വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, January 8, 2013

ബിനാലെയോട് നമ്മള്‍ ചെയ്യുന്നത്


ബിനാലെയോട് നമ്മള്‍ ചെയ്യുന്നത്

എന്‍. എസ്. മാധവന്‍

മലയാള മനോരമ, 2013 January 8
               
മ്യൂസിയത്തിന്റെ തണുത്ത ചുവരുകള്‍ക്കകത്തു നിന്നു കലയെ മോചിപ്പിച്ച് ജനങ്ങളുടെ ഇടയിലേക്കു തുറന്നുവിടുന്ന പ്രദര്‍ശനികളാണു ബിനാലെകള്‍. ഇൌ ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം ഒന്നരാടം എന്നാണ്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടക്കുന്ന സംഭവം. ഒരുകാലത്തു ലോകത്തിലെ ഏറ്റവും പ്രമുഖവാണിജ്യ റിപ്പബ്ലിക്കായ വെനീസ് - നമ്മുടെ പഴയ ആമാടപ്പെട്ടികള്‍ വെനിഷ്യന്‍ വില്‍കാശുകള്‍ (ഡക്കറ്റുകള്‍) സൂക്ഷിക്കാനുള്ളതായിരുന്നു - പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ക്ഷയിച്ചു നാശോന്മുഖമായിരുന്നു.

അപ്പോഴാണ് അവിടത്തെ കവിയും ഭരണനിപുണനുമായ മേയര്‍ക്കു ബിനാലെ എന്ന ആശയം തോന്നിയത്. വെനീസില്‍ 1895ല്‍ തുടങ്ങിയ ഒന്നരാടന്‍ മറ്റു പല പ്രദര്‍ശനികള്‍ക്കും വഴിയൊരുക്കി. രണ്ടാം ലോക മഹായുദ്ധം മാനസികമായും സാമ്പത്തികവുമായും തകര്‍ത്ത ജര്‍മനി നാസിസത്തിനു ശേഷമുള്ള പുത്തന്‍ കലാജീവിതത്തിലേക്കുള്ള ആദ്യത്തെ നാമ്പുകള്‍ ഉയര്‍ത്തിയതു കാസ്സല്‍ പട്ടണത്തില്‍ 1955ല്‍ തുടങ്ങിയ 'ഡൊക്കുമെന്റ എന്നു പേരുള്ള ബിനാലെയിലൂടെയായിരുന്നു.

ഇന്ന് ഇരുന്നൂറില്‍പ്പരം ബിനാലെകള്‍ ലോകത്തിലെ പല ഭാഗങ്ങളിലായി നടക്കുന്നു. പലപ്പോഴും നഗരങ്ങള്‍ പുതുക്കുക ബിനാലെ പോലുള്ള കലാപ്രദര്‍ശിനികളിലൂടെയാണ്. ആരും കേള്‍ക്കാത്ത സ്പെയിനിലെ ബില്‍ബോ പട്ടണത്തില്‍ 1997ല്‍ ആണു ഗുഗിന്‍ഹെം മ്യൂസിയം തുറന്നത്. കഴിഞ്ഞ വര്‍ഷം പട്ടണത്തിന്റെ ജനസംഖ്യയുടെ (മൂന്നരലക്ഷം) ഇരട്ടിയിലധികം ആളുകള്‍ ബില്‍ബൊ സന്ദര്‍ശിച്ചു. ഇവിടെയാണു നാലര നൂറ്റാണ്ടുകളുടെ തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതും അവശേഷിപ്പിച്ചു പോയ അധിനിവേശത്തിന്റെ ചരിത്രമുള്ള കൊച്ചിയുടെ പ്രസക്തി. ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ടുവരെ ലോക ഭൂപടങ്ങളില്‍ തെക്കോട്ടുള്ള കപ്പല്‍പ്പാതകള്‍ അവസാനിച്ചതു മുസിരിസിലാണെങ്കില്‍ പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ അവ മലബാര്‍ തീരത്തിലേക്കും കൊച്ചിയിലേക്കുമാണ് എത്തിയത്.

കച്ചവടത്തിന്റെ പഴയ കണക്കുകളും സാമഗ്രികളും മാറിയപ്പോള്‍ കൊച്ചി അധഃപതിച്ചു. അവിടത്തെ കൊത്തളങ്ങളും ഗുദാമുകളും ഒഴിഞ്ഞുകിടന്നു. നാഗരികതയുടെയും കലയുടെയും രാസത്വരകമായ ബിനാലെയുടെ സ്വാധീനം കൊച്ചിയില്‍ മാത്രം ഒതുങ്ങുകയില്ല. വടക്കു തെയ്യങ്ങളുടെ പെരുങ്കളിയാട്ടം മുതല്‍ കേരളം എമ്പാടുമുള്ള പൂരങ്ങള്‍ പള്ളിപ്പെരുനാള്‍ തുടങ്ങിയ വലിയ കാഴ്ചകള്‍ കണ്ടു പരിചയമുള്ള മലയാളിയുടെ നയനസംസ്കാരത്തിനു ബിനാലെ പുതിയ പരിശീലനം നല്‍കുന്നു.

ചിത്രാലയങ്ങളുടെ ചുമരുകളില്‍ ദ്വിമാനമായ ചിത്രങ്ങള്‍ക്കും തറയില്‍ അങ്ങിങ്ങായി പ്രതിഷ്ഠിച്ച മൂര്‍ത്തികള്‍ക്കും അപ്പുറം കല ബിനാലെയില്‍ അന്തരീക്ഷമായി മാറുന്നു. അതുകൊണ്ട് ആസ്പിന്‍വാളിന്റെ ഒൌട്ട്ഹൌസില്‍ ഒാസ്ട്രേലിയക്കാരനായ ഡാനിയല്‍ മാര്‍ട്ടൊറെല്‍ സൃഷ്ടിച്ച സ്ഥലങ്ങളില്‍ നിങ്ങള്‍ക്കു കൊച്ചിയുടെ മണങ്ങളും ശബ്ദങ്ങളും അനുഭവിക്കാം. കൊച്ചി ബിനാലെയുടെ ആദ്യത്തെ വലിയ വിവാദം ഉണ്ടാകുന്നതു വാസ്തവത്തില്‍ കേരളത്തിലല്ല. മറിച്ചു ചൈനയിലാണ്. 2008ലെ ബെയ്ജിങ് ഒളിംപിക്സിലെ പക്ഷിക്കൂടിന്റെ ആകൃതിയിലുള്ള സ്റ്റേഡിയത്തിനു രൂപകല്‍പന നല്‍കിയ ലോകപ്രസിദ്ധനായ ചൈനാ കലാകാരന്‍ ആയ് വെയ്വെയ്ന് അവിടത്തെ സര്‍ക്കാര്‍ കൊച്ചി സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചു.

ഇൌ സംഭവമാണു ബിനാലെയെ കലാലോകത്തിന്റെ തീവ്രശ്രദ്ധയിലേക്കു കൊണ്ടുവന്നത്. ആസ്പിന്‍വാള്‍ ഹൌസില്‍ കയറുന്ന ഇടത്തില്‍ ഇരുണ്ട മുറിയില്‍ തണുത്ത മരബെഞ്ചില്‍ ഇരുന്ന് ആയ് വെയ്വെയ് സൃഷ്ടിച്ച തിളങ്ങുന്ന ചൈനയിലെ സമകാലിക ജീവിതത്തിലെ നിരാസവും മടുപ്പും കാണിക്കുന്ന വിഡിയോ ഇന്‍സ്റ്റലേഷന്‍. കല ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് ഒാര്‍മിപ്പിക്കുന്നു. പൊതുസ്ഥലത്തേക്കു കലയെ തുറന്നുവിടുമ്പോള്‍ അതു ജനാധിപത്യ സ്വഭാവം കൈവരിക്കുന്നു. പട്നയിലെ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ കാടുപിടിച്ചു കിടന്ന സ്ഥലം 2012ല്‍ ഉദ്യാനമാക്കി മാറ്റിയപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചെയ്ത കാര്യം ലോകപ്രസിദ്ധ കലാകാരനും ബിഹാറിയുമായ സുബോധ് ഗുപ്തയുടെ 'കള്ളിച്ചെടി എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥിരമായി സ്ഥാപിക്കുകയായിരുന്നു.

ഇന്ന് ആയിരക്കണക്കിന് ആളുകള്‍ അതു സന്ദര്‍ശിക്കുന്നു. കലയ്ക്കുവേണ്ടി പൊതുസ്ഥലങ്ങളും പൊതുസ്ഥലങ്ങളില്‍ കലയും കൊണ്ടുവരാന്‍ സര്‍ക്കാര്‍ തന്നെ വിചാരിക്കണം. കേരളം ഇൌ കാര്യത്തില്‍ പിന്നിലായിരുന്നില്ല. നാലു പതിറ്റാണ്ടു മുന്‍പുതന്നെ 1973ല്‍ ഗ്രേറ്റര്‍ കൊച്ചി ഡവലപ്മെന്റ് അതോറിട്ടി, അവരുടെ കെട്ടിടത്തിനു മുന്നില്‍ കാനായി കുഞ്ഞിരാമന്റെ 'മുക്കോല പെരുമാള്‍ എന്ന ശില്‍പം സ്ഥാപിച്ചു. ഇന്നു കൊച്ചി - മുസിരിസ് ബിനാലെയ്ക്കെതിരായി ഉയരുന്ന വിവാദങ്ങളും അതിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണവും അതിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്ന നിലയിലേക്കാണു നീങ്ങുന്നത്. ബിനാലെകളുടെ പൊതുവേയുള്ള സാമ്പത്തിക മോഡല്‍, ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരിന്റെയോ സ്വകാര്യ ഫൌണ്ടേഷനുകളുടെയോ ധനസഹായത്തില്‍ ഉൌന്നിയിട്ടുള്ളതാണ്.

അല്ലാതെ ഗാലറികളില്‍ നിന്നു തറവാടകയും കലാസൃഷ്ടികളുടെ വില്‍പനയില്‍ നിന്നു കമ്മിഷനും വാങ്ങി നടത്തുന്ന സ്വയംപര്യാപ്തമായ ആര്‍ട്ട് ഫെയറുകള്‍ പോലെ അല്ല. എന്തുകൊണ്ടു പരിഷ്കൃത ഭരണകൂടങ്ങള്‍ കലയ്ക്കായി പണം ചെലവുചെയ്യുന്നു? അതിനു കാരണം കുടിവെള്ളം പോലെ, വിധ്വംസനത്തിനാണെങ്കിലും പോര്‍വിമാനങ്ങള്‍ വാങ്ങുന്നതുപോലെ, സംസ്കാര രൂപീകരണവും സര്‍ക്കാരിന്റെ ചുമതലയാണെന്ന ബോധമാണ്. അപ്പോള്‍ സര്‍ക്കാരിനു നേരിട്ടു നടത്തിക്കൂടേ എന്നു ചോദിച്ചാല്‍ 'പാടില്ല എന്ന് ഉറക്കെ ഉത്തരം കേള്‍ക്കാവുന്ന സ്ഥലം ഇന്ത്യയാണ്. ലളിതകലാ അക്കാദമി 1968ല്‍ ആരംഭിച്ച ഇന്ത്യന്‍ ട്രിനാലെ 1990കളില്‍ നിലച്ചുപോയി.

2011ല്‍ അക്കാദമി ചെയര്‍മാന്‍ അശോക് വാജ്പേയ്, അതിന്റെ സെക്രട്ടറിയെ ജോലിയില്‍ നിന്നു പറഞ്ഞുവിടാന്‍ കാരണം ട്രിനാലെ നടത്താന്‍ നടപടി സ്വീകരിച്ചില്ലെന്നതാണ്. കഥ ഇനിയും തുടരും. കൊച്ചി - മുസിരിസ് ബിനാലെ തുടങ്ങിയതു സര്‍ക്കാര്‍ ധനസഹായം നല്‍കാമെന്ന വാഗ്ദാനത്തിന്റെ പേരിലാണ്. ആദ്യഗഡുവായി അഞ്ചുകോടി രൂപ കൊടുത്തതിനു പുറമേ അടുത്ത ഗഡു നല്‍കാമെന്ന വാഗ്ദാനവും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇൌ അഞ്ചുകോടിയില്‍ നിന്നു നല്ലൊരു ഭാഗം ഡര്‍ബാര്‍ ഹാള്‍ സജ്ജമാക്കുന്നതിനു ചെലവായി. ബില്‍ബൊവിലെയും പാരിസിലെ ലൂവ്റിലെയും വെളിച്ചം ക്രമീകരിച്ച എര്‍ക്കൊയാണ് ഇവിടെ ലൈറ്റിങ് ചെയ്തിട്ടുള്ളത്.

അങ്ങനെ രാജ്യാന്തര നിലവാരത്തിലുള്ള ഒരു ഗാലറി കേരളത്തിനു കിട്ടി. അവശേഷിച്ച തുകയില്‍നിന്നാണു തീനിന്റെയും യാത്രകളുടെയും കണക്കുകള്‍ ധനകാര്യ വിഭാഗത്തിന്റെ പരിശോധനയ്ക്കുശേഷം പുറത്തുവിട്ടിരിക്കുന്നത്. നികുതിദായകരുടെ ധനം ചെലവഴിക്കുന്നതില്‍ ഒരു പൈസപോലും വഴിവിട്ടതാകരുത് എന്നതിന് അധികാരികള്‍ കാണിച്ച ശുഷ്കാന്തി സ്വാഗതാര്‍ഹമാണ്. പ്രശ്നം മറുഭാഗത്തിന്റെ ന്യായങ്ങള്‍ കേള്‍ക്കാതെയും അഥവാ, കേട്ടതിനുശേഷവും തെറ്റെന്നു കരുതുന്ന തുക അസ്വീകാര്യമാക്കി ബിനാലെയുമായി മുന്നോട്ടുപോകാത്തതിനാലാണ്. ബിനാലെ തുടങ്ങുന്നതിനു തൊട്ടുമുന്‍പ്, ധനസഹായം നിര്‍ത്തിയതിനു പുറമേ വിജിലന്‍സ് അന്വേഷണവും ഉണ്ടാകുമെന്ന ഉന്നതതലത്തില്‍ നിന്നുള്ള പ്രസ്താവന ബിനാലെയോട് സൌമനസ്യം പുലര്‍ത്തിയ സ്വകാര്യ സ്പോണ്‍സര്‍മാരെ പിന്തിരിപ്പിച്ചു.

ഇതാണു ബിനാലെയ്ക്ക് ഏറ്റ ഏറ്റവും വലിയ അടി. മുസിരിസ് പുരാവസ്തു പദ്ധതിയില്‍നിന്ന് അഞ്ചുകോടി രൂപ വഴിവിട്ടു നല്‍കി എന്നതാണു ബിനാലെയ്ക്കെതിരായ മറ്റൊരു ആരോപണം. അതു സര്‍ക്കാര്‍തലത്തിലുള്ള നയപരമായ തീരുമാനമാണ്. അതിന്റെ ശരിതെറ്റുകളിലേക്കു കടക്കാതെ കേട്ടിരിക്കാവുന്ന ഒരു പഴയ കഥ പറയാം. ലണ്ടനിലെ ഒരു അഡ്വര്‍ടൈസിങ് കമ്പനിയില്‍ ജോലിചെയ്തിരുന്ന ഒരു ചെറുപ്പക്കാരന്‍ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായ ബി.സി. റോയിയെ കണ്ട് ഒരു സിനിമ പിടിക്കാന്‍ ധനസഹായം ചോദിച്ചു. കലാസാംസ്കാരിക വകുപ്പുകള്‍ നിലവിലില്ലാത്ത ആ കാലത്തു മുഖ്യമന്ത്രിക്കു ചെറുപ്പക്കാരനു ധനസഹായം നല്‍കാന്‍ പറ്റിയ വകുപ്പില്ലായിരുന്നു. അവസാനം അദ്ദേഹം പൊതുമരാമത്ത് (റോഡ്) വകുപ്പിനോടു തുക നല്‍കാന്‍ നിര്‍ദേശിച്ചു.

കാരണം സിനിമയുടെ പേര് 'റോഡിന്റെ പാട്ട് എന്ന് അര്‍ഥം വരുന്ന 'പഥേര്‍ പാഞ്ജലി എന്നായിരുന്നു. ആ ചെറുപ്പക്കാരന്റെ പേരു പറയേണ്ടതില്ലല്ലോ. ബിനാലെയില്‍ കലയെ പൊതുസ്ഥലത്തേക്കു തുറന്നുവിടുന്നതിന്റെ മാധ്യമം സംഘാടകന്റെ (ക്യുറേറ്റര്‍) കാഴ്ചപ്പാടാണ്. ബിനാലെ എങ്ങനെ സന്ദര്‍ശകരെയും ദേശത്തെയും ബാധിക്കണം എന്നു സംഘാടകര്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണു പ്രദര്‍ശനികള്‍ തയാറാക്കുക. കൊച്ചി - മുസിരിസ് ബിനാലെയുടെ ആദ്യപതിപ്പിന്റെ സംഘാടകര്‍ കൃഷ്ണാമചാരി ബോസും റിയാസ് കോമുമാണ്. പണം വരാനുള്ള പഴുതുകള്‍ അടഞ്ഞപ്പോള്‍ ഇവര്‍ക്കു മറ്റൊരു ചുമതല കൂടി ഏറ്റെടുക്കേണ്ടിവന്നു. തുടങ്ങുന്നതിനു മുന്‍പു നിലച്ചുപോയ ബിനാലെ സ്വന്തം കയ്യില്‍നിന്നു കാശിറക്കി നടത്തുക. സുമനസ്സുകളായ മറ്റുചില കലാകാരന്മാരും സഹായിക്കുന്നുണ്ട്.

ബിനാലെ പോലുള്ള ബൃഹത്തായ പ്രദര്‍ശനത്തിന് ഇത്തരത്തില്‍ ഒരു മോഡലും വച്ച് അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നതാണു ദുഃഖദമായ വാസ്തവം. ആഗോളകലയുമായി കൊച്ചി നേര്‍ക്കുനേര്‍ കാണുന്നത് ഇത് ആദ്യമായിട്ടല്ല. 1937ല്‍ അവിടെ താമസിച്ച്, മട്ടാഞ്ചേരി പാലസിലെ ചുവര്‍ച്ചിത്രങ്ങള്‍ പഠിച്ച അമൃത ഷെര്‍ഗില്‍ 'ബ്രഹ്മചാരികള്‍ തുടങ്ങിയ പ്രസിദ്ധമായ ചിത്രങ്ങള്‍ വരച്ചു. ഇതോര്‍ത്തത് മട്ടാഞ്ചേരി കൊട്ടാരത്തിനടുത്തുള്ള ആസ്പിന്‍വാള്‍ ഹൌസില്‍ അമൃതയുടെ അമ്മയുടെ സഹോദരിയുടെ പുത്രന്‍ വിവാന്‍ സുന്ദരത്തിന്റെ മണ്ണിന്റെ നിറത്തിലുള്ള ഇന്‍സ്റ്റലേഷന്‍ കണ്ടപ്പോഴാണ്.

കൊച്ചിയെ സ്നേഹിക്കുന്ന വിവാന്‍ ബിനാലെയുടെ നടത്തിപ്പിനായി ധനസഹായം ചെയ്തിട്ടുണ്ടെന്നാണറിഞ്ഞത്. വിനോദസഞ്ചാരരംഗത്തു കേരളത്തിനു വന്‍ കുതിപ്പു നല്‍കിയ നെടുമ്പാശേരി വിമാനത്താവളം തുടങ്ങിയ നല്ല ആശയങ്ങളുടെ വിളനിലമായിരുന്നു കൊച്ചി. അതുപോലെ തന്നെ എഫ്സി കൊച്ചിന്‍ എന്ന ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് ഫുട്ബോള്‍ ക്ളബ്, ഐപിഎല്‍ കൊച്ചി ടീം തുടങ്ങി പല ആശയങ്ങളുടെ ശവപ്പറമ്പും. ബിനാലെ ഏത് ഇനത്തില്‍പ്പെടണമെന്ന തീരുമാനം ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലാണ്. 1341ല്‍ സുനാമിയെക്കാള്‍ വലിയ തിരമാലകളും പേമാരിയും കൊടുങ്കാറ്റും ഉള്ള ഒരു ജൂണ്‍മാസദിവസം പിറന്നതാണു കൊച്ചി. വലുതും ചെറുതുമായ തെന്നലുകളെ അത് അതിജീവിക്കുമെന്ന ആശ ഇപ്പോഴും കൈവിടുന്നില്ല.

2 comments:

ajith said...

ബിനാലെ നല്ല ഫലം ഉളവാക്കിയോ?

Anonymous said...

താങ്കളുടെ നിരിക്ഷണങ്ങള്‍ പലതും അബദ്ധങ്ങള്‍ നിറഞ്ഞതാണ്.http://www.madhyamam.com/weekly/1815 സമയം കിട്ടിയാല്‍ ഈ ലിങ്ക് ഒന്ന് വായിച്ചു നോക്കുക.ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വെറും നിഗമനങ്ങള്‍ അല്ല ശരിയായ കണ്ടെത്തലുകള്‍ ആണ്.കല എന്ന ഉത്പന്നത്തെ വെറും കച്ചവടചരക്ക്‌ ആക്കുന്ന പ്രവണതയെ ഒരിക്കലും അംഗികരിക്കാന്‍ കഴിയില്ല.കല കലയ്ക്ക് വേണ്ടിയാകണം.കലയെ മുന്നില്‍ വച്ച് പൊതുജനങ്ങളുടെ വായ്‌ അടപ്പിച്ചുകൊണ്ട് കാട്ടികൂട്ടുന്ന ഇത്തരം കൂത്തുകളെ അംഗികരിക്കാന്‍ കഴിയില്ല...

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്