വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, January 21, 2016

നിരക്ഷരരായ സാക്ഷരര്‍

നിരക്ഷരരായ സാക്ഷരര്‍

(മാധ്യമം എഡിറ്റോറിയല്‍ 2016 ജനുവരി 20)

പോയവാരത്തില്‍ കേരളം സന്ദര്‍ശിച്ച ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പ്രധാന പരിപാടി കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രഥമ ഇന്ത്യന്‍ സംസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു. 1991 ഏപ്രില്‍ 18ന് സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനപദവി കേരളം നേടിയതായി പ്രഖ്യാപിക്കപ്പെട്ടശേഷമുള്ള ചരിത്രസംഭവമാണ് സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച നേട്ടമെന്ന് തദവസരത്തില്‍ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. ഒൗപചാരിക സ്കൂള്‍ വിദ്യാഭ്യാസത്തിന്‍െറ ആദ്യഘട്ടമായ നാലാം ക്ളാസിന് തുല്യമായ പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതില്‍ ‘അതുല്യം’ പരിപാടി വിജയിച്ചു എന്ന സര്‍ക്കാറിന്‍െറ അവകാശവാദമാണ് ഉപരാഷ്ട്രപതിയുടെ ഉപര്യുക്ത പ്രഖ്യാപനത്തിനാധാരം. സന്നദ്ധ സേവകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സജീവപങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി വിജയിച്ചുവെങ്കില്‍ അത് തീര്‍ച്ചയായും അഭിമാനാര്‍ഹംതന്നെ. ശാസ്ത്ര-സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിക്കുന്ന 21ാം നൂറ്റാണ്ടിന്‍െറ രണ്ടാംദശകത്തിലും സാക്ഷരതയോ പ്രാഥമിക വിദ്യാഭ്യാസമോ നേടാന്‍ അവസരം ലഭിക്കാതെപോയ ഒട്ടുവളരെ ഹതഭാഗ്യര്‍ രാജ്യത്തുണ്ട് എന്നത് ആശങ്കജനകവും ലജ്ജാകരവുമാണ്. പ്രബുദ്ധ കേരളമെങ്കിലും അതിനപവാദമാകുന്നത് ആശ്വാസത്തിനും സംതൃപ്തിക്കും വകനല്‍കുന്നതാണ്.
എന്നാല്‍, ശക്തമായ ഒരു മറുവശം ഈ അതുല്യനേട്ടത്തിനുണ്ട് എന്ന പഠന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു. കേരളത്തിലെ പ്രൈമറി വിദ്യാര്‍ഥികളില്‍ എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം കൂടിവരുന്നുവെന്ന് ആസര്‍ (ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട്) പുറത്തുവിട്ട കണക്കുകള്‍ അധികൃതരുടെയും ജനങ്ങളുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. ജനുവരി 14ന് ആസര്‍ അനാവരണം ചെയ്ത റിപ്പോര്‍ട്ട് പ്രകാരം, അഞ്ചാം ക്ളാസിലെ കുട്ടിക്ക് രണ്ടാം ക്ളാസിലെ പുസ്തകം വായിക്കാനറിയില്ലത്രെ! എട്ടാം ക്ളാസുകാരില്‍പോലും എ മുതല്‍ ഇസെഡ് വരെയുള്ള ഇംഗ്ളീഷ് അക്ഷരങ്ങള്‍ തെറ്റാതെ എഴുതാന്‍ കഴിയുന്നവര്‍ വിരളമാണ്. 2010ല്‍ 80.1 ശതമാനം വിദ്യാര്‍ഥികള്‍ക്ക് കണക്കുകൂട്ടാന്‍ അറിയാമായിരുന്നത് അഞ്ചു വര്‍ഷത്തിനകം 39.3 ശതമാനമായി കുറഞ്ഞു. എന്‍.സി.ഇ.ആര്‍.ടിയുടെ നാഷനല്‍ അച്ചീവ്മെന്‍റ് സര്‍വേപ്രകാരം കണക്കില്‍ യു.പിക്കും ബിഹാറിനും പിറകിലാണ് കേരളത്തിന്‍െറ സ്ഥാനം. നേരത്തേ എസ്.ഇ.ആര്‍.ടി റിപ്പോര്‍ട്ടിലും പ്രാഥമിക വിദ്യാഭ്യാസത്തിന്‍െറ നിലവാരത്തകര്‍ച്ച ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
നമ്മുടെ പ്രാഥമിക വിദ്യാലയങ്ങളുടെ സ്ഥിതി ഇത്രമാത്രം മോശമാവാന്‍ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പഠിക്കുകയും അവക്ക് പരിഹാരം കാണുകയും വേണം. ആള്‍ പ്രമോഷന്‍ സമ്പ്രദായമാണ് ഈ സ്ഥിതിവിശേഷത്തിന് പ്രധാന കാരണമായി സര്‍വരും ചൂണ്ടിക്കാട്ടാറുള്ളത്. ഒന്നും പഠിച്ചില്ളെങ്കിലും എഴുത്തോ വായനയോ അറിയില്ളെങ്കിലും ക്ളാസ് കയറ്റം കിട്ടുമെന്നുറപ്പായാല്‍ കുട്ടികളില്‍ നല്ളൊരുഭാഗം പഠനത്തില്‍ താല്‍പര്യമെടുക്കില്ളെന്നത് വസ്തുതയാണ്. സ്ഥലപരിമിതിയും അധ്യാപകരുടെ എണ്ണം വര്‍ധിച്ചാലുള്ള ശമ്പളബാധ്യതയും കണക്കിലെടുത്താണ്, കൂട്ട പാസ് നല്‍കുന്ന ഏര്‍പ്പാട് സര്‍ക്കാറുകള്‍ അവസാനിപ്പിക്കാത്തത് എന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടാറ്. എന്നാല്‍, നിരക്ഷരരെന്ന് പറയാവുന്ന വിദ്യാര്‍ഥികള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിന് ആള്‍ പ്രമോഷന്‍ ഏകകാരണമെന്ന് അംഗീകരിക്കാന്‍ പ്രയാസമുണ്ട്. 200 പ്രവൃത്തി ദിനങ്ങള്‍പോലും യഥാര്‍ഥത്തില്‍ അധ്യയനം നടക്കാത്തതും ഒരുവശത്ത് അധ്യാപകബാങ്ക് നിറഞ്ഞുകവിയുമ്പോള്‍തന്നെ വേണ്ടിടത്ത് വേണ്ടപോലെ അധ്യാപകര്‍ നിയമിതരാവാത്തതും നല്ളൊരു ശതമാനം അധ്യാപകര്‍ വെറും ശമ്പളത്തൊഴിലാളികളായി മാറിയതും വിദ്യാലയങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം സാക്ഷരരുടെ നിരക്ഷരതയില്‍ പങ്കുവഹിക്കുന്ന ഘടകങ്ങളാണെന്ന് ഒറ്റനോട്ടത്തില്‍ കാണാനാവും. സംസ്ഥാനത്ത് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ വര്‍ഷംതോറും കുറഞ്ഞുവരുന്നതും സ്വകാര്യ സ്കൂളുകളെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നതും പൊതുവിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ച മൂലമാണെന്ന വസ്തുതയും നിഷേധിക്കാനാവില്ല. നല്ലനിലയില്‍ നടക്കുന്ന പൊതുവിദ്യാലയങ്ങളില്‍ പ്രവേശം കുറയുന്ന പ്രശ്നമില്ലതാനും. സമീപകാലത്തായി സ്റ്റാഫും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളും മുന്‍കൈയെടുത്ത് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്ന പ്രവണത ശുഭോദര്‍ക്കമാണ്. സര്‍ക്കാറും ജനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാന്‍ കഴിയാത്തതല്ല സ്കൂള്‍ കുട്ടികളുടെ നിരക്ഷരത.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്