വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, January 21, 2013

ചരിത്രംകുറിച്ച ഭൂസമരം

ചരിത്രംകുറിച്ച ഭൂസമരം

എം വി ഗോവിന്ദന്‍

(ദേശാഭിമാനി, 2013 ജനുവരി 18)

കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഭൂസമരം വിജയമായി. കര്‍ഷക കര്‍ഷക തൊഴിലാളി പ്രസ്ഥാനവും ആദിവാസി ക്ഷേമസമിതിയും പട്ടികജാതി ക്ഷേമസമിതിയും സംയുക്തമായി രൂപീകരിച്ച ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷപ്പുലരിയില്‍ സംസ്ഥാനത്തെ ഭൂരഹിതര്‍ മിച്ചഭൂമികളിലേക്ക് പ്രവേശിച്ചു. പതിനാല് ജില്ലയില്‍ ഓരോ കേന്ദ്രങ്ങള്‍. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിക്കാനും ജയിലില്‍ പോകാനും തയ്യാറായി മുന്നോട്ടുവന്ന സമരവളന്റിയര്‍മാരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ പതറി. അഭൂതപൂര്‍വമായിരുന്നു ഭൂസമരത്തിന് ലഭിച്ച ജനപിന്തുണ. വലതുപക്ഷ ഭരണകൂടവും ഇടതുതീവ്രവാദ സംഘടനകളും അരാഷ്ട്രീയവാദികളും ചില ആക്ഷന്‍ഗ്രൂപ്പുകളും വലതുപക്ഷ മാധ്യമങ്ങളും അടങ്ങുന്ന കൂട്ടായ്മ, ചരിത്രപരമായ ഭൂസമരത്തെ ഇകഴ്ത്തിക്കാട്ടുന്നതിന് പരമാവധി പരിശ്രമിച്ചു. സമരത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും കൊടുക്കേണ്ട എന്ന് തീരുമാനിച്ച മാധ്യമങ്ങള്‍ക്ക് ഈ വര്‍ഗസമരവീര്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ സാധിച്ചില്ല.

പത്തുദിവസം പിന്നിട്ടപ്പോള്‍ സമരകേന്ദ്രങ്ങള്‍ പതിനാലില്‍ നിന്ന് 129 ആയി വര്‍ധിച്ചു. ദിവസവും ഭൂമിയില്‍ കയറി കുടില്‍ കെട്ടി താമസിക്കുന്നവരുടെ എണ്ണം കൂടിവന്നു. അവര്‍ക്ക് സംരക്ഷണവലയം തീര്‍ത്ത് ഐക്യദാര്‍ഢ്യവുമായി അണിനിരക്കുന്ന സഖാക്കളുടെ എണ്ണവും കൂടിവന്നു. സമരമുന്നേറ്റത്തില്‍ പന്തികേട് മണത്തപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെ ഒന്നാംഘട്ട ചര്‍ച്ചയ്ക്ക് നിയോഗിച്ചത്. ആ ചര്‍ച്ചയില്‍ ഭൂസംരക്ഷണ സമിതി മുന്നോട്ടുവച്ച എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ റവന്യൂ മന്ത്രിക്ക് പരിമിതിയുണ്ടായിരുന്നു. ആ ചര്‍ച്ചയുടെ മധ്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതിന്റെ ഭാഗമായാണ് ജനുവരി 16ന് ചര്‍ച്ചയ്ക്ക് തയ്യാറാവാമോ എന്ന് സമരസമിതി നേതാക്കളോട് അഭ്യര്‍ഥിച്ചത്. അങ്ങനെയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്.

സംസ്ഥാനത്തെ ഭൂപ്രശ്നവും കേരളത്തിന്റെ ചരിത്രവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. ഇവിടെ നിലനിന്ന ഫ്യൂഡല്‍ക്രമത്തിന്റെ അടിസ്ഥാന സവിശേഷത ജാതിജന്മിനാടുവാഴിത്ത വ്യവസ്ഥ ആയിരുന്നു എന്നതാണ്. സവര്‍ണമേധാവിത്വവും നാടുവാഴിത്തവും അഭേദ്യമായി കെട്ടുപിണഞ്ഞു കിടന്നു. കൊളോണിയല്‍ കാലഘട്ടമായപ്പോഴേക്കും ഭൂമിയിന്മേല്‍ പരിപൂര്‍ണ സ്വത്തവകാശം ഉള്ള ഭൂപ്രഭുക്കന്മാരും രൂപംകൊണ്ടു. ജാതിജന്മിനാടുവാഴി കൂട്ടുകെട്ട് കൊളോണിയല്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തോടെ കര്‍ഷക ജനസാമാന്യത്തിന്റെ മിച്ചാധ്വാനത്തെ പരമ്പരാഗതമായ രീതികളിലൂടെയും അല്ലാതെയും കരസ്ഥമാക്കി. അത്തരമൊരു സമൂഹത്തിലാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നവോത്ഥാനത്തിന്റെ ധാരകള്‍ ഉണ്ടാവുന്നത്. തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനവും അതിന്റെ സമാന്തരവും തുടര്‍ച്ചയുമായി വന്ന കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ മുന്നേറ്റവും ചേര്‍ന്നാണ് ജന്മിത്ത ചൂഷണത്തിന്റെ അടിവേരറുത്തത്.

ജന്മിത്ത മുതലാളിത്ത ഭൂപ്രഭുക്കള്‍ അന്യരുടെ വിയര്‍പ്പുകൊണ്ട് സുഖിക്കുന്ന ചൂഷകരാണ്. കര്‍ഷക ജനസാമാന്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇവരുടെ ലക്ഷ്യങ്ങള്‍. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും ആവശ്യത്തിന് ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്കും ലഭിക്കേണ്ടുന്ന ഭൂമിയാണ് ചൂഷകവര്‍ഗം കൈയടക്കിയത്. അത്തരത്തില്‍ ഭൂപ്രഭുക്കന്മാരുടെ കൈയിലുള്ള ഭൂമി മുഴുവന്‍ പിടിച്ചെടുത്ത് കര്‍ഷകത്തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും വിതരണംചെയ്യുക എന്നതിലാണ് വിപ്ലവകരമായ ഭൂപരിഷ്കരണത്തിന്റെ ഊന്നല്‍. വര്‍ഗപരമായ ഈ കാഴ്ചപ്പാടിനെ പ്രാവര്‍ത്തികമാക്കാനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രയത്നിച്ചത്. ഭൂപരിഷ്കരണത്തിന്റെ വഴികളിലൂടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്നേറിയപ്പോള്‍ ജന്മിത്വ ഭൂപ്രഭുത്വത്തെ ഇല്ലാതാക്കുന്നതിന് സാധിച്ചു എന്നത് നേട്ടമാണ്. 57ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ ഓഡിനന്‍സ് പ്രഖ്യാപിച്ചു. അന്ന് 7.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചമുള്ളതായി കണക്കാക്കി. അത് കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണംചെയ്യാന്‍ ഭൂപരിഷ്കരണ നിയമമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുമ്പോഴാണ് 1959 ജൂലൈ 31ന് ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍നിന്ന് പോയത്. പിന്നീട് 1967 മാര്‍ച്ച് ആറിനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നത്. ആ സര്‍ക്കാര്‍ ഭൂപരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ 7.5 ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷത്തോളമായി മിച്ചഭൂമിയുടെ വിസ്തൃതി കുറഞ്ഞത് മനസിലാക്കി. കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍നിന്ന് പോയ ഇടവേളയില്‍ പത്ത് ലക്ഷത്തോളം ഭൂമി കൈമാറ്റമാണ് സംസ്ഥാനത്ത് നടന്നത്. ഇഷ്ടദാനാധാരങ്ങള്‍ വഴി ബിനാമികളുടെ പേരില്‍ ഭൂമി നിലനിര്‍ത്തിയ ഭൂപ്രഭുക്കന്മാരുടെ നടപടി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 1957 ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ ഭൂമികൈമാറ്റവും മരവിപ്പിക്കാനുള്ള നിയമനിര്‍മാണം നടപ്പാക്കി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാന്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ തയ്യാറായി. തുടര്‍ന്ന് 1969ല്‍ കാര്‍ഷിക ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയാണ് മന്ത്രിസഭ രാജിവയ്ക്കുന്നത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന കുറുമുന്നണി മന്ത്രിസഭ ഭൂപരിഷ്കരണ നിയമം നടപ്പാക്കാന്‍ ഒരുവിധ ഇടപെടലുകളും സ്വമനസ്സാലേ നടത്തിയില്ല. 69ല്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തെ പരാജയപ്പെടുത്താനും ഫ്യൂഡല്‍ വ്യവസ്ഥിതിയെ സംരക്ഷിക്കാനും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. കേരള നിയമസഭ പാസാക്കിയ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിന് കോണ്‍ഗ്രസ് പാര്‍ടിയും കൂട്ടാളികളും നടത്തിയ പരിശ്രമങ്ങള്‍ ചരിത്രത്തിലുണ്ട്. ആ സാഹചര്യത്തിലാണ് ഭൂപരിഷ്കരണ ഭേദഗതി നിയമപ്രകാരമുള്ള ഭൂരഹിതന്റെ ഭൂമിയിലുള്ള അവകാശം സ്ഥാപിക്കാനും അത് സംരക്ഷിക്കാനും ആഹ്വാനം നല്‍കി എ കെ ജിയുടെയും ഇ എം എസിന്റെയും നേതൃത്വത്തില്‍ കര്‍ഷക കര്‍ഷക തൊഴിലാളികള്‍ പോരാട്ടത്തിനിറങ്ങിയത്. ആലപ്പുഴ അറവുകാട് ക്ഷേത്രമൈതാനിയില്‍ 1969 ഡിസംബര്‍ 14ന് ചേര്‍ന്ന മഹാസമ്മേളനം ചരിത്രമായി മാറി. അഞ്ചുലക്ഷത്തിലേറെ പേര്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തി. 'ക്രിയാത്മകമായ ഒരു സമരത്തിന് രൂപം നല്‍കാനാണ് നാം ഇന്നിവിടെ സമ്മേളിക്കുന്നത്. ഈ സമ്മേളനം എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതോടെ കേരളത്തിലെ കാര്‍ഷികരംഗത്ത് വലിയ പരിവര്‍ത്തനം വരും. സംഘടിതമായ മുന്നേറ്റംകൊണ്ട് സ്വയം നടപ്പാക്കുക അല്ലാതെ ഭൂപരിഷ്കരണ ഭേദഗതി നിയമം അനുവദിക്കുന്ന അവകാശം സ്ഥാപിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. അതുകൊണ്ട് സമരത്തിലധിഷ്ഠിതമായ ഒരു പരിപാടിക്ക് രൂപം നല്‍കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു'&ൃറൂൗീ;എന്ന് ആമുഖമായി പറഞ്ഞാണ് എ കെ ജി മുന്‍കൂട്ടി തയ്യാറാക്കിയ രേഖ മഹാസമ്മേളനത്തില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയാലും ഇല്ലെങ്കിലും ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പായതായി കണക്കാക്കി ഭൂമിയില്‍ അവകാശം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് 1970 ജനുവരി ഒന്നുമുതല്‍ സമരം തുടങ്ങിയതും ആ സമരച്ചൂടില്‍ ഉരുകിപ്പോയ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതും ചരിത്രമാണ്. ഈ സമരത്തിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം 18 സഖാക്കളാണ് രക്തസാക്ഷിത്വം വരിച്ചത്. കേരളത്തില്‍ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നടപടികള്‍ ആവിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയത്. കര്‍ശനമായ ഭൂപരിധി വകുപ്പുകള്‍ കേരളത്തിലെ ഭൂനിയമത്തിന്റെ സവിശേഷതയായിരുന്നു. ഇങ്ങനെ നിര്‍ണയിച്ചിരുന്ന മിച്ചഭൂമി എന്തുകൊണ്ട് ഭൂരഹിതര്‍ക്ക് ലഭ്യമായില്ല എന്നത് ഒരു നീണ്ടകഥയാണ്. കേന്ദ്രസര്‍ക്കാര്‍ ഭൂനിയമം നടപ്പാക്കുന്നതില്‍ സൃഷ്ടിച്ച കാലവിളംബവും വിമോചനസമരവും പി ടി ചാക്കോയുടെ ബില്ലു മുതല്‍ കെ എം മാണിയുടെ ഇഷ്ടദാനബില്ലുവരെ നീളുന്ന വെള്ളം ചേര്‍ക്കല്‍ വിദ്യയും എല്ലാംകൂടി ഈ നാട്ടിലെ പാവപ്പെട്ട കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ലഭ്യമാകേണ്ടിയിരുന്ന കൃഷിഭൂമി ഇല്ലാതാക്കി. ഏറ്റെടുത്ത് വിതരണംചെയ്യാന്‍ കഴിഞ്ഞ തുച്ഛമായ മിച്ചഭൂമിയൊഴിച്ചാല്‍ ഇവര്‍ക്ക് ഭൂപരിഷ്കരണം മൂലം ലഭിച്ച ഭൂമി കുടികിടപ്പവകാശം മാത്രമായി ചുരുങ്ങി. ഇതിനു കാരണക്കാരായ കോണ്‍ഗ്രസ് പാര്‍ടിയെയും അവരുടെ സര്‍ക്കാരിനെയും തൊലിയുരിച്ചു കാണിക്കുന്നതിനു പകരം തീവ്ര ഇടതുപക്ഷക്കാരും ദളിത് ആക്ടിവിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവരും ചില അരാഷ്ട്രീയ ബുദ്ധിജീവികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കരിതേയ്ക്കുന്നതിന് ഭൂസമരത്തിന്റെ കാലാവസ്ഥയെ ഉപയോഗിച്ചു. മാധ്യമങ്ങള്‍ അതിന് കൂട്ടുനിന്നു. ഈ ഭൂസമരം നാട്ടിന്‍പുറങ്ങളിലാണ് സംഘടിപ്പിക്കപ്പെട്ടത്. മിച്ചഭൂമികളിലേറെയും അവിടെയായിരുന്നു. കുറച്ചു കാലമായി മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരായും വര്‍ഗബഹുജന സംഘടനകളെ ലക്ഷ്യംവച്ചും അക്രമങ്ങള്‍ സംഘടിപ്പിക്കുന്ന മേല്‍ സൂചിപ്പിച്ച വിഭാഗം, തൊഴിലാളി വര്‍ഗ വിഭാഗം ഈ പ്രസ്ഥാനത്തില്‍നിന്ന് ചോര്‍ന്നുപോവുന്നെന്ന് വ്യാപകമായി പ്രചരിപ്പിച്ചു വരുന്നുണ്ട്. അവരുടെ പ്രചാരണം വെറുതെയാണെന്ന് ഭൂസമരം വിളിച്ചുപറഞ്ഞു. ചെങ്കൊടിയേന്തിയ തൊഴിലാളികള്‍ മിച്ചഭൂമിയില്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ചാനലുകളില്‍ വന്നു. കുത്തകപ്പത്രങ്ങള്‍വരെ തൊഴിലാളിമുന്നേറ്റത്തിന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായി. അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഇനി സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന് ആണയിടുന്ന തീവ്ര വലതുപക്ഷത്തിന്റെ നാവിറങ്ങിപ്പോവുന്ന രീതിയിലുള്ള പ്രക്ഷോഭമായി മാറി ഭൂസമരം.

ഈ സമരത്തില്‍ 2,39,334 സഖാക്കളാണ് പങ്കെടുത്തത്. ഇതില്‍ ഒരുലക്ഷത്തില്‍പ്പരം പേര്‍ ഭൂമിയില്‍ പ്രവേശിച്ച് കുടില്‍ കെട്ടി താമസിച്ച സമരവളന്റിയര്‍മാരായിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടം ആറുദിവസം പിന്നിട്ടപ്പോള്‍ 5653 കുടിലുകളാണ് മിച്ചഭൂമിയില്‍ ഉയര്‍ന്നത്. ചരിത്രം ആവശ്യപ്പെട്ടാല്‍ ഏത് സമരത്തിനും ജനങ്ങള്‍ അണിനിരക്കും എന്നതിന്റെ ഉദാഹരണമായി മാറി ഭൂസമരം. ഈ സമരത്തിന്റെ ഭാഗമായുണ്ടായ മറ്റൊരു ഗുണം ആട്ടില്‍തോലണിഞ്ഞ ചില ചെന്നായ്ക്കളെ തിരിച്ചറിയാന്‍ സാധിച്ചു എന്നതാണ്. വലതുപക്ഷക്കാരേക്കാള്‍ വലിയ വലതുപക്ഷ വാദങ്ങള്‍ പുറത്തെടുത്ത് സമരത്തിനെതിരെ അണിനിരന്ന തീവ്ര ഇടതുപക്ഷക്കാരാണ് അവര്‍. അവര്‍ ഭൂസമരത്തിന്റെ ആവശ്യകതയെയും അതിന്റെ വര്‍ഗസ്വഭാവത്തെയും കാണാന്‍ തയ്യാറായില്ല. വലതുപക്ഷത്തേക്കാള്‍ വലിയ വലതുഭക്തി പ്രകടിപ്പിച്ച് അവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെ സ്ഥാനം ഉറപ്പിച്ചു. ഭൂസമരം ആരംഭിക്കുന്നതിനു മുമ്പ് ഭൂസംരക്ഷണ സമിതിയുടെ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ഭൂസമരത്തിന്റെ ആവശ്യകതയും മുദ്രാവാക്യത്തിന്റെ പ്രസക്തിയും ധരിപ്പിച്ചു. പിന്നീട് സമരം തുടങ്ങിയതിന് ശേഷമാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് റവന്യൂമന്ത്രിയുമായും ജനുവരി 16ന് മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയത്. ഭൂസമരത്തിന്റെ മുദ്രാവാക്യങ്ങള്‍ മുന്നില്‍വച്ച് നടത്തിയ ചര്‍ച്ചയില്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ ധാരണയായി. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍വരെ ഭൂമി നല്‍കുന്നതിനും ഭൂപ്രദേശങ്ങളുടെ ലഭ്യതയും നല്‍കുന്ന സ്ഥലവും പരിഗണിച്ച് ഭൂരഹിതരായ മറ്റുള്ളവര്‍ക്ക് മൂന്ന് സെന്റുമുതല്‍ കൂടുതല്‍ അളവില്‍ ഭൂമി വിതരണംചെയ്യുമെന്നും നെല്‍വയല്‍ നികത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഭൂമാഫിയ വാങ്ങിക്കൂട്ടിയ ഏക്കര്‍ കണക്കിന് ഭൂമിയെപ്പറ്റി പരിശോധിച്ച് അവയും ഏറ്റെടുക്കുന്ന പ്രക്രിയ ആരംഭിക്കുമെന്നും തീരുമാനത്തിലെത്തി.

ഭൂസംരക്ഷണ സമിതിയുടെ കൈയിലുള്ള ഇത്തരം ഭൂമിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറാനും ധാരണയായി. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്ന സ്വകാര്യ ഭൂ ഉടമസ്ഥരെക്കുറിച്ചുള്ള പരാതി അതത് ജില്ലാകലക്ടര്‍മാര്‍ക്ക് നല്‍കിയാല്‍ അവര്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിന് നിര്‍ദേശം നല്‍കും. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും. നെല്‍വയലുകള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ തുടര്‍ന്നും നെല്‍കൃഷി നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്കു മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്ന നിയമ നിര്‍മാണം നടത്താനുള്ള നടപടി സ്വീകരിക്കും. ഭൂമി തരിശിടാന്‍ അനുവദിക്കാത്ത രീതിയില്‍ ഇടപെടലുകള്‍ നടത്തും. പരിസ്ഥിതിക്ക് ഹാനികരമായ വിധം പ്രകൃതിദത്തമായ ഭൂഘടന മാറ്റുന്ന തരത്തിലുള്ള ഭൂപരിവര്‍ത്തനങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കും. തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന വ്യവസ്ഥ അഞ്ച് ശതമാനത്തിലെ പത്ത് ശതമാനമായി പുനര്‍നിര്‍ണയിക്കും. അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന സമരസമിതിയുടെ നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചു. ഭൂരഹിതരായി ഇനിയും ബാക്കിയുള്ളവര്‍ ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കുന്നതിനുള്ള സമയം ഫെബ്രുവരി 15 വരെയാക്കി നിജപ്പെടുത്തി. ഭൂസമരം തീര്‍ത്തും സമാധാനപരമായിരുന്നു എന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമരത്തിന്റെ ഭാഗമായി എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാനും ധാരണയായി.

ഭൂസമരം വിജയിക്കുമ്പോള്‍, അത് പഴയകാല ഭൂസമരത്തെക്കുറിച്ചുള്ള ഓര്‍മകളിലൂന്നി നിന്നുള്ള പുതുകാല പ്രയോഗമായി മാറി എന്നതില്‍ സംശയമില്ല. ഭൂസമരത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന ധാരണയില്‍ നിന്ന് പിന്നോക്കം പോകാനോ അതില്‍ വെള്ളം ചേര്‍ക്കാനോ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടാന്‍ കൂടിയാണ് എല്ലാ തലങ്ങളിലുമുള്ള ഭൂസംരക്ഷണ സമിതിയെ നിലനിര്‍ത്തുന്നത്. പാവങ്ങളുടെ കൂടെ, നിരാലംബരുടെ കൂടെ, ആദിവാസികളും ദളിതരുമടങ്ങുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെ കൂടെ ഈ നാട്ടിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മാത്രമേയുള്ളു എന്നതിന്റെ തെളിവുകൂടിയായി ഭൂസമരം. കേരളത്തിന്റെ പൊതുവായ വികസനം എത്തിപ്പെടാത്ത വിഭാഗങ്ങള്‍ക്ക് അവ എത്തിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഈ മുന്നേറ്റം. ഭൂസമരം ഒരു വര്‍ഗസമര പ്രയോഗമായിരുന്നു. ഭൂമിയെ ലാഭാധിഷ്ഠിതമായി നോക്കിക്കാണുന്ന കാഴ്ചപ്പാടിന് പകരം വരുംതലമുറയ്ക്ക് കൂടി ജീവിക്കാനുതകുന്ന വിധത്തില്‍ മണ്ണിനെ നിലനിര്‍ത്താനുള്ള തൊഴിലാളിവര്‍ഗത്തിന്റെ വര്‍ഗസമരം.

Tuesday, January 15, 2013

തൊഴിലാളിവര്‍ഗവും വിവരസാങ്കേതിക വിദ്യയും

തൊഴിലാളിവര്‍ഗവും വിവരസാങ്കേതിക വിദ്യയും

കെ ചന്ദ്രന്‍പിള്ള

ദേശാഭിമാനി, 2013 ജനുവരി 14

വിവര വിനിമയ സാങ്കേതികവിദ്യ കൈകാര്യംചെയ്യാന്‍ തൊഴിലാളിപ്രവര്‍ത്തകരും തൊഴിലാളികളും കൂടുതല്‍ മുന്നോട്ടുവരേണ്ടതുണ്ട്. കേവലമായി വിവര സാങ്കേതികവിദ്യ പഠിക്കുക, പഠിപ്പിക്കുക, പ്രയോഗിക്കുക എന്നതുമാത്രമല്ല, തൊഴിലാളിവര്‍ഗ മുന്നേറ്റത്തില്‍ വിവര സാങ്കേതിക വിദ്യയുടെ കൂടുതല്‍ പ്രയോഗസാധ്യതകള്‍ കണ്ടെത്തുകയും ഫലദായകമാക്കുകയും ചെയ്യുന്നതിനുള്ള പഠനഗവേഷണങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

തൊഴില്‍മേഖലകളില്‍ കംപ്യൂട്ടര്‍ ഏര്‍പ്പെടുത്തി തൊഴില്‍ നശിപ്പിക്കുന്നതിനെതിരായ സമരത്തില്‍ തൊഴിലാളി സംഘടനകള്‍ ഏര്‍പ്പെട്ടിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാകും. തൊഴിലാളികളെ വിവര സാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മുതിരുന്നതിനെ ഒട്ടൊരു സംശയത്തോടെ ചോദ്യംചെയ്യുന്നവരുമുണ്ടാകും. വിവര സാങ്കേതികവിദ്യയ്ക്ക് തൊഴില്‍ നശിപ്പിക്കാനുള്ള കഴിവ് നല്ലവണ്ണം മനസിലാക്കിയതുകൊണ്ടുതന്നെയാണ് തൊഴിലാളികളുടെ അടിയന്തര താല്‍പ്പര്യം സംരക്ഷിക്കാന്‍ അന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നയപരിപാടികളെ എതിര്‍ത്തത്. അത്് കംപ്യൂട്ടറിനോടോ സാങ്കേതികവിദ്യയോടോ ഉള്ള എതിര്‍പ്പായിരുന്നില്ലെന്നും മറിച്ച്, തൊഴില്‍ നശിപ്പിച്ച് തൊഴിലാളികളെ വഴിയാധാരമാക്കുന്നതിനോടുള്ള എതിര്‍പ്പാണെന്നും അന്നേ വ്യക്തമാക്കപ്പെട്ടതാണ്. എത്രയോ നാളായി കംപ്യൂട്ടറോ വിവര സാങ്കേതിക വിദ്യയോ വിന്യസിക്കുന്നതിനെ തൊഴിലാളിസംഘടനകള്‍ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും തങ്ങള്‍ പണിയെടുക്കുന്ന വ്യവസായങ്ങളുടെ നവീകരണത്തിന് അവ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പോരുകയാണ്. പക്ഷേ, ഇന്നും മുതലാളിത്തം വിവരസാങ്കേതിക വിദ്യ സാമൂഹ്യനന്മയ്ക്കായി ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ല. ലാഭേച്ഛമാത്രമാണ് അവരുടെ പരിഗണനാ വിഷയം.

വിവര സാങ്കേതികവിദ്യയുടെ ഇന്നത്തെ പ്രത്യേകത അത് കടലാസ് ഉപയോഗിച്ചുള്ള എഴുത്തും അച്ചടിയും നേരിട്ട പരിമിതികള്‍ മറികടക്കാന്‍ പര്യാപ്തമാണെന്നതാണ്. കടലാസിനുപകരം കാന്തിക ഇലക്ട്രോണിക് ഓര്‍മയും, എഴുത്തിനും അച്ചുനിരത്തുന്നതിനും പകരം കീബോര്‍ഡുപയോഗിച്ചുള്ള വിവര സന്നിവേശനവും സാധ്യമായിരിക്കുന്നു. മുന്‍കാലത്ത് ഒരേകാര്യം ആവര്‍ത്തിക്കാന്‍ വീണ്ടും എഴുതുകയോ ടൈപ്പ്ചെയ്യുകയോ ടൈപ്പ് സെറ്റു ചെയ്യുകയോ വേണ്ടിയിരുന്നു. എന്നാല്‍, പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ സന്നിവേശിപ്പിക്കപ്പെട്ടത് വീണ്ടും ചെയ്യേണ്ടതില്ല. അവ എത്രകാലം കഴിഞ്ഞും എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് പകര്‍പ്പെടുക്കാവുന്നതാണ്. മാത്രമല്ല, പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവര വിശകലനവും പുതിയ വിവരവിജ്ഞാന സൃഷ്ടിയും സാധ്യമാക്കുന്നു. ചുരുക്കത്തില്‍ വിവര സാങ്കേതിക വിദ്യ തത്സമയ വിവരശേഖരണം, സംഭരണം, കൈമാറ്റം, അവയുടെ സമ്മിശ്ര പ്രയോഗത്തിലൂടെ വിവര വിശകലനം, പുതിയ വിവര സൃഷ്ടി, വിവര ഉപഭോഗം എന്നിവയ്ക്കെല്ലാമുള്ള സങ്കേതമാണ്.

സമൂഹത്തിന്റെ വിവരലഭ്യത വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. പൊതുഭരണം, സ്ഥാപന ഭരണം, പണം കൈമാറ്റം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, അരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കമ്പോളപ്രവേശം, വിപണനം, ഗതാഗതം, വിതരണം, സംസ്കാരം, പ്രാദേശിക ഭാഷാവികസനം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിവരം വിനിയോഗ ഘടകങ്ങള്‍ ദൂരസമയ പരിമിതികളില്ലാതെ തത്സമയം നടത്താം. ചരക്കുകളുടെ കടത്ത് മാത്രമാണ് സമയമെടുക്കുന്ന ഘടകം. മേല്‍പ്പറഞ്ഞ സാധ്യതകളുപയോഗിച്ച് ആസൂത്രണം എല്ലാ തലത്തിലും കൊണ്ടുവരാം. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും ആസൂത്രണം സാധ്യമായിരിക്കുന്നു. ഒരു പ്രദേശത്ത് എത്ര ആളുകള്‍, അവരുടെ ആഹാരരീതിക്കനുസരിച്ച് ആവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളുടെ അളവ്, അവയുടെ ഉപഭോഗ സമയക്രമം, അവയുടെ ലഭ്യത, ഉല്‍പ്പാദനം, ഇറക്കുമതി എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ വിവരം ശേഖരിച്ച് സംഭരിച്ച് അതുപയോഗിച്ച് ആവശ്യവും ലഭ്യതയും പൊരുത്തപ്പെടുത്തി കമ്പോളം ക്രമീകരിക്കാന്‍ സൂക്ഷ്മവിവരങ്ങളില്‍ നിന്ന് സ്ഥൂലതലാസൂത്രണം സാധ്യമായിരിക്കുന്നു. പ്രാദേശിക വിവരങ്ങള്‍ ഉല്‍ഗ്രഥിച്ച് സംസ്ഥാനതലത്തിലും രാജ്യതലത്തിലും സാര്‍വദേശീയതലത്തിലും കമ്പോളാസൂത്രണം സാധ്യമാണ്. അതോടെ കമ്പോളം സമൂഹത്തിന് വിധേയമാക്കാനുള്ള ഉപാധി തയ്യാറാകും. പിന്നീട് ആവശ്യമായത് അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യ ഇടപെടലുമാണ്. തത്സമയം എത്ര വിവരവും എത്ര ദൂരേക്കും എത്തിക്കാനും കൈകാര്യംചെയ്യാനും കഴിയുന്നു എന്നത്, മറ്റ് ഒട്ടേറെ പ്രയോഗസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. അവയെല്ലാം ഇന്നും കണ്ടെത്തപ്പെട്ടിട്ടില്ല. കണ്ടെത്തപ്പെട്ടവയെല്ലാം പ്രയോഗിക്കപ്പെടുന്നുമില്ല.

വിവര സാങ്കേതികവിദ്യയുടെ പ്രയോഗസാധ്യതകള്‍ വളരെ പരിമിതമായ രീതിയില്‍മാത്രമാണ് നിലവിലുള്ള മൂലധനാധിഷ്ഠിത വ്യവസ്ഥ ഉപയോഗപ്പെടുത്തുന്നത്. മുതലാളി ആസൂത്രണ സാധ്യത ഉപയോഗിക്കുന്നത് ഉല്‍പ്പാദനാസൂത്രണത്തിന് മാത്രമാണ്. വിപണനാസൂത്രണം മുതലാളിക്ക് വഴങ്ങുന്നതല്ല. കാരണം, കമ്പോളത്തില്‍ മറ്റ് മുതലാളിമാരും വരും. അവിടെ അരാജകത്വം നിലനില്‍ക്കുന്നു. കമ്പോളത്തിലെ അരാജകത്വം മാറ്റാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍, ഉല്‍പ്പാദനംമുതല്‍ വിനിമയവും വിതരണവും ഉപഭോഗവുംവരെ മൊത്തം കമ്പോളവും സമഗ്രമായ ആസൂത്രണത്തിന് വിധേയമാക്കാന്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പക്ഷേ, ഒറ്റപ്പെട്ട മുതലാളിക്ക് കഴിയില്ല. ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന് സമഗ്രമായ കമ്പോളാസൂത്രണത്തില്‍ താല്‍പ്പര്യവുമുണ്ടാവില്ല. കാരണം, ആവശ്യവും ലഭ്യതയും കൃത്യമായി ആസൂത്രണംചെയ്താല്‍, ആവശ്യമായത്ര ഉല്‍പ്പാദിപ്പിച്ച് വിതരണം ക്രമീകരിച്ചാല്‍, കമ്പോളത്തിലെ അരാജകത്വം ഇല്ലാതായാല്‍, മുതലാളിത്ത വ്യവസ്ഥ അപകടത്തിലാകും. അതിനാല്‍ മുതലാളിത്തം ഈ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കില്ല. ശാസ്ത്രസാങ്കേതിക സിദ്ധികളുടെ സാമൂഹ്യോന്മുഖ ഉപയോഗത്തിന്റെ കാര്യത്തില്‍ മുതലാളിത്തത്തിന് അതിന്റെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ടു. വിവര സാങ്കേതിക വിദ്യ മാത്രമല്ല, ജൈവ സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും പാരമ്പര്യേതര ഊര്‍ജവുമടക്കം ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ഉപയോഗിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ലാഭേച്ഛയാല്‍ നയിക്കപ്പെടുന്ന മുതലാളിത്തത്തിന് കഴിയാതായിരിക്കുന്നു.

അതേസമയം സോഷ്യലിസത്തിന്റെ മുഖമുദ്ര കമ്പോളത്തിന്റെ ഈ സമഗ്രാസൂത്രണമാണ്. തൊഴിലാളി വര്‍ഗത്തിന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ് വിവര സാങ്കേതിക വിദ്യ. അതുപയോഗിച്ച് ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും ഓരോ വര്‍ഷവും ആവശ്യവും ലഭ്യതയും കണക്കാക്കി അവ തമ്മില്‍ പൊരുത്തപ്പെടുത്തിയും പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ വിതരണം സുതാര്യമായി ജനേച്ഛയോടെയും ജനസമ്മതിയോടെയും ക്രമീകരിച്ചും ഭാവിയില്‍ ഉല്‍പ്പാദനവും ലഭ്യതയും ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊണ്ടും സമൂഹത്തെ മുന്നോട്ടുനയിക്കുകയാണ് സോഷ്യലിസം. ആവശ്യമായിടത്തെല്ലാം കമ്മി നികത്താന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചും അമിതോപഭോഗവും നാശനഷ്ടങ്ങളും നിയന്ത്രിച്ചും ജനങ്ങളുടെ ആവശ്യം നിറവേറ്റാനും അതേസമയം പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കാനും സമഗ്രമായ ആസൂത്രണത്തിലൂടെ സോഷ്യലിസത്തില്‍ കഴിയും.

മറ്റൊരു ചോദ്യം ഉയരുന്നത് തൊഴിലാളിവര്‍ഗത്തിന്് ഈ ശാസ്ത്രവും സാങ്കേതികവിദ്യയും വഴങ്ങുമോ എന്നതാണ്. എഴുതാനും വായിക്കാനും സംസാരിക്കാനും കേള്‍ക്കാനും ചിത്രം വരയ്ക്കാനും പാട്ട് പാടാനും നിര്‍മാണപ്രവര്‍ത്തനത്തിനും ചരക്കുകള്‍ വില്‍ക്കാനും വാങ്ങാനും പണമിടപാട് നടത്താനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സംഘാടനത്തിനും സമരത്തിനും ഭരണത്തിനും ആസൂത്രണത്തിനും മറ്റുമാണ് വിവര സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത്. അതെല്ലാം നിലവില്‍ നടത്തുന്നത് തൊഴിലാളികള്‍തന്നെയാണ്. മാത്രമല്ല, വിവര സാങ്കേതിക വിദ്യതന്നെ തൊഴിലാളികളുടെ സൃഷ്ടിയാണ്. മുതലാളിത്തം അത് ക്രോഡീകരിച്ച് സ്വന്തമാക്കാന്‍ പേറ്റന്റ് നിയമം ഏര്‍പ്പെടുത്തി തൊഴിലാളികളില്‍നിന്ന്് ഉടമസ്ഥാവകാശം തട്ടിയെടുക്കുകയാണ് ചെയ്തത്. അതിന് അവരെ സഹായിച്ചത് ഭരണകൂടത്തില്‍ അവര്‍ക്കുള്ള വര്‍ഗാധിപത്യമാണ്്. പക്ഷേ, വിവര സങ്കേതിക വിദ്യയുടെ യഥാര്‍ഥ ഉടമസ്ഥരായ വിവര സാങ്കേതിക തൊഴിലാളികള്‍ സ്വന്തമായി സങ്കേതങ്ങളും ഉപകരണങ്ങളും അവയ്ക്ക് പൊതു ഉടമസ്ഥതാ സമ്പ്രദായവും സൃഷ്ടിച്ച് മുതലാളിത്തത്തെ വിജയകരമായി വെല്ലുവിളിച്ചതിന്റെ ചരിത്രമാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റേത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പൊതു ഉടമസ്ഥതയുടെ ശക്തിയും ശരിയും സാധ്യതകളും വെളിപ്പെടുത്തുകകൂടി ചെയ്യുന്നു. മാത്രമല്ല, ഉടമസ്ഥാവകാശത്തിന്മേല്‍ കെട്ടിപ്പടുത്ത സ്വകാര്യ സ്വത്തുടമസ്ഥതയുടെയും മുതലാളിത്തത്തിന്റെയും യുക്തിരാഹിത്യവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ വെളിപ്പെടുത്തുന്നു.

ഉടമസ്ഥതയല്ല, മറിച്ച് ഉടമസ്ഥാവകാശംമാത്രമാണ് മൂലധന ഉടമകളുടേത്. യഥാര്‍ഥ ഉടമസ്ഥത ആ ഉപാധികള്‍ ഉപയോഗിക്കുന്നവരില്‍ നിക്ഷിപ്തമാണെന്ന് സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ സോഫ്റ്റ്വെയര്‍ തൊഴിലാളികള്‍ തെളിയിച്ചു. ഭൗതിക സ്വത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. മുതലാളിത്തം ഭൗതിക സ്വത്തിനും ബൗദ്ധിക സ്വത്തിനും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം സ്വത്തവകാശത്തിനാണ് നല്‍കുന്നത്. അതുതന്നെ ആ വ്യവസ്ഥയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നു. സ്വത്തവകാശംകൊണ്ട് ഒന്നും ഉല്‍പ്പാദനക്ഷമമാകില്ല. അതിന് അവ ആരെങ്കിലും ഉപയോഗിക്കണം. അത് പണിയെടുക്കുന്ന തൊഴിലാളികളോ കര്‍ഷകരോ ആണ് ചെയ്യുക. സമ്പത്തുല്‍പ്പാദിപ്പിക്കാന്‍ തൊഴിലാളിയോ കര്‍ഷകനോ പണിയെടുക്കുകതന്നെ വേണം. എങ്കിലേ ഭൗതിക സ്വത്തായാലും ബൗദ്ധിക സ്വത്തായാലും ഉല്‍പ്പാദനക്ഷമമാകൂ. അതായത് സ്വത്തവകാശം കൃത്രിമവും അടിച്ചേല്‍പ്പിച്ചതുമാണ്. യഥാര്‍ഥ ഉടമസ്ഥത സമൂഹത്തിന്റേതാണ്. ഉപയോഗിക്കുന്നതാകട്ടെ പണിയെടുക്കുന്നവരുമാണ്. പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ബൗദ്ധിക സ്വത്ത് സ്വന്തമാണ്. ആര്‍ക്കും അത് തട്ടിപ്പറിക്കാനോ ഉടമാവകാശം സ്ഥാപിക്കാനോ കഴിയില്ല. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ അധികം ഉല്‍പ്പാദനോപാധികള്‍ ആരെങ്കിലും കൈയടക്കിവച്ചാലും അവ ഉപയാഗിക്കാനാവില്ല.

സ്വകാര്യ കുത്തക സോഫ്റ്റ്വെയറുകളേക്കാള്‍ വേഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഗുണമേന്മയിലും സ്വീകാര്യതയിലും മുന്നേറുകയാണ്. അങ്ങനെ സ്വകാര്യ സ്വത്തുടമസ്ഥതയുടെ യുക്തിരാഹിത്യം വെളിപ്പെടുത്തുക കൂടി ചെയ്യുന്നു സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വിജയം. ആ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയിരിക്കണം തൊഴിലാളികളുടെ വിവര സാങ്കേതിക പഠനത്തിന്റെ ഉപാധി. അതോടൊപ്പം വിവിധ മാനേജ്മെന്റ് രീതികളും ആസൂത്രണ സങ്കേതങ്ങളും തൊഴിലാളികള്‍ സ്വായത്തമാക്കണം.

(അവസാനിക്കുന്നില്ല)

Monday, January 14, 2013

പാക്കിസ്ഥാൻ വഴങ്ങി; പൂഞ്ചില് ഫ്ളാഗ് മീറ്റിങ്

പാകിസ്ഥാൻ, വഴങ്ങി; പൂഞ്ചില്  ഫ്ളാഗ് മീറ്റിങ്

മലയാള മനോരമ, ജനുവരി 14, 2013

പി. ബസന്ത്

ന്യൂഡല്ഹി:ജമ്മുകശ്മീരിലെ ഇന്ത്യപാകിസ്താന് അതിര്ത്തിയിലെ സംഘര്ഷങ്ങള്ക്ക് അയവുവരുത്താന് ബ്രിഗേഡിയര്തല ചര്ച്ച വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പാകിസ്താന് വഴങ്ങി.

പൂഞ്ചിലെ ഛകന് ദ ബാഗില് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് രണ്ടുരാജ്യങ്ങളുടെയും സൈനികഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച (ഫ്ളാഗ് മീറ്റിങ്) നടക്കും. കൂടിക്കാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താന് വീണ്ടും വെടിനിര്ത്തല് കരാര് ലംഘിച്ചു. ഞായറാഴ്ച വൈകിട്ട് പൂഞ്ച് മേഖലയിലെ സേനാ താവളങ്ങള്ക്കു നേരേ പാക് സൈന്യം നിറയൊഴിക്കുകയായിരുന്നു. അതിര്ത്തിരക്ഷാസേന തിരിച്ചടിച്ചത് ഇരുവിഭാഗവുംതമ്മില് രൂക്ഷമായ ഏറ്റുമുട്ടലിനിടയാക്കി.

രണ്ട് ഇന്ത്യന്സൈനികരുടെ വധവും പൂഞ്ച്മേഖലയിലെ വെടിവെപ്പും തുടര്ച്ചയായ വെടിനിര്ത്തല് കരാര് ലംഘനവും ചര്ച്ചചെയ്യാന് ഫ്ളാഗ് മീറ്റിങ് വേണമെന്ന ആവശ്യം വെള്ളിയാഴ്ചയാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. രണ്ടുദിവസത്തിന് ശേഷമാണ് പാകിസ്താന് അനുകൂലപ്രതികരണം അറിയിച്ചത്.

പാക്സൈന്യത്തിന്റെ ക്രൂരതയില് ഇന്ത്യയ്ക്കുള്ള കടുത്ത പ്രതിഷേധം ഫ്ളാഗ് മീറ്റിങ്ങില് അറിയിക്കുമെന്ന് സൈനികകേന്ദ്രങ്ങള് വ്യക്തമാക്കി. കൊല്ലപ്പെട്ട ലാന്സ് നായിക് ഹേംരാജിന്റെ മുറിച്ചുമാറ്റിയ തല നല്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.

ഈ ആവശ്യമുന്നയിച്ച് ഹേംരാജിന്റെ കുടുംബവും അമ്പതോളം ഗ്രാമീണരും അദ്ദേഹത്തിന്റെ നാടായ യു.പി.യിലെ ഷേര്നഗറില് നിരാഹാരം തുടരുകയാണ്. മുഖ്യമന്ത്രി അഖിലേഷ് യാദവോ കേന്ദ്രമന്ത്രിമാരില് ആരെങ്കിലുമോ നേരിട്ടെത്തി ഉറപ്പുനല്കിയാലല്ലാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണിവര്.

നിര്ത്തിവെച്ച, നിയന്ത്രണരേഖവഴിയുള്ള വ്യാപാരവും ഗതാഗതവും പുനഃസ്ഥാപിക്കണമെന്നും ഫ്ളാഗ് മീറ്റിങ്ങില് ആവശ്യപ്പെടും. വെടിനിര്ത്തല് ലംഘനത്തെത്തുടര്ന്ന് ഛകന് ദാ ബാഗ് വഴിയുള്ള ബസ് ഗതാഗതവും വ്യാപാരവും പാകിസ്താന് നിര്ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് ഇന്ത്യന്സൈനികരെ പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയതിന് ശേഷമാണ് നിയന്ത്രണരേഖയില് സംഘര്ഷം രൂക്ഷമായത്. വെടിനിര്ത്തല്കരാര് നിലവില്വന്നശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോള് നടക്കുന്നത്.

എന്താണ് ഫ്ളാഗ് മീറ്റിങ് ?


ന്യൂഡല്ഹി: രണ്ടു രാജ്യങ്ങളുടെ അതിര്ത്തിയില് സൈനികര് തമ്മില് ചെറിയ തോതിലുള്ള സംഘര്ഷവും മറ്റും ഉണ്ടാവുമ്പോള് സ്ഥിതിഗതികള് കൂടുതല് മൂര്ച്ഛിക്കാതിരിക്കാനും കാര്യങ്ങള് പരസ്പരം പറഞ്ഞു മനസ്സിലാക്കാനും അവലംബിക്കുന്ന നടപടിയാണ് ഫ്ളാഗ് മീറ്റിങ്.

സാധാരണഗതിയില് അതിര്ത്തിയിലുള്ള കമാന്ഡിങ് ഓഫീസര്തലത്തിലാണ് ഫ്ളാഗ് മീറ്റിങ് നടക്കാറുള്ളത്. എന്നാല് ഇപ്പോള് ഇന്ത്യാ പാക് അതിര്ത്തിയില് നടക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില് ബ്രിഗേഡിയര്തലത്തിലുള്ള ഫ്ളാഗ് മീറ്റിങ്ങാണ് ഇന്ത്യ നിര്ദേശിച്ചിട്ടുള്ളത്. പാകിസ്താന് ആദ്യം അതിനോട് യോജിച്ചിരുന്നില്ല.

നേരത്തേ നിശ്ചയിക്കപ്പെടുന്ന സ്ഥലത്ത് ഇരുഭാഗത്തെയും കമാന്ഡിങ് ഓഫീസറോ അല്ലെങ്കില് അതിനുമുകളിലുള്ള ഉന്നത ഉദ്യോഗസ്ഥനോ ഒന്നിച്ചിരുന്ന് കാര്യങ്ങള് പരസ്പരം ചര്ച്ച ചെയ്യും. നാലോ അഞ്ചോ പേരുടെ സംഘമാണ് ഫ്ളാഗ് മീറ്റിങ്ങിന് പോവുക. എല്ലാ നടപടികളും ചര്ച്ചയുടെ വിശദാംശങ്ങളും ഇരുരാജ്യവും റെക്കോഡ് ചെയ്യും. വെള്ളക്കൊടിയുടെ പശ്ചാത്തലത്തില്, സൗഹാര്ദ അന്തരീക്ഷത്തിലായിരിക്കും ഇത്തരം ചര്ച്ചകള് നടക്കുക. സാധാരണ ഗതിയില് ഫ്ളാഗ് മീറ്റിങ് നടന്നുകഴിഞ്ഞാല് സംഘര്ഷത്തിന് അയവ് വരാറുണ്ട്.
എന്താണ് ഫ്ളാഗ് മീറ്റിങ് ?

ന്യൂഡല്ഹി: രണ്ടു രാജ്യങ്ങളുടെ അതിര്ത്തിയില് സൈനികര് തമ്മില് ചെറിയ തോതിലുള്ള സംഘര്ഷവും മറ്റും ഉണ്ടാവുമ്പോള് സ്ഥിതിഗതികള് കൂടുതല് മൂര്ച്ഛിക്കാതിരിക്കാനും കാര്യങ്ങള് പരസ്പരം പറഞ്ഞു മനസ്സിലാക്കാനും അവലംബിക്കുന്ന നടപടിയാണ് ഫ്ളാഗ് മീറ്റിങ്.

സാധാരണഗതിയില് അതിര്ത്തിയിലുള്ള കമാന്ഡിങ് ഓഫീസര്തലത്തിലാണ് ഫ്ളാഗ് മീറ്റിങ് നടക്കാറുള്ളത്. എന്നാല് ഇപ്പോള് ഇന്ത്യാ പാക് അതിര്ത്തിയില് നടക്കുന്ന ഉരസലുകളുടെ പശ്ചാത്തലത്തില് ബ്രിഗേഡിയര്തലത്തിലുള്ള ഫ്ളാഗ് മീറ്റിങ്ങാണ് ഇന്ത്യ നിര്ദേശിച്ചിട്ടുള്ളത്. പാകിസ്താന് ആദ്യം അതിനോട് യോജിച്ചിരുന്നില്ല.

നേരത്തേ നിശ്ചയിക്കപ്പെടുന്ന സ്ഥലത്ത് ഇരുഭാഗത്തെയും കമാന്ഡിങ് ഓഫീസറോ അല്ലെങ്കില് അതിനുമുകളിലുള്ള ഉന്നത ഉദ്യോഗസ്ഥനോ ഒന്നിച്ചിരുന്ന് കാര്യങ്ങള് പരസ്പരം ചര്ച്ച ചെയ്യും. നാലോ അഞ്ചോ പേരുടെ സംഘമാണ് ഫ്ളാഗ് മീറ്റിങ്ങിന് പോവുക. എല്ലാ നടപടികളും ചര്ച്ചയുടെ വിശദാംശങ്ങളും ഇരുരാജ്യവും റെക്കോഡ് ചെയ്യും. വെള്ളക്കൊടിയുടെ പശ്ചാത്തലത്തില്, സൗഹാര്ദ അന്തരീക്ഷത്തിലായിരിക്കും ഇത്തരം ചര്ച്ചകള് നടക്കുക. സാധാരണ ഗതിയില് ഫ്ളാഗ് മീറ്റിങ് നടന്നുകഴിഞ്ഞാല് സംഘര്ഷത്തിന് അയവ് വരാറുണ്ട്.

ആര്എസ്എസ് സ്ത്രീകളോട്

ആര്എസ്എസ് സ്ത്രീകളോട്

ദേശാഭിമാനി, 2013 ജനുവരി 14

സ്ത്രീകളോടുള്ള സംഘപരിവാറിന്റെ സമീപനം സര്സംഘചാലക് മോഹന്ഭഗവതിന്റെ വാക്കുകളില് നിസ്സംശയം തെളിയുന്നു. സ്ത്രീകള് വീട്ടുജോലിചെയ്ത് ഒതുങ്ങിക്കഴിഞ്ഞാല് മതിയെന്നാണ് ഡല്ഹിയില് ഡിസംബര് 16 ന് പെണ്കുട്ടിയെ കൂട്ട ബലാല്സംഗം ചെയ്തതിനെക്കുറിച്ച് പരാമര്ശിക്കവെ ആര്എസ്എസ് തലവന് പറഞ്ഞത്. മധ്യപ്രദേശിലെ വാണിജ്യനഗരമായ ഇന്ഡോറില് ആര്എസ്എസ് പ്രവര്ത്തകരുടെ യോഗത്തിലാണ്, സഹജമായ സ്ത്രീവിരുദ്ധതയുടെ ശബ്ദം ആര്എസ്എസ് തലവനില്നിന്നുയര്ന്നത്. 'ഭാര്യാഭര്തൃബന്ധം ഒരു സാമൂഹ്യകരാറിന്റെ ഭാഗമാണെന്നും അതനുസരിച്ച് സ്ത്രീകള് വീട്ടുജോലിയെടുക്കുകയും പുരുഷനെ തൃപ്തിപ്പെടുത്തുകയുമാണ് വേണ്ടതെന്നു'മാണ് അദ്ദേഹത്തിന്റെ പക്ഷം. 'പുരുഷന് സ്ത്രീകളുടെ ആവശ്യങ്ങള് നിറവേറ്റുകയും അവളെ സംരക്ഷിക്കുകയുംചെയ്യും. ഭാര്യ തന്റെ ഉത്തരവാദിത്തങ്ങളായ വീട്ടുജോലിയും പുരുഷനെ തൃപ്തിപ്പെടുത്തലും തുടരുന്നിടത്തോളം ഈ കരാറില് സ്ത്രീയെ പുരുഷന് നിലനിര്ത്തും. കരാര് മാനിക്കുന്നതില് സ്ത്രീ പരാജയപ്പെട്ടാല് പുരുഷന് സ്ത്രീയെ തള്ളിപ്പറയാം' ഇതാണ് മോഹന്ഭഗവത് പറഞ്ഞത്. 'ബലാത്സംഗങ്ങള് നഗരങ്ങളുടെ ഇന്ത്യയിലാണ് നടക്കുന്നതെന്നും ഗ്രാമങ്ങളുടെ ഭാരതത്തിലല്ലെന്നും' അസമിലെ സില്ച്ചറില് നടത്തിയ പ്രസംഗത്തില് മോഹന് ഭഗവത് പറഞ്ഞതും വിവാദമായിരുന്നു.

സംഘപരിവാറിന്റെ ആശയപദ്ധതിയുടെ അടിത്തറതന്നെ മനുസ്മൃതിയാണ്. സ്ത്രീ സ്വാതന്ത്ര്യം അര്ഹിക്കുന്നില്ലെന്നാണ് മനുസ്മൃതി പറയുന്നത്. കുട്ടിക്കാലത്ത് അച്ഛന്റെയും യുവതിയാകുമ്പോള് ഭര്ത്താവിന്റെയും വൃദ്ധയാകുമ്പോള് മകന്റെയും സംരക്ഷണയിലാകും സ്ത്രീയെന്ന് മനുസ്മൃതി വ്യക്തമാക്കുന്നു. സ്ത്രീക്ക് സ്വന്തം നിലയില് അസ്തിത്വം അനുവദിക്കാന് തയ്യാറാകാത്ത ഈ മനുസ്മൃതി അടിസ്ഥാനമാക്കിയ ഭരണഘടന വേണമെന്ന് പലവട്ടം പറഞ്ഞ സംഘടനയാണ് ആര്എസ്എസ്. എന്ഡിഎ ഭരണകാലത്ത് ഭരണഘടന പൊളിച്ചെഴുതാനുള്ള സാധ്യതകള് തേടി ജസ്റ്റിസ് വെങ്കടചെല്ലയ്യയുടെ നേതൃത്വത്തില് ഒരു സമിതിയെപ്പോലും വാജ്പേയി സര്ക്കാര് വച്ചിരുന്നു.

സ്ത്രീ എന്നും വീടിന്റെ അകത്തളങ്ങളില് മുനിഞ്ഞു കത്തേണ്ടവളാണെന്ന തത്വശാസ്ത്രത്തിന്റെ പതാകവാഹകനായ മോഹന്ഭഗവതില്നിന്ന് ഇതുമാത്രമേ പ്രതീക്ഷിക്കാനും പാടുള്ളൂ. 'വയ്ക്കുക, വിളമ്പുക, പ്രസവിക്കുക' എന്നതാണ് ആര്എസ്എസിന്റെ കണ്ണില് സ്ത്രീയുടെ ജീവിതദൗത്യം. അതിനപ്പുറത്തെ ലോകത്തെക്കുറിച്ചുള്ള ഒരാഗ്രഹവും അഭിലാഷവും അവള്ക്കുണ്ടായിരിക്കരുത്. അടുക്കളയില്നിന്ന് അരങ്ങത്തേക്ക് വരരുതെന്നര്ഥം. അങ്ങനെ ആഗ്രഹിച്ചാല് അത് ലക്ഷ്മണരേഖയുടെ ലംഘനമായിരിക്കുമെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയിലെ വ്യവസായ മന്ത്രി കൈലാസ് വിജയവര്ഗീയ പറഞ്ഞിട്ടുണ്ട്. സീത ലക്ഷ്മണ രേഖ ലംഘിച്ചതുകൊണ്ടാണ് രാവണന് തട്ടിക്കൊണ്ടുപോകാനായതെന്നാണ് വിജയവര്ഗീയ എന്ന ആര്എസ്എസുകാരന്റെ വാദം. തെറ്റു ചെയ്തത് രാവണനല്ല മറിച്ച്, ലക്ഷ്മണരേഖ ലംഘിച്ച സീതയാണെന്ന്. രാവണന് പുരുഷനാണല്ലോ. ഇതേ ആശയമാണ് ഗുജറാത്തിലെ ആള്ദൈവമായ അസാറാം ബാപ്പുവും പ്രകടിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെപ്പോലെതന്നെ അതിന് വിധേയയായ ഡല്ഹിയിലെ പെണ്കുട്ടിയും കുറ്റക്കാരിയാണെന്നാണ് സംഘപരിവാറിന്റെ ആശയപദ്ധതികള് സ്വീകരിക്കുന്ന ഈ ആള് ദൈവത്തിന്റെ വെളിപാട്. ഒരു കൈയടിച്ചാല് എങ്ങനെ ശബ്ദമുണ്ടാകുമെന്ന ചൊല്ലിലൂടെയാണ് ഹീനമായ കൃത്യത്തെ അയാള് ന്യായീകരിക്കുന്നത്. സ്ത്രീകള് പൊതുസമൂഹത്തിലേക്ക് വരുന്നതും പുരുഷനൊപ്പം തുല്യതയോടെ ജോലിചെയ്യുന്നതും ഫ്യൂഡല് പാരമ്പര്യത്തിന്റെയും പിന്തിരിപ്പന് രാഷ്ട്രീയത്തിന്റെയും നേരവകാശികള്ക്ക് ഒരിക്കലും സഹിക്കുമായിരുന്നില്ല. അതുകൊണ്ടാണ് കാക്കിട്രൗസറും കുറുവടിയും ഇന്നും ഉപേക്ഷിക്കാത്തവര് പെണ്കുട്ടികള് പാവാട ധരിക്കരുതെന്ന് പറയുന്നത്.

ഗ്രാമീണ ഭാരതത്തിലല്ല ഇന്ത്യന് നഗരങ്ങളിലാണ് ഏറ്റവും കൂടുതല് ബലാത്സംഗങ്ങള് നടക്കുന്നതെന്ന ഭഗവത്തിന്റെ പ്രസ്താവനയും വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അഷീഷ്നന്ദിയെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര് ഭഗവത്തിന്റെ പ്രസ്താവനക്കെതിരെ വസ്തുതകളുമായി രംഗത്ത് വരികയുണ്ടായി. അദ്ദേഹം നടത്തുന്ന നിരീക്ഷണം, ഗ്രാമീണ ഭാരതത്തിലാണ് എഴുപത് ശതമാനം ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും നടക്കുന്നതെന്നാണ്. ഗ്രാമങ്ങളില് ഇത്തരം സംഭവങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെടുന്നില്ലെന്നു മാത്രമല്ല, പൊലീസ് കേസ് രജിസ്റ്റര്ചെയ്യുന്നുമില്ല. മാത്രമല്ല, നഗരങ്ങളില് വിദ്യാഭ്യാസത്തിന്റെ നിരക്കിലുള്ള വര്ധനയും ബോധനിലവാരത്തിലുള്ള വ്യത്യാസവും കാരണം ഇത്തരം കേസുകള് രജിസ്റ്റര് ചെയ്യപ്പെടുന്നുണ്ട്. ഗ്രാമീണ ഭാരതത്തിലെ സ്ത്രീകളുടെ അവസ്ഥയറിയണമെങ്കില് 'ഹിന്ദുത്വത്തിന്റെ പരീക്ഷണശാല'യായ ഗുജറാത്തിലേക്ക് പോയാല് മതി. ഉത്തര ഗുജറാത്തിലെ പഞ്ച്മഹല് ജില്ലയില് ഹലോല് ഗ്രാമത്തില് രണ്ടര വയസ്സുള്ള കുട്ടിയെ ബന്ധുതന്നെ ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടില് ഉപേക്ഷിച്ചു. ഡിസംബര് 21 നാണ് ഈ സംഭവം. നാലുദിവസം കഴിഞ്ഞപ്പോള് കുട്ടി മരിക്കുകയും ഹലോലില് ജനങ്ങള് പ്രതിഷേധ സൂചകമായി ബന്ദ് നടത്തുകയുംചെയ്തു. ഇതേ ജില്ലയില്തന്നെയുള്ള ലപാനി ഗ്രാമത്തിലെ ഒരു പെണ്കുട്ടിയെ ബലാത്സംഗം ചെയ്തശേഷം മറ്റൊരുഗ്രാമത്തില് ബോധമില്ലാത്ത അവസ്ഥയില് വലിച്ചെറിഞ്ഞു. മോഡിയുടെ ഗുജറാത്തില് ഈ പെണ്കുട്ടിയെ ചികിത്സിക്കാന് ഒരു ആശുപത്രിയും തയ്യാറായില്ല. ബലാത്സംഗമല്ല വീണ് പരിക്കേറ്റതാണെന്ന് കള്ളം പറയേണ്ടിവന്നു കുട്ടിക്ക് ചികിത്സ ലഭിക്കാന്. എന്നിട്ടും ഇന്ത്യക്ക് പകരം ഭാരതമെന്ന പേരിട്ടാല് ഈ തിന്മ അവസാനിപ്പിക്കാന് കഴിയുമെന്നാണ് വിശ്വഹിന്ദു പരീക്ഷത്തിന്റെ 'അന്താരാഷ്ട്ര' പ്രസിഡന്റ് അശോക്സിംഗാള് പറയുന്നത്.

സ്ത്രീകള്ക്കെതിരായ ആക്രമണവും പീഡനവും തടയാന് ഈ പിന്തിരിപ്പന് ആശയങ്ങള്ക്ക് കഴിയില്ലെന്നു മാത്രമല്ല, ആണ് ആധിപത്യത്തിനും അതുവഴി ഇത്തരം ആക്രമണങ്ങള്ക്കും ശക്തി വര്ധിക്കുകയുമാണ് ചെയ്യുക. സ്ത്രീകളോടുള്ള ഈ സങ്കുചിത വര്ഗീയ സങ്കല്പ്പമാണ് പെണ്ഭ്രൂണഹത്യക്കുപോലും കാരണമാകുന്നതെന്നും കാണാന് വിഷമമില്ല. അതായത്, സാമ്പത്തിക ഉദാരവല്ക്കരണത്തിന്റെ ഭാഗമായി സ്ത്രീകളെ കച്ചവടച്ചരക്കായി പ്രതിഷ്ഠിക്കുന്നതുമാത്രമല്ല, സംഘപരിവാറിന്റെ പിന്തിരിപ്പന് ആശയങ്ങളും അവര്ക്കെതിരെയുള്ള വര്ധിച്ച ആക്രമണത്തിനും പീഡനത്തിനും കാരണമാകുന്നുണ്ട്. പുരുഷനൊപ്പം സ്ത്രീകള്ക്കും തുല്യഅവകാശവും അവസരങ്ങളും നല്കി അവരെ കൈപിടിച്ചുയര്ത്തുകയും അവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഫലപ്രദമായ സംവിധാനം കെട്ടിപ്പടുക്കുകയുമാണ് വേണ്ടത്.

സഫലമാവട്ടെ സമാധാന ചര്ച്ചകള്

സഫലമാവട്ടെ സമാധാന ചര്ച്ചകള്

 ദേശാഭിമാനി, മുഖപ്രസംഗം, 213 ജനുവരി 14

ഇന്ത്യയും പാകിസ്ഥാനും തമ്മില് വീണ്ടുമൊരു യുദ്ധമുണ്ടാകാനുള്ള സാധ്യത എല്ലാവരെയും ആശങ്കയിലാഴ്ത്തിയിട്ട് ഒരാഴ്ചയോളമായി. ഇന്ത്യപാക് അതിര്ത്തിയില് രണ്ട് ഇന്ത്യന് സൈനികരെ വെടിവച്ചുകൊല്ലുകയും അതിലൊരാളുടെ തല അറുത്തുമാറ്റി തീര്ത്തും പ്രകോപനം സൃഷ്ടിക്കുകയുംചെയ്ത പാകിസ്ഥാന്റെ നിലപാടാണ് യുദ്ധത്തിന്റെ ഭീതി ജനിപ്പിക്കാനിടയായത്. 1999ലെ കാര്ഗില് യുദ്ധം, 71ലെ ബംഗ്ലാദേശ് യുദ്ധം, 1965 ലെ ഇന്ത്യപാക് യുദ്ധം എന്നീ യുദ്ധങ്ങളിലെല്ലാം പാകിസ്ഥാന്റെ പ്രകോപനപരമായ ഇടപെടലുകളാണ് യുദ്ധത്തിലേക്ക് വഴിവച്ചത്. ഈ യുദ്ധങ്ങളില്മാത്രമല്ല, ഏതു യുദ്ധത്തിലും ആര് ജയിച്ചു ആര് തോറ്റു എന്ന സാങ്കേതിക കണക്കെടുപ്പുകള്ക്കപ്പുറം യുദ്ധം ജനതയുടെ ജീവിതവും സംസ്കാരവും ചരിത്രവുമൊക്കെ നശിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് നമുക്കറിയാം. ഒരു യുദ്ധവും വരുത്തിവച്ച നാശനഷ്ടം തലമുറകള്ക്കുശേഷവും നികത്താനായിട്ടില്ലെന്നതും ചരിത്രപാഠമാണ്. അതുകൊണ്ടുതന്നെ പുരോഗതി പ്രാപിച്ച ജനാധിപത്യസംവിധാനങ്ങളും സംസ്കാരങ്ങളും യുദ്ധങ്ങള് പരമാവധി ഒഴിവാക്കാനേ ശ്രമിക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് പാകിസ്ഥാന് കടുത്ത പ്രകോപനം ഉണ്ടാക്കിയിട്ടും നമ്മള് യുദ്ധം ഒഴിവാക്കാന് എല്ലാവിധ ശ്രമങ്ങളും നടത്തുന്നത്. എന്നാല്, സംഘര്ഷഭരിതമായ അന്തരീക്ഷം മുതലെടുക്കാന് ശ്രമിക്കുന്ന തീവ്രവാദസംഘടനകള് ഒരിക്കലും സമാധാനാന്തരീക്ഷം പുലരാന് ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. ഇത്തരം തീവ്രവാദസംഘടനകള്ക്കെതിരെ കര്ക്കശ നിലപാടെടുക്കാന് തയ്യാറാകാത്ത പാകിസ്ഥാന് ഭരണനേതൃത്വത്തിന്റെ സമീപനവും പ്രശ്നമാണ്. മുംബൈ ഭീകരാക്രമണത്തിനുശേഷവും തീവ്രവാദപ്രസ്ഥാനങ്ങളോട് പാകിസ്ഥാന് സ്വീകരിച്ച സമീപനം ഇതിനുദാഹരണമാണ്.

അതിര്ത്തിയില് തീവ്രവാദികളുടെ സാന്നിധ്യം ശക്തമാണ്. അവിടെ പാക് സര്ക്കാര് വെറും നോക്കുകുത്തിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില് നല്ല ബന്ധമുണ്ടാകുന്നത് അതിര്ത്തിയില് തീവ്രവാദികളുടെ നിലനില്പ്പിന് ഭീഷണിയാണെന്ന് അവര്ക്കറിയാം. അതുകൊണ്ട് ഉഭയകക്ഷിചര്ച്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചച്ചെടുന്നുവെന്ന തോന്നലുണ്ടായാല് അപ്പോള് തീവ്രവാദികള് കുഴപ്പമുണ്ടാക്കാന് മുന്നിട്ടിറങ്ങും. സാധാരണ തണുപ്പുകാലത്താണ് അതിര്ത്തിയില് നുഴഞ്ഞുകയറ്റം സജീവമാകുന്നത്. ഒരിടത്ത് കുഴപ്പമുണ്ടാക്കി അങ്ങോട്ട് മുഴുവന് ശ്രദ്ധയും തിരിച്ചുവിട്ട് മറ്റിടങ്ങളിലൂടെ നുഴഞ്ഞുകയറുകയാണ് തീവ്രവാദികളുടെ രീതി. ഇരു രാജ്യങ്ങളും തമ്മില് ചര്ച്ചകള് പുരോഗമിച്ച് ബന്ധം ഏറെക്കുറെ സാധാരണ നിലയിലേക്ക് വരുന്നു എന്ന തോന്നലുണ്ടായ ഘട്ടത്തിലാണ് 2008 നവംബര് 26ന് മുംബൈ ഭീകരാക്രമണം ഉണ്ടായത്. നയതന്ത്രബന്ധം ദുര്ബലമാക്കുകയും രണ്ടു രാജ്യങ്ങളും തമ്മില് ശത്രുത നിലനിര്ത്തുകയും ചെയ്യുകയെന്നതാണ് തീവ്രവാദികളുടെ അജന്ഡ. ഇതിന് പാകിസ്ഥാന് കീഴ്പ്പെടുകയും ചെയ്യുന്നു എന്നതാണ് സ്ഥിതി. ഇതിനൊപ്പം യുദ്ധം വേണമെന്ന നിലയില് ഉത്തരേന്ത്യയിലാകെ വൈകാരികത സൃഷ്ടിച്ച് മുതലെടുക്കാന് സംഘപരിവാര് ശക്തികളും ശ്രമിക്കുന്നുണ്ട്. തീര്ച്ചയായും മനുഷ്യസ്നേഹികളൊന്നടങ്കം ഇത്തരം ജനവിരുദ്ധശക്തികളുടെ കുത്സിതനീക്കങ്ങള്ക്കെതിരെ ജാഗരൂകരാകേണ്ടതുണ്ട്.

ഏതായാലും ഇരുരാജ്യങ്ങളിലെയും അതിര്ത്തിയിലെ സേനാതലവന്മാരുടെ നേതൃത്വത്തില് തിങ്കളാഴ്ച പൂഞ്ചില് ഫ്ളാഗ് മീറ്റിങ് നടത്തുന്നുണ്ട്. അല്പ്പം വൈകിയാണെങ്കിലും ചര്ച്ചയ്ക്ക് പാകിസ്ഥാന് തയ്യാറാവുകയുംചെയ്തു. നിര്ണായകമായ ഈ ചര്ച്ച, ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന യുദ്ധാന്തരീക്ഷം ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. അത്തരമൊരു പ്രതീക്ഷാനിര്ഭരമായ സാഹചര്യമൊരുക്കാന് ബന്ധപ്പെട്ട അധികൃതര്ക്കാവട്ടെ എന്നാണ് സമാധാനകാംക്ഷികള് ഒന്നടങ്കം ആഗ്രഹിക്കുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?

പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?

സ്വന്തം ലേഖകന്‍, മലയാളമനോരമ
       
എന്താണ് പങ്കാളിത്ത പെന്‍ഷന്‍

*. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതി.

*. 2013 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടുന്നവര്‍ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിയില്‍ (പിഎഫ്ആര്‍ഡിഎ) നിക്ഷേപിക്കണം.

*. ഒാരോ ജീവനക്കാരനും അടയ്ക്കുന്ന തുകയ്ക്കു തുല്യമായ സംഖ്യ സംസ്ഥാന സര്‍ക്കാരും പിഎഫ്ആര്‍ഡിഎയില്‍ നിക്ഷേപിക്കും.

*. വിരമിക്കുമ്പോള്‍ അക്കൌണ്ടിലുള്ള 60% തുക വരെ പിന്‍വലിക്കാം.

*. ബാക്കിവരുന്ന തുകയില്‍ നിന്നു പെന്‍ഷന്‍ നല്‍കും.

എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍
*. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാകുന്നതു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനുംപെന്‍ഷനും.

*. 3.25 കോടി ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉപയോഗിക്കാന്‍ കഴിയുന്നതു വരുമാനത്തിന്റെ 19.39 ശതമാനം മാത്രം.

*. 10 ലക്ഷം പേര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടതു വരുമാനത്തിന്റെ 80.61%

*. നിലവിലെ പെന്‍ഷന്‍ ബാധ്യത 8178 കോടി രൂപ.

*. ഇങ്ങനെ മുന്നോട്ടുപോയാല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പണമുണ്ടാവില്ല, കടം കയറും.

*. നിലവിലെ ജീവനക്കാരുടെ ഒരു ആനുകൂല്യവും നഷ്ടപ്പെടില്ല.

പങ്കാളിത്തപെന്‍ഷന്‍ എവിടെയൊക്കെ
*. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 25 സംസ്ഥാനങ്ങളിലും. 

*. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടപ്പാക്കി.

*. തമിഴ്നാട്ടിലും ആന്ധ്രയിലും നടപ്പാക്കിയപ്പോള്‍ സിപിഎം എതിര്‍ത്തില്ലെന്നും സര്‍ക്കാര്‍ വാദം.

ആശങ്കകള്‍

*. പിഎഫ്ആര്‍ഡിഎ പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുന്നതു വാണിജ്യ ബാങ്കുകളുടെ കടപ്പത്രങ്ങളിലും കമ്പനി മ്യൂച്വല്‍ ഫണ്ട് ഒാഹരികളിലും.

*. ഏതില്‍ നിക്ഷേപിക്കണമെന്നു ജീവനക്കാരനു നിര്‍ദേശിക്കാമെങ്കിലും പൊതുമുതല്‍ സ്വകാര്യമേഖലയിലേക്കു പോകില്ലേ?

*. സ്വകാര്യ കമ്പനികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുന്ന തുകയ്ക്കു സുരക്ഷിതത്വമുണ്ടോ?

*. അവസാനം വാങ്ങിയ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി വച്ച് ഒടുവിലത്തെ മാസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാണ് ഇപ്പോള്‍ പെന്‍ഷന്‍  കിട്ടുന്നത്.

*. 2013 ഏപ്രില്‍ ഒന്നിനു ശേഷം സര്‍വീസില്‍ കയറുന്ന ജീവനക്കാരനു വിരമിക്കുമ്പോള്‍ എന്തു പെന്‍ഷന്‍ കിട്ടുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയാത്ത അവസ്ഥ.

Saturday, January 12, 2013

ശ്രീ ശ്രീക്ക് സ്നേഹപൂര്‍വം

 ശ്രീ ശ്രീക്ക് സ്നേഹപൂര്‍വം

പ്രഭാവര്‍മ


(ദേശാഭിമാനി, 2013 ജനുവരി 12 )

ആനന്ദം ഉണ്ടാകേണ്ടത് യുക്തിചിന്തയുടെ സ്വാതന്ത്ര്യത്തില്‍നിന്നാണ് എന്നുപറഞ്ഞത് മഹാമനീഷിയായ സോഫോക്ലീസാണ്. യുക്തിചിന്ത ഇല്ലാത്തിടത്ത് ആനന്ദമില്ല. ആനന്ദത്തിന്റെ ആ വഴി ആനന്ദോത്സവത്തിന്റെ പരമാചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ മനസ്സിലാക്കാതിരുന്നുകൂടാ. ഇരുട്ടില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്ന മട്ടില്‍ യുക്തിയുടെ വാതിലുകള്‍ എല്ലാം അടച്ചുപൂട്ടി ആനന്ദത്തെ തിരയുന്നതില്‍ അര്‍ഥമില്ലല്ലോ.

ശ്രീ ശ്രീ യുക്തിയുടെ വാതിലുകള്‍ അടച്ചുപൂട്ടുന്നു എന്നുപറയേണ്ടിവരുന്നത് അദ്ദേഹത്തിന്റെ തിരുവനന്തപുരം പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍കൊണ്ടാണ്. 'കമ്യൂണിസം ഇറക്കുമതിചെയ്ത ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഇവിടുത്തെ പാരമ്പര്യത്തെ എതിര്‍ക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറക്കുമതിചെയ്യുന്നതൊക്കെ അസ്വീകാര്യമാണെന്നും പാരമ്പര്യത്തെ എതിര്‍ക്കുക എന്നത് മഹാപരാധമാണെന്നുമാണല്ലോ ഇതിന്റെ അര്‍ഥം.

അങ്ങനെ വന്നാല്‍ ജനാധിപത്യം, സോഷ്യലിസം എന്നിവമുതല്‍ ഇന്ത്യന്‍ റിപ്പബ്ലിക് എന്ന വിശേഷണംവരെ അസ്വീകാര്യമാകണം. പാര്‍ലമെന്ററി ജനാധിപത്യംമുതല്‍ പ്രായപൂര്‍ത്തി വോട്ടവകാശംവരെ അസ്വീകാര്യമാകണം. ഇതൊന്നും ഇന്ത്യന്‍ മണ്ണില്‍നിന്ന് കിളിര്‍ത്തുവന്നതല്ലല്ലോ; ഇറക്കുമതിചെയ്തതാണല്ലോ. ഇറക്കുമതിയുടെ പേരില്‍ ഇതിനെയൊക്കെ ഉപേക്ഷിക്കാനാകുമോ? ഇത്തരം സാമൂഹ്യമൂല്യങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ, ആനന്ദോത്സവത്തില്‍ തെളിഞ്ഞ വൈദ്യുതദീപങ്ങളുടെമുതല്‍ ആ വേദിയിലേക്ക് ശ്രീ ശ്രീയെ എത്തിച്ച വിമാനത്തിന്റെവരെ സാങ്കേതികവിദ്യ ഇറക്കുമതിചെയ്തതാണ്. ഇറക്കുമതിചെയ്തതൊക്കെ മോശമാണെങ്കില്‍ ആനന്ദോത്സവത്തില്‍ മരോട്ടിവിളക്കല്ലാതെ വൈദ്യുതിവിളക്ക് കത്തിക്കാന്‍ പാടുണ്ടോ? വില്ലുവണ്ടിയിലല്ലാതെ വിമാനത്തില്‍ ശ്രീ ശ്രീ വരാന്‍ പാടുണ്ടോ? സ്വാമി കംപ്യൂട്ടര്‍ തുറക്കാന്‍ പാടുണ്ടോ? വല്ല യുക്തിയുമുണ്ടോ സ്വാമീ ഈ മൂന്നാം സഹസ്രാബ്ദത്തില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍? (ഇനി, കമ്യൂണിസത്തിന്റെ കാര്യം; ഇന്ത്യന്‍ കമ്യൂണിസം ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിയര്‍പ്പില്‍നിന്നും ചോരയില്‍നിന്നും ഉരുവംകൊണ്ടതാണെന്നത് തിരിച്ചറിയാന്‍ സ്വാമി ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ ചരിത്രം വായിക്കുകയേ വേണ്ടൂ) വൈദേശികമായതൊന്നും പാടില്ല എന്ന ശ്രീ ശ്രീയുടെ ഇന്നത്തെ സമീപനമാകട്ടെ, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ യഥാര്‍ഥ ധാരയ്ക്ക് നിരക്കുന്നതല്ല.

"ആനോ ഭദ്രാഃ ക്രതവോയന്തു വിശ്വതഃ" എന്ന തത്വത്തിലടങ്ങിയതായിരുന്നു ഒരുകാലത്ത് നമ്മുടെ സംസ്കൃതിയുടെ കാഴ്ചപ്പാട്. 'ലോകത്തിന്റെ സകലഭാഗത്തുനിന്നും ശുഭഫലപ്രദങ്ങളായ നല്ല വാക്കുകള്‍ നമ്മിലേക്കുവരട്ടെ!' എന്നതാണിതിനര്‍ഥം. 'ലോകത്തിന്റെ സകലഭാഗത്തുനിന്നും' എന്നുപറഞ്ഞിട്ടുള്ളത് ശ്രീ ശ്രീ പ്രത്യേകം ശ്രദ്ധിക്കണം. അത് ശ്രദ്ധിച്ചാല്‍ ഇറക്കുമതിചെയ്ത തത്വശാസ്ത്രം എന്ന് എന്തിനെയെങ്കിലും ആക്ഷേപിക്കാന്‍ കഴിയുമോ? 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നതായിരുന്നു വളരെപ്പണ്ടേ ഇന്ത്യയുടെ ആശംസ. സമസ്ത ലോകത്തിനും സുഖമുണ്ടാകട്ടെ എന്നര്‍ഥം. ഇന്ത്യക്കുമാത്രം സുഖമുണ്ടാകട്ടെ എന്നല്ല പറഞ്ഞത്. 'വസുധൈവ കുടുംബകം' എന്ന സങ്കല്‍പ്പം ഭൂമിയെയാകെ ഒരു കുടുംബമായി കാണുന്ന തരത്തിലുള്ളതാണ്. മതവും ദൈവവും ഉണ്ടാകുന്നതിനുംമുമ്പാണ് ഈ സങ്കല്‍പ്പങ്ങള്‍ ഉണ്ടായത്. അങ്ങനെയൊരു കാലവും സംസ്കാരവും പണ്ട് ഇവിടെയുണ്ടായിരുന്നു. ആ സംസ്കൃതിയുടെ സത്ത തിരിച്ചറിയുന്ന ഒരാളും ഇറക്കുമതിചെയ്ത തത്വശാസ്ത്രമെന്ന ആക്ഷേപം ഉന്നയിക്കില്ല. ലോകമാകെ ഒരു തറവാട് എന്ന വിശാലമനഃസ്ഥിതിയുണ്ടായാല്‍ പിന്നെ എന്ത് ഇറക്കുമതി? എന്തു കയറ്റുമതി? അങ്ങനെ ചിന്തിക്കുന്ന തലത്തിലേക്ക് ശ്രീ ശ്രീ ഉയരുകയാണ് വേണ്ടത്.

ഇനി രണ്ടാമത്തെ കാര്യം. കമ്യൂണിസ്റ്റുകാര്‍ പാരമ്പര്യത്തെ എതിര്‍ക്കുന്നു എന്നതാണത്. പാരമ്പര്യത്തിലെ 'വസുധൈവ കുടുംബകം' എന്ന സങ്കല്‍പ്പത്തെ കമ്യൂണിസ്റ്റുകാരല്ല, ശ്രീ ശ്രീയാണ് എതിര്‍ക്കുന്നത് എന്ന് ഇറക്കുമതി എന്ന വാക്ക് മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റുകാരാകട്ടെ കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയുമാണ് ചെയ്യുന്നത്. പാരമ്പര്യത്തെ അന്ധമായി അപ്പാടെ സ്വീകരിക്കാന്‍ ആധുനികകാലത്ത് ആര്‍ക്കെങ്കിലും കഴിയുമോ? അങ്ങനെ സ്വീകരിച്ചുകൊള്ളണമെന്നാണ് സ്വാമി പറയുന്നതെങ്കില്‍ നിഷ്ഠുരമായ ജന്തുബലിയില്‍ അധിഷ്ഠിതമായ യജ്ഞസംസ്കാരത്തെയും ബ്രാഹ്മണപൗരോഹിത്യ മേധാവിത്വത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും എതിര്‍ക്കരുതെന്നതാണതിനര്‍ഥം. മൃഗബലിമുതല്‍ 'പുരുഷമേധം' എന്ന പേരില്‍ മനുഷ്യനെ കുരുതികൊടുക്കുന്ന ഏര്‍പ്പാടുവരെയുണ്ടായിരുന്നു നമ്മുടെ പാരമ്പര്യത്തില്‍. അക്ഷരം പഠിച്ച ശൂദ്രനെ വര്‍ജിക്കണം. ശൂദ്രന് പതിരുകലര്‍ത്തിയേ ധാന്യം അളന്ന് നല്‍കാവൂ. ജീര്‍ണവസ്ത്രമേ ശൂദ്രന് നല്‍കാവൂ. ഏതെങ്കിലും രാജാവ് അയാളുടെ 'ബുദ്ധിമോശ'ത്തിന് ഏതെങ്കിലും ശൂദ്രന് അധികാരം നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയായിരുന്നു വ്യവസ്ഥ. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. 'തന്മന്ത്രം ബ്രാഹ്മണാധീനം; ബ്രാഹ്മണോ മമ ദൈവതം' എന്നതായിരുന്നു നില. ബ്രാഹ്മണന്‍ ദൈവമാണെന്നര്‍ഥം! ബ്രാഹ്മണനെ ഏറ്റവും തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ജീര്‍ണമായ പഴയ വര്‍ണാശ്രമധര്‍മത്തെ, ചാതുര്‍വര്‍ണ്യവ്യവസ്ഥയെ എതിര്‍ക്കരുത് എന്നല്ലേ പാരമ്പര്യത്തെ എതിര്‍ക്കരുത് എന്ന് പറയുമ്പോള്‍ അര്‍ഥം. സ്വാമിയുടെ ശിഷ്യന്മാര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്നതാണോ ഇത്? പാരമ്പര്യത്തെ എതിര്‍ക്കുന്നത് അപരാധമാണെന്ന സ്വാമിയുടെ വാദം അംഗീകരിച്ചാല്‍ ശ്രീബുദ്ധന്‍പോലും അപരാധിയാണ്. ബുദ്ധന്‍ ജന്തുബലിയെ എതിര്‍ത്തു. ആത്മാവ് ഉണ്ടെന്ന നിലപാടിനെ അംഗീകരിച്ചില്ല. ദൈവത്തെക്കുറിച്ച് സംസാരിച്ചതുമില്ല!

ആത്മീയതയെ എതിര്‍ക്കുന്നുവെന്നതാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ശ്രീ ശ്രീയുടെ മറ്റൊരു ആക്ഷേപം. ഇതുകേള്‍ക്കുമ്പോള്‍ 57ല്‍ ഒരു മലയാളപത്രം എഡിറ്റോറിയലിലൂടെ പറഞ്ഞതാണ് ഓര്‍മ വരുന്നത്. 'കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ തുടരാനുവദിച്ചാല്‍ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിക്കും' എന്നതായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ പിന്നീട് എത്രതവണ അധികാരത്തില്‍ വന്നു. കേരളത്തിലെ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിച്ചോ? ഇല്ലെന്നു മാത്രമല്ല, ഒറീസയിലും കര്‍ണാടകത്തിലുമൊക്കെ സംഘപരിവാറിന്റെ ആക്രമണത്തില്‍ ജീവഭയത്തോടെ ഓടിയ ന്യൂനപക്ഷങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ സ്വന്തം പാര്‍ടി ഓഫീസില്‍ അഭയംമാത്രമല്ല, ആരാധനാ സൗകര്യംകൂടി നല്‍കുന്നത് രാജ്യം കണ്ടു. ഇനി ആത്മീയതയെ എതിര്‍ക്കുക എന്നത് അപരാധമാണെങ്കില്‍, ആ അപരാധത്തിന്റെ ധാര വളരെ ശക്തമായിത്തന്നെ ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ട്.

ഷഡ്ദര്‍ശനങ്ങളില്‍പ്പെട്ട സാംഖ്യദര്‍ശനം ഭൗതികവാദപരമായിരുന്നു. ന്യായദര്‍ശനം പണ്ടേയുണ്ടായ യുക്തിവാദംതന്നെയായിരുന്നു. വൈശേഷികം പദാര്‍ഥമാണ് എല്ലാം എന്നു വാദിക്കുന്നതായിരുന്നു. സാംഖ്യദര്‍ശനത്തെ എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ അതിനിശിതമായി എതിര്‍ത്തതുതന്നെ അതിന്റെ നിരീശ്വരവാദപരമായ സ്വഭാവംകൊണ്ടായിരുന്നു എന്നത് ഓര്‍മിക്കണം. ചാര്‍വാകദര്‍ശനം എന്ന ലോകായത ദര്‍ശനം നമ്മുടെ പൈതൃകത്തിന്റെ മറ്റൊരു മുഖമാണ്.യജ്ഞസംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് കടന്നുവന്ന 'ലോകായത'ത്തെ നാമാവശേഷമാക്കാന്‍ രാജാധിപത്യവും പൗരോഹിത്യവും കൂട്ടായി നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പാരമ്പര്യം എന്ന് ശ്രീ ശ്രീ വിശേഷിപ്പിക്കുന്നതില്‍ നിരീശ്വരവാദപരമായ ഇത്തരമൊരു പ്രബലധാരകൂടിയുണ്ട്. പക്ഷേ, ശ്രീ ശ്രീ അതു പരിഗണിക്കുന്നില്ല. പാരമ്പര്യത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ശ്രീ ശ്രീ പോലും പാരമ്പര്യത്തിലെ സജീവമായ ഈ ധാരയെ എതിര്‍ക്കുകയല്ലേ ചെയ്യുന്നത്? പാരമ്പര്യത്തിലെ നല്ല അംശങ്ങളെ ഉള്‍ക്കൊള്ളുന്നതും ചീത്തവശങ്ങളെ നിരാകരിക്കുന്നതുമായ ത്യാജ്യഗ്രാഹ്യ വിവേചനബോധത്തോടെയുള്ള സമീപനമാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്നത് എന്ന് ശ്രീ ശ്രീ മനസ്സിലാക്കണം. കമ്യൂണിസം നടപ്പാക്കുന്നതിന്റെ ഭാഗമായി പലയിടത്തും രക്തച്ചൊരിച്ചിലുണ്ടാകുന്നു എന്നുപറയുന്ന സ്വാമി, കമ്യൂണിസത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദശലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ലോകത്ത് ഹോമിക്കപ്പെട്ടിട്ടുള്ളത് എന്ന ചരിത്ര സത്യം മനസ്സിലാക്കണം. ലെനിന്‍ഗ്രാഡിനെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിനിടെ രണ്ടുകോടി കമ്യൂണിസ്റ്റുകാരെയാണ് ഹിറ്റ്ലറുടെ നാസിപ്പട കൊന്നൊടുക്കിയത്. അതിനു സമാനമായ കൂട്ടക്കുരുതി ലോകത്തുണ്ടായിട്ടില്ല. ലോകമഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിന്റെ പല ഭാഗങ്ങളില്‍ കൊന്നൊടുക്കിയവരുടെ എണ്ണം. ഇതും ശ്രീ ശ്രീ കാണുന്നില്ല. രാഷ്ട്രീയത്തിലും രാഷ്ട്രീയനേതാക്കളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് എല്ലാ രാഷ്ട്രീയത്തെയും അടച്ചാക്ഷേപിക്കുന്ന ശ്രീ ശ്രീ, പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും എ കെ ജിയെയും ഒക്കെ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള ഒരു ജനതയോടാണ് താന്‍ സംസാരിക്കുന്നത് എന്ന കാര്യം മറന്നുപോയപോലുണ്ട്.

അരാഷ്ട്രീയവല്‍ക്കരണത്തിനായുള്ള രാഷ്ട്രീയമാണ് അറിയാതെയാണെങ്കില്‍പ്പോലും സ്വാമിയുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതാകട്ടെ, ദൂഷിതമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ ഇതേപോലെ മാറ്റമില്ലാതെ നിലനിര്‍ത്താനേ സഹായിക്കൂ; അതിനെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ. രാഷ്ട്രീയത്തിന്റെ മനോഭാവത്തിനെതിരെ ആത്മീയനേതാക്കള്‍ ശബ്ദമുയര്‍ത്തണമെന്നു പറയുമ്പോള്‍, ആത്മീയനേതാക്കളുടെ ശബ്ദമുയര്‍ത്തല്‍കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒഴുകുന്ന മനുഷ്യരക്തത്തിന്റെ ചുവപ്പ് സ്വാമി കാണാതെ പോവുകകൂടിയാണ്. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എത്രയോ മടങ്ങാണ് വംശീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം.



വംശീയകലാപങ്ങളെല്ലാം രാഷ്ട്രീയാധിഷ്ഠിതമായിരുന്നില്ല; മറിച്ച് മതവിശ്വാസാധിഷ്ഠിതമായിരുന്നു. നാഥുറാം വിനായക ഗോഡ്സെയുടെമുതല്‍ ബിന്‍ലാദന്‍വരെയുള്ളവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യാജ ആത്മീയതയ്ക്കെതിരായി ജനങ്ങളെ ഉണര്‍ത്തുകയാണ്, യഥാര്‍ഥ ആത്മീയതയെന്നൊന്നുണ്ടെങ്കില്‍ അതിന്റെ പക്ഷത്ത് നില്‍ക്കുന്നവര്‍ ചെയ്യേണ്ടത്. കമ്യൂണിസ്റ്റുകാര്‍ക്ക് ആത്മീയതയോട് അയിത്തമാണെന്നു പറയുന്ന സ്വാമി കമ്യൂണിസ്റ്റുകാരുടെ അയിത്തം ആത്മീയതയോടല്ല, അതിനെ ഗ്രസിക്കുന്ന വിഷലിപ്തമായ കപട ആത്മീയതയോടാണ് എന്നത് മനസ്സിലാക്കണം. ആ കപട ആത്മീയതയുടെ പ്രതീകങ്ങളാണ് മതവിശ്വാസത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ച ഗോഡ്സെമുതല്‍ ലാദന്‍വരെയുള്ളവര്‍. അവരെ എതിര്‍ക്കുന്നുവെന്നതിനര്‍ഥം മതവിശ്വാസികളെ എതിര്‍ക്കുന്നുവെന്നല്ല. എന്നു മാത്രമല്ല, മതവിശ്വാസത്തെ ആത്മീയതയുടെ തലത്തില്‍ പരിരക്ഷിച്ചുനിര്‍ത്തണമെങ്കില്‍പ്പോലും വിശ്വാസത്തെ വിഷലിപ്തമാക്കുന്ന വഴിതിരിച്ചുവിടലുകളെ എതിര്‍ക്കേണ്ടതുണ്ടുതാനും.

Tuesday, January 8, 2013

ബിനാലെയോട് നമ്മള്‍ ചെയ്യുന്നത്


ബിനാലെയോട് നമ്മള്‍ ചെയ്യുന്നത്

എന്‍. എസ്. മാധവന്‍

മലയാള മനോരമ, 2013 January 8
               
മ്യൂസിയത്തിന്റെ തണുത്ത ചുവരുകള്‍ക്കകത്തു നിന്നു കലയെ മോചിപ്പിച്ച് ജനങ്ങളുടെ ഇടയിലേക്കു തുറന്നുവിടുന്ന പ്രദര്‍ശനികളാണു ബിനാലെകള്‍. ഇൌ ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം ഒന്നരാടം എന്നാണ്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടക്കുന്ന സംഭവം. ഒരുകാലത്തു ലോകത്തിലെ ഏറ്റവും പ്രമുഖവാണിജ്യ റിപ്പബ്ലിക്കായ വെനീസ് - നമ്മുടെ പഴയ ആമാടപ്പെട്ടികള്‍ വെനിഷ്യന്‍ വില്‍കാശുകള്‍ (ഡക്കറ്റുകള്‍) സൂക്ഷിക്കാനുള്ളതായിരുന്നു - പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ക്ഷയിച്ചു നാശോന്മുഖമായിരുന്നു.

അപ്പോഴാണ് അവിടത്തെ കവിയും ഭരണനിപുണനുമായ മേയര്‍ക്കു ബിനാലെ എന്ന ആശയം തോന്നിയത്. വെനീസില്‍ 1895ല്‍ തുടങ്ങിയ ഒന്നരാടന്‍ മറ്റു പല പ്രദര്‍ശനികള്‍ക്കും വഴിയൊരുക്കി. രണ്ടാം ലോക മഹായുദ്ധം മാനസികമായും സാമ്പത്തികവുമായും തകര്‍ത്ത ജര്‍മനി നാസിസത്തിനു ശേഷമുള്ള പുത്തന്‍ കലാജീവിതത്തിലേക്കുള്ള ആദ്യത്തെ നാമ്പുകള്‍ ഉയര്‍ത്തിയതു കാസ്സല്‍ പട്ടണത്തില്‍ 1955ല്‍ തുടങ്ങിയ 'ഡൊക്കുമെന്റ എന്നു പേരുള്ള ബിനാലെയിലൂടെയായിരുന്നു.

ഇന്ന് ഇരുന്നൂറില്‍പ്പരം ബിനാലെകള്‍ ലോകത്തിലെ പല ഭാഗങ്ങളിലായി നടക്കുന്നു. പലപ്പോഴും നഗരങ്ങള്‍ പുതുക്കുക ബിനാലെ പോലുള്ള കലാപ്രദര്‍ശിനികളിലൂടെയാണ്. ആരും കേള്‍ക്കാത്ത സ്പെയിനിലെ ബില്‍ബോ പട്ടണത്തില്‍ 1997ല്‍ ആണു ഗുഗിന്‍ഹെം മ്യൂസിയം തുറന്നത്. കഴിഞ്ഞ വര്‍ഷം പട്ടണത്തിന്റെ ജനസംഖ്യയുടെ (മൂന്നരലക്ഷം) ഇരട്ടിയിലധികം ആളുകള്‍ ബില്‍ബൊ സന്ദര്‍ശിച്ചു. ഇവിടെയാണു നാലര നൂറ്റാണ്ടുകളുടെ തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതും അവശേഷിപ്പിച്ചു പോയ അധിനിവേശത്തിന്റെ ചരിത്രമുള്ള കൊച്ചിയുടെ പ്രസക്തി. ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ടുവരെ ലോക ഭൂപടങ്ങളില്‍ തെക്കോട്ടുള്ള കപ്പല്‍പ്പാതകള്‍ അവസാനിച്ചതു മുസിരിസിലാണെങ്കില്‍ പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ അവ മലബാര്‍ തീരത്തിലേക്കും കൊച്ചിയിലേക്കുമാണ് എത്തിയത്.

കച്ചവടത്തിന്റെ പഴയ കണക്കുകളും സാമഗ്രികളും മാറിയപ്പോള്‍ കൊച്ചി അധഃപതിച്ചു. അവിടത്തെ കൊത്തളങ്ങളും ഗുദാമുകളും ഒഴിഞ്ഞുകിടന്നു. നാഗരികതയുടെയും കലയുടെയും രാസത്വരകമായ ബിനാലെയുടെ സ്വാധീനം കൊച്ചിയില്‍ മാത്രം ഒതുങ്ങുകയില്ല. വടക്കു തെയ്യങ്ങളുടെ പെരുങ്കളിയാട്ടം മുതല്‍ കേരളം എമ്പാടുമുള്ള പൂരങ്ങള്‍ പള്ളിപ്പെരുനാള്‍ തുടങ്ങിയ വലിയ കാഴ്ചകള്‍ കണ്ടു പരിചയമുള്ള മലയാളിയുടെ നയനസംസ്കാരത്തിനു ബിനാലെ പുതിയ പരിശീലനം നല്‍കുന്നു.

ചിത്രാലയങ്ങളുടെ ചുമരുകളില്‍ ദ്വിമാനമായ ചിത്രങ്ങള്‍ക്കും തറയില്‍ അങ്ങിങ്ങായി പ്രതിഷ്ഠിച്ച മൂര്‍ത്തികള്‍ക്കും അപ്പുറം കല ബിനാലെയില്‍ അന്തരീക്ഷമായി മാറുന്നു. അതുകൊണ്ട് ആസ്പിന്‍വാളിന്റെ ഒൌട്ട്ഹൌസില്‍ ഒാസ്ട്രേലിയക്കാരനായ ഡാനിയല്‍ മാര്‍ട്ടൊറെല്‍ സൃഷ്ടിച്ച സ്ഥലങ്ങളില്‍ നിങ്ങള്‍ക്കു കൊച്ചിയുടെ മണങ്ങളും ശബ്ദങ്ങളും അനുഭവിക്കാം. കൊച്ചി ബിനാലെയുടെ ആദ്യത്തെ വലിയ വിവാദം ഉണ്ടാകുന്നതു വാസ്തവത്തില്‍ കേരളത്തിലല്ല. മറിച്ചു ചൈനയിലാണ്. 2008ലെ ബെയ്ജിങ് ഒളിംപിക്സിലെ പക്ഷിക്കൂടിന്റെ ആകൃതിയിലുള്ള സ്റ്റേഡിയത്തിനു രൂപകല്‍പന നല്‍കിയ ലോകപ്രസിദ്ധനായ ചൈനാ കലാകാരന്‍ ആയ് വെയ്വെയ്ന് അവിടത്തെ സര്‍ക്കാര്‍ കൊച്ചി സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചു.

ഇൌ സംഭവമാണു ബിനാലെയെ കലാലോകത്തിന്റെ തീവ്രശ്രദ്ധയിലേക്കു കൊണ്ടുവന്നത്. ആസ്പിന്‍വാള്‍ ഹൌസില്‍ കയറുന്ന ഇടത്തില്‍ ഇരുണ്ട മുറിയില്‍ തണുത്ത മരബെഞ്ചില്‍ ഇരുന്ന് ആയ് വെയ്വെയ് സൃഷ്ടിച്ച തിളങ്ങുന്ന ചൈനയിലെ സമകാലിക ജീവിതത്തിലെ നിരാസവും മടുപ്പും കാണിക്കുന്ന വിഡിയോ ഇന്‍സ്റ്റലേഷന്‍. കല ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് ഒാര്‍മിപ്പിക്കുന്നു. പൊതുസ്ഥലത്തേക്കു കലയെ തുറന്നുവിടുമ്പോള്‍ അതു ജനാധിപത്യ സ്വഭാവം കൈവരിക്കുന്നു. പട്നയിലെ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ കാടുപിടിച്ചു കിടന്ന സ്ഥലം 2012ല്‍ ഉദ്യാനമാക്കി മാറ്റിയപ്പോള്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചെയ്ത കാര്യം ലോകപ്രസിദ്ധ കലാകാരനും ബിഹാറിയുമായ സുബോധ് ഗുപ്തയുടെ 'കള്ളിച്ചെടി എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥിരമായി സ്ഥാപിക്കുകയായിരുന്നു.

ഇന്ന് ആയിരക്കണക്കിന് ആളുകള്‍ അതു സന്ദര്‍ശിക്കുന്നു. കലയ്ക്കുവേണ്ടി പൊതുസ്ഥലങ്ങളും പൊതുസ്ഥലങ്ങളില്‍ കലയും കൊണ്ടുവരാന്‍ സര്‍ക്കാര്‍ തന്നെ വിചാരിക്കണം. കേരളം ഇൌ കാര്യത്തില്‍ പിന്നിലായിരുന്നില്ല. നാലു പതിറ്റാണ്ടു മുന്‍പുതന്നെ 1973ല്‍ ഗ്രേറ്റര്‍ കൊച്ചി ഡവലപ്മെന്റ് അതോറിട്ടി, അവരുടെ കെട്ടിടത്തിനു മുന്നില്‍ കാനായി കുഞ്ഞിരാമന്റെ 'മുക്കോല പെരുമാള്‍ എന്ന ശില്‍പം സ്ഥാപിച്ചു. ഇന്നു കൊച്ചി - മുസിരിസ് ബിനാലെയ്ക്കെതിരായി ഉയരുന്ന വിവാദങ്ങളും അതിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണവും അതിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്ന നിലയിലേക്കാണു നീങ്ങുന്നത്. ബിനാലെകളുടെ പൊതുവേയുള്ള സാമ്പത്തിക മോഡല്‍, ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരിന്റെയോ സ്വകാര്യ ഫൌണ്ടേഷനുകളുടെയോ ധനസഹായത്തില്‍ ഉൌന്നിയിട്ടുള്ളതാണ്.

അല്ലാതെ ഗാലറികളില്‍ നിന്നു തറവാടകയും കലാസൃഷ്ടികളുടെ വില്‍പനയില്‍ നിന്നു കമ്മിഷനും വാങ്ങി നടത്തുന്ന സ്വയംപര്യാപ്തമായ ആര്‍ട്ട് ഫെയറുകള്‍ പോലെ അല്ല. എന്തുകൊണ്ടു പരിഷ്കൃത ഭരണകൂടങ്ങള്‍ കലയ്ക്കായി പണം ചെലവുചെയ്യുന്നു? അതിനു കാരണം കുടിവെള്ളം പോലെ, വിധ്വംസനത്തിനാണെങ്കിലും പോര്‍വിമാനങ്ങള്‍ വാങ്ങുന്നതുപോലെ, സംസ്കാര രൂപീകരണവും സര്‍ക്കാരിന്റെ ചുമതലയാണെന്ന ബോധമാണ്. അപ്പോള്‍ സര്‍ക്കാരിനു നേരിട്ടു നടത്തിക്കൂടേ എന്നു ചോദിച്ചാല്‍ 'പാടില്ല എന്ന് ഉറക്കെ ഉത്തരം കേള്‍ക്കാവുന്ന സ്ഥലം ഇന്ത്യയാണ്. ലളിതകലാ അക്കാദമി 1968ല്‍ ആരംഭിച്ച ഇന്ത്യന്‍ ട്രിനാലെ 1990കളില്‍ നിലച്ചുപോയി.

2011ല്‍ അക്കാദമി ചെയര്‍മാന്‍ അശോക് വാജ്പേയ്, അതിന്റെ സെക്രട്ടറിയെ ജോലിയില്‍ നിന്നു പറഞ്ഞുവിടാന്‍ കാരണം ട്രിനാലെ നടത്താന്‍ നടപടി സ്വീകരിച്ചില്ലെന്നതാണ്. കഥ ഇനിയും തുടരും. കൊച്ചി - മുസിരിസ് ബിനാലെ തുടങ്ങിയതു സര്‍ക്കാര്‍ ധനസഹായം നല്‍കാമെന്ന വാഗ്ദാനത്തിന്റെ പേരിലാണ്. ആദ്യഗഡുവായി അഞ്ചുകോടി രൂപ കൊടുത്തതിനു പുറമേ അടുത്ത ഗഡു നല്‍കാമെന്ന വാഗ്ദാനവും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇൌ അഞ്ചുകോടിയില്‍ നിന്നു നല്ലൊരു ഭാഗം ഡര്‍ബാര്‍ ഹാള്‍ സജ്ജമാക്കുന്നതിനു ചെലവായി. ബില്‍ബൊവിലെയും പാരിസിലെ ലൂവ്റിലെയും വെളിച്ചം ക്രമീകരിച്ച എര്‍ക്കൊയാണ് ഇവിടെ ലൈറ്റിങ് ചെയ്തിട്ടുള്ളത്.

അങ്ങനെ രാജ്യാന്തര നിലവാരത്തിലുള്ള ഒരു ഗാലറി കേരളത്തിനു കിട്ടി. അവശേഷിച്ച തുകയില്‍നിന്നാണു തീനിന്റെയും യാത്രകളുടെയും കണക്കുകള്‍ ധനകാര്യ വിഭാഗത്തിന്റെ പരിശോധനയ്ക്കുശേഷം പുറത്തുവിട്ടിരിക്കുന്നത്. നികുതിദായകരുടെ ധനം ചെലവഴിക്കുന്നതില്‍ ഒരു പൈസപോലും വഴിവിട്ടതാകരുത് എന്നതിന് അധികാരികള്‍ കാണിച്ച ശുഷ്കാന്തി സ്വാഗതാര്‍ഹമാണ്. പ്രശ്നം മറുഭാഗത്തിന്റെ ന്യായങ്ങള്‍ കേള്‍ക്കാതെയും അഥവാ, കേട്ടതിനുശേഷവും തെറ്റെന്നു കരുതുന്ന തുക അസ്വീകാര്യമാക്കി ബിനാലെയുമായി മുന്നോട്ടുപോകാത്തതിനാലാണ്. ബിനാലെ തുടങ്ങുന്നതിനു തൊട്ടുമുന്‍പ്, ധനസഹായം നിര്‍ത്തിയതിനു പുറമേ വിജിലന്‍സ് അന്വേഷണവും ഉണ്ടാകുമെന്ന ഉന്നതതലത്തില്‍ നിന്നുള്ള പ്രസ്താവന ബിനാലെയോട് സൌമനസ്യം പുലര്‍ത്തിയ സ്വകാര്യ സ്പോണ്‍സര്‍മാരെ പിന്തിരിപ്പിച്ചു.

ഇതാണു ബിനാലെയ്ക്ക് ഏറ്റ ഏറ്റവും വലിയ അടി. മുസിരിസ് പുരാവസ്തു പദ്ധതിയില്‍നിന്ന് അഞ്ചുകോടി രൂപ വഴിവിട്ടു നല്‍കി എന്നതാണു ബിനാലെയ്ക്കെതിരായ മറ്റൊരു ആരോപണം. അതു സര്‍ക്കാര്‍തലത്തിലുള്ള നയപരമായ തീരുമാനമാണ്. അതിന്റെ ശരിതെറ്റുകളിലേക്കു കടക്കാതെ കേട്ടിരിക്കാവുന്ന ഒരു പഴയ കഥ പറയാം. ലണ്ടനിലെ ഒരു അഡ്വര്‍ടൈസിങ് കമ്പനിയില്‍ ജോലിചെയ്തിരുന്ന ഒരു ചെറുപ്പക്കാരന്‍ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായ ബി.സി. റോയിയെ കണ്ട് ഒരു സിനിമ പിടിക്കാന്‍ ധനസഹായം ചോദിച്ചു. കലാസാംസ്കാരിക വകുപ്പുകള്‍ നിലവിലില്ലാത്ത ആ കാലത്തു മുഖ്യമന്ത്രിക്കു ചെറുപ്പക്കാരനു ധനസഹായം നല്‍കാന്‍ പറ്റിയ വകുപ്പില്ലായിരുന്നു. അവസാനം അദ്ദേഹം പൊതുമരാമത്ത് (റോഡ്) വകുപ്പിനോടു തുക നല്‍കാന്‍ നിര്‍ദേശിച്ചു.

കാരണം സിനിമയുടെ പേര് 'റോഡിന്റെ പാട്ട് എന്ന് അര്‍ഥം വരുന്ന 'പഥേര്‍ പാഞ്ജലി എന്നായിരുന്നു. ആ ചെറുപ്പക്കാരന്റെ പേരു പറയേണ്ടതില്ലല്ലോ. ബിനാലെയില്‍ കലയെ പൊതുസ്ഥലത്തേക്കു തുറന്നുവിടുന്നതിന്റെ മാധ്യമം സംഘാടകന്റെ (ക്യുറേറ്റര്‍) കാഴ്ചപ്പാടാണ്. ബിനാലെ എങ്ങനെ സന്ദര്‍ശകരെയും ദേശത്തെയും ബാധിക്കണം എന്നു സംഘാടകര്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണു പ്രദര്‍ശനികള്‍ തയാറാക്കുക. കൊച്ചി - മുസിരിസ് ബിനാലെയുടെ ആദ്യപതിപ്പിന്റെ സംഘാടകര്‍ കൃഷ്ണാമചാരി ബോസും റിയാസ് കോമുമാണ്. പണം വരാനുള്ള പഴുതുകള്‍ അടഞ്ഞപ്പോള്‍ ഇവര്‍ക്കു മറ്റൊരു ചുമതല കൂടി ഏറ്റെടുക്കേണ്ടിവന്നു. തുടങ്ങുന്നതിനു മുന്‍പു നിലച്ചുപോയ ബിനാലെ സ്വന്തം കയ്യില്‍നിന്നു കാശിറക്കി നടത്തുക. സുമനസ്സുകളായ മറ്റുചില കലാകാരന്മാരും സഹായിക്കുന്നുണ്ട്.

ബിനാലെ പോലുള്ള ബൃഹത്തായ പ്രദര്‍ശനത്തിന് ഇത്തരത്തില്‍ ഒരു മോഡലും വച്ച് അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നതാണു ദുഃഖദമായ വാസ്തവം. ആഗോളകലയുമായി കൊച്ചി നേര്‍ക്കുനേര്‍ കാണുന്നത് ഇത് ആദ്യമായിട്ടല്ല. 1937ല്‍ അവിടെ താമസിച്ച്, മട്ടാഞ്ചേരി പാലസിലെ ചുവര്‍ച്ചിത്രങ്ങള്‍ പഠിച്ച അമൃത ഷെര്‍ഗില്‍ 'ബ്രഹ്മചാരികള്‍ തുടങ്ങിയ പ്രസിദ്ധമായ ചിത്രങ്ങള്‍ വരച്ചു. ഇതോര്‍ത്തത് മട്ടാഞ്ചേരി കൊട്ടാരത്തിനടുത്തുള്ള ആസ്പിന്‍വാള്‍ ഹൌസില്‍ അമൃതയുടെ അമ്മയുടെ സഹോദരിയുടെ പുത്രന്‍ വിവാന്‍ സുന്ദരത്തിന്റെ മണ്ണിന്റെ നിറത്തിലുള്ള ഇന്‍സ്റ്റലേഷന്‍ കണ്ടപ്പോഴാണ്.

കൊച്ചിയെ സ്നേഹിക്കുന്ന വിവാന്‍ ബിനാലെയുടെ നടത്തിപ്പിനായി ധനസഹായം ചെയ്തിട്ടുണ്ടെന്നാണറിഞ്ഞത്. വിനോദസഞ്ചാരരംഗത്തു കേരളത്തിനു വന്‍ കുതിപ്പു നല്‍കിയ നെടുമ്പാശേരി വിമാനത്താവളം തുടങ്ങിയ നല്ല ആശയങ്ങളുടെ വിളനിലമായിരുന്നു കൊച്ചി. അതുപോലെ തന്നെ എഫ്സി കൊച്ചിന്‍ എന്ന ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് ഫുട്ബോള്‍ ക്ളബ്, ഐപിഎല്‍ കൊച്ചി ടീം തുടങ്ങി പല ആശയങ്ങളുടെ ശവപ്പറമ്പും. ബിനാലെ ഏത് ഇനത്തില്‍പ്പെടണമെന്ന തീരുമാനം ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലാണ്. 1341ല്‍ സുനാമിയെക്കാള്‍ വലിയ തിരമാലകളും പേമാരിയും കൊടുങ്കാറ്റും ഉള്ള ഒരു ജൂണ്‍മാസദിവസം പിറന്നതാണു കൊച്ചി. വലുതും ചെറുതുമായ തെന്നലുകളെ അത് അതിജീവിക്കുമെന്ന ആശ ഇപ്പോഴും കൈവിടുന്നില്ല.

ആര്‍എസ്എസ് സ്ത്രീകളോട്

ആര്‍എസ്എസ് സ്ത്രീകളോട്

ദേശാഭിമാനി, ജനുവരി  8, 2013


സ്ത്രീകളോടുള്ള സംഘപരിവാറിന്റെ സമീപനം സര്‍സംഘചാലക് മോഹന്‍ഭഗവതിന്റെ വാക്കുകളില്‍ നിസ്സംശയം തെളിയുന്നു. സ്ത്രീകള്‍ വീട്ടുജോലിചെയ്ത് ഒതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്നാണ് ഡല്‍ഹിയില്‍ ഡിസംബര്‍ 16 ന് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തതിനെക്കുറിച്ച് പരാമര്‍ശിക്കവെ ആര്‍എസ്എസ് തലവന്‍ പറഞ്ഞത്. മധ്യപ്രദേശിലെ വാണിജ്യനഗരമായ ഇന്‍ഡോറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തിലാണ്, സഹജമായ സ്ത്രീവിരുദ്ധതയുടെ ശബ്ദം ആര്‍എസ്എസ് തലവനില്‍നിന്നുയര്‍ന്നത്. 'ഭാര്യാഭര്‍തൃബന്ധം ഒരു സാമൂഹ്യകരാറിന്റെ ഭാഗമാണെന്നും അതനുസരിച്ച് സ്ത്രീകള്‍ വീട്ടുജോലിയെടുക്കുകയും പുരുഷനെ തൃപ്തിപ്പെടുത്തുകയുമാണ് വേണ്ടതെന്നു'മാണ് അദ്ദേഹത്തിന്റെ പക്ഷം. 'പുരുഷന്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അവളെ സംരക്ഷിക്കുകയുംചെയ്യും. ഭാര്യ തന്റെ ഉത്തരവാദിത്തങ്ങളായ വീട്ടുജോലിയും പുരുഷനെ തൃപ്തിപ്പെടുത്തലും തുടരുന്നിടത്തോളം ഈ കരാറില്‍ സ്ത്രീയെ പുരുഷന്‍ നിലനിര്‍ത്തും. കരാര്‍ മാനിക്കുന്നതില്‍ സ്ത്രീ പരാജയപ്പെട്ടാല്‍ പുരുഷന് സ്ത്രീയെ തള്ളിപ്പറയാം' ഇതാണ് മോഹന്‍ഭഗവത് പറഞ്ഞത്. 'ബലാത്സംഗങ്ങള്‍ നഗരങ്ങളുടെ ഇന്ത്യയിലാണ് നടക്കുന്നതെന്നും ഗ്രാമങ്ങളുടെ ഭാരതത്തിലല്ലെന്നും' അസമിലെ സില്‍ച്ചറില്‍ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞതും വിവാദമായിരുന്നു.

സംഘപരിവാറിന്റെ ആശയപദ്ധതിയുടെ അടിത്തറതന്നെ മനുസ്മൃതിയാണ്. സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നാണ് മനുസ്മൃതി പറയുന്നത്. കുട്ടിക്കാലത്ത് അച്ഛന്റെയും യുവതിയാകുമ്പോള്‍ ഭര്‍ത്താവിന്റെയും വൃദ്ധയാകുമ്പോള്‍ മകന്റെയും സംരക്ഷണയിലാകും സ്ത്രീയെന്ന് മനുസ്മൃതി വ്യക്തമാക്കുന്നു. സ്ത്രീക്ക് സ്വന്തം നിലയില്‍ അസ്തിത്വം അനുവദിക്കാന്‍ തയ്യാറാകാത്ത ഈ മനുസ്മൃതി അടിസ്ഥാനമാക്കിയ ഭരണഘടന വേണമെന്ന് പലവട്ടം പറഞ്ഞ സംഘടനയാണ് ആര്‍എസ്എസ്. എന്‍ഡിഎ ഭരണകാലത്ത് ഭരണഘടന പൊളിച്ചെഴുതാനുള്ള സാധ്യതകള്‍ തേടി ജസ്റ്റിസ് വെങ്കടചെല്ലയ്യയുടെ നേതൃത്വത്തില്‍ ഒരു സമിതിയെപ്പോലും വാജ്പേയി സര്‍ക്കാര്‍ വച്ചിരുന്നു.

സ്ത്രീ എന്നും വീടിന്റെ അകത്തളങ്ങളില്‍ മുനിഞ്ഞു കത്തേണ്ടവളാണെന്ന തത്വശാസ്ത്രത്തിന്റെ പതാകവാഹകനായ മോഹന്‍ഭഗവതില്‍നിന്ന് ഇതുമാത്രമേ പ്രതീക്ഷിക്കാനും പാടുള്ളൂ. 'വയ്ക്കുക, വിളമ്പുക, പ്രസവിക്കുക' എന്നതാണ് ആര്‍എസ്എസിന്റെ കണ്ണില്‍ സ്ത്രീയുടെ ജീവിതദൗത്യം. അതിനപ്പുറത്തെ ലോകത്തെക്കുറിച്ചുള്ള ഒരാഗ്രഹവും അഭിലാഷവും അവള്‍ക്കുണ്ടായിരിക്കരുത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് വരരുതെന്നര്‍ഥം. അങ്ങനെ ആഗ്രഹിച്ചാല്‍ അത് ലക്ഷ്മണരേഖയുടെ ലംഘനമായിരിക്കുമെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയിലെ വ്യവസായ മന്ത്രി കൈലാസ് വിജയവര്‍ഗീയ പറഞ്ഞിട്ടുണ്ട്. സീത ലക്ഷ്മണ രേഖ ലംഘിച്ചതുകൊണ്ടാണ് രാവണന് തട്ടിക്കൊണ്ടുപോകാനായതെന്നാണ് വിജയവര്‍ഗീയ എന്ന ആര്‍എസ്എസുകാരന്റെ വാദം. തെറ്റു ചെയ്തത് രാവണനല്ല മറിച്ച്, ലക്ഷ്മണരേഖ ലംഘിച്ച സീതയാണെന്ന്. രാവണന്‍ പുരുഷനാണല്ലോ. ഇതേ ആശയമാണ് ഗുജറാത്തിലെ ആള്‍ദൈവമായ അസാറാം ബാപ്പുവും പ്രകടിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെപ്പോലെതന്നെ അതിന് വിധേയയായ ഡല്‍ഹിയിലെ പെണ്‍കുട്ടിയും കുറ്റക്കാരിയാണെന്നാണ് സംഘപരിവാറിന്റെ ആശയപദ്ധതികള്‍ സ്വീകരിക്കുന്ന ഈ ആള്‍ ദൈവത്തിന്റെ വെളിപാട്. ഒരു കൈയടിച്ചാല്‍ എങ്ങനെ ശബ്ദമുണ്ടാകുമെന്ന ചൊല്ലിലൂടെയാണ് ഹീനമായ കൃത്യത്തെ അയാള്‍ ന്യായീകരിക്കുന്നത്. സ്ത്രീകള്‍ പൊതുസമൂഹത്തിലേക്ക് വരുന്നതും പുരുഷനൊപ്പം തുല്യതയോടെ ജോലിചെയ്യുന്നതും ഫ്യൂഡല്‍ പാരമ്പര്യത്തിന്റെയും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെയും നേരവകാശികള്‍ക്ക് ഒരിക്കലും സഹിക്കുമായിരുന്നില്ല. അതുകൊണ്ടാണ് കാക്കിട്രൗസറും കുറുവടിയും ഇന്നും ഉപേക്ഷിക്കാത്തവര്‍ പെണ്‍കുട്ടികള്‍ പാവാട ധരിക്കരുതെന്ന് പറയുന്നത്.

ഗ്രാമീണ ഭാരതത്തിലല്ല ഇന്ത്യന്‍ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നതെന്ന ഭഗവത്തിന്റെ പ്രസ്താവനയും വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അഷീഷ്നന്ദിയെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ ഭഗവത്തിന്റെ പ്രസ്താവനക്കെതിരെ വസ്തുതകളുമായി രംഗത്ത് വരികയുണ്ടായി. അദ്ദേഹം നടത്തുന്ന നിരീക്ഷണം, ഗ്രാമീണ ഭാരതത്തിലാണ് എഴുപത് ശതമാനം ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും നടക്കുന്നതെന്നാണ്. ഗ്രാമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നു മാത്രമല്ല, പൊലീസ് കേസ് രജിസ്റ്റര്‍ചെയ്യുന്നുമില്ല. മാത്രമല്ല, നഗരങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ നിരക്കിലുള്ള വര്‍ധനയും ബോധനിലവാരത്തിലുള്ള വ്യത്യാസവും കാരണം ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഗ്രാമീണ ഭാരതത്തിലെ സ്ത്രീകളുടെ അവസ്ഥയറിയണമെങ്കില്‍ 'ഹിന്ദുത്വത്തിന്റെ പരീക്ഷണശാല'യായ ഗുജറാത്തിലേക്ക് പോയാല്‍ മതി. ഉത്തര ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ ഹലോല്‍ ഗ്രാമത്തില്‍ രണ്ടര വയസ്സുള്ള കുട്ടിയെ ബന്ധുതന്നെ ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ഡിസംബര്‍ 21 നാണ് ഈ സംഭവം. നാലുദിവസം കഴിഞ്ഞപ്പോള്‍ കുട്ടി മരിക്കുകയും ഹലോലില്‍ ജനങ്ങള്‍ പ്രതിഷേധ സൂചകമായി ബന്ദ് നടത്തുകയുംചെയ്തു. ഇതേ ജില്ലയില്‍തന്നെയുള്ള ലപാനി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം മറ്റൊരുഗ്രാമത്തില്‍ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചെറിഞ്ഞു. മോഡിയുടെ ഗുജറാത്തില്‍ ഈ പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ ഒരു ആശുപത്രിയും തയ്യാറായില്ല. ബലാത്സംഗമല്ല വീണ് പരിക്കേറ്റതാണെന്ന് കള്ളം പറയേണ്ടിവന്നു കുട്ടിക്ക് ചികിത്സ ലഭിക്കാന്‍. എന്നിട്ടും ഇന്ത്യക്ക് പകരം ഭാരതമെന്ന പേരിട്ടാല്‍ ഈ തിന്മ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വഹിന്ദു പരീക്ഷത്തിന്റെ 'അന്താരാഷ്ട്ര' പ്രസിഡന്റ് അശോക്സിംഗാള്‍ പറയുന്നത്.

സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനവും തടയാന്‍ ഈ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് കഴിയില്ലെന്നു മാത്രമല്ല, ആണ്‍ ആധിപത്യത്തിനും അതുവഴി ഇത്തരം ആക്രമണങ്ങള്‍ക്കും ശക്തി വര്‍ധിക്കുകയുമാണ് ചെയ്യുക. സ്ത്രീകളോടുള്ള ഈ സങ്കുചിത വര്‍ഗീയ സങ്കല്‍പ്പമാണ് പെണ്‍ഭ്രൂണഹത്യക്കുപോലും കാരണമാകുന്നതെന്നും കാണാന്‍ വിഷമമില്ല. അതായത്, സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകളെ കച്ചവടച്ചരക്കായി പ്രതിഷ്ഠിക്കുന്നതുമാത്രമല്ല, സംഘപരിവാറിന്റെ പിന്തിരിപ്പന്‍ ആശയങ്ങളും അവര്‍ക്കെതിരെയുള്ള വര്‍ധിച്ച ആക്രമണത്തിനും പീഡനത്തിനും കാരണമാകുന്നുണ്ട്. പുരുഷനൊപ്പം സ്ത്രീകള്‍ക്കും തുല്യഅവകാശവും അവസരങ്ങളും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുകയും അവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഫലപ്രദമായ സംവിധാനം കെട്ടിപ്പടുക്കുകയുമാണ് വേണ്ടത്.

Tuesday, January 1, 2013

എത്രയും വേഗം വരട്ടെ ആ നിയമഭേദഗതി

എത്രയും വേഗം വരട്ടെ ആ നിയമഭേദഗതി

(കേരളകൗമുദി മുഖപരസംഗം 2013 ജനുവരി 1)

രാജ്യ മനസ്സാക്ഷിയെ കീറിമുറിച്ച ഡൽഹി കൂട്ടമാനഭംഗ സംഭവത്തിൽ ഭരണകൂടത്തിനെതിരെ സാധാരണക്കാർ സൃഷ്ടിച്ച കലാപം വ്യർത്ഥമാകില്ലെന്ന സൂചന കണ്ടുതുടങ്ങിയത് ആശ്വാസകരമാണ്. യു.പി  ബീഹാർ അതിർത്തി ഗ്രാമത്തിൽ നിന്ന് ഡൽഹിയിൽ പാരാ മെഡിക്കൽ കോഴ്സ് പഠിക്കാനെത്തിയ ഇരുപത്തി മൂന്നുകാരിയുടെ ദാരുണ മരണം ബലാത്സംഗക്കേസുകളിൽ കൂടുതൽ കൂർത്തുമൂർത്ത ശിക്ഷാവ്യവസ്ഥകൾ കൂടിയേ തീരൂ എന്ന അനിവാര്യതയിലേക്ക് ഭരണകൂടത്തെ എത്തിച്ചിട്ടുണ്ട്. ഈ വഴിക്കുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് പരോളില്ലാതെ മുപ്പതു വർഷംവരെ തടവും ലൈംഗികശേഷി ഇല്ലാതാക്കലുമുൾപ്പെടെ കടുത്ത ശിക്ഷ നൽകുന്നതിനുള്ള കരടു ബില്ലിന് കോൺഗ്രസ് നേതൃസമിതി അംഗീകാരം നൽകിക്കഴിഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം കരടു ബില്ലിലെ വകുപ്പുകൾ കൂലംകഷമായി പരിശോധിച്ചശേഷമാണ് അതിന് പാർട്ടിയുടെ അംഗീകാരം നൽകിയത്. മാനഭംഗക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതി, മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കൽ, ഇത്തരം കേസിൽ ഉൾപ്പെടുന്നവർക്ക് ജാമ്യം നൽകാതിരിക്കൽ തുടങ്ങി നിരവധി വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് കരടു ബിൽ. പ്രതികൾക്ക് വധശിക്ഷ നൽകാനും ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്യണമെന്ന ചില പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തോട് കോൺഗ്രസിന് അനുകൂല അഭിപ്രായമല്ല ഉള്ളത്. ഇതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരണമെന്ന ആവശ്യവും പാർട്ടി തള്ളിക്കളഞ്ഞു.

ശിക്ഷയുടെ കാലപരിധി നീട്ടുന്നതുൾപ്പെടെ മാനഭംഗക്കാരെ നേരിടാൻ നിയമം കർശനമാക്കുന്നതിനെക്കുറിച്ച് തകൃതിയായ ആലോചന നടക്കുന്നതിനിടയിലും വിവിധ സ്ഥലങ്ങളിൽ മാനഭംഗ സംഭവങ്ങൾക്ക് കുറവൊന്നും കാണുന്നില്ലെന്നത് അങ്ങേയറ്റം ഉത്കണ്ഠ ജനിപ്പിക്കുന്നു. ബസിൽ പ്രാകൃതവും കിരാതവുമായ പീഡനത്തെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ട ഇരുപത്തി മൂന്നുകാരിയുടെ സംസ്കാരം നടന്ന ഞായറാഴ്ചയും ഡൽഹിയിൽ സമാനമായ ഒരു സംഭവമുണ്ടായത് വളരെയധികം നടുക്കമുണ്ടാക്കുന്നു. ബസിൽ കണ്ടക്ടറുടെ പീഡനശ്രമത്തിൽ നിന്ന് ഒരു പതിനാറുകാരി കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ ഡിസംബർ 16ന് ഓടുന്ന ബസിൽ നടന്ന കൂട്ട മാനഭംഗത്തിൽ രാഷ്‌ട്രം ഒന്നടങ്കം ഞെട്ടിവിറച്ചു നിന്ന നാളുകളിലും എത്രയോ സ്ഥലങ്ങളിൽ സ്‌ത്രീകൾ മാനഭംഗത്തിനിരയായി. വാർത്താ പ്രാധാന്യം നേടിയില്ലെന്നുവച്ച് അവയൊന്നും അവഗണിക്കാവുന്നതുമല്ല.

ഡൽഹി സംഭവം മുൻനിറുത്തി ജനങ്ങൾ ഭരണകൂടത്തിനെതിരെ കലാപത്തിന് ഇറങ്ങിയിരുന്നില്ലെങ്കിൽ ഒരു മാറ്റവും ഉണ്ടാകുമായിരുന്നില്ല എന്ന് തീർച്ചയാണ്. ബാഹ്യപ്രേരണയോ ആഹ്വാനമോ ഒന്നും കൂടാതെയാണ് ഡൽഹിയിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയത്. അണപൊട്ടി ഒഴുകിയ ജനരോഷം രാഷ്‌ട്രപതിഭവന്റെ നാലതിരും ഭേദിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഭരണാധികാരികൾക്ക് ബോധം തെളിഞ്ഞത്. മാനഭംഗക്കേസുകളിൽ ശിക്ഷ കൂടുതൽ കർക്കശമാക്കണമെന്ന വിചാരമുണ്ടായത് അങ്ങനെയാണ്.

ഇപ്പോൾ കോൺഗ്രസ് നേതൃസമിതി അംഗീകരിച്ച കരടുബിൽ എത്രയുംവേഗം പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കുമെന്നാണ് പറയുന്നത്. മാനഭംഗക്കേസുകളിൽ നൽകേണ്ട ശിക്ഷ സംബന്ധിച്ച് ഭേദഗതികൾ നിർദ്ദേശിക്കാനായി മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. വർമ്മ അദ്ധ്യക്ഷനായി കേന്ദ്രം കഴിഞ്ഞയാഴ്ച ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി ആവശ്യമായ തെളിവെടുപ്പിനുശേഷം ഒരു മാസത്തിനകം റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോൺഗ്രസ് നേതൃസമിതി അംഗീകാരം നൽകിയ കരടുബില്ലും പരിഗണനയ്ക്കായി ജസ്റ്റിസ് വർമ്മ കമ്മിറ്റി മുൻപാകെ എത്തും.

പരിശോധനകൾക്കുശേഷം വർമ്മ കമ്മിറ്റി കരടു ബില്ലിന്റെ അന്തിമ രൂപം നൽകിക്കഴിഞ്ഞാൽ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും. പാർലമെന്റ് ബഡ്ജറ്റ് സമ്മേളനത്തിനായി ഫെബ്രുവരി മദ്ധ്യത്തോടെ ചേരുന്നതിനും മുമ്പു തന്നെ ബിൽ ഓർഡിനൻസ് രൂപത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചന ഉണ്ട്. സർക്കാരിന്റെ പതിവു രീതിയിലുള്ള ഒളിച്ചുകളി ഈ വിഷയത്തിൽ ഉണ്ടാവുകയില്ലെന്നു പ്രതീക്ഷിക്കാം.

നിയമങ്ങൾ ഇല്ലാത്തതല്ല, അതു നടപ്പാക്കുന്നതിലെ അക്ഷന്തവ്യമായ വീഴ്ചകളാണ് ഇത്തരം കേസുകളിൽ സാധാരണ നിഴലിട്ടുകാണുന്നത്. നിയമം എത്ര തന്നെ കർക്കശമാക്കിയാലും നിയമ നീതിനിർവഹണ കേന്ദ്രങ്ങൾ കൂടി വിചാരിച്ചാലേ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയുള്ളൂ. നിയമം നടപ്പാക്കേണ്ട പൊലീസ് ഈ വിഷയത്തിൽ കാണിക്കാറുള്ള കാപട്യവും കുതന്ത്രങ്ങളും മുതലെടുപ്പുമെല്ലാം കുപ്രസിദ്ധമാണ്. വല്ല വിധേനയും കേസ് കോടതികളിൽ എത്തിയാൽത്തന്നെ മറ്റനേകം കേസുകളുടെ കൂട്ടത്തിൽ അവയും തീർപ്പാകാൻ വൈകുന്ന കേസുകെട്ടുകളായി മാറും. ഈ ദുര്യോഗം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് സ്‌ത്രീപീഡനക്കേസുകൾ മാത്രം കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികൾ വേണമെന്ന ആവശ്യം ഉയരുന്നത്. അതുപോലെ ജാമ്യമില്ലാത്ത കുറ്റങ്ങളുടെ പട്ടികയിൽ മാനഭംഗക്കേസുകളും ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും. ജാമ്യം നേടി പുറത്തുവന്ന് ഇരകളെയും ബന്ധുക്കളെയും നാനാവിധത്തിൽ ഭീഷണിപ്പെടുത്തി കേസിൽ നിന്നു പ്രതികൾ രക്ഷപ്പെടുന്നത് സർവസാധാരണമാണ്.

മുപ്പതു വർഷം നീളുന്ന പരോളില്ലാത്ത തടവുശിക്ഷയും ലൈംഗികശേഷി ഇല്ലാതാക്കലും കൂടുതൽ കടുത്തുപോയില്ലേ എന്നു വാദിക്കുന്നവരുണ്ടാകാം. ഇതിനു തക്ക നിയമം വന്നാലും സമൂഹത്തിൽ മാനഭംഗക്കേസുകൾക്ക് കുറവൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന് അവർ വാദിക്കുകയും ചെയ്യും. എന്നാൽ, കുറ്റവാളികൾ സത്വരമായി ശിക്ഷിക്കപ്പെടുമെന്നും നിശ്ചിത വർഷം തടവ് അനുഭവിച്ചേ മതിയാകൂ എന്നും വ്യവസ്ഥ വന്നാൽ നിന്ദ്യവും നീചവുമായ ഈ കുറ്റകൃത്യത്തിനൊരുങ്ങുന്നവർ രണ്ടാമതൊന്ന് ആലോചിച്ചശേഷമേ അതിന് ഒരുങ്ങുകയുള്ളൂ എന്ന് തീർച്ചയാണ്.

തിരിച്ചുവിളിക്കാം, പോയ നന്മകളെ

തിരിച്ചുവിളിക്കാം, പോയ നന്മകളെ

മലയാള മനോരമ മുഖപ്രസംഗം, 2013 ജനുവരി 1

ഈ മഞ്ഞുകാലത്തിന്റെ ചുണ്ടില്‍ വസന്തത്തിലേക്കുള്ള സ്വാഗതവചനമുണ്ട്. ഇലകൊഴിച്ച് ഉറക്കംതൂങ്ങിനില്‍ക്കുന്ന മരങ്ങള്‍ പൂത്തുലയുമെന്നും അതോടെ വസന്തം നിറങ്ങളാല്‍ ആനന്ദനൃത്തം ചെയ്യുമെന്നും നാം പ്രതീക്ഷിക്കുന്നു. ഇങ്ങനെയുള്ള ശുഭപ്രതീക്ഷകളുടെ പ്രതീകമാണ് ഒാരോ നവവല്‍സരദിനവും. പ്രതീക്ഷകളും പ്രതീകങ്ങളുമാണ് ഒരു സമൂഹത്തെ മുന്നോട്ടു കൈപിടിച്ചുകൊണ്ടുപോകുന്നതെന്നിരിക്കേ, പോയവര്‍ഷം മലയാളമനസ്സിലേല്‍പ്പിച്ച ആഴമുറിവുകളും വിശ്വാസഹത്യകളും പുതുവര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ മങ്ങലേല്‍പ്പിക്കുന്നുണ്ടോ?

ചരിത്രത്തിന്റെ ദീര്‍ഘമായ പ്രയാണത്തില്‍ ഒരു വര്‍ഷത്തിന്, ഒരുപക്ഷേ നൂറ്റാണ്ടിനുപോലും വലിയ പ്രസക്തിയില്ല. എണ്ണമറ്റ കലണ്ടര്‍താളുകളിലൂടെയുള്ള ഏകമുഖമായ ചരിത്രയാത്ര അതിന്റെ അനുസ്യൂതിയിലാണു ഗാംഭീര്യം കൈവരിക്കുന്നത്. പക്ഷേ, കടന്നുപോയ വര്‍ഷത്തില്‍ വീണ ചോരപ്പാടുകളും കണ്ണീര്‍ച്ചാലുകളും പുതിയ വര്‍ഷത്തെ പ്രവചനാതീതമാക്കി, ആശങ്കാകുലമാക്കുന്നുവെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ആശംസകള്‍ക്കൊപ്പം, ഈ മണ്ണില്‍ നന്മയും കരുണയും നൂറുമേനി വിളയാനുള്ള പ്രാര്‍ഥനകളോടെയാവണം നാം പുതുവര്‍ഷത്തെ വരവേല്‍ക്കേണ്ടത്.

പോയവര്‍ഷത്തിന്റെ നേട്ടങ്ങള്‍ തീര്‍ച്ചയായും ഒാര്‍ക്കേണ്ടതു തന്നെ. പക്ഷേ, അതോടൊപ്പം, ഇതിനിടെ ഉണ്ടായിപ്പോയ കോട്ടങ്ങളെ ഈ നവവര്‍ഷത്തിലെങ്കിലും മറികടക്കുകയും വേണ്ടേ? ഇക്കാലത്തിനിടെ ഭൌതികസൌകര്യങ്ങള്‍ വര്‍ധിച്ചതും ജീവിതശൈലിയിലുണ്ടായ കാലാനുസൃതമാറ്റവും ലോകത്തോടൊപ്പം തലയുയര്‍ത്തിനില്‍ക്കാന്‍ മലയാളിയെ പ്രാപ്തനാക്കിയെങ്കിലും മനസ്സുകള്‍ ഇടുങ്ങിപ്പോയതും അപരനോടു കാണിക്കേണ്ട സ്നേഹത്തിന്റെയും കരുതലിന്റെയും മഴവില്ലുകള്‍ മാഞ്ഞുപോകുന്നതും കാണാതിരിക്കുന്നതെങ്ങനെ?

കേരളം സാമൂഹികവളര്‍ച്ചയുടെ ഒട്ടേറെ പടവുകള്‍ കയറിപ്പോന്നുവെങ്കിലും നീതിഭംഗത്തിന്റെയും പരപീഡനത്തിന്റെയും കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെയും എത്രയെത്രയോ കളങ്കങ്ങള്‍ പോയവര്‍ഷവഴിയില്‍ വീണുകിടക്കുന്നുണ്ട്. സ്വന്തം ചോരയില്‍ പിറന്ന പറക്കമുറ്റാത്ത പെണ്‍കുഞ്ഞിനെ ചെറിയ തുകയുടെ മഞ്ഞളിപ്പില്‍ ലൈംഗികരോഗികളുടെ കയ്യിലേക്കു കൈമാറുന്നവരുടേതുകൂടിയായി ഇന്നു കേരളം. പിതൃഹത്യയും മാതൃഹത്യയുമൊക്കെ മലയാളിക്ക് അപരിചിതമല്ലാത്ത കാര്യങ്ങളായിത്തീര്‍ന്നിരിക്കുന്നു. വീട്ടിലെ ഒരു മുറി ഒഴിഞ്ഞുകിട്ടാന്‍ പെറ്റമ്മയെ വൃദ്ധസദനത്തിലേക്കോ പെരുവഴിയിലേക്കോ തള്ളുന്നവരും ഭാര്യയെയോ ഭര്‍ത്താവിനെയോ എന്നെന്നേക്കുമായി നിശബ്ദമാക്കാന്‍ ക്വട്ടേഷന്‍ സംഘക്കാരോടു കരാര്‍ ഉറപ്പിക്കുന്നവരുമുണ്ട് നമുക്കിടയില്‍. അയലത്തുനിന്നുയരുന്ന ദീനരോദനം കേള്‍ക്കാതിരിക്കാന്‍ ടെലിവിഷന്റെ ശബ്ദം നമ്മില്‍ പലരും കൂട്ടിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ വീട്ടില്‍നിന്നു സഹായവിലാപം ഉയരുമ്പോള്‍ വലിയ ഈ ഒച്ചകള്‍ക്കിടയില്‍ മറ്റാരും അതു കേള്‍ക്കില്ലെന്നു നമ്മളും ഒാര്‍മിക്കുന്നില്ല.

അല്ല, ഈ കേരളമല്ല പുതുവര്‍ഷത്തിലേക്കു കാലൂന്നേണ്ടത്. കളങ്കിതമല്ലാതെ കൈകളോടെ, ഹൃദയത്തെ ഒപ്പംചേര്‍ത്തുനിര്‍ത്തി വേണം ശുഭപ്രതീക്ഷകള്‍ക്കു ഹസ്തദാനം ചെയ്യാന്‍. ഈ നവവല്‍സരമെങ്കിലും സ്നേഹലിപികളാല്‍ കേരളത്തെ അടയാളപ്പെടുത്തട്ടെ. ആര്‍ത്തിയോടെ പടവെട്ടി മുന്നേറുമ്പോള്‍ വഴിയില്‍ ഉപേക്ഷിച്ച മൂല്യങ്ങളും നന്മയുടെ പാഠങ്ങളും ദ്രവിച്ചുപോകുന്നതിനു മുന്‍പെങ്കിലും തിരിച്ചെടുക്കേണ്ടതല്ലേ?

പ്രതീക്ഷയിലേക്ക് ആയിരം കൈകള്‍നീട്ടി വിടരുന്ന ജനുവരിയിലെ ആദ്യ സൂര്യോദയമാണിത്. വസന്തത്തിനുവേണ്ടി ശാഠ്യംപിടിക്കുമ്പോള്‍ ഒരു പൂങ്കുലയെങ്കിലും കയ്യിലെത്താതിരിക്കില്ല എന്നു പ്രതീക്ഷിക്കാം. ആ പ്രത്യാശയുടെ ബലത്തില്‍, തെളിമാനം പോലെയുള്ള മനസ്സോടെ പുതുവല്‍സരത്തിലേക്കു നടക്കാം.  പടികടന്നെത്തുന്ന നവവര്‍ഷം മലയാളിക്കു സമൃദ്ധിയും സമാധാനവും സമ്മാനിക്കട്ടെ.

പടിയിറക്കം 2012 ; പടികയറ്റം 2013

  • പടിയിറക്കം; പടികയറ്റം

  • ആര്‍ ഹേമലത
  • ദേശാഭിമാനിയിൽ നിന്ന്  
  • രാജ്യത്തെ സമരതാരകം എന്ന് വിശേഷിപ്പിക്കപ്പെട്ട ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ഉജ്വല വ്യക്തിത്വത്തിന്റെ വിയോഗവും വാനോളം ഉയര്‍ന്ന സുനിത വില്യംസിന്റെ ഉയര്‍ച്ചയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട വര്‍ഷമാണ് കടന്നുപോകുന്നത്. സ്ത്രീകളുടെ പോരാട്ടചരിത്രത്തില്‍ പുത്തന്‍ ഏടുകള്‍ക്ക് ജന്മംകൊടുത്ത വര്‍ഷം എന്ന ഖ്യാതിയും സ്വന്തം. പ്രതിഭാ പാട്ടീലിന്റെ പടിയിറക്കവും, മേരികോം, സൈനനെഹ്വാള്‍ തുടങ്ങിയവരുടെ കായികനേട്ടങ്ങളും അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ മലാലയ്ക്ക് വെടിയേറ്റ സംഭവവും ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ പിച്ചിച്ചീന്തിയതും വാര്‍ത്തകളില്‍ നിറഞ്ഞു. ഫേസ്ബുക്കിലെ പ്രതികരണത്തിന് രണ്ടു പെണ്‍കുട്ടികള്‍ക്ക് ലോക്കപ്പില്‍ കിടക്കേണ്ടി വന്നത് രാജ്യത്തിന് നാണക്കേടുണ്ടാക്കി. റേഡിയോ ജോക്കികളുടെ കടന്ന തമാശ ഒരു ഇന്ത്യന്‍ യുവതിയുടെ ജീവനാണ് അപഹരിച്ചത്.

    ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ലക്ഷ്മി സൈഗാള്‍ തന്റെ പോരാട്ടപാതയില്‍ സിപിഐ എമ്മിനോടൊപ്പം ചേര്‍ന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ പ്രധാന ഏടായിരുന്നു. ഡോക്ടര്‍കൂടിയായ അവര്‍ ആതുരശുശ്രൂഷാരംഗത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കിയ സേവനത്തിന്റെ ആഴം അളക്കാവുന്നതല്ല. സുനിത ബഹിരാകാശത്ത് താമസമായപ്പോള്‍ ഇന്ത്യയുടെ അഭിമാനവും ആകാശംമുട്ടി. ലോകത്തെമ്പാടും സുനിതയുടെ നാമം മുഴങ്ങി. മാനംമുട്ടെ വളരാനും പെണ്ണിന് കഴിയുമെന്ന് സുനിത ലോകത്തിന് കാട്ടിക്കൊടുത്തു. 195 ദിവസമാണ് ബഹിരാകാശത്ത് സുനിത താമസിച്ചത്. ഒഹിയോയാണ് സുനിതയുടെ ജന്മദേശമെങ്കിലും അച്ഛനും അമ്മയും ഇന്ത്യക്കാരാണ്. ഇന്ത്യയുടെ മിസൈല്‍ വനിത എന്ന നിലയിലേക്ക് ഉയര്‍ന്ന കൊച്ചുകേരളത്തിന്റെ മകള്‍ ടെസ്സി തോമസ് 2012ലെ മറ്റൊരു വിസ്മയമായി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അവാര്‍ഡ് പ്രസിഡന്റിന്റെ കൈയില്‍നിന്ന് അവര്‍ ഏറ്റുവാങ്ങി. അമ്മയെ കാണാന്‍ ഇടയ്ക്കിടെ ആലപ്പുഴയില്‍ എത്തുന്ന ടെസ്സി മലയാള പത്രങ്ങളിലും നിറഞ്ഞുനിന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലൂടെ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കൊച്ചുസുന്ദരിയാണ് മലാല യൂസഫ്സായി എന്ന സുന്ദരിക്കുട്ടി. സ്വാത് താഴ്വരയില്‍നിന്ന് പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ഉയര്‍ന്ന മലാലയുടെ ശബ്ദം ബിബിസി ഏറ്റുചൊല്ലിയത് ലോകം മുഴുവനും തരംഗമായി. ബിബിസിയിലൂടെ പുറംലോകം വായിച്ചറിഞ്ഞ അവളുടെ വാക്കുകളില്‍ അസഹിഷ്ണുതപൂണ്ട താലിബാന്‍ മതതീവ്രവാദികള്‍ നിറയൊഴിച്ചപ്പോള്‍ ലോകം മുഴുവനും മലാലയ്ക്കൊപ്പംനിന്നു. ഇന്ത്യയുടെ പരമോന്നത ഔദ്യോഗിക പീഠത്തില്‍നിന്ന് പ്രതിഭ പടിയിറങ്ങി. അധികാരത്തിന്റെ ഇടനാഴികളിലെ വളകിലുക്കം അപൂര്‍വമായിരുന്നകാലത്ത് രാഷ്ട്രീയ ജീവിതത്തിലേക്ക് പടികടന്ന പ്രതിഭാ പാട്ടീല്‍ ഭാരതത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചത് ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുടെ രോഗത്തെ സംബന്ധിച്ച അഭ്യൂഹങ്ങളും 2012നെ ചുറ്റിപ്പറ്റിനിന്നു. പിടിപ്പുകെട്ട കേന്ദ്രഭരണം, സംസ്ഥനതെരഞ്ഞെടുപ്പകളിലെ മോശം പ്രകടനം എന്നിവയ്ക്കും സോണിയ പഴികേട്ട വര്‍ഷം.

    മണിപ്പുരിലെ ആദിവാസിമേഖലയില്‍നിന്ന് ഇന്ത്യയുടെ ഇടിക്കൂട്ടിലെത്തിയ ഇരട്ടക്കുട്ടികളുടെ അമ്മയായ മേരികോം തിരുത്തിയെഴുതിയത് ഇന്ത്യയുടെ കായികചരിത്രമാണ്. 2012ലെ ഒളിമ്പിക്സില്‍ ബോക്സിങ്ങില്‍ വെങ്കലമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മേരികോം. സ്പോര്‍ട്സില്‍ ഇന്ത്യയുടെ മറ്റൊരു വനിതാരത്നംകൂടി 2012ല്‍ തിളങ്ങിനിന്നു. ബാറ്റ്മിന്റനില്‍ ഇന്ത്യ നേടുന്ന ആദ്യ ഒളിമ്പിക്സ് മെഡല്‍ എന്നത് സൈനയുടെ നേട്ടത്തില്‍ കൂട്ടിവായിക്കപ്പെട്ടു. സൂപ്പര്‍ സീരീസില്‍ ഇടംനേടിയ ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും സൈനയ്ക്കുമാത്രം അവകാശപ്പെടാനാകുന്നതാണ്. ക്രിക്കറ്റ് താരങ്ങളെ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന കായികതാരമാണ് സൈനനെഹ്വാള്‍.

    ബ്ലെസിയുടെ പുതിയ ചിത്രത്തിനുവേണ്ടി പ്രസവരംഗം ചിത്രീകരിച്ചെന്ന പേരില്‍ വിവാദത്തിന്റെ നടുവിലായ ശ്വേതാമേനോന്‍ ഏവര്‍ക്കും മറുപടി പറഞ്ഞത് മൗനംകൊണ്ടാണ്. പ്രസവചിത്രീകരണം ലോകസിനിമയില്‍ ധാരാളം ഉണ്ടായിട്ടുണ്ടെന്നും പുതുമയില്ലെന്നും തെളിയിച്ച് കൂടുതല്‍പേര്‍ രംഗത്തുവന്നതോടെ വിവാദംമാത്രം ഭക്ഷിക്കുന്ന ചിലരുടെ വായ അടഞ്ഞു.



    മോളിവുഡിലെ നക്ഷത്രലോകത്തുനിന്ന് ഒരു വനിതയുടെ തിരനോട്ടം ഉണ്ടായ വര്‍ഷംകൂടിയാണ് 2012; അഞ്ജലിമോനോന്‍. ഡോക്യുമെന്ററികളിലും ടെലിഫിലിമുകളിലും പ്രകടിപ്പിച്ച കഴിവുകളെ വലിയ ക്യാന്‍വാസിലേക്ക് പകര്‍ന്നു. 2008ലെ ഫിലിം ഫെസ്റ്റിവലില്‍ നല്ല മലയാള സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ "മഞ്ചാടിക്കുരു" പ്രദര്‍ശനത്തിനെത്തി. അഞ്ജലി രചിച്ച് 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍ അവര്‍ക്ക് പേരും പെരുമയും നേടിക്കൊടുത്തു. കോഴിക്കോട്ട് ജനിച്ച് ദുബായില്‍ വളര്‍ന്ന അഞ്ജലി യിലെ പ്രതിഭയെ തേച്ച്മിനുക്കിയത് ലണ്ടന്‍ ഫിലിം സ്കൂളാണ്്. ബാല്‍താക്കറെയുടെ മരണത്തെത്തുടര്‍ന്ന് മുംബൈയില്‍ നടന്ന നിര്‍ബന്ധിത ദുഃഖാചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച ഷെഹീന്‍ദാദയെന്ന പെണ്‍കുട്ടിയെയും ആ പോസ്റ്റ് ലൈക് ചെയ്ത റിനി ശ്രീനിവാസനെയും അറസ്റ്റു ചെയ്ത് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവവും 2012ന്റെ സംഭാവന. രാജ്യമെങ്ങും ഉയര്‍ന്ന കടുത്ത പ്രതിഷേധത്തിനൊടുവിലാണ് അവരെ വിട്ടയച്ചത്.

    ലണ്ടനില്‍ യുകെ ആശുപത്രിയിലെ ഇന്ത്യക്കാരിയായ നേഴ്സ് ജസീന്തസാധന ജീവനൊടുക്കിയത് രണ്ട് ഓസ്ട്രേലിയന്‍ ജോക്കികളുടെ ആള്‍മാറാട്ടത്തെതുടര്‍ന്നാണ്. ആശുപത്രിയില്‍ കഴിയുന്ന രാജകുമാരി കെയ്റ്റിന്റെ പ്രസവവിശേഷങ്ങള്‍ അറിയാന്‍ കൊട്ടാരത്തില്‍നിന്നാണെന്ന വ്യാജേന ജോക്കികള്‍ ഫോണ്‍വിളിച്ചു. ജസീന്തയാകട്ടെ ഔദ്യോഗികമായി പരമരഹസ്യമാക്കിവച്ചിരിക്കുന്ന വിവരങ്ങള്‍ ജോക്കികളെ തെറ്റിദ്ധരിച്ച് പറഞ്ഞുകൊടുക്കുകയുംചെയ്തു. തുടര്‍ന്നുണ്ടായ തിക്താനുഭവങ്ങള്‍ ജസീന്തയെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.

    സമരചരിത്രത്തില്‍ പുതിയൊരു വഴിവെട്ടി വീട്ടമ്മമാരുടെ സംഘടന കുടുംബശ്രീ കടന്നുപോകുന്ന വര്‍ഷത്തെ സമരവിജയികളാണ്. ലക്ഷക്കണക്കിനു കുടുംബങ്ങളിലെ ഭക്ഷണവും വിളക്കുമായ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരായ സമരം ജീവിക്കാന്‍തന്നെയുള്ള സമരമായിരുന്നു. സമരത്തിലേക്കുള്ള സ്ത്രീകളുടെ ഒഴുക്ക് കണ്ട് അക്ഷരാര്‍ഥത്തില്‍ തിരുവനന്തപുരം മാത്രമല്ല ഇവിടത്തെ മാധ്യമങ്ങളും സര്‍ക്കാരും ഞെട്ടി.

    തുച്ഛമായ ശമ്പളം നല്‍കി രാപ്പകലില്ലാതെ ജോലിചെയ്യിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നേഴ്സുമാര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് മറ്റൊരു സമരമുന്നേറ്റം. ഒട്ടേറെ ആശുപത്രികളില്‍ കാവല്‍മാലാഖമാരുടെ സമരച്ചൂട് 2012നെ സജീവമാക്കിയിരുന്നു. സര്‍ക്കാരിന്റെ അധികാര ഇടനാഴികളെ പിടിച്ചുലച്ച നേഴ്സുമാരുടെ സമരം പൂര്‍ണവിജയത്തിലെത്തിയില്ലെങ്കിലും പോരാട്ടവഴികളിലാണ്. ഇങ്ങനെ ഒറ്റയ്ക്കും കൂട്ടായും ജീവനത്തിന്റെയും അതിജീവനത്തിന്റെയും പാതയില്‍ കാലിടറാതെ മിന്നിമറഞ്ഞ സ്ത്രീസാന്നിധ്യങ്ങള്‍ വരുംവര്‍ഷങ്ങളിലും പ്രതിധ്വനിക്കുമെന്നുറപ്പാണ്.

    പടിയിറക്കം; പടികയറ്റം

    ആര്‍ ഹേമലത


    ദേശാഭിമാനിയിൽ നിന്ന് 

    രാജ്യത്തെ സമരതാരകം എന്ന് വിശേഷിപ്പിക്കപ്പെട്ട ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ഉജ്വല വ്യക്തിത്വത്തിന്റെ വിയോഗവും വാനോളം ഉയര്‍ന്ന സുനിത വില്യംസിന്റെ ഉയര്‍ച്ചയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട വര്‍ഷമാണ് കടന്നുപോകുന്നത്. സ്ത്രീകളുടെ പോരാട്ടചരിത്രത്തില്‍ പുത്തന്‍ ഏടുകള്‍ക്ക് ജന്മംകൊടുത്ത വര്‍ഷം എന്ന ഖ്യാതിയും സ്വന്തം. പ്രതിഭാ പാട്ടീലിന്റെ പടിയിറക്കവും, മേരികോം, സൈനനെഹ്വാള്‍ തുടങ്ങിയവരുടെ കായികനേട്ടങ്ങളും അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ മലാലയ്ക്ക് വെടിയേറ്റ സംഭവവും ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ പിച്ചിച്ചീന്തിയതും വാര്‍ത്തകളില്‍ നിറഞ്ഞു. ഫേസ്ബുക്കിലെ പ്രതികരണത്തിന് രണ്ടു പെണ്‍കുട്ടികള്‍ക്ക് ലോക്കപ്പില്‍ കിടക്കേണ്ടി വന്നത് രാജ്യത്തിന് നാണക്കേടുണ്ടാക്കി. റേഡിയോ ജോക്കികളുടെ കടന്ന തമാശ ഒരു ഇന്ത്യന്‍ യുവതിയുടെ ജീവനാണ് അപഹരിച്ചത്.

    ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ലക്ഷ്മി സൈഗാള്‍ തന്റെ പോരാട്ടപാതയില്‍ സിപിഐ എമ്മിനോടൊപ്പം ചേര്‍ന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ പ്രധാന ഏടായിരുന്നു. ഡോക്ടര്‍കൂടിയായ അവര്‍ ആതുരശുശ്രൂഷാരംഗത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കിയ സേവനത്തിന്റെ ആഴം അളക്കാവുന്നതല്ല. സുനിത ബഹിരാകാശത്ത് താമസമായപ്പോള്‍ ഇന്ത്യയുടെ അഭിമാനവും ആകാശംമുട്ടി. ലോകത്തെമ്പാടും സുനിതയുടെ നാമം മുഴങ്ങി. മാനംമുട്ടെ വളരാനും പെണ്ണിന് കഴിയുമെന്ന് സുനിത ലോകത്തിന് കാട്ടിക്കൊടുത്തു. 195 ദിവസമാണ് ബഹിരാകാശത്ത് സുനിത താമസിച്ചത്. ഒഹിയോയാണ് സുനിതയുടെ ജന്മദേശമെങ്കിലും അച്ഛനും അമ്മയും ഇന്ത്യക്കാരാണ്. ഇന്ത്യയുടെ മിസൈല്‍ വനിത എന്ന നിലയിലേക്ക് ഉയര്‍ന്ന കൊച്ചുകേരളത്തിന്റെ മകള്‍ ടെസ്സി തോമസ് 2012ലെ മറ്റൊരു വിസ്മയമായി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അവാര്‍ഡ് പ്രസിഡന്റിന്റെ കൈയില്‍നിന്ന് അവര്‍ ഏറ്റുവാങ്ങി. അമ്മയെ കാണാന്‍ ഇടയ്ക്കിടെ ആലപ്പുഴയില്‍ എത്തുന്ന ടെസ്സി മലയാള പത്രങ്ങളിലും നിറഞ്ഞുനിന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലൂടെ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കൊച്ചുസുന്ദരിയാണ് മലാല യൂസഫ്സായി എന്ന സുന്ദരിക്കുട്ടി. സ്വാത് താഴ്വരയില്‍നിന്ന് പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ഉയര്‍ന്ന മലാലയുടെ ശബ്ദം ബിബിസി ഏറ്റുചൊല്ലിയത് ലോകം മുഴുവനും തരംഗമായി. ബിബിസിയിലൂടെ പുറംലോകം വായിച്ചറിഞ്ഞ അവളുടെ വാക്കുകളില്‍ അസഹിഷ്ണുതപൂണ്ട താലിബാന്‍ മതതീവ്രവാദികള്‍ നിറയൊഴിച്ചപ്പോള്‍ ലോകം മുഴുവനും മലാലയ്ക്കൊപ്പംനിന്നു. ഇന്ത്യയുടെ പരമോന്നത ഔദ്യോഗിക പീഠത്തില്‍നിന്ന് പ്രതിഭ പടിയിറങ്ങി. അധികാരത്തിന്റെ ഇടനാഴികളിലെ വളകിലുക്കം അപൂര്‍വമായിരുന്നകാലത്ത് രാഷ്ട്രീയ ജീവിതത്തിലേക്ക് പടികടന്ന പ്രതിഭാ പാട്ടീല്‍ ഭാരതത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചത് ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുടെ രോഗത്തെ സംബന്ധിച്ച അഭ്യൂഹങ്ങളും 2012നെ ചുറ്റിപ്പറ്റിനിന്നു. പിടിപ്പുകെട്ട കേന്ദ്രഭരണം, സംസ്ഥനതെരഞ്ഞെടുപ്പകളിലെ മോശം പ്രകടനം എന്നിവയ്ക്കും സോണിയ പഴികേട്ട വര്‍ഷം.

     മണിപ്പുരിലെ ആദിവാസിമേഖലയില്‍നിന്ന് ഇന്ത്യയുടെ ഇടിക്കൂട്ടിലെത്തിയ ഇരട്ടക്കുട്ടികളുടെ അമ്മയായ മേരികോം തിരുത്തിയെഴുതിയത് ഇന്ത്യയുടെ കായികചരിത്രമാണ്. 2012ലെ ഒളിമ്പിക്സില്‍ ബോക്സിങ്ങില്‍ വെങ്കലമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മേരികോം. സ്പോര്‍ട്സില്‍ ഇന്ത്യയുടെ മറ്റൊരു വനിതാരത്നംകൂടി 2012ല്‍ തിളങ്ങിനിന്നു. ബാറ്റ്മിന്റനില്‍ ഇന്ത്യ നേടുന്ന ആദ്യ ഒളിമ്പിക്സ് മെഡല്‍ എന്നത് സൈനയുടെ നേട്ടത്തില്‍ കൂട്ടിവായിക്കപ്പെട്ടു. സൂപ്പര്‍ സീരീസില്‍ ഇടംനേടിയ ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും സൈനയ്ക്കുമാത്രം അവകാശപ്പെടാനാകുന്നതാണ്. ക്രിക്കറ്റ് താരങ്ങളെ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന കായികതാരമാണ് സൈനനെഹ്വാള്‍.

    ബ്ലെസിയുടെ പുതിയ ചിത്രത്തിനുവേണ്ടി പ്രസവരംഗം ചിത്രീകരിച്ചെന്ന പേരില്‍ വിവാദത്തിന്റെ നടുവിലായ ശ്വേതാമേനോന്‍ ഏവര്‍ക്കും മറുപടി പറഞ്ഞത് മൗനംകൊണ്ടാണ്. പ്രസവചിത്രീകരണം ലോകസിനിമയില്‍ ധാരാളം ഉണ്ടായിട്ടുണ്ടെന്നും പുതുമയില്ലെന്നും തെളിയിച്ച് കൂടുതല്‍പേര്‍ രംഗത്തുവന്നതോടെ വിവാദംമാത്രം ഭക്ഷിക്കുന്ന ചിലരുടെ വായ അടഞ്ഞു.

     മോളിവുഡിലെ നക്ഷത്രലോകത്തുനിന്ന് ഒരു വനിതയുടെ തിരനോട്ടം ഉണ്ടായ വര്‍ഷംകൂടിയാണ് 2012; അഞ്ജലിമോനോന്‍. ഡോക്യുമെന്ററികളിലും ടെലിഫിലിമുകളിലും പ്രകടിപ്പിച്ച കഴിവുകളെ വലിയ ക്യാന്‍വാസിലേക്ക് പകര്‍ന്നു. 2008ലെ ഫിലിം ഫെസ്റ്റിവലില്‍ നല്ല മലയാള സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ 'മഞ്ചാടിക്കുരു' പ്രദര്‍ശനത്തിനെത്തി. അഞ്ജലി രചിച്ച് 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍ അവര്‍ക്ക് പേരും പെരുമയും നേടിക്കൊടുത്തു. കോഴിക്കോട്ട് ജനിച്ച് ദുബായില്‍ വളര്‍ന്ന അഞ്ജലി യിലെ പ്രതിഭയെ തേച്ച്മിനുക്കിയത് ലണ്ടന്‍ ഫിലിം സ്കൂളാണ്്. ബാല്‍താക്കറെയുടെ മരണത്തെത്തുടര്‍ന്ന് മുംബൈയില്‍ നടന്ന നിര്‍ബന്ധിത ദുഃഖാചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച ഷെഹീന്‍ദാദയെന്ന പെണ്‍കുട്ടിയെയും ആ പോസ്റ്റ് ലൈക് ചെയ്ത റിനി ശ്രീനിവാസനെയും അറസ്റ്റു ചെയ്ത് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവവും 2012ന്റെ സംഭാവന. രാജ്യമെങ്ങും ഉയര്‍ന്ന കടുത്ത പ്രതിഷേധത്തിനൊടുവിലാണ് അവരെ വിട്ടയച്ചത്.

    ലണ്ടനില്‍ യുകെ ആശുപത്രിയിലെ ഇന്ത്യക്കാരിയായ നേഴ്സ് ജസീന്തസാധന ജീവനൊടുക്കിയത് രണ്ട് ഓസ്ട്രേലിയന്‍ ജോക്കികളുടെ ആള്‍മാറാട്ടത്തെതുടര്‍ന്നാണ്. ആശുപത്രിയില്‍ കഴിയുന്ന രാജകുമാരി കെയ്റ്റിന്റെ പ്രസവവിശേഷങ്ങള്‍ അറിയാന്‍ കൊട്ടാരത്തില്‍നിന്നാണെന്ന വ്യാജേന ജോക്കികള്‍ ഫോണ്‍വിളിച്ചു. ജസീന്തയാകട്ടെ ഔദ്യോഗികമായി പരമരഹസ്യമാക്കിവച്ചിരിക്കുന്ന വിവരങ്ങള്‍ ജോക്കികളെ തെറ്റിദ്ധരിച്ച് പറഞ്ഞുകൊടുക്കുകയുംചെയ്തു. തുടര്‍ന്നുണ്ടായ തിക്താനുഭവങ്ങള്‍ ജസീന്തയെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.

    സമരചരിത്രത്തില്‍ പുതിയൊരു വഴിവെട്ടി വീട്ടമ്മമാരുടെ സംഘടന കുടുംബശ്രീ കടന്നുപോകുന്ന വര്‍ഷത്തെ സമരവിജയികളാണ്. ലക്ഷക്കണക്കിനു കുടുംബങ്ങളിലെ ഭക്ഷണവും വിളക്കുമായ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരായ സമരം ജീവിക്കാന്‍തന്നെയുള്ള സമരമായിരുന്നു. സമരത്തിലേക്കുള്ള സ്ത്രീകളുടെ ഒഴുക്ക് കണ്ട് അക്ഷരാര്‍ഥത്തില്‍ തിരുവനന്തപുരം മാത്രമല്ല ഇവിടത്തെ മാധ്യമങ്ങളും സര്‍ക്കാരും ഞെട്ടി.

    തുച്ഛമായ ശമ്പളം നല്‍കി രാപ്പകലില്ലാതെ ജോലിചെയ്യിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നേഴ്സുമാര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് മറ്റൊരു സമരമുന്നേറ്റം. ഒട്ടേറെ ആശുപത്രികളില്‍ കാവല്‍മാലാഖമാരുടെ സമരച്ചൂട് 2012നെ സജീവമാക്കിയിരുന്നു. സര്‍ക്കാരിന്റെ അധികാര ഇടനാഴികളെ പിടിച്ചുലച്ച നേഴ്സുമാരുടെ സമരം പൂര്‍ണവിജയത്തിലെത്തിയില്ലെങ്കിലും പോരാട്ടവഴികളിലാണ്. ഇങ്ങനെ ഒറ്റയ്ക്കും കൂട്ടായും ജീവനത്തിന്റെയും അതിജീവനത്തിന്റെയും പാതയില്‍ കാലിടറാതെ മിന്നിമറഞ്ഞ സ്ത്രീസാന്നിധ്യങ്ങള്‍ വരുംവര്‍ഷങ്ങളിലും പ്രതിധ്വനിക്കുമെന്നുറപ്പാണ്.
     

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്