വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, January 1, 2013

തിരിച്ചുവിളിക്കാം, പോയ നന്മകളെ

തിരിച്ചുവിളിക്കാം, പോയ നന്മകളെ

മലയാള മനോരമ മുഖപ്രസംഗം, 2013 ജനുവരി 1

ഈ മഞ്ഞുകാലത്തിന്റെ ചുണ്ടില്‍ വസന്തത്തിലേക്കുള്ള സ്വാഗതവചനമുണ്ട്. ഇലകൊഴിച്ച് ഉറക്കംതൂങ്ങിനില്‍ക്കുന്ന മരങ്ങള്‍ പൂത്തുലയുമെന്നും അതോടെ വസന്തം നിറങ്ങളാല്‍ ആനന്ദനൃത്തം ചെയ്യുമെന്നും നാം പ്രതീക്ഷിക്കുന്നു. ഇങ്ങനെയുള്ള ശുഭപ്രതീക്ഷകളുടെ പ്രതീകമാണ് ഒാരോ നവവല്‍സരദിനവും. പ്രതീക്ഷകളും പ്രതീകങ്ങളുമാണ് ഒരു സമൂഹത്തെ മുന്നോട്ടു കൈപിടിച്ചുകൊണ്ടുപോകുന്നതെന്നിരിക്കേ, പോയവര്‍ഷം മലയാളമനസ്സിലേല്‍പ്പിച്ച ആഴമുറിവുകളും വിശ്വാസഹത്യകളും പുതുവര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ മങ്ങലേല്‍പ്പിക്കുന്നുണ്ടോ?

ചരിത്രത്തിന്റെ ദീര്‍ഘമായ പ്രയാണത്തില്‍ ഒരു വര്‍ഷത്തിന്, ഒരുപക്ഷേ നൂറ്റാണ്ടിനുപോലും വലിയ പ്രസക്തിയില്ല. എണ്ണമറ്റ കലണ്ടര്‍താളുകളിലൂടെയുള്ള ഏകമുഖമായ ചരിത്രയാത്ര അതിന്റെ അനുസ്യൂതിയിലാണു ഗാംഭീര്യം കൈവരിക്കുന്നത്. പക്ഷേ, കടന്നുപോയ വര്‍ഷത്തില്‍ വീണ ചോരപ്പാടുകളും കണ്ണീര്‍ച്ചാലുകളും പുതിയ വര്‍ഷത്തെ പ്രവചനാതീതമാക്കി, ആശങ്കാകുലമാക്കുന്നുവെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ആശംസകള്‍ക്കൊപ്പം, ഈ മണ്ണില്‍ നന്മയും കരുണയും നൂറുമേനി വിളയാനുള്ള പ്രാര്‍ഥനകളോടെയാവണം നാം പുതുവര്‍ഷത്തെ വരവേല്‍ക്കേണ്ടത്.

പോയവര്‍ഷത്തിന്റെ നേട്ടങ്ങള്‍ തീര്‍ച്ചയായും ഒാര്‍ക്കേണ്ടതു തന്നെ. പക്ഷേ, അതോടൊപ്പം, ഇതിനിടെ ഉണ്ടായിപ്പോയ കോട്ടങ്ങളെ ഈ നവവര്‍ഷത്തിലെങ്കിലും മറികടക്കുകയും വേണ്ടേ? ഇക്കാലത്തിനിടെ ഭൌതികസൌകര്യങ്ങള്‍ വര്‍ധിച്ചതും ജീവിതശൈലിയിലുണ്ടായ കാലാനുസൃതമാറ്റവും ലോകത്തോടൊപ്പം തലയുയര്‍ത്തിനില്‍ക്കാന്‍ മലയാളിയെ പ്രാപ്തനാക്കിയെങ്കിലും മനസ്സുകള്‍ ഇടുങ്ങിപ്പോയതും അപരനോടു കാണിക്കേണ്ട സ്നേഹത്തിന്റെയും കരുതലിന്റെയും മഴവില്ലുകള്‍ മാഞ്ഞുപോകുന്നതും കാണാതിരിക്കുന്നതെങ്ങനെ?

കേരളം സാമൂഹികവളര്‍ച്ചയുടെ ഒട്ടേറെ പടവുകള്‍ കയറിപ്പോന്നുവെങ്കിലും നീതിഭംഗത്തിന്റെയും പരപീഡനത്തിന്റെയും കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെയും എത്രയെത്രയോ കളങ്കങ്ങള്‍ പോയവര്‍ഷവഴിയില്‍ വീണുകിടക്കുന്നുണ്ട്. സ്വന്തം ചോരയില്‍ പിറന്ന പറക്കമുറ്റാത്ത പെണ്‍കുഞ്ഞിനെ ചെറിയ തുകയുടെ മഞ്ഞളിപ്പില്‍ ലൈംഗികരോഗികളുടെ കയ്യിലേക്കു കൈമാറുന്നവരുടേതുകൂടിയായി ഇന്നു കേരളം. പിതൃഹത്യയും മാതൃഹത്യയുമൊക്കെ മലയാളിക്ക് അപരിചിതമല്ലാത്ത കാര്യങ്ങളായിത്തീര്‍ന്നിരിക്കുന്നു. വീട്ടിലെ ഒരു മുറി ഒഴിഞ്ഞുകിട്ടാന്‍ പെറ്റമ്മയെ വൃദ്ധസദനത്തിലേക്കോ പെരുവഴിയിലേക്കോ തള്ളുന്നവരും ഭാര്യയെയോ ഭര്‍ത്താവിനെയോ എന്നെന്നേക്കുമായി നിശബ്ദമാക്കാന്‍ ക്വട്ടേഷന്‍ സംഘക്കാരോടു കരാര്‍ ഉറപ്പിക്കുന്നവരുമുണ്ട് നമുക്കിടയില്‍. അയലത്തുനിന്നുയരുന്ന ദീനരോദനം കേള്‍ക്കാതിരിക്കാന്‍ ടെലിവിഷന്റെ ശബ്ദം നമ്മില്‍ പലരും കൂട്ടിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ വീട്ടില്‍നിന്നു സഹായവിലാപം ഉയരുമ്പോള്‍ വലിയ ഈ ഒച്ചകള്‍ക്കിടയില്‍ മറ്റാരും അതു കേള്‍ക്കില്ലെന്നു നമ്മളും ഒാര്‍മിക്കുന്നില്ല.

അല്ല, ഈ കേരളമല്ല പുതുവര്‍ഷത്തിലേക്കു കാലൂന്നേണ്ടത്. കളങ്കിതമല്ലാതെ കൈകളോടെ, ഹൃദയത്തെ ഒപ്പംചേര്‍ത്തുനിര്‍ത്തി വേണം ശുഭപ്രതീക്ഷകള്‍ക്കു ഹസ്തദാനം ചെയ്യാന്‍. ഈ നവവല്‍സരമെങ്കിലും സ്നേഹലിപികളാല്‍ കേരളത്തെ അടയാളപ്പെടുത്തട്ടെ. ആര്‍ത്തിയോടെ പടവെട്ടി മുന്നേറുമ്പോള്‍ വഴിയില്‍ ഉപേക്ഷിച്ച മൂല്യങ്ങളും നന്മയുടെ പാഠങ്ങളും ദ്രവിച്ചുപോകുന്നതിനു മുന്‍പെങ്കിലും തിരിച്ചെടുക്കേണ്ടതല്ലേ?

പ്രതീക്ഷയിലേക്ക് ആയിരം കൈകള്‍നീട്ടി വിടരുന്ന ജനുവരിയിലെ ആദ്യ സൂര്യോദയമാണിത്. വസന്തത്തിനുവേണ്ടി ശാഠ്യംപിടിക്കുമ്പോള്‍ ഒരു പൂങ്കുലയെങ്കിലും കയ്യിലെത്താതിരിക്കില്ല എന്നു പ്രതീക്ഷിക്കാം. ആ പ്രത്യാശയുടെ ബലത്തില്‍, തെളിമാനം പോലെയുള്ള മനസ്സോടെ പുതുവല്‍സരത്തിലേക്കു നടക്കാം.  പടികടന്നെത്തുന്ന നവവര്‍ഷം മലയാളിക്കു സമൃദ്ധിയും സമാധാനവും സമ്മാനിക്കട്ടെ.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്