ശക്തിപ്പെടുന്ന അമേരിക്കന്‍ മേധാവിത്വം
എസ് രാമചന്ദ്രന്‍ പിള്ള
(ചിന്താ വാരികയിൽ നിന്ന്)
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനംവഴി നേടാനുള്ളതെല്ലാം ഇന്ത്യക്ക് കൈവശമാക്കാന്‍ കഴിഞ്ഞെന്ന പ്രചാരണമാണ് മുതലാളിത്ത പത്രങ്ങള്‍ നടത്തുന്നത്. എന്നാല്‍ നേരെമറിച്ചാണ് കാര്യങ്ങള്‍ നടന്നത്. വ്യാപാരം, നിക്ഷേപം എന്നിവ വര്‍ദ്ധിപ്പിക്കുക, സാര്‍വദേശീയ പ്രശ്നങ്ങളില്‍ അമേരിക്കയുടെ ആഗോളതന്ത്രത്തിന് ഇന്ത്യയുടെ പിന്തുണ നേടുക, അമേരിക്കയുടെ വിദേശനയത്തോട് ഇന്ത്യയുടെ വിദേശനയത്തെ പൊരുത്തപ്പെടുത്തുക, അന്യരാജ്യങ്ങളുടെ സ്വാതന്ത്യ്രവും പരമാധികാരവും ഭരണവ്യവസ്ഥയും അട്ടിമറിക്കുന്ന അമേരിക്കയുടെ നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയും സഹായവും നേടുക തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയെ അമേരിക്കയ്ക്ക് കൂടുതല്‍ വിധേയമാക്കുകയായിരുന്നു ഒബാമയുടെ സന്ദര്‍ശന ലക്ഷ്യം. ഇവയെല്ലാം അമേരിക്കയ്ക്ക് നേടാനായി എന്നാണ് ഇന്തോ-അമേരിക്കന്‍ സംയുക്ത പ്രസ്താവനയും അനുബന്ധ ചര്‍ച്ചകളില്‍ എത്തിച്ചേര്‍ന്ന ധാരണകളും വ്യക്തമാക്കുന്നത്. ഇന്ത്യയുടെമേലുള്ള അമേരിക്കയുടെ മേധാവിത്വം ശക്തമായി എന്നതാണ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഉണ്ടായത്. ഇത് മറച്ചുവെയ്ക്കാനും ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടികളെ വെള്ളപൂശാനുമാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രമിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു എന്ന നിലയിലാണ്, ഇന്ത്യയുടെ രക്ഷാസമിതി അംഗത്വത്തിന് അമേരിക്ക നല്‍കിയ പിന്തുണയെ ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നത്. രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം അമേരിക്കയുടെ നിബന്ധനകളെയും ഒട്ടേറെ മറ്റ് സ്ഥിതിഗതികളെയും ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. അമേരിക്കയുടെ പിന്തുണയ്ക്ക് വലിയ വിലയാണവര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടെ ആഗോളതന്ത്രവുമായും വിദേശനയലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുത്തണമെന്നാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒബാമ നടത്തിയ പ്രസംഗത്തിലും ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയിലും ആവശ്യപ്പെട്ടത്. ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കയുടെമുന്നില്‍ ഇന്ത്യയുടെ സ്വതന്ത്രവിദേശനയവും നിലപാടുകളും അടിയറവെച്ചിരിക്കുകയാണ്. അപമാനകരമായ ഈ കീഴടങ്ങലിന് മറപിടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം വിജയിക്കുകയില്ല. സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യമുള്ള ഇന്ത്യയിലെ സാമാന്യജനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴടങ്ങല്‍ നയത്തെ എതിര്‍ക്കാന്‍ മുന്നോട്ടുവരികതന്നെ ചെയ്യും.
രക്ഷാസമിതിയുടെ ഘടനയില്‍ വരുംകാലത്ത് മാറ്റമുണ്ടാകുമ്പോള്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നുവെന്ന് മാത്രമാണ് ഒബാമ പ്രസ്താവിച്ചത്. ഇതിന് ഇടവരുത്തുംവിധം രക്ഷാസമിതിയുടെ ഘടനയില്‍ മാറ്റമുണ്ടാക്കേണ്ടിയിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഏതെല്ലാം രാജ്യങ്ങളെ സ്ഥിരാംഗങ്ങളായി പുതുതായി ഉള്‍പ്പെടുത്തണമെന്നുള്ളതാണ് അടുത്ത പ്രശ്നം. വലിയ തര്‍ക്കങ്ങള്‍ ഇക്കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അവകാശം ഉണ്ടായിരിക്കുമോ ഇല്ലയോ എന്ന കാര്യത്തിലും ഐക്യരാഷ്ട്ര സഭാംഗങ്ങളില്‍ അഭിപ്രായഐക്യം ഉണ്ടായിട്ടില്ല. ഇതിനെല്ലാമുപരി രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെയും ഐക്യരാഷ്ട്രസഭയിലെ 128 അംഗരാജ്യങ്ങളുടെയും പിന്തുണ ലഭിക്കാതെ സ്ഥിരാംഗത്വം ലഭിക്കുകയില്ല. അമേരിക്കയുടെ പിന്തുണകൊണ്ടുമാത്രം ഇവയെല്ലാം നേടാനാവുകയില്ല. ഇന്ത്യയുടെ സ്വതന്ത്ര നിലപാടുകളെയും മറ്റ് രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യക്ക് നേടാന്‍ കഴിയുന്ന അംഗീകാരത്തെയും ആശ്രയിച്ചാണ് സ്ഥിരാംഗത്വം സംബന്ധിച്ച തീരുമാനമുണ്ടാവുക.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍നിന്ന് അമേരിക്ക ഇനിയും വിമുക്തമായിട്ടില്ല. വ്യാവസായികമാന്ദ്യവും തൊഴിലില്ലായ്മയും ഇപ്പോഴും രൂക്ഷമായി തുടരുന്നു. ഇവയ്ക്കെല്ലാം പരിഹാരംകാണാന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷ ഉണര്‍ത്തിയാണ് ഒബാമ അധികാരത്തിലേറിയത്. എന്നാല്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞില്ല. അതിനാല്‍ ഒബാമയെ അമേരിക്കന്‍ ജനത കൈവിട്ടുകൊണ്ടിരിക്കുകയാണ്. നാട്ടിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ചുമലുകളിലും വികസ്വരരാജ്യങ്ങളിലെ ജനങ്ങളുടെമേലും സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം കെട്ടിയേല്‍പിച്ച് രക്ഷപ്പെടാനാണ് യുഎസ് ഭരണവും ബഹുരാഷ്ട്ര കമ്പനികളും ശ്രമിക്കുന്നത്. ഇതിന് ഇന്ത്യയെ കൂടുതല്‍ പാകപ്പെടുത്തുകയായിരുന്നു ഒബാമയുടെ സന്ദര്‍ശനത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. ഇക്കാര്യത്തില്‍ യുഎസിന് വളരെയധികം നേടാനായി എന്നാണ് ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയും ഒബാമയുടെ സന്ദര്‍ശനകാലത്തുനടന്ന കൂടിയാലോചനകളില്‍ എത്തിച്ചേര്‍ന്ന ധാരണകളും വ്യക്തമാക്കുന്നത്. പ്രതിരോധ ആവശ്യത്തിന് വന്‍തോതില്‍ ആയുധങ്ങള്‍ യുഎസില്‍നിന്ന് വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചു. മാന്ദ്യത്തെ നേരിടുന്ന അമേരിക്കന്‍ വ്യവസായങ്ങളെ രക്ഷപ്പെടുത്താന്‍ ഇന്ത്യയുമായുള്ള അമേരിക്കയുടെ ആയുധ കച്ചവടം സഹായിക്കും. ആയുധ വ്യാപാരംവഴി യുഎസില്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും എന്ന് ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയില്‍തന്നെ സമ്മതിക്കുന്നുണ്ട്. അമേരിക്കയില്‍നിന്ന് ആണവ റിയാക്ടറുകള്‍ വാങ്ങുമെന്നും ഇന്ത്യ സമ്മതിച്ചിരിക്കുന്നു. ഇത്തരം റിയാക്ടറുകളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അതിനുള്ള നഷ്ടപരിഹാര ബാധ്യതയില്‍നിന്നും യുഎസിലെ ബഹുരാഷ്ട്ര കമ്പനികളെ ഒഴിവാക്കുന്ന സാര്‍വദേശീയ കരാറില്‍ ഇന്ത്യ ഒപ്പ് വെക്കാമെന്നും സംയുക്ത പ്രസ്താവനയില്‍ സമ്മതിച്ചു കൊടുത്തിട്ടുണ്ട്. വന്‍തോതില്‍ ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍നിന്നും ഇന്ത്യ വാങ്ങുന്നതോടെ അമേരിക്കയിലെ ആണവ വ്യവസായ മേഖലയും സജീവമാകും.
ഇന്ത്യയിലേക്ക് യുഎസിന്റെ ഉല്‍പന്നങ്ങള്‍ നിര്‍ബാധം കൊണ്ടു വരുന്നതിന് ഉപകരിക്കുംവിധം വിദേശ വ്യാപാര നിയന്ത്രണ സംവിധാനങ്ങളില്‍ മാറ്റം വരുത്താമെന്നും ഇന്ത്യ സമ്മതം നല്‍കി. ഇതിന്റെ ഫലമായി ഇന്ത്യയിലേക്ക് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടാകും. ഇന്ത്യയിലെ കാര്‍ഷിക - വ്യാവസായിക മേഖലകള്‍ കടുത്ത പ്രയാസങ്ങള്‍ നേരിടും. ഇന്ന് തൊഴിലുള്ളവര്‍ തന്നെ തൊഴിലില്ലാത്തവരായി മാറും. അമേരിക്കയുടെ കാര്‍ഷിക - വ്യാവസായിക മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ഏര്‍പ്പാട് ഇന്ത്യയുടെ സാമ്പത്തികമേഖലയ്ക്ക് വലിയ ആഘാതമേല്‍പിക്കും. യുഎസില്‍നിന്നും ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്കിന് ഇന്ത്യ കൂടുതല്‍ സൌകര്യം നല്‍കാമെന്നും ധാരണയായി. റീട്ടെയില്‍ വ്യാപാരമേഖലയിലേക്കും ധനമേഖലയിലേക്കും ബഹുരാഷ്ട്ര കമ്പനികളുടെ തള്ളിക്കയറ്റം ഇതുവഴി കൂടുതല്‍ ശക്തമാകും.
ലോക കച്ചവട സംഘടനയുടെ ദോഹവട്ട ചര്‍ച്ചകള്‍ ഇന്ന് സ്തംഭനത്തിലാണ്. ലോക കച്ചവട സംഘടനയുടെ പ്രവര്‍ത്തന ഫലമായി ഇന്ത്യയുടെ പല താല്‍പര്യങ്ങളും അപകടത്തിലായിരിക്കുകയാണ്. ലോക കച്ചവട സംഘടനയ്ക്ക് രൂപം നല്‍കിയ കരാര്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരാണ്. അസമമായ ഈ കരാറില്‍ മാറ്റം വരുത്തണമെന്ന ആവശ്യം വികസ്വര രാജ്യങ്ങളുടെ ഇടയില്‍നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ദോഹവട്ട ചര്‍ച്ചകള്‍ സ്തംഭനത്തെ നേരിടുന്ന പരിതഃസ്ഥിതിയെ ഉപയോഗപ്പെടുത്തി കരാര്‍ തിരുത്തണമെന്ന നീക്കവും വളര്‍ന്നുവരുന്നുണ്ട്. ഇതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിനുപകരം ദോഹവട്ട ചര്‍ച്ചകളെ മുമ്പോട്ടുകൊണ്ടു പോകാന്‍ അമേരിക്കയോടൊപ്പം അണിനിരക്കാമെന്ന് ഇന്ത്യ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലും പല കാര്യങ്ങളിലും തര്‍ക്കങ്ങളുണ്ട്. ഈ തര്‍ക്കങ്ങളില്‍ അമേരിക്കയ്ക്ക് അനുകൂലമായി നിലപാടെടുക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റ് സമ്മതിച്ചിരിക്കുന്നതായി ഇന്തോ - യുഎസ് സംയുക്ത പ്രസ്താവന വെളിപ്പെടുത്തുന്നു. ദോഹവട്ട ചര്‍ച്ചകള്‍ തുടരുന്നതിന് അമേരിക്കയെ പിന്തുണയ്ക്കുക വഴി കാര്‍ഷിക - വ്യാവസായിക മേഖലകളുടെ താല്‍പര്യങ്ങളെ അപകടത്തിലാക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്തത്.
ഇന്ത്യയുടെ കാര്‍ഷികമേഖല ഇന്ന് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇന്തോ - യുഎസ് കാര്‍ഷിക വിജ്ഞാന പ്രാരംഭ കരാര്‍ വഴി അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ സ്വാധീനശക്തി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റം ശക്തിപ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് വീണ്ടും അനുവാദം നല്‍കിയിരിക്കുന്നു. വ്യാപാരമേഖലയിലും കാര്‍ഷികോല്‍പന്നങ്ങളുടെ സംസ്ക്കരണരംഗത്തും അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നിര്‍ബാധം കടന്നുകയറാം. നിത്യഹരിത വിപ്ളവത്തിന്റെ പേരില്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ കോര്‍പറേറ്റുകളുടെ കൈകളില്‍ അമരും. റീട്ടെയില്‍ രംഗവും ശീതീകരണമേഖലയും അവര്‍ കൈയ്യടക്കും. കാര്‍ഷികരംഗത്തെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കും.
മറ്റ് സ്വതന്ത്ര രാജ്യങ്ങളുടെ ഭരണസംവിധാനം അട്ടിമറിച്ച് പാവഗവണ്‍മെന്റുകളെ അവരോധിക്കുക അമേരിക്കയുടെ പതിവ് പരിപാടിയാണ്. തങ്ങളുടെ ലോക മേധാവിത്വം ഉറപ്പിക്കുന്നതിനാണ് അമേരിക്ക അട്ടിമറികള്‍ നടത്തുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന പേരിലാണ് അട്ടിമറികള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം പദ്ധതികള്‍ക്ക് ഇന്ത്യയെ പങ്കാളിയാക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.
ആഗോളതാപനം സംബന്ധിച്ച് യുഎസ് എടുത്തുവരുന്ന നിലപാട് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രമല്ല, ലോക ജനതയുടെയാകെ താല്‍പര്യങ്ങള്‍ക്കെതിരാണ്. അമേരിക്കയുടെ നിലപാട് തിരുത്താന്‍ യാതൊരു സമ്മര്‍ദ്ദവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇന്തോ - യുഎസ് സംയുക്ത പ്രസ്താവനയിലെ ആഗോളതാപനം സംബന്ധിച്ച പ്രതിപാദനം യുഎസ് നിലപാടുകളെ ഫലത്തില്‍ സാധൂകരിക്കുന്ന ഒന്നാണ്.
ഭോപ്പാല്‍ ദുരന്തത്തിന് ഇരയായ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി ശ്രമിക്കുന്നത്. ഇക്കാര്യം ഉന്നയിക്കാനോ പരിഹാരം ഉണ്ടാക്കാനോ ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചില്ല.
ഇന്ത്യയെ തങ്ങളോടൊപ്പം അണിനിരത്താന്‍ കഴിഞ്ഞാല്‍ ബഹുധ്രുവത വളരുന്ന ലോക സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് യുഎസിന് അറിയാം. ഏകധ്രുവലോക വ്യവസ്ഥ തുടരുന്നതുകൊണ്ട് അമേരിക്കയ്ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും. അമേരിക്കയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ചങ്ങാത്തം ഏകധ്രുവലോക വ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും വികസനനയങ്ങള്‍ ആവിഷ്കരിക്കാനും വിദേശനയങ്ങള്‍ രൂപപ്പെടുത്താനുമുള്ള അവകാശവും എല്ലാം അമേരിക്കക്ക് ഒബാമയുടെ സന്ദര്‍ശനത്തോടെ കൂടുതല്‍ പണയപ്പെട്ടിരിക്കുകയാണ്.
No comments:
Post a Comment