ഹിരണ്യന്‍
Posted on: 23-Oct-2011 12:17 AM
അറുപതുകളുടെ ഒടുവില്‍ എഴുതിത്തെളിഞ്ഞ കവിയാണ് മുല്ലനേഴി. എന്നാല്‍ അറുപതുകളുടെ അസ്തിത്വവാദ/അസംബന്ധ വാദ ആധുനികതയില്‍നിന്ന് സ്വയം വിട്ടുനിന്ന കവിയായിരുന്നു അദ്ദേഹം. അരാജക വാദത്തിന്റെയും മൃത്യുബോധത്തിന്റെയും ഇരുട്ടുനിറഞ്ഞ വഴികളിലൂടെയാണ് അറുപതുകളിലെ യൂറോ-കേന്ദ്രിതമായ ആധുനിക മലയാള കവിത സഞ്ചരിച്ചിരുന്നത്. എന്നാല്‍ മുല്ലനേഴി ആ വഴി പിന്തുടര്‍ന്നില്ല. വൈലോപ്പിള്ളി, ഇടശേരി, ഒളപ്പമണ്ണ, അക്കിത്തം, ഒ എന്‍ വി എന്നിവര്‍ മലയാള കാവ്യ ചരിത്രത്തില്‍ ഉണ്ടാക്കിയ സദ് കാവ്യപാരമ്പര്യത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുകയും അവരുടെ കവിതാവഴിയുടെ തുടര്‍ച്ചയില്‍നിന്നുകൊണ്ട് സ്വന്തമായ ഒരു കവിതാലോകം നിര്‍മിച്ചെടുക്കുകയും ചെയ്തു മുല്ലനേഴി. ഭാഷയിലും വൃത്തത്തിലും കാവ്യരൂപത്തിലും പാരമ്പര്യ ബോധത്തെ നിഷേധിക്കാത്ത കവിയാണ് അദ്ദേഹം. പാരമ്പര്യത്തിന്റെ ഊര്‍ജവും വെളിച്ചവും ഉള്‍ക്കൊണ്ടുകൊണ്ട് സമകാലിക ജീവിത യാഥാര്‍ഥ്യത്തെ ആ കവിതകള്‍ ആവിഷ്കരിച്ചു. ഇരുട്ടിന്റെ പാട്ടുകാരനായിരുന്നില്ല മുല്ലനേഴി. വെളിച്ചത്തിന്റെ, നാളെയുടെ, നന്മയുടെ പാട്ടുകാരനായി എന്നും അദ്ദേഹം നിന്നു. കവിതയിലും ജീവിതത്തിലും വൈലോപ്പിള്ളിയായിരുന്നു മുല്ലനേഴിക്ക് ഗുരു, വഴികാട്ടി. അതുകൊണ്ടുതന്നെ തെളിമയാര്‍ന്ന ജീവിതവീക്ഷണം, ഉദാത്തമായ മാനവികതാബോധം മുല്ലനേഴിക്കവിതയുടെ അടിസ്ഥാന ശ്രുതിയായിത്തീര്‍ന്നു. എഴുപതുകളിലാണ് മുല്ലനേഴി കവി എന്ന നിലയില്‍ പ്രശസ്തനാകുന്നത്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും അധ്യാപക സംഘടനയുടെയും സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ നേടിയെടുത്ത ജനകീയ ബോധവും മാര്‍ക്സിസ്റ്റ് ജീവിത മാനദണ്ഡവും മുല്ലനേഴിക്കവിതകളെ ആ കാലഘട്ടത്തിലാണ് രാഷ്ട്രീയോന്മുഖമാക്കുന്നത്; ചരിത്ര സംവാദാത്മകമാക്കുന്നത്. വര്‍ത്തമാന കാലത്തിന്റെ രാഷ്ട്രീയം, സംസ്കാരം, പ്രത്യയശാസ്ത്രം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് കാലത്തേയും ലോകത്തേയും പുതുക്കിപ്പണിയുന്ന കവിതയായി മുല്ലനേഴിക്കവിത. ആത്മാവിഷ്കാരത്തിലൂടെ ലോകാവിഷ്കാരം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. പാരമ്പര്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന കേവല സൗന്ദര്യാത്മകമായ കവിതാമാര്‍ഗം അദ്ദേഹം ഉപേക്ഷിച്ചു. കവിത രാഷ്ട്രീയ പ്രവര്‍ത്തനമായി മാറി. പാരമ്പര്യത്തെ സമകാലികവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്ത കവി എന്ന നിലയിലാണ് എഴുപതുകളില്‍ മുല്ലനേഴി മലയാള കാവ്യചരിത്രത്തില്‍ അടയാളപ്പെടുന്നത്. കേരളീയമായ ചരിത്രബോധവും സാംസ്കാരികാവബോധവും ആ കവിതകളുടെ ബലതന്ത്രമായിത്തീര്‍ന്നു. മുല്ലനേഴിയുടെ ആദ്യകാല കവിതകളെല്ലാം ദേശാഭിമാനി വാരികയിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. അന്നത്തെ വാരിക പത്രാധിപര്‍ എം എന്‍ കുറുപ്പാണ് കാവ്യരംഗത്ത് അദ്ദേഹത്തിന് പ്രതിഷ്ഠ നല്‍കുന്നത്. 1973ല്‍ പ്രസിദ്ധീകരിച്ച നാറാണത്തുപ്രാന്തന്‍" ആണ് മുല്ലന്റെ അക്കാലത്തെ മാസ്റ്റര്‍പീസ് രചന. പ്രസിദ്ധീകരിക്കപ്പെടുംമുമ്പേ കവിയരങ്ങുകളിലൂടെ പ്രസിദ്ധമായിത്തീര്‍ന്ന കവിതയാണത്. നാറാണത്തുപ്രാന്തന്‍ എന്ന മിത്തിലൂടെ എക്കാലത്തെയും മനുഷ്യദുഃഖത്തിന്റെ പൊരുള്‍തേടുന്ന കവിതയാണ് അത്. 75-77 കാലം ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ടകാലം. അടിയന്തരാവസ്ഥയുടെ ആ ഇരുണ്ടനാളുകളോട് ധീരമായി പ്രതികരിച്ച കവിയാണ് മുല്ലനേഴി. "ഏതുവഴി" (1976 ദേശാഭിമാനി -ഓണപ്പതിപ്പ്) എന്ന കവിതയിലൂടെ "നാവുമുറിച്ച" ആ കാലഘട്ടത്തില്‍ നിലപാടുകളുടെ ശരിയായ വഴി തെരഞ്ഞെടുക്കാന്‍ കവി സുഹൃത്തിനോട് പറയുന്നു. "ഏറെപ്പഴകിയുറക്കുത്തി, ജീര്‍ണിച്ച പാഴ്മരമാകുവാനല്ല, മനുഷ്യര്‍ക്കു പാരിലെ ജീവിതം, കാതലിന്‍ കാതലായ് കാട്ടുതീജ്വാലയില്‍ കത്തിപ്പടരുന്ന കൊള്ളിയായ് ച്ചാമ്പലായ് പിന്നെ വളമായി മാറുവാനല്ലയോ?" എന്ന മനുഷ്യമഹത്വത്തിന്റെ തെളിമയാര്‍ന്ന കാഴ്ചയാണ് കവിതയില്‍ . "ഇനി ചില നല്ലകാര്യങ്ങള്‍ പറയുവാനല്ല പ്രവര്‍ത്തിക്കുവാനുണ്ട്" എന്ന വരികളിലാണ് കവിത അവസാനിക്കുന്നത്. നല്ല ഭാഷയില്‍ നല്ല കാവ്യങ്ങള്‍ മാത്രം പറയുന്ന കവിതയുടെ കാലം കഴിഞ്ഞുവെന്നും ക്ഷോഭത്തിന്റെ വാക്യങ്ങളില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന രാഷ്ട്രീയ പ്രവര്‍ത്തനമായി കവിത മാറേണ്ടതിന്റെ ചരിത്രപരമായ ദൗത്യത്തിലേയ്ക്ക് ഈ കവിത വിരല്‍ചൂണ്ടുന്നു. "സമയം" (28-2-76) എന്ന കവിതയും അടിയന്തരാവസ്ഥയോട് പ്രതികരിക്കുന്ന മുല്ലനേഴിക്കവിതയാണ്. "ഇരയെങ്ങാണെന്നറിയാം, ഇതുരാവാണെന്നറിയാം ഇരുട്ടിന്റെ മുഖമേറെക്കറുക്കുന്നുണ്ടെന്നറിയാം" എന്നിങ്ങനെ വന്യമായ താളത്തില്‍ കാലത്തിന്റെ രൗദ്രനടനമായി ഈ കവിത മാറുന്നു. കാവ്യഭാഷയെ സങ്കീര്‍ണമാക്കുന്ന കവിയല്ല മുല്ലനേഴി. ഭാഷ, രൂപം, ശില്‍പ്പം- എന്നീ ഘടകങ്ങളില്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളെ നിര്‍വ്യാജമായി ആ കവിതകള്‍ അവതരിപ്പിച്ചു. താന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ അന്തരീക്ഷവും അധ്യാപക ലോകവും മുല്ലനേഴിക്കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയങ്ങള്‍ . എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി, ഒരധ്യാപകന്റെ ഡയറിയില്‍നിന്ന്, മറ്റൊരുവിദ്യാലയം- എന്നീ കവിതകളിലെല്ലാം മുല്ലനേഴിയുടെ വിദ്യാഭ്യാസ ദര്‍ശനമുണ്ട്. മനുഷ്യത്വത്തിന്റെ മഹാവിദ്യാലയത്തിലാണ് പുതിയ കുട്ടികള്‍ പഠിച്ചുവളരേണ്ടതെന്ന തിരിച്ചറിവുകളുണ്ട്. "എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി" എന്ന കവിത മുല്ലന്റെ അക്കാലത്തെ ഏറ്റവും ജനപ്രിയ കവിതയായിത്തീര്‍ന്നു. "ആദ്യത്തെപ്പിള്ള പിറന്നു ആറപ്പേ വിളികളുയര്‍ന്നു"എന്നു തുടങ്ങുന്ന ആ കവിത ഗ്രാമീണ ബിംബങ്ങള്‍കൊണ്ടും താളക്കൊഴുപ്പുകൊണ്ടും ഇന്നും ആസ്വാദകരുടെ ഓര്‍മയിലുണ്ട് താളവും ഈണവും പകര്‍ന്നുകൊണ്ട്. കുടിച്ചുതീര്‍ത്ത ജീവിതദുഃഖത്തിന്റെ തിക്തവിഷം കടഞ്ഞുകടഞ്ഞ് സമൂഹത്തിന് അമൃതം പകരുന്ന പ്രക്രിയയായിരുന്നു മുല്ലനേഴിക്കവിത. മലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന കവിത. വെളിച്ചത്തിനുവേണ്ടിയുള്ള വിങ്ങലും വിതുമ്പലും പ്രാര്‍ഥനയും- അക്ഷരങ്ങളുടെ വേദനയില്‍ വിരിഞ്ഞ വെളിച്ചമാണ് മുല്ലനേഴിക്കവിത.ദേശാഭിമാനി
No comments:
Post a Comment