കോപ്പന്‍ ഹേഗനില്‍നിന്ന് തണുപ്പന്‍ വാര്‍ത്ത
കോപ്പന്‍ഹേഗനില്‍നിന്ന് വന്നത് തണുത്ത വാര്‍ത്തയാണ്. ലോകത്തെ രക്ഷിക്കാന്‍ ചേര്‍ന്ന സമ്മേളനം സ്വയം രക്ഷിക്കാനാകാതെ പിരിഞ്ഞു. പന്ത്രണ്ടില്‍പ്പരം കരടുപ്രമേയങ്ങള്‍ പരിശോധിക്കയും മുന്‍കൂട്ടി നിശ്ചയിച്ചതിലും ഒരു ദിവസംകൂടി അധികമായി സമ്മേളിക്കയും ചെയ്ത കാലാവസ്ഥ വ്യതിയാന ഉച്ചകോടി ഏകകണ്ഠമായ കരാറില്‍ എത്തുന്നതില്‍ പരാജയപ്പെട്ടു. രാഷ്ട്രത്തലവന്മാരും കൂടിയാലോചകരും ചേര്‍ന്ന് മുഖം രക്ഷിക്കാനായി ഒടുവില്‍ രൂപംനല്‍കിയ 'കോപ്പന്‍ഹേഗന്‍ ധാരണ' ഉച്ചകോടിയുടെ പ്രഖ്യാപിതലക്ഷ്യത്തിന്റെ അയലത്തുപോലുമെത്തില്ല. ക്യോട്ടോയിലും ബാലിയിലും മുമ്പ് ഇതേപോലത്തെ സമ്മേളനം നടന്നപ്പോള്‍ ചില തീരുമാനങ്ങള്‍ എടുത്തു എന്ന ആശ്വാസമെങ്കിലുമുണ്ടായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പാര്‍ലമെന്ററി സംഘത്തില്‍ അംഗമായിരുന്ന സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയതുപോലെ, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഭാവിചര്‍ച്ചകള്‍ സജീവമാക്കാന്‍മാത്രമേ ഇപ്പോഴത്തെ ധാരണ ഉതകുകയുള്ളൂ.
ജനജീവിതവും ഭാവി കാലാവസ്ഥയും സംരക്ഷിക്കാനുള്ള വ്യവസ്ഥകള്‍ക്കൊപ്പം സമ്പന്നരാഷ്ട്രതാല്‍പ്പര്യങ്ങളും ഈ ധാരണയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആഗോളതാപനിലയുടെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ വികസിതരാജ്യങ്ങള്‍ സമ്മതിച്ചതാണ് ഉച്ചകോടിയുടെ ഏകവെളിച്ചം. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുത്താന്‍ സമ്പന്നരാഷ്ട്രങ്ങള്‍ തുടക്കംമുതലേ ശ്രമിച്ചു. വികസിതരാജ്യങ്ങളുടെ ഒഴിഞ്ഞുമാറലും വികസ്വരരാജ്യങ്ങളുടെ പ്രതിരോധവുമാണ് സമ്മേളനത്തിന്റെ പൊതുഭാവമായി ഉയര്‍ന്നുകണ്ടത്. ക്യോട്ടോ ഉടമ്പടി നിയമപരമായ കരാറാക്കി മാറ്റുകയെന്നതായിരുന്നു കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. ക്യോട്ടോ ഉടമ്പടിയിലെ പ്രധാന നടപടി കാര്‍ബവാതകങ്ങളുടെ പുറന്തള്ളല്‍ വെട്ടിച്ചുരുക്കുകയെന്നതാണ്. അത് അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായില്ല. അതിനാല്‍ വികസിതരാജ്യങ്ങളൊന്നും ഉടമ്പടി നടപ്പാക്കിയുമില്ല. നൂറ്റി തൊണ്ണൂറ്റിമൂന്ന് രാജ്യത്തുനിന്നെത്തിയ പ്രതിനിധികള്‍ നടത്തിയ ആദ്യ പത്തുദിനത്തിലെ ചര്‍ച്ചകളില്‍തന്നെ ഉച്ചകോടിയുടെ ഗതി വ്യക്തമായിരുന്നു. ലോകത്തെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ മുഖ്യകുറ്റവാളി മുതലാളിത്തമാണെന്നും സോഷ്യലിസമാണ് ഇതിന് ഫലപ്രദമായ പ്രതിവിധിയെന്നും ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറാലെസ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. "സോഷ്യലിസം ലോകമാകെ വിജയം വരിക്കുന്നതുവരെ ആഗോളതാപന ദുരന്തപ്രശ്നത്തെ നീട്ടിവയ്ക്കാനാകില്ല. ഇപ്പോള്‍ത്തന്നെ ഈ താപനപ്രക്രിയ തടയാന്‍ അതിന്റെ മുഖ്യ ഉത്തരവാദികളെന്ന് ഐക്യരാഷ്ട്രസഭയും ശാസ്ത്രജ്ഞരും കണ്ടെത്തിയ വന്‍കിട മുതലാളിത്ത രാഷ്ട്രങ്ങളെ നിര്‍ബന്ധിക്കണം''- ഇതാണ് മൊറാലെസ് ആവശ്യപ്പെട്ടത്.
ലോക കാലാവസ്ഥാ കോടതി സ്ഥാപിച്ച് കാലാവസ്ഥാ കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലോകത്തിലെ വലിയ ധനികരായ 500 പേരുടെ മൊത്തം വരുമാനം ദിവസം രണ്ട് ഡോളര്‍പോലും ചെലവിന് ലഭിക്കാത്ത 45 കോടി പരമദരിദ്രരുടേതിനേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കാലാവസ്ഥയെ തകര്‍ക്കുന്നവരുടെ രാഷ്ട്രീയമുഖം തുറന്നുകാട്ടിയത്. ഇത്തരം ശക്തമായ വിമര്‍ശവും തുറന്നുകാട്ടലുമൊന്നും പടിഞ്ഞാറന്‍ കൂറ്റന്‍ മുതലാളിത്ത രാഷ്ട്രങ്ങളുടെ കണ്ണുതുറപ്പിച്ചില്ലെന്നാണ് ഉച്ചകോടിയുടെ സമാപനം തെളിയിച്ചത്്. രാഷ്ട്രത്തലവന്മാരുടെ നേതൃത്വത്തില്‍ നടന്ന അവസാന രണ്ടുദിവസത്തെ കൂടിക്കാഴ്ചകളിലും ക്രിയാത്മകനിര്‍ദേശങ്ങള്‍ ഉയര്‍ന്നില്ല. വികസിത-വികസ്വര-ദരിദ്ര രാജ്യങ്ങള്‍ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ സമവായത്തിനുള്ള സാധ്യതകള്‍ ഇല്ലാതായി. കാര്‍ബ പുറന്തള്ളലില്‍ വളരെ മുന്നിലുള്ള വികസിതരാജ്യങ്ങള്‍ ഇതില്‍ കുറവുവരുത്തുമെന്ന് ഉറപ്പുനല്‍കാതിരുന്നതാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള ഉത്തരവാദിത്തത്തിന്റെ ഭാരം വികസ്വരരാജ്യങ്ങളുടെമേല്‍ കെട്ടിവയ്ക്കാനാണ് വികസിതരാജ്യങ്ങള്‍ ശ്രമിച്ചത്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കും വ്യവസായലോബികള്‍ക്കും വേണ്ടിയാണ് സമ്പന്നരാഷ്ട്രങ്ങള്‍ നിലകൊണ്ടത്. ദരിദ്രരാജ്യങ്ങള്‍, പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീഷണി ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന രാജ്യങ്ങളാണ് ശക്തമായ നടപടികള്‍ക്കുവേണ്ടി വാദിച്ചത്. എന്നാല്‍, അവരുടെ ശബ്ദം ഗൌരവത്തോടെ പരിഗണിക്കാന്‍ വന്‍ശക്തികള്‍ തയ്യാറായില്ല.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതും എണ്ണരാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും ഉച്ചകോടിയുടെ പരാജയകാരണങ്ങളായി. കാലാവസ്ഥ വ്യതിയാനം തടയാനുള്ള നടപടികള്‍ക്കായി ദരിദ്രരാജ്യങ്ങളെയും കൂടുതല്‍ ഭീഷണിയുള്ള ചെറുരാജ്യങ്ങളെയും സഹായിക്കാന്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് അടിയന്തരസഹായമായി 3000 കോടി ഡോളര്‍ നല്‍കുമെന്നും 2020 ആകുമ്പോള്‍ പതിനായിരം കോടി ഡോളറിന്റെ സഹായനിധി രൂപീകരിക്കുമെന്നും പറയുന്നുണ്ടെങ്കിലും അതിന്റെ സാക്ഷാല്‍ക്കരണം എങ്ങനെയെന്ന് പ്രഖ്യാപനത്തിലില്ല. അടുത്ത കാലാവസ്ഥ ഉച്ചകോടി 2010ല്‍ മെക്സിക്കോയില്‍ നടക്കും. ഭാവിചര്‍ച്ചകളില്‍ ഇന്ത്യ, ബ്രസീല്‍, ദക്ഷിണകൊറിയ, ചൈന എന്നിവരടങ്ങുന്ന ബേസിക് ഗ്രൂപ്പിന് നിര്‍ണായകപങ്ക് വഹിക്കാനുണ്ട്. മാനവരാശിയുടെ ഭാവിയെത്തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ ഇന്ത്യ മുന്‍കൈ പ്രവര്‍ത്തനംതന്നെ നടത്തേണ്ടതുണ്ട്.
ദേശാഭിമാനി
No comments:
Post a Comment