വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, January 21, 2016

ഇശുക്കുമുത്തുവിന്‍െറ മക്കള്‍

 ഇശുക്കുമുത്തുവിന്‍െറ മക്കള്‍
 
(മാധ്യമം  എഡിറ്റോറിയല്‍)
 
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലിന് കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോടാണ് സംഭവം. അവിടെ കൊടിവളപ്പില്‍ രഘൂത്തമന്‍െറ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുകയായിരുന്നു വളപട്ടണം രായിച്ചാന്‍കുന്നിലെ മുനീര്‍. ജോലിക്കിടെ മുനീര്‍ ദുര്‍ഗന്ധം വമിക്കുന്ന ടാങ്കിലേക്ക് കുഴഞ്ഞുവീഴുന്നു. പിന്നീട് അയാളുടെ ശബ്ദമൊന്നും കേള്‍ക്കുന്നില്ല. രഘൂത്തമന്‍െറ മകന്‍ രതീഷ് അവിടെയുണ്ടായിരുന്ന കോണിയിലൂടെ താഴേക്കിറങ്ങി മുനീറിനെ കരക്കുകയറ്റാന്‍ ശ്രമിക്കുന്നു. പക്ഷേ, രതീഷും താഴേക്ക് വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിയത്തെിയ രതീഷിന്‍െറ മാതാവ് സതി, മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് ടാങ്കിലേക്ക് മറിഞ്ഞുവീണു. പിന്നീട് പൊലീസും ഫയര്‍ഫോഴ്സുമത്തെി മൂന്നുപേരുടെയും ചേതനയറ്റ ശരീരങ്ങളാണ് പുറത്തെടുത്തത്. പത്രങ്ങള്‍ ‘സെപ്റ്റിക് ടാങ്ക് അപകട’മെന്ന രീതിയില്‍ വാര്‍ത്തയും നല്‍കി. ഇതേ ദിവസം ഹോട്ടലിന്‍െറ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാലുപേര്‍ മരിച്ച വാര്‍ത്ത ചെന്നൈയില്‍ നിന്നുമുണ്ടായിരുന്നു. മലയാളത്തിന്‍െറ പ്രിയ കഥാകാരന്‍ തകഴി ശിവശങ്കര പിള്ള ‘തോട്ടിയുടെ മകന്‍’ എന്ന നോവലെഴുതുന്നത് 1947ലാണ്. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിന് നല്‍കി നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ചുകൊണ്ടാണ് അച്ഛന്‍ ഇശുക്കുമുത്തു മരണത്തിന് കീഴടങ്ങുന്നത്. പക്ഷേ, തന്‍െറ മകന്‍ മോഹനന്‍ ഈ പണിയില്‍ പെടരുതെന്ന് ചുടലമുത്തുവിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, കാലത്തിന്‍െറ ഒഴുക്കില്‍ മോഹനനും ആ ജോലി തന്നെ ആശ്രയിക്കേണ്ടി വന്നു. ആളിപ്പടരുന്ന അഗ്നിനാളമായി പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍ കയറിയിറങ്ങുന്ന മോഹനന്‍െറ കഥയാണത്. മലവും മാലിന്യവും കോരുന്നതും ചുമക്കുന്നതും തൊഴിലായി സ്വീകരിക്കേണ്ടിവന്നവരെക്കുറിച്ചുള്ള ഉത്കണ്ഠകളും വേദനകളും പലരും ധാരാളമായി പങ്കുവെച്ചിട്ടുണ്ട്. അങ്ങനെയാണ് നമ്മുടെ പാര്‍ലമെന്‍റ് 1993ല്‍ തോട്ടിപ്പണി നിയമംമൂലം നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കുന്നത് (ദ എംപ്ളോയ്മെന്‍റ് ഓഫ് മാന്വല്‍ സ്കാവഞ്ചേഴ്സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഓഫ് ഡ്രൈ ലാട്രിന്‍സ് പ്രൊഹിബിഷന്‍ ആക്ട് 1993). പിന്നീട്, 2013ല്‍ ദി പ്രൊഹിബിഷന്‍ ഓഫ് എംപ്ളോയ്മെന്‍റ് ആസ് മാന്വല്‍ സ്കാവഞ്ചേഴ്സ് ആന്‍ഡ് ദെയര്‍ റിഹാബിലിറ്റേഷന്‍ ആക്ട് എന്ന നിയമവും പാര്‍ലമെന്‍റ് പാസാക്കി. പക്ഷേ, 2011ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം 1,80,657 കുടുംബങ്ങള്‍ ഇന്നും ഇന്ത്യയില്‍ തോട്ടിപ്പണി എടുത്തു ജീവിക്കുന്നുണ്ട്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതും നഗരങ്ങളിലെ ഓടകളില്‍ ഇറങ്ങി വൃത്തിയാക്കുന്നതുമൊന്നും മേല്‍പറഞ്ഞ നിയമങ്ങളുടെ പരിധിയില്‍ വരുന്നില്ല എന്ന് വാദിക്കാന്‍ സാങ്കേതികമായി കഴിഞ്ഞേക്കും. പക്ഷേ, വിശാലാര്‍ഥത്തില്‍ അത് തോട്ടിപ്പണി തന്നെയാണ്. ഇതര സംസ്ഥാന തൊഴിലാളികളെകൊണ്ട് എടുപ്പിക്കേണ്ട തൊഴില്‍ എന്ന നിലക്കാണ് പ്രബുദ്ധ മലയാളി ഇതിനെ കാണുന്നത്. കോഴിക്കോട്ട് ദുര്‍ഗന്ധം വമിക്കുന്ന മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും അവരെ രക്ഷിക്കാന്‍ ശ്രമിക്കവെ ഒരു മലയാളിയും മരിക്കാനിടയായ സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ളോ. മരണത്തിലേക്ക് നയിക്കുന്ന ശ്വാസംമുട്ടിന് കാരണമാവുന്ന വാതകങ്ങളും കൊടിയ ദുര്‍ഗന്ധവും വഹിക്കുന്നതാണ് ഇത്തരം ഓടകളും ടാങ്കുകളും. പ്രത്യേകിച്ച് സന്നാഹമോ സ്വയം രക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഇവ വൃത്തിയാക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അന്നന്നത്തെ അന്നത്തിന് എന്ത് തൊഴിലുമെടുക്കാന്‍ നിര്‍ബന്ധിതരായ പാവങ്ങള്‍ അപകടകരമായ ഇത്തരം ജോലികള്‍ ചെയ്യേണ്ടിവരുകയാണ്. സെപ്റ്റിക് ടാങ്കുകള്‍, അഴുക്കുചാലുകള്‍ തുടങ്ങിയവയുടെ നിര്‍മാണവും പരിപാലനവുമായി ബന്ധപ്പെട്ട് കണിശവും വ്യക്തവുമായ നിയമങ്ങളും ചട്ടങ്ങളും നമുക്കില്ല. വീടുള്‍പ്പെടെ മുഴുവന്‍ കെട്ടിടങ്ങളുടെയും സെപ്റ്റിക് ടാങ്കുകള്‍, നഗരങ്ങളിലെ അഴുക്കുചാലുകള്‍ തുടങ്ങിയവയുടെ നിര്‍മാണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ സുവ്യക്തമായ നിയമങ്ങള്‍ രൂപവത്കരിച്ചത് കാണാന്‍ കഴിയും. നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അത്തരം നിയമങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. എന്തുതന്നെയായാലും സുരക്ഷാസംവിധാനങ്ങളില്ലാതെ ഇത്തരം ജോലികള്‍ ചെയ്യുന്ന അവസ്ഥ അവസാനിപ്പിച്ചേ മതിയാവൂ. അങ്ങനെ ജോലിചെയ്യുന്നതും ജോലി ചെയ്യിക്കുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. അതേസമയം, മനുഷ്യന്‍െറ നേരിട്ടുള്ള ഇടപെടല്‍ ആവശ്യമില്ലാത്തവിധം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അല്ലാതെ, അന്തസ്സില്ലാത്ത ജോലികള്‍ ചെയ്യാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുകയും അവരെ ദുര്‍മരണങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന അവസ്ഥ അവസാനിപ്പിച്ചേ മതിയാവൂ. പഞ്ചായത്ത്, നഗര കാര്യ, സാമൂഹിക നീതി വകുപ്പുകള്‍ ഇക്കാര്യത്തില്‍ സംയോജിതമായി നയരൂപവത്കരണം നടത്തുകയും കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുകയും വേണം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്