സംവിധായകര്‍ക്കും സംഗീത, സാഹിത്യ സ്രഷ്ടാക്കള്‍ക്കും പകര്‍പ്പവകാശം
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ്-ഡിജിറ്റല്‍ യുഗത്തിന് അനുസൃതമായി പകര്‍പ്പവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംഗീത-സാഹിത്യ-കലാ സൃഷ്ടികളുടെ രചയിതാക്കള്‍ക്കും സ്രഷ്ടാക്കള്‍ക്കുംകൂടി പകര്‍പ്പവകാശത്തിന്റെ ഗുണഫലം ലഭിക്കുന്നതിനാണ് ഭേദഗതിയെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താ-വിതരണ പ്രക്ഷേപണമന്ത്രി അംബിക സോണി പറഞ്ഞു. തിരക്കഥ, ഗാനം, സംഗീതസൃഷ്ടി, കംപ്യൂട്ടര്‍ പ്രോഗ്രാം, ഓഡിയോ-വിഷ്വല്‍ സൃഷ്ടികള്‍, ലളിതകലാ സൃഷ്ടി, ഫോട്ടോഗ്രാഫ് എന്നിവയുടെ സ്രഷ്ടാക്കളാണ് പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ വരിക. നിലവില്‍, സൃഷ്ടികള്‍ വിപണിയില്‍ ഇറക്കുന്ന കമ്പനിക്കോ ഉടമയ്ക്കോ മാത്രമായിരുന്നു പകര്‍പ്പവകാശം.
നിയമഭേദഗതി നടപ്പാകുന്നതോടെ ഗാനങ്ങള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിന് ഗാനരചയിതാവിനും സംഗീതസംവിധായകനും റോയല്‍റ്റി നല്‍കണം. ഇതുവരെ ഓഡിയോ സിഡി കമ്പനികള്‍ക്കും ഉടമകള്‍ക്കും മാത്രമായിരുന്നു പകര്‍പ്പവകാശം. ചലച്ചിത്രങ്ങളുടെ പകര്‍പ്പവകാശം നിര്‍മാതാവിനു പുറമെ സംവിധായകനും ലഭിക്കും. ഗാനങ്ങള്‍ കച്ചവടതാല്‍പ്പര്യത്തോടെ എങ്ങനെ ഉപയോഗിച്ചാലും പുതിയ നിയമപ്രകാരം റോയല്‍റ്റി നല്‍കണം. ആല്‍ബം, സിഡി, കാസറ്റ്, മൊബൈല്‍ റിങ്ടോ, ബാറുകളിലെയും ഹോട്ടലുകളിലെയും മറ്റും ഡിസ്കോത്തെക്കുകളില്‍ നടത്തുന്ന പരിപാടികള്‍ തുടങ്ങി വാണിജ്യലക്ഷ്യങ്ങളോടെ ഏതുകാര്യത്തിന് ഗാനങ്ങള്‍ ഉപയോഗിക്കുമ്പോഴും റോയല്‍റ്റി നല്‍കണം. നിലവില്‍, ചലച്ചിത്രങ്ങള്‍ക്കു മാത്രമാണ് പകര്‍പ്പവകാശം ഉണ്ടായിരുന്നതെങ്കില്‍ ഭാവിയില്‍ ചലച്ചിത്ര ഗാനങ്ങള്‍ക്കും സ്വതന്ത്ര പകര്‍പ്പവകാശം ബാധകമാകും. നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പകര്‍പ്പവകാശ സമിതിക്ക് രൂപം നല്‍കും. നിയമപരമായ ലൈസന്‍സിങ് സംവിധാനവും നടപ്പാക്കും. ടിവി ചാനലുകളും എഫ്്എം റേഡിയോകളും ഗാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിശ്ചിതനിരക്ക് നല്‍കേണ്ടി വരും. ഇത് എത്രയെന്ന് പിന്നീട് തീരുമാനിക്കും.
പുതിയ ഗാനം അഞ്ചു വര്‍ഷത്തേക്ക് മറ്റാരെയെങ്കിലുംകൊണ്ട് പാടിച്ച് സിഡിയിലോ ടേപ്പിലോ പകര്‍ത്തി വില്‍ക്കാനാകില്ല. അഞ്ചുവര്‍ഷം കഴിഞ്ഞാലും ഇതിന് പകര്‍പ്പവകാശ സമിതിയുടെ അനുമതി വേണം. സിനിമയുടെ പകര്‍പ്പവകാശം 60 വര്‍ഷത്തില്‍നിന്ന് 70 വര്‍ഷമാക്കും. ഫോട്ടോഗ്രാഫര്‍മാരുടെ പകര്‍പ്പവകാശം 60 വര്‍ഷമെന്നത് മരണംവരെയും തുടര്‍ന്നുള്ള 60 വര്‍ഷവും എന്നാക്കി മാറ്റും. വെബ്സൈറ്റുകളിലും മറ്റും നുഴഞ്ഞുകയറി പകര്‍പ്പ് എടുത്താല്‍ രണ്ടുവര്‍ഷംവരെ തടവ് ശിക്ഷനല്‍കാന്‍ വ്യവസ്ഥയുണ്ടാക്കും. ലോക ബൌദ്ധികസ്വത്തവകാശ സംഘടനയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായ നിയമം നടപ്പാക്കുന്നതിനാണ് പകര്‍പ്പവകാശ നിയമ ഭേദഗതിയെന്ന് അംബികസോണി പറഞ്ഞു.
ദേശാഭിമാനി വാര്‍ത്ത
No comments:
Post a Comment