വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 3, 2012

ജിഡിപി വളര്‍ച്ച തിരിച്ചുപിടിക്കാന്‍

ജിഡിപി വളര്‍ച്ച തിരിച്ചുപിടിക്കാന്‍


മലയാള മനോരമ, മുഖപ്പത്രം, Posted: 2012 ഫെബ്രുവരി 2
               
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 2011 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ രേഖപ്പെടുത്തിയത് 6.1% മാത്രം. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജനുവരി-മാര്‍ച്ച് കാലയളവിലും ഏറെക്കുറെ ഈ നിരക്കായിരിക്കും രാജ്യം നേടുക. കഴിഞ്ഞ വര്‍ഷം മുഴുവന്‍ താഴ്ന്ന നിരക്കിലായിരുന്നു വളര്‍ച്ച എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ 2011-12 സാമ്പത്തിക വര്‍ഷം കുറഞ്ഞത് 6.9% നേടുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുകയാണ്; മുന്‍വര്‍ഷം 8.4% വളര്‍ച്ച നേടിയ സ്ഥാനത്താണിത് എന്നതിനാല്‍ വിശേഷിച്ചും.

സാമ്പത്തികവളര്‍ച്ചയുടെ അളവുകോലായ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് - മൊത്ത ആഭ്യന്തര ഉല്‍പാദനം)യുടെ പുതിയ കണക്ക് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് പുറത്തുവിട്ടതു പരിശോധിക്കുമ്പോള്‍ എല്ലാ മേഖലകളിലും ക്ഷീണം പ്രകടമാണ്. ഉല്‍പാദന മേഖല കഴിഞ്ഞ ത്രൈമാസത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയത് (ഫാക്ടറി ഉല്‍പാദനം) അര ശതമാനത്തില്‍ താഴെ മാത്രം. ആഭ്യന്തര ആവശ്യവും കയറ്റുമതിയും കുറഞ്ഞതു ക്ഷീണത്തിനു കാരണമായിട്ടുണ്ടാവാം. എന്നാല്‍, ഖനന മേഖലയുടെ തളര്‍ച്ചയ്ക്കു കാരണം കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന്റെ അഭാവമാണെന്നു വ്യക്തം. കോടതികള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കൂടിയായപ്പോള്‍ കല്‍ക്കരി, ഇരുമ്പയിര് എന്നിവയുടെ ഉല്‍പാദനം കുറഞ്ഞു. കല്‍ക്കരിയുടെ ലഭ്യതക്കുറവും കരി കൊണ്ടുപോകുന്നതിനു വാഗണുകള്‍ വേണ്ടത്ര ഇല്ലാത്തതും കല്‍ക്കരി ഇന്ധനമായ വൈദ്യുതി നിലയങ്ങളെ ബാധിച്ചു. കാര്‍ഷിക മേഖലയിലും പ്രതീക്ഷിച്ചത്ര വളര്‍ച്ച ഉണ്ടായില്ല. ജിഡിപിക്കു വിഷമഘട്ടങ്ങളിലും കരുത്തു നല്‍കിപ്പോന്ന സേവനമേഖലയും ഇത്തവണ തുണച്ചില്ല.

അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ നില മെച്ചമാണെന്നു പറയാം. പല യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തികനില അപകടാവസ്ഥയില്‍ തുടരുകയാണ്. അതു തരണം ചെയ്യാനായി സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും വേതനങ്ങളില്‍ കുറവു വരുത്താനും നിര്‍ബന്ധിതരാകുന്നു. ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുമുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ നേടിയ സാമ്പത്തിക വളര്‍ച്ചയാണ് ഈ വിഷമഘട്ടത്തിലും ഇന്ത്യയ്ക്കു കരുത്ത് പകരുന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമാണിത്. രാജ്യത്തെ ഇടത്തരക്കാരുടെ ഉയര്‍ച്ച തന്നെ ഉദാഹരണം. വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ മേഖല ഇപ്പോഴും വളരുന്നതും ഭവനമേഖലയില്‍ ആവശ്യം തുടരുന്നതും ഇടത്തരക്കാരുടെ പിന്തുണയിലാണ്. ബിഹാര്‍, ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭക്ഷ്യോല്‍പാദനത്തില്‍ ഇപ്പോള്‍ കുതിക്കുകയാണെന്നതും ആശ്വാസം പകരുന്നു.

വളര്‍ച്ച നിരക്ക് ഏറ്റവും കുറഞ്ഞ തലത്തില്‍ എത്തിനില്‍ക്കുകയാണെന്നും ഇനി മെച്ചപ്പെടാനുള്ള സാധ്യതയാണ് ഏറെയുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും യൂറോ മേഖലയുടെ സാമ്പത്തിക പ്രതിസന്ധി തുടരുന്നതും ഇറാന്‍ പ്രശ്‌നത്തില്‍ ക്രൂഡോയിലിന്റെ വില രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതും കാണാതിരുന്നുകൂടാ. ഘടകകക്ഷികളുടെ സമ്മര്‍ദം യുപിഎ സര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനങ്ങളെ മരവിപ്പിച്ചു നിര്‍ത്തിയ സാഹചര്യവും സാമ്പത്തിക തളര്‍ച്ചയ്ക്കു കാരണം തന്നെ. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പു ഫലം യുപിഎയെ സംബന്ധിച്ചു നിര്‍ണായകമാവുന്നത് ഈ പശ്ചാത്തലത്തില്‍കൂടിയാണ്. കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി കോണ്‍ഗ്രസിന് അവിടെ നിര്‍ണായകശക്തിയാവാന്‍ കഴിഞ്ഞാല്‍ അതു കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ കരുത്തു നല്‍കും. അതല്ലെങ്കില്‍, സുപ്രധാന തീരുമാനങ്ങളും സാമ്പത്തിക നടപടികളും തുടര്‍ന്നും ശീതീകരണിയില്‍ വയ്‌ക്കേണ്ടിവരും.

സാമ്പത്തിക മേഖലയ്ക്ക് ഉത്തേജകമാകാന്‍ കഴിയുക മാര്‍ച്ച് 15നു റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുന്ന ധന നയവും തൊട്ടടുത്ത ദിവസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റുമായിരിക്കും. നാണ്യപ്പെരുപ്പത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പലിശനിരക്ക് ഉയര്‍ത്തിയും പണലഭ്യത കുറച്ചും കര്‍ക്കശ നിലപാടെടുക്കുകയും ചെയ്ത റിസര്‍വ് ബാങ്ക് അയവുകള്‍ വരുത്തിയേക്കാം. എങ്കിലും, പലിശനിരക്കു കുറയ്ക്കാനുള്ള നടപടി ഏപ്രിലില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നാണു സാമ്പത്തിക വിദഗ്ധരുടെ നിഗമനം. നാണ്യപ്പെരുപ്പം വീണ്ടും തല ഉയര്‍ത്തിയേക്കാമെന്നതും ക്രൂഡോയില്‍ വില ഉയര്‍ന്നുനില്‍ക്കുമെന്നതും റിസര്‍വ് ബാങ്കിനെ സന്ദേഹത്തിലാക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ധനസ്ഥിതി മോശമായതും സ്ഥിതിഗതികള്‍ വഷളാക്കുന്നുണ്ട്. സാമ്പത്തിക തളര്‍ച്ച മൂലം നികുതിവരുമാനം കുറഞ്ഞു. സബ്‌സിഡി പെരുകി. ധനക്കമ്മി 4.6 ശതമാനത്തില്‍ പിടിച്ചുകെട്ടുമെന്നായിരുന്നു കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം. പക്ഷേ, അത് 5.5 ശതമാനത്തിലെത്തുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ധനക്കമ്മി നിയന്ത്രിക്കുക, അതേസമയം രാജ്യത്തെ വീണ്ടും വളര്‍ച്ചയുടെ പാതയിലെത്തിക്കുക എന്ന ഇരട്ട വെല്ലുവിളിയാണു കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി നേരിടുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്കു സഹായകമാകുന്ന നടപടികള്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും ഇനി വൈകിക്കാനാവില്ലെന്നാണ് ജിഡിപി കണക്കുകള്‍ നല്‍കുന്ന സൂചന.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്