വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, July 7, 2011

മലയോളം ഉയരത്തിലെന്‍ മലയാളം


മലയോളം ഉയരത്തിലെന്‍ മലയാളം


എം.പി. അബ്ദുസ്സമദ് സമദാനി

മാതൃഭൂമി ദിനപ്പത്രം, ജൂലൈ 7 , 2011

മാതൃഭാഷയെ കൈവെടിയുന്നതുകൊണ്ട് സ്വന്തം ഭാഷ മാത്രമല്ല നഷ്ടമാകുന്നത്. സ്വന്തം സംസ്‌കാരത്തെയും അത് ശിഥിലമാക്കുന്നു. ജീവിതത്തിന്റെയും പെരുമാറ്റത്തിന്റെയും രീതിശാസ്ത്രങ്ങളെയെല്ലാം ചിട്ടപ്പെടുത്തുന്നതില്‍ മാതൃഭാഷയ്ക്ക് അനല്പമായ പങ്കുണ്ട്. മലയാളത്തെ അവഗണിക്കുന്നതിന് വലിയ വില കൊടുക്കേണ്ടതായിവരുമെന്ന പാഠം അഭിനവമലയാളി സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്

ഹിന്ദുസ്താന്‍ ഹമാരാ

ലോകത്തെവിടെയും മാതൃഭാഷയ്ക്ക് മാനവസംസ്‌കാരവുമായുള്ള പൊക്കിള്‍ക്കൊടിബന്ധം സുവിദിതമാണ്. മാതാവും മാതാവിന്റെ ഭാഷയും മനുഷ്യസ്വഭാവത്തിന്റെ രൂപകല്പനയില്‍ വഹിക്കുന്ന അതിപ്രധാനമായ പങ്കിനുപകരം മറ്റൊന്നില്ല. മാതൃത്വം മാനവത്വത്തിന്റെ ആദിമമായ ആത്മവിദ്യാലയമാകയാല്‍ മാതൃഭാഷ ആത്മാവിന്റെ ഭാഷയും സ്വത്വത്തിന്റെ ആവിഷ്‌കാരവുമായിരിക്കുന്നു.

എന്നാല്‍ ഉണ്മയുടെ അടിസ്ഥാനത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്ന ഏത് വേരും പിഴുതെറിയാന്‍ ധൃഷ്ടനായിത്തീര്‍ന്ന പുതിയ കാലത്തിന്റെ പുത്രന്മാര്‍ അമ്മയെ നിഷേധിക്കുന്നതുപോലെ അമ്മയുടെ ഭാഷയെ തമസ്‌കരിക്കാനും തുടങ്ങിയിരിക്കുന്നു. വൃദ്ധസദനങ്ങളില്‍ മാതാവെന്നപോലെ ഇന്നത്തെ ചില വിദ്യാലയങ്ങളില്‍ മാതൃഭാഷയും ക്ലേശങ്ങള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.എന്നാല്‍ ലോകമെങ്ങും ഇതാണ് സ്ഥിതിയെന്ന് പറയുന്നത് തെറ്റായിരിക്കും. മാതൃഭാഷയെ മാറോട് ചേര്‍ത്തുവെച്ച് സ്‌നേഹിക്കുന്ന ജനസഞ്ചയങ്ങള്‍ പലയിടത്തുമുണ്ട്.

പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രയിലെ അനുഭവങ്ങള്‍ വിവരിക്കവെ, തീവണ്ടിയില്‍ വെച്ചു പരിചയപ്പെട്ട സഹയാത്രികന്‍ തന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ നിസ്സംഗനായി ഇരുന്നത് മഹാന്മാരായ മലയാളികളില്‍പ്പെടുന്ന ഗുരു നിത്യചൈതന്യ യതി വിവരിക്കുന്നുണ്ട്. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, വണ്ടിയില്‍ നിന്നിറങ്ങിയ ഉടനെ അതേവ്യക്തി ഗുരുവിനോട് വാചാലമായി സംസാരിക്കാന്‍ തുടങ്ങി. കാരണമാരാഞ്ഞപ്പോള്‍ ''ഞങ്ങള്‍ ഫ്രഞ്ചുകാര്‍ ഫ്രാന്‍സിന്റെ അതിര്‍ത്തിക്കകത്ത് മറ്റൊരു ഭാഷയില്‍ സംസാരിക്കാറില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുരുവിനോടൊപ്പം കേരളത്തില്‍ നടത്താന്‍ സാധിച്ച സൗഭാഗ്യയാത്രകളില്‍ പലപ്പോഴും തന്റെ ഈ ഫ്രഞ്ചനുഭവത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ഈ ലേഖകനോട് വിവരിച്ചത് ഓര്‍ക്കുന്നു.

ഫ്രഞ്ചുകാരുടെ മാതൃഭാഷാസ്‌നേഹത്തെക്കുറിച്ച് വേറെയും കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. വിവിധങ്ങളായ ആധുനിക ശാസ്ത്രങ്ങള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള മാധ്യമമായും മാതൃഭാഷ മതി എന്നു അവര്‍ കരുതുന്നു. അതിനായി ഫ്രഞ്ചുഭാഷയെ സജ്ജമാക്കാനും അവര്‍ക്ക് സാധ്യമായി. ആധുനിക ജീവിതത്തിലെ നിരവധി നിത്യോപയോഗ സാധനങ്ങളില്‍ ഇന്ന് ഫ്രഞ്ച് അക്ഷരമുദ്രകള്‍ പതിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ അതിന് നിമിത്തമായത് അത് മാതൃഭാഷയായിട്ടുള്ള ഒരു ജനതയുടെ ആത്മാഭിമാനമാണ്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു സമൂഹവും സ്വന്തം മാതൃഭാഷയെ കൈയൊഴിക്കാന്‍ തയ്യാറാവുകയില്ല.

മാതൃഭാഷയെ കൈവെടിയുന്നതുകൊണ്ട് സ്വന്തം ഭാഷ മാത്രമല്ല നഷ്ടമാകുന്നത്. സ്വന്തം സംസ്‌കാരത്തെയും അത് ശിഥിലമാക്കുന്നു. ജീവിതത്തിന്റെയും പെരുമാറ്റത്തിന്റെയും രീതിശാസ്ത്രങ്ങളെയെല്ലാം ചിട്ടപ്പെടുത്തുന്നതില്‍ മാതൃഭാഷയ്ക്ക് അനല്പമായ പങ്കുണ്ട്. മലയാളത്തെ അവഗണിക്കുന്നതിന് വലിയ വില കൊടുക്കേണ്ടതായിവരുമെന്ന പാഠം അഭിനവമലയാളി സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. നമ്മുടെ പൈതൃകവും ഓര്‍മകളും മലയാളത്തില്‍ ചാലിച്ചതാണ്. ഗൃഹവുമായി ഹൃദയബന്ധം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ ഗൃഹാതുരത്വത്തിന് പോലും അവകാശമുള്ളൂ.

ഒരിക്കല്‍ ഒരു മലയാളി കുടുംബത്തിന്റെ തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ സംഭവത്തിന്റെ വേദന മനസ്സില്‍ ഇപ്പോഴുമുണ്ട്. ഗൃഹനാഥനായ പിതാവ് യുവാവായ തന്റെ മകനെ എനിക്ക് പരിചയപ്പെടുത്തി. ആ ചെറുപ്പക്കാരനോട് (സ്വാഭാവികമായും മലയാളത്തില്‍) സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ പിതാവ് പറഞ്ഞു: ''അതുവേണ്ട, അവന് മലയാളം അറിയില്ല.'' അതു കേട്ടപ്പോള്‍ വലിയ അത്ഭുതവും അതിലേറെ സങ്കടവുമുണ്ടായി. ആ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനുമുമ്പ് സ്‌നേഹപൂര്‍വം തന്നെ പിതാവിനോട് പറഞ്ഞു. ''വൈകിപ്പോയെങ്കിലും മകനെ മലയാളം പഠിപ്പിക്കണം. അല്ലെങ്കില്‍ അവന് നിങ്ങളെയും അറിയാതായിത്തുടങ്ങും.'' മാതൃഭാഷ അറിയാത്തവന് മാതാവിനെയും പിതാവിനെയും തിരിച്ചറിയാനാവില്ല എന്ന സത്യം ഉറക്കെ പറയേണ്ടതുണ്ട്.

യഥാര്‍ഥത്തില്‍ ഏതൊരു മനുഷ്യനെയും മാതൃഭാഷ ആരും പഠിപ്പിക്കുന്നതല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അന്ന് അങ്ങനെ പറഞ്ഞത്. മാതാവ് തന്റെ നാവിന്‍തുമ്പില്‍ നിന്ന് കുഞ്ഞിന്റെ ഇളം ചുണ്ടിലേക്ക് പകര്‍ന്നു കൊടുക്കുന്നതാണ് മാതൃഭാഷ. അതിന്റെ പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ പഠനമോ വിദ്യയോ അഭ്യാസമോ ഒന്നും തന്നെയില്ല. തീര്‍ത്തും സ്വാഭാവികവും നൈസര്‍ഗികവും സര്‍വോപരി നിര്‍മലവുമായ ഈ പ്രക്രിയയില്‍ അധ്യയനത്തിനോ അധ്യാപനത്തിനോ ഒരു പ്രസക്തിയുമില്ല. അമ്മ അക്ഷരങ്ങള്‍ പഠിച്ചിരുന്നില്ല. അമ്മയില്‍ നിന്ന് അക്ഷരങ്ങള്‍ ഉത്ഭവിക്കുകയാണ് ചെയ്യുന്നത്. അമ്മയുടെ സ്‌നേഹസ്വരം അറിവിന്റെ ആദ്യ പാഠങ്ങളായിത്തീരുന്നുണ്ടെങ്കിലും അമ്മയോ കുഞ്ഞോ അതറിയുന്നില്ല. 'പാഠം' എന്ന വാക്ക് തന്നെ അവരുടെ നിഘണ്ടുവില്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അതു പഠിക്കാനുള്ളതല്ല, പകര്‍ത്താനുള്ളതാണ്. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ സ്വരമാണ് അമ്മ. കുഞ്ഞ് അതിന്റെ പ്രതിസ്വരവും. സ്വരവും പ്രതിസ്വരവും സ്‌നേഹത്തിന്റെ ഭാഷയിലൂടെയാണ് ആവിഷ്‌കരിക്കപ്പെടുന്നത്. നമുക്ക് ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട മലയാളം സ്‌നേഹത്തിന്റെ സ്വരവിന്യാസമായിത്തീര്‍ന്നത് മലയാളക്കരയിലെ ഏതോ സാധു സ്ത്രീയുടെ പുണ്യത്തില്‍ വിടര്‍ന്ന സൗഭാഗ്യത്തിന്റെ ഫലമാകുന്നു. മാതാവിന്റെ മടിത്തട്ടില്‍ ആകാശത്തു നിന്ന് ഒരു സൗഭാഗ്യ നക്ഷത്രം അടര്‍ന്നുവീണപ്പോള്‍ അതു മലയാളമായി. ''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ /മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍'' എന്നു മഹാകവി വള്ളത്തോള്‍.

മാതൃഭാഷ ഇത്രയേറെ പ്രധാനമാകുന്നതുകൊണ്ട് മറ്റൊരു ഭാഷയും അപ്രധാനമാകുന്നില്ല. കാര്‍ത്തിക നക്ഷത്രത്തിന്റെ കാന്തി മറ്റു നക്ഷത്രങ്ങളുടെയൊന്നും പ്രകാശത്തിനൊരു കുറവും വരുത്തുന്നില്ല. എല്ലാ ഭാഷകളും മാനവ കുടുംബത്തിനു അവകാശപ്പെട്ടതാണ്. എല്ലാം പിറന്നതും വളര്‍ന്നതും ആ തറവാട്ടില്‍ തന്നെ. അതുകൊണ്ടുതന്നെ ഭാഷകള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് അര്‍ഥശൂന്യമാണ്. എത്രയേറെ ഭാഷകള്‍ പഠിക്കുന്നുവോ അത്രയേറെ മനുഷ്യന്റെ അറിവും സംസ്‌കാരവും വികസിക്കുകയും മനസ്സിന് വിശാലത കൈവരികയും ചെയ്യുന്നു. മാതൃഭാഷയ്ക്ക് പുറമെ മറ്റു ഭാഷകള്‍ പഠിക്കാനുള്ള താത്പര്യമാണ് ഏതു സമൂഹത്തിന്റെയും മാനവ വിഭവശേഷിയെ വികസിപ്പിക്കാന്‍ സഹായിച്ചത്. വിദേശത്ത്, വിശേഷിച്ചും മധ്യപൗരസ്ത്യ രാഷ്ട്രങ്ങളില്‍ മലയാളികള്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ക്ക് പിറകിലുള്ള പ്രധാനഘടകം അവര്‍ക്ക് ഭാഷകളിലുള്ള വ്യുല്പത്തിയാണെന്നതും അവിതര്‍ക്കിതമാണ്.

എന്നാല്‍, ഇതൊന്നും മാതൃഭാഷയുടെ മഹിമ കുറയ്ക്കുന്നില്ല. ഓരോ ഭാഷയും ഓരോ രുചിയാകുന്നു. മനുഷ്യന്റെ നാവിലാണ് ഏതുരുചിയും അനുഭവപ്പെടുന്നത്. ഭാഷയും ഭക്ഷണവും രുചിഭേദങ്ങളിലൂടെ മനുഷ്യനെ രസിപ്പിക്കുകയും അവന്റെ നിലനില്‍പ്പിനെ സഹായിക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ ഇമ്പങ്ങള്‍ ഉളവാക്കാന്‍ വിവിധങ്ങളായ ഭാഷകള്‍ക്ക് സാധിച്ചേക്കും. എന്നാല്‍, മാതൃഭാഷയുടെ രുചി അതില്‍ നിന്നെല്ലാം വ്യതിരിക്തമായ അപൂര്‍വതയാണ്. അതരുചികരമായ മലയാളം ആര്‍ഭാട നിര്‍ഭരമായ ഭക്ഷണശാലയില്‍ എത്രയെത്രയോ വിഭവങ്ങള്‍ക്കിടയില്‍ വിളമ്പിവെച്ച കഞ്ഞിയാകുന്നു. കഞ്ഞി രുചികരം മാത്രമല്ല കേരളീയന് അനിവാര്യവുമാകുന്നു. അമ്മ വിളമ്പിത്തന്ന കഞ്ഞിയാണ് മലയാളം. ''കുമ്പിളില്‍ കഞ്ഞി, വിശപ്പാറ്റുവാന്‍ വാക്കുതന്ന മലയാളം'' എന്ന് കുരീപ്പുഴ ശ്രീകുമാറിന്റെ വരികള്‍ക്ക് കഞ്ഞിയുടെ രുചിയുണ്ട്.

അടുത്ത കാലത്തായി മലയാളികള്‍ക്കിടയില്‍ മലയാളത്തോടുള്ള അനാഭിമുഖ്യം വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്. ഇളം തലമുറയെ മാതൃഭാഷയില്‍ നിന്നകറ്റുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും ഉത്കണ്ഠയുണ്ടാക്കുന്നു. മലയാളം വികൃതമാക്കി സംസാരിക്കുന്ന രീതി മിനി സ്‌ക്രീനില്‍ സൃഷ്ടിക്കുന്ന വൈകൃതങ്ങള്‍ നാടിനു തന്നെ അപമാനകരമാണ്. മലയാളിയാണെങ്കിലും ചിലര്‍ക്ക് 'മലയാളത്തില്‍ ഐഡിയാസ് എക്‌സ്പ്രസ് ചെയ്യാന്‍ വല്യ ഡിഫിക്കല്‍റ്റി' ആണ്. ചിലരാകട്ടെ മലയാളം 'കുരച്ചു കുരച്ചു അരിയുന്ന'തില്‍ അഭിമാനം കൊള്ളുന്നവരാണ്. കേഴുക മലയാള നാടേ എന്നു വിലപിക്കേണ്ട അവസ്ഥയിലാണ് ഭാഷാ സ്‌നേഹികള്‍. ഏതു വിദേശത്തു വാണാലും സ്വന്തം ഭാഷയെ തറവാട്ടമ്മയായും അന്യഭാഷകളെ വിരുന്നുകാരിയായും കണക്കാക്കണമെന്ന് വള്ളത്തോള്‍ ഓര്‍മിപ്പിച്ചത് ഇന്ന് ഏറെ അന്വര്‍ഥമായിരിക്കുന്നു.

ചൈനക്കാര്‍ മാതൃഭാഷയെ ഏറെ സ്‌നേഹിച്ചതുകൊണ്ടാണ് ചൈനീസ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായിത്തീര്‍ന്നത്. മറ്റുള്ളവര്‍ നമ്മുടെ ഭാഷയ്ക്ക് നല്‍കുന്ന പരിഗണനപോലും ചില മലയാളികള്‍ മലയാളത്തിന് നല്‍കാതിരിക്കുന്നത് അവരുടെ അപകര്‍ഷതാബോധം കൊണ്ടുമാത്രമാണ്. പല ഗള്‍ഫ് രാജ്യങ്ങളിലും മലയാളത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവിടത്തെ സര്‍ക്കാറുകള്‍ തയ്യാറായിരിക്കുന്നു. ഖത്തറില്‍ പല സ്ഥലത്തും ഗതാഗത സൂചനാബോര്‍ഡുകള്‍ മലയാളത്തിലാണ്.

മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ രാജ്യത്തു പ്രത്യേക പരിഗണനയും പരിപോഷണവും അര്‍ഹിക്കുന്നുണ്ട്. ഉത്തരേന്ത്യക്കാര്‍ തമിഴും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളും പഠിക്കണമെന്ന് നിര്‍ദേശിക്കുകയും പാര്‍ലമെന്റംഗങ്ങള്‍ക്ക് ആ ഭാഷ പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്ത പ്രശസ്ത ചിന്തകനും പ്രമുഖ സ്വാതന്ത്ര്യ സമരനായകനും നമ്മുടെ പ്രഥമ വിദ്യാഭ്യാസമന്ത്രിയുമായിരുന്ന മൗലാനാ അബ്ദുള്‍കലാം ആസാദിന്റെ നിലപാട് ഇക്കാര്യത്തില്‍ മാതൃകയാണ്. എല്ലാ ഭാരതീയ ഭാഷകളെയും പരിരക്ഷിക്കുക എന്ന ഭരണഘടനാ തത്ത്വം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു മൗലാനാ ആസാദ്.

മലയാളം സുന്ദരമാണെന്ന സത്യം പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. രാജ്യസഭയില്‍ മലയാളത്തില്‍ പ്രതിജ്ഞ ചെയ്തപ്പോള്‍ മലയാളം കേള്‍ക്കാന്‍ രസമുള്ള ഭാഷയാണെന്ന് പറഞ്ഞുകൊണ്ട് ഉത്തരേന്ത്യന്‍ എം.പി.മാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ മനസ്സില്‍ അത്ഭുതവും അഭിമാനവും സൃഷ്ടിച്ചതോര്‍ക്കുന്നു. മലയാളത്തിന് ഇതര ഭാഷക്കാരെയും ആഹ്ലാദിപ്പിക്കാന്‍ കഴിയുമെന്ന പാഠം അന്നു പഠിക്കുകയായിരുന്നു.

ഡല്‍ഹിയിലോ മറ്റു ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലോ പോയി ശുദ്ധമലയാളത്തില്‍ സംസാരിച്ചാല്‍ കുറച്ചൊക്കെ അവിടത്തുകാര്‍ക്ക് മനസ്സിലാകുമെന്നതും എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. പാര്‍ലമെന്റംഗമായി ആദ്യമായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കേരളാ ഹൗസില്‍ മലയാളികള്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തത് ഡോ. കരണ്‍ സിങ്ങായിരുന്നു. എന്റെ മറുപടി പ്രസംഗം കേട്ട് അത് ഏറെക്കുറെ തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ഭാഷകളുടെ നട്ടെല്ലായി നിലകൊള്ളുന്ന സംസ്‌കൃതമാണ് ഭാഷകളുടെ ഈ ഉദ്ഗ്രഥനത്തിന് സഹായകമാകുന്നത് എന്ന തിരിച്ചറിവും അന്നെനിക്കുണ്ടായി.

എല്ലാ ഭാഷകളിലും കാണും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ കഴിയാത്ത ചില പദങ്ങള്‍. ഭാഷയ്ക്ക് കരുത്ത് പകരുന്ന ഈ പ്രത്യേകത മലയാളത്തിന് ഒട്ടും കുറവല്ല. മലയാളത്തിലെ ചില രചനകളും പ്രഭാഷണങ്ങളും അപ്രകാരം പരിഭാഷയ്ക്ക് വഴങ്ങാത്തതാണ്. വിവര്‍ത്തനത്തിലൂടെ അതിന്റെ യഥാര്‍ഥ ചൈതന്യം ആവിഷ്‌കരിക്കുക എളുപ്പമല്ലാതായിത്തീരുന്നു. നമ്മുടെ കാലഘട്ടത്തില്‍ തന്നെ എം.ടി.വാസുദേവന്‍നായരുടെ എഴുത്തും സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗവും ഉദാഹരണം.

നമ്മുടെ ചിന്ത തന്നെ മലയാളത്തിലാകയാല്‍ ചില കാര്യങ്ങള്‍ നമുക്ക് ഇതരഭാഷകളില്‍ പറയാനും പ്രയാസമാണ്. മാതൃഭാഷ അത്രത്തോളം ഹൃദയത്തോട് ചേര്‍ന്നു കിടക്കുന്നു. അല്ല, അതു ഹൃദയത്തില്‍ നിന്നു തന്നെ നിര്‍ഗളിക്കുന്നു.

ഓരോ വാക്കിനും ഒരു സംസ്‌കാരമുണ്ട്. അച്ഛന്‍, അമ്മ, ബാപ്പ, ഉമ്മ, ചേട്ടന്‍, ചേച്ചി, ചോറ്, കഞ്ഞി, മത്തന്‍, മത്തി, പുര, പറമ്പ്, നാലുകെട്ട്, സഹധര്‍മിണി, ധര്‍മസങ്കടം..... എല്ലാം വിവിധങ്ങളായ സാംസ്‌കാരിക പ്രതീകങ്ങളാകുന്നു. ഇതര പ്രദേശങ്ങളിലും ഇതര ഭാഷകളിലും ഈ പ്രതീകങ്ങളും ചിഹ്നങ്ങളും അവയുടെ പശ്ചാത്തലങ്ങളും ഇങ്ങനെത്തന്നെ ആകണമെന്നില്ല.

നാഗര്‍കോവില്‍ ഗാഡിധാം എക്‌സ്പ്രസ്സില്‍ തിരുവനന്തപുരത്തുനിന്ന് തിരൂരിലേക്കുള്ള യാത്രാ മധ്യേ ഈ ലേഖനം എഴുതുമ്പോള്‍ അടുത്ത സീറ്റിലിരുന്ന ഹരീഷ് എന്ന ഡല്‍ഹിക്കാരനെ പരിചയപ്പെടാന്‍ ഇടയായി. സംസാരമധ്യേ ലേഖന വിഷയവുമായി ബന്ധപ്പെട്ട രണ്ടുകാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. ഒന്ന്, മലയാളം പഠിക്കാന്‍ വളരെ പ്രയാസമാണ്. വ്യാപാരാവശ്യാര്‍ഥം പതിനഞ്ചു വര്‍ഷമായി കേരളത്തില്‍ വന്നുപോകുന്ന തനിക്ക് ആകെ പഠിക്കാന്‍ കഴിഞ്ഞത് രണ്ടുമൂന്നു വാക്കുകള്‍ മാത്രമാണ്. രണ്ടാമതായി മലയാളം അറിഞ്ഞില്ലെങ്കിലും എനിക്ക് എന്റെ കാര്യം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. അതിനുകാരണം ഇവിടെ ഏതു മലയാളിക്കും അത് ഓട്ടോറിക്ഷാ ഡ്രൈവറാണെങ്കിലും ഇംഗ്ലീഷ് അറിയാമെന്നതാണ്. ഹരീഷ് പറഞ്ഞ ആദ്യത്തെ കാര്യം മലയാളത്തിന്റെയും രണ്ടാമത്തേത് മലയാളിയുടെയും കരുത്തായിത്തോന്നി.

ഹരീഷ് രണ്ടാമതായി പറഞ്ഞതുപോലുള്ള സ്ഥിതിവിശേഷം മാതൃഭാഷയില്‍ നിന്നുള്ള അകല്‍ച്ചയാകാതെ നോക്കേണ്ട കടമ നമുക്കുണ്ട്. ആ കടമയാണ് ധീരതയോടെ മുഖ്യമന്ത്രി നിര്‍വഹിച്ചിരിക്കുന്നത്. മലയാളം ഒന്നാം ഭാഷയാവുകയും ഭാഷാ പിതാവിന്റെ മണ്ണില്‍ മലയാളം സര്‍വകലാശാല യാഥാര്‍ഥ്യമാവുകയും ചെയ്യുന്നതില്‍ ഏതൊരു മലയാളിയും അഭിമാനിക്കും.

എല്ലാ അഭിമാനവും മാതൃത്വത്തിലെത്തുന്നു. മാതാവ് രണ്ട് അമൃതാണ് നല്‍കിയത്. അമ്മിഞ്ഞപ്പാലും മാതൃഭാഷയും. മുലപ്പാലിന്റെ രുചി എന്നെന്നും ഓര്‍മിപ്പിക്കുകയാണെന്റെ മലയാളം. അതിനാല്‍ ഈ വരികള്‍ മുപ്പത്തിമൂന്നു വര്‍ഷം മുമ്പ് ഒരു പെരുന്നാള്‍ ദിനത്തില്‍ ഈ മകന്റെ ഉടുപ്പില്‍ ചെഞ്ചായം പടര്‍ത്തി രക്തം ഛര്‍ദിച്ചു യൗവനത്തില്‍ തന്നെ മരണം പ്രാപിച്ച ഉമ്മാക്കും അവര്‍ ചുരത്തിത്തന്ന മധുരമലയാളത്തിനും സമര്‍പ്പിക്കുന്നു. ഏത് ജീവിതയാത്രയും അവിടെത്തുടങ്ങുകയും അവിടെച്ചെന്നവസാനിക്കുകയും ചെയ്യുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം


മ്യൂസിയം പരിഗണിക്കാം: സുപ്രീംകോടതി


എം പ്രശാന്ത്

ദേശാഭിമാനി ദിനപ്പത്രം, ജൂലായ് 7 , 2011

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍നിന്ന് കണ്ടെത്തിയ അമൂല്യ ചരിത്രവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ അവ ദേശീയ മ്യൂസിയത്തിന്റെ ഭാഗമാക്കണമോ എന്ന് വിശദമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കണ്ടെത്തിയ സ്വത്തുശേഖരത്തില്‍ ഏതൊക്കെ സംരക്ഷിക്കണം, ഏതൊക്കെ പ്രദര്‍ശിപ്പിക്കണം എന്ന് തീരുമാനിക്കുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും നാഷണല്‍ മ്യൂസിയം അധികൃതരുടെയും സേവനം തേടാം. ചരിത്രവസ്തുക്കള്‍ കേടുകൂടാതെ സംരക്ഷിക്കുന്നതിന് വിദഗ്ധരായ മ്യൂസിയം ക്യൂറേറ്റര്‍മാരുടെയും സഹായം പ്രയോജനപ്പെടുത്താം സുപ്രീംകോടതി പറഞ്ഞു. നിലവറയില്‍ കണ്ടെത്തിയ വസ്തുക്കള്‍ വീഡിയോയില്‍ പകര്‍ത്താനും ഫോട്ടോ എടുക്കാനും കോടതി നിര്‍ദേശിച്ചു. ഇനിയുള്ള നടപടിക്രമവും വീഡിയോയില്‍ പകര്‍ത്തണം. കണക്കെടുപ്പിന്റെ വിവരം ഇപ്പോള്‍ പുറത്തുവിടരുത്. സ്വത്തുസമ്പാദ്യങ്ങളെച്ചൊല്ലി അനാവശ്യവിവാദങ്ങള്‍ പാടില്ലെന്നും സ്വത്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കോടതി നിയോഗിച്ച സമിതി അംഗങ്ങള്‍ പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ നിര്‍ത്തണമെന്നും കോടതി പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രവും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ സമര്‍പ്പിച്ച അപ്പീലില്‍ കക്ഷിചേരുന്നതിന് മൂലം തിരുനാള്‍ രാമവര്‍മയ്ക്ക് കോടതി അനുമതി നല്‍കി. വെള്ളിയാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. പൗരാണികമൂല്യമുള്ള സ്വത്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന രണ്ട് ക്യൂറേറ്റര്‍മാരുടെ പേരുകള്‍ ഈ ഘട്ടത്തില്‍ നിര്‍ദേശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായം കേട്ടശേഷം സ്വത്തുക്കള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കാം കോടതി പറഞ്ഞു. നിലവറകളില്‍ കണ്ടെത്തിയ ചരിത്രവസ്തുക്കളില്‍ ഏതൊക്കെ പ്രദര്‍ശിപ്പിക്കണം, ഏതൊക്കെ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിക്കും. ക്ഷേത്രസ്വത്തിനെച്ചൊല്ലിയുള്ള അനാവശ്യവിവാദങ്ങളില്‍ ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ , എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ക്ഷേത്രസ്വത്തില്‍ഏതെങ്കിലും കക്ഷി ഉടമസ്ഥാവകാശം ഉന്നയിച്ചാല്‍ കോടതി കര്‍ശനനടപടിയെടുക്കും. സ്വത്തുവിവരങ്ങളെക്കുറിച്ചും നിലവറയ്ക്കുള്ളിലെ സംവിധാനങ്ങളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ച ജസ്റ്റിസ് സി എസ് രാജനെ കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് രാജന്‍ അടക്കമുള്ളവരെ സ്വത്തുശേഖരത്തിന്റെ കണക്കെടുക്കാന്‍മാത്രമാണ് ചുമതലപ്പെടുത്തിയതെന്നും വിവരങ്ങള്‍ പരസ്യപ്പെടുത്താനല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ എണ്ണിത്തിട്ടപ്പെടുത്തല്‍ സംഘത്തില്‍നിന്ന് പുറത്താക്കേണ്ടി വരും. നിലവറയിലെ വസ്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സുന്ദരരാജനും വിവാദ പ്രസ്താവനകള്‍ക്ക് മുതിരരുത്. സ്വത്തുക്കള്‍ തിട്ടപ്പെടുത്തുന്ന പ്രക്രിയയില്‍ രാജകുടുംബത്തിലെ അംഗത്തിനും പങ്കെടുക്കാം. ഇപ്പോഴത്തെ രാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കാളിയാകാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു പ്രതിനിധിയെ നിശ്ചയിക്കാം. ഇക്കാര്യം സംഘത്തലവനായ ജസ്റ്റിസ് എം എന്‍ കൃഷ്ണനെ രേഖാമൂലം അറിയിക്കണം. പ്രദര്‍ശിപ്പിക്കേണ്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. ഇവ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനംവേണം. തിരുവനന്തപുരത്തെ മ്യൂസിയംതന്നെ മതിയോ അതോ ക്ഷേത്രത്തോട് ചേര്‍ന്ന് പ്രത്യേക മ്യൂസിയം വേണോ തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെ നിലവറകളെ ക്കുറിച്ച് രാജകുടുംബം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

വര്‍ഗീയത എന്ന ബാധ


വര്‍ഗീയത എന്ന ബാധ


സുകുമാര്‍ അഴീക്കോട്

(ദേശാഭിമാനി ദിനപ്പത്രം, ജൂലായ് 7 , 2011)

ഇന്ത്യ എന്നത് പഴയ പേരാണ്. 'എന്ത് ഇന്ത്യ' എന്ന ചോദ്യത്തിന്റെ ഉത്തരം അടങ്ങുന്ന ഒരു നീണ്ട പേരാണത്. ഭരണഘടന ആദ്യം നല്‍കിയ പേര് 'സോവറിന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്' എന്നാണ്. ഇന്ത്യയുടെ വിശേഷം അത് പരമാധികാരമുള്ള ഒരു ജനാധിപത്യരാജ്യമാണ് എന്നതുമാത്രമല്ലെന്ന് ഊന്നി പറയാന്‍ ഏറെ വര്‍ഷം കഴിഞ്ഞ് (1976ല്‍ , 42ാം ഭേദഗതി) പേര് ഇങ്ങനെ നീട്ടി 'സോവറിന്‍ സോഷ്യലിസ്റ്റ് സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്'. രണ്ട് വിശേഷണങ്ങള്‍കൂടി വളരെ പ്രധാനപ്പെട്ടവ, മതേതരവും സമത്വനിഷ്ഠവും. ജനാധിപത്യമാണ് പരമമായ അടിസ്ഥാന മൂല്യമെങ്കിലും അത് അപായപ്പെടുന്നത് സമത്വവും മതേതര സംസ്കാരവും രാജ്യത്ത് ക്ഷയിച്ചുവരുമ്പോഴായിരിക്കണം.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നു പറഞ്ഞാല്‍ ഈ ഗുണവിശേഷണങ്ങളെ സംരക്ഷിക്കലാണ്. നാം എന്നും കാവല്‍ നില്‍ക്കേണ്ടത് ഈ രണ്ട് സ്വഭാവങ്ങള്‍ നിലനിര്‍ത്താനാണ്. ഭരണഘടനയില്‍ എവിടെയെല്ലാം ജനങ്ങള്‍ക്കിടയില്‍ വികസിപ്പിക്കേണ്ട ധര്‍മങ്ങളെപ്പറ്റി പറയുമ്പോള്‍ സമത്വ, മതേതരത്വങ്ങളുടെ പ്രാധാന്യവും ഉറപ്പിച്ച് പ്രസ്താവിക്കുന്നതു കാണാം. ആമുഖത്തില്‍ നാല് നന്മകള്‍ പൗരന്മാര്‍ക്ക് സമ്പാദിച്ചുകൊടുക്കുകയാണ് ഭരണഘടനയുടെ ലക്ഷ്യമെന്നു പറഞ്ഞിരിക്കുന്നു നീതി (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം), സ്വാതന്ത്ര്യം (ചിന്ത, ആവിഷ്കാരം, വിശ്വാസം, മതം, ആരാധന), സമത്വം (നിലയുടെയും അവസരത്തിന്റെയും), സാഹോദര്യം (വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍), നീതി സമത്വം എന്ന ആദര്‍ശങ്ങള്‍ എല്ലാ രംഗത്തും സ്ഥിതിസമത്വം ഉറപ്പിക്കുന്നു.

സ്വാതന്ത്ര്യം, സാഹോദര്യം എന്നിവകൊണ്ട് അനൈക്യത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ പ്രേരണ ചെലുത്തുന്നു. നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ ഭരണഘടനയുടെ ഈ അടിത്തറയുടെ തത്വങ്ങള്‍ വേണ്ടപ്പോള്‍ വേണ്ടത്ര ഓര്‍ക്കുന്നില്ല. വലിയൊരു മറവി അവരെ പിടികൂടിയിരിക്കുന്നു. അവരുടെ ഓര്‍മയെ ബലപ്പെടുത്താന്‍ കുറച്ചുകൂടി വിവരിക്കട്ടെ, ഭരണഘടന ന്യൂനപക്ഷം എന്നും വെറും ന്യൂനപക്ഷം എന്നും പറയുന്നത് അവരുടെ അവശത പരിഹരിക്കാന്‍വേണ്ടി മാത്രമാണ്. മൗലികാവകാശ അധ്യായത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന ഒന്നിന്റെ പേരിലും (മതം, ജാതി, ലിംഗം, ജനനസ്ഥലം) ഒരു പൗരനും എതിരായ വിവേചനം ഉണ്ടാകില്ല എന്ന് ഉറപ്പിച്ചിരിക്കുന്നു. അവസരസമത്വവും അതുപോലെ. നേരത്തെ ഇതൊക്കെ നിഷേധിക്കപ്പെട്ടവര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാമെന്നല്ലാതെ നീതിയുടെ മുന്നില്‍ ആര്‍ക്കും വ്യത്യാസമില്ല.

അഭിപ്രായസ്വാതന്ത്ര്യവും അങ്ങനെതന്നെ. ഒരു മതത്തിനും മേല്‍ക്കൈ ഇല്ല. ന്യൂനപക്ഷങ്ങള്‍ എന്ന് പറയുന്നത് പ്രധാനമായും ഭാഷയുടെയോ ലിപിയുടെയോ ഭിന്നതമൂലം ചെറിയ പാരമ്പര്യങ്ങളുള്ള ചെറിയ സമൂഹങ്ങളാണ്. അവിടെ പാരമ്പര്യ സുരക്ഷയാണ് ലക്ഷ്യം. കേരളത്തില്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതലാണ്; പക്ഷേ, ഭരണഘടന വിവക്ഷിക്കുന്ന ചെറിയ ന്യൂനപക്ഷങ്ങളല്ല മുസ്ലിങ്ങളും ക്രൈസ്തവരും. ഈ പഴയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ധനപരമായ ഉച്ചനീചത്വങ്ങളില്ലാത്തതും പൊതുജനങ്ങള്‍ക്ക് ഗുണം നല്‍കുന്നതുമായ ഒരു നവ സമൂഹവ്യവസ്ഥയുടെ ഉദയമാണ് രാഷ്ട്രലക്ഷ്യം. നിര്‍ണായകതത്വങ്ങളുടെ അധ്യായം ആ ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇക്കഥയൊന്നും ഓര്‍ക്കാതെ നമ്മള്‍ ഈ ന്യൂനപക്ഷം ന്യൂനപക്ഷം എന്നുപറഞ്ഞ് രാഷ്ട്രീയത്തില്‍വരെ മതവര്‍ഗീയത കോട്ടകെട്ടി നില്‍ക്കുന്നു. ന്യൂനപക്ഷം പോയി, ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളും ന്യൂനപക്ഷ വര്‍ഗീയതയെ ശത്രുവായി കണ്ട് രാഷ്ട്രീയ കക്ഷിയുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു. മുമ്പ് ഹിന്ദു മഹാസഭ എന്ന പേരില്‍ മതമുദ്രചാര്‍ത്തിയ കക്ഷി അത് വിലപ്പോകില്ല എന്ന് മനസ്സിലാക്കി ആര്‍എസ്എസ്, ശിവസേന, ബിജെപി എന്നൊക്കെ നാമാന്തരങ്ങള്‍ സ്വയം വരിച്ച് പ്രവര്‍ത്തിക്കുന്നു.

ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഹൈന്ദവ വര്‍ഗീയതതന്നെ. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നമ്മുടെ പൗരന്മാരായി കണക്കാക്കാന്‍പോലും അവര്‍ക്ക് പ്രയാസമുണ്ട്. മറ്റു ചില കക്ഷികള്‍ മതജാതി നാമങ്ങള്‍ ഒഴിവാക്കാതെ ഇന്നും നിലനില്‍ക്കുന്നത് അത്ഭുതകരമാണ്. നമ്മുടെ രാഷ്ട്രീയത്തിലെ അരാചകത്വത്തിന്റെ ചൂണ്ടുപലകയാണ് ഈ അവസ്ഥ. ദ്രാവിഡ എന്ന പേര്‍ ചേര്‍ത്ത് ഒന്നുരണ്ട് കഴകങ്ങള്‍ , അകാലിദള്‍ എന്ന പേരില്‍ ഒരു കക്ഷി, മുസ്ലിംലീഗ് എന്നിവ വര്‍ഗീയ നാമധാരികളാണ്. മുസ്ലിംലീഗിന് കേരളത്തില്‍ ഒരു ജില്ലയിലാണ് ശക്തി. അത് അവര്‍ സമര്‍ഥമായി കരുനീക്കി കളിക്കുന്നു. ഇത്തവണ വന്‍ വിജയമാണ്. വിജയഹേതു അവരുടെ ശക്തി എന്നതിനേക്കാള്‍ അവരെ കൂട്ടുപിടിച്ച കോണ്‍ഗ്രസിന്റെ അശക്തിയാണ്. വര്‍ഗീയത മരിച്ചു എന്ന അര്‍ഥത്തില്‍ ലീഗിനെ നെഹ്റു ചത്ത കുതിര എന്ന് വിളിച്ചു. അതു കേട്ട കോണ്‍ഗ്രസുകാര്‍ (അല്ല, കേള്‍ക്കുന്ന കോണ്‍ഗ്രസുകാരോ) എത്രയോ കാലമായി ഈ വാഹനത്തിലാണ് യാത്ര. രാഷ്ട്രീയത്തെ നിയന്ത്രിക്കേണ്ട മൂല്യങ്ങളെ കോണ്‍ഗ്രസ് മറന്നു എന്ന് ചുരുക്കം. കേരളത്തില്‍ അധികാരമോഹം കയറിയ കോണ്‍ഗ്രസ് ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നു മനസ്സിലാക്കിയ ലീഗ് നേതൃത്വം ഓരോ മര്‍മത്തിലും അമര്‍ത്തി വേദനിപ്പിച്ച് കോണ്‍ഗ്രസിനെക്കൊണ്ട് സമ്മതിപ്പിച്ച് കാര്യം നേടുന്ന കാഴ്ച വളരെ രസകരംതന്നെ.20 അംഗ മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാര്‍ വേണമെന്ന വാദംതന്നെ കോണ്‍ഗ്രസിന്റെ അന്തസ്സിനെയും അഭിമാനത്തെയും തങ്ങള്‍ക്ക് വിലയില്ലെന്ന ലീഗിന്റെ ധാര്‍ഷ്ട്യത്തിന്റെ പ്രകടനമാണ്. വിദ്യാഭ്യാസവകുപ്പുതന്നെ തങ്ങള്‍ക്ക് വേണമെന്ന ലീഗിന്റെ വാശി എത്ര തവണയായി എതിര്‍പ്പില്ലാതെ വിജയിച്ചരുളുന്നു. മുസ്ലിം ലീഗില്‍ ഒരു വിദ്യാഭ്യാസ വിദഗ്ധന്‍ ഇപ്പോഴില്ല. സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ വിദഗ്ധന്‍ ആയതുകൊണ്ടല്ല സമര്‍ഥനായതുകൊണ്ടാണ് ആ വകുപ്പില്‍ വിജയം നേടിയത്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയുടെ പരിചയക്കുറവിന്റെയും കഴിവുകേടിന്റെയും ദുഷ്ഫലങ്ങള്‍ കേരളീയര്‍ അനുഭവിക്കേണ്ടിവന്നത്, ഇക്കാര്യം തക്കസമയത്ത് ചൂണ്ടിക്കാട്ടി തിരുത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയതാണ്. അദ്ദേഹത്തിന്റെ പരിചയ ദാരിദ്ര്യവും മറ്റും കൊണ്ടാണ്, വള്ളത്തോള്‍ കേരളീയ അഭിനയകലകളുടെ ഉദ്ധരണത്തിന് സ്ഥാപിച്ച കലാമണ്ഡലത്തില്‍ ഒരു വാസ്തുവിദ്യക്കാരന്‍ വിസി ആയത്. എങ്ങനെ ഇത് ക്യാബിനറ്റിലൂടെ മാറ്റംകൂടാതെ കടന്നുപോയി എന്ന് ഓര്‍ക്കുമ്പോള്‍ വര്‍ഗീയകക്ഷിയുടെ ശക്തി എത്രമാത്രമുണ്ടെന്ന് ഊഹിക്കാന്‍ കഴിയും. പുതിയ മന്ത്രി പഴയ ഒരു നല്ല മന്ത്രിയുടെ മകനായതുമൂലം വിദ്യാഭ്യാസമന്ത്രി പദവിക്ക് യോഗ്യനാകുന്നില്ല.

എംഎ ബിരുദമുണ്ടെന്ന് ഗൗരവമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് വഴിയാത്രക്കാരില്‍ ബിരുദാനന്തരബിരുദക്കാര്‍ ധാരാളമുണ്ടെന്നുവച്ച് അവരെയെല്ലാം കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിയാക്കാവുന്നവരാണ് എന്ന വാദം പരിഹാസ്യമാണ്. വിദ്യാഭ്യാസവകുപ്പ് ഒരു നവാഗതന്റെ താവളമാക്കരുത്. ഇതൊക്കെ ചൂണ്ടിക്കാണിച്ചുകൂടെന്ന് വന്നിരിക്കുന്നു. ഇതിനിടെ ഞാന്‍ ഈ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വര്‍ഗീയത എന്ന കല്ലാണ് എന്റെ നേരെ എടുത്തെറിയപ്പെട്ടത്. നഗ്നയായി ഒരു സ്ത്രീ നടക്കുമ്പോര്‍ , നഗ്നത മറയ്ക്കാന്‍ മറ്റൊരു സ്ത്രീ തന്റെ രണ്ടാംമുണ്ട് വേണമോ എന്ന് അന്വേഷിച്ചപ്പോള്‍ , 'തനിക്ക് നാണമില്ലേ, രണ്ടാംമുണ്ടില്ലാതെ മാറ് കാട്ടി നടക്കാന്‍' എന്നാണ് പൂര്‍ണനഗ്നയുടെ ധീരമായ മറുപടി. ഇവരുടെ വര്‍ഗീയാരോപണം ഇതിന് കിടയായി കിടക്കട്ടെ. വര്‍ഗീയത ചീത്തയാണെന്നെങ്കിലും സമ്മതിച്ചല്ലോ! മതവര്‍ഗീയതയുടെ വിനാശത്തിന് ഏറ്റവും കൂടുതല്‍ മുന്നോട്ടുവരേണ്ടത് കോണ്‍ഗ്രസാണ്. മുസ്ലിംലീഗിനെ എന്ന് അവര്‍ ഉപേക്ഷിക്കുന്നുവോ അന്ന് കേരളത്തില്‍ മതവര്‍ഗീയതയുടെ മൂലക്കല്ല് ഇളകും. അവരെ ഇടതുപക്ഷം സ്വീകരിക്കാത്ത കാലത്തോളം ത്രിശങ്കുസ്വര്‍ഗത്തില്‍ ഉരുണ്ടുകളിക്കുകയേ നിവൃത്തിയുള്ളൂ. കോണ്‍ഗ്രസ് നിര്‍ണായക തീരുമാനം എടുക്കാന്‍ ചരിത്രത്തിന്റെ മുമ്പില്‍ നിയോഗം ഉള്ള കക്ഷിയാണ്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ 'ചത്ത കുതിര' എന്ന ആ പ്രയോഗത്തെ 'ഓര്‍ക്കുക വല്ലപ്പോഴും'!

നിലവറയിലെ അത്ഭുതം എന്തു ചെയ്യും?


വി എസ് അച്യുതാനന്ദന്‍

ദേശാഭിമാനി ദിനപ്പത്രം,
ജൂലായ് 7, 2ഒ11

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ അമൂല്യമായ നിധികളിലേക്ക് മാത്രമല്ല, വെളിച്ചം വീശുന്നത്; ചരിത്രത്തിന്റെ അടരുകളിലേക്കുമാണ്. സ്വര്‍ണവും തങ്കവും വെള്ളിയുമടക്കം ഒരു ലക്ഷമോ അതിലേറെയോ കോടികളുടെ സമ്പത്തിന്റെ അപാരവും അപൂര്‍വവുമായ നിധിശേഖരമാണ് ക്ഷേത്രത്തിലെ രഹസ്യ അറകളില്‍ സൂക്ഷിച്ചുവച്ചതെന്നത് വിസ്മയാവഹമാണ്. കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി ഇത് മാറി. സാര്‍വദേശീയമായിത്തന്നെ അത്ഭുതാദരങ്ങളോടെയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സ്വീകരിക്കുന്നത്. മറ്റ് നിധികളുടെ പിറകിലെന്നപോലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകള്‍ക്കുള്ളിലെ സ്വര്‍ണവിഗ്രഹങ്ങളുടെയും സ്വര്‍ണക്കയറുകളുടെയും തങ്ക അങ്കികളുടെയും ആയിരക്കണക്കായ സ്വര്‍ണനാണയങ്ങളുടെയും തിളക്കത്തിനു പിറകില്‍ കണ്ണീരും ജനലക്ഷങ്ങളുടെ വിയര്‍പ്പും അദൃശ്യമായി തളംകെട്ടി നില്‍പ്പുണ്ടാവും.

പരാജയത്തിന്റെയും ഭീതിയുടെയും മരണത്തിന്റെയും ചുടുകണ്ണീരും, ഭക്തിയുടെ ആനന്ദകണ്ണീരും. കീഴടക്കലുകളുടെയും പിടിച്ചെടുക്കലുകളുടെയും പാപമോചനത്തിനായുള്ള കാണിക്കകളും പത്മനാഭപാദങ്ങളില്‍ ഭക്ത്യാദരപൂര്‍വം അര്‍പ്പിക്കപ്പെടുന്ന കാണിക്കകളും ഇതില്‍ ഉള്‍പ്പെടും. പുതിയ കാലഘട്ടത്തില്‍ പഴയ രാജസ്വത്തെയും ദേവസ്വത്തെയും കുറിച്ചറിയാനുള്ള വിസ്മയകരമായ അവസരമാണ് കേരളീയര്‍ക്ക് ലഭിച്ചിരിക്കുന്നത്. നിലവറകള്‍ തുറന്നപ്പോള്‍ കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഔദ്യോഗിക വിശദീകരണങ്ങളല്ല. സുപ്രീംകോടതി നിയോഗിച്ച റിട്ടയേര്‍ഡ് ജസ്റ്റിസുമാര്‍ ഉള്‍പ്പെട്ട ഏഴംഗ ഉന്നതതല കമ്മിറ്റി അറകളില്‍ തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞ സ്വത്തുക്കള്‍ സംബന്ധിച്ച വിശദമായ സ്റ്റേറ്റ്മെന്റ് കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്. അപ്പോള്‍മാത്രമേ എത്ര രൂപയുടെ സമ്പാദ്യം ഉണ്ട് എന്ന് വ്യക്തമാവൂ.

അങ്ങനെ കൂട്ടിയെടുക്കുന്ന കണക്കാകട്ടെ തികച്ചും യാന്ത്രികവുമായിരിക്കും. കാരണം, ചരിത്ര പ്രാധാന്യവും വിശ്വാസത്തിന്റെ പരിവേഷവുമുണ്ടാവുമ്പോള്‍ വസ്തുവിന്റെ മൂല്യം തിട്ടപ്പെടുത്തുക അസാധ്യമാണ്. പത്മനാഭസ്വാമി ക്ഷേത്ര നിലവറകളിലെ നിധിശേഖരം സംബന്ധിച്ച കണക്കെടുപ്പിന്റെ ഒരുഘട്ടംപോലും പൂര്‍ത്തിയായിട്ടില്ല. ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാവുകയും സുപ്രീംകോടതി അത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു തരിപോലും നഷ്ടപ്പെടില്ലെന്ന് ഉറപ്പ് വരുത്തി ഡോക്യുമെന്റേഷന് സൂക്ഷ്മപരിശോധന ഇനിയും ആവശ്യമായി വന്നേക്കാം. ചരിത്രപ്രാധാന്യമുള്ളതും മതപരമായതും കലാമേന്മയുള്ളതും, അതൊന്നുമല്ലാത്തതുമായ വസ്തുവകകള്‍ വേര്‍തിരിക്കുകയും കേടുപാട് വരാതെ സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുകയും വേണം. അതോടൊപ്പം ഈ മഹാസമ്പത്ത് അന്യാധീനപ്പെടാതെ കാത്തുസൂക്ഷിക്കുക എന്ന പ്രശ്നവുമുണ്ട്. പ്രത്യേക സായുധ പോലീസ് വിഭാഗങ്ങളോ സൈനിക യൂണിറ്റ് തന്നെയോ ഇതിനാവശ്യമായി വരും.

നിലവറകളിലെ രഹസ്യം സുപ്രീംകോടതി മനസിലാക്കിക്കഴിയുന്നതോടെ കോടതിതന്നെ അതിനുള്ള എല്ലാ നടപടികളും ശാസ്ത്രീമായി സ്വീകരിക്കുമെന്ന് കരുതാം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ അതിന്റെ സൂക്ഷിപ്പും കൈവശാവകാശവും പ്രയോജനവും ഉപയോഗവും സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വര്‍ഗീയവും സാമുദായികവുമായ മുതലെടുപ്പിനുള്ള തീവ്രശ്രമങ്ങളുമുണ്ട്. ഇപ്പോള്‍ നിലവറകള്‍ തുറന്നു പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് ഏതു സാഹചര്യത്തിലാണ് എന്ന് പരിശോധിക്കാതെ, അതിലേക്ക് നയിച്ച കോടതിവിധികളും ആ വിധികള്‍ക്കാധാരമായ ക്ഷേത്രചരിത്രവും തിരുവിതാംകൂര്‍ ചരിത്രവും പരിശോധിക്കാതെ, നിധി കണ്ട് കണ്ണുമഞ്ഞളിച്ചവര്‍ വൈകാരികമായി പ്രതികരിക്കുകയാണ്. സ്വത്തുക്കള്‍ എങ്ങനെയുണ്ടാകുന്നു, നിധികള്‍ എങ്ങനെയുണ്ടാകുന്നു, അത് ആരുണ്ടാക്കുന്നു, അത് സംഭരിച്ചു കുന്നുകൂട്ടാന്‍ കഴിയുന്നതെന്തുകൊണ്ട് എന്നീ തികച്ചും ലളിതമായ അടിസ്ഥാന തത്വങ്ങള്‍ പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നതേയില്ല. നിധികള്‍ സംബന്ധിച്ചും പുരാവസ്തുക്കള്‍ സംബന്ധിച്ചും ഇന്ത്യന്‍ ഭരണഘടന എന്തുപറയുന്നുവെന്നും പരിശോധിക്കപ്പെടുന്നേയില്ല. അതിന്റെ ന്യായാന്യായങ്ങള്‍ ഇഴകീറി പരിശോധിച്ച് പരമോന്നത നീതിപീഠം ഒരു തീരുമാനത്തിലെത്തട്ടെ. കോടതിയിലുള്ള ഈ കേസില്‍ ഇപ്പോള്‍ അഭിപ്രായപ്രകടനത്തിന് പ്രസക്തിയില്ല. എന്നാല്‍ , ഇപ്പോഴത്തെ സംഭവവികാസങ്ങളിലേക്ക് നയിച്ച കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് വലിയ തെറ്റാണ്. തിരുവിതാംകൂറിന്റെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിരതിരുന്നാള്‍ അന്തരിച്ചശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ വലിയ പാകപ്പിഴകളുണ്ടാകുന്നുവെന്നും ക്ഷേത്രത്തിലെ ജംഗമ വസ്തുക്കള്‍ അല്‍പ്പാല്‍പ്പം അന്യാധീനപ്പെടുന്നുവെന്നും കോടതിയില്‍ പരാതികള്‍ വന്നത് തൊണ്ണൂറുകളുടെ ആദ്യമാണ്.

ഇന്ത്യ പരമാധികാരത്തിലെത്തിയതോടെ തിരുവിതാംകൂറിലും രാജഭരണത്തിന് പൂര്‍ണമായി അന്ത്യം കുറിച്ചു. നാളതുവരെ രാജാവായി തുടര്‍ന്ന വ്യക്തിക്ക് ചില പദവികള്‍ കല്‍പ്പിച്ചുനല്‍കിയെന്നു മാത്രം. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പ്രസ്തുത പദവികള്‍ അനന്തരാവകാശി എന്നനിലയില്‍ കൈയാളിക്കൊണ്ട് പത്മനാഭസ്വാമി ക്ഷേത്ര ഭരണാധികാരിയായി സ്വയം അവരോധിതനായി. ക്ഷേത്രഭരണത്തില്‍ അതോടെ പല പ്രശ്നങ്ങളുണ്ടാവുകയും സ്വത്തുകളുടെ വിനിയോഗം സംബന്ധിച്ച ആരോപണമുയരുകയും ചെയ്തപ്പോഴാണ് വിശ്വാസികളായ ചിലര്‍ കേസുകളുമായി വന്നത്. ആ ഘട്ടത്തിലാണ് ഹിന്ദുത്വവാദികളും ശിവസേനക്കാരും അമ്പലത്തിന്റെ സംരക്ഷണത്തിന് എന്ന വ്യാജേന ക്ഷേത്രഭരണത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. പരാതിക്കാരായ ഭക്തന്മാരെയും അവരുടെ അഭിഭാഷകരെയും ഇക്കൂട്ടര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നിടംവരെ അതെത്തി. 'റൂളര്‍' എന്ന വാക്കിന്റെ ബലത്തില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രഭരണം കൈയാളാന്‍ അധികാരമില്ലെന്നാണ് 2007ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി വിധിച്ചത്. കാരണം ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാരിനാണ് സ്റ്റേറ്റിലെ പരമാധികാരം. മറ്റ് റൂളര്‍ ആരുമില്ല.

പണ്ട് രാജാവും പിന്നീട് രാജപ്രമുഖനുമായിരുന്ന ചിത്തിര തിരുനാളിന്റെ സഹോദരന് റൂളര്‍ ആയി അവകാശപ്പെടാനാവില്ലെന്നും കോടതി വിധിച്ചു. കഴിഞ്ഞ ജനുവരി 31ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അസന്ദിഗ്ധമായി വിധി അംഗീകരിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം പൂര്‍ണമായും സ്റ്റേറ്റില്‍ നിക്ഷിപ്തമാണെന്നും ഗുരുവായൂര്‍ ക്ഷേത്രഭരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതുപോലുള്ള സംവിധാനം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും ഏര്‍പ്പെടുത്തണമെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. വിവിധ കോടതികളില്‍ നടന്ന കേസുകളില്‍ ക്ഷേത്രഭരണാധികാരപ്രശ്നം മാത്രമല്ല അവിടത്തെ സുരക്ഷ, സ്വത്തുവകകള്‍ , നിലവറകളിലെ സ്വര്‍ണനിധികള്‍ , അതിന്റെ ദുരുപയോഗമുണ്ടാകുന്നുണ്ടോ, ചട്ടവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്നിവയെല്ലാം പരിശോധിക്കപ്പെടുന്നുണ്ട്. ഹൈക്കോടതി വിധിക്കെതിരെ ശ്രീ മാര്‍ത്താണ്ഡവര്‍മ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഈ കേസിന്റെ പരിഗണനയുമായി ബന്ധപ്പെട്ടാണ് മെയ് ആദ്യം ഏഴംഗ പരിശോധനാ സമിതിയെ സുപ്രീം കോടതിയെ നിയോഗിച്ചത്. ഒമ്പതാം നൂറ്റാണ്ടുമുതല്‍ അറിയപ്പെടുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രം.

1750ല്‍ മാര്‍ത്താണ്ഡവര്‍മ രാജ്യം തൃപ്പടിത്താനം നടത്തി പത്മനാഭദാസന്‍ എന്ന നിലയില്‍ ഭരണം തുടങ്ങി. കൊച്ചിവരെയും തമിഴ്നാടിന്റെ ഭാഗങ്ങളിലേക്കും നീണ്ട വിജയകരമായ പടയോട്ടങ്ങളിലൂടെയും ശത്രുക്കളെ നിഗ്രഹിച്ചും പിഴയും മറ്റുമായി പിരിച്ചുമെല്ലാം ഉണ്ടാക്കിയ ധനമുള്‍പ്പെടെ നിലവറകളില്‍ സ്വരുക്കൂട്ടിയിട്ടുണ്ടാവാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തില്‍ രാജഭരണത്തിനായി അഞ്ചുലക്ഷം രൂപ കടം കൊടുക്കാന്‍മാത്രം കഴിവുള്ള സമ്പന്നത ക്ഷേത്രത്തിനുണ്ടായിരുന്നുവെന്നാണ് ചരിത്രം. ക്ഷാമമകറ്റാനും വികസനത്തിനുമെല്ലാം പലപ്പോഴായി ക്ഷേത്രസ്വത്ത് ഉപയോഗപ്പെടുത്തിയതും ചരിത്രം. പത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റേതാണെന്ന് ശ്രീ ചിത്തിര തിരുനാള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വില്‍പത്രത്തില്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല.

1750ലെ തൃപ്പടിത്താനം ഐതിഹ്യമോ വാക്കാലുള്ളതോ അല്ല. രേഖാമൂലമുള്ളതാണ്. രാജാവെന്ന നിലയില്‍ കൈകാര്യംചെയ്യുന്ന വസ്തുവകകളെല്ലാം ക്ഷേത്രത്തിന്റേതാണെന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. ക്ഷേത്രം രാജകുടുംബത്തിന്റെ സ്വത്താണെന്ന് അവകാശപ്പെടുന്ന പ്രശ്നമേ ഉദിച്ചില്ല. അങ്ങനെയെല്ലാമുള്ള ക്ഷേത്രത്തിലെ മഹത്തായ നിധിയാണിപ്പോള്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം പരിശോധിച്ച് രേഖപ്പെടുത്തുന്നത്. അത് ഏറ്റവും നന്നായി സംരക്ഷിക്കപ്പെടണം. അത് പരിപാലിക്കുന്നതിന് പഴയ രാജകുടുംബത്തിന്റെ പ്രതിനിധിയും സര്‍ക്കാര്‍ പ്രതിനിധിയുമെല്ലാം ഉള്‍പ്പെട്ട നിയമാനുസൃതമുള്ള ട്രസ്റ്റുണ്ടാകണമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിവരെയുള്ള കോടതി വിധിയും അതാണ്. ക്ഷേത്രാചാരങ്ങളാകട്ടെ വിശ്വാസികളുടെ താല്‍പ്പര്യാനുസരണം തുടരുകയും വേണം. നിരവധി കുടുംബങ്ങള്‍ക്ക് ക്ഷേത്ര ട്രസ്റ്റുകളില്‍ പാരമ്പര്യ ട്രസ്റ്റി എന്ന നിലയില്‍ അംഗത്വമുണ്ട്. അതുമാത്രമേ പത്മനാഭസ്വാമി ക്ഷേത്രകാര്യത്തിലും പ്രസക്തമാകൂ.

പത്മനാഭസ്വാമി ക്ഷേത്ര നിലവറയിലെ നിധി അന്യാധീനപ്പെടരുത്. അദൃശ്യമായ ചോര്‍ച്ചയുണ്ടെങ്കില്‍ അത് തടയാനും കഴിയണം. കോടതിയുടെതന്നെ നിരീക്ഷണത്തില്‍ നിയമാനുസൃതമുള്ള ഭരണ സംവിധാനമുണ്ടായിക്കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കരുതല്‍ നിധിയായും ചരിത്രവസ്തുക്കള്‍ എന്ന നിലയിലുമെല്ലാമുള്ള സൂക്ഷിപ്പിനുശേഷമുള്ള ധനം പ്രത്യുല്‍പ്പാദനപരമായി എങ്ങനെ വിനിയോഗിക്കാന്‍ കഴിയുമെന്ന് പിന്നീട് ചര്‍ച്ച ചെയ്യപ്പെടട്ടെ. ആദ്യം കുറ്റമറ്റ കണക്കെടുപ്പും ഡോക്യുമെന്റേഷനും സംരക്ഷണ പദ്ധതികളും നടക്കട്ടെ. സുപ്രീംകോടതി വിധി വരുംവരെ ക്ഷമകാണിക്കുകയാണ് ആദ്യം വേണ്ടത്. ക്ഷേത്രത്തിലെ നിധിയെക്കുറിച്ചുള്ള വിവരണവുമായി ബന്ധപ്പെട്ട് അതിശയോക്തിയും നാടുവാഴിത്ത സംസ്കാരപ്രകീര്‍ത്തനവും വന്‍തോതില്‍ ഉണ്ടാകുന്നുണ്ടെന്നും കാണാതിരുന്നുകൂടാ. അനാവശ്യമായ ഒട്ടേറെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവസരമായി നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ഇത് ഉപയോഗപ്പെടുത്തുകയാണ്. വിവാദങ്ങളുണ്ടാക്കി സാമുദായിക വികാരമിളക്കിവിടാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ ജാഗ്രത വേണം.

Wednesday, July 6, 2011

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരം

'ആദ്യം നെഞ്ചൊന്നാളി, പിന്നെ സഹസ്രസൂര്യപ്രഭ'

വിജയ്

ദേശാഭിമാനി, ജൂലായ് 6 , 2011

തിരു: നിലവറ തുറന്ന് അകത്തു കടന്നപ്പോള്‍ ആദ്യം കണ്ടത് മണ്‍കൂനമാത്രം. പതുക്കെ മണ്ണ് നീക്കിയപ്പോള്‍ ശ്രീപത്മനാഭാ... എന്ന് ഉറക്കെ വിളിച്ചുപോയി. അവിശ്വസനീയമായ ഈ മഹാത്ഭുതം കാണാന്‍ ഭാഗ്യം ലഭിച്ചതിന് വിറയാര്‍ന്ന കൈകള്‍കൂപ്പി ശ്രീപത്മനാഭന് സ്തുതി പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരം തിട്ടപ്പെടുത്തുന്നതിന് സാക്ഷിയായ ഒരു പ്രമുഖന്‍ തന്റെ അനുഭവം 'ദേശാഭിമാനി'യോട് പങ്കുവച്ചു. നിലവറയില്‍ എന്തോ ഉണ്ടെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നെങ്കിലും നൂറു സ്വപ്നങ്ങളില്‍പ്പോലും ഉള്‍ക്കൊള്ളാത്തത്ര വന്‍ നിധിശേഖരമാണ് കണ്‍മുന്നില്‍ തെളിഞ്ഞത്.

ആയിരത്തിലേറെ നവരത്നക്കല്ല് പതിച്ച രണ്ടടി നീളമുള്ള വിഷ്ണുവിന്റെ തങ്കവിഗ്രഹത്തിന്റെയും അഞ്ചുതട്ടുള്ള കാഞ്ചനകിരീടത്തിന്റെയും തിളക്കം കണ്ണില്‍നിന്നു മായുന്നില്ല. ഇവയിലുണ്ടായിരുന്ന നവരത്നക്കല്ലുകള്‍ തിട്ടപ്പെടുത്താന്‍തന്നെ മണിക്കൂറുകള്‍ എടുത്തെന്ന് അദ്ദേഹം പറഞ്ഞു. അനന്തശയന പ്രതിഷ്ഠയുടെ ചുറ്റുമായാണ് ആറു നിലവറയും.പ്രധാന നിലവറകളായ ശ്രീപണ്ടാരവകയും ഭരതക്കോണും ശിരോഭാഗത്താണ്. പാദത്തിനടുത്തായാണ് വ്യാസക്കോണും മറ്റു മൂന്ന് നിലവറയും.

നിലവറകള്‍ സംരക്ഷിക്കാനെന്നവണ്ണം അനന്തശയനത്തിനുമുന്നില്‍ത്തന്നെ നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയുണ്ട്. രണ്ടു നിലവറ നരസിംഹമൂര്‍ത്തിപ്രതിഷ്ഠയുടെ പിന്‍ഭാഗത്തോടു ചേര്‍ന്നുകിടക്കുന്നു. ശ്രീപണ്ടാരവക നിലവറ തുറക്കുന്നത് കണ്ടുനില്‍ക്കുന്നതുതന്നെ അവിസ്മരണീയ അനുഭവമായിരുന്നു. ആദ്യം ഭരതക്കോണ്‍ നിലവറയിലേക്കാണ് പോയത്. ആദ്യ വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ ഏതാനും വെള്ളിക്കട്ടികളും വെള്ളിക്കുടങ്ങളും മാത്രമേ കണ്ടുള്ളൂ.

രണ്ടാമത്തെ വാതില്‍തുറക്കാന്‍ സാധിക്കാത്തതിനാല്‍ തിരിച്ചിറിങ്ങി. തുടര്‍ന്ന്, ഭൂഗര്‍ഭ അറയുള്ള ശ്രീപണ്ടാരവക നിലവറയിലേക്കു പോയി. ഇവിടെ ആദ്യത്തെ ഇരുമ്പുവാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ഏറെക്കുറെ ശൂന്യമായ മുറികണ്ട് നെഞ്ചൊന്നു ആളി. ഒരു തടിപ്പെട്ടിയില്‍ 13 തുണ്ടായി കിടന്ന ഭഗവാന്റെ തങ്കത്തിടമ്പ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവിടത്തെ ഭൂഗര്‍ഭ അറയിലേക്ക് ഇറങ്ങാനായില്ല. എല്ലായിടത്തും തടസ്സം നേരിടേണ്ടിവന്നതോടെ മനസ്സ് അസ്വസ്ഥമായി. രാത്രി ഒരുപോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. പത്മനാഭനെക്കുറിച്ച് കേട്ടതെല്ലാം കടങ്കഥ മാത്രമാകുമോ... പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ശ്രീപത്മനാഭ നാമം മനസ്സിലുരുവിട്ട് വീണ്ടും ക്ഷേത്രത്തിലേക്ക്.

നിലവറയിലെത്തി രണ്ടാമത്തെ വാതില്‍തുറന്ന് അകത്തുകയറിയപ്പോള്‍ പിടിയില്ലാത്ത മേശവലിപ്പുകള്‍പോലെ കരിങ്കല്ലുകള്‍ ചേര്‍ത്തുവച്ചിരിക്കുന്നു. മണ്ണുനീക്കിയപ്പോള്‍ കൂരിരുള്‍ നിറഞ്ഞ മുറിയില്‍ കത്തിജ്വലിക്കുന്ന സഹസ്രസൂര്യപ്രഭ. കിരീടങ്ങളുടെയും നവരത്നക്കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളുടെയും സ്വര്‍ണനാണയങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന തിളക്കമായിരുന്നു ആ പ്രകാശത്തിനുപിന്നില്‍ . ഇതെല്ലാം എടുത്തശേഷം മൂന്ന് വലിയ കുടംകണ്ടു. അതിലും ആഭരണങ്ങളായിരുന്നു. 70,000 കോടി രൂപയോളം വിലമതിക്കുന്ന വമ്പന്‍ശേഖരം കണ്ടെത്തിയത് ഇവിടെനിന്നായിരുന്നു.

ദേശാഭിമാനി
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്