വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, August 6, 2016

ജിഎസ്ടി : തുറന്ന ചര്‍ച്ച അനിവാര്യം



ജിഎസ്ടി : തുറന്ന ചര്‍ച്ച അനിവാര്യം

ദേശാഭിമാനി, Friday Aug 5, 2016 

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

ചരിത്രത്തിലെ ഏറ്റവും വലിയ പരോക്ഷനികുതി പരിഷ്കരണത്തിന് രാജ്യസഭ അംഗീകാരം നല്‍കി. അതോടെ ചരക്കുകളും സേവനങ്ങളും ഏകോപിപ്പിച്ച് രാജ്യത്തിനാകെ ബാധകമായ ഒറ്റ നികുതിസമ്പ്രദായം നിലവില്‍വരാനുള്ള വഴിതുറന്നു. 2006–07 ബജറ്റ് പ്രസംഗത്തിലാണ് ഏകീകൃത നികുതിസമ്പ്രദായം എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത നികുതിഘടനയും നിരക്കുകളും തുടരുമ്പോള്‍ അവയെല്ലാം ഏകോപിപ്പിച്ച് ഒരൊറ്റ നികുതിഘടനയ്ക്ക് വിധേയമാക്കുക പ്രയാസമേറിയ ജോലിയാണ്. ആ കടമ്പയാണ് തരണംചെയ്തത്. ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതി ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലിനെ ബിജെപിയും ബിജെപി കൊണ്ടുവന്നതിനെ കോണ്‍ഗ്രസും തടസ്സപ്പെടുത്തിപ്പോന്നത് ചരിത്രത്തിന്റെ ഭാഗമായിമാറി. ഇപ്പോള്‍ ജനങ്ങള്‍ക്കുമുന്നിലുള്ളത് ഇന്ത്യക്കാകെ ബാധകമായ ഒരൊറ്റ നികുതി സമ്പ്രദായമാണ്. കോര്‍പറേറ്റുകളുടെ നിരന്തര നിര്‍ബന്ധം ബില്ലിനെ ഏതുവിധേനയും അംഗീകാരം തേടുന്നതിന് ബിജെപിയെ സമ്മര്‍ദത്തിലാക്കി. അതിന്റെ ഭാഗമായാണ് പ്രതിപക്ഷമുയര്‍ത്തിയ പല പ്രശ്നങ്ങളോടും അവസാനനിമിഷം ഭരണകക്ഷി വിട്ടുവീഴ്ച ചെയ്തത്. 

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പലതരം നികുതിയും നിരക്കുമാണുള്ളത്. വാറ്റ്, കേന്ദ്രവില്‍പ്പന നികുതി, വാങ്ങല്‍ നികുതി, ആഡംബര നികുതി, പ്രവേശന നികുതി, വിനോദനികുതി, (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേത് ഒഴികെ), പരസ്യനികുതി, ലോട്ടറിചൂതാട്ട നികുതി, സെസ്സുകളും സര്‍ച്ചാര്‍ജുകളും എന്നിവയാണ് സംസ്ഥാന നികുതികള്‍. കേന്ദ്ര എക്സൈസ് തീരുവ, അധിക എക്സൈസ് തീരുവ, കസ്റ്റംസ് പ്രത്യേക അധിക തീരുവ, സേവന നികുതി, സെസ്സുകളും സര്‍ചാര്‍ജുകളും എന്നിവയാണ് കേന്ദ്ര നികുതികള്‍. കസ്റ്റംസ് തീരുവ തുടര്‍ന്നും കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കും. മദ്യം, വൈദ്യുതി, റിയല്‍ എസ്റ്റേറ്റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നവയ്ക്കും ചരക്ക്സേവന നികുതി ബാധകമല്ല.
മറ്റുള്ള എല്ലാ നികുതിയും ചരക്ക്സേവന നികുതി വരുന്നതോടെ ഇല്ലാതാകും. ചില നികുതിനിരക്ക് കുറയും ചിലത് കൂടും. സേവന നികുതിനിരക്ക് നിലവില്‍ 14.5– 15 ശതമാനമാണ്. അത് 18 ശതമാനമാകും. സിമന്റ് ഉള്‍പ്പെടെയുള്ള ചരക്കുകളുടെ നിരക്ക് 24– 26 ശതാനമാണ്. അത് 18 ശതമാനമാകും. ആഡംബര നികുതി നാല്‍പ്പതില്‍നിന്ന് 18 ശതമാനത്തിലേക്ക് കുറയും. 18 ശതമാനമാണ് സ്റ്റാന്‍ഡേര്‍ഡ് നികുതിനിരക്കായി നിര്‍ദേശിക്കപ്പെടുന്നത്.
വില്‍പ്പന നികുതിയുടെ മുഖ്യ പോരായ്മ അത് നികുതിക്കുമേല്‍ നികുതിയാണെന്നതായിരുന്നു. ഒരു വ്യാപാരി സാധനം വില്‍ക്കുമ്പോള്‍ വില്‍പ്പന നികുതിയും ചേര്‍ത്ത വിലയാണ് ചുമത്തുന്നത്. സാധനം വാങ്ങിയ വ്യാപാരി അത് മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ വില്‍പ്പന നികുതി ചുമത്തും. ആദ്യത്തെ വ്യാപാരി നല്‍കിയ നികുതിയും ചേര്‍ത്ത വിലയ്ക്കുമേല്‍ രണ്ടാമത്തെ വ്യാപാരി നികുതി ചുമത്തുന്നു. ഈ പോരായ്മ പരിഹരിക്കാനാണ് വാറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. എന്നാല്‍, പ്രശ്നം പൂര്‍ണമായി ഒഴിവക്കപ്പെട്ടില്ല. ഉല്‍പ്പാദനത്തിനുമേല്‍ ചുമത്തുന്നതാണ് കേന്ദ്ര എക്സൈസ് തീരുവ. 1000 രൂപയുടെ ചരക്ക് ഫാക്ടറിക്ക് വെളിയില്‍ വരുമ്പോള്‍ 10 ശതമാനം നികുതി ചുമത്തുന്നുവെന്ന് കരുതുക. വില 1100 രൂപയായി. വില്‍പ്പന നികുതി 10 ശതമാനമാണെന്നും കരുതുക. ചരക്ക് വാങ്ങുന്ന വ്യാപാരി വില്‍പ്പന നികുതി നല്‍കുന്നത് 1000 രൂപയ്ക്കല്ല. 1100 രൂപയ്ക്കാണ്. അതായത്, 100 രൂപയുടെ എക്സൈസ് തീരുവയ്ക്കുമേല്‍ 10 ശതമാനം വില്‍പ്പന നികുതി. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് സഹായകമാകും ഏകീകൃത നികുതിസമ്പ്രദായം.

ചരക്ക്സേവന നികുതി നിലവില്‍ വരുന്നതോടെ ഉല്‍പ്പാദനസ്രോതസ്സില്‍ നികുതി ഉണ്ടാകില്ല. പകരം എവിടെ സപ്ളൈ ചെയ്യുന്നു അവിടെയാകും നികുതി. ഉദാഹരണമായി മഹാരാഷ്ട്ര ഫാക്ടറിയില്‍ ഉണ്ടാക്കിയ ടെലിവിഷന്‍ സെറ്റിന് ഉല്‍പ്പാദനസ്രോതസ്സില്‍ നികുതിയില്ല. കേരളത്തില്‍ വില്‍ക്കുമ്പോള്‍ കേരള സര്‍ക്കാരും രാജസ്ഥാനിലോ ബംഗാളിലോ വില്‍ക്കുമ്പോള്‍ അതത് സംസ്ഥാന സര്‍ക്കാരുകളും ചരക്ക്സേവന നികുതി ചുമത്തും. ഇനി മഹാരാഷ്ട്രയില്‍ത്തന്നെ വില്‍ക്കുന്നുവെന്ന് കരുതുക. മഹാരാഷ്ട്ര സര്‍ക്കാര്‍ ചരക്ക്സേവന നികുതി ചുമത്തും. ഇതുമൂലം ഉല്‍പ്പാദക സംസ്ഥാനങ്ങളുടെ നികുതിവരുമാനം കുറയും. അതാണ് ഉല്‍പ്പാദക സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനം. അഞ്ചുവര്‍ഷത്തേക്ക് വരുമാന നഷ്ടം പൂര്‍ണമായി നികത്തിക്കൊടുക്കുമെന്ന നിര്‍ദേശം ചരക്ക്സേവന നികുതി ബില്ലിന്റെ ഭാഗമാണ്. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് വരുമാനവര്‍ധനയുണ്ടാകും. കേരളം ഉല്‍പ്പാദക സംസ്ഥാനമല്ല; ഉപഭോക്തൃസംസ്ഥാനമാണ്. കേരളത്തിന്റെ പോരായ്മയും അതുതന്നെയാണെങ്കിലും ഊര്‍വശി ശാപം ഉപകാരം എന്ന നിലയിലാണ.് അഞ്ചുകൊല്ലത്തേക്ക് നഷ്ടം നികത്തുമെന്നായിരുന്നു ഒറിജിനല്‍ ബില്ലില്‍. സെലക്ട് കമിറ്റി ശുപാര്‍ശപ്രകാരം അത് അഞ്ചുകൊല്ലം വരെ എന്ന കൃത്യതയുണ്ടാക്കി.

ഇരട്ട നികുതിസമ്പ്രദായമാണ് നിലവില്‍വരുന്നത്. സംസ്ഥാന ചരക്ക്സേവന നികുതിയുണ്ടാകും. കേന്ദ്ര ചരക്ക്സേവന നികുതിയുമുണ്ടാകും. അന്തര്‍സംസ്ഥാന വ്യാപാരത്തിന്മേല്‍ കേന്ദ്രത്തിന്റെ സംയോജിത ചരക്ക്സേവന നികുതിയുമുണ്ടാകും. അവയ്ക്ക് പുറമെയായിരുന്നു ഒരുശതമാനം അധിക നികുതി ചുമത്താനുള്ള നിര്‍ദേശം. ആ നിര്‍ദേശം പിന്‍വലിച്ചിരിക്കുന്നു.
ഒരു പുതിയ നികുതിസമ്പ്രദായം ഏര്‍പ്പെടുത്തുമ്പോള്‍ പ്രായോഗികവും നിയമപരവുമായ പ്രശ്നങ്ങള്‍ അനവധി ഉയര്‍ന്നുവരും. എണ്ണമറ്റ ചരക്കുകളും സേവനങ്ങളും ഒപ്പം സംസ്ഥാനങ്ങളും കേന്ദ്രവും എല്ലാം ബന്ധപ്പെടുന്നതുകൊണ്ട് പ്രശ്നങ്ങള്‍ക്ക് സങ്കീര്‍ണതയേറും. അവ പരിഹരിക്കുന്ന ചുമതല സംസ്ഥാന ധനമന്ത്രിമാരും കേന്ദ്ര ധനമന്ത്രിമാരും ഉള്‍പ്പെട്ട ജിഎസ്ടി കൌണ്‍സിലിനായിരുന്നു ഒറിജിനല്‍ ബില്ലില്‍. അതില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ജിഎസ്ടി കൌണ്‍സില്‍ നിര്‍ദേശിക്കുന്ന ഒരു പ്രത്യേക തര്‍ക്കപരിഹാര സംവിധാനമായിരിക്കും അവ പരിശോധിക്കുക. ആ സംവിധാനത്തില്‍ കേന്ദ്രത്തിന് വീറ്റോ അധികാരമുണ്ട്. സംസ്ഥാനങ്ങള്‍ക്കുമുണ്ട് വീറ്റോ അധികാരം.

ഇന്ത്യയാകെ ഒരൊറ്റ വിപണിയും ബാധകമായ ഒരൊറ്റ നികുതി നിരക്കുമാകുമ്പോള്‍, ചരക്കുകളുടെ സുഗമമായ ഒഴുക്ക് സാധ്യമാകും. വ്യാപാരം വര്‍ധിക്കും. വ്യാപാരവര്‍ധന ഉല്‍പ്പാദന വളര്‍ച്ചയ്ക്ക് കരുത്തേകും. നികുതി ആനുകൂല്യവും നല്‍കി അന്യസംസ്ഥാനങ്ങളില്‍നിന്ന് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധ്യമല്ലാതാകും. കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് നിക്ഷേപകര്‍ നീങ്ങുന്ന കാരണമായി പറയപ്പെട്ടിരുന്നത് അവിടങ്ങളില്‍ നിലവിലുള്ള കുറഞ്ഞ നികുതി നിരക്കാണ്. ആ പ്രശ്നത്തിന് ജിഎസ്ടി വരുന്നതോടെ പരിഹാരമാകും. നികുതിവെട്ടിപ്പ് കുറയുന്നതിനും സാധ്യതയേറി.

നാല്‍പ്പത്തെട്ട് പാര്‍ടിയുണ്ട് പാര്‍ലമെന്റില്‍. അവയെ ഓരോന്നിനെയും പൂര്‍ണമായി വിശ്വസത്തിലെടുത്തല്ല അരുണ്‍ ജെയ്റ്റിലി മുന്നോട്ടുപോയത്. പ്രധാന പ്രതിപക്ഷകക്ഷിയുമായി സംസാരിച്ചാല്‍ മതിയാകുമെന്ന ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടത്. ഇത് ജനാധിപത്യപരമല്ല. ഇടതുപക്ഷ പാര്‍ടികളുമായി ഗൌരവകരമായ ആശയസംവാദത്തിന് ഗവണ്‍മെന്റ് സന്നദ്ധമായില്ല. ബിജെപിയുടെ സ്വേച്ഛാധിപത്യമുഖമാണ് അത് കാണിക്കുന്നത്. അഥവാ കമ്യൂണിസ്റ്റ്കാരോടുള്ള വര്‍ഗീയകക്ഷിയുടെ അസഹിഷ്ണതയും.
ഫെഡറല്‍ ഭരണഘടനയാണ് ഇന്ത്യയുടേത്. ഫെഡറല്‍ സംവിധാനത്തിന്റെ കരുത്ത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ സുഗമമായ സാമ്പത്തിക ബന്ധമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശങ്ങള്‍ അംഗീകരിക്കുകയാണ് അതില്‍ പ്രധാനം. ചരക്ക്സേവന നിയമം നടപ്പാക്കുന്നതോടെ നികുതിനിരക്ക് ചര്‍ച്ചചെയ്യാനുള്ള സംസ്ഥനങ്ങളുടെ അവകാശം കവര്‍ന്നെടുക്കപ്പെടുന്നു. ഈ പ്രശ്നം ചര്‍ച്ചകളിലും തീരുമാനങ്ങളിലും വേണ്ടത്ര ഇടം നേടിയില്ല. സംസ്ഥാനങ്ങളോടുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയുംചിറ്റമ്മ നയമാണ് അതിനുകാരണം.
ചരക്ക്സേവന നികുതി ബില്‍ രാജ്യസഭ അംഗീകരിച്ചെങ്കിലും കടമ്പകള്‍ അനവധിയുണ്ട്. ഭേദഗതികളോടെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. അതുകൊണ്ട് ബില്‍ വീണ്ടും ലോക്സഭ പരിഗണിക്കണം. തുടര്‍ന്ന് സംസ്ഥാന നിയമസഭകള്‍ സംസ്ഥാന ചരക്ക്സേവന നികുതി ബില്ലുകള്‍ പാസാക്കണം. 29 സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം (15) അംഗീകരിച്ചാല്‍ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചതായി പരിഗണിക്കും. സംസ്ഥാനങ്ങളും കേന്ദ്രവും തങ്ങളുടേതായ നടപടിയും ചട്ടവും ഉണ്ടാക്കണം.

നികുതിനിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പരിഗണനാവിഷയമാണ്. 18 ശതമാനത്തില്‍ കൂടരുതെന്ന ധാരണയുണ്ട്. കുറയ്ക്കുന്നതാണ് സാധാരണക്കാര്‍ക്ക് ഗുണം. പരോക്ഷ നികുതി എല്ലാവരുടെയുംമേല്‍ പതിക്കുന്നു. പ്രത്യക്ഷനികുതി പണക്കാരുടെമേലും. ഇന്ത്യയില്‍ പരോക്ഷനികുതിയാണ് കൂടുതല്‍. നികുതിവരുമാനത്തില്‍ ആദായനികുതി ഉള്‍പ്പെടെയുള്ള പ്രത്യക്ഷനികുതിയുടെ പങ്ക് 35 ശതമാനമാണ്. 65 ശതമാനം ലഭിക്കുന്നത് പരോക്ഷനികുതിയില്‍ നിന്നാണ്. കോര്‍പറേറ്റ് നികുതിദായകര്‍ അനവധി നികുതി ആനൂകൂല്യങ്ങളും ഇളവുകളും അനുഭവിക്കുന്നുണ്ട്. അവയ്ക്ക് അനുകൂലമായാണ് ബജറ്റുകള്‍ തയ്യാറാക്കപ്പെടുന്നത്. ആയതിനാല്‍ പരോക്ഷ നികുതിനിരക്ക് സംബന്ധിച്ച് വിപുലമായ ചര്‍ച്ചയും കൂടിയാലോചയും ആവശ്യമാണ്.

നികുതി നിരക്ക് നിര്‍ദേശം മണിബില്‍ രൂപത്തില്‍ ലോക്സഭയില്‍ അവതരിപ്പിച്ചാല്‍ തുടര്‍ന്ന് രാജ്യസഭയ്ക്ക് അത് നിരസിക്കാന്‍ അവകാശമില്ല. ഫിനാന്‍സ് ബില്ലിന്റെ രൂപത്തിലാണെങ്കില്‍ ലോക്സഭ അംഗീകരിക്കുന്നതുപോലെ രാജ്യസഭയും അംഗീകരിക്കേണ്ടതുണ്ട്. ഫിനാന്‍സ് ബില്ലായി അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേല്‍ അരുണ്‍ ജെയ്റ്റിലി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചരക്ക്സേവന ഭരണഘടനാ ഭേദഗതി ബില്‍ അംഗീകരിച്ചുകിട്ടിയാല്‍ ഇനിയെല്ലാം സര്‍ക്കാര്‍ നിശ്ചയിക്കുമെന്ന ധാര്‍ഷ്ട്യം

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്