറുകണക്കിന് ഇടങ്ങളില്‍, ഉയരത്തില്‍ ഭിത്തി കെട്ടി തിരിച്ചാല്‍, ഒറ്റപ്പെട്ടുപോകുന്ന ജീവജാലങ്ങള്‍ക്ക് അചിരേണ വംശനാശം ഫലം. ജാതിയുടെ അദൃശ്യകരങ്ങള്‍ ജനങ്ങളെ കള്ളികളിലാക്കി പീഡിപ്പിക്കുന്നു. ജാതിമതിലുകള്‍ ഇതേപടി തുടരുന്നത് ജീവശാസ്ത്രപരമായും സാംസ്കാരികമായും ഒട്ടും അഭിലഷണീയമല്ലെന്ന് ജാതിസ്വത്വക്കാര്‍ മനസ്സിലാക്കട്ടെ. അണുകുടുംബ മാതൃകയും കുടിയേറ്റവും, ചില വിഭാഗങ്ങളുടെ ജനസംഖ്യയില്‍ സാരമായ കുറവ് വരുത്തുന്നു. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ച് ഇതിന് പരിഹാരം കാണാമെന്ന് പറയുമെങ്കിലും ഉല്‍പ്പാദനക്ഷമത ഉള്‍പ്പെടെയുള്ള 'വിത്തുഗുണ'ങ്ങളെ എങ്ങനെ ഉറപ്പാക്കും. സങ്കീര്‍ണ പ്രശ്നത്തിന്റെ പരിഹാരത്തിന്, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള, ഒരു സ്വതന്ത്രനയം ആവിഷ്കരിക്കുന്നു. സംവരണ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തി, തന്റെ ജാതിക്ക് പുറത്തുനിന്ന് വിവാഹംചെയ്താല്‍ സംവരണാനുകൂല്യങ്ങള്‍ ദമ്പതിമാര്‍ ഇരുവര്‍ക്കും ഒരുപോലെ ലഭിക്കുമെന്ന് വ്യവസ്ഥചെയ്യണം. മിശ്രവിവാഹം കഴിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടോ മൂന്നോ ഇന്‍ക്രിമെന്റ് അനുവദിക്കുകയുമാവാം.
മനുഷ്യരുടെ പെരുമാറ്റത്തെ നിര്‍ണയിക്കുന്നതില്‍ ജീനുകളെ കൂടാതെ, പരിസ്ഥിതിക്കും സാരമായ പങ്കുണ്ട്. ഇവിടെ 'പരിസ്ഥിതി' എന്ന പ്രയോഗം വിവക്ഷിക്കുക പ്രകൃതിമാത്രമല്ല, സാമൂഹിക- സാമ്പത്തിക- സാംസ്കാരിക പരിസരവും കൂടിയാണ്. ജാതിഘടനയുടെ സമ്മര്‍ദത്തില്‍ വിങ്ങിക്കഴിയുന്ന ധാരാളം പേരുണ്ട് കേരളത്തില്‍. ജന്മനാ ഉള്ള സിദ്ധികള്‍ക്ക് വര്‍ണ വികാസം ലഭിക്കാന്‍ ജാതിവിലക്കുകള്‍ അവരെ അനുവദിക്കുന്നില്ല. വിദ്യാഭ്യാസം മുഴുവനും സ്വസമുദായം നടത്തുന്ന സ്ഥാപനങ്ങളില്‍ നിര്‍വഹിക്കുന്നവര്‍ക്ക് പക്വതയുള്ള ലോകവീക്ഷണം കൈമുതലാകുന്നില്ല. പാരമ്പര്യവും (ജീനുകള്‍) പരിലാളനവും (ിമൌൃല മിറ ിൌൌൃല) ഒത്തൊരുമിച്ചാണ് ഒരു പൂര്‍ണ വ്യക്തിയെ നിര്‍മിക്കുക. മിശ്രവിവാഹം ശാസ്ത്രീയാര്‍ഥത്തില്‍ നല്ലതാണെന്ന് മനസ്സിലാക്കുന്നപക്ഷം, ജാതിവെറിക്കും സമുദായസ്പര്‍ധക്കും അലപ്പമെങ്കിലും ശമനം കിട്ടും. സംവരണവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാതെ വേണം പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍. ഓപ്പണ്‍ മെറിറ്റില്‍നിന്നൊരു വിഹിതം മിശ്രവിവാഹിതര്‍ക്കായി നീക്കിവെച്ചാല്‍ മതി. എന്നാല്‍ ഒരാള്‍ക്ക് രണ്ടുതരം സംവരണാനുകൂല്യങ്ങള്‍ അനുവദിക്കുകയുമരുത്.
പ്രായോഗിക ജീവിതത്തില്‍ ശാസ്ത്രീയ ചിന്ത സ്വീകരിക്കാത്ത സവര്‍ണനെയും അവര്‍ണനെയും ഇരുളടഞ്ഞ ഭാവിയാണ് കാത്തിരിക്കുന്നത്. ഓര്‍ക്കുക: ജാതിയുടെ ജാതകം ഇന്ത്യയുടെ ജാതകമാണ്.
No comments:
Post a Comment