വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, April 18, 2012

വിശ്വാസികളെ വഞ്ചിക്കുന്നവര്‍

വിശ്വാസികളെ വഞ്ചിക്കുന്നവര്‍
ദേശഭിമാനി മുഖപ്രസംഗം, Posted on: 18-Apr-2012 12:23 AM
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണ് ഹജ്ജ്. ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദേശിച്ച മാതൃകയില്‍ ദുല്‍ഹജ്ജ് മാസം എട്ടുമുതല്‍ 12വരെ മക്കയിലേക്ക് നടത്തുന്ന ഹജ്ജ് തീര്‍ഥാടനത്തെ ഇസ്ലാം മതവിശ്വാസികള്‍ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായാണ് കാണുന്നത്. അത്തരമൊന്നിനെ വാണിജ്യവല്‍ക്കരിക്കാനും രാഷ്ട്രീയപ്രീണനത്തിനുള്ള ഉപകരണമാക്കാനും തയ്യാറാകുന്ന മ്ലേച്ഛമായ നടപടിക്കെതിരെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി കടുത്ത ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയത്.

ഹജ്ജ് തീര്‍ഥാടനകാലത്ത് ഇന്ത്യയില്‍നിന്ന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘം എന്നപേരില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ ചെലവില്‍ വര്‍ഷങ്ങളായി അയച്ചുവരികയാണ്. ആ സംഘത്തില്‍ ഉള്‍പ്പെട്ട് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് ഹജ്ജിനുപോയവരുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. ഖജനാവ് കൊള്ളയടിയുടെ ഏറ്റവും പരിഹാസ്യമായ അധ്യായമാണ് ആ പട്ടികയിലൂടെ മറനീക്കിയത്. സൗഹൃദസംഘത്തില്‍ ഒന്നിലേറെ തവണ സൗജന്യമായി ഹജ്ജ് യാത്ര നടത്തിയവരില്‍ മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ട നിരയാണുള്ളത്. ഹൈദരലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ്, ഇ ടി മുഹമ്മദ്ബഷീര്‍, അബ്ദുസമദ് സമദാനി, എം കെ മുനീര്‍, ചെര്‍ക്കളം അബ്ദുള്ള, പി വി അബ്ദുള്‍ വഹാബ്, പാണക്കാട് അബ്ബാസ് അലി ശിഹാബ്തങ്ങള്‍, സാദിഖലി ശിഹാബ്തങ്ങള്‍, ടി എച്ച് മുസ്തഫ, എം എം ഹസ്സന്‍ എന്നിങ്ങനെയാണ് ആ പട്ടിക നീളുന്നത്.

ഇന്തോ-പാക് യുദ്ധാനന്തരം ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ നടത്തിയ നുണപ്രചാരണത്തെ ചെറുക്കുന്നതിനാണ്, 1967ല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആദ്യമായി സൗഹൃദസംഘത്തെ അയച്ചത്. ആ പതിവ് പിന്നീടുള്ള വര്‍ഷങ്ങളില്‍ തുടര്‍ന്നു. പക്ഷേ, സംഘത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചുവന്നു. 2006ല്‍ അത് 49 ആയി. സ്വാധീനംചെലുത്തി സര്‍ക്കാര്‍ പട്ടികയില്‍ കയറിപ്പറ്റി പലതവണ ഹജ്ജിനുപോകാന്‍ ഭരണകക്ഷിയുടെ പ്രമുഖ നേതാക്കള്‍തന്നെ തുനിഞ്ഞിറങ്ങി. ഹജ്ജ് യാത്രയ്ക്ക് പണം മുടക്കാനില്ലാതെ ആയിരക്കണക്കിന് വിശ്വാസികള്‍ സങ്കടപ്പെടുമ്പോഴാണ് നേതാക്കള്‍ സൗജന്യയാത്ര തരപ്പെടുത്തി പലവട്ടം ഹജ്ജിനുപോയത്. ഇപ്പോള്‍ സംഘത്തിന്റെ എണ്ണം 32 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ഇനി അത് പത്തായി ചുരുക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. രാജ്യത്തോടും ജനങ്ങളോടും ഇസ്ലാംമത വിശ്വാസികളോടും ചെയ്യുന്ന കടുത്ത അനീതി എന്ന നിലയിലാണ് സുപ്രീംകോടതി ഇതിനെ കണ്ടത്. പാകിസ്ഥാനില്‍നിന്നുള്ള സംഘം ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയ സാഹചര്യം ഇന്ന് നിലവിലില്ല. അതുകൊണ്ടുതന്നെ സൗഹൃദസംഘം അപ്രസക്തമാണ്. സൗഹൃദസംഘത്തെ അയക്കുന്നത് മൂന്നോ നാലോ വര്‍ഷംകൊണ്ട് സര്‍ക്കാര്‍ നിര്‍ത്തലാക്കണം- ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജനപ്രസാദ് ദേശായി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സംശയത്തിനിടയില്ലാത്ത വിധമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ചെലവില്‍ ചില വിഐപികളെ തുടര്‍ച്ചയായി ഹജ്ജിന് കൊണ്ടുപോകുന്നതില്‍ കോടതി ആശ്ചര്യം പൂണ്ടു. രാഷ്ട്രീയസ്വാധീനത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ സൗഹൃദസംഘത്തിലേക്ക് സര്‍ക്കാര്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ലെന്നും പരമോന്നതകോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും കോടതിയുടെ ഇടപെടലിലൂടെയാണ്. സബ്സിഡിയോടെയുള്ള ഹജ്ജ് തീര്‍ഥാടനം പണവും സ്വാധീനവുമുള്ളവര്‍ക്ക് മാത്രം ലഭിക്കുകയും ഇക്കാര്യത്തില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൃത്യമായ വിശദീകരണം തേടുകയാണുണ്ടായത്. ഹജ്ജ് തീര്‍ഥാടനം കുറെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കോടികള്‍ കൊയ്യാനുള്ള ഒന്നായി മാറിയിട്ടുണ്ട്. ഇക്കൊല്ലം ഇന്ത്യയില്‍നിന്ന് 1.70 ലക്ഷംപേര്‍ ഹജ്ജിനുപോകുന്നതില്‍ 1.25 ലക്ഷംപേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമായിരിക്കും യാത്ര നടത്തുന്നത്. സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് ഒരു ഭാഗം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കണമെന്ന് മുംബൈ ഹൈക്കോടതി ഈയിടെ വിധിച്ചിരുന്നു. അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയാണ് ഹജ്ജുമായി ബന്ധപ്പെട്ട് നടക്കുന്ന ആശാസ്യമല്ലാത്ത പ്രവണതകള്‍ ചൂണ്ടിക്കാട്ടാന്‍ സുപ്രീംകോടതിക്ക് അവസരമൊരുക്കിയത്.

ഹജ്ജിന്റെ കാര്യത്തില്‍ കച്ചവടക്കണ്ണ് അനുവദിക്കാനാകില്ലെന്ന് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കോടതി ശക്തമായ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഹജ്ജിന് ഒരിക്കല്‍പ്പോലും പോകാത്തവരുടെ അപേക്ഷകള്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കും മൂന്നുതവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കും പ്രത്യേക പരിഗണന നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. തീര്‍ത്തും മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് തീര്‍ഥാടനം. അതിനെ അവിഹിതനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് വിശ്വാസത്തോടുള്ള കടുത്ത അവഹേളനംതന്നെയാണ്. പലവട്ടം ശ്രമിച്ചിട്ടും അവസരം കിട്ടാത്തവര്‍ നാട്ടിലുണ്ടായിരിക്കെ, സര്‍ക്കാരില്‍ സ്വാധീനംചെലുത്തി ഒരുപൈസ മുടക്കില്ലാതെ പലവട്ടം പോയിവരുന്ന രാഷ്ട്രീയനേതാക്കള്‍ നാടിന് അപമാനംതന്നെ. അവരുടെ കൂറും താല്‍പ്പര്യവും അധികാരത്തിന്റെ അപരിമിതമായ സൗകര്യങ്ങളോടാണ്; വോട്ടുചെയ്ത് ജയിപ്പിക്കുന്ന ജനങ്ങളോടല്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നവര്‍തന്നെയാണ് ഈ പണിയും ചെയ്യുന്നതെന്നോര്‍ക്കണം. പണം കുന്നുകൂട്ടാനും അഴിമതി നടത്താനുമുള്ളതാണ് അവര്‍ക്ക് മതവിശ്വാസംപോലും. അത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന ആഹ്വാനം കൂടിയാണ് സുപ്രീംകോടതിയുടെ ഇടപെടലില്‍ വായിച്ചെടുക്കാനാകുന്നത്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്