വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, May 18, 2009

മാധ്യമങ്ങളുടെ കണ്‍കെട്ടുവിദ്യ

മാധ്യമങ്ങളുടെ കണ്‍കെട്ടുവിദ്യ

പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ നാലാംകാലായിട്ടാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ ജനാധിപത്യവ്യവസ്ഥ അന്യൂനമായി കാത്തുസൂക്ഷിക്കുന്നതില്‍ കാവല്‍ക്കാരനായി പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള മഹത്തായ സ്ഥാനം ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍, നിര്‍ണായകഘട്ടത്തിലെല്ലാം മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കടമനിര്‍വഹിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട അനുഭവമാണ് നമുക്കുള്ളത്.

1959ല്‍ ഇ എം എസ് മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിക്കുന്നതിനുപകരം പ്രശംസിക്കുന്ന നിലപാടാണ് മുഖ്യധാരാമാധ്യമങ്ങള്‍ സ്വീകരിച്ചത്. 1975ല്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്് പൌരാവകാശങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി. ആയിരക്കണക്കിനു നിരപരാധികളായ പൌരന്മാരെ അന്യായമായി അറസ്റ് ചെയ്ത് വിചാരണ കൂടാതെ തടവില്‍ താമസിപ്പിച്ചതിനെ അംഗീകരിച്ച് മൌനം അവലംബിക്കുകയാണ് മിക്ക മാധ്യമങ്ങളും ചെയ്തത്. കവിയുടെ ഭാഷയില്‍ 'ഇരുപത് കഴുതകള്‍ കെട്ടിവലിക്കുന്ന പെരുമന്തു കാലിനെ വാഴ്ത്തിപ്പാടുകയാണ്' സാഹിത്യകാരന്മാരും മാധ്യമങ്ങളും ചെയ്തത്. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ സഖ്യശക്തിയാക്കി മാറ്റിയ യുപിഎ സര്‍ക്കാരിന്റെ നടപടിയെ എതിര്‍ക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായില്ല.

1959ലെ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കയിലെ ചാരസംഘടനയായ സിഐഎ ഇടപെട്ടതും വിമോചനസമരനായകര്‍ക്ക് പണം നല്‍കി പ്രോത്സാഹിപ്പിച്ചതും അമേരിക്കന്‍ അംബാസഡര്‍ മൊയ്നിഹാന്‍ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ വസ്തുതയാണ്. ഇടതു പുരോഗമനശക്തികള്‍ക്കെതിരായ പിന്തിരിപ്പന്‍ വര്‍ഗത്തിന്റെ ഏത് ഹീനമായ നടപടിയെയും അനുകൂലിച്ച പാരമ്പര്യം മാത്രമേ ഇക്കൂട്ടര്‍ക്ക് അവകാശപ്പെടാനുള്ളൂ. ഈ ശ്രേണിയില്‍

ഏറ്റവും ഒടുവിലത്തെ അനുഭവമാണ് അമേരിക്കന്‍ അമ്പാസഡര്‍ പീറ്റര്‍ ബര്‍ലിയുടെ ഇടപെടല്‍. തലസ്ഥാനത്തെ യുഎസ് എംബസിയുടെ ചുമതലയുള്ള നയതന്ത്ര ഉദ്യോഗസ്ഥന്‍ പീറ്റര്‍ ബര്‍ലി രണ്ടുദിവസംമുമ്പ് പ്രതിപക്ഷനേതാവും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ ലാല്‍കൃഷ്ണ അദ്വാനി, ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ മൂന്നാംമുന്നണിയുടെ നേതാക്കളിലൊരാളുമായ ചന്ദ്രബാബുനായിഡു, പ്രജാരാജ്യം പാര്‍ടി അധ്യക്ഷന്‍ ചിരഞ്ജീവി എന്നിവരുമായി രാഷ്ട്രീയചര്‍ച്ച നടത്തിയ വിവരം പുറത്തുവന്നു. 15-ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായ നിര്‍ണായകഘട്ടത്തില്‍ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇത് കേവലം യാദൃച്ഛികമായ സംഭവമായി കാണാന്‍ കഴിയുന്നതല്ല.

ഈ വാര്‍ത്ത തമസ്കരിക്കുന്ന നിലപാടാണ് മുഖ്യധാരാമാധ്യമങ്ങള്‍ സ്വീകരിച്ചത്. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ മുമ്പന്തിയിലുണ്ടായിരുന്ന മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന ദേശീയപത്രമാണ് മാതൃഭൂമി. കെ പി കേശവമേനോന്‍, കെ എ ദാമോദരമേനോന്‍ തുടങ്ങിയ വ്യക്തികള്‍ നയിച്ച പത്രമാണത്. ആ പത്രം ഈ വാര്‍ത്ത 15-ാം പേജില്‍ ഏറ്റവും താഴെ എട്ടാംകോളത്തില്‍ അഞ്ചുവരിയില്‍ ഒതുക്കുകയാണ് ചെയ്തത്. യുഎസ് അംബാസഡര്‍ ഇന്‍ ചാര്‍ജ് അദ്വാനിയെ കണ്ടു എന്നുമാത്രമാണ് മാതൃഭൂമി റിപ്പോര്‍ട്ട്ചെയ്തത്. ഇന്ത്യ-യുഎസ് ആണവകരാറും പാകിസ്ഥാനിലെ സ്ഥിതിഗതിയുമായിരിക്കാം ഇരുവരും ചര്‍ച്ചചെയ്തതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞെന്നുമാത്രം മാതൃഭൂമി വെളിപ്പെടുത്തി.

ചന്ദ്രബാബു നായിഡു, ചിരഞ്ജീവി എന്നിവരെ കണ്ട് പീറ്റര്‍ ബര്‍ലി സംസാരിച്ചത് മാതൃഭൂമി അറിഞ്ഞില്ല. സിപിഐ എം സെക്രട്ടറിയറ്റില്‍ നടന്നതായി പറഞ്ഞ ചര്‍ച്ച റിപ്പോര്‍ട്ടുചെയ്യാനും അതിന്മേല്‍ വ്യാഖ്യാനം ചമയ്ക്കാനും വല്ലാത്ത വൈദഗ്ധ്യം കാണിക്കുന്ന മാതൃഭൂമിക്ക് ഈ ഭൂമുഖത്ത് ലാവ്ലിന്‍മാത്രമാണ് സ്ഥിരം വാര്‍ത്ത. അമേരിക്കന്‍ സാമ്രാജ്യത്വം സ്വതന്ത്ര ഇന്ത്യയുടെ മന്ത്രിസഭാരൂപീകരണത്തിലും ആഭ്യന്തരകാര്യത്തിലും നഗ്നമായി ഇടപെടുന്നതിനെ കാണാനുള്ള കണ്ണ് ആ പത്രത്തിന് പണ്ടെങ്ങാനും കൈമോശം വന്നുപോയി. സാമ്രാജ്യവിരുദ്ധ പാരമ്പര്യം ഉപേക്ഷിക്കുകയും ചെയ്തു.

അന്ധമായ മാര്‍ക്സിസ്റ്വിരുദ്ധ ചിന്തമൂലം സ്വയം കാഴ്ച നഷ്ടപ്പെടുക മാത്രല്ല, വായനക്കാരുടെ കണ്ണ് മൂടിക്കെട്ടി അടിമത്തത്തിലേക്ക് വായനക്കാരെ വലിച്ചിഴയ്ക്കാനും ആ പത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. മലയാളമനോരമ ഈ വാര്‍ത്ത കൂടുതല്‍ സത്യസന്ധമായി നല്‍കി എന്നത് വസ്തുതയാണ്. എന്നാല്‍ ആ പത്രം 11-ാം പേജില്‍ ഏറ്റവും താഴെ ഏകകോളത്തില്‍ അഞ്ച് സെന്റീമീറ്ററില്‍ തികച്ചും അപ്രധാനമായാണ് ഈ വാര്‍ത്ത നല്‍കിയത്. എങ്കിലും അവസാനത്തെ വാചകം ശ്രദ്ധേയമാണ്.

"ഇടതുപക്ഷവുമായി ചേര്‍ന്നുള്ള മൂന്നാംമുന്നണിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പീറ്റര്‍ ബര്‍ലി ചന്ദ്രബാബുനായിഡുവിനോട് അഭ്യര്‍ഥിച്ചതായി സൂചനയുണ്ട്' എന്ന് മനോരമ വെളിപ്പെടുത്താന്‍ അറച്ചുനിന്നില്ല. സ്വതന്ത്ര ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ നഗ്നമായി ഇടപെടാന്‍ അമേരിക്കന്‍ അംബാസഡറെ ആരാണ് ചുമതലപ്പെടുത്തിയത്. ഇന്ത്യ- അമേരിക്ക ആണവ സഹകരണകരാര്‍ നടപ്പാക്കിയതിന്റെ പേരില്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തിനെതിരെ കരുനീക്കം നടത്താന്‍ ഇന്ത്യന്‍ മണ്ണില്‍ അമേരിക്കന്‍ സാമ്രാജ്യശക്തിയെ അനുവദിച്ചുകൂടാ.

ഇത് സാമ്രാജ്യവിരുദ്ധ സ്വാതന്ത്യ്രസമരം നയിച്ച മഹാന്മാരായ സ്വാതന്ത്യ്രഭടന്മാരെയും നേതാക്കളെയും അപമാനിക്കലാണ്. ഈ വാര്‍ത്ത വായനക്കാരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അറിയിക്കാനും ജനങ്ങളെ സാമ്രാജ്യവിരുദ്ധ നിലപാടില്‍ ഉല്‍ബുദ്ധരാക്കാനും മാധ്യമങ്ങള്‍ക്ക് ചുമതലയുണ്ട്. ഈ മാധ്യമങ്ങള്‍ മാര്‍ക്സിസ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് മനസ്സിലാക്കാന്‍ കഴിയും. അത് അവര്‍ തുടരട്ടെ. എന്നാല്‍, ഇന്ത്യയുടെ ഭരണക്രമത്തില്‍ കൈകടത്തുന്നത് അനുവദിക്കാനാകില്ല. മുഖ്യധാരാ മാധ്യമങ്ങളുടെ ഈ നിലപാട് വായനക്കാര്‍ തിരിച്ചറിയുകതന്നെ ചെയ്യും.

ദേശാഭിമാനി മുഖപ്രസംഗം
കോണ്‍ഗ്രസ്സിന്‌ തിളങ്ങുന്ന നേട്ടം

പതിനഞ്ചാം ലോക്‌സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തിളങ്ങുന്ന നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ കോണ്‍ഗ്രസ്സിന്‌ അഭിമാനിക്കാം. ഒറ്റയ്‌ക്ക്‌ കേന്ദ്രം ഭരിച്ചിരുന്ന പഴയ പ്രതാപത്തിലെത്താനായില്ലെങ്കിലും 1984 നു ശേഷം പാര്‍ട്ടി ഇത്ര മികച്ച വിജയം നേടുന്നത്‌ ആദ്യമായാണ്‌. കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില കാര്യമായി മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ്‌നേതൃത്വത്തിലുള്ള ഐക്യപുരോഗമനസഖ്യത്തിന്‌ ഇടതുപക്ഷത്തെ ആശ്രയിക്കാതെതന്നെ സര്‍ക്കാര്‍ രൂപവത്‌കരിക്കാനാകും.

മന്‍മോഹന്‍ സിങ്‌ തന്നെയായിരിക്കും പ്രധാനമന്ത്രിയാവുകയെന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്‌. ബി.ജെ.പി.ക്കും എന്‍.ഡി.എ.ക്കും ഇടതുപക്ഷത്തിനും ഇത്തവണ കനത്ത തിരിച്ചടിയാണുണ്ടായത്‌. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിതരംഗം ആഞ്ഞടിച്ചപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ നാലു സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു.

എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മിലെ ഭിന്നതകളടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരിക്കുന്നു എന്ന തോന്നല്‍ കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടിക്കു കാരണമായിട്ടുണ്ട്‌. സി.പി.എമ്മിലെ ഭിന്നതകളും പാര്‍ട്ടിയില്‍നിന്ന്‌ പിരിഞ്ഞവരുടെ എതിര്‍പ്പുകളും ഇത്തവണ ചില ഘടകകക്ഷികളോട്‌ സി.പി.എം. കാണിച്ച കടുത്ത അവഗണനയും എല്‍.ഡി.എഫിന്റെ കനത്ത പരാജയത്തിന്‌ ഇടയാക്കിയിട്ടുണ്ടാവണം.

ഡല്‍ഹി, ആന്ധ്രപ്രദേശ്‌, രാജസ്ഥാന്‍, യു.പി, കേരളം തുടങ്ങിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സിന്‌ വന്‍ നേട്ടമുണ്ടാക്കാനായി. ഹിമാചല്‍പ്രദേശ്‌, കര്‍ണാടകം, മധ്യപ്രദേശ്‌, ഗുജറാത്ത്‌ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ബി.ജെ.പിക്കും എന്‍.ഡി.എക്കും നേട്ടം. ഒറീസ്സയില്‍ നവീന്‍പട്‌നായിക്കിന്റെ ബി.ജെ. ഡിക്കാണ്‌ ജയം. തമിഴ്‌നാട്ടില്‍ ഡി.എം.കെ.മുന്നണി വലിയ നേട്ടമുണ്ടാക്കി. കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ത്തന്നെയുണ്ടാകണമെന്നതാണ്‌ ജനഹിതമെന്ന്‌ ഫലം വ്യക്തമാക്കുന്നു.

മന്‍മോഹന്‍സിങ്ങിന്റെ മെച്ചപ്പെട്ട പ്രതിച്ഛായയും സര്‍ക്കാരിന്റെ നയപരിപാടികളും തിരഞ്ഞെടുപ്പു കാലത്ത്‌ സ്വീകരിച്ച നിലപാടുകളുമാണ്‌ യു.പി.എയെ ഈ വന്‍വിജയത്തിലെത്തിച്ചത്‌.
ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക്‌ ആശ്വാസവും പ്രതീക്ഷയുമേകിയ ദേശീയ തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസ്സിന്‌ ജനപിന്തുണ വര്‍ധിക്കാന്‍ ഏറെ സഹായകമായി. പരിഷ്‌കാരങ്ങള്‍ക്ക്‌ മാനുഷികമുഖം നല്‍കും എന്ന മന്‍മോഹന്‍സിങ്ങിന്റെ വാഗ്‌ദാനത്തിന്റെ ഫലപ്രദമായ പ്രയോഗമായിരുന്നു ആ പദ്ധതി.

ഇന്ത്യഅമേരിക്ക ആണവക്കരാറാണ്‌ യു.പി.എ. ഭരണകാലത്ത്‌ പാര്‍ലമെന്റിനകത്തും പുറത്തും വന്‍വിവാദമുണ്ടാക്കിയ കാര്യങ്ങളിലൊന്ന്‌. ഇതില്‍ സര്‍ക്കാരിന്റെ ദൃഢമായ നിലപാട്‌, ഇടതുപക്ഷം യു.പി.എക്കുള്ള പിന്തുണ പിന്‍വലിക്കുന്നതില്‍വരെയെത്തി. എന്നാല്‍ കരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷമടക്കമുള്ളവര്‍ പ്രകടിപ്പിച്ച ആശങ്കകളേക്കാള്‍, അത്‌ രാജ്യത്തിന്‌ ദോഷം ചെയ്യില്ലെന്ന്‌ മന്‍മോഹന്‍സിങ്‌ നല്‍കിയ ഉറപ്പാണ്‌ ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തതെന്ന്‌ തിരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നു. യു.പി.എ. ഭരണകാലത്ത്‌ കാര്യമായ വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായില്ല.

മുംബൈയിലെ ഭീകരാക്രമണം രാജ്യത്തെയാകെ നടുക്കിയെങ്കിലും അതിനുശേഷം ഭീകരതയെ നേരിടുന്നതിന്‌ സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ യു.പി.എയില്‍ വിശ്വാസം വളരാന്‍ കാരണമായിട്ടുണ്ട്‌. ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കാതെ നോക്കാനും സര്‍ക്കാരിനായി.
അന്താരാഷ്ട്രബന്ധങ്ങളുടെ കാര്യത്തിലും തികഞ്ഞ കരുതലോടെയുള്ള സമീപനമാണ്‌ സര്‍ക്കാരില്‍ നിന്നുണ്ടായത്‌. പാകിസ്‌താനിലെ ഭീകരസംഘടനകള്‍ ഇന്ത്യക്ക്‌ കനത്ത ഭീഷണിയായിട്ടും മുംബൈഭീകരാക്രമണത്തില്‍ അവര്‍ക്കുള്ള പങ്കുതെളിഞ്ഞിട്ടും ആ രാജ്യവുമായി സംഘര്‍ഷത്തിനിടയാക്കുന്ന നിലപാട്‌ ഇന്ത്യയെടുത്തില്ലെന്നത്‌ ശ്രദ്ധേയമാണ്‌.

ശ്രീലങ്കയിലെ വംശീയപ്രശ്‌നത്തിന്റെ കാര്യത്തിലും പഞ്ചശീലതത്ത്വങ്ങള്‍ക്ക്‌ അനുസൃതമായ നയമാണ്‌ ഇന്ത്യ പിന്തുടര്‍ന്നത്‌. മുന്നണിക്കകത്തെ ഭിന്നതകള്‍ പരിഹരിച്ചും ഇടതുപക്ഷത്തിന്റെ സമ്മര്‍ദങ്ങള്‍ നേരിട്ടും കാലാവധി പൂര്‍ത്തിയാകും വരെ ഭരിക്കാന്‍ യു.പി.എക്കു കഴിഞ്ഞു. ഈ ഭരണസ്ഥിരത യു.പി.എയുടെ, വിശേഷിച്ച്‌ കോണ്‍ഗ്രസ്സിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി. ചില സ്ഥലങ്ങളില്‍, സ്ഥാപിത താത്‌പര്യങ്ങള്‍ക്കായി അമിതമായ വിലപേശല്‍ നടത്തുന്ന കക്ഷികളെ ഒഴിവാക്കാനും ഒറ്റയ്‌ക്കുതന്നെ മത്സരിക്കാനും കാണിച്ച ധീരതയും കോണ്‍ഗ്രസ്സിന്‌ ഗുണംചെയ്‌തു.

യു.പി.യില്‍ ഇങ്ങനെ പാര്‍ട്ടിക്ക്‌ കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പു ഫലം യു.പി.എ. സര്‍ക്കാരിനെതിരായ വിധിയെഴുത്താവുമെന്നും വന്‍വിജയം നേടുമെന്നും അവകാശപ്പെട്ട ബി.ജെ.പിക്ക്‌ കഴിഞ്ഞ തവണത്തേതിനേക്കാളും കനത്ത തിരിച്ചടിയാണ്‌ ഉണ്ടായിരിക്കുന്നത്‌. ഭീകരാക്രമണങ്ങളുടെ പേരില്‍ യു.പി.എ. സര്‍ക്കാരിനുമേല്‍ ഉയര്‍ത്തിയ നിശിതമായ വിമര്‍ശനങ്ങളും പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി എല്‍.കെ.അദ്വാനിയെ വളരെ നേരത്തേ നിശ്ചയിച്ച്‌, അദ്ദേഹത്തെ ഉരുക്കുമനുഷ്യനായി ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണവും ബി.ജെ.പി.ക്കു തുണയായില്ല.

പ്രകടനപത്രികയില്‍ ബോധപൂര്‍വം ഹിന്ദുത്വഅജന്‍ഡയ്‌ക്ക്‌ ഊന്നല്‍ നല്‍കിയെങ്കിലും അതും ജനങ്ങള്‍ നിരാകരിച്ചിരിക്കുന്നു. ദശാബ്ദങ്ങളായി, ഏതു പ്രതിസന്ധിയിലും മികച്ച വിജയം ആവര്‍ത്തിക്കാറുള്ള ബംഗാളിലും സി.പി.എമ്മിന്‌ കനത്ത നഷ്‌ടമുണ്ടായി. നന്ദിഗ്രാം സംഭവത്തിന്‌ കാരണമായ പാര്‍ട്ടിനയം, തൃണമൂല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും നടത്തിയ സംയുക്തനീക്കം എന്നിവ സി.പി.എമ്മിന്‌ അവിടെ ഗണ്യമായി സീറ്റു കുറയാന്‍ കാരണമായി.

ഈ വിജയം കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്‌. പാര്‍ട്ടിയുടെ നേതൃശേഷിക്കും ഭരണത്തിനും മതനിരപേക്ഷനിലപാടിനും അംഗീകാരം നല്‍കുകവഴി വലിയ പ്രതീക്ഷയാണ്‌ ജനങ്ങള്‍ കോണ്‍ഗ്രസ്സില്‍ അര്‍പ്പിച്ചിരിക്കുന്നത്‌. സമുന്നതമായ ജനാധിപത്യ മൂല്യങ്ങളും രാഷ്ട്രീയാദര്‍ശങ്ങളും മുന്നണിമര്യാദകളും മാനിച്ചുകൊണ്ടുതന്നെ ഭരണം നയിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയണം. തിരഞ്ഞെടുപ്പ്‌ ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ദൃഢമാക്കിയിരിക്കുന്നു. ലോകത്തെ ഏറ്റവും ബൃഹത്തായ ജനാധിപത്യപ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷനും മറ്റ്‌ അധികൃതര്‍ക്കും അഭിമാനിക്കാം.

മാതൃഭൂമി മുഖപ്രസംഗം

പുതിയ സര്‍ക്കാര്‍ വരുമ്പോള്‍

പുതിയ സര്‍ക്കാര്‍ വരുമ്പോള്‍

അഞ്ചുകൊല്ലം മുമ്പ്, വര്‍ഗീയശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മതനിരപേക്ഷതയില്‍ അടിയുറച്ച ഒരു സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങളാണ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പ് ഫലംവന്നപ്പോള്‍ നടന്നത്. അതിന് മുന്‍കൈയെടുത്തത് ഇടതുപക്ഷ പാര്‍ടികളായിരുന്നു. ഇപ്പോഴാകട്ടെ, ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം പരാജിതരുടെ കൂട്ടത്തിലാണ്. കോഗ്രസിനാകട്ടെ, തനിച്ച് ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യത്തിലെത്താനായിട്ടില്ലെങ്കിലും തങ്ങള്‍ക്ക് പൂര്‍വാധികം പ്രാമുഖ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പര്യാപ്തമായ വിജയമുണ്ടായിരിക്കുന്നു.

കോഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിച്ച വിജയത്തെ ഒറ്റനോട്ടത്തില്‍ വിലയിരുത്തുമ്പോള്‍, അവരുടെ നയങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ജനവിധിയായല്ല, രാജ്യത്തെ വര്‍ഗീയതയുടെ വിപത്തില്‍നിന്ന് രക്ഷിക്കാനുള്ള ജനങ്ങളുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമായാണ് കാണാനാവുക. നരേന്ദ്രമോഡിയെപ്പോലെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും കൊടുംക്രൂരതകളും ആയുധമാക്കിയവര്‍ കേന്ദ്ര ഭരണാധികാരത്തില്‍ വരാതിരിക്കാനുള്ള ജനങ്ങളുടെ ആഗ്രഹം കോഗ്രസിനുള്ള വോട്ടായി പരിണമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രവണത തെരഞ്ഞെടുപ്പുഫലത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

കോഗ്രസിന്റെ കുറ്റകരമായ നിസ്സംഗതയും വര്‍ഗീയശക്തികളോടുള്ള മൃദുസമീപനവും അവഗണിച്ചുപോലും വര്‍ഗീയവിരുദ്ധ വോട്ടുകള്‍ ആ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണം രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സവിശേഷമായ സാഹചര്യമാണ്. ഗുജറാത്തിലെ വംശഹത്യയും ഒറീസയിലും മറ്റും അരങ്ങേറിയ ന്യൂനപക്ഷവേട്ടയും ഒരുക്കിയ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും മണ്ണില്‍ ബിജെപി-സംഘപരിവാര്‍ വിരുദ്ധവികാരമാണ് തഴച്ചുവളര്‍ന്നത്. ആ വികാരം വോട്ടാക്കി മാറ്റാന്‍ കോഗ്രസിനു കഴിഞ്ഞു. കോഗ്രസല്ലെങ്കില്‍ മറ്റാര് എന്നചോദ്യത്തിന് വ്യക്തമായ ഉത്തരം ജനങ്ങള്‍ക്കുമുന്നിലുണ്ടായില്ല.

ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ ഇടപെടലുകളെ ശ്ളാഘിക്കുന്നവര്‍പോലും മൂന്നാമതൊരു ബദല്‍ മൂര്‍ത്തമായ രൂപത്തില്‍ ഉയര്‍ന്നുവരാത്തതില്‍ ഖിന്നരായി. അത്തരമൊരവസ്ഥയും കോഗ്രസിന് ഗുണകരമായി ഭവിച്ചു എന്നാണ് തെരഞ്ഞെടുപ്പുഫലം പ്രാഥമികമായി വിലയിരുത്തുമ്പോള്‍ കാണാനാകുന്നത്. യുപിഎയ്ക്കനുകൂലമായ ജനവിധി വന്നപ്പോള്‍ ബിജെപിയില്‍നിന്നുണ്ടായ ആദ്യ പ്രതികരണം 'തൊഴിലുറപ്പു പദ്ധതിയാണ് കോഗ്രസിനെ രക്ഷിച്ചത്' എന്നത്രേ. കാര്‍ഷിക കടാശ്വാസം, തൊഴിലുറപ്പുപദ്ധതി, വനാവകാശനിയമം എന്നിവയൊക്കെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തിനുവഴങ്ങി യുപിഎസര്‍ക്കാരിന് മനസ്സില്ലാമനസ്സോടെ നടപ്പാക്കേണ്ടിവന്നവയാണ്. ദേശിയ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അതേപടി അംഗീകരിച്ചിരുന്നെങ്കില്‍ അതുകൊണ്ട് ഒരു നേട്ടവും ജനങ്ങള്‍ക്ക് ഉണ്ടാവുമായിരുന്നില്ല.

സിപിഐ എമ്മും ഇടതു പാര്‍ടികളും പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ പോരാട്ടമാണ് ദുര്‍ബലവും അപര്യാപ്തവുമായ കരടുനിയമത്തെ വിപ്ളവകരമായി മാറ്റിമറിച്ചത്. ബിപിഎല്‍ കുടുബങ്ങളല്ലാത്തവര്‍ക്കും ജോലി കിട്ടാവുന്നവിധം സാര്‍വത്രികമാക്കുക; ഗ്രാമീണ ഇന്ത്യക്കാകെ ബാധകമാക്കുക; മിനിമംകൂലി ഉറപ്പാക്കുക; സ്ത്രീത്തൊഴിലാളികള്‍ അഞ്ചോ അതിലധികമോ ഉണ്ടെങ്കില്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തുക; കേന്ദ്രത്തില്‍നിന്ന് ഫണ്ടിന്റെ സിംഹഭാഗവും അനുവദിക്കുക; തൊഴില്‍ രഹിതവേതനം നിര്‍ബന്ധമായും നല്‍കുക; 50 ശതമാനം ഫണ്ട് പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നിവയാണ് സിപിഐ എം തൊഴിലുറപ്പ് നിയമത്തില്‍ ഉറപ്പുവരുത്തിയ ഭേദഗതികള്‍.

നിയമം പാസ്സാക്കിയതിന് ശേഷവും ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ഗവമെന്റില്‍നിന്ന് ശ്രമമുണ്ടായി. 2007-08ല്‍ 330 ജില്ലയ്ക്ക് 12000 കോടി അനുവദിച്ച കേന്ദ്രം 2008-09ല്‍ അത് 596 ജില്ലയ്ക്കാക്കി വര്‍ധിപ്പിച്ചു. എന്നാല്‍, ഫണ്ട് വിഹിതം 2400 കോടി രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. മിനിമംകൂലി പുതുക്കുന്നതിനെ നിരുത്സാഹപ്പെടുത്തി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. ജോലിസമയം എട്ടുമണിക്കൂര്‍ എന്നത് ഐഎല്‍ഒ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒന്‍പത് മണിക്കൂറായി വര്‍ധിപ്പിച്ചു. ഇതൊക്കെ ചെയ്തവരാണ്, ഇപ്പോള്‍ തൊഴിലുറപ്പുപദ്ധതി നടപ്പാക്കിയതിന്റെ മേനിയില്‍ വോട്ടുനേടിയിരിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ ഏതെങ്കിലും നടപടികളുടെ ഭാഗമായി അവര്‍ക്ക് വോട്ടുലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മേന്മയും കോഗ്രസിനല്ല എന്നര്‍ഥം. യുപിഎ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്കോ സാമ്രാജ്യ ദാസ്യത്തിലധിഷ്ഠിതമായ വിദേശ നയത്തിനോ അനുകൂലമായി ഉള്ളതാണ് ജനവിധിയെന്ന ധാരണയുമായി കോഗ്രസിന് മുന്നോട്ടുപോകാനാവില്ല. കാരണം അത്തരം നയങ്ങളുടെ ദുരിതവശങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും. ആ ദുരിതങ്ങള്‍ കാര്യമാക്കാതെ, കോഗ്രസിന് ഒരിക്കല്‍കൂടി രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നതിന്റെ ചുവരെഴുത്ത് വായിച്ചുകൊണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കോഗ്രസ് തയ്യാറാകണം.

വര്‍ഗീയതയുടെ വിപത്ത് തടയുന്നതിനും സാമ്രാജ്യദാസ്യം ഉപേക്ഷിക്കുന്നതിനും തയ്യാറായാലേ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും അതിലൂടെ ജനവിധിയുടെ സത്ത ഉള്‍ക്കൊള്ളാനും കഴിയൂ. യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ പൊതുമിനിമം പരിപാടിയിലെ നടപടികള്‍ എത്രകണ്ട് ജനങ്ങളില്‍ സ്വാധീനംചെലുത്തി; അത് എത്രകണ്ട് ഇപ്പോഴത്തെ ജനവിധിയെ സ്വാധീനിച്ചു എന്ന ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നയരൂപീകരണം നടത്താനുള്ള സാഹചര്യം ഇന്ന് കോഗ്രസിനുമുന്നിലുണ്ട്.

അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പുനേട്ടത്തില്‍ അഹങ്കാരംകൊള്ളാതെ, അത്തരം ശരിയായ നയരൂപീകരണത്തിന് ഇനിയെങ്കിലും തയ്യാറായാലേ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് പരിമിതമായെങ്കിലും നീതിപുലര്‍ത്താന്‍ കോഗ്രസിന് കഴിയൂ എന്നതില്‍ തര്‍ക്കമില്ല.

ദേശാഭിമാനി മുഖപ്രസംഗം

ജനവിധിയുടെ മാനങ്ങള്‍

ജനവിധിയുടെ മാനങ്ങള്‍

ജനാധിപത്യത്തില്‍ ജനവിധിക്കാണ് പ്രാധാന്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയക്ക് ഇന്ത്യയില്‍ തിരശ്ശീല വീഴുമ്പോള്‍ കോഗ്രസ് നയിക്കുന്ന മുന്നണി അധികാരത്തില്‍ എത്തുമെന്ന കാര്യം ഉറപ്പായി. തൂക്കുസഭയായിരിക്കും ഉണ്ടാവുകയെന്ന പൊതുപ്രവചനങ്ങളെ തള്ളിക്കളഞ്ഞ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. വോട്ടിങ്നിലയുടെ സൂക്ഷ്മാംശങ്ങള്‍ ലഭ്യമായതിനുശേഷംമാത്രമേ ശാസ്ത്രീയമായ വിലയിരുത്തലിന് പ്രസക്തിയുള്ളൂ. എല്ലാ കണക്കുകൂട്ടലിനും അപ്പുറത്ത് തിളക്കമാര്‍ന്ന വിജയം കോഗ്രസിന് നേടാന്‍ കഴിഞ്ഞെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്.

ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി. കഴിഞ്ഞ ലോക്സഭയില്‍ നിര്‍ണായകമായിരുന്ന ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയും അപ്രതീക്ഷിതമാണ്. ഈ ജനവിധി ഉള്‍ക്കൊള്ളുന്നുവെന്നും അതിലേക്ക് നയിച്ച കാരണങ്ങളെസംബന്ധിച്ച് വിലയിരുത്തുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്. കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങളായ ബംഗാളിലും കേരളത്തിലും തിരിച്ചടിയുണ്ടായി. ത്രിപുരയില്‍ രണ്ട് സീറ്റും നിലനിര്‍ത്താന്‍ കഴിഞ്ഞു.

ബംഗാളിലെയും കേരളത്തിലെയും ജനങ്ങള്‍ ഇങ്ങനെയൊരു നിലപാട് എടുക്കാന്‍ ഇടയായ സാഹചര്യവും പാര്‍ടി പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. പരാജയത്തില്‍നിന്ന്പാഠം ഉള്‍ക്കൊള്ളാനും അതിശക്തമായി തിരിച്ചുവരാനും ഇടതുപക്ഷപ്രസ്ഥാനത്തിന് കഴിയുമെന്നുതന്നെയാണ് കേരളീയസമൂഹം പ്രതീക്ഷിക്കുന്നത്.

കേരളത്തിലും ബംഗാളിലും എല്ലാ വിഭാഗം പ്രതിലോമശക്തികളും ഇടതുപക്ഷപ്രസ്ഥാനത്തിനെതിരായ അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. 15-ാം ലോക്സഭയില്‍ ഇടതുപക്ഷം നിര്‍ണായകമാകരുതെന്ന പിടിവാശിതന്നെ സാമ്രാജ്യത്വശക്തികള്‍ക്കുണ്ടായിരുന്നു. സമീപകാല ചരിത്രത്തിലാദ്യമായി അമേരിക്കന്‍ അംബാസഡര്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കളെ സന്ദര്‍ശിച്ച് ഇടതുപക്ഷത്തിനെതിരായ നിലപാട് സ്വീകരിച്ചത് ഇതിന്റെ പ്രകടമായ തെളിവാണ്.

കഴിഞ്ഞ ലോക്സഭയിലെ ഇടതുപക്ഷസ്വാധീനമാണ് ഉദാരവല്‍ക്കരണശക്തികള്‍ക്ക് അവരുടെ അജന്‍ഡ പൂര്‍ണമായും നടപ്പാക്കുന്നതിന് തടസ്സമുണ്ടാക്കിയത്. അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാക്കുന്നതില്‍നിന്ന് യുപിഎയെ തടയാന്‍ ശ്രമിച്ചതും ഇടതുപക്ഷംതന്നെയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നവ ഉദാരവല്‍ക്കരണശക്തികള്‍ ഒറ്റക്കെട്ടായി ഈ മുഖ്യ അജന്‍ഡ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. ജാതിമത സാമുദായികശക്തികളെ അണിനിരത്തുന്നതില്‍ വലതുപക്ഷശക്തികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞെന്നുതന്നെയാണ് ഫലം തെളിയിക്കുന്നത്.

ബിജെപിയുടെ വോട്ട് പല മണ്ഡലത്തിലും കാര്യമായി കുറഞ്ഞതും പരിശോധിക്കേണ്ടതാണ്. ഇടതുപക്ഷത്തെ തോല്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെതന്നെ മാധ്യമങ്ങളും കമ്യൂണിസ്റുവിരുദ്ധ അജന്‍ഡയാണ് മുന്നോട്ടുവച്ചത്. അടിയന്തരാവസ്ഥയുടെ ഭീകരാനുഭവത്തിനുശേഷം രാജ്യത്തെ പൊതുധാരയില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ എല്ലാ സീറ്റിലും കോഗ്രസ് ജയിച്ചതില്‍ മാധ്യമങ്ങള്‍ വഹിച്ച പ്രതിലോമപരമായ പങ്ക് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മലീമസമാക്കപ്പെട്ട മാധ്യമ പ്രവര്‍ത്തനം ജനമനസ്സില്‍ ചെലുത്തിയ സ്വാധീനത്തിന്റെ അളവും പരിശോധിക്കേണ്ടതാണ്.

ഇടതുപക്ഷം കേന്ദ്രത്തില്‍ കോഗ്രസിനെ പിന്തുണച്ച ആദ്യാനുഭവത്തിന്റെ പരിണതഫലവും വിലയിരുത്തേണ്ടതാണ്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍തുന്നതിന് സ്വീകരിച്ച ആ നടപടി രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. ഐക്യമുന്നണിയുടെ ഭാഗമാകുമ്പോള്‍ അതിന്റെ നേട്ടങ്ങളുടെ ഗുണം മുന്നണിക്കും കോട്ടങ്ങളുടെ ഉത്തരവാദിത്തം പാര്‍ടിക്കും നേരിടേണ്ടിവരുമെന്ന കാര്യം സിപിഐ എം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെകൂടി അടിസ്ഥാനത്തിലാണ് യുപിഎയെ പിന്തുണയ്ക്കുമ്പോള്‍ നിരന്തരം ഇടപെട്ടിരുന്നത്. അത് എത്രമാത്രം വിജയിച്ചെന്നതും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

ഇടതുപക്ഷസമ്മര്‍ദത്താല്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതമായ തൊഴിലുറപ്പുപദ്ധതിയും കാര്‍ഷിക കടാശ്വാസവും ഉള്‍പ്പെടെയുള്ള നടപടികള്‍ കോഗ്രസിന്റെ തിരിച്ചുവരവിന് സഹായകമായി എന്ന വിലയിരുത്തലും പ്രസക്തം. രണ്ടു പതിറ്റാണ്ടിനുശേഷം കോഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞെന്നതും ശ്രദ്ധേയമാണ്. ഒറ്റയ്ക്ക് മത്സരിച്ച യുപിയില്‍ കോഗ്രസിന് മുന്നേറാന്‍ കഴിഞ്ഞെന്നത് ചെറിയ കാര്യമല്ല.

ബാബറി പള്ളി തകര്‍ച്ചയോടെ കോഗ്രസില്‍നിന്ന് അകന്നുപോയ മുസ്ളിം ന്യൂനപക്ഷങ്ങള്‍ വീണ്ടും അടുത്തതിന്റെ സൂചനയായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. ഇത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ജനവിധിയെ സ്വാധീനിച്ചോയെന്നതും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. കോഗ്രസിനുണ്ടായ തിരിച്ചുവരവ് അവരെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമാണെങ്കിലും അത് സ്ഥായിയാണെന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി അപകടവും നരേന്ദ്രമോഡിയെപ്പോലൊരാള്‍ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവും മതന്യൂനപക്ഷങ്ങളില്‍ താല്‍ക്കാലികമായി കോഗ്രസ് അനുകൂലതരംഗമുണ്ടാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

എന്തായാലും ജനങ്ങള്‍ വിധിയെഴുതി കഴിഞ്ഞു. എന്നാല്‍, ഇത് ദീര്‍ഘമായ യാത്രയിലെ ചെറുഘട്ടമാണ്. ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെയും വര്‍ഗീയതയ്ക്കെതിരെയുമുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന പാഠംകൂടി ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്നുണ്ട്. അതിന് നേതൃത്വം നല്‍കേണ്ട ഇടതുപക്ഷം, ഈ തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഉറപ്പ്.

ദേശാഭിമാനി മുഖപ്രസംഗം

Friday, May 8, 2009

എസ്.എസ്.എൽ.സി, പ്ലസ്‌-ടു പരീക്ഷാഫലം അറിയുന്നതിനുള്ള ലിങ്കുകൾ

എസ്.എസ്.എൽ.സി, പ്ലുസ്-ടു പരീക്ഷാഫലം അറിയുന്നതിനുള്ള ലിങ്കുകൾ ഈ ബ്ലോഗിന്റെ ഇടതു വശത്തു നൽകിയിട്ടുണ്ട്‌
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്