ഖദ്ദാഫി കൊല്ലപ്പെട്ടു
മാധ്യമം ദിനപ്പത്രം
ട്രിപളി: ലിബിയയില്‍ നാലു പതിറ്റാണ്ടിലേറെ നീണ്ട ഖദ്ദാഫി യുഗത്തിന് അന്ത്യം. ആഗസ്റ്റ് അവസാന വാരം തലസ്ഥാന നഗരമായ ട്രിപളി വിമത സേന പിടിച്ചടക്കിയതിന് ശേഷമുണ്ടായ അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി ജന്മ നഗരമായ സിര്‍ത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ, ഖദ്ദാഫി സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന നഗരവും ഏകാധിപത്യ ഭരണകൂടത്തിന് നഷ്ടമായി. പ്രാദേശിക സമയം, രാവിലെ 11.22ന് സിര്‍ത് പിടിച്ചടക്കി വിമത സേന തങ്ങളുടെ ദേശീയ പതാക മേഖലയില്‍ നാട്ടിയപ്പോള്‍ വാര്‍ത്താ വിതരണ മന്ത്രി മഹ്മൂദ് ശമാം ആ നിമിഷത്തെ പുതുരാഷ്ട്ര പിറവിയെന്നാണ് വിശേഷിപ്പിച്ചത്. നേരത്തെ, 69 കാരനായ ഖദ്ദാഫി അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഖദ്ദാഫിയുടെ അവസാന ശക്തികേന്ദ്രമായ സിര്‍ത് വ്യാഴാഴ്ച രാവിലെ രണ്ട് മണിക്കൂര്‍ നീണ്ട ഉഗ്ര പോരാട്ടത്തിനൊടുവിലാണ് വിമത സേന പിടിച്ചെടുത്തത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഖദ്ദാഫിയും അടുത്ത അനുയായിയും സൈനികരുടെ പിടിയിലായ വാര്‍ത്ത പുറത്തുവന്നത്. ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാമും രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന അബ്ദുല്ല സനൂസിയും പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. മറ്റൊരു മകനായ മുഅ്തസിം ഖദ്ദാഫി കൊല്ലപ്പെട്ടു. എന്‍.ടി.സിയുടെ വാര്‍ത്താ വിതരണ മന്ത്രി മഹ്മൂദ് ശമാം ‘ഒരു വലിയ മത്സ്യം വലയിലായി എന്നാണ് ആദ്യം ഒരു പ്രമുഖ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചത്. പിന്നീട്, എന്‍.ടി.സി വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. 12.30ഓടെയാണ് ഖദ്ദാഫി വെടിവെപ്പില്‍ പരിക്കേറ്റ് കൊല്ലപ്പെട്ട സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ വാര്‍ത്ത എന്‍.ടി.സി കമാന്‍ഡര്‍ അബ്ദുല്‍ ബാസിത് ഹാറൂന്‍ ആദ്യം സ്ഥിരീകരിച്ചെങ്കിലും മിസ്റത ആസ്ഥാനമായുള്ള സൈനിക കേന്ദ്രം നിഷേധിക്കുകയായിരുന്നു. പിന്നീട്, പ്രധാനമന്ത്രി മഹ്മൂദ് ജിബ്രീലാണ് ഖദ്ദാഫിയുടെ മരണം സ്ഥിരീകരിച്ചത്. ഇതിനിടെ, ഖദ്ദാഫിയുടെ കൊല്ലപ്പെട്ട നിലയിലുള്ള വീഡിയോ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇത് ഖദ്ദാഫിയുടേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഖദ്ദാഫിയുടെ മൃതദേഹം മിസ്റതയിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി എന്‍.ടി.സി വക്താവ് അറിയിച്ചു.
No comments:
Post a Comment