വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, March 20, 2012

പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത്‌

പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത്‌
Posted on: 20 Mar 2012
മാതൃഭൂമി മുഖപ്രസംഗം
ദേശീയ സാമ്പത്തികസ്ഥിതി അവലോകനം ചെയ്തുകൊണ്ട് സംസ്ഥാന ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷയ്ക്കുവകയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഈ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ രണ്ടാമത്തെയും മന്ത്രി മാണിയുടെ പത്താമത്തെയും ബജറ്റാണ് തിങ്കളാഴ്ച അവതരിപ്പിച്ചത്. നിരവധി പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബജറ്റില്‍ പക്ഷേ, അധിക വിഭവസമാഹരണത്തിനായി കാര്യമായ നികുതിവര്‍ധനയൊന്നുമില്ല. സാധാരണക്കാരനെ ബാധിക്കാത്ത വിധത്തില്‍ നികുതിവര്‍ധന വരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വളര്‍ച്ച നിരക്ക് അടുത്ത പദ്ധതിക്കാലത്ത് രണ്ടക്കത്തില്‍ എത്തുമെന്നാണ് അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസം. ദേശീയ വളര്‍ച നിരക്ക് കുറയുന്ന സാഹചര്യത്തില്‍ തന്റെ വിശ്വാസം പാലിക്കാന്‍ വേണ്ട കാര്യങ്ങളാണ് മന്ത്രി അക്കമിട്ടു പറഞ്ഞിട്ടുള്ളത്. വികസനത്തിന്റെ 'ഹൈവേ'യിലേക്ക് കേരളത്തെ നയിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റ് നടപ്പാക്കിയ പെന്‍ഷന്‍ ഏകീകരണം പിന്‍വലിച്ചതും വിരമിക്കല്‍ പ്രായം 56 വയസ്സാക്കി ഉയര്‍ത്തിയതുമാണ് ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. സംസ്ഥാനത്ത് നിലവിലുള്ള വിരമിക്കല്‍ പ്രായമായ 55 വയസ്സ് മറ്റ് സംസ്ഥാനങ്ങളുമായോ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുമായോ താരതമ്യം ചെയ്താല്‍ തീരേ കുറവാണ്. പെന്‍ഷന്‍ പ്രായം 56 ആക്കുകയും ഏകീകരണം പിന്‍വലിക്കുകയും ചെയ്യുന്നതുവഴി ധനമന്ത്രിക്ക് മറ്റൊരു ലക്ഷ്യവുമുണ്ടായിരിക്കണം. മാര്‍ച്ച് 31-ന് കൂട്ടവിരമിക്കല്‍ വരുമ്പോഴുള്ള വന്‍ സാമ്പത്തിക ബാധ്യത തത്കാലം മാറ്റിവെക്കാം. അടുത്തവര്‍ഷം ഏകീകരണം ഇല്ലാത്തതിനാല്‍ ഒരുമിച്ച് ഭാരം താങ്ങുകയും വേണ്ട. ഏതായാലും സര്‍ക്കാറിനും പതിനായിരക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ തീരുമാനം ഏറെ ഉപകാരപ്പെടും. ഈ മാര്‍ച്ച് 31-ന് വിരമിക്കല്‍ മൂലമുണ്ടാകുമായിരുന്ന ഒഴിവുകളില്‍ നിയമനം നടന്നിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. ഒഴിവ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തവരോട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടും. ഈ സാഹചര്യത്തില്‍ ചെറുപ്പക്കാരുടെ തൊഴിലവസരം നഷ്ടപ്പെടുമെന്ന ആശങ്ക അസ്ഥാനത്താണ്.

വളര്‍ച്ചയുടെ അടിത്തറ അടിസ്ഥാന സൗകര്യ വികസനമാണ്. അതുകൊണ്ടുതന്നെ ആ ഇനത്തില്‍ ഒട്ടേറെ പുതിയ പദ്ധതികളും നിലവിലുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ വകയിരുത്തലുമുണ്ട്. പക്ഷേ, ഇതില്‍ ഒന്നാമതായി മന്ത്രി എടുത്തുപറഞ്ഞ കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് 150 കോടി മാത്രമാണ് ബജറ്റ് വിഹിതം. 600 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രബജറ്റില്‍ 60 കോടി രൂപ നീക്കിവെച്ചിട്ടുള്ളത് കൂടിയാവുമ്പോള്‍ 210 കോടി. അതിവേഗത്തില്‍ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതിക്ക് ഈ തുക അപര്യാപ്തമാണ്. അധിക വിഭവസമാഹരണത്തിന്റെ ഭാഗമായി ഭൂനികുതി സെന്റിന് ഒരു രൂപ എന്നത് ഇരട്ടിയാക്കുന്നു. ഇത് വലിയ ഭാരമുണ്ടാക്കുന്നില്ല. സ്വകാര്യ മോട്ടോര്‍വാഹനങ്ങളുടെ റോഡ് ടാക്‌സ് വാഹനങ്ങളുടെ വിലയുമായി ബന്ധിപ്പിച്ച് പരിഷ്‌കരിക്കുന്നു. ആ ഇനത്തില്‍ 115 കോടി രൂപയാണ് അധികവരുമാനം പ്രതീക്ഷിക്കുന്നത്. റോഡ് ടാക്‌സ് കൂട്ടുന്നതോടൊപ്പം റോഡിന്റെ അറ്റകുറ്റപ്പണിയും മറ്റും കൃത്യസമയത്ത് ചെയ്യുക കൂടിവേണം. റോഡ്, പാലം നിര്‍മാണം ബി.ഒ.ടി. അടിസ്ഥാനത്തില്‍ നടത്തി ടോള്‍പിരിക്കുന്ന സമ്പ്രദായം ഈയവസരത്തില്‍ പുനരാലോചിക്കേണ്ടതുണ്ട്.

അവശ്യവസ്തുക്കളുള്‍പ്പെടെ എല്ലാ സാധനങ്ങളുടെയും മൂല്യവര്‍ധിത നികുതി വര്‍ധിപ്പിച്ചത് സാധാരണക്കാരനെ ബാധിക്കും. ഏതാനും ചില നിത്യോപയോഗവസ്തുക്കളുടെ നികുതി കുറച്ചിട്ടുള്ളത് ആശ്വാസകരമാണ്. ബീഡി തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെയും വിദേശമദ്യത്തിന്റെയും പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും നികുതി കൂട്ടിയത് സ്വാഗതാര്‍ഹമായ കാര്യമാണ്. ഇവയുടെ ഉപയോഗം ഇനിയെങ്കിലും കുറഞ്ഞാല്‍ അത്രയും നന്ന്. ആസ്​പത്രികളില്‍നിന്ന് വാങ്ങുന്ന മരുന്നുകള്‍, കൃത്രിമ ഹൃദയവാല്‍വ്, സ്റ്റെന്‍ഡ് എന്നിവയെ നികുതിബാധ്യതയില്‍നിന്ന് ഒഴിവാക്കിയതും ഒട്ടേറെപ്പേര്‍ക്ക് പ്രയോജനപ്പെടും. വിദ്യാഭ്യാസ മേഖലയില്‍ നിരവധി പുതിയ പദ്ധതികള്‍ ബജറ്റിലുണ്ട്. സാങ്കേതിക സര്‍വകലാശാല, ആയുര്‍വേദ സര്‍വകലാശാല എന്നിവ പുതുതായി സ്ഥാപിക്കുമെന്ന് മന്ത്രി പറയുന്നു. പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടിയും കൊച്ചിയിലെ ഫിഷറീസ് സര്‍വകലാശാലയ്ക്ക് 12 കോടിയുമാണ് ബജറ്റ് വിഹിതം. അക്കാദമിക് സിറ്റി, നോളജ് സിറ്റി, സയന്‍സ് സിറ്റി എന്നിവയ്ക്കും നീക്കിയിരിപ്പുണ്ട്. കഴിഞ്ഞ ബജറ്റില്‍ മന്ത്രി നാലു ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമെന്ന് പറഞ്ഞിരുന്നു.

ഈ വര്‍ഷം വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജിനായി രണ്ടുകോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ എങ്ങുമെത്തിയിട്ടില്ലെന്നു മാത്രമല്ല, അവയ്ക്ക് ഈ ബജറ്റില്‍ വിഹിതമൊന്നും കാണുന്നില്ലതാനും. കഴിഞ്ഞ വര്‍ഷം യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ ആദ്യവര്‍ഷമെന്ന പരിമിതികള്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കാം. എന്നാല്‍, ഇനിയങ്ങോട്ട് അങ്ങനെ പോരാ. പ്രഖ്യാപനങ്ങള്‍ നടപ്പാവുന്നുവെന്ന് ഉറപ്പാക്കാന്‍കൂടി സര്‍ക്കാര്‍ തയ്യാറാവണം. ഇതിനിടയില്‍, ബജറ്റ് ചോര്‍ന്നുവെന്നും പ്രഖ്യാപന തീരുമാനങ്ങള്‍ ഒരു പത്രത്തില്‍ വന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സ്​പീക്കര്‍ അറിയിച്ചിട്ടുണ്ട്. ബജറ്റ് വളരെ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണെന്നിരിക്കെ, ഈ ചോര്‍ച്ച എങ്ങനെ സംഭവിച്ചുവെന്ന് ഗൗരവമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്