വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, December 24, 2010

കെ കരുണാകരന്‍

ദേശാഭിമാനി ദിനപ്പത്രം- മുഖപ്രസംഗം

കെ കരുണാകരന്‍

കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച നേതാവാണ് മമറയുന്നത്. ഏഴുപതിറ്റാണ്ടായി കേരളരാഷ്ട്രീയത്തില്‍ കരുണാകരനുണ്ട്, എന്നല്ല, കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖംതന്നെയായിരുന്നു പതിറ്റാണ്ടുകളോളം അദ്ദേഹം. കോഗ്രസിന്റെ രക്ഷകനായും ശത്രുവായും ഭരണാധികാരിയായും പ്രതിപക്ഷ നേതാവായും ആശ്രിതവത്സലനായും ഗ്രൂപ്പ് നേതാവായും വത്സലശിഷ്യന്മാരുടെ ലീഡറായും അവരാല്‍ത്തന്നെ തിരസ്കൃതനായും മര്‍ദകരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷകനായും സ്വന്തം അനുയായികളാല്‍ വേട്ടയാടപ്പെടുന്നവനായും കരുണാകരന്‍ കേരളീയന്റെ മുന്നില്‍നിന്നു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനായ കരുണാകരന്റെ രാഷ്ട്രീയ പാഠശാല തൃശൂരിലെ സീതാറാം മില്ലായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ (1936) ഇന്ത്യന്‍ നാഷണല്‍•കോഗ്രസില്‍ അംഗത്വമെടുത്ത അദ്ദേഹം തൃശൂരില്‍നിന്ന് പടിപടിയായാണ് സ്വാതന്ത്യ്ര സമരത്തിലേക്കും കോഗ്രസിന്റെ സമുന്നത നേതൃത്വത്തിലേക്കുയര്‍ന്നത്. 1969ല്‍ ഇ എം എസ് മന്ത്രിസഭ രാജിവച്ചതിനെത്തുടര്‍ന്ന് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചതിന്റെ ബുദ്ധികേന്ദ്രം കരുണാകരനായിരുന്നു. അതോടെയാണ് കോഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരന്‍ എന്ന 'ലീഡര്‍' ഉദയംചെയ്തത്. ആജ്ഞാശക്തിയും ചടുലവും അപ്രതീക്ഷിതവുമായ നീക്കങ്ങളുമാണ് രാഷ്ട്രീയത്തില്‍ എന്നും കരുണാകരനെ ശ്രദ്ധാകേന്ദ്രമാക്കിയത്. എതിരാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രിയമായ കാര്യങ്ങള്‍ കുസലില്ലാതെ നടപ്പാക്കുന്നതില്‍ കരുണാകരനിലെ ഭരണാധികാരി അറച്ചുനിന്നില്ല. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്ന നേതാവായി അദ്ദേഹത്തെ മിത്രങ്ങളും ശത്രുക്കളും കണ്ടു. ഇന്ദിര ഗാന്ധിയായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നേതാവ്. ഏറ്റവുമൊടുവില്‍ സ്വന്തം പാര്‍ടിയില്‍നിന്ന് പുറത്തുപോയി പുതിയ പാര്‍ടി രൂപീകരിച്ചപ്പോഴും ഇന്ദിരയുടെ പേരാണ് അതിന് നല്‍കിയത് ഡെമോക്രാറ്റിക് ഇന്ദിര കോഗ്രസ്. കേരളത്തിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ മറുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും കരുണാകരന്‍ ഇന്ദിരയോടൊപ്പമായിരുന്നു. ഒരുകാലത്ത് കരുണാകരന്‍തന്നെയായിരുന്നു കേരളത്തിലെ കോഗ്രസ്. ആ ഒറ്റ നേതാവിനു ചുറ്റും പാര്‍ടിയും മുന്നണിയും ഭരണവും കറങ്ങിയപ്പോള്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി. പാര്‍ടി കമ്മിറ്റികള്‍ക്കു പകരം ചുറ്റുംനിന്ന ഏറ്റവും അടുപ്പമുള്ള കൂട്ടമായി ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൈകാര്യകര്‍ത്താക്കള്‍. അങ്ങനെ കരുണാകരനില്‍നിന്ന് ആവോളം ആനുകൂല്യം പറ്റിയവര്‍ അപകടഘട്ടത്തില്‍ അദ്ദേഹത്തെ കൈവിട്ട് ശത്രുപാളയത്തിലെത്തി. പാലൂട്ടി വളര്‍ത്തിയവര്‍ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയപ്പോള്‍ നിസ്സംഗനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കെ മുരളീധരനെ കോഗ്രസില്‍ തിരിച്ചെത്തിക്കുകയായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍, കേരളത്തിലെ കോഗ്രസ് നേതൃത്വം കരുണാകരന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിച്ചില്ല. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ അഖിലേന്ത്യാ രാഷ്ട്രീയത്തിലെ അതികായനായി മാറിയ കരുണാകരന്‍ പില്‍ക്കാലത്ത് നരസിംഹറാവുവിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതിന്റെ പ്രധാന കാരണക്കാരനുമായി. ദീര്‍ഘകാലം മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ വികസനത്തില്‍ കരുണാകരന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്. ഇന്നത്തെ ഐക്യജനാധിപത്യമുന്നണി സംവിധാനം രൂപീകരിക്കുന്നതില്‍ നായകത്വം കരുണാകരനായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനകാലത്തിന്റെ സിംഹഭാഗവും കമ്യൂണിസ്റ് പാര്‍ടിയുടെ കടുത്ത ശത്രുവായിരുന്നു കരുണാകരന്‍. എതിര്‍പക്ഷ ബന്ധമാണ് കേരളത്തിലെ ഇടതുപക്ഷവുമായി അദ്ദേഹം നിലനിര്‍ത്തിപ്പോന്നതും. അഴിമതി ആരോപണങ്ങളും ഭരണത്തിലെ ജനവിരുദ്ധ നടപടികളുമുണ്ടായപ്പോഴൊക്കെ കര്‍ക്കശമായ എതിര്‍പ്പാണ് ഇടതുപക്ഷം ഉയര്‍ത്തിയത്. അടിയന്തരാവസ്ഥയിലെ മര്‍ദകവാഴ്ച കരുണാകരനോടുള്ള ഈ എതിര്‍പ്പിന് രൂക്ഷത കൂട്ടിയ ഒന്നാണ്. കക്കയം ക്യാമ്പില്‍ രാജനെ ഉരുട്ടിക്കൊന്ന കേസിന്റെ ഫലമായി കരുണാകരന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. നാലുതവണ മുഖ്യമന്ത്രിയായപ്പോഴും ഇടതുപക്ഷത്തോട് ഒരുതരത്തിലുമുള്ള മൃദുസമീപനം കാട്ടാന്‍ കരുണാകരന്‍ തയ്യാറായില്ല. എന്നാല്‍, അവസാനകാലത്ത്, അത്തരം ശത്രുതകള്‍ ഉപേക്ഷിച്ച് ഇടതുപക്ഷവുമായി സഹകരിച്ചു പോകണമെന്ന അഭിപ്രായം അദ്ദേഹം പരസ്യമായി മുന്നോട്ടുവച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നത്. സ്വാതന്ത്യ്ര സമരകാലംമുതല്‍ സേവിച്ച സംഘടന തന്നെയും അനുയായികളെയും ചവിട്ടിത്തേക്കുന്നതില്‍ ഖിന്നനായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍, ചാണക്യന്‍ എന്നിങ്ങനെ പലപേരുകളില്‍ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ഔന്നത്യം എതിരാളിയുടെയും അനുയായിയുടെയും ആദരംനേടിയ ഒന്നാണ്. ഏതു പ്രസ്ഥാനത്തിനുവേണ്ടിയാണോ എക്കാലവും പ്രവര്‍ത്തിച്ചത്, അതില്‍നിന്ന് ദുരനുഭവങ്ങള്‍ തുടര്‍ച്ചയായുണ്ടായപ്പോള്‍ എതിരാളികളുടെ രാഷ്ട്രീയവും സമീപനവും ശരിയായ പാതയിലാണെന്ന് കരുണാകരന് തിരിച്ചറിയാന്‍ കഴിഞ്ഞു. കരുണാകരന്റെ വിയോഗത്തോടെ കോഗ്രസില്‍ ഇല്ലാതാകുന്നത്, യഥാര്‍ഥ കോഗ്രസിനെ അറിയാവുന്ന തലമുറയാണ്; ദേശീയ പ്രസ്ഥാനവുമായി ഇന്നത്തെ കോഗ്രസിന് അവശേഷിക്കുന്ന ബന്ധമാണ്. കേരളത്തില്‍ ഒമ്പതു സീറ്റുമായി പരാജയത്തിന്റെയും ഒറ്റപ്പെടലിന്റെയും കയ്പുനീര്‍ കുടിച്ച കോഗ്രസിനെ സംരക്ഷിച്ചതും വളര്‍ത്തിയതും കരുണാകരന്റെ നേതൃത്വത്തിലാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിനും അനുയായികള്‍ക്കും പക്ഷേ കോഗ്രസില്‍നിന്ന് കൃതഘ്നതയാണ് പകരം ലഭിച്ചത്. കരുണാകരനോടെ കോഗ്രസിലെ ഒരു യുഗത്തിന് അന്ത്യമാകുന്നെന്നു പറയുന്നത് അതിശയോക്തിയല്ല. ആ വേര്‍പാടിന്റെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. വേദനിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു.

2 comments:

http://onlinefmcity.blogspot.com/ said...

http://onlinefmcity.blogspot.com/

Raees hidaya said...

ഈചര വാര്യരെയും രാജനെയും മറക്കാതിരിക്കുക

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്