എത്രയും വേഗം വരട്ടെ ആ നിയമഭേദഗതി
(കേരളകൗമുദി മുഖപരസംഗം 2013 ജനുവരി 1)
രാജ്യ മനസ്സാക്ഷിയെ കീറിമുറിച്ച ഡൽഹി കൂട്ടമാനഭംഗ സംഭവത്തിൽ ഭരണകൂടത്തിനെതിരെ സാധാരണക്കാർ സൃഷ്ടിച്ച കലാപം വ്യർത്ഥമാകില്ലെന്ന സൂചന കണ്ടുതുടങ്ങിയത് ആശ്വാസകരമാണ്. യു.പി ബീഹാർ അതിർത്തി ഗ്രാമത്തിൽ നിന്ന് ഡൽഹിയിൽ പാരാ മെഡിക്കൽ കോഴ്സ് പഠിക്കാനെത്തിയ ഇരുപത്തി മൂന്നുകാരിയുടെ ദാരുണ മരണം ബലാത്സംഗക്കേസുകളിൽ കൂടുതൽ കൂർത്തുമൂർത്ത ശിക്ഷാവ്യവസ്ഥകൾ കൂടിയേ തീരൂ എന്ന അനിവാര്യതയിലേക്ക് ഭരണകൂടത്തെ എത്തിച്ചിട്ടുണ്ട്. ഈ വഴിക്കുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് പരോളില്ലാതെ മുപ്പതു വർഷംവരെ തടവും ലൈംഗികശേഷി ഇല്ലാതാക്കലുമുൾപ്പെടെ കടുത്ത ശിക്ഷ നൽകുന്നതിനുള്ള കരടു ബില്ലിന് കോൺഗ്രസ് നേതൃസമിതി അംഗീകാരം നൽകിക്കഴിഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം കരടു ബില്ലിലെ വകുപ്പുകൾ കൂലംകഷമായി പരിശോധിച്ചശേഷമാണ് അതിന് പാർട്ടിയുടെ അംഗീകാരം നൽകിയത്. മാനഭംഗക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതി, മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കൽ, ഇത്തരം കേസിൽ ഉൾപ്പെടുന്നവർക്ക് ജാമ്യം നൽകാതിരിക്കൽ തുടങ്ങി നിരവധി വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് കരടു ബിൽ. പ്രതികൾക്ക് വധശിക്ഷ നൽകാനും ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്യണമെന്ന ചില പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തോട് കോൺഗ്രസിന് അനുകൂല അഭിപ്രായമല്ല ഉള്ളത്. ഇതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരണമെന്ന ആവശ്യവും പാർട്ടി തള്ളിക്കളഞ്ഞു.
ശിക്ഷയുടെ കാലപരിധി നീട്ടുന്നതുൾപ്പെടെ മാനഭംഗക്കാരെ നേരിടാൻ നിയമം കർശനമാക്കുന്നതിനെക്കുറിച്ച് തകൃതിയായ ആലോചന നടക്കുന്നതിനിടയിലും വിവിധ സ്ഥലങ്ങളിൽ മാനഭംഗ സംഭവങ്ങൾക്ക് കുറവൊന്നും കാണുന്നില്ലെന്നത് അങ്ങേയറ്റം ഉത്കണ്ഠ ജനിപ്പിക്കുന്നു. ബസിൽ പ്രാകൃതവും കിരാതവുമായ പീഡനത്തെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ട ഇരുപത്തി മൂന്നുകാരിയുടെ സംസ്കാരം നടന്ന ഞായറാഴ്ചയും ഡൽഹിയിൽ സമാനമായ ഒരു സംഭവമുണ്ടായത് വളരെയധികം നടുക്കമുണ്ടാക്കുന്നു. ബസിൽ കണ്ടക്ടറുടെ പീഡനശ്രമത്തിൽ നിന്ന് ഒരു പതിനാറുകാരി കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ ഡിസംബർ 16ന് ഓടുന്ന ബസിൽ നടന്ന കൂട്ട മാനഭംഗത്തിൽ രാഷ്‌ട്രം ഒന്നടങ്കം ഞെട്ടിവിറച്ചു നിന്ന നാളുകളിലും എത്രയോ സ്ഥലങ്ങളിൽ സ്‌ത്രീകൾ മാനഭംഗത്തിനിരയായി. വാർത്താ പ്രാധാന്യം നേടിയില്ലെന്നുവച്ച് അവയൊന്നും അവഗണിക്കാവുന്നതുമല്ല.
ഡൽഹി സംഭവം മുൻനിറുത്തി ജനങ്ങൾ ഭരണകൂടത്തിനെതിരെ കലാപത്തിന് ഇറങ്ങിയിരുന്നില്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാകുമായിരുന്നില്ല എന്ന് തീർച്ചയാണ്. ബാഹ്യപ്രേരണയോ ആഹ്വാനമോ ഒന്നും കൂടാതെയാണ് ഡൽഹിയിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയത്. അണപൊട്ടി ഒഴുകിയ ജനരോഷം രാഷ്‌ട്രപതിഭവന്റെ നാലതിരും ഭേദിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഭരണാധികാരികൾക്ക് ബോധം തെളിഞ്ഞത്. മാനഭംഗക്കേസുകളിൽ ശിക്ഷ കൂടുതൽ കർക്കശമാക്കണമെന്ന വിചാരമുണ്ടായത് അങ്ങനെയാണ്.
ഇപ്പോൾ കോൺഗ്രസ് നേതൃസമിതി അംഗീകരിച്ച കരടുബിൽ എത്രയുംവേഗം പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കുമെന്നാണ് പറയുന്നത്. മാനഭംഗക്കേസുകളിൽ നൽകേണ്ട ശിക്ഷ സംബന്ധിച്ച് ഭേദഗതികൾ നിർദ്ദേശിക്കാനായി മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. വർമ്മ അദ്ധ്യക്ഷനായി കേന്ദ്രം കഴിഞ്ഞയാഴ്ച ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി ആവശ്യമായ തെളിവെടുപ്പിനുശേഷം ഒരു മാസത്തിനകം റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോൺഗ്രസ് നേതൃസമിതി അംഗീകാരം നൽകിയ കരടുബില്ലും പരിഗണനയ്ക്കായി ജസ്റ്റിസ് വർമ്മ കമ്മിറ്റി മുൻപാകെ എത്തും.
പരിശോധനകൾക്കുശേഷം വർമ്മ കമ്മിറ്റി കരടു ബില്ലിന്റെ അന്തിമ രൂപം നൽകിക്കഴിഞ്ഞാൽ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും. പാർലമെന്റ് ബഡ്ജറ്റ് സമ്മേളനത്തിനായി ഫെബ്രുവരി മദ്ധ്യത്തോടെ ചേരുന്നതിനും മുമ്പു തന്നെ ബിൽ ഓർഡിനൻസ് രൂപത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചന ഉണ്ട്. സർക്കാരിന്റെ പതിവു രീതിയിലുള്ള ഒളിച്ചുകളി ഈ വിഷയത്തിൽ ഉണ്ടാവുകയില്ലെന്നു പ്രതീക്ഷിക്കാം.
നിയമങ്ങൾ ഇല്ലാത്തതല്ല, അതു നടപ്പാക്കുന്നതിലെ അക്ഷന്തവ്യമായ വീഴ്ചകളാണ് ഇത്തരം കേസുകളിൽ സാധാരണ നിഴലിട്ടുകാണുന്നത്. നിയമം എത്ര തന്നെ കർക്കശമാക്കിയാലും നിയമ നീതിനിർവഹണ കേന്ദ്രങ്ങൾ കൂടി വിചാരിച്ചാലേ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയുള്ളൂ. നിയമം നടപ്പാക്കേണ്ട പൊലീസ് ഈ വിഷയത്തിൽ കാണിക്കാറുള്ള കാപട്യവും കുതന്ത്രങ്ങളും മുതലെടുപ്പുമെല്ലാം കുപ്രസിദ്ധമാണ്. വല്ല വിധേനയും കേസ് കോടതികളിൽ എത്തിയാൽത്തന്നെ മറ്റനേകം കേസുകളുടെ കൂട്ടത്തിൽ അവയും തീർപ്പാകാൻ വൈകുന്ന കേസുകെട്ടുകളായി മാറും. ഈ ദുര്യോഗം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് സ്‌ത്രീപീഡനക്കേസുകൾ മാത്രം കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികൾ വേണമെന്ന ആവശ്യം ഉയരുന്നത്. അതുപോലെ ജാമ്യമില്ലാത്ത കുറ്റങ്ങളുടെ പട്ടികയിൽ മാനഭംഗക്കേസുകളും ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും. ജാമ്യം നേടി പുറത്തുവന്ന് ഇരകളെയും ബന്ധുക്കളെയും നാനാവിധത്തിൽ ഭീഷണിപ്പെടുത്തി കേസിൽ നിന്നു പ്രതികൾ രക്ഷപ്പെടുന്നത് സർവസാധാരണമാണ്.
മുപ്പതു വർഷം നീളുന്ന പരോളില്ലാത്ത തടവുശിക്ഷയും ലൈംഗികശേഷി ഇല്ലാതാക്കലും കൂടുതൽ കടുത്തുപോയില്ലേ എന്നു വാദിക്കുന്നവരുണ്ടാകാം. ഇതിനു തക്ക നിയമം വന്നാലും സമൂഹത്തിൽ മാനഭംഗക്കേസുകൾക്ക് കുറവൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന് അവർ വാദിക്കുകയും ചെയ്യും. എന്നാൽ, കുറ്റവാളികൾ സത്വരമായി ശിക്ഷിക്കപ്പെടുമെന്നും നിശ്ചിത വർഷം തടവ് അനുഭവിച്ചേ മതിയാകൂ എന്നും വ്യവസ്ഥ വന്നാൽ നിന്ദ്യവും നീചവുമായ ഈ കുറ്റകൃത്യത്തിനൊരുങ്ങുന്നവർ രണ്ടാമതൊന്ന് ആലോചിച്ചശേഷമേ അതിന് ഒരുങ്ങുകയുള്ളൂ എന്ന് തീർച്ചയാണ്.

No comments:
Post a Comment