ഇത് 2011 ഡിസംബർ 11 ന് ദേശാഭിമാനി ദിനപ്പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ വന്ന ഒരു ലേഖനമാണ്. നിങ്ങൾ ഒരു പക്ഷെ ദേശാഭിമാനി വായനക്കാരനല്ലെങ്കിൽ നിങ്ങൾക്ക് ഈ ലേഖനം വായിക്കാൻ കഴിയാതെ പോയിട്ടുണ്ടാകാം.അതിനാൽ ഈ ലേഖനം ഇവിടെ ഷെയർ ചെയ്യുന്നു. ഇതാണ് നമ്മുടെ ഇന്ത്യ. നമ്മുടെ തൊട്ടയൽ സംസ്ഥാനവും ഇ.വി.രാമസ്വാമി നായ്ക്കരുടെ നാടുമായ തമിഴ്നാട്ടിൽ, അതും നമ്മുടെ സംസ്ഥാനത്തിനോട് ചേർന്നുകിടക്കുന്ന ഒരു ജില്ലയിലെ സ്ഥിതി ഇതാണെങ്കിൽ മറ്റ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എന്തായിരിക്കും സ്ഥിതി എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ!
പ്രസിഡന്റ് ദളിതനായാല്‍ ഭരണം പടിക്കു പുറത്ത്
ഇ എന്‍ അജയകുമാര്‍
പൂക്കാതെ നില്ക്കുന്ന അശോകത്തിന്റെ ചുവട്ടില്‍ പെണ്‍കുട്ടികള്‍ നൃത്തംചെയ്താല്‍ പൂക്കുമെന്ന വെറുതെയുള്ളൊരു സങ്കല്‍പ്പമുണ്ട്. എന്നാല്‍ , മനഷ്യാധ്വാനവും അയല്‍സംസ്ഥാനത്തെ വെള്ളവും ചേരുമ്പോള്‍ വരണ്ട മണ്ണിലും പൊന്നുവിളയുമെന്ന് തമിഴകം കാട്ടുന്നു. ആ കാഴ്ച ഞങ്ങള്‍ കണ്ടു. ഒപ്പം നോവിന്റെ നീരുറവ പൊട്ടുന്ന ഒരുപാട് സങ്കടങ്ങളും അധര്‍മങ്ങളും. തമിഴകത്ത് വൈഗൈ നദിയുടെ തീരത്താണ് ഉശിലംപെട്ടി താലൂക്ക്. മുല്ലപ്പെരിയാറിലെ വെള്ളമാണ് വൈഗൈ നദിക്ക് നനവേകുന്നത്. എങ്കിലും പെണ്‍കുഞ്ഞ് ജനിച്ചാലുടന് എരിക്കിന്പാല് നല്കി കൊലപ്പെടുത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച മണ്ണാണ് ഉശിലംപെട്ടി. ഈ താലൂക്കില്‍ ഉള്‍പ്പെടുന്ന കീരിപ്പെട്ടി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് മൊക്കകാളൈ. ശോകത്തിന്റെ ഒരു തടാകമാണ് ഇദ്ദേഹം. ഛന്ദസ്സില്ലാത്തൊരു ജീവിതപരിസരം. ലക്ഷണമൊത്ത ഒരു തമിഴ് കര്‍ഷകത്തൊഴിലാളി. വയസ്സ് നാല്‍പത്തഞ്ചേ ആയുള്ളൂവെങ്കിലും ജീവിതഭാരം കാരണം വില്ലുപോലെയായ കറുത്ത ശരീരം. അഞ്ച് പെണ്മക്കളുടെ അച്ഛനാണ്. ഭാര്യ പാണ്ടിയമ്മാള്‍ മക്കളുടെ കാര്യം നോക്കും. പഞ്ചായത്ത് അധ്യക്ഷന്റെ പത്രാസുണ്ടെങ്കിലും പണി ഒന്നേയുള്ളൂ. ഗ്രാമത്തിലെ സവര്‍ണ കുടുംബക്കാരുടെ നിലങ്ങളില്‍ മാറിമാറി വിയര്‍പ്പൊഴുക്കണം. കന്നുപൂട്ടല്‍ , മേയിക്കല്‍ , കിളക്കല്‍ എന്നിങ്ങനെ സവര്‍ണ ജന്മിമാര് എന്തു പറയുന്നുവോ അതെല്ലാം ചെയ്തിരിക്കണം. പഞ്ചായത്ത് പ്രസിഡന്റ് ആകുംമുമ്പ് ഇത്രയും പണിയില്ലായിരുന്നു. എന്റെ നിലം ഉഴാന് പഞ്ചായത്ത് പ്രസിഡന്റ് വേണമെന്ന നിര്‍ബന്ധത്തിലാണ് ഓരോ സവര്‍ണജന്മിയും.
പ്രസിഡന്റായിട്ട് മാസങ്ങള്‍ പലത് പിന്നിട്ടു. പഞ്ചായത്തിന്റെ മുറ്റത്തുനിന്ന് സത്യവാചകംചൊല്ലി. അതിനുശേഷം ഇതുവരെ പഞ്ചായത്ത് ഓഫീസില്‍ കടക്കാനോ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കാനോ മൊക്കകാളൈയ്ക്ക് ഭാഗ്യം കിട്ടിയിട്ടില്ല. അയിത്തത്തിന് അന്ത്യംകുറിക്കാന്‍ നടത്തിയ വൈക്കം സത്യാഗ്രഹത്തിനെത്തിയ പെരിയോരുടെ മധുരയില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. പക്ഷേ, അയിത്തജാതിക്കാരന് പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിലിരുന്നാല്‍ അന്ന് സവര്‍ണര്‍ കഥ കഴിക്കുമെന്ന ഭീതിയിലാണ് മൊക്കാകാളൈ. കീരിപ്പട്ടി, പാപ്പാപട്ടി, നാട്ടാര്‍മംഗലം പഞ്ചായത്തുകളില്‍ പ്രസിഡന്റുസ്ഥാനം സംവരണം ചെയ്തപ്പോള്‍ ഒന്നരപ്പതിറ്റാണ്ടോളം തെരഞ്ഞെടുപ്പിനുപോലും സവര്‍ണരായ തേവര്‍മാര്‍ അനുവദിച്ചില്ല. പത്രിക നല്കിയ നാലുപേര്‍ ആദ്യകാലത്ത് കൊല്ലപ്പെട്ടു. പിന്നീട് തേവര്‍മാര്‍ രീതി മാറ്റി. ആശ്രിതരായ കര്‍ഷകത്തൊഴിലാളികളില്‍ ഒരാളെ നിര്‍ത്താന്‍ തുടങ്ങി. ഫലപ്രഖ്യാപനം കഴിഞ്ഞ് അവര്‍ സ്ഥാനം രാജിവയ്ക്കും. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയായതിനാല്‍ മറ്റൊരംഗത്തിനുപകരം പ്രസിഡന്റാകാന്‍ കഴിയില്ല. ഈ അവസരം ഉപയോഗിച്ച് സവര്‍ണര്‍ ഭരണം കൈയിലൊതുക്കി. 614 സവര്‍ണ തേവര് കുടുംബങ്ങളും 130 ദളിത് കുടുംബങ്ങളുമാണ് കീരിപ്പട്ടിയിലുള്ളത്. സവര്‍ണര്‍ ഒരുവര്‍ഷം മൂന്നര പവന് സ്വര്‍ണാഭരണം മൊക്കകാളൈക്ക് നല്‍കും. സര്‍ക്കാര്‍ ഫണ്ട് മുഴുവന്‍ സവര്ണപ്രമാണിമാര്ക്ക് നല്‍കണം. അതിനുള്ള ചെക്കും രേഖയും ഒപ്പിടുക മാത്രമാണ് പ്രസിഡന്റിന്റെ ചട്ടപ്പടി ജോലി. എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികള്‍ ഈ അനീതിയെ ചോദ്യംചെയ്യുന്നില്ല. എതിര്‍ക്കുന്നവരെ സവര്‍ണര്‍ വച്ചിരിക്കില്ല. ഈ അനീതിയെ ചോദ്യംചെയ്ത് അഞ്ചുവര്‍ഷത്തോളം പാല്‍സ്വാമി എന്ന ചുണക്കുട്ടി കീരിപ്പട്ടിയില്‍ പ്രസിഡന്റായിരുന്നു. സിപിഐ എം പോരാളിയാണ് പാല്‍സ്വാമി.
2006ല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച് പാല്‍സ്വാമി ജയിച്ചത് സവര്‍ണര്‍ക്ക് തിരിച്ചടിയായി. പല തവണ കൊല്ലാന്‍ ശ്രമിച്ചു. പൊലീസ് സംരക്ഷണയിലും കമ്യൂണിസ്റ്റ് വളണ്ടിയര്‍മാരുടെ ബലത്തിലുമാണ് അഞ്ചുവര്‍ഷം ഭരിച്ചത്. വികസനപ്രവര്‍ത്തനങ്ങളെ ആവോളം തടസ്സപ്പെടുത്തി അവര്‍ പ്രതികാരം തീര്‍ത്തു. അക്കാലത്ത് പണിത ബസ് സ്റ്റാന്‍ഡും സമൂഹ്യ ശൗചാലയവുമെല്ലാം വെള്ളവും വൈദ്യുതിയും നല്‍കാതെ ഇല്ലാതാക്കി. കഴിഞ്ഞ ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ മൊക്കകാളൈയെ നിര്‍ത്തി പാല്‍സ്വാമിയെ സവര്‍ണര്‍ പരാജയപ്പെടുത്തി. അന്ന് നല്ല വസ്ത്രം നല്കി മൊക്കൊകാളൈയെ വീടുകള്‍ കയറിയിറങ്ങാന്‍ വിട്ടു. പക്ഷേ, വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മൊക്കാകാളൈ വീണ്ടും സവര്‍ണരുടെ അടിമയാക്കി. വയലില്‍ ജോലിചെയ്യുന്ന വയലിലെത്തി പഞ്ചായത്ത് പ്രസിഡന്റിനെ കാണാന്‍ ഞങ്ങളൊരു ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു 'ഫോട്ടോഗ്രാഫറെയും പത്രക്കാരനെയും തേവരുടെ ആളുകള്‍ ചുടും. മൊക്കൊകാളൈയും ഉപദ്രവിക്കും. നിങ്ങള്‍ അങ്ങോട്ട് പോകേണ്ട.' പിന്നീട് കാലിലൊരു വാറുപൊട്ടിയ പാദരക്ഷപോലുമില്ലാത്ത ഗ്രാമത്തലൈവറെ കാണുന്നത് ഒരു ബസ് താവളത്തില്‍ അവിചാരിതമായി എത്തിയപ്പോഴാണ്. ഇതൊന്നും കീരിപ്പട്ടിയിലെ മാത്രം വിശേഷങ്ങളല്ല. 'വിവാഹിതയായി 45 വര്‍ഷം മുമ്പ് ഈ നാട്ടിലെത്തിയതുമുതല്‍ സമാധാനം എന്തെന്നറിഞ്ഞിട്ടില്ല. ഉറക്കം നഷ്ടപ്പെട്ട നാളുകള്‍ . ഭയന്ന് ജീവിക്കേണ്ട ഗതികേട്്. ജാതിസംഘര്‍ഷം ഏതു നിമിഷവും ഉണ്ടാകാം.' മധുര ജില്ലയിലെതന്നെ ഉത്തപുരം ഗ്രാമത്തില്‍ പൊന്നയ്യന്റെ ഭാര്യ അറുപതുകാരി വെള്ളത്തായിയുടെ കണ്ണില്‍ ഭീതിയാണ്. സവര്‍ണരുടെ പീഡനത്തിനിരയാകുന്ന നിരവധി ദളിത് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് വെള്ളത്തായി. ദളിതരെ അകറ്റിനിര്‍ത്താന്‍ സവര്‍ണര്‍ അയിത്തമതില്‍ നിര്‍മിച്ച ഗ്രാമമാണ് ഉത്തപുരം. പശ്ചിമഘട്ട പര്‍വതനിരകളുടെ ഭാഗമായ ഏഴുമലൈ കുന്നുകളുടെ താഴ്വരയിലാണ് ഉത്തപുരം. പാലക്കാട്ടുനിന്നും പഴനി, മധുര വഴി ഉത്തപുരത്തെത്താന്‍ ആദ്യം ഉശിലംപെട്ടിയിലെത്തണം. കരിമ്പും നെല്ലും പച്ചക്കറികളും പൂക്കളും വിളഞ്ഞുനില്‍ക്കുന്ന പാടങ്ങള്‍ക്കിടയിലൂടെയുള്ള മനോഹരമായ യാത്ര. നോക്കെത്താദൂരത്ത് പടര്‍ന്നുപന്തലിച്ച് സ്വര്‍ണനിറമുള്ള ചോളവയലുകള്‍ . പ്രകൃതിരമണീയതയിലൂടെയുള്ള ഈ യാത്രയിലെ സുഖാനുഭൂതിയല്ല പക്ഷേ, ഉത്തപുരത്തെത്തുമ്പോള്‍ . അവിടത്തെ കാറ്റിനുപോലും നൂറ്റാണ്ടുകളായി ദളിതന്റെ ചോരമണമാണ്.
ഉശിലംപെട്ടി താലൂക്കിലെതന്നെ പല്ലട്ടി ഗ്രാമത്തില്‍നിന്ന് പൊന്നയ്യന്‍ വെള്ളത്തായിയെ വിവാഹം കഴിച്ചുകൊണ്ടുവരുമ്പോള്‍ കുട്ടിത്തം മുഴുവന്‍ മാറാത്ത പതിനഞ്ചുകാരിയായിരുന്നു. പല്ലട്ടിയിലും അയിത്തമുണ്ടായിരുന്നു. സവര്‍ണരുടെ വയലില്‍ കൂലിയില്ലാതെ പണിയെടുക്കേണ്ടിവന്നിരുന്നു. കൈക്കൂമ്പിളില്‍ ഒഴിച്ചുതരുന്ന കഞ്ഞിയും കാലിന്റെ തള്ളവിരലില്‍ വച്ചുകൊടുക്കുന്ന അച്ചാറുമാണ് ഭക്ഷണം. ഒഴിക്കുമ്പോള്‍ കഞ്ഞി പാതി താഴെ വീഴും. എന്നാല്‍ , ഉത്തപുരത്ത് എത്തിയപ്പോള്‍ അതിനേക്കാള്‍ രൂക്ഷമാണ് കാര്യങ്ങളെന്ന് മനസ്സിലായി. സവര്‍ണര്‍ പറയുന്നത് കേള്‍ക്കണം. രാത്രിയെന്നോ പകലെന്നോ നോക്കാതെ അധ്വാനിക്കണം. വീഴ്ച വരുത്തിയാല്‍ മരത്തില്‍ കെട്ടിയിട്ട് അടിക്കും. ആദ്യം എല്ലാം ദുരിതമായി തോന്നി. പിന്നീടത് ശീലമായി. സവര്‍ണരായ വെള്ളാളപിള്ളമാര്‍ വരുമ്പോള്‍ വഴിമാറി നടക്കണം. കഞ്ഞികുടിക്കാനുള്ള പാത്രംപോലും പാടില്ല. ചിരട്ടയിലാണ് ചായ നല്‍കിയിരുന്നത്. വയലുകളുടെ ഒരറ്റത്ത് ചെറിയ ഓലമറച്ച കൂര താമസത്തിന്. ഓടിട്ട വീടുകളിലേക്ക് മാറിയെങ്കിലും അയിത്തവും അനാചാരവും പഴയപടി തന്നെ. സവര്‍ണന്റെ റേഷന്‍കടയിലും പലചരക്കുകടയിലും ദളിതന് സാധനം ലഭിക്കില്ല. ദളിത് കോളനിയില്‍ പ്രത്യേക റേഷന്‍ കടകള്‍ തുടങ്ങിയെങ്കിലും നടത്തിപ്പുകാരന് സവര്‍ണരുടെ ആജ്ഞാനുവര്‍ത്തിയായിരിക്കും. മാസത്തില്‍ ഒരുതവണ അരിയും പഞ്ചസാരയും കൊണ്ടുവരും. ജോലി ഉപേക്ഷിച്ച് കാത്തിരിക്കണം. സവര്ണന് മുടിവെട്ടുന്ന ബാര്‍ബര്‍ ഷോപ്പില്‍ ദളിതന് വിലക്കാണ്. കൈക്കുഞ്ഞുങ്ങളെയും ഒക്കത്തേന്തി 33 കിലോമീറ്റര്‍ അകലെ ഉശിലംപെട്ടിയില്‍ എത്തണം കുട്ടികള്‍ക്കുപോലും മുടിവെട്ടിക്കാന്‍ . അവിടെ ഊഴംകാത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരും. അലക്കുകാര്‍ക്ക് ദളിതന്റെ വസ്ത്രത്തോടും അയിത്തമാണ്. സവര്‍ണരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ ദളിതര്‍ക്ക് പ്രവേശനമില്ല. ഗ്രാമത്തിലെ വെള്ളത്തിനുമുണ്ട് നിറഭേദം. സവര്‍ണര്‍ക്കും ദളിതര്‍ക്കും വെവ്വേറേ വാട്ടര്‍ ടാങ്കാണ്.
ദളിതരുടെ വിലാപങ്ങള്‍ക്ക് ചെവികൊടുത്തതും അവര്‍ക്ക് താങ്ങായതും സിപിഐ എമ്മും പാര്‍ടി രൂപീകരിച്ച അയിത്തോച്ചാടന സമിതിയുമാണ്. അതിന്റെ ഫലമായി ഉത്തപുരത്ത് സവര്‍ണരുടെ നിയന്ത്രണത്തിലുള്ള മുത്താലമ്മന്‍ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ദളിതര്‍ക്ക് അനുമതി ലഭിച്ചു. മധുരയിലെ തിരുമലനായ്ക്കന്റെ ഭരണകാലത്ത് നിര്‍മിച്ച ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് കടക്കാന്‍പോലും പാടില്ലായിരുന്നു.നവംബര്‍ 10നാണ് ക്ഷേത്രപ്രവേശനം സാധ്യമായത്. കേരളത്തില്‍ ക്ഷേത്രപ്രവേശനത്തിന്റെ 75ാം വാര്‍ഷികത്തിലാണ് ദ്രാവിഡ നാട്ടില്‍ ക്ഷേത്രപ്രവേശനസമരം കൊടുമ്പിരിക്കൊള്ളുന്നത്. പത്ത് ദളിതര്‍ പ്രതീകാത്മകമായി ക്ഷേത്രത്തില്‍ പ്രവേശിച്ചു. അവര്‍ക്കത് കേവലം ആത്മീയനിര്‍വൃതി മാത്രമായിരുന്നില്ല, അവരുടെ സ്വാതന്ത്ര പ്രഖ്യാപനം കൂടിയായിരുന്നു. 'തോക്കിനുമുന്നില്‍നിന്ന് ദേവിയെ തൊഴേണ്ട ഗതികേടാണ്. കമ്യൂണിസ്റ്റ് പാര്ടിക്കാര് ഇല്ലായിരുന്നെങ്കില്‍ ഇതുപോലും നടക്കില്ല. ഈ കാലത്തും ഞങ്ങളെ ഇങ്ങനെ പീഡിപ്പിക്കുന്നുവല്ലോ. മുത്താലമ്മനെ ദര്‍ശിക്കാന്‍ കിട്ടിയ ഈ അവസരം; ഈ സമാധാനം നിലനില്‍ക്കുമെന്ന് കരുതാനാകില്ല. ഏത് നിമിഷവും എന്തും നടക്കാം'. ഉത്തപുരത്തെ നാല്‍പ്പതുകാരി കലൈവാണി പറയുന്നു. ജാതിസംഘര്‍ഷത്തെതുടര്‍ന്ന് ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട് കലൈവാണിക്ക്. 2008ല്‍ സിപിഐ എം നേതൃത്വത്തില്‍ ഉത്തപുരത്ത് അയിത്തമതില്‍ പൊളിച്ചുമാറ്റി. അന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇവിടെ എത്തിയിരുന്നു. 2010ല്‍ പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഉത്തപുരത്തെത്തിയിരുന്നു. ഉത്തപുരത്ത് പലപ്പോഴായി പൊലീസ് വെടിവയ്പ്, ലാത്തിച്ചാര്‍ജ്, സവര്‍ണരുടെ ആക്രമണം എന്നിവയില്‍ ഒമ്പതോളം പേര് കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിപക്ഷവും ദളിതരായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റവര്‍ ഇന്നും മൃതപ്രായരായി കഴിയുന്നു.
4 comments:
ആലോചിക്കാനാവാത്ത സത്യങ്ങള്‍ :(
നടുക്കുന്ന സത്യങ്ങള്‍ ..ഇപ്പോള്‍ ഇതില്‍ ആണ് വായിച്ചത് നന്ദി ഷെയര ചെയ്തതിനു
പലരും അറിയാതെ പോകുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന ക്രൂരതകള്‍.
Post a Comment