വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, April 30, 2012

അഴിമതിക്കാര്‍ക്ക് ലക്ഷ്മണരേഖ

അഴിമതിക്കാര്‍ക്ക് ലക്ഷ്മണരേഖ

 (മലയാള മനോരമ മുഖപ്രസംഗം, 2012  ഏപ്രിൽ 30)

വ്യത്യസ്തമായ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്കു വ്യത്യസ്തവും ആഴമേറിയതുമായ ഒരു തിരിച്ചടിയാണ് ബംഗാരു ലക്ഷ്മണ്‍ കേസില്‍ സംഭവിച്ചിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധ ഉപകരണം വാങ്ങലിനു വേണ്ട ഒത്താശ നല്‍കാമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ കോഴപ്പണം വാങ്ങിയ കേസില്‍ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണനു സിബിഐ പ്രത്യേക കോടതി നാലു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരിക്കുകയാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഴിമതിക്കുറ്റത്തിനു ജയിലിലാകുന്നത് ആദ്യമാണ്.

ആയുധക്കമ്പനിയുടെ ഇടനിലക്കാരെന്നു ഭാവിച്ചു തെഹല്‍കയുടെ മാധ്യമ പ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനത്തെത്തി ബംഗാരുവിനെ സമീപിക്കുകയായിരുന്നു. ബംഗാരു കോഴ വാങ്ങുന്ന ഒളിക്യാമറ ദൃശ്യം അന്നേ ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, സമതാ പാര്‍ട്ടി അധ്യക്ഷ ജയ ജയ്റ്റ്ലി എന്നിവരെ കൂടി ആ കാലയളവില്‍ കുരുക്കിലാക്കിയ തെഹല്‍കയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞതും  ബിജെപിക്കു കളങ്കമായി.

സിബിഐയെ കേസ് അന്വേഷണം  ഏല്‍പ്പിക്കുന്നതിനു പകരം ജുഡീഷ്യല്‍ കമ്മിഷനെ എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ചതുതന്നെ കേസ് വൈകിപ്പിക്കാനായിരുന്നു എന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. ആദ്യം ജസ്റ്റിസ് കെ. വെങ്കിട സ്വാമിയും പിന്നീട് ജസ്റ്റിസ് എസ്.എന്‍. ഫുക്കനും കമ്മിഷന്‍ അധ്യക്ഷരായി. ഫുക്കന്‍ കമ്മിഷന്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കമ്മിഷനു കേന്ദ്രസര്‍ക്കാര്‍  നല്‍കിയ അന്വേഷണ വിഷയങ്ങള്‍ മര്‍മവിഷയത്തെ കാര്യമായി സ്പര്‍ശിക്കാതെയുമായിരുന്നു. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥവുമല്ല. യുപിഎ ഭരണമേറ്റതിനെത്തുടര്‍ന്ന് ഫുക്കന്‍ റിപ്പോര്‍ട്ട് തള്ളി സിബിഐ അന്വേഷണത്തിനു 2004ല്‍ ഉത്തരവിട്ടു. ആ കേസിലാണ് സംഭവത്തിന്റെ 11 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ വിധിയായിരിക്കുന്നത്. 

ജുഡീഷ്യല്‍ അന്വേഷണത്തില്‍  നേതാക്കളുടെ അഴിമതി രേഖപ്പെടുത്തിയ ടേപ്പുകള്‍ ഉള്‍പ്പെടുത്താതിരുന്ന ബിജെപി സര്‍ക്കാര്‍ തുടര്‍ന്നു തെഹല്‍കയ്ക്കെതിരെയും അതില്‍ മുതല്‍മുടക്കിയവര്‍ക്കെതിരെയും  അന്വേഷണവുമായി ഇറങ്ങിത്തിരിക്കുകയുണ്ടായി. തെഹല്‍കയുടെ  ഇ. പേപ്പറിന്റെ പ്രസിദ്ധീകരണം അടച്ചുപൂട്ടിച്ചു. ഇത് അഴിമതി പുറത്തുകൊണ്ടുവരുന്നവരെ ശിക്ഷിക്കുന്നതിനു തുല്യമല്ലേ? നേതാക്കളെ കുരുക്കിലാക്കാന്‍ തെഹല്‍ക പ്രയോഗിച്ച തന്ത്രം വിവാദപരമാണെങ്കില്‍ത്തന്നെയും രാഷ്ട്രീയക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുകൊണ്ടുവരുന്നവര്‍ക്കുള്ള താക്കീതല്ലേ അന്നു കേന്ദ്രം ഭരിച്ചവര്‍ നല്‍കിയത്? ഈ സംഭവത്തിനു ശേഷം 11 എംപിമാര്‍ കൈക്കൂലി വാങ്ങിയതായി മറ്റൊരു ഒളിക്യാമറ പ്രയോഗത്തിലൂടെ തെളിയുകയും അവരുടെയെല്ലാം അംഗത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

അഴിമതി വിരുദ്ധ നിലപാട് പാര്‍ട്ടിയുടെ മുഖ്യ അജന്‍ഡയായി സ്വീകരിച്ചുപോരുന്ന ബിജെപിക്ക് തിരിച്ചടി കിട്ടുന്നത് ആദ്യമല്ല. ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ അഴിമതിക്കറ പുരണ്ട മറ്റു പാര്‍ട്ടിനേതാക്കളെ സ്വീകരിച്ചു സ്ഥാനാര്‍ഥികളാക്കിയത് ബിജെപിയുടെ കേന്ദ്രനേതൃത്വത്തില്‍  തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കര്‍ണാടകയിലെ ബിജെപിയുടെ യെഡിയൂരപ്പ സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ കഥകള്‍ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നു.  രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും ചെയ്യാമെന്ന ചിന്താഗതി ശരിയല്ലെന്ന മുന്നറിയിപ്പാണ് ഈ വിധിയിലൂടെ കോടതി നല്‍കിയിരിക്കുന്നത്.

പാവം ബംഗാരു

പാവം ബംഗാരു

(കേരളകൌമുദി മുഖപ്രസംഗം, 2012  ഏപ്രിൽ 30)

വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണ്‍ ആയുധ ഇടപാട് ഒപ്പിച്ചു കൊടുക്കാമെന്ന് ഉറപ്പു നല്‍കി ഒരുലക്ഷം രൂപ കോഴ വാങ്ങിയ കേസില്‍ സി.ബി.ഐ കോടതി അദ്ദേഹത്തിന് നാലു വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുകയാണ്. കോടതിയുടെ ശിക്ഷാവിധി വരുന്നത് ദീര്‍ഘമായ പതിനൊന്നു വര്‍ഷത്തിനുശേഷമാണ്. കളങ്കിതനായി പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം മാത്രമല്ല, സജീവ രാഷ്ട്രീയത്തില്‍ നിന്നുതന്നെ അദ്ദേഹത്തിന് ഒഴിഞ്ഞു നില്‍ക്കേണ്ടിവന്നത് വര്‍ത്തമാനകാല രാഷ്ട്രീയത്തിലുള്ള പലരേയുംപോലെ പിടിച്ചുനില്‍ക്കാനോ പിന്തുണയ്ക്കാനോ ആരുമില്ലാതിരുന്നതിനാലാണ്.

ആയുധ ഇടപാടുകളില്‍ മാത്രമല്ല, ഏതു വന്‍ കരാറുകളുടെയും പിന്നില്‍ വന്നുമറിയുന്ന കോഴപ്പണത്തിന്റെ കണക്ക് ഏതൊരു സാധാരണ പൌരനും ഇന്ന് മനപ്പാഠമാണ്. ഇല്ലാത്ത ബ്രിട്ടീഷ് കമ്പനിയുടെ ഇടനിലക്കാരെന്ന വ്യാജേന ഒളികാമറയുമായി സമീപിച്ച 'തെഹല്‍ക' പോര്‍ട്ടലിലെ മാദ്ധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ബംഗാരു ലക്ഷ്മണനു പറ്റിയ അബദ്ധം. ബി.ജെ.പി ആസ്ഥാനത്തുവച്ചുതന്നെ അദ്ദേഹം കോഴപ്പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് വാര്‍ത്താചാനലുകള്‍ക്ക് ദിവസങ്ങളോളം വിരുന്നാവുകയും ചെയ്തു. അഴിമതി നിരോധന നിയമപ്രകാരമാണ് സി.ബി.ഐ കോടതി ബംഗാരുവിനെ കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതും. അഴിമതി നിരോധന നിയമ പ്രകാരം ഒരു രൂപ കൈക്കൂലി വാങ്ങിയാലും ശിക്ഷ ശിക്ഷ തന്നെയാണ്. മുന്‍ പാര്‍ട്ടി അദ്ധ്യക്ഷനു ലഭിച്ച ശിക്ഷ അഴിമതിക്കെതിരെ പാര്‍ലമെന്റിലും പുറത്തും വലിയ പോരാട്ടം നടത്താറുള്ള ബി.ജെ.പിക്കും വലിയ പ്രഹരവും നാണക്കേടുമാണ്.

സമൂഹത്തില്‍ ഏറ്റവും താഴേക്കിടയില്‍ നിന്ന് ബി.ജെ.പിയുടെ അദ്ധ്യക്ഷസ്ഥാനം വരെ ഉയര്‍ന്ന ബംഗാരു ലക്ഷ്മണന് നേരിട്ട ഈ അവമതി സമീപകാല രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും ഗ്രസിച്ചിട്ടുള്ള അഴിമതിയെന്ന മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളതെന്ന കാര്യം വിസ്മരിക്കരുത്. ഒന്നേമുക്കാല്‍ലക്ഷം കോടി രൂപയുടെ ടു ജി കുംഭകോണത്തില്‍ ഉള്‍പ്പെട്ട് ജയിലിലായ കേന്ദ്രമന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയും കഥ മുന്നിലുണ്ട്. ആദര്‍ശ് ഹൌസിംഗ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, ഖനി കുംഭകോണം, എണ്ണ-പ്രകൃതി വാതക കുംഭകോണം തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര അഴിമതിക്കഥകളിലൂടെ നിത്യവും കടന്നുപോകുന്ന ജനങ്ങള്‍ക്ക് വെറും ഒരു ലക്ഷം രൂപയുടെ ഈ അഴിമതിക്കഥ പരിഹാസ്യമായി തോന്നിയേക്കാം.

ബംഗാരുവിനെ ശിക്ഷിപ്പിക്കാന്‍ തക്ക തെളിവുമായി സമര്‍ത്ഥമായി കേസന്വേഷണം നടത്തിയ സി.ബി.ഐ തന്നെയാണ് ബോഫോഴ്സ് കോഴക്കേസിലെ മുഖ്യപ്രതി ഇറ്റലിക്കാരനായ ഒട്ടോവിയോ ക്വട്രോച്ചിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതും തെളിവില്ലെന്നു പറഞ്ഞ് ഒടുവില്‍ കേസ് തന്നെ എഴുതിത്തള്ളിയതും. ബംഗാരുവിനെ പ്രത്യേക കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ച ദിവസം ലോക്സഭയില്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ രാജിക്കു വേണ്ടി ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നടത്തിയ വാദ കോലാഹലങ്ങളും അഴിമതിയില്‍ ഊന്നിയുള്ളതാണ്. ടു-ജി കുംഭകോണത്തില്‍ സി.ബി.ഐയുടെ പിടിയില്‍പ്പെടാതെ രക്ഷപ്പെടാന്‍ ചിദംബരത്തിനു കഴിഞ്ഞു. കേസില്‍ കുടുക്കാന്‍ ജനതാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി കെട്ടുകണക്കിനു തെളിവുകളുമായി ഡല്‍ഹിയിലെ സര്‍വ കോടതികളും കയറിയെങ്കിലും കസേരയുടെ ബലത്തില്‍ സാമര്‍ത്ഥ്യപൂര്‍വം പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇപ്പോള്‍ മകന്‍ കാര്‍ത്തിക് ചിദംബരത്തിന്റെ കമ്പനിക്ക് അനര്‍ഹമായി ആനുകൂല്യം നേടിക്കൊടുത്തതിന്റെ പേരിലാണ് ചിദംബരം ആരോപണ വിധേയനായിരിക്കുന്നത്. 2006-ല്‍ ധനകാര്യമന്ത്രിയായിരിക്കെ ചിദംബരം എയര്‍സെല്‍ എന്ന മൊബൈല്‍ കമ്പനി മലേഷ്യന്‍ കമ്പനിയായ മാക്സിസിനു വില്‍ക്കാന്‍ തടസ്സം നിന്നത് മകന്റെ കമ്പനിക്കു വേണ്ടിയായിരുന്നു എന്നാണ് പുതിയ ആരോപണം. ഒടുവില്‍ മകന്റെ കമ്പനിക്ക് എയര്‍ സെല്ലില്‍ മതിയായ തോതില്‍ ഓഹരി പങ്കാളിത്തം ലഭിച്ചതിനു ശേഷമാണ് വില്പനാനുമതി നല്‍കിയതത്രെ.

യശഃശരീരനായ രാജീവ്ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്തിയ ബോഫോഴ്സ് കോഴക്കേസ് അവസാനിച്ചുവെങ്കിലും അതുസംബന്ധിച്ച സ്വീഡിഷ് പൊലീസ് മേധാവിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ യു.പി.എ ഭരണകൂടം മൂടിവയ്ക്കാന്‍ ശ്രമിച്ച പലതും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആണ്ടോടാണ്ട് രാജ്യത്തിന്റെ പ്രതിരോധ വിഹിതം മാനംമുട്ടെ ഉയരുന്നതിനൊപ്പം ആയുധ ഇടപാടുകള്‍ക്ക് പിന്നിലുള്ള കോഴയും അളവില്ലാതെ വര്‍ദ്ധിക്കുന്നുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണെന്നാണ് കണക്ക്. കരാറുകള്‍ നേടാന്‍ ആയുധ നിര്‍മ്മാണ കമ്പനികള്‍ 'പേ ഓഫ്' എന്ന പേരില്‍ ഇറക്കുന്ന കോടികള്‍ വിദേശ ബാങ്കുകളിലെ രഹസ്യ അക്കൌണ്ടുകളില്‍ എത്തുന്നത് ലോക നടപ്പായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അങ്ങേയറ്റം പാവത്താനായതുകൊണ്ടാണ് വെറും ഒരു ലക്ഷത്തിന്റെ നോട്ടുകെട്ട് കണ്ടപ്പോള്‍ മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ വീണുപോയത്. അഴിമതിയുടെ സാഗരത്തില്‍ തിമിര്‍ത്തു മദിക്കുന്ന വന്‍ സ്രാവുകള്‍ക്കിടയില്‍ ബംഗാരു ലക്ഷ്മണ്‍ ഒരു പൂഞ്ഞാന്‍പോലു മാകുന്നില്ലെങ്കിലും ശിക്ഷിക്കപ്പെട്ടു എന്നതാണ് വിധി വൈപരീത്യം.

പോരാട്ടം ശക്തിപ്പെടുത്തുക

പോരാട്ടം ശക്തിപ്പെടുത്തുക

ദേശാഭിമാനി, 2012  ഏപ്രിൽ 30

വര്‍ഗസമരത്തോടും എല്ലാതരത്തിലുമുള്ള ചൂഷണങ്ങളില്‍നിന്ന് മനുഷ്യസമൂഹത്തെ മോചിപ്പിക്കുന്നതിനായുള്ള പോരാട്ടങ്ങളോടുമുള്ള അര്‍പ്പണബോധത്തെ സിഐടിയു ഈ മെയ് ദിനത്തില്‍ ഒന്നുകൂടി ദൃഢപ്പെടുത്തുന്നു. ഒരു ശതമാനം ഉടമവര്‍ഗം 99 ശതമാനം സാധാരണക്കാരെ കൊള്ളയടിക്കുന്നത് തുടരാന്‍ അനുവദിക്കുന്ന നവഉദാരമുതലാളിത്ത വ്യവസ്ഥയ്ക്ക് എതിരായുള്ള അമര്‍ഷം ലോകത്താകെയുള്ള തൊഴിലാളികളും ജീവിതത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളും ശക്തമായി പ്രകടിപ്പിക്കുന്നു. ഫെബ്രുവരി 28ലെ ദേശീയ പണിമുടക്കിന്റെ ഐതിഹാസിക വിജയത്തില്‍നിന്ന്, മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടും അര്‍പ്പണബോധത്തോടുംകൂടി മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്ത് ആര്‍ജിച്ചാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗം മെയ്ദിനം ആചരിക്കുന്നത്. അനശ്വരനായ വിപ്ലവനായകന്‍ സ: പി സുന്ദരയ്യയുടെ ജന്മശതാബ്ദിയുടെ അവസരംകൂടിയാണ് ഈ ആണ്ടത്തെ മെയ്ദിനം. ചൂഷിതവര്‍ഗങ്ങളുടെ മോചനത്തിനായി വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത ഈ ആദരണീയനായ പോരാളിക്ക് സിഐടിയു അഭിവാദ്യം അര്‍പ്പിക്കുന്നു.

സഹോദര പ്രസ്ഥാനങ്ങള്‍ക്ക് ആശംസ

ശാസ്ത്രീയ സോഷ്യലിസത്തിന്റെ തത്വങ്ങളെ സംരക്ഷിക്കുന്നതിനുള്ള  പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവുമായുള്ള അന്തര്‍ദേശീയ ഐക്യദാര്‍ഢ്യം സിഐടിയു ഈ മെയ്ദിനത്തില്‍ ഒന്നുകൂടി ശക്തിപ്പെടുത്തുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ പ്രതിവിപ്ലവം അഴിച്ചുവിട്ട് മുതലാളിത്തത്തെ പുനഃസ്ഥാപിക്കാന്‍ നിരന്തരം ഗൂഢാലോചന നടത്തുന്ന ശത്രുക്കളെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷപുരോഗമന ശക്തികള്‍ക്കാകുമെന്ന് സിഐടിയു വിശ്വസിക്കുന്നു. കാര്‍ഷിക പ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമാവുകയാണ്. ഇതു കാരണം ദാരിദ്ര്യം വര്‍ധിക്കുന്നു. കാര്‍ഷിക മേഖലയിലെ തൊഴില്‍ലഭ്യതയിലും വരുമാനത്തിലും ഇടിവുണ്ടാകുന്നു. കര്‍ഷക ആത്മഹത്യ പെരുകുന്നു. അതിജീവനത്തിനായി ഈ ദുരിതങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷക തൊഴിലാളികള്‍ക്കും ദരിദ്രനാമമാത്ര കര്‍ഷകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം

ദശകങ്ങളായി വെസ്റ്റ് ബാങ്കിലും ഗാസയിലും പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ തുടരുന്ന അധിനിവേശം, അതിക്രമം, ഉപരോധം എന്നിവയ്ക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കും എതിരെ സിഐടിയു ശക്തമായ അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടക്കുന്ന ഇത്തരം പ്രാകൃതവും ഹീനവുമായ നടപടികളെ അപലപിക്കുന്നു. പലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ശക്തമായ പിന്‍തുണ നല്‍കുന്നതിനുള്ള മനുഷ്യത്വപരവും ധാര്‍മികവുമായ കടമ സമ്രാജ്യത്വ വിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ദേശസ്നേഹത്തെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുകയും ജനങ്ങള്‍ക്കും അധ്വാന വര്‍ഗത്തിനും അനുകൂലമായി യഥാര്‍ഥത്തില്‍ നിലകൊള്ളുകയുംചെയ്യുന്ന ലോകത്താകെയുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന് ദൃഢമായി വിശ്വസിക്കുന്നു.

അറേബ്യന്‍ രാഷ്ട്രങ്ങളിലെ ജനങ്ങളുമായി ഐക്യദാര്‍ഢ്യം

ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ഐതിഹാസികമായ ജനകീയ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ട അറേബ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികളെയും ജനങ്ങളെയും സിഐടിയു അഭിവാദ്യംചെയ്യുന്നു. വടക്കന്‍ ആഫ്രിക്കയിലെയും മധ്യകിഴക്കേഷ്യയിലെയും രാജ്യങ്ങളെ കേന്ദ്രീകരിച്ച് നടന്ന ജനകീയ മുന്നേറ്റങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികളുടെ ഇരട്ടത്താപ്പും കാപട്യവും പൂര്‍ണമായും തുറന്നുകാട്ടപ്പെടുകയുണ്ടായി. തങ്ങളുടെ താളത്തിനൊത്ത് തുള്ളാത്ത ഇറാനിലെയും സിറിയയിലെയും സര്‍ക്കാരുകള്‍ക്കെതിരെ അമേരിക്കയും അതിന്റെ യൂറോപ്യന്‍ സഖ്യരാജ്യങ്ങളും ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും സംരക്ഷണത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തുകയും അക്രമം പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു. ഇതിന് ഘടകവിരുദ്ധമായി സൗദി അറേബ്യ, ബഹ്റൈന്‍, യമന്‍, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ സാമ്രാജ്യത്വ ശക്തികള്‍ ജനകീയ മുന്നേറ്റങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഏകാധിപതികളുടെ ഭരണകൂടങ്ങളെ പണവും ആയുധവും നല്‍കി പിന്‍തുണയ്ക്കുന്നു. ഭീകരവിരുദ്ധയുദ്ധത്തിന്റെ മറവില്‍ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്നതും എണ്ണഖനികളാല്‍ സമ്പന്നവുമായ അറേബ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക സൈനികതാവളങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. ഈ മേഖലയില്‍ പോരാട്ടം നടത്തുന്ന ജനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതിന് അന്തര്‍ദേശീയ തൊഴിലാളിപ്രസ്ഥാനത്തോട് സിഐടിയു ആഹ്വാനംചെയ്യുന്നു.

ലാറ്റിനമേരിക്കന്‍ ജനതയ്ക്ക് അഭിവാദ്യം

ദശകങ്ങള്‍ നീണ്ട തീക്ഷ്ണമായ പോരാട്ടങ്ങള്‍ സംഘടിപ്പിച്ച് സാമ്രാജ്യത്വത്തെ പുറംതള്ളിയ ലാറ്റിന്‍ അമേരിക്കന്‍ തൊഴിലാളിവര്‍ഗത്തെ സിഐടിയു അഭിവാദ്യംചെയ്യുന്നു. വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍, നിക്കാരഗ്വ എന്നിവ ഉള്‍പ്പെടെയുള്ള തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന കക്ഷികള്‍ അധികാരത്തിലെത്തിയതും ഈ രാജ്യങ്ങളില്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ നടക്കുന്നതും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ്. അടുത്തിടെ വെനസ്വേലയില്‍ നടന്ന സമ്മേളനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ ദ്വീപപ്രദേശത്തിലെയും 33 രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ പ്രദേശത്തെയും രാജ്യങ്ങളുടെ സമൂഹം  എന്ന കൂട്ടായ്മ രൂപീകരിച്ചത് പ്രധാനപ്പെട്ട സംഭവ വികാസമാണ്. അമേരിക്കയുടെയും പ്രതിവിപ്ലവ ശക്തികളുടെയും നിരന്തരമുള്ള അക്രമങ്ങളെയും ഉപരോധങ്ങളെയും അതിജീവിച്ച് ക്യൂബ കൈവരിച്ച സാമൂഹ്യപുരോഗതി തൊഴിലാളിവര്‍ഗത്തിന് ഏറെ ആശ്വാസം പകരുന്നതാണ്.

2012ലെ മെയ്ദിനത്തിന്റെ സവിശേഷത


മുതലാളിത്തത്തിന്റെ പ്രാകൃതമുഖം കൂടുതല്‍ തുറന്നുകാട്ടപ്പെടുന്ന സന്ദര്‍ഭത്തിലാണ് 2012ലെ മെയ്ദിനം ആചരിക്കുന്നത്. അമേരിക്കയില്‍ ആരംഭിച്ച പ്രതിസന്ധി ലോകത്താകെയുള്ള മുതലാളിത്ത രാജ്യങ്ങളെയും രൂക്ഷമായി ബാധിച്ചിരിക്കുന്നു. പതിവുപോലെ പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെമേല്‍ കെട്ടിവയ്ക്കുകയാണ്. തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാകുന്നു. ഊഹക്കച്ചവടം വിലക്കയറ്റമുണ്ടാക്കുന്നു. വേതനവും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുന്നു. തൊഴില്‍മേഖലയില്‍ കരാര്‍വല്‍ക്കരണവും താല്‍ക്കാലികവല്‍ക്കരണവും വ്യാപകമാക്കുന്നു. സ്ഥിരംതൊഴില്‍ അപ്രത്യക്ഷമാകുന്നു. ഇതിനൊപ്പം മുതലാളിത്തവര്‍ഗത്തെ കരയകയറ്റുന്നതിന് സാധാരണക്കാരുടെ നികുതിപ്പണം ദുര്‍വിനിയോഗിക്കുന്നു. ഒരു ശതമാനംമാത്രം വരുന്ന മുതലാളിത്തശക്തികള്‍ തങ്ങളെ കൊള്ളയടിക്കുന്നതിനെ കൈയുംകെട്ടി അംഗീകരിക്കാന്‍ അധ്വാനിക്കുന്ന ജനവിഭാഗം വിസമ്മതിക്കുന്നു. അവകാശങ്ങള്‍ക്കും ഉപജീവനത്തിനും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരെ പണിയെടുക്കുന്നവരുടെ പ്രക്ഷോഭം യൂറോപ്പിലാകെ ദൃശ്യമാവുകയാണ്. സമാനമായ പ്രതിഷേധങ്ങള്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും നിരവധി രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ട്. അമേരിക്കയോടൊപ്പം ഇസ്രയേലിലും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പുകള്‍ അരങ്ങേറുകയാണ്. ഈ പശ്ചാത്തലത്തിലാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം അമേരിക്കയില്‍ ക്ഷണത്തില്‍ പൊട്ടിപ്പുറപ്പെട്ടതും അവിടത്തെ 75 നഗരങ്ങളിലേക്ക് പടര്‍ന്നതും. പ്രക്ഷോഭം ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ആയിരത്തിലധികം നഗരങ്ങളിലേക്കുകൂടി വ്യാപിച്ചു. ജനങ്ങളുടെ അവകാശങ്ങള്‍ക്കും ഉപജീവനത്തിനും നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്കെതിരെ ജനകീയരോഷം ഉയര്‍ന്നുവരുന്നതിനെ സിഐടിയു സ്വാഗതംചെയ്യുന്നു. മുതലാളിത്ത കടന്നാക്രമണങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന അസഹിഷ്ണുതയെ, നവഉദാര മുതലാളിത്ത വ്യവസ്ഥയെ പുറന്തള്ളി നിലവിലുള്ള വ്യവസ്ഥിതിയെ അടിമുടി മാറ്റുന്നതിനായുള്ള ബോധവും നിശ്ചയദാര്‍ഢ്യവുമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ലോകത്താകെയുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ സംഘടിത പ്രസ്ഥാനങ്ങളില്‍ ഇത്തരം അര്‍പ്പണബോധവും ആവേശവും വര്‍ധിപ്പിക്കുന്നതാകട്ടെ 2012 ലെ മെയ് ദിനം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് നമുക്കെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാം.

ഇന്ത്യയില്‍

ഈ വര്‍ഷത്തെ മെയ്ദിനം ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്. അധ്വാനവര്‍ഗത്തിന്റെ അടിസ്ഥാന സാമൂഹ്യ സാമ്പത്തിക അവകാശങ്ങള്‍ നേടുന്നതിനുതകുന്ന പത്ത് ആവശ്യം മുന്‍നിര്‍ത്തി ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി നടത്തിയ ഐതിഹാസിക സമരത്തിന്റെ വര്‍ഷമാണിത്. 1991 മുതല്‍ നടപ്പാക്കിത്തുടങ്ങിയ നവ ഉദാരീകരണത്തിനുശേഷം ഭാരതത്തില്‍ നടന്നുവരുന്ന തുടര്‍സമരങ്ങളില്‍ 14ാമത്തേതായിരുന്നു 2012 ഫെബ്രുവരി 28ന് നടന്ന സംയുക്ത പണിമുടക്ക്. പത്ത് കോടി തൊഴിലാളികള്‍ പങ്കെടുത്ത ഈ ഐതിഹാസിക പണിമുടക്കിന് ആധുനിക കാലത്ത് ആഗോളതലത്തില്‍ നടന്നിട്ടുള്ള പണിമുടക്കുകളില്‍ പ്രധാനസ്ഥാനം ലഭിക്കും. രണ്ടാം യുപിഎ സര്‍ക്കാര്‍ നവഉദാരവല്‍ക്കരണ നടപടികള്‍ക്ക് ആക്കം കൂട്ടുകയുണ്ടായി. അവശ്യസാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിച്ചു. അനിയന്ത്രിതമായ ഊഹക്കച്ചവടം അനുവദിക്കുന്നതുവഴി കുത്തകകളുടെയും മൊത്തക്കച്ചവടക്കാരുടെയും വന്‍ ഭൂഉടമകളുടെയും കൊള്ളലാഭം വര്‍ധിക്കുന്നു. ഭൂരിപക്ഷം ജനതയ്ക്കും നിയമപ്രകാരം ലഭ്യമാക്കേണ്ട മിനിമം കൂലി ലഭ്യമാക്കുന്നില്ല. നിലനില്‍പ്പിനുള്ള വരുമാനംപോലും ഇല്ലാതെ അവര്‍ ഉഴലുമ്പോള്‍, മരുന്ന്, ഇന്ധനം, ഗതാഗതം, ആരോഗ്യസംരക്ഷണം തുടങ്ങിയ അവശ്യമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു. വളം, മരുന്ന്, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വില ഈടാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നു. ഈ നവ ഉദാരീകരണ പ്രക്രിയയുടെ പരിണതഫലമായി സാധാരണക്കാര്‍ പാപ്പരാകുന്നു എന്നതിലുപരി പ്രകൃതിവിഭവങ്ങളുടെ വന്‍തോതിലുള്ള ചൂഷണവും വന്‍ അഴിമതികളും നടക്കുന്നതായുംകാണാം. ഇതിന് ദേശീയകുത്തകകളും അന്താരാഷ്ട്രകുത്തകകളും നേതൃത്വം നല്‍കുന്നു. സാധാരണ ജനവിഭാഗങ്ങളെ ചെലവുചുരുക്കല്‍ മാര്‍ഗങ്ങളിലൂടെ ഞെരുക്കുമ്പോള്‍ മറുവശത്ത് രക്ഷാപാക്കേജുകള്‍ എന്ന പേരില്‍ കുത്തകകള്‍ക്ക് വന്‍ ആനുകൂല്യം നല്‍കുന്നു. ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ സബ്സിഡി, ജിഡിപിയുടെ 1.75 ശതമാനമാക്കി ചുരുക്കണം എന്ന് വിഭാവനം ചെയ്തിരിക്കുന്നു. ഒരു ശതമാനം വരുന്ന വന്‍കിടക്കാര്‍ക്ക് ജിഡിപിയുടെ അഞ്ചുശതമാനം ഇളവുകള്‍ അനുവദിക്കുന്നു. സംഘടിക്കുന്നതിനും തൊഴിലാളികളുടെ സംഘടന നയിക്കുന്നതിനും മുന്നിട്ടിറങ്ങുന്ന തൊഴിലാളികളെ മര്‍ദിക്കുന്നതിനും പിരിച്ചുവിടുന്നതടക്കമുള്ള അച്ചടക്ക നടപടി കൈക്കൊള്ളുന്നതിനും ഒരു തടസ്സവുമില്ല. തൊഴിലാളികളെ യഥേഷ്ടം നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നു. വിദേശിയും സ്വദേശിയുമായ ഊഹക്കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍ ഫണ്ട് അടക്കമുള്ള നിക്ഷേപങ്ങള്‍ ലഭ്യമാകാന്‍ നിയമം ഭേദഗതിചെയ്യുന്നു. ഉറപ്പുള്ള പെന്‍ഷന്‍ എന്നതില്‍നിന്ന് കമ്പോള വ്യവസ്ഥയ്ക്കനുസൃതമായ പെന്‍ഷന്‍ എന്ന സ്ഥിതി വന്നിരിക്കുന്നു. പിരിച്ചുവിടല്‍, നിയമനിരോധനം, താല്‍ക്കാലികവല്‍ക്കരണം, കോണ്‍ട്രാക്ട്വല്‍ക്കരണം, പുറംകരാര്‍ എന്നീ വ്യവസ്ഥകള്‍ നടപ്പാക്കുന്നു. ശമ്പളത്തിനു പകരം താല്‍ക്കാലിക വേതനം പ്രചരിപ്പിക്കുന്നു. സാധാരണ ജനതയുടെമേല്‍ നടത്തുന്ന ചൂഷണവും കൊള്ളയും അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടം ഇരട്ടിശക്തിയോടെ നയിക്കുമെന്ന് സിഐടിയു പ്രതിജ്ഞയെടുക്കുന്നു. ഭരണവര്‍ഗത്തിന്റെ ഒത്താശയും പിന്‍ബലവും ഉപയോഗിച്ച് മുതലാളിത്തവര്‍ഗം തൊഴിലാളിവര്‍ഗത്തിനുമേല്‍ നടത്തുന്ന കൈകടത്തലുകളും ആക്രമണങ്ങളും അവ എത്ര രൂക്ഷത ഏറിയതായാലും, തൊഴിലാളികളുടെ സംഘടിതശക്തിയും കാഴ്ചപ്പാടും ഊര്‍ജവുംകൊണ്ട് ചെറുത്തു തോല്‍പ്പിക്കും. ഫെബ്രുവരി 28ന്റെ ഐതിഹാസിക പണിമുടക്കിന്റെ പിന്‍തുടര്‍ച്ച എന്ന നിലയില്‍ താഴെത്തട്ടില്‍നിന്ന് തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും വിശാല ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. തൊഴിലാളികളുടെ ഐക്യസമരത്തിലൂടെ മാത്രമേ ഈ ജനവിരുദ്ധ സാമ്രാജ്യത്വ അനുകൂല ഭരണത്തിനെ മറികടക്കാന്‍ ആകൂ. തൊഴിലാളിവര്‍ഗത്തിനും ജനാധിപത്യശക്തികള്‍ക്കുമെതിരെയുള്ള ആക്രമണം രാജ്യത്തിനകത്തും നടക്കുന്നു. ഈ ആക്രമണത്തെ ചെറുക്കുന്നവരെ പിന്തുണയ്ക്കേണ്ടതുണ്ട്, ചെറുത്തുനില്‍പ്പിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. മുതലാളിത്ത തൊഴില്‍ ദാതാക്കളും സര്‍ക്കാരും, ന്യായമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അവകാശ പോരാട്ടം നടത്തുന്ന തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ കൂടുതല്‍ ശക്തിയോടെ ശ്രമിക്കുന്നു. തൊഴിലാളി യൂണിയനുകള്‍ തുടങ്ങാനുള്ള പ്രാരംഭശ്രമം തന്നെ പിരിച്ചുവിടലും മറ്റു പ്രതികാര നടപടികളും നടത്തി നേരിടുന്നു. തൊഴിലാളികളെയും യൂണിയന്‍ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത. ഇതിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുക എന്നതും പോരാടുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ പോരാട്ടത്തിലൂടെ മാത്രമേ മുതലാളിസര്‍ക്കാര്‍ കൂട്ടുകെട്ടിനെ ചെറുക്കാന്‍ കഴിയൂ. 2012 മെയ് ദിനത്തില്‍ ഈ പോരാട്ടത്തിന് കരുത്തും ഊര്‍ജവും പകരാനുള്ള തയ്യാറെടുപ്പുകള്‍ തൊഴിലാളിവര്‍ഗമുന്നേറ്റത്തിന് നടത്താന്‍ കഴിയണം.

ബംഗാള്‍ ജനതയ്ക്കെതിരായ ആക്രമണം

നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ബംഗാളില്‍ അധികാരത്തില്‍ വന്ന തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം, അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് മുഖ്യമായും തൊഴില്‍ സംഘടനകളെ അടിച്ചമര്‍ത്താനാണ്. ട്രേഡ് യൂണിയനുകള്‍ക്കു നേരെ, പ്രധാനമായും സിഐടിയുവിനു നേരെ കായികാക്രമണം അഴിച്ചുവിട്ടു. സായുധരായ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൃഷിക്കാരെയും വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ക്രൂരമായി ആക്രമിക്കുന്നു. ട്രേഡ് യൂണിയന്‍ ഓഫീസുകള്‍ തീയിട്ട് നശിപ്പിച്ചു. അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള വനിതകളെ മാനഭംഗംചെയ്തു. വീടുകള്‍ കത്തിച്ചു. നിരവധി സഖാക്കളെ വധിച്ചു. ഇതുവരെ 58 മുന്‍നിര ജനാധിപത്യ പ്രവര്‍ത്തകര്‍ കശാപ്പുചെയ്യപ്പെട്ടു. ആറ് പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 28ന്റെ സമരത്തിനുള്ള സന്നാഹങ്ങള്‍ ഒരുക്കുന്നതിനിടെ സഖാക്കള്‍ പ്രദീപ്തായും കമല്‍ ഗയേനും മൃഗീയമായി കൊലചെയ്യപ്പെട്ടു. നാനൂറോളം യൂണിയന്‍ ഓഫീസുകള്‍ ഗുണ്ടകള്‍ കൈയടക്കി. 100 കണക്കിന് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. സിഐടിയുവും മറ്റു ട്രേഡ് യൂണിയനുകളും വിടുന്നതിന് തൊഴിലാളികളെ ഭീഷണിപ്പെടുത്തല്‍ തുടരുന്നു. സിഐടിയുവിനോട് കൂറു പുലര്‍ത്തുന്ന കോണ്‍ട്രാക്ട് തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇടതു ജനാധിപത്യശക്തികളുടെ മുന്നേറ്റം തടയുന്നതിന് ഭീതിയുടേതായ അന്തരീക്ഷം ബോധപൂര്‍വം സൃഷ്ടിക്കുന്നു. ജനാധിപത്യശക്തികള്‍ക്കൊപ്പം സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകള്‍ ഈ ആക്രമണങ്ങളെ ശക്തമായി നേരിട്ട് സര്‍ക്കാര്‍ നയങ്ങളെ ധീരമായി പ്രതിരോധിക്കുന്നു. സാധാരണക്കാരനു നേരെയുള്ള ഈ ആക്രമണം ഇടതുപക്ഷ കക്ഷികളോടു മാത്രമല്ല, എല്ലാവിഭാഗം ജനങ്ങളോടും തുടരുന്നു. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വിശാലമായ സഖ്യം കെട്ടിപ്പടുക്കണം, 2013ന്റെ തുടക്കത്തില്‍ തെരഞ്ഞെടുപ്പിലേക്ക് പോകേണ്ട ത്രിപുരയിലും ഇത്തരം ആക്രമണം നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കപ്പെടുന്നു. കേരളത്തിലും വലതുപക്ഷ ശക്തികള്‍ സമാനസ്ഥിതിവിശേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. വല്ലപ്പോഴുമുള്ള കായിക ആക്രമണവും നിരന്തരമായുള്ള ദുഷ്പ്രചാരണവും അവരുടെ ആയുധമാണ്. ഈ മെയ്ദിനത്തില്‍ സിഐടിയു, തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും രക്തസാക്ഷികളുടെ ഓര്‍മയ്ക്കു മുന്നില്‍ രക്തപുഷ്പം അര്‍പ്പിക്കുന്നു. രാജ്യത്തെ മുഴുവന്‍ തൊഴിലാളിവര്‍ഗത്തെയും സംഘടനാപരമായും ആശയപരമായും ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ നാം വ്യാപൃതമാകും. ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും ആക്രമണത്തിനു വിധേയരാകുന്ന സഖാക്കളുടെയും സഹയാത്രികരുടെയും രക്ഷയ്ക്കായി പൊരുതും. മുതലാളിത്ത വ്യവസ്ഥിതിയുടെ ചൂഷണത്തിനെതിരെ പൊരുതുന്ന ജനവിഭാഗങ്ങളുടെകൂടെ നിരന്തരം നാം ഉണ്ടാകും.

2012ലെ മെയ്ദിന ആഹ്വാനം

നവലിബറല്‍ നയങ്ങള്‍ക്കെതിരെയും അവകാശ സംരക്ഷണത്തിനും ജീവനത്തിനും വേണ്ടിയും ആഗോളതലത്തില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് സിഐടിയുവിന്റെ അചഞ്ചലമായ പിന്തുണ ഈ മെയ്ദിനത്തില്‍ ഉറപ്പ് നല്‍കുന്നു. കോര്‍പറേറ്റ് ഭരണവര്‍ഗ ആക്രമണങ്ങളെ ചെറുക്കുന്ന ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ വിശാലഐക്യം ശക്തിപ്പെടുത്തുന്നതിന് പരമാവധി പരിശ്രമിക്കാന്‍ സിഐടിയു ഇന്ത്യന്‍ തൊഴിലാളികളോട് ആഹ്വാനംചെയ്യുന്നു. തൊഴിലിടങ്ങളിലെ അവകാശങ്ങളോടുള്ള കടന്നുകയറ്റം ഉണ്ടാകുന്നിടത്തെല്ലാം അതിനെതിരെ ചെറുത്തുനില്‍പ്പ് ഉയരണം. ആ ചെറുത്തുനില്‍പ്പുകളെ നാം പിന്തുണയ്ക്കണം. തൊഴിലാളികളുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമായി ഈ ചെറുത്തുനില്‍പ്പുകളും അവയ്ക്കുള്ള പിന്തുണയും മാറണം. എല്ലാ വിഭാഗങ്ങളിലുംപെടുന്ന വിഘടിത ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും ജാതിമത ശക്തികളുടെ കടന്നുകയറ്റം ചെറുക്കുന്നതിനും തൊഴിലാളിവര്‍ഗം കരുതലോടെ ഇരിക്കണമെന്ന് സിഐടിയു ഈ മെയ്ദിനത്തില്‍ ആഹ്വാനംചെയ്യുന്നു. ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും വിശാലഐക്യം സംഘടിപ്പിക്കാനായി നാം പരമാവധി യത്നിക്കേണ്ടതാണ്.

(സിഐടിയു മെയ്ദിന മാനിഫെസ്റ്റോയില്‍നിന്ന്)

Saturday, April 28, 2012

ശത്രുപട്ടികയില്‍ ഇന്റര്‍നെറ്റ്

ശത്രുപട്ടികയില്‍ ഇന്റര്‍നെറ്റ്

ദേശാഭിമാനി, 28-Apr-2012

ഇന്ത്യയില്‍ 12.1 കോടി ആളുകള്‍ ഇന്റര്‍നെറ്റ് ഉപയാഗിക്കുന്നുണ്ട് എന്നാണ് 2011 അവസാനം വന്ന കണക്ക്. അതില്‍ 9.7 കോടിപേര്‍ മാസത്തില്‍ ഒരുതവണയെങ്കിലും "നെറ്റി"ല്‍ കടക്കുന്നവരാണ്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 75 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരാണ് എന്ന് മറ്റൊരു കണക്കും പുറത്തുവന്നിട്ടുണ്ട്്. മൂന്നിലൊന്ന് ഉപയോക്താക്കള്‍ 15-24 പ്രായപരിധിയിലുള്ളവരാണ്. അതിനര്‍ഥം പുതിയ തലമുറയോട് ഫലപ്രദമായി സംവദിക്കാനുള്ള ഉപാധിയെന്ന നിലയില്‍ ഇന്റര്‍നെറ്റ് അതിവേഗം വളരുന്നു എന്നാണ്. ഇങ്ങനെയൊരു മാധ്യമത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയും ആ വളര്‍ച്ചയുടെ ഫലമായി സൃഷ്ടിക്കപ്പെടാവുന്ന പ്രശ്നങ്ങളും സ്വാഭാവികമായും ഭരണാധികാരികള്‍ ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ്. അത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
അപരിമിതമായ ആത്മപ്രകാശന സ്വാതന്ത്ര്യമാണ് ഇന്റര്‍നെറ്റിന്റെ സവിശേഷത. വിലക്കുകളില്ലാതെ ആര്‍ക്കും സ്വന്തം ആശയങ്ങളും സര്‍ഗസൃഷ്ടികളും പ്രചരിപ്പിക്കാം. അച്ചടിയിലൂടെയും പിന്നീട് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുംമാത്രം പ്രകാശിതമായ രചനകളും ഇടപെടലുകളും വിലക്കുകളോ തടസ്സങ്ങളോ ഇല്ലാതെ ഇന്റര്‍നെറ്റിലൂടെ ലോകവ്യാപകമായി എത്തിക്കാമെന്ന അവസ്ഥ ആശയപ്രചാരണരംഗത്തെ വമ്പിച്ചരീതിയിലുള്ള ജനാധിപത്യവല്‍ക്കരണത്തിന്റെ വാതില്‍കൂടിയാണ് തുറന്നത്.

സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വ്യാപകമായതോടെ ഇന്റര്‍നെറ്റ് രാഷ്ട്രീയ ചര്‍ച്ചയുടെയും പ്രചാരണത്തിന്റെയും വേദിയാണ്. സാമൂഹിക പ്രശ്നങ്ങളും രാഷ്ട്രീയനിലപാടുകളും പരസ്യമായി വിചാരണ ചെയ്യപ്പെടുകയും അത് അഭിപ്രായരൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന നിലവന്നു. "വിക്കിലീക്സ്" അമേരിക്കയുടെ രഹസ്യക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞു. സാമ്രാജ്യത്വം ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്നതെന്ത് എന്നാണ്, ഇന്റനെറ്റിന്റെ അപാരമായ സാധ്യതകളുപയോഗിച്ച് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നത്. ഇന്റര്‍നെറ്റ് കമ്പനികളെ ഉപയോഗപ്പെടുത്തി വിക്കിലീക്സിനെ തകര്‍ക്കാനാണ് അമേരിക്കന്‍ ഭരണകൂടം ആദ്യശ്രമം നടത്തിയത്. അത്തരം വിലക്കുകളെ അതിജീവിക്കാനുള്ള കൂട്ടായ സംരംഭങ്ങള്‍ അതിവേഗം വളര്‍ന്നുപൊങ്ങി. വിക്കിലീക്സ് തുടര്‍ന്നും ലോകത്തോട് സംവദിച്ചു. ഭരണകൂട ഭീകരതയ്ക്കെതിരായി ഒറ്റപ്പെട്ടതോതില്‍ ഉയര്‍ന്ന ശബ്ദത്തെ കനപ്പെടുത്തുന്നതില്‍ സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കപ്പെട്ടു. അങ്ങനെ ആനുകൂല്യങ്ങള്‍ മാത്രമല്ല, തിരിച്ചടിയും നേരിടേണ്ടിവന്നപ്പോഴാണ് ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യപ്പെടണം എന്ന വികാരം ഭരണാധികാരികളില്‍ രൂഢമൂലമായത്. അമേരിക്കയില്‍ അത് ആദ്യം തുടങ്ങി. അതിന്റെ തുടര്‍ച്ചയാണ് ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ ഇന്റര്‍നെറ്റിന്റെ സ്വാതന്ത്ര്യത്തെ അരിഞ്ഞുവീഴ്ത്താന്‍ നടത്തുന്ന പടപ്പുറപ്പാട്.

ഐടി ആക്ട് 2000 ആണ് ഈ രംഗത്ത് ഇന്ത്യയില്‍ ആദ്യം വന്ന നടപടി. 2008 ഡിസംബര്‍ 23ന് ഐടി അമെന്റ്മെന്റ് ആക്ട് (2008) കൊണ്ടുവന്നതോടെ അധികാരികള്‍ക്ക് വലിയതോതിലുള്ള ദുഃസ്വാതന്ത്ര്യം ലഭിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിനിയോഗംപോലും കുറ്റകൃത്യമായി വ്യാഖ്യാനിച്ച് നടപടിയെടുക്കാവുന്ന ഭേദഗതിയാണ് അതെന്ന് പരക്കെ വിമര്‍ശമുയര്‍ന്നു. അതുംപോര കൂടുതല്‍ നിയന്ത്രണം വേണം എന്നാണ് യുപിഎ സര്‍ക്കാരിന്റെ നിലപാട്. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്കെതിരെ കേന്ദ്രമന്ത്രി കപില്‍ സിബല്‍ നടത്തിയ പരസ്യനീക്കങ്ങള്‍ അതാണ് തെളിയിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ "ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് റൂള്‍സ്" വിജ്ഞാപനമായി ഇറക്കിയാണ് യുപിഎ സര്‍ക്കാര്‍ കപില്‍സിബലിന്റെ വാക്കാല്‍ഭീഷണിക്ക് നിയമസാധുത നല്‍കിയത്. ഇതനുസരിച്ച് സര്‍വീസ് പ്രൊവൈഡര്‍മാരും വെബ് കമ്പനികളും "ഇന്റര്‍മീഡിയറി"കള്‍ അഥവാ മധ്യവര്‍ത്തികള്‍ എന്ന ഗണത്തില്‍ വരുന്നു. തങ്ങളുടെ സൈറ്റുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും പ്രത്യക്ഷപ്പെടുന്ന വിവരങ്ങളെക്കുറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ 36 മണിക്കൂറിനുള്ളില്‍ ആ പേജ് നീക്കം ചെയ്യണമെന്നും അതില്‍ വീഴ്ചവരുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നുമാണ് മധ്യവര്‍ത്തികള്‍ക്കുള്ള വ്യവസ്ഥ. ആര്‍ക്കും ഏതിനെതിരെയും പരാതി നല്‍കാം. ശിക്ഷ ഭയന്ന് മധ്യവര്‍ത്തികള്‍ ഉള്ളടക്കം നീക്കംചെയ്യാന്‍ നിര്‍ബന്ധിതരാകും. അക്ഷരാര്‍ഥത്തില്‍ ഇന്റര്‍നെറ്റില്‍ ഏര്‍പ്പെടുത്തുന്ന സെന്‍സര്‍ഷിപ്പാണിത്.

ഇന്റര്‍നെറ്റ് നിരവധി അപകടങ്ങളുടെ വാതിലുകളും തുറന്നിടുന്നുവെന്നത് നേരാണ്. സ്വകാര്യതയ്ക്കു നേരെയുള്ള ആക്രമണംമുതല്‍ ലൈംഗിക അരാജകത്വപ്രചാരണംവരെ ഇന്റര്‍നെറ്റിന്റെ അപകടസാധ്യതകളാണ്. തീവ്രവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനുള്ള മാധ്യമവുമാണ് ഇന്റര്‍നെറ്റ്. അത്തരം കുഴപ്പങ്ങളെ നേരിടേണ്ടതുതന്നെ. അപകീര്‍ത്തിപ്പെടുത്തലുകളെയും തെറ്റിദ്ധരിപ്പിക്കലുകളെയും കര്‍ക്കശമായി കൈകാര്യം ചെയ്യേണ്ടതുതന്നെ. അതിലുള്ള കാര്‍ക്കശ്യത്തെയോ നിയമനിര്‍മാണത്തെയോ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, അത്തരം കുഴപ്പങ്ങളുടെ കള്ളിയില്‍പ്പെടുത്തി ആരെയും കുരുക്കാനുള്ള ഒന്നായി ഉപയോഗിക്കാനുള്ളതാണ് കേന്ദ്രത്തിന്റെ ചട്ടങ്ങള്‍. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്മേലുള്ള ചാട്ടവാറാണത്. ആ ചട്ടം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസം പി രാജീവ് എംപി രാജ്യസഭയുടെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ട്. രചയിതാവിന് വിശദീകരണം നല്‍കാനുള്ള അവസരംപോലും നല്‍കാതെ രചനകള്‍ നിരോധിക്കുന്നത് പൗരന്റെ മൗലികാവകാശലംഘനമാണ്. യുപിഎ സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയില്‍ "അഴിമതിരാജ്" ആയപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ അതിന്റെ പരിഹാസ്യത വസ്തുകതകള്‍ സഹിതം ജനങ്ങളിലെത്തി. രാജ്യത്താകെ അഴിമതിവിരുദ്ധ വികാരം ശക്തിപ്പെടാന്‍ ആ പ്രചാരണം കാരണമായി. ഭരണത്തെ നിയന്ത്രിക്കുന്നവരുടെ പരിഹാസ്യമായ അഴിമതിക്കഥകള്‍ അങ്ങനെ പ്രചരിക്കുന്നതില്‍ കലിപൂണ്ടാണ് പുതിയ ചട്ടങ്ങളും കൊണ്ടിറങ്ങിയത്. അവ്യക്തവും ദുര്‍വ്യാഖ്യാനത്തിന് സാധ്യത തുറന്നിടുന്നതുമായ ചട്ടങ്ങള്‍ തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. രാജ്യസഭയുടെ ശ്രദ്ധയില്‍വരുന്ന പ്രമേയം അതുകൊണ്ടുതന്നെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കേണ്ടതും ചര്‍ച്ചചെയ്ത് പാസാക്കേണ്ടതുമാണ്.

Wednesday, April 18, 2012

വിശ്വാസികളെ വഞ്ചിക്കുന്നവര്‍

വിശ്വാസികളെ വഞ്ചിക്കുന്നവര്‍
ദേശഭിമാനി മുഖപ്രസംഗം, Posted on: 18-Apr-2012 12:23 AM
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനമാണ് ഹജ്ജ്. ഖുര്‍ആനും പ്രവാചകചര്യയും നിര്‍ദേശിച്ച മാതൃകയില്‍ ദുല്‍ഹജ്ജ് മാസം എട്ടുമുതല്‍ 12വരെ മക്കയിലേക്ക് നടത്തുന്ന ഹജ്ജ് തീര്‍ഥാടനത്തെ ഇസ്ലാം മതവിശ്വാസികള്‍ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായാണ് കാണുന്നത്. അത്തരമൊന്നിനെ വാണിജ്യവല്‍ക്കരിക്കാനും രാഷ്ട്രീയപ്രീണനത്തിനുള്ള ഉപകരണമാക്കാനും തയ്യാറാകുന്ന മ്ലേച്ഛമായ നടപടിക്കെതിരെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി കടുത്ത ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയത്.

ഹജ്ജ് തീര്‍ഥാടനകാലത്ത് ഇന്ത്യയില്‍നിന്ന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘം എന്നപേരില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ സര്‍ക്കാര്‍ ചെലവില്‍ വര്‍ഷങ്ങളായി അയച്ചുവരികയാണ്. ആ സംഘത്തില്‍ ഉള്‍പ്പെട്ട് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് ഹജ്ജിനുപോയവരുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. ഖജനാവ് കൊള്ളയടിയുടെ ഏറ്റവും പരിഹാസ്യമായ അധ്യായമാണ് ആ പട്ടികയിലൂടെ മറനീക്കിയത്. സൗഹൃദസംഘത്തില്‍ ഒന്നിലേറെ തവണ സൗജന്യമായി ഹജ്ജ് യാത്ര നടത്തിയവരില്‍ മുസ്ലിംലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ട നിരയാണുള്ളത്. ഹൈദരലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ്, ഇ ടി മുഹമ്മദ്ബഷീര്‍, അബ്ദുസമദ് സമദാനി, എം കെ മുനീര്‍, ചെര്‍ക്കളം അബ്ദുള്ള, പി വി അബ്ദുള്‍ വഹാബ്, പാണക്കാട് അബ്ബാസ് അലി ശിഹാബ്തങ്ങള്‍, സാദിഖലി ശിഹാബ്തങ്ങള്‍, ടി എച്ച് മുസ്തഫ, എം എം ഹസ്സന്‍ എന്നിങ്ങനെയാണ് ആ പട്ടിക നീളുന്നത്.

ഇന്തോ-പാക് യുദ്ധാനന്തരം ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ നടത്തിയ നുണപ്രചാരണത്തെ ചെറുക്കുന്നതിനാണ്, 1967ല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആദ്യമായി സൗഹൃദസംഘത്തെ അയച്ചത്. ആ പതിവ് പിന്നീടുള്ള വര്‍ഷങ്ങളില്‍ തുടര്‍ന്നു. പക്ഷേ, സംഘത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചുവന്നു. 2006ല്‍ അത് 49 ആയി. സ്വാധീനംചെലുത്തി സര്‍ക്കാര്‍ പട്ടികയില്‍ കയറിപ്പറ്റി പലതവണ ഹജ്ജിനുപോകാന്‍ ഭരണകക്ഷിയുടെ പ്രമുഖ നേതാക്കള്‍തന്നെ തുനിഞ്ഞിറങ്ങി. ഹജ്ജ് യാത്രയ്ക്ക് പണം മുടക്കാനില്ലാതെ ആയിരക്കണക്കിന് വിശ്വാസികള്‍ സങ്കടപ്പെടുമ്പോഴാണ് നേതാക്കള്‍ സൗജന്യയാത്ര തരപ്പെടുത്തി പലവട്ടം ഹജ്ജിനുപോയത്. ഇപ്പോള്‍ സംഘത്തിന്റെ എണ്ണം 32 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ഇനി അത് പത്തായി ചുരുക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. രാജ്യത്തോടും ജനങ്ങളോടും ഇസ്ലാംമത വിശ്വാസികളോടും ചെയ്യുന്ന കടുത്ത അനീതി എന്ന നിലയിലാണ് സുപ്രീംകോടതി ഇതിനെ കണ്ടത്. പാകിസ്ഥാനില്‍നിന്നുള്ള സംഘം ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയ സാഹചര്യം ഇന്ന് നിലവിലില്ല. അതുകൊണ്ടുതന്നെ സൗഹൃദസംഘം അപ്രസക്തമാണ്. സൗഹൃദസംഘത്തെ അയക്കുന്നത് മൂന്നോ നാലോ വര്‍ഷംകൊണ്ട് സര്‍ക്കാര്‍ നിര്‍ത്തലാക്കണം- ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജനപ്രസാദ് ദേശായി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സംശയത്തിനിടയില്ലാത്ത വിധമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ചെലവില്‍ ചില വിഐപികളെ തുടര്‍ച്ചയായി ഹജ്ജിന് കൊണ്ടുപോകുന്നതില്‍ കോടതി ആശ്ചര്യം പൂണ്ടു. രാഷ്ട്രീയസ്വാധീനത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ സൗഹൃദസംഘത്തിലേക്ക് സര്‍ക്കാര്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ലെന്നും പരമോന്നതകോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും കോടതിയുടെ ഇടപെടലിലൂടെയാണ്. സബ്സിഡിയോടെയുള്ള ഹജ്ജ് തീര്‍ഥാടനം പണവും സ്വാധീനവുമുള്ളവര്‍ക്ക് മാത്രം ലഭിക്കുകയും ഇക്കാര്യത്തില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതോടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൃത്യമായ വിശദീകരണം തേടുകയാണുണ്ടായത്. ഹജ്ജ് തീര്‍ഥാടനം കുറെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കോടികള്‍ കൊയ്യാനുള്ള ഒന്നായി മാറിയിട്ടുണ്ട്. ഇക്കൊല്ലം ഇന്ത്യയില്‍നിന്ന് 1.70 ലക്ഷംപേര്‍ ഹജ്ജിനുപോകുന്നതില്‍ 1.25 ലക്ഷംപേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമായിരിക്കും യാത്ര നടത്തുന്നത്. സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് ഒരു ഭാഗം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കണമെന്ന് മുംബൈ ഹൈക്കോടതി ഈയിടെ വിധിച്ചിരുന്നു. അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയാണ് ഹജ്ജുമായി ബന്ധപ്പെട്ട് നടക്കുന്ന ആശാസ്യമല്ലാത്ത പ്രവണതകള്‍ ചൂണ്ടിക്കാട്ടാന്‍ സുപ്രീംകോടതിക്ക് അവസരമൊരുക്കിയത്.

ഹജ്ജിന്റെ കാര്യത്തില്‍ കച്ചവടക്കണ്ണ് അനുവദിക്കാനാകില്ലെന്ന് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കോടതി ശക്തമായ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഹജ്ജിന് ഒരിക്കല്‍പ്പോലും പോകാത്തവരുടെ അപേക്ഷകള്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കും മൂന്നുതവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കും പ്രത്യേക പരിഗണന നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. തീര്‍ത്തും മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് തീര്‍ഥാടനം. അതിനെ അവിഹിതനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് വിശ്വാസത്തോടുള്ള കടുത്ത അവഹേളനംതന്നെയാണ്. പലവട്ടം ശ്രമിച്ചിട്ടും അവസരം കിട്ടാത്തവര്‍ നാട്ടിലുണ്ടായിരിക്കെ, സര്‍ക്കാരില്‍ സ്വാധീനംചെലുത്തി ഒരുപൈസ മുടക്കില്ലാതെ പലവട്ടം പോയിവരുന്ന രാഷ്ട്രീയനേതാക്കള്‍ നാടിന് അപമാനംതന്നെ. അവരുടെ കൂറും താല്‍പ്പര്യവും അധികാരത്തിന്റെ അപരിമിതമായ സൗകര്യങ്ങളോടാണ്; വോട്ടുചെയ്ത് ജയിപ്പിക്കുന്ന ജനങ്ങളോടല്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നവര്‍തന്നെയാണ് ഈ പണിയും ചെയ്യുന്നതെന്നോര്‍ക്കണം. പണം കുന്നുകൂട്ടാനും അഴിമതി നടത്താനുമുള്ളതാണ് അവര്‍ക്ക് മതവിശ്വാസംപോലും. അത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന ആഹ്വാനം കൂടിയാണ് സുപ്രീംകോടതിയുടെ ഇടപെടലില്‍ വായിച്ചെടുക്കാനാകുന്നത്.

Thursday, April 5, 2012

യുപിഎപിന്തുണ ഗുണകരമായോയെന്ന് പരിശോധിക്കും: കാരാട്ട്

യുപിഎപിന്തുണ ഗുണകരമായോയെന്ന് പരിശോധിക്കും: കാരാട്ട്

ദേശാഭിമാനി, Posted on: 05-Apr-2012 04:40 PM

കോഴിക്കോട്: മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ യുപിഎക്ക് പിന്തുണ നല്‍കിയത് ശരിയായിരുന്നുവെന്നും എന്നാല്‍ അത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തിയോ എന്നത് പരിശോധിക്കുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശാ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസ്സ് നടപടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എം കരട് രാഷ്ട്രീയപ്രമേയത്തിനു ലഭിച്ച 487 ഭേദഗതി നിര്‍ദേശങ്ങളില്‍ 163 എണ്ണം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ചതായി കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ഏതൊക്കെ സ്വീകരിക്കണമെന്ന് പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു തീരുമാനിക്കും. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ച തുടരുന്നു. 14 പേരാണ് ഇതു വരെ സംബന്ധിച്ചത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് മുതലിങ്ങോട്ടുള്ള കാര്യങ്ങള്‍ സംഘടനാറിപ്പോര്‍ട്ടിലുണ്ട്. നാലുവര്‍ഷത്തിനിടയില്‍ പാര്‍ട്ടി ഏറ്റെടുത്ത പ്രക്ഷോഭ സമരങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ചയും ദൗര്‍ബല്യങ്ങളും ചര്‍ച്ച ചെയ്യും. സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളും അടവുനയവും കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് തോല്‍വിയും വിഷയമായി. നാലുപ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം, കര്‍ഷകആത്മഹത്യ, വിവിധ തൊഴില്‍ കരാറുകള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലുള്ള പ്രമേയങ്ങളാണ് അംഗീകരിച്ചത്.

പാര്‍ടി ഭാരവാഹിത്വം മൂന്നു തവണയായി നിജപ്പെടുത്താനുള്ള നിര്‍ദേശം പെട്ടെന്നുണ്ടായതല്ലെന്ന് ചോദ്യത്തിനു മറുപടിയായി കാരാട്ട് പറഞ്ഞു. നിരോധിക്കപ്പെടുകയും രഹസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്ത കാലത്തില്‍നിന്ന് വ്യത്യസ്തമായി ഇന്ന് പാര്‍ട്ടിക്ക് ധാരാളം കേഡര്‍മാരുണ്ട്. പ്രക്ഷോഭസമരങ്ങളിലെ നേതൃത്വവും പരിഗണിക്കണം. ഭാരവാഹിത്വം സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം തീരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ഭേദഗതിയില്‍ പാര്‍ട്ടി ഭാരവാഹികളുടെ പ്രായ പരിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. കേന്ദ്രീകൃത ജനാധിപത്യമാണ് പാര്‍ട്ടിക്കുള്ളത്.

ബംഗാളിലെ സിംഗൂരില്‍ ഭൂമിയേറ്റെടുക്കല്‍ രീതിക്ക് പിഴവുകളുണ്ടായതായി നേരത്തെ തന്നെ വിലയിരുത്തി. 20 ശതമാനം കര്‍ഷകരാണ് ഭൂമി ഏറ്റെടുക്കലിനെ എതിര്‍ത്തത്. ഏറ്റെടുക്കല്‍ പാക്കേജ് ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് കരുതിയത്. അതുണ്ടായില്ല. ഭൂമി ഏറ്റെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പാര്‍ടി തീരുമാനിച്ചിട്ടുണ്ട്.

അച്ചടക്ക നടപടികള്‍ക്ക് ബംഗാളെന്നും കേരളമെന്നും വ്യത്യാസമില്ല. തെറ്റായ പ്രവണതകളുണ്ടാവുമ്പോള്‍ അച്ചടക്കനടപടികള്‍ അതാത് കമ്മറ്റികള്‍ എടുത്തുപോന്നിട്ടുണ്ട്. മദ്യപാനം പോലുള്ള ദൂഷ്യങ്ങള്‍ ഒറ്റപ്പെട്ടതാണ്. അതിനെതിരെ ശക്തമായ നടപിയെടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിഭാഗീയത പൊതു പ്രശ്നമല്ല. ചിലയിടങ്ങളില്‍ അത്തരം ദൗര്‍ബല്യങ്ങളുണ്ടായിരുന്നു അതെല്ലാം പരിഹരിച്ചുവരുകയാണ്. താങ്കള്‍ ഒഴിയുമോ, വി എസ് പിബിയില്‍ വരുമോ തുടങ്ങിയ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ രണ്ടു മൂന്നു ദിവസം കാത്തിരിക്കൂ എന്നായിരുന്നു കാരാട്ടിന്റെ മറുപടി.

Wednesday, April 4, 2012

സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ്

സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ്

ദേശാഭിമാനി വാർത്തകൾ

ആവേശം വാനോളം സംഗമിച്ചത് പോര്‍വീര്യം

പി വി ജീജോ

Posted on: 04-Apr-2012 08:56 AM

കോഴിക്കോട്: വയലാറിന്റെ വിപ്ലവവീറും കയ്യൂരിന്റെ കരുത്തും ഒഞ്ചിയത്തിന്റെ സമരധീരതയും ഏറ്റുവാങ്ങിയ പതാക-കൊടിമര-ദീപശിഖാ ജാഥാ സംഗമത്തിന് സാക്ഷിയാകാന്‍ കോഴിക്കോട് കടപ്പുറത്ത് എത്തിയത് പതിനായിരങ്ങള്‍. രക്തസാക്ഷിത്വത്തിന്റെ മഹത്വവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയതയും വിളംബരംചെയ്ത് ചൊവ്വാഴ്ച വൈകിട്ട് ഒഴുകിയെത്തിയ ജനാവലി പാര്‍ടി കോണ്‍ഗ്രസിനുള്ള റെഡ്സല്യൂട്ടായി.

പുത്തന്‍പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ വയലാറില്‍നിന്നെത്തിച്ച ചെങ്കൊടിയും കൂടുതല്‍ ഉയരങ്ങളില്‍ രക്തപതാക പാറിക്കാന്‍ കയ്യൂരിന്റെ മണ്ണില്‍നിന്നുള്ള കൊടിമരവും പുതിയപ്രഭാതത്തിലേക്ക് വെളിച്ചംപകരാന്‍ ഒഞ്ചിയത്തുനിന്നുള്ള ദീപശിഖയും നഗരത്തിലെത്തിയപ്പോള്‍ അഭിവാദനത്തിനും വരവേല്‍പ്പിനുമായി വന്നണഞ്ഞവര്‍ ആവേശം വാനോളം ഉയര്‍ത്തി. ചുവപ്പിന്റെ മഹാസമ്മേളനം ഇതാ കോഴിക്കോട്ട് തുടങ്ങുന്നു എന്ന് ഉദ്ഘോഷിക്കുംവിധമാണ് ജനം നിറഞ്ഞത്. ഇനി ആറുനാള്‍ ഈ നഗരത്തിന്റെ വര്‍ണവും രാഷ്ട്രീയവും സംസ്കാരവും ചുവപ്പാണെന്ന് അറിയിക്കുംവിധമായിരുന്നു ജനസഞ്ചയം.

കടപ്പുറത്ത് പൊതുസമ്മേളന വേദിയായ എം കെ പന്ഥെ നഗറില്‍ കൊടിമരം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഏറ്റുവാങ്ങി. പതാക കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടിയും ദീപശിഖ പ്രതിനിധി സമ്മേളനഗരിയില്‍ സംസ്ഥാനകമ്മിറ്റി അംഗം എം വി ഗോവിന്ദനും ഏറ്റുവാങ്ങി. വടക്കുനിന്ന് ദീപശിഖയും കൊടിമരവും തെക്കുനിന്ന് കൊടിയും നഗരത്തിലെത്തിയപ്പോള്‍ ചെമ്പടയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ വരവേറ്റു. കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ വയലാറില്‍നിന്നെത്തിയ പതാകജാഥ എ കെ ജി മേല്‍പ്പാലത്തിനടുത്ത് കേന്ദ്രീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ നയിച്ച് കയ്യൂരില്‍നിന്നെത്തിച്ച കൊടിമരജാഥയും ദീപശിഖാ ജാഥയും സി എച്ച് മേല്‍പ്പാലത്തിനടുത്ത് സംഗമിച്ചു. ഒഞ്ചിയത്തുനിന്നും ജില്ലയിലെ രക്തസാക്ഷി കുടീരങ്ങളില്‍നിന്നും പഴയകാല നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളില്‍നിന്നും കൊളുത്തിയ ദീപശിഖ ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്റെ നായകത്വത്തിലാണ് കൊണ്ടുവന്നത്.

നൂറുകണക്കിന് ഇരുചക്രവാഹനങ്ങളില്‍ ചുവപ്പുവളന്റിയര്‍മാരുടെ അകമ്പടിയിലായിരുന്നു ജാഥകള്‍ നീങ്ങിയത്. നിരവധി വാഹനങ്ങളില്‍ ബഹുജനങ്ങളും അനുഗമിച്ചു. മുദ്രാവാക്യവും പടപ്പാട്ടും ബാന്‍ഡ്വാദ്യവും ചെങ്കൊടികളുമായി കടപ്പുറത്തേക്ക് പ്രവഹിച്ച ജാഥകള്‍ കോഴിക്കോടിന് ജനകീയാഘോഷത്തിന്റെ ശോഭപകര്‍ന്നാണ് കടന്നുപോയത്. കൊടിമരജാഥയെ കോഴിക്കോടിന്റെ വടക്കന്‍ അതിര്‍ത്തിയായ അഴിയൂര്‍ ചുങ്കത്തുനിന്ന് ജില്ലയിലേക്ക് സ്വാഗതം ചെയ്തു. ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ ജാഥാലീഡര്‍ പി കരുണാകരനെയും ജാഥാംഗം എം വി ജയരാജനെയും ഹാരമണിയിച്ചു. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനും സംബന്ധിച്ചു. പതാകജാഥയെ മലപ്പുറത്തെ ഐക്കരപ്പടിയില്‍നിന്ന് കോഴിക്കോട്ടേക്ക് വരവേറ്റു. ജാഥാലീഡര്‍ എ വിജയരാഘവനെയും ജാഥാംഗം ജി സുധാകരനെയും ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മലപ്പുറം ജില്ലാസെക്രട്ടറി പി പി വാസുദേവനുമുണ്ടായിരുന്നു. കായികതാരങ്ങളുടെ അകമ്പടിയില്‍ നാടിനെ ഇളക്കിമറിച്ചായിരുന്നു മൂന്നുജാഥകളുടെയും പ്രയാണം.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് സിപിഐ എമ്മിന്റെ വളര്‍ച്ച: പിണറായി

Posted on: 04-Apr-2012 08:58 AM

കോഴിക്കോട്: ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന സിപിഐ എം കരുത്താര്‍ജിക്കണമെന്ന് രാജ്യത്തെ നാനാതുറകളിലുംപെട്ട ജനലക്ഷങ്ങള്‍ ആഗ്രഹിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് സ. എം കെ പന്ഥെ നഗറില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു പിണറായി. സിപിഐ എമ്മിനെ ബഹുജനങ്ങള്‍ മറ്റ് പാര്‍ടികളില്‍നിന്നും തികച്ചും വ്യത്യസ്തമായാണ് കാണുന്നത്. സാമ്രാജ്യത്വാധിനിവേശം ലോകമാകെ ശക്തിപ്പെടുമ്പോള്‍, നമ്മുടെ രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വം കീഴ്പ്പെടുത്താന്‍ ഹീനമായ നീക്കങ്ങള്‍ നടത്തുമ്പോള്‍ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കാനുള്ള പോരാട്ടം സംഘടിപ്പിക്കുന്നത് സിപിഐ എം ആണ്.

ഭരണാധികാരികള്‍ ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കി ജനങ്ങളെ കടുത്ത ജീവിതദുരിതത്തിലേക്ക് തള്ളുമ്പോഴും പാര്‍ടിയാണ് പോരാടുന്നത്. വര്‍ഗീയശക്തികളെ താലോലിക്കുകയും വര്‍ഗീയതയുമായി സമരസപ്പെട്ടുപോവുകയും ചെയ്യുന്ന നിലപാട് ഭരണകൂടം സ്വീകരിക്കുമ്പോള്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ പോരാടുകയും ജനാധിപത്യ സംരക്ഷണത്തിന് ശക്തമായ നിലപാടെടുക്കുകയും ചെയ്യുന്നു.

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നു. പാര്‍ടി സ്വീകരിക്കുന്ന ശരിയായ നിലപാടുകള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വിശദമായ ചര്‍ച്ചയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത്. പാര്‍ടി കോണ്‍ഗ്രസിനെ ജനങ്ങള്‍ നെഞ്ചേറ്റി സ്വീകരിച്ചുവെന്നതിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്ന വിപുലമായ പരിപാടികളിലെ ജനപങ്കാളിത്തവും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ തടിച്ചുകൂടിയ വന്‍ ജനാവലിയെന്നും പിണറായി പറഞ്ഞു.

ജനസാഗരതീരം

എം രഘുനാഥ്

Posted on: 04-Apr-2012 09:02 AM

കോഴിക്കോട്: മണ്ണും മാനവും മനസ്സും ചുവപ്പണിഞ്ഞ സാഗരതീരത്ത് ജനസഹസ്രങ്ങളെ സാക്ഷിയാക്കി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ചെമ്പതാക ഉയര്‍ന്നു. ചുവന്ന സൂര്യോദയത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് ജ്വലിച്ച ദീപശിഖ നഗരത്തില്‍ പ്രഭചൊരിഞ്ഞു. പൊതുസമ്മേളനം ചേരുന്ന കോഴിക്കോട് കടപ്പുറത്തെ സ. എം കെ പന്ഥെനഗറില്‍ പിണറായി വിജയന്‍ പതാക ഉയര്‍ത്തിയപ്പോള്‍ ചുവപ്പില്‍ പൂത്തുലഞ്ഞ ചരിത്രനഗരിയില്‍ ആവേശത്തിന്റെ അഗ്നിജ്വാലകള്‍ വാനോളമുയര്‍ന്നു.

അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതികുടീരത്തില്‍നിന്ന് കൊണ്ടുവന്ന കൊടിമരത്തില്‍, ചെറുത്തുനില്‍പ്പിന്റെ വീരേതിഹാസം രചിച്ച പുന്നപ്ര- വയലാര്‍ രണധീരരുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് കൊണ്ടുവന്ന രക്തപതാക വാനിലുയര്‍ന്ന് പറന്നു. ഒഞ്ചിയത്തെ രണധീരരുടെ സ്മൃതികുടീരത്തില്‍നിന്ന് കൊണ്ടുവന്ന ദീപശിഖ പ്രതിനിധി സമ്മേളനം നടക്കുന്ന സ. ഹര്‍കിഷന്‍സിങ് സുര്‍ജിത്- ജ്യോതിബസു നഗറില്‍ (ടാഗോര്‍ ഹാള്‍) പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൊളുത്തിയപ്പോള്‍ പോരാട്ടപ്രതിജ്ഞകളുടെ ശബ്ദഘോഷം ഉയര്‍ന്നു.

നവലോകസൃഷ്ടിക്കായി പടയണി തീര്‍ക്കുന്ന ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുന്ന നേതാക്കള്‍ക്കുപിന്നില്‍ സംഘബോധത്തിന്റെ ഇങ്ക്വിലാബ് വിളികള്‍ ഉയര്‍ന്നു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഐതിഹാസികമായ ഒട്ടനവധി പോരാട്ടങ്ങള്‍ക്ക് വേദിയായ കോഴിക്കോട് കടപ്പുറത്ത് ബാന്‍ഡുവാദ്യവും ചെണ്ടമേളവും കരിമരുന്നുവര്‍ഷവും തീര്‍ത്ത അലയൊലിയെ വെല്ലുമാറുച്ചത്തില്‍ ജനാവലി ഏകമനസ്സായി പ്രഖ്യാപിച്ചു- ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റാന്‍ ഞങ്ങളുണ്ട്.

കേരളത്തില്‍ നാലാമതും കോഴിക്കോട്ട് ഇദംപ്രഥമമായും നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ ചരിത്രവിജയം വിളംബരംചെയ്ത് പതാക ഉയര്‍ത്തല്‍ച്ചടങ്ങും അനുബന്ധജാഥകളുടെ സംഗമവും ജനങ്ങളുടെ മഹാപ്രവാഹമായി. കടപ്പുറത്ത് പാര്‍ടി കോണ്‍ഗ്രസിന് സമാപനംകുറിച്ച് നടക്കുന്ന ജനലക്ഷങ്ങളുടെ മഹാറാലിയുടെ വിളംബരമായി പതാക ഉയര്‍ത്തല്‍ച്ചടങ്ങ്. ഒഞ്ചിയം സ്ക്വയറില്‍നിന്നുള്ള പ്രധാന ദീപശിഖയ്ക്കുപുറമെ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ജില്ലയില്‍ ജീവന്‍ ബലിയര്‍പ്പിച്ച 52 രക്തസാക്ഷികളുടെയും മുന്നൂറിലേറെ നേതാക്കളുടെയും സ്മൃതിമണ്ഡപത്തില്‍നിന്ന് പ്രയാണം ആരംഭിച്ച ഉപ ദീപശിഖകളും സംഗമിച്ചാണ് പ്രതിനിധിസമ്മേളന നഗറിലെത്തിയത്.

പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍, പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

തെളിയുന്നത് മുതലാളിത്ത ദൗര്‍ബല്യം: കാരാട്ട്

എന്‍ എസ് സജിത്

Posted on: 04-Apr-2012 09:08 AM

കോഴിക്കോട്: ധനമൂലധനം നയിക്കുന്ന മുതലാളിത്തത്തിന്റെ ദൗര്‍ബല്യമാണ് ആഗോള സാമ്പത്തികപ്രതിസന്ധിയില്‍ പ്രതിഫലിക്കുന്നതെന്നും ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസമെന്നത് വിദൂരമല്ലെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സമീപഭാവിയില്‍തന്നെ യാഥാര്‍ഥ്യമാകുന്ന ഒന്നാണ് സോഷ്യലിസം. അത് 20-ാംനൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ഗുണങ്ങള്‍ സ്വാംശീകരിക്കുകയും ദോഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമാണ്- കാരാട്ട് പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ കെ നായനാര്‍ നഗറി (ടൗണ്‍ ഹാള്‍)ല്‍ "സോഷ്യലിസത്തിന്റെ ഭാവി" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന, വിയത്നാം, ക്യൂബ എന്നീ രാജ്യങ്ങള്‍ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സോഷ്യലിസം പരിഷ്കരിക്കുകയാണ്. ജനങ്ങളെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കാനുള്ള സോഷ്യലിസത്തിന്റെ കരുത്താണ് സോവിയറ്റ് യൂണിയനില്‍ കണ്ടത്. തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും ആരോഗ്യ, സാമൂഹ്യസുരക്ഷാ മേഖലകളില്‍ നേട്ടമുണ്ടാക്കാനും സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കാനും സോവിയറ്റ് യൂണിയന് കഴിഞ്ഞു. സാമ്രാജ്യത്വനുകത്തിനുകീഴില്‍ നരകിച്ച രാജ്യങ്ങളെ ജനാധിപത്യത്തിലേക്ക് നയിക്കാന്‍ ഇത് പ്രേരണ നല്‍കി.

രണ്ടു ദശകംമുമ്പ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ മുതലാളിത്തത്തിന്റെ മഹാവിജയവും ചരിത്രത്തിന്റെ അന്ത്യവും പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ മുതലാളിത്തത്തിന് ഭാവിയുണ്ടോ എന്നാണ് ചര്‍ച്ചചെയ്യുന്നത്. മുതലാളിത്ത രാജ്യങ്ങളുടെ കൂട്ടായ്മയായ ലോക സാമ്പത്തികഫോറത്തിന്റെ യോഗത്തില്‍പ്പോലും മുതലാളിത്തത്തിന് ഭാവിയുണ്ടോ എന്നും അത് നിലനില്‍ക്കുന്നതാണോ എന്നുമാണ് ചര്‍ച്ച നടത്തിയത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് നിലനില്‍പ്പില്ലെന്ന് സിപിഐ എം അക്കാലത്ത് പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ പഴഞ്ചന്മാരാണെന്ന് ആക്ഷേപിക്കുകയായിരുന്നു. ആഗോളവല്‍ക്കരണം ലോകമെങ്ങും അസമത്വമാണ് സൃഷ്ടിച്ചത്.

അമേരിക്കയില്‍ ഒരു ശതമാനം സമ്പന്നരാണ് ആ രാജ്യത്തിന്റെ 40 ശതമാനം സ്വത്തും കൈയാളുന്നത്. ലോകത്തിലെ 200 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലാണെന്നതുതന്നെ മുതലാളിത്തത്തിന്റെ ദൗര്‍ബല്യമാണ് വെളിവാക്കുന്നത്. മനുഷ്യന്റെ നിലനില്‍പ്പിനുമാത്രമല്ല, ലോകത്തിന്റെ പരിസ്ഥിതിക്കുതന്നെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന മുതലാളിത്തം ഭീഷണിയാണ്. ചൂഷണം കൂടുതല്‍ തീവ്രമാക്കിയും ക്ഷേമപദ്ധതികള്‍ ഒഴിവാക്കിയുമാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന പല രാജ്യങ്ങളിലും ഭരണാധികാരികളെ നിര്‍ണയിക്കുന്നത് ബാങ്കുകളാണ്.

1930കളിലെ മാന്ദ്യകാലത്തും ഫാസിസവും നാസിസവും വളര്‍ന്നതിന് സമാനമാണിത്. മുതലാളിത്തത്തിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് തൊഴിലാളി-കര്‍ഷക സഖ്യം അനിവാര്യമാണ്. സ്ത്രീകള്‍ക്കും ഈ സമരത്തില്‍ ഗണ്യമായ പങ്കുവഹിക്കാനുണ്ട്. മുതലാളിത്ത രാജ്യങ്ങളില്‍ തൊഴില്‍ശക്തിയുടെ 60 ശതമാനവും സ്ത്രീകളാണ്. പുതിയ കാലത്തെ സോഷ്യലിസ്റ്റ് നിര്‍മിതിയില്‍ അഞ്ച് കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യവല്‍ക്കരണവും അതിന്റെ പൊതു ഉടമാവകാശവുമാണ് ആദ്യത്തേത്.

ചരക്കുല്‍പ്പാദന കമ്പോളത്തിന്റെ നിലനില്‍പ്പാണ് രണ്ടാമത്തേത്. വികേന്ദ്രീകരിക്കപ്പെട്ടതും ആസൂത്രിതവുമായ സമ്പദ്ഘടന, സാമ്രാജ്യത്വ ഇടപെടലുകളെ ചെറുക്കാന്‍ ശേഷിയുള്ള ജനാധിപത്യം, പാര്‍ടിയും ഭരണകൂടവും തമ്മിലുള്ള കൃത്യമായ വിഭജനം എന്നിവയാണ് മറ്റു മൂന്ന് ഘടകങ്ങള്‍- കാരാട്ട് പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനായി. ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അബലാര്‍ഡോ ക്യൂട്ടോ സോസ, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എന്നിവര്‍ സംസാരിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ്

പ്രൗഢോജ്വല തുടക്കം
കെ എം മോഹന്‍ദാസ്
ദേശാഭിമാനി, Posted on: 04-Apr-2012 04:29 PM
കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് കോഴിക്കോട്ട് പ്രൗഢോജ്വല തുടക്കം. രാജ്യം ഉറ്റുനോക്കുന്ന പാര്‍ടി കോണ്‍ഗ്രസ് ദേശീയരാഷ്ട്രീയം മാറ്റിക്കുറിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും. ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ നായകരായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെയും ജ്യോതിബസുവിന്റെയും ഓര്‍മകളുണര്‍ത്തുന്ന നഗറില്‍ (ടാഗോര്‍ സെന്റിനറി ഹാള്‍)പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രക്തസാക്ഷികളുടെ വീരസ്മരണ പുതുക്കിയാണ് രാഷ്ട്രീയചരിത്രത്തില്‍ സുപ്രധാന ഏടായി മാറുന്ന പാര്‍ടി കോണ്‍ഗ്രസിന് തുടക്കമായത്.

പ്രതിനിധിസമ്മേളന നഗറില്‍ പാര്‍ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ ആര്‍ ഉമാനാഥ് പതാക ഉയര്‍ത്തി. ഇതിനുമുന്നോടിയായി പ്രശസ്ത കവി ഒ എന്‍ വിയുടെ മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരവും ഉണ്ടായി. പി കെ ഗോപി രചിച്ച സ്വാഗതഗാനവും ആവേശത്തിന്റെ അലകളുയര്‍ത്തി. ചെമ്പതാക ഉയരവെ ബാന്‍ഡുവാദ്യവും കതിനവെടികളും മുഴങ്ങി. അസംഖ്യം വര്‍ണബലൂണുകള്‍ വാനിലേക്കുയര്‍ന്നു.

പതാക ഉയര്‍ത്തല്‍ ചടങ്ങിനുശേഷം രക്തസാക്ഷിമണ്ഡപത്തില്‍ ധീര സഖാക്കളുടെ സ്മരണകള്‍ക്കുമുമ്പില്‍ പിബി അംഗങ്ങള്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. ഉദ്ഘാടന സമ്മേളനത്തില്‍ പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. പാര്‍ടി സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ പിണറായി വിജയന്‍ സ്വാഗതം ആശംസിച്ചു. എസ് ആര്‍ പി രക്തസാക്ഷി-അനുശോചനപ്രമേയങ്ങള്‍ അവതരിപ്പിച്ചു. സിപിഐ നേതാവ് എ ബി ബര്‍ദന്‍ പ്രതിനിധികളെ അഭിവാദ്യംചെയ്തു. ഉച്ചക്കുശേഷം രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും കാരാട്ട്അവതരിപ്പിച്ചു. എസ്ആര്‍പി(ചെയര്‍മാന്‍), മൊഹമ്മദ് സലിം, സുധ സുന്ദര്‍രാമന്‍, എം എ ബേബി, പി രാമയ്യ, ഖഗന്‍ദാസ്, കെ പി ഗവിത് എന്നവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 734 പ്രതിനിധികള്‍, 77 നിരീക്ഷകര്‍, 11 മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തിനുണ്ട്.

സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളും ലോകരാഷ്ട്രീയത്തിലെ മാറ്റങ്ങളും വിലയിരുത്തുന്ന പ്രത്യയശാസ്ത്രപ്രമേയമാണ് 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ സവിശേഷത. കരട് രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ സംഘടനാറിപ്പോര്‍ട്ടും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. രാജ്യത്തെ രാഷ്ട്രീയസംഭവവികാസങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന കോണ്‍ഗ്രസ് പ്രശ്്നപരിഹാരത്തിനുള്ള രാഷ്ട്രീയബദല്‍ മുന്നോട്ടുവയ്ക്കും.കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ-ജനാധിപത്യ ബദല്‍ വളര്‍ത്താനുള്ള ആഹ്വാനമാണ് കോഴിക്കോട്ടുനിന്നുയരാന്‍ പോകുന്നത്. രാജ്യത്താകെ പാര്‍ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയും സ്വാധീനം വര്‍ധിപ്പിക്കുകയുമാണ് പാര്‍ടി കോണ്‍ഗ്രസിലെ പ്രധാന അജന്‍ഡ. ദേശീയതലത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക് വളര്‍ത്തുന്നതിനുള്ള സുപ്രധാനതീരുമാനങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് കൈക്കൊള്ളും. രക്തപതാക ഉയര്‍ത്തുന്നതിനോടൊപ്പം പാര്‍ടി കോണ്‍ഗ്രസിന്റെ മുദ്ര ആലേഖനം ചെയ്ത വര്‍ണ ബലൂണുകള്‍ വാനില്‍ പാറിപ്പറന്നു. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങള്‍, വിഎസ് അച്യുതാനന്ദന്‍ എന്നീ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍. മുതിര്‍ന്ന നേതാക്കള്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ച് അഭിവാദ്യമര്‍പ്പിച്ചു. കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസിനും ഈ പാര്‍ട്ടി കോണ്‍ഗ്രസിനും ഇടയില്‍ ബംഗാളിലടക്കം നിരവധി സഖാക്കളാണ് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായത്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്