കോണ്‍ഗ്രസ്സിന് തിളങ്ങുന്ന നേട്ടം
പതിനഞ്ചാം ലോക്‌സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തിളങ്ങുന്ന നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ കോണ്‍ഗ്രസ്സിന് അഭിമാനിക്കാം. ഒറ്റയ്‌ക്ക് കേന്ദ്രം ഭരിച്ചിരുന്ന പഴയ പ്രതാപത്തിലെത്താനായില്ലെങ്കിലും 1984 നു ശേഷം പാര്‍ട്ടി ഇത്ര മികച്ച വിജയം നേടുന്നത് ആദ്യമായാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില കാര്യമായി മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ്‌നേതൃത്വത്തിലുള്ള ഐക്യപുരോഗമനസഖ്യത്തിന് ഇടതുപക്ഷത്തെ ആശ്രയിക്കാതെതന്നെ സര്‍ക്കാര്‍ രൂപവത്‌കരിക്കാനാകും.
മന്‍മോഹന്‍ സിങ് തന്നെയായിരിക്കും പ്രധാനമന്ത്രിയാവുകയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി.ക്കും എന്‍.ഡി.എ.ക്കും ഇടതുപക്ഷത്തിനും ഇത്തവണ കനത്ത തിരിച്ചടിയാണുണ്ടായത്. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിതരംഗം ആഞ്ഞടിച്ചപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നാലു സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു.
എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മിലെ ഭിന്നതകളടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരിക്കുന്നു എന്ന തോന്നല്‍ കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടിക്കു കാരണമായിട്ടുണ്ട്. സി.പി.എമ്മിലെ ഭിന്നതകളും പാര്‍ട്ടിയില്‍നിന്ന് പിരിഞ്ഞവരുടെ എതിര്‍പ്പുകളും ഇത്തവണ ചില ഘടകകക്ഷികളോട് സി.പി.എം. കാണിച്ച കടുത്ത അവഗണനയും എല്‍.ഡി.എഫിന്റെ കനത്ത പരാജയത്തിന് ഇടയാക്കിയിട്ടുണ്ടാവണം.
ഡല്‍ഹി, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, യു.പി, കേരളം തുടങ്ങിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സിന് വന്‍ നേട്ടമുണ്ടാക്കാനായി. ഹിമാചല്‍പ്രദേശ്, കര്‍ണാടകം, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ബി.ജെ.പിക്കും എന്‍.ഡി.എക്കും നേട്ടം. ഒറീസ്സയില്‍ നവീന്‍പട്‌നായിക്കിന്റെ ബി.ജെ. ഡിക്കാണ് ജയം. തമിഴ്‌നാട്ടില്‍ ഡി.എം.കെ.മുന്നണി വലിയ നേട്ടമുണ്ടാക്കി. കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ത്തന്നെയുണ്ടാകണമെന്നതാണ് ജനഹിതമെന്ന് ഫലം വ്യക്തമാക്കുന്നു.
മന്‍മോഹന്‍സിങ്ങിന്റെ മെച്ചപ്പെട്ട പ്രതിച്ഛായയും സര്‍ക്കാരിന്റെ നയപരിപാടികളും തിരഞ്ഞെടുപ്പു കാലത്ത് സ്വീകരിച്ച നിലപാടുകളുമാണ് യു.പി.എയെ ഈ വന്‍വിജയത്തിലെത്തിച്ചത്.
ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകിയ ദേശീയ തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസ്സിന് ജനപിന്തുണ വര്‍ധിക്കാന്‍ ഏറെ സഹായകമായി. പരിഷ്‌കാരങ്ങള്‍ക്ക് മാനുഷികമുഖം നല്‍കും എന്ന മന്‍മോഹന്‍സിങ്ങിന്റെ വാഗ്‌ദാനത്തിന്റെ ഫലപ്രദമായ പ്രയോഗമായിരുന്നു ആ പദ്ധതി.
ഇന്ത്യഅമേരിക്ക ആണവക്കരാറാണ് യു.പി.എ. ഭരണകാലത്ത് പാര്‍ലമെന്റിനകത്തും പുറത്തും വന്‍വിവാദമുണ്ടാക്കിയ കാര്യങ്ങളിലൊന്ന്. ഇതില്‍ സര്‍ക്കാരിന്റെ ദൃഢമായ നിലപാട്, ഇടതുപക്ഷം യു.പി.എക്കുള്ള പിന്തുണ പിന്‍വലിക്കുന്നതില്‍വരെയെത്തി. എന്നാല്‍ കരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷമടക്കമുള്ളവര്‍ പ്രകടിപ്പിച്ച ആശങ്കകളേക്കാള്‍, അത് രാജ്യത്തിന് ദോഷം ചെയ്യില്ലെന്ന് മന്‍മോഹന്‍സിങ് നല്‍കിയ ഉറപ്പാണ് ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. യു.പി.എ. ഭരണകാലത്ത് കാര്യമായ വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായില്ല.
മുംബൈയിലെ ഭീകരാക്രമണം രാജ്യത്തെയാകെ നടുക്കിയെങ്കിലും അതിനുശേഷം ഭീകരതയെ നേരിടുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ യു.പി.എയില്‍ വിശ്വാസം വളരാന്‍ കാരണമായിട്ടുണ്ട്. ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കാതെ നോക്കാനും സര്‍ക്കാരിനായി.
അന്താരാഷ്ട്രബന്ധങ്ങളുടെ കാര്യത്തിലും തികഞ്ഞ കരുതലോടെയുള്ള സമീപനമാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. പാകിസ്‌താനിലെ ഭീകരസംഘടനകള്‍ ഇന്ത്യക്ക് കനത്ത ഭീഷണിയായിട്ടും മുംബൈഭീകരാക്രമണത്തില്‍ അവര്‍ക്കുള്ള പങ്കുതെളിഞ്ഞിട്ടും ആ രാജ്യവുമായി സംഘര്‍ഷത്തിനിടയാക്കുന്ന നിലപാട് ഇന്ത്യയെടുത്തില്ലെന്നത് ശ്രദ്ധേയമാണ്.
ശ്രീലങ്കയിലെ വംശീയപ്രശ്‌നത്തിന്റെ കാര്യത്തിലും പഞ്ചശീലതത്ത്വങ്ങള്‍ക്ക് അനുസൃതമായ നയമാണ് ഇന്ത്യ പിന്തുടര്‍ന്നത്. മുന്നണിക്കകത്തെ ഭിന്നതകള്‍ പരിഹരിച്ചും ഇടതുപക്ഷത്തിന്റെ സമ്മര്‍ദങ്ങള്‍ നേരിട്ടും കാലാവധി പൂര്‍ത്തിയാകും വരെ ഭരിക്കാന്‍ യു.പി.എക്കു കഴിഞ്ഞു. ഈ ഭരണസ്ഥിരത യു.പി.എയുടെ, വിശേഷിച്ച് കോണ്‍ഗ്രസ്സിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി. ചില സ്ഥലങ്ങളില്‍, സ്ഥാപിത താത്‌പര്യങ്ങള്‍ക്കായി അമിതമായ വിലപേശല്‍ നടത്തുന്ന കക്ഷികളെ ഒഴിവാക്കാനും ഒറ്റയ്‌ക്കുതന്നെ മത്സരിക്കാനും കാണിച്ച ധീരതയും കോണ്‍ഗ്രസ്സിന് ഗുണംചെയ്‌തു.
യു.പി.യില്‍ ഇങ്ങനെ പാര്‍ട്ടിക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പു ഫലം യു.പി.എ. സര്‍ക്കാരിനെതിരായ വിധിയെഴുത്താവുമെന്നും വന്‍വിജയം നേടുമെന്നും അവകാശപ്പെട്ട ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനേക്കാളും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഭീകരാക്രമണങ്ങളുടെ പേരില്‍ യു.പി.എ. സര്‍ക്കാരിനുമേല്‍ ഉയര്‍ത്തിയ നിശിതമായ വിമര്‍ശനങ്ങളും പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി എല്‍.കെ.അദ്വാനിയെ വളരെ നേരത്തേ നിശ്ചയിച്ച്, അദ്ദേഹത്തെ ഉരുക്കുമനുഷ്യനായി ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണവും ബി.ജെ.പി.ക്കു തുണയായില്ല.
പ്രകടനപത്രികയില്‍ ബോധപൂര്‍വം ഹിന്ദുത്വഅജന്‍ഡയ്‌ക്ക് ഊന്നല്‍ നല്‍കിയെങ്കിലും അതും ജനങ്ങള്‍ നിരാകരിച്ചിരിക്കുന്നു. ദശാബ്ദങ്ങളായി, ഏതു പ്രതിസന്ധിയിലും മികച്ച വിജയം ആവര്‍ത്തിക്കാറുള്ള ബംഗാളിലും സി.പി.എമ്മിന് കനത്ത നഷ്‌ടമുണ്ടായി. നന്ദിഗ്രാം സംഭവത്തിന് കാരണമായ പാര്‍ട്ടിനയം, തൃണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും നടത്തിയ സംയുക്തനീക്കം എന്നിവ സി.പി.എമ്മിന് അവിടെ ഗണ്യമായി സീറ്റു കുറയാന്‍ കാരണമായി.
ഈ വിജയം കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ നേതൃശേഷിക്കും ഭരണത്തിനും മതനിരപേക്ഷനിലപാടിനും അംഗീകാരം നല്‍കുകവഴി വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ കോണ്‍ഗ്രസ്സില്‍ അര്‍പ്പിച്ചിരിക്കുന്നത്. സമുന്നതമായ ജനാധിപത്യ മൂല്യങ്ങളും രാഷ്ട്രീയാദര്‍ശങ്ങളും മുന്നണിമര്യാദകളും മാനിച്ചുകൊണ്ടുതന്നെ ഭരണം നയിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയണം. തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ദൃഢമാക്കിയിരിക്കുന്നു. ലോകത്തെ ഏറ്റവും ബൃഹത്തായ ജനാധിപത്യപ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് അധികൃതര്‍ക്കും അഭിമാനിക്കാം.
മാതൃഭൂമി മുഖപ്രസംഗം
No comments:
Post a Comment