പുതിയ സര്‍ക്കാര്‍ വരുമ്പോള്‍
അഞ്ചുകൊല്ലം മുമ്പ്, വര്‍ഗീയശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മതനിരപേക്ഷതയില്‍ അടിയുറച്ച ഒരു സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങളാണ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പ് ഫലംവന്നപ്പോള്‍ നടന്നത്. അതിന് മുന്‍കൈയെടുത്തത് ഇടതുപക്ഷ പാര്‍ടികളായിരുന്നു. ഇപ്പോഴാകട്ടെ, ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം പരാജിതരുടെ കൂട്ടത്തിലാണ്. കോഗ്രസിനാകട്ടെ, തനിച്ച് ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യത്തിലെത്താനായിട്ടില്ലെങ്കിലും തങ്ങള്‍ക്ക് പൂര്‍വാധികം പ്രാമുഖ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പര്യാപ്തമായ വിജയമുണ്ടായിരിക്കുന്നു.
കോഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിച്ച വിജയത്തെ ഒറ്റനോട്ടത്തില്‍ വിലയിരുത്തുമ്പോള്‍, അവരുടെ നയങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ജനവിധിയായല്ല, രാജ്യത്തെ വര്‍ഗീയതയുടെ വിപത്തില്‍നിന്ന് രക്ഷിക്കാനുള്ള ജനങ്ങളുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമായാണ് കാണാനാവുക. നരേന്ദ്രമോഡിയെപ്പോലെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും കൊടുംക്രൂരതകളും ആയുധമാക്കിയവര്‍ കേന്ദ്ര ഭരണാധികാരത്തില്‍ വരാതിരിക്കാനുള്ള ജനങ്ങളുടെ ആഗ്രഹം കോഗ്രസിനുള്ള വോട്ടായി പരിണമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രവണത തെരഞ്ഞെടുപ്പുഫലത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
കോഗ്രസിന്റെ കുറ്റകരമായ നിസ്സംഗതയും വര്‍ഗീയശക്തികളോടുള്ള മൃദുസമീപനവും അവഗണിച്ചുപോലും വര്‍ഗീയവിരുദ്ധ വോട്ടുകള്‍ ആ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണം രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സവിശേഷമായ സാഹചര്യമാണ്. ഗുജറാത്തിലെ വംശഹത്യയും ഒറീസയിലും മറ്റും അരങ്ങേറിയ ന്യൂനപക്ഷവേട്ടയും ഒരുക്കിയ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും മണ്ണില്‍ ബിജെപി-സംഘപരിവാര്‍ വിരുദ്ധവികാരമാണ് തഴച്ചുവളര്‍ന്നത്. ആ വികാരം വോട്ടാക്കി മാറ്റാന്‍ കോഗ്രസിനു കഴിഞ്ഞു. കോഗ്രസല്ലെങ്കില്‍ മറ്റാര് എന്നചോദ്യത്തിന് വ്യക്തമായ ഉത്തരം ജനങ്ങള്‍ക്കുമുന്നിലുണ്ടായില്ല.
ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ ഇടപെടലുകളെ ശ്ളാഘിക്കുന്നവര്‍പോലും മൂന്നാമതൊരു ബദല്‍ മൂര്‍ത്തമായ രൂപത്തില്‍ ഉയര്‍ന്നുവരാത്തതില്‍ ഖിന്നരായി. അത്തരമൊരവസ്ഥയും കോഗ്രസിന് ഗുണകരമായി ഭവിച്ചു എന്നാണ് തെരഞ്ഞെടുപ്പുഫലം പ്രാഥമികമായി വിലയിരുത്തുമ്പോള്‍ കാണാനാകുന്നത്. യുപിഎയ്ക്കനുകൂലമായ ജനവിധി വന്നപ്പോള്‍ ബിജെപിയില്‍നിന്നുണ്ടായ ആദ്യ പ്രതികരണം 'തൊഴിലുറപ്പു പദ്ധതിയാണ് കോഗ്രസിനെ രക്ഷിച്ചത്' എന്നത്രേ. കാര്‍ഷിക കടാശ്വാസം, തൊഴിലുറപ്പുപദ്ധതി, വനാവകാശനിയമം എന്നിവയൊക്കെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തിനുവഴങ്ങി യുപിഎസര്‍ക്കാരിന് മനസ്സില്ലാമനസ്സോടെ നടപ്പാക്കേണ്ടിവന്നവയാണ്. ദേശിയ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അതേപടി അംഗീകരിച്ചിരുന്നെങ്കില്‍ അതുകൊണ്ട് ഒരു നേട്ടവും ജനങ്ങള്‍ക്ക് ഉണ്ടാവുമായിരുന്നില്ല.
സിപിഐ എമ്മും ഇടതു പാര്‍ടികളും പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ പോരാട്ടമാണ് ദുര്‍ബലവും അപര്യാപ്തവുമായ കരടുനിയമത്തെ വിപ്ളവകരമായി മാറ്റിമറിച്ചത്. ബിപിഎല്‍ കുടുബങ്ങളല്ലാത്തവര്‍ക്കും ജോലി കിട്ടാവുന്നവിധം സാര്‍വത്രികമാക്കുക; ഗ്രാമീണ ഇന്ത്യക്കാകെ ബാധകമാക്കുക; മിനിമംകൂലി ഉറപ്പാക്കുക; സ്ത്രീത്തൊഴിലാളികള്‍ അഞ്ചോ അതിലധികമോ ഉണ്ടെങ്കില്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തുക; കേന്ദ്രത്തില്‍നിന്ന് ഫണ്ടിന്റെ സിംഹഭാഗവും അനുവദിക്കുക; തൊഴില്‍ രഹിതവേതനം നിര്‍ബന്ധമായും നല്‍കുക; 50 ശതമാനം ഫണ്ട് പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നിവയാണ് സിപിഐ എം തൊഴിലുറപ്പ് നിയമത്തില്‍ ഉറപ്പുവരുത്തിയ ഭേദഗതികള്‍.
നിയമം പാസ്സാക്കിയതിന് ശേഷവും ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ഗവമെന്റില്‍നിന്ന് ശ്രമമുണ്ടായി. 2007-08ല്‍ 330 ജില്ലയ്ക്ക് 12000 കോടി അനുവദിച്ച കേന്ദ്രം 2008-09ല്‍ അത് 596 ജില്ലയ്ക്കാക്കി വര്‍ധിപ്പിച്ചു. എന്നാല്‍, ഫണ്ട് വിഹിതം 2400 കോടി രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. മിനിമംകൂലി പുതുക്കുന്നതിനെ നിരുത്സാഹപ്പെടുത്തി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. ജോലിസമയം എട്ടുമണിക്കൂര്‍ എന്നത് ഐഎല്‍ഒ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒന്‍പത് മണിക്കൂറായി വര്‍ധിപ്പിച്ചു. ഇതൊക്കെ ചെയ്തവരാണ്, ഇപ്പോള്‍ തൊഴിലുറപ്പുപദ്ധതി നടപ്പാക്കിയതിന്റെ മേനിയില്‍ വോട്ടുനേടിയിരിക്കുന്നത്.
യുപിഎ സര്‍ക്കാരിന്റെ ഏതെങ്കിലും നടപടികളുടെ ഭാഗമായി അവര്‍ക്ക് വോട്ടുലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മേന്മയും കോഗ്രസിനല്ല എന്നര്‍ഥം. യുപിഎ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്കോ സാമ്രാജ്യ ദാസ്യത്തിലധിഷ്ഠിതമായ വിദേശ നയത്തിനോ അനുകൂലമായി ഉള്ളതാണ് ജനവിധിയെന്ന ധാരണയുമായി കോഗ്രസിന് മുന്നോട്ടുപോകാനാവില്ല. കാരണം അത്തരം നയങ്ങളുടെ ദുരിതവശങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും. ആ ദുരിതങ്ങള്‍ കാര്യമാക്കാതെ, കോഗ്രസിന് ഒരിക്കല്‍കൂടി രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നതിന്റെ ചുവരെഴുത്ത് വായിച്ചുകൊണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കോഗ്രസ് തയ്യാറാകണം.
വര്‍ഗീയതയുടെ വിപത്ത് തടയുന്നതിനും സാമ്രാജ്യദാസ്യം ഉപേക്ഷിക്കുന്നതിനും തയ്യാറായാലേ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും അതിലൂടെ ജനവിധിയുടെ സത്ത ഉള്‍ക്കൊള്ളാനും കഴിയൂ. യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ പൊതുമിനിമം പരിപാടിയിലെ നടപടികള്‍ എത്രകണ്ട് ജനങ്ങളില്‍ സ്വാധീനംചെലുത്തി; അത് എത്രകണ്ട് ഇപ്പോഴത്തെ ജനവിധിയെ സ്വാധീനിച്ചു എന്ന ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നയരൂപീകരണം നടത്താനുള്ള സാഹചര്യം ഇന്ന് കോഗ്രസിനുമുന്നിലുണ്ട്.
അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പുനേട്ടത്തില്‍ അഹങ്കാരംകൊള്ളാതെ, അത്തരം ശരിയായ നയരൂപീകരണത്തിന് ഇനിയെങ്കിലും തയ്യാറായാലേ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് പരിമിതമായെങ്കിലും നീതിപുലര്‍ത്താന്‍ കോഗ്രസിന് കഴിയൂ എന്നതില്‍ തര്‍ക്കമില്ല.
ദേശാഭിമാനി മുഖപ്രസംഗം
No comments:
Post a Comment