വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, May 18, 2009

മാധ്യമങ്ങളുടെ കണ്‍കെട്ടുവിദ്യ

മാധ്യമങ്ങളുടെ കണ്‍കെട്ടുവിദ്യ

പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ നാലാംകാലായിട്ടാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ ജനാധിപത്യവ്യവസ്ഥ അന്യൂനമായി കാത്തുസൂക്ഷിക്കുന്നതില്‍ കാവല്‍ക്കാരനായി പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള മഹത്തായ സ്ഥാനം ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍, നിര്‍ണായകഘട്ടത്തിലെല്ലാം മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കടമനിര്‍വഹിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട അനുഭവമാണ് നമുക്കുള്ളത്.

1959ല്‍ ഇ എം എസ് മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിക്കുന്നതിനുപകരം പ്രശംസിക്കുന്ന നിലപാടാണ് മുഖ്യധാരാമാധ്യമങ്ങള്‍ സ്വീകരിച്ചത്. 1975ല്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്് പൌരാവകാശങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി. ആയിരക്കണക്കിനു നിരപരാധികളായ പൌരന്മാരെ അന്യായമായി അറസ്റ് ചെയ്ത് വിചാരണ കൂടാതെ തടവില്‍ താമസിപ്പിച്ചതിനെ അംഗീകരിച്ച് മൌനം അവലംബിക്കുകയാണ് മിക്ക മാധ്യമങ്ങളും ചെയ്തത്. കവിയുടെ ഭാഷയില്‍ 'ഇരുപത് കഴുതകള്‍ കെട്ടിവലിക്കുന്ന പെരുമന്തു കാലിനെ വാഴ്ത്തിപ്പാടുകയാണ്' സാഹിത്യകാരന്മാരും മാധ്യമങ്ങളും ചെയ്തത്. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ സഖ്യശക്തിയാക്കി മാറ്റിയ യുപിഎ സര്‍ക്കാരിന്റെ നടപടിയെ എതിര്‍ക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായില്ല.

1959ലെ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയിലെ ചാരസംഘടനയായ സിഐഎ ഇടപെട്ടതും വിമോചനസമരനായകര്‍ക്ക് പണം നല്‍കി പ്രോത്സാഹിപ്പിച്ചതും അമേരിക്കന്‍ അംബാസഡര്‍ മൊയ്നിഹാന്‍ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ വസ്തുതയാണ്. ഇടതു പുരോഗമനശക്തികള്‍ക്കെതിരായ പിന്തിരിപ്പന്‍ വര്‍ഗത്തിന്റെ ഏത് ഹീനമായ നടപടിയെയും അനുകൂലിച്ച പാരമ്പര്യം മാത്രമേ ഇക്കൂട്ടര്‍ക്ക് അവകാശപ്പെടാനുള്ളൂ. ഈ ശ്രേണിയില്‍

ഏറ്റവും ഒടുവിലത്തെ അനുഭവമാണ് അമേരിക്കന്‍ അമ്പാസഡര്‍ പീറ്റര്‍ ബര്‍ലിയുടെ ഇടപെടല്‍. തലസ്ഥാനത്തെ യുഎസ് എംബസിയുടെ ചുമതലയുള്ള നയതന്ത്ര ഉദ്യോഗസ്ഥന്‍ പീറ്റര്‍ ബര്‍ലി രണ്ടുദിവസംമുമ്പ് പ്രതിപക്ഷനേതാവും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ ലാല്‍കൃഷ്ണ അദ്വാനി, ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ മൂന്നാംമുന്നണിയുടെ നേതാക്കളിലൊരാളുമായ ചന്ദ്രബാബുനായിഡു, പ്രജാരാജ്യം പാര്‍ടി അധ്യക്ഷന്‍ ചിരഞ്ജീവി എന്നിവരുമായി രാഷ്ട്രീയചര്‍ച്ച നടത്തിയ വിവരം പുറത്തുവന്നു. 15-ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായ നിര്‍ണായകഘട്ടത്തില്‍ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇത് കേവലം യാദൃച്ഛികമായ സംഭവമായി കാണാന്‍ കഴിയുന്നതല്ല.

ഈ വാര്‍ത്ത തമസ്കരിക്കുന്ന നിലപാടാണ് മുഖ്യധാരാമാധ്യമങ്ങള്‍ സ്വീകരിച്ചത്. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ മുമ്പന്തിയിലുണ്ടായിരുന്ന മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന ദേശീയപത്രമാണ് മാതൃഭൂമി. കെ പി കേശവമേനോന്‍, കെ എ ദാമോദരമേനോന്‍ തുടങ്ങിയ വ്യക്തികള്‍ നയിച്ച പത്രമാണത്. ആ പത്രം ഈ വാര്‍ത്ത 15-ാം പേജില്‍ ഏറ്റവും താഴെ എട്ടാംകോളത്തില്‍ അഞ്ചുവരിയില്‍ ഒതുക്കുകയാണ് ചെയ്തത്. യുഎസ് അംബാസഡര്‍ ഇന്‍ ചാര്‍ജ് അദ്വാനിയെ കണ്ടു എന്നുമാത്രമാണ് മാതൃഭൂമി റിപ്പോര്‍ട്ട്ചെയ്തത്. ഇന്ത്യ-യുഎസ് ആണവകരാറും പാകിസ്ഥാനിലെ സ്ഥിതിഗതിയുമായിരിക്കാം ഇരുവരും ചര്‍ച്ചചെയ്തതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞെന്നുമാത്രം മാതൃഭൂമി വെളിപ്പെടുത്തി.

ചന്ദ്രബാബു നായിഡു, ചിരഞ്ജീവി എന്നിവരെ കണ്ട് പീറ്റര്‍ ബര്‍ലി സംസാരിച്ചത് മാതൃഭൂമി അറിഞ്ഞില്ല. സിപിഐ എം സെക്രട്ടറിയറ്റില്‍ നടന്നതായി പറഞ്ഞ ചര്‍ച്ച റിപ്പോര്‍ട്ടുചെയ്യാനും അതിന്മേല്‍ വ്യാഖ്യാനം ചമയ്ക്കാനും വല്ലാത്ത വൈദഗ്ധ്യം കാണിക്കുന്ന മാതൃഭൂമിക്ക് ഈ ഭൂമുഖത്ത് ലാവ്ലിന്‍മാത്രമാണ് സ്ഥിരം വാര്‍ത്ത. അമേരിക്കന്‍ സാമ്രാജ്യത്വം സ്വതന്ത്ര ഇന്ത്യയുടെ മന്ത്രിസഭാരൂപീകരണത്തിലും ആഭ്യന്തരകാര്യത്തിലും നഗ്നമായി ഇടപെടുന്നതിനെ കാണാനുള്ള കണ്ണ് ആ പത്രത്തിന് പണ്ടെങ്ങാനും കൈമോശം വന്നുപോയി. സാമ്രാജ്യവിരുദ്ധ പാരമ്പര്യം ഉപേക്ഷിക്കുകയും ചെയ്തു.

അന്ധമായ മാര്‍ക്സിസ്റ്വിരുദ്ധ ചിന്തമൂലം സ്വയം കാഴ്ച നഷ്ടപ്പെടുക മാത്രല്ല, വായനക്കാരുടെ കണ്ണ് മൂടിക്കെട്ടി അടിമത്തത്തിലേക്ക് വായനക്കാരെ വലിച്ചിഴയ്ക്കാനും ആ പത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. മലയാളമനോരമ ഈ വാര്‍ത്ത കൂടുതല്‍ സത്യസന്ധമായി നല്‍കി എന്നത് വസ്തുതയാണ്. എന്നാല്‍ ആ പത്രം 11-ാം പേജില്‍ ഏറ്റവും താഴെ ഏകകോളത്തില്‍ അഞ്ച് സെന്റീമീറ്ററില്‍ തികച്ചും അപ്രധാനമായാണ് ഈ വാര്‍ത്ത നല്‍കിയത്. എങ്കിലും അവസാനത്തെ വാചകം ശ്രദ്ധേയമാണ്.

"ഇടതുപക്ഷവുമായി ചേര്‍ന്നുള്ള മൂന്നാംമുന്നണിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പീറ്റര്‍ ബര്‍ലി ചന്ദ്രബാബുനായിഡുവിനോട് അഭ്യര്‍ഥിച്ചതായി സൂചനയുണ്ട്' എന്ന് മനോരമ വെളിപ്പെടുത്താന്‍ അറച്ചുനിന്നില്ല. സ്വതന്ത്ര ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ നഗ്നമായി ഇടപെടാന്‍ അമേരിക്കന്‍ അംബാസഡറെ ആരാണ് ചുമതലപ്പെടുത്തിയത്. ഇന്ത്യ- അമേരിക്ക ആണവ സഹകരണകരാര്‍ നടപ്പാക്കിയതിന്റെ പേരില്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തിനെതിരെ കരുനീക്കം നടത്താന്‍ ഇന്ത്യന്‍ മണ്ണില്‍ അമേരിക്കന്‍ സാമ്രാജ്യശക്തിയെ അനുവദിച്ചുകൂടാ.

ഇത് സാമ്രാജ്യവിരുദ്ധ സ്വാതന്ത്യ്രസമരം നയിച്ച മഹാന്മാരായ സ്വാതന്ത്യ്രഭടന്മാരെയും നേതാക്കളെയും അപമാനിക്കലാണ്. ഈ വാര്‍ത്ത വായനക്കാരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അറിയിക്കാനും ജനങ്ങളെ സാമ്രാജ്യവിരുദ്ധ നിലപാടില്‍ ഉല്‍ബുദ്ധരാക്കാനും മാധ്യമങ്ങള്‍ക്ക് ചുമതലയുണ്ട്. ഈ മാധ്യമങ്ങള്‍ മാര്‍ക്സിസ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് മനസ്സിലാക്കാന്‍ കഴിയും. അത് അവര്‍ തുടരട്ടെ. എന്നാല്‍, ഇന്ത്യയുടെ ഭരണക്രമത്തില്‍ കൈകടത്തുന്നത് അനുവദിക്കാനാകില്ല. മുഖ്യധാരാ മാധ്യമങ്ങളുടെ ഈ നിലപാട് വായനക്കാര്‍ തിരിച്ചറിയുകതന്നെ ചെയ്യും.

ദേശാഭിമാനി മുഖപ്രസംഗം

1 comment:

Sabu Kottotty said...

വല്ലാത്ത കഷ്ടംതന്നെ.. !!!!

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്