2011 ഒക്ടൊബർ 21 ആം തീയതിയിലെ ദേശാഭിമാനി ദിനപ്പത്രത്തിൽ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെട്ട വാർത്തയും അതുമായി ബന്ധപ്പെടുത്തി വന്ന ഏതാനും ലേഖനങ്ങളും
ഗദ്ദാഫി പൊരുതിവീണുസിര്ത്തെ: ഉത്തരാഫ്രിക്കയിലെ എണ്ണസമ്പന്ന അറബ്രാജ്യമായ ലിബിയയിലും പാശ്ചാത്യശക്തികളുടെ അട്ടിമറി പൂര്‍ത്തിയായി. അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും എതിരെ ശക്തമായ വെല്ലുവിളിയുമായി നാല് പതിറ്റാണ്ടിലധികം ലിബിയ ഭരിച്ച പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി നാറ്റോയുടെ സൈനികബലത്തോട് പൊരുതിവീണു. അറുപത്തൊമ്പതുകാരനായ ഗദ്ദാഫി, അമേരിക്കന്‍ സൈനികസഖ്യത്തിന്റെ സഹായത്തോടെ ഭരണം പിടിച്ച വിമതരുടെ സേനാ ആക്രമണത്തില്‍ ജന്മനാടായ സിര്‍ത്തെയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ , നാറ്റോയുടെ വ്യോമാക്രമണത്തിലാകാം ഗദ്ദാഫി കൊല്ലപ്പെട്ടതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഗദ്ദാഫിയുടെ നിയന്ത്രണത്തില്‍ അവസാനംവരെ അവശേഷിച്ച സിര്‍ത്തെയും വിമതസേന പിടിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ മരണം. ഗദ്ദാഫിയുടെ മകന്‍ മുത്തസിമും സേനാതലവന്‍ അബു ബക്കര്‍ യൂനസ് ജാബറും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കാക്കി പട്ടാളവേഷത്തില്‍ ഗദ്ദാഫിയുടെ ചേതനയറ്റ ശരീരത്തിന്റെ മൊബൈല്‍ഫോണ്‍ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. കഴുത്തില്‍നിന്നും തലയില്‍നിന്നുമെല്ലാം ചോരയൊലിക്കുന്ന മൃതദേഹത്തോടുപോലും വിമതസേനാംഗങ്ങള്‍ അനാദരവ് കാണിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. മൃഗങ്ങളുടെ ജഡമെന്നപോലെ വലിച്ചിഴച്ച് കാറിന്റെ പിന്നില്‍ തള്ളിയ മൃതദേഹം അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മൃതദേഹം കൊണ്ടുപോയ സ്ഥലം സുരക്ഷാ കാരണത്താലാണ് മറച്ചുവയ്ക്കുന്നതെന്നാണ് ഇടക്കാല ഭരണസഭയുടെ വാദം. ഗദ്ദാഫിയെ അട്ടിമറിക്കുന്നതിന് വിമതര്‍ക്ക് വഴിയൊരുക്കാന്‍ മാര്‍ച്ച് 19ന് ലിബിയയില്‍ കനത്ത വ്യോമാക്രമണം ആരംഭിച്ച നാറ്റോയുടെ യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ചയും സിര്‍ത്തെയില്‍ ബോംബുകള്‍ വര്‍ഷിച്ചു. ഗദ്ദാഫി സേനാംഗങ്ങള്‍ സഞ്ചരിച്ച രണ്ട് സൈനിക വാഹനങ്ങള്‍ വ്യാഴാഴ്ച വ്യോമാക്രമണത്തില തകര്‍ത്തതായി നാറ്റോ അറിയിച്ചു. ഗദ്ദാഫി അനുകൂലികളുടെ വാഹനവ്യൂഹത്തിലുള്‍പ്പെട്ട വാഹനങ്ങളായിരുന്നു ഇവ. ആക്രമിക്കപ്പെട്ട വാഹനങ്ങളില്‍ ഗദ്ദാഫിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നാറ്റോ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് നാറ്റോ ആക്രമണത്തിലാകാം ഗദ്ദാഫിയുടെ മരണമെന്ന സംശയത്തിനിടയാക്കിയത്.
ചൊവ്വാഴ്ച ലിബിയയിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഗദ്ദാഫിയെ പിടിക്കുകയോ വധിക്കുകയോ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഗദ്ദാഫി മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് പോരാളികളെ റിക്രൂട്ടുചെയ്ത് പോരാട്ടത്തിന് ഒരുങ്ങുന്നതായി അദ്ദേഹം കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇടക്കാല പ്രധാനമന്ത്രി മഹ്മൂദ് ജിബ്രില്‍ പറഞ്ഞതും സംശയത്തിന് ബലമേകുന്നു. എന്നാല്‍ , മാളത്തിലൊളിച്ച ഗദ്ദാഫി ഇടക്കാല സര്‍ക്കാര്‍ സേനയുടെ പിടിയിലായെന്നും അവരുടെ വെടിയേറ്റുമരിച്ചു എന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. തന്നെ വെടിവയ്ക്കല്ലേ എന്ന് ഗദ്ദാഫി അപേക്ഷിച്ചതായും കൊലയാളികള്‍ പറയുന്നു. ഏറ്റുമുട്ടലില്‍ പിടിയിലായ ഗദ്ദാഫി പരിക്കുകളെത്തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സിര്‍ത്തെയുടെ പതനവും ഗദ്ദാഫിയുടെ മരണവും ലിബിയയില്‍ എതിരാളികള്‍ ആഘോഷിച്ചു. തലസ്ഥാനമായ ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ ഭരണാസ്ഥാനമായ ബാബല്‍ അസീസിയ ഓഗസ്റ്റ് 23ന് വിമതരുടെ നിയന്ത്രണത്തിലായതോടെ തന്നെ അദ്ദേഹത്തിന്റെ വിധിയെഴുതപ്പെട്ടിരുന്നു. തുടര്‍ന്ന് നാടുവിടാന്‍ അവസരങ്ങളുണ്ടായിട്ടും അതിന് തയ്യാറാകാതെ അട്ടിമറിക്കെതിരെ രാജ്യത്തിനകത്തുതന്നെ തങ്ങി ചെറുത്തുനില്‍പ്പ് നയിക്കുകയായിരുന്നു ഗദ്ദാഫി.
അമേരിക്കന്‍ തിരക്കഥയിലെ അട്ടിമറിട്രിപോളി: അമേരിക്കയുടെ സാമ്രാജ്യത്വ ദുഷ്ടലാക്കും കുടിലബുദ്ധിയുമാണ് ലിബിയയില്‍ ഗദ്ദാഫി യുഗാന്ത്യത്തിനു പിന്നിലും. സദ്ദാം ഹുസൈനു വേണ്ടി നടന്ന വേട്ടയെ ഓര്‍മിപ്പിച്ച് കേണല്‍ ഗദ്ദാഫിയും ചരിത്രത്തിലേക്ക് മായുമ്പോള്‍ നിസ്സംശയം പറയാം വിജയം ലിബിയന്‍ ജനതയുടേതല്ല, അമേരിക്കയുടേതാണ്. യാങ്കികളെ വെല്ലുവിളിച്ച് ലോകത്തിന്റെ ശ്രദ്ധനേടിയ ഗദ്ദാഫിക്ക് ജീവിതാന്ത്യത്തില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടിനോട് നീതിപുലര്‍ത്താനായില്ല. പക്ഷേ, വേട്ടയാടപ്പെടുമ്പോഴും ഓടിപ്പോകാതെ സ്വന്തം മണ്ണില്‍ നില്‍ക്കാനുള്ള ധീരത അദ്ദേഹം പ്രകടിപ്പിച്ചു. സാമ്രാജ്യത്വത്തിനെതിരായ ശക്തമായ നിലപാടില്‍നിന്ന് പിന്നോട്ടുപോയതാണ് ഗദ്ദാഫിയെ അമേരിക്കയുടെ ചതിക്കുഴിയില്‍ വീഴ്ത്തിയതെന്നും പറയാം. ഗദ്ദാഫിയുടെ ഭരണത്തില്‍ സുസ്ഥിരമായിരുന്ന ലിബിയ വളരെപ്പെട്ടെന്നാണ് കലാപകലുഷിതമായത്. ഗദ്ദാഫിക്കെതിരെ ചെറിയതോതില്‍ ഉയര്‍ന്ന പ്രതിഷേധത്തെ അറബ് രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യവാഴ്ചകള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷത്തിന്റെ മറവില്‍ അമേരിക്ക സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങള്‍ പോലും അമേരിക്കയുടെ താല്‍പ്പര്യപ്രകാരമാണെന്നു സംശയിക്കാന്‍ പഴുതുണ്ട്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്രവേദികള്‍ സ്വീകരിച്ച നിലപാട് ഇതിനു തെളിവാണ്. ഫെബ്രുവരി 15നാണ് തലസ്ഥാനമായ ട്രിപോളിയിലും മറ്റു നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ ആരംഭിച്ചത്. ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍ അറബ്ലീഗില്‍ നിന്ന് ലിബിയയെ സസ്പെന്‍ഡ്ചെയ്തു. ഫെബ്രുവരി 26നു ലിബിയക്കെതിരെ ഐക്യരാഷ്ട്രസഭ ആയുധ ഉപരോധവും ഏര്‍പ്പെടുത്തി. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നുവെന്ന പേരിലായിരുന്നു ഈ നടപടി. എന്നാല്‍ , സമരക്കാരെ നേരിടാന്‍ വിദേശസേനയെ നിയോഗിച്ച ബഹ്റൈന് എതിരെ ഇത്തരത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ തിരികൊളുത്തിയ ടുണീഷ്യയിലും ഈജിപ്തിലും ഇടപെടാതിരുന്ന അന്താരാഷ്ട്ര സമിതികള്‍ ഗദ്ദാഫിക്കെതിരെ മാത്രം കര്‍ക്കശമായത് സംശയമുണര്‍ത്തുന്നു. സ്വാഭാവികമായും അമേരിക്കയുടെ കരങ്ങള്‍ ഈ നടപടികള്‍ക്കുപിന്നില്‍ ദൃശ്യമാണ്. അറബ് ദേശീയവാദത്തിലുറച്ച് തല ഉയര്‍ത്തിനിന്ന ഗദ്ദാഫി കുടുംബവാഴ്ചയുടെ അകത്തളങ്ങളില്‍ ഒതുക്കപ്പെട്ടതോടെയാണ് സ്വന്തം നിലപാടുകളില്‍ വെള്ളംചേര്‍ത്തത്. മക്കളും ബന്ധുക്കളും ഉപജാപകസംഘവും ഭരണം നിയന്ത്രിച്ചു. ഇതോടെ, ഗദ്ദാഫി സാമ്രാജ്യത്വവിരുദ്ധ പോരാട്ടം കൈവിടുകയായിരുന്നു. സ്വയം സുരക്ഷിതനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയോട് എങ്ങനെയും സന്ധിചെയ്യാനായി ഒടുവില്‍ ശ്രമം. കൂട്ടക്കൊലയ്ക്കുള്ള വിനാശായുധമെല്ലാം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം ഇതിന്റെ പേരിലായിരുന്നു. ഇറാഖില്‍ സദ്ദാം ഹുസൈനെ അമേരിക്ക വേട്ടയാടി പിടിച്ചതു സൃഷ്ടിച്ച ഭീതിയില്‍ ഏതു തരത്തിലുള്ള ആയുധ പരിശോധനയും ലിബിയയില്‍ ആകാമെന്നും ഗദ്ദാഫി സമ്മതിച്ചു. 2003ലെ ഈ നടപടി വിഡ്ഢിത്തമായിരുന്നെന്ന് കാലം തെളിയിച്ചു. ഗദ്ദാഫിവിരുദ്ധരെ സംരക്ഷിക്കാനെന്ന പേരില്‍ ലിബിയയില്‍ വ്യോമാക്രമണംനടത്തിയ നാറ്റോസേന ആക്രമിച്ചു മുന്നേറുമ്പോള്‍ തിരിച്ചടിക്കാന്‍ ഗദ്ദാഫിയുടെ ആയുധശേഖരത്തില്‍ ഏറെയൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഗദ്ദാഫിക്കെതിരെ പോരാട്ടത്തിനിറങ്ങുമ്പോള്‍ വിമതരുടെ പക്കല്‍ കാര്യമായ ആയുധമോ പണമോ ഒന്നുമുണ്ടായിരുന്നില്ല. പട്ടാള അട്ടിമറി ഒഴിവാക്കാന്‍ സ്വന്തം സൈന്യത്തെ പോലും ദുര്‍ബലമാക്കി നിലനിര്‍ത്തിയ ഗദ്ദാഫി ലിബിയയില്‍ ശക്തമായ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതു മറികടന്ന് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സഹായമെത്തിച്ചത് അമേരിക്ക തന്നെയാണ്. എന്നിട്ടും വിമതര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ഉപരോധങ്ങള്‍ കൊണ്ട് ഗദ്ദാഫിയെ വീര്‍പ്പുമുട്ടിക്കാന്‍ ശ്രമിച്ചത്. ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ഗദ്ദാഫിവിമതര്‍ക്ക് കഴിയില്ലെന്നു വ്യക്തമായി അറിയാവുന്ന അമേരിക്കന്‍സഖ്യം പ്രക്ഷോഭം ഒരുമാസം പിന്നിട്ടപ്പോള്‍ മാര്‍ച്ച് 19നു ലിബിയയിലേക്ക് നാറ്റോയുടെ യുദ്ധവിമാനങ്ങള്‍ അയച്ചു. ഇതിനു മുമ്പുതന്നെ ലിബിയക്കു മുകളില്‍ യുഎന്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിച്ചിരുന്നു. നിരന്തരമായ വ്യോമാക്രമണം നടത്തിയാണ് അധിനിവേശസേന ലക്ഷ്യം കണ്ടത്. എന്നാല്‍ , ഏഴുമാസത്തോളം വേണ്ടിവന്നു ഗദ്ദാഫിയെ കീഴടക്കാന്‍ . ആഗസ്തില്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങളിലൂടെ തലസ്ഥാനമായ ട്രിപോളി പിടിച്ചെടുത്തു. എന്നാല്‍ , ഗദ്ദാഫിയെ കണ്ടെത്താനായില്ല. ഒരുമാസത്തിനകം ലിബിയയെ മോചിപ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു വിമതര്‍ രൂപീകരിച്ച ദേശീയ പരിവര്‍ത്തനസഭയുടെ പ്രഖ്യാപനം. എന്നാല്‍ , ജന്മനഗരമായ സിര്‍തെയും ബനിവാലിദും ഗദ്ദാഫിക്കൊപ്പം അടിയുറച്ചുനിന്നു. സര്‍വസന്നാഹവുമായി എത്തിയ ഇടക്കാല സര്‍ക്കാര്‍സേനയ്ക്ക് പലവട്ടം പിന്തിരിയേണ്ടിവന്നു. ഒടുവില്‍ , സിര്‍തെ കീഴടക്കി ഗദ്ദാഫിയുടെ അന്ത്യം കാണാനും ആക്രമണം നയിച്ചത് നാറ്റോസേന തന്നെ. പാശ്ചാത്യരാജ്യങ്ങള്‍ വിമതരെ സഹായിക്കാന്‍ സ്വന്തം പട്ടാളക്കാരെ ലിബിയന്‍ മണ്ണിലേക്ക് ഒളിച്ചുകടത്തുകയും ചെയ്തിരുന്നു.
അധികാരമേറിയത് 27ആം വയസ്സില്ട്രിപോളി: രാജ്യത്തിന്റെ എണ്ണസമ്പത്തില്‍നിന്നുള്ള വരുമാനം കുടുംബസ്വത്താക്കിയ ഇദ്രിസ് രാജാവിനെതിരെ സൈനിക അട്ടിമറി നടത്തിയാണ് 1969ല്‍ 27ാംവയസ്സില്‍ ഗദ്ദാഫി അധികാരത്തിലെത്തിയത്. എണ്ണക്കമ്പനികളുടെ ദേശസാല്‍കരണത്തിലൂടെയും മറ്റും പാശ്ചാത്യരാജ്യങ്ങളുടെ ശത്രുതയ്ക്കിരയായ ഗദ്ദാഫി 2003ല്‍ ഇറാഖില്‍ സദ്ദാമിന്റെ പതനത്തെ തുടര്‍ന്ന് വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങിയിരുന്നു. എന്നാല്‍ , ഈ വര്‍ഷം ഫെബ്രുവരി 15ന് ഗദ്ദാഫിയുടെ എതിരാളികള്‍ പ്രക്ഷോഭമാരംഭിച്ചത് മറയാക്കിയാണ് നാറ്റോ ആക്രമണമാരംഭിച്ചത്. ഗദ്ദാഫി ഭരണമൊഴിയുന്നതിന് പാശ്ചാത്യരാജ്യങ്ങള്‍ തയ്യാറാക്കിയ മാര്‍ഗരേഖ ഏപ്രിലില്‍ അദ്ദേഹം അംഗീകരിച്ചെങ്കിലും വിമതര്‍ തള്ളി. ലിബിയന്‍ ഗോത്രത്തലവന്മാര്‍ 'രാജാക്കന്മാരുടെ രാജാവ്' എന്ന പട്ടം നല്‍കി ആദരിച്ച ഗദ്ദാഫി ഖുറാനും സോഷ്യലിസത്തിനും സ്വന്തം വ്യാഖ്യാനങ്ങള്‍ നല്‍കിയയായിരുന്നു ഭരണം നടത്തിയത്. 1963ലാണ് സൈന്യത്തിലെ വിപ്ലവകാരികളായ സഹപ്രവര്‍ത്തകരെ സംഘടിപ്പിച്ച് ഗദ്ദാഫി 'ഫ്രീ ഓഫീസേഴ്സ് മൂവമെന്റ്' രൂപീകരിച്ചത്. 1969 സെപതംബര്‍ ഒന്നിന് ഇദ്രിസ് രാജാവിനെ അധികാരഭ്രഷ്ടനാക്കി ഗദ്ദാഫി ഭരണം പിടിച്ചെടുത്തു.'സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമരിയ' എന്ന ലിബിയ 1977ലാണ് നിലവില്‍വന്നത്.
വിടവാങ്ങല്‍ വെല്ലുവിളിച്ചും കീഴടങ്ങിയുംമുഅമ്മര് ഗദ്ദാഫി വിടവാങ്ങുമ്പോള്‍ ലോകചരിത്രത്തിലെ അപൂര്‍വതയ്ക്കാണ് വിരാമമാകുന്നത്. സാമ്രാജ്യത്വത്തിന്റെ ആയുധബലത്തിനുമുന്നില്‍ രാജ്യങ്ങളും ഭരണാധികാരികളും കീഴടങ്ങുന്ന കാലത്ത് ലോകജനതയെ ആവേശംകൊള്ളിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് താരപരിവേഷത്തിലേക്കുയര്‍ന്ന ഗദ്ദാഫി ഒടുവില്‍ അവരുടെ പല ആവശ്യങ്ങള്‍ക്കും കീഴടങ്ങിയത് വിനയാവുകയും ചെയ്തു. ബെദൂയിന്‍ (അറബ് നാടോടി) കര്‍ഷകകുടുംബത്തില്‍ 1942 ജൂണ്‍ ഏഴിനായിരുന്നു മുഅമ്മര്‍ ഗദ്ദാഫിയുടെ ജനനം. ഇറ്റലിയുടെ കോളനിവല്‍ക്കരണത്തെ എതിര്‍ത്ത് ജയിലിലായ പോരാളിയുടെ മകന് കുട്ടിക്കാലംമുതല്‍ ദേശീയബോധം രൂപപ്പെട്ടത് സ്വാഭാവികം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി. അറബ് ദേശീയവാദിയായുള്ള ഗദ്ദാഫിയുടെ രൂപമാറ്റം അവിടെ തുടങ്ങി. ഇതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ട്രിപോളിയിലെ ലിബിയന്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഗദ്ദാഫി, ബെന്‍ഗാസിയിലെ സൈനിക അക്കാദമിയില്‍ പഠിച്ച് പട്ടാളത്തില്‍ ഓഫീസറായി. 1951ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ലിബിയ ദരിദ്രരാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തിയതോടെയാണ് രാജ്യം സാമ്പത്തികമായി മുന്നേറിയത്. രാജ്യം ഭരിച്ച ഇദ്രിസ് രാജാവും കുടുംബാംഗങ്ങളും ഈ സമ്പത്ത് കൈവശപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം എണ്ണപ്പണം കൈക്കലാക്കുകയും ചെയ്തു. ഇതെല്ലാം നാട്ടുകാരെ അസ്വസ്ഥരാക്കി. രാജഭരണത്തോടുള്ള ഈ പ്രതിഷേധമാണ് ഗദ്ദാഫിയെ വളര്‍ത്തിയത്. 1969ല്‍ തന്റെ 27ാംവയസ്സില്‍ , ഗദ്ദാഫിയുടെ നേതൃത്വത്തില്‍ ഇദ്രിസ് രാജാവിനെ പുറത്താക്കി. അധികാരം പിടിച്ചെടുത്ത ഗദ്ദാഫി 1970കളില്‍ അമേരിക്കയ്ക്കും സാമ്രാജ്യത്വത്തിനും എതിരായ പുരോഗമനപാത സ്വീകരിച്ചു. വൈദേശിക ഇടപെടലുകളെ എതിര്‍ത്ത ഗദ്ദാഫി, വിദേശികളെ നാടുകടത്തുകപോലും ചെയ്തു. അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളെ ശക്തമായി നേരിട്ടു. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിക്കുകയും ആഫ്രിക്കയിലെ വിമോചനപോരാട്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ഗദ്ദാഫി, സോവിയറ്റ് യൂണിയനുമായി അടുത്തു. അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. ചികിത്സയും വിദ്യാഭ്യാസവും സൗജന്യമാക്കിയതടക്കം മാതൃകാപരമായ പല പദ്ധതിയും ഗദ്ദാഫിഭരണം ലിബിയക്ക് സമ്മാനിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനായും ഗദ്ദാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും മുന്‍കൈ എടുത്തു. അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ ഗദ്ദാഫിയെ, നിരവധിതവണ അവര്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1986ല്‍ ട്രിപോളിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ തലനാരിഴയ്ക്കാണ് ഗദ്ദാഫി രക്ഷപ്പെട്ടത്. വളര്‍ത്തുമകളടക്കം 35 പേര്‍ കൊല്ലപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് ഗദ്ദാഫിയുടെ വീഴ്ചയും ആരംഭിച്ചത്. നിലനില്‍പ്പിനായി അദ്ദേഹത്തിന് അമേരിക്കയ്ക്കുമുന്നില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഗദ്ദാഫിഭരണം ഏകാധിപത്യത്തിന്റെ എല്ലാ ദൂഷ്യങ്ങളുടെയും വിളനിലമായി. ഉപജാപവൃന്ദവും ബന്ധുക്കളുമടങ്ങുന്ന സംഘം ഭരണനിയന്ത്രണം ഏറ്റെടുത്തു. അധികാരവും സമ്പത്തും ഗദ്ദാഫിയുടെയും പുത്രന്മാരുടെയും അവരുടെ ബന്ധുമിത്രാദികളുടെയും കുത്തകയായി. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി. രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ചു. പട്ടാള അട്ടിമറിക്കുള്ള സാധ്യത ഒഴിവാക്കാന്‍ സ്വന്തം സൈന്യത്തെ ഗദ്ദാഫി ബോധപൂര്‍വം ദുര്‍ബലമാക്കി. അംഗരക്ഷകരായി ആയുധധാരികളായ വനിതകളെയും വിദേശ കൂലിപ്പടയാളികളെയും നിയമിച്ചു. ജനങ്ങളില്‍നിന്ന് അകന്ന ഗദ്ദാഫിയുടെ സാമ്രാജ്യവിരുദ്ധസമീപനത്തിലും അയവുവന്നു. ഏറ്റുമുട്ടലിന്റെ പാതവെടിഞ്ഞ് ഒത്തുതീര്‍പ്പുകള്‍ക്കാണ് അദ്ദേഹം ശ്രമിച്ചത്. അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും 2005ല്‍ അദ്ദേഹം ധാരണയിലെത്തി. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ലിബിയയിലെ ആണവകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി. പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും രാജ്യത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. അറബ്വസന്തത്തോടെ ഗദ്ദാഫിയുടെ കുടുംബവാഴ്ചയ്ക്കെതിരെ ലിബിയയിലും വികാരമുയര്‍ന്നു. ഫെബ്രുവരിയില്‍ തുടങ്ങിയ പ്രക്ഷോഭം അത്ര ശക്തമല്ലാതിരുന്നതിനാല്‍ ഒതുക്കാന്‍ ഗദ്ദാഫി ശ്രമിച്ചു. എന്നാല്‍ , അവസരം കാത്തിരുന്ന അമേരിക്കയും യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളും എല്ലാ അന്താരാഷ്ട്രമര്യാദകളും മാറ്റിവച്ച് തുറന്നയുദ്ധം ആരംഭിച്ചു. ഇതോടെ ഭരണകൂടത്തിലെ പല ഉന്നതരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ്ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നൊന്നായി രാജിവച്ച് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. നാറ്റോയുടെ വ്യോമാക്രമണം ഗദ്ദാഫിയുടെ സൈനികശേഷി തകര്‍ത്തതോടെ വിമത മുന്നേറ്റം എളുപ്പമായി. ആഗസ്തില്‍ ട്രിപോളി വീണതോടെ ഗദ്ദാഫി ഒളിവിലുമായി.
ശപഥം നിറവേറ്റിയ യുവസൈനികന്കത്തെമ്പാടുമുള്ള ധൂര്‍ത്തരായ, ആഡംബരജീവിതശൈലി പിന്തുടരുന്ന ധനികര്‍ അവരില്‍ ഭൂരിഭാഗവും അധികാരഭ്രഷ്ടരാക്കപ്പെട്ട രാഷ്ട്രത്തലവന്മാരും സിംഹാസനം നഷ്ടപ്പെട്ട രാജാക്കന്മാരുമാണ്അവര്‍ സമ്പാദിച്ചുകൂട്ടിയ സ്വത്തിന്റെ നല്ലൊരുപങ്കും മദ്യത്തിനും മദിരാക്ഷിക്കും ചൂതാട്ടത്തിനും വേണ്ടി ചെലവാക്കുന്ന റിസോര്‍ട്ട് റിവിരനിസ് ആ സമുദ്രതീരത്തെവിടെയോ(മെഡിറ്ററേനിയന്‍) ആയിരിക്കണം സ്ഥിതിചെയ്യുന്നത്. ലിബിയയിലെ രാജകുമാരനായ ഇദ്രിസോ, മിശറിലെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരിയായ ഫറൂഖോ അവിടെയുള്ള ഏതെങ്കിലുമൊരു വിശ്രമവസതിയില്‍ മദ്യത്തിലും സുന്ദരിമാരുടെ മേനിയഴകിലും പന്തയ ടേബിളുകളിലും അഭിരമിച്ചു കഴിയുന്നുണ്ടാകണം. ഇദ്രിസ് രാജകുമാന്‍ ലിബിയയിലെ ദരിദ്രജനങ്ങളെ സേവിച്ച് തളരുമ്പോള്‍ വിശ്രമത്തിനായി എല്ലാ വര്‍ഷവും ശൈത്യകാലത്ത് റിവിരനിസിലേക്കും ഗ്രീഷ്മത്തില്‍ ലണ്ടനിലേക്കുമാണ് പോയിരുന്നത്. അവിടെയുള്ള കാസിനോകളില്‍ ചൂതുകളിച്ച് കൈയിലുള്ള പണം തീര്‍ന്നാലുടന്‍ വീണ്ടും ട്രിപ്പോളിയില്‍ മടങ്ങിച്ചെന്ന് ഖജനാവില്‍ വീണ്ടും കൈയിട്ടുവാരി പൂര്‍വാധികം വാശിയോടെ ചൂതുകളിക്കാനെത്തുമായിരുന്നു. പത്തിരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇംഗ്ലണ്ടിലെ സാന്റ്ഹാസില്‍ മിലിട്ടറി പരിശീലനകേന്ദ്രത്തില്‍നിന്ന് പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഉടന്‍ ലിബിയക്കാരനായ ഒരു യുവ ക്യാപ്റ്റന്‍ തന്റെ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ലണ്ടനിലെ സോഹോ പ്രവിശ്യയിലുള്ള ഒരു കാസിനോ സന്ദര്‍ശിക്കാനിടവരികയുണ്ടായി. നിഷ്ഠയുള്ള ഇസ്ലാം മതവിശ്വാസിയായിരുന്നതുകൊണ്ട് ആ യുവ ക്യാപ്റ്റന്‍ ചൂതുകളിയും മദ്യപാനവും വെറുത്തിരുന്നെങ്കിലും ഇംഗ്ലണ്ടിലെ പഠനകാലം അവസാനിക്കുന്നതിനുമുമ്പ് ലണ്ടനിലെ കാസിനോകളെ കേന്ദ്രീകരിച്ച് നടക്കുന്ന കുത്തഴിഞ്ഞ നിശാജീവിതം നേരിട്ടു വീക്ഷിക്കാന്‍കൂടി വേണ്ടിയാണ് സോഹോയില്‍ എത്തിയത്. വിഖ്യാതമായ ഒരു ഹോട്ടലിന്റെ മുകള്‍നിലയിലെ കാസിനോയില്‍ രാവേറെ ചെന്നിട്ടും ചൂതുകളി തകൃതിയായി നടക്കുകയാണ്. യുവക്യാപ്റ്റനും സുഹൃത്തും അവിടെ കയറിച്ചെല്ലുമ്പോള്‍ കണ്ട കാഴ്ച ആ കാസിനോയില്‍ കളിച്ചുകൊണ്ടിരുന്ന ധനാഢ്യനായ ഒരു അറബിയെ ചുറ്റിപ്പറ്റി ഒരുപറ്റം സുന്ദരികളായ വെള്ളക്കാരികള്‍ നില്‍ക്കുന്നതാണ്. കൈയിലുണ്ടായിരുന്ന മദ്യം മൊത്തിക്കുടിച്ച് അഞ്ചുലക്ഷം പൗണ്ടിന്റെ ചൂതുകളിക്കുകയായിരുന്നു അയാള്‍ . ആ അറബി അതിനോടകം അമ്പതിനായിരം പൗണ്ട് നഷ്ടപ്പെടുത്തിയിട്ടും മടികൂടാതെ, എഴുന്നേല്‍ക്കാന്‍ ഭാവമില്ലാതെ കളി തുടരുകയായിരുന്നു. അതിരില്ലാത്ത ആ ധൂര്‍ത്തുകണ്ട് കോപം നിയന്ത്രിക്കാനാകാതെ തന്റെ സുഹൃത്തിനെ പിടിച്ചുവലിച്ച് ആ യുവ ക്യാപ്റ്റന്‍ ഹോട്ടലില്‍നിന്ന് പുറത്തുവന്ന് പല്ലിറുമ്മിക്കൊണ്ട് തന്റെ കൂട്ടുകാരനോട് അട്ടഹസിച്ചു: 'നോക്കൂ, ഇതുപോലെതന്നെയാകണം നമ്മുടെ യുവരാജാവ് ഇദ്രിസും പാവപ്പെട്ടവന്റെ നികുതികൊണ്ട് നിറയുന്ന ഖജനാവിലെ പൈസ വിദേശരാജ്യങ്ങളില്‍ വിനോദയാത്രയ്ക്കു പോയി ധൂര്‍ത്തടിക്കുന്നത്. നാട്ടില്‍ മടങ്ങിയെത്തിയാല്‍ ഞാനാദ്യം ആ തെമ്മാടിയെ തൊഴിച്ചു പുറത്താക്കും!' വികാരവിക്ഷുബ്ധനായി നിന്ന അവസ്ഥയില്‍ എടുത്ത ശാപമാണെങ്കിലും ആ യുവ ക്യാപ്റ്റന്‍ തന്റെ വാക്കു പാലിക്കുകതന്നെ ചെയ്തു. മുഅമര്‍ ഗദ്ദാഫി എന്നായിരുന്നു ആ യുവ ക്യാപ്റ്റന്റെ പേര്. (പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വിക്രമന്‍ നായര്‍ എഴുതിയ 'പശ്ചിംദിഗന്തേ പ്രദോഷ്കാലേ' എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്)
ഇനി ശ്രദ്ധ പരിവര്‍ത്തന കൗണ്‍സില്‍ നേതാക്കളില്ട്രിപ്പോളി: ഗദ്ദാഫി അനന്തരയുഗത്തിലേക്ക് ലിബിയയെ നയിക്കുകയും രാഷ്ട്രീയ, സൈനിക നേതൃത്വം നല്‍കുകയുമാണ് ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. മന്ത്രിസഭയുടെ മാതൃകയില്‍ ഒരു നിര്‍വഹണസമിയി കൗണ്‍സിലിനുണ്ട്. മുസ്തഫ മുഹമ്മദ് അബ്ദുള്‍ ജലീലാണ് അധ്യക്ഷന്‍ . കിഴക്കന്‍ നഗരമായ ബൈദയിലാണ് ജലീല്‍ ജനിച്ചത്. 2007ല്‍ ഗദ്ദാഫി ഭരണത്തില്‍ നിയമമന്ത്രിയായി ചുമതലയേറ്റു. 2010ല്‍ ഗദ്ദാഫിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് രാജിവച്ചു. എന്നാല്‍ രാജി സ്വീകരിക്കാതെ വിമതരെ നേരിടാന്‍ ജലീലിനെ ബെന്‍ഗാസിയിലേക്ക് അയച്ചു. സമാധാനപരമായ പ്രകടനത്തിനെതിരെ വെടിയുതിര്‍ത്തതിന് സാക്ഷിയായി എന്ന കാരണം പറഞ്ഞ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും വിമതര്‍ക്കൊപ്പം ചേരുകയും അതിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയുംചെയ്തു. കൗണ്‍സിലില്‍ സൈനിക ചുമതല വഹിക്കുന്നത് ഒമര്‍ അല്‍ ഹരീരിയാണ്. 1969ല്‍ ഗദ്ദാഫി സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് ഹരീരിയായിരുന്നു. കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ തലവനായ മഹ്മൂദ് ജിബ്രില്‍ പ്രധാനമന്ത്രിയായാണ് അറിയപ്പെടുന്നത്. വിദേശകാര്യ ചുമതല വഹിക്കുന്നതും ഇദ്ദേഹമാണ്.
ഇടക്കാല സര്‍ക്കാരിന് ഭീഷണി തമ്മിലടിട്രിപോളി: നാലു പതിറ്റാണ്ട് രാജ്യം ഭരിച്ച ഗദ്ദാഫിയുടെ വീഴ്ച ലിബിയയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വഴിതുറന്നു. ഗദ്ദാഫിയെ അട്ടിമറിച്ച് ഭരണം പിടിച്ച വിമതരുടെ ഇടക്കാല ഭരണസഭ തുടക്കത്തിലേ തമ്മിലടിയുടെ സൂചനകള്‍ നല്‍കുന്നുണ്ട്. ഇസ്ലാമികവാദികള്‍ , ഗോത്രവര്‍ഗക്കാര്‍ , വിമതര്‍ എന്നിങ്ങനെ ഭിന്ന രാഷ്ട്രീയ താല്‍പ്പര്യങ്ങളും അഭിപ്രായങ്ങളുമുള്ളവരെ അധികകാലം ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുമോ എന്ന ആശങ്ക ഇടക്കാല സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുണ്ട്. പോരാട്ടം പാതിവഴിയിലെത്തിയപ്പോള്‍ തന്നെ കഴിഞ്ഞ ജൂലൈയില്‍ വിമതസേനാ തലവന്‍ മേജര്‍ അബ്ദുല്‍ ഫത്തായൂനിസ് പാളയത്തിലെ പടയില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യം രാഷ്ട്രീയ കലാപത്തിലേക്കും അധികാര വടംവലിയിലേക്കുമാണ് നീങ്ങുകയെന്ന് എന്‍ടിസി ഉപമേധാവിയും ഇടക്കാല പ്രധാനമന്ത്രിയുമായ മഹ്മൂദ് ജിബ്രില്‍ ബുധനാഴ്ച മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കണ്ണ് എണ്ണയില്‍ തന്നെട്രിപോളി: പെട്രോളിയം ശേഖരത്തില്‍ കണ്ണുവച്ചുതന്നെയാണ് അമേരിക്ക ലിബിയയില്‍ അങ്കത്തിനിറങ്ങിയത്. ആഫ്രിക്കന്‍ വന്‍കരയുടെ വടക്കേഭാഗത്തുള്ള 'ഗ്രേറ്റ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമഹിരിയ' 17.6 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള രാജ്യമാണ്്. 95 ശതമാനം പ്രദേശവും പൂര്‍ണമായോ ഭാഗികമായോ മരുഭൂമിയായ രാജ്യം എണ്ണയും പ്രകൃതിവാതകവുംകൊണ്ടു സമ്പന്നമാണ്. 4,300 കോടി ബാരല്‍ എണ്ണയാണ് ലിബിയയുടെ ശേഖരത്തില്‍ കണക്കാക്കുന്നത്. ഈ എണ്ണസമ്പത്തുതന്നെയാണ് ലിബിയയുടെ സാമ്പത്തികാടിത്തറ. കയറ്റുമതി വരുമാനത്തിന്റെ 95 ശതമാനവും എണ്ണയില്‍ നിന്നാണ്. 1.48 ലക്ഷം കോടി ക്യുബിക് മീറ്റര്‍ പ്രകൃതിവാതകശേഖരവും ലിബിയക്കുണ്ട്. ഇവയില്‍ നിന്നുള്ള വരുമാനത്തിലൂടെ ചികിത്സയും വിദ്യാഭ്യാസവും ഗദ്ദാഫി സൗജന്യമാക്കിയിരുന്നു.
ദേശാഭിമാനി ദിനപ്പത്രം