ജനവിധിയുടെ മാനങ്ങള്‍
ജനാധിപത്യത്തില്‍ ജനവിധിക്കാണ് പ്രാധാന്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയക്ക് ഇന്ത്യയില്‍ തിരശ്ശീല വീഴുമ്പോള്‍ കോഗ്രസ് നയിക്കുന്ന മുന്നണി അധികാരത്തില്‍ എത്തുമെന്ന കാര്യം ഉറപ്പായി. തൂക്കുസഭയായിരിക്കും ഉണ്ടാവുകയെന്ന പൊതുപ്രവചനങ്ങളെ തള്ളിക്കളഞ്ഞ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. വോട്ടിങ്നിലയുടെ സൂക്ഷ്മാംശങ്ങള്‍ ലഭ്യമായതിനുശേഷംമാത്രമേ ശാസ്ത്രീയമായ വിലയിരുത്തലിന് പ്രസക്തിയുള്ളൂ. എല്ലാ കണക്കുകൂട്ടലിനും അപ്പുറത്ത് തിളക്കമാര്‍ന്ന വിജയം കോഗ്രസിന് നേടാന്‍ കഴിഞ്ഞെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്.
ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി. കഴിഞ്ഞ ലോക്സഭയില്‍ നിര്‍ണായകമായിരുന്ന ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയും അപ്രതീക്ഷിതമാണ്. ഈ ജനവിധി ഉള്‍ക്കൊള്ളുന്നുവെന്നും അതിലേക്ക് നയിച്ച കാരണങ്ങളെസംബന്ധിച്ച് വിലയിരുത്തുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്. കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങളായ ബംഗാളിലും കേരളത്തിലും തിരിച്ചടിയുണ്ടായി. ത്രിപുരയില്‍ രണ്ട് സീറ്റും നിലനിര്‍ത്താന്‍ കഴിഞ്ഞു.
ബംഗാളിലെയും കേരളത്തിലെയും ജനങ്ങള്‍ ഇങ്ങനെയൊരു നിലപാട് എടുക്കാന്‍ ഇടയായ സാഹചര്യവും പാര്‍ടി പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. പരാജയത്തില്‍നിന്ന്പാഠം ഉള്‍ക്കൊള്ളാനും അതിശക്തമായി തിരിച്ചുവരാനും ഇടതുപക്ഷപ്രസ്ഥാനത്തിന് കഴിയുമെന്നുതന്നെയാണ് കേരളീയസമൂഹം പ്രതീക്ഷിക്കുന്നത്.
കേരളത്തിലും ബംഗാളിലും എല്ലാ വിഭാഗം പ്രതിലോമശക്തികളും ഇടതുപക്ഷപ്രസ്ഥാനത്തിനെതിരായ അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. 15-ാം ലോക്സഭയില്‍ ഇടതുപക്ഷം നിര്‍ണായകമാകരുതെന്ന പിടിവാശിതന്നെ സാമ്രാജ്യത്വശക്തികള്‍ക്കുണ്ടായിരുന്നു. സമീപകാല ചരിത്രത്തിലാദ്യമായി അമേരിക്കന്‍ അംബാസഡര്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കളെ സന്ദര്‍ശിച്ച് ഇടതുപക്ഷത്തിനെതിരായ നിലപാട് സ്വീകരിച്ചത് ഇതിന്റെ പ്രകടമായ തെളിവാണ്.
കഴിഞ്ഞ ലോക്സഭയിലെ ഇടതുപക്ഷസ്വാധീനമാണ് ഉദാരവല്‍ക്കരണശക്തികള്‍ക്ക് അവരുടെ അജന്‍ഡ പൂര്‍ണമായും നടപ്പാക്കുന്നതിന് തടസ്സമുണ്ടാക്കിയത്. അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാക്കുന്നതില്‍നിന്ന് യുപിഎയെ തടയാന്‍ ശ്രമിച്ചതും ഇടതുപക്ഷംതന്നെയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നവ ഉദാരവല്‍ക്കരണശക്തികള്‍ ഒറ്റക്കെട്ടായി ഈ മുഖ്യ അജന്‍ഡ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. ജാതിമത സാമുദായികശക്തികളെ അണിനിരത്തുന്നതില്‍ വലതുപക്ഷശക്തികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞെന്നുതന്നെയാണ് ഫലം തെളിയിക്കുന്നത്.
ബിജെപിയുടെ വോട്ട് പല മണ്ഡലത്തിലും കാര്യമായി കുറഞ്ഞതും പരിശോധിക്കേണ്ടതാണ്. ഇടതുപക്ഷത്തെ തോല്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെതന്നെ മാധ്യമങ്ങളും കമ്യൂണിസ്റുവിരുദ്ധ അജന്‍ഡയാണ് മുന്നോട്ടുവച്ചത്. അടിയന്തരാവസ്ഥയുടെ ഭീകരാനുഭവത്തിനുശേഷം രാജ്യത്തെ പൊതുധാരയില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ എല്ലാ സീറ്റിലും കോഗ്രസ് ജയിച്ചതില്‍ മാധ്യമങ്ങള്‍ വഹിച്ച പ്രതിലോമപരമായ പങ്ക് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മലീമസമാക്കപ്പെട്ട മാധ്യമ പ്രവര്‍ത്തനം ജനമനസ്സില്‍ ചെലുത്തിയ സ്വാധീനത്തിന്റെ അളവും പരിശോധിക്കേണ്ടതാണ്.
ഇടതുപക്ഷം കേന്ദ്രത്തില്‍ കോഗ്രസിനെ പിന്തുണച്ച ആദ്യാനുഭവത്തിന്റെ പരിണതഫലവും വിലയിരുത്തേണ്ടതാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍തുന്നതിന് സ്വീകരിച്ച ആ നടപടി രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. ഐക്യമുന്നണിയുടെ ഭാഗമാകുമ്പോള്‍ അതിന്റെ നേട്ടങ്ങളുടെ ഗുണം മുന്നണിക്കും കോട്ടങ്ങളുടെ ഉത്തരവാദിത്തം പാര്‍ടിക്കും നേരിടേണ്ടിവരുമെന്ന കാര്യം സിപിഐ എം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെകൂടി അടിസ്ഥാനത്തിലാണ് യുപിഎയെ പിന്തുണയ്ക്കുമ്പോള്‍ നിരന്തരം ഇടപെട്ടിരുന്നത്. അത് എത്രമാത്രം വിജയിച്ചെന്നതും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.
ഇടതുപക്ഷസമ്മര്‍ദത്താല്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതമായ തൊഴിലുറപ്പുപദ്ധതിയും കാര്‍ഷിക കടാശ്വാസവും ഉള്‍പ്പെടെയുള്ള നടപടികള്‍ കോഗ്രസിന്റെ തിരിച്ചുവരവിന് സഹായകമായി എന്ന വിലയിരുത്തലും പ്രസക്തം. രണ്ടു പതിറ്റാണ്ടിനുശേഷം കോഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞെന്നതും ശ്രദ്ധേയമാണ്. ഒറ്റയ്ക്ക് മത്സരിച്ച യുപിയില്‍ കോഗ്രസിന് മുന്നേറാന്‍ കഴിഞ്ഞെന്നത് ചെറിയ കാര്യമല്ല.
ബാബറി പള്ളി തകര്‍ച്ചയോടെ കോഗ്രസില്‍നിന്ന് അകന്നുപോയ മുസ്ളിം ന്യൂനപക്ഷങ്ങള്‍ വീണ്ടും അടുത്തതിന്റെ സൂചനയായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. ഇത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ജനവിധിയെ സ്വാധീനിച്ചോയെന്നതും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. കോഗ്രസിനുണ്ടായ തിരിച്ചുവരവ് അവരെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമാണെങ്കിലും അത് സ്ഥായിയാണെന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി അപകടവും നരേന്ദ്രമോഡിയെപ്പോലൊരാള്‍ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവും മതന്യൂനപക്ഷങ്ങളില്‍ താല്‍ക്കാലികമായി കോഗ്രസ് അനുകൂലതരംഗമുണ്ടാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
എന്തായാലും ജനങ്ങള്‍ വിധിയെഴുതി കഴിഞ്ഞു. എന്നാല്‍, ഇത് ദീര്‍ഘമായ യാത്രയിലെ ചെറുഘട്ടമാണ്. ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെയും വര്‍ഗീയതയ്ക്കെതിരെയുമുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന പാഠംകൂടി ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്നുണ്ട്. അതിന് നേതൃത്വം നല്‍കേണ്ട ഇടതുപക്ഷം, ഈ തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഉറപ്പ്.
ദേശാഭിമാനി മുഖപ്രസംഗം
No comments:
Post a Comment