കെ. കരുണാകരന്‍ 2010 ഡിസംബര്‍ 23-ന് അന്തരിച്ചു.
യുഗാന്ത്യം
കേരളകൌമുദി , 2010 ഡിസംബര്‍ 24
തിരുവനന്തപുരം : നേതൃപാടവത്തിന് ഇതിഹാസ മാനം നല്‍കി കേരള രാഷ്ട്രീയത്തില്‍ ഒരു യുഗപുരുഷനായി മാറിയ കെ. കരുണാകരന്‍ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസായിരുന്നു.
ഇവിടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില വൈകിട്ട് ഹൃദയാഘാതത്തോടെ വഷളാവുകയും അഞ്ചരമണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
മകളുടെ നന്തന്‍കോട്ടെ വസതിയായ കല്യാണിയില്‍ ഇന്നലെ രാത്രി പൊതുദര്‍ശനത്തിന് വച്ച ഭൌതികശരീരം ഇന്നുരാവിലെ 9ന് കെ.പി.സി.സി ഓഫീസില്‍ കൊണ്ടുവരും. 10.30ന് അവിടെനിന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഡര്‍ബാര്‍ ഹാളിലേക്ക് മാറ്റും. ഒരു മണിയോടെ വിലാപയാത്രയായി ദേശീയപാതയിലൂടെ തൃശൂരിലേക്ക് കൊണ്ടുപോകും. അവിടെ ടൌണ്‍ഹാളിലും ഡി.സി.സി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കുന്ന ഭൌതികശരീരം നാളെ മകന്റെ വസതിയായ പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ സഹധര്‍മ്മിണി കല്യാണിക്കുട്ടിഅമ്മയുടെ സ്മൃതികുടീരത്തിന് സമീപം സംസ്കരിക്കും.
മരണസമയത്ത് മകന്‍ കെ. മുരളീധരന്‍, മകള്‍ പത്മജ, മരുമക്കളായ ഡോ. വേണുഗോപാല്‍, ജ്യോതി, പേരക്കുട്ടികളായ കരുണ്‍, ശബരി, അരുണ്‍ എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു.
മുക്കാല്‍ നൂറ്റാണ്ടോളം ഇന്ത്യയിലെ രാഷ്ട്രീയ നഭസ്സിലെ ത്രിവര്‍ണ നക്ഷത്രമായി ജ്വലിച്ചു നിന്നിരുന്ന കെ. കരുണാകരന്റെ നില അതീവ ഗുരുതരമാണെന്നറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ ആശുപത്രിയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.
ശ്വാസതടസത്തെത്തുടര്‍ന്ന് ഈ മാസം 10-നാണ് കരുണാകരനെ ആശുപത്രിയിലെ കൊറോണറി കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും പക്ഷാഘാതമുണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഇന്നലെ രാവിലെ 10 മണിയോടെ നിര്‍ജ്ജീവമായി. തുടര്‍ന്ന് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ക്രമേണ കുറഞ്ഞുവരികയും 5.30ന് ഹൃദയസ്തംഭനത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. ശ്വാസം നിലയ്ക്കുന്നതിന് ഏതാനും നിമിഷം മുമ്പ് മക്കളെയും കരുണാകരന്റെ സഹോദരന്‍ അപ്പുണ്ണി മാരാരെയും ഡോക്ടര്‍മാര്‍ കരുണാകരന്റെ കിടക്കയ്ക്ക് അരികിലേക്ക് വിളിപ്പിച്ചു. അവര്‍ കരഞ്ഞുകൊണ്ട് ഇറങ്ങിവന്നതിന് പിന്നാലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഇടറുന്ന സ്വരത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മരണവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി അനേകായിരങ്ങള്‍ ആശുപത്രിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മരണവിവരം പുറത്തറിഞ്ഞതോടെ ആശുപത്രി പരിസരം ജനനിബിഡമായി.
'കല്യാണി'യില്‍ പൊതുദര്‍ശനത്തിനുവച്ച കരുണാകരന്റെ ഭൌതികശരീരത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖരും സാധാരണക്കാരും സ്ത്രീജനങ്ങളും കുട്ടികളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
No comments:
Post a Comment