വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, August 6, 2016

ജിഎസ്ടി : തുറന്ന ചര്‍ച്ച അനിവാര്യം



ജിഎസ്ടി : തുറന്ന ചര്‍ച്ച അനിവാര്യം

ദേശാഭിമാനി, Friday Aug 5, 2016 

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

ചരിത്രത്തിലെ ഏറ്റവും വലിയ പരോക്ഷനികുതി പരിഷ്കരണത്തിന് രാജ്യസഭ അംഗീകാരം നല്‍കി. അതോടെ ചരക്കുകളും സേവനങ്ങളും ഏകോപിപ്പിച്ച് രാജ്യത്തിനാകെ ബാധകമായ ഒറ്റ നികുതിസമ്പ്രദായം നിലവില്‍വരാനുള്ള വഴിതുറന്നു. 2006–07 ബജറ്റ് പ്രസംഗത്തിലാണ് ഏകീകൃത നികുതിസമ്പ്രദായം എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത നികുതിഘടനയും നിരക്കുകളും തുടരുമ്പോള്‍ അവയെല്ലാം ഏകോപിപ്പിച്ച് ഒരൊറ്റ നികുതിഘടനയ്ക്ക് വിധേയമാക്കുക പ്രയാസമേറിയ ജോലിയാണ്. ആ കടമ്പയാണ് തരണംചെയ്തത്. ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതി ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലിനെ ബിജെപിയും ബിജെപി കൊണ്ടുവന്നതിനെ കോണ്‍ഗ്രസും തടസ്സപ്പെടുത്തിപ്പോന്നത് ചരിത്രത്തിന്റെ ഭാഗമായിമാറി. ഇപ്പോള്‍ ജനങ്ങള്‍ക്കുമുന്നിലുള്ളത് ഇന്ത്യക്കാകെ ബാധകമായ ഒരൊറ്റ നികുതി സമ്പ്രദായമാണ്. കോര്‍പറേറ്റുകളുടെ നിരന്തര നിര്‍ബന്ധം ബില്ലിനെ ഏതുവിധേനയും അംഗീകാരം തേടുന്നതിന് ബിജെപിയെ സമ്മര്‍ദത്തിലാക്കി. അതിന്റെ ഭാഗമായാണ് പ്രതിപക്ഷമുയര്‍ത്തിയ പല പ്രശ്നങ്ങളോടും അവസാനനിമിഷം ഭരണകക്ഷി വിട്ടുവീഴ്ച ചെയ്തത്. 

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പലതരം നികുതിയും നിരക്കുമാണുള്ളത്. വാറ്റ്, കേന്ദ്രവില്‍പ്പന നികുതി, വാങ്ങല്‍ നികുതി, ആഡംബര നികുതി, പ്രവേശന നികുതി, വിനോദനികുതി, (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേത് ഒഴികെ), പരസ്യനികുതി, ലോട്ടറിചൂതാട്ട നികുതി, സെസ്സുകളും സര്‍ച്ചാര്‍ജുകളും എന്നിവയാണ് സംസ്ഥാന നികുതികള്‍. കേന്ദ്ര എക്സൈസ് തീരുവ, അധിക എക്സൈസ് തീരുവ, കസ്റ്റംസ് പ്രത്യേക അധിക തീരുവ, സേവന നികുതി, സെസ്സുകളും സര്‍ചാര്‍ജുകളും എന്നിവയാണ് കേന്ദ്ര നികുതികള്‍. കസ്റ്റംസ് തീരുവ തുടര്‍ന്നും കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കും. മദ്യം, വൈദ്യുതി, റിയല്‍ എസ്റ്റേറ്റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നവയ്ക്കും ചരക്ക്സേവന നികുതി ബാധകമല്ല.
മറ്റുള്ള എല്ലാ നികുതിയും ചരക്ക്സേവന നികുതി വരുന്നതോടെ ഇല്ലാതാകും. ചില നികുതിനിരക്ക് കുറയും ചിലത് കൂടും. സേവന നികുതിനിരക്ക് നിലവില്‍ 14.5– 15 ശതമാനമാണ്. അത് 18 ശതമാനമാകും. സിമന്റ് ഉള്‍പ്പെടെയുള്ള ചരക്കുകളുടെ നിരക്ക് 24– 26 ശതാനമാണ്. അത് 18 ശതമാനമാകും. ആഡംബര നികുതി നാല്‍പ്പതില്‍നിന്ന് 18 ശതമാനത്തിലേക്ക് കുറയും. 18 ശതമാനമാണ് സ്റ്റാന്‍ഡേര്‍ഡ് നികുതിനിരക്കായി നിര്‍ദേശിക്കപ്പെടുന്നത്.
വില്‍പ്പന നികുതിയുടെ മുഖ്യ പോരായ്മ അത് നികുതിക്കുമേല്‍ നികുതിയാണെന്നതായിരുന്നു. ഒരു വ്യാപാരി സാധനം വില്‍ക്കുമ്പോള്‍ വില്‍പ്പന നികുതിയും ചേര്‍ത്ത വിലയാണ് ചുമത്തുന്നത്. സാധനം വാങ്ങിയ വ്യാപാരി അത് മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ വില്‍പ്പന നികുതി ചുമത്തും. ആദ്യത്തെ വ്യാപാരി നല്‍കിയ നികുതിയും ചേര്‍ത്ത വിലയ്ക്കുമേല്‍ രണ്ടാമത്തെ വ്യാപാരി നികുതി ചുമത്തുന്നു. ഈ പോരായ്മ പരിഹരിക്കാനാണ് വാറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. എന്നാല്‍, പ്രശ്നം പൂര്‍ണമായി ഒഴിവക്കപ്പെട്ടില്ല. ഉല്‍പ്പാദനത്തിനുമേല്‍ ചുമത്തുന്നതാണ് കേന്ദ്ര എക്സൈസ് തീരുവ. 1000 രൂപയുടെ ചരക്ക് ഫാക്ടറിക്ക് വെളിയില്‍ വരുമ്പോള്‍ 10 ശതമാനം നികുതി ചുമത്തുന്നുവെന്ന് കരുതുക. വില 1100 രൂപയായി. വില്‍പ്പന നികുതി 10 ശതമാനമാണെന്നും കരുതുക. ചരക്ക് വാങ്ങുന്ന വ്യാപാരി വില്‍പ്പന നികുതി നല്‍കുന്നത് 1000 രൂപയ്ക്കല്ല. 1100 രൂപയ്ക്കാണ്. അതായത്, 100 രൂപയുടെ എക്സൈസ് തീരുവയ്ക്കുമേല്‍ 10 ശതമാനം വില്‍പ്പന നികുതി. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് സഹായകമാകും ഏകീകൃത നികുതിസമ്പ്രദായം.

ചരക്ക്സേവന നികുതി നിലവില്‍ വരുന്നതോടെ ഉല്‍പ്പാദനസ്രോതസ്സില്‍ നികുതി ഉണ്ടാകില്ല. പകരം എവിടെ സപ്ളൈ ചെയ്യുന്നു അവിടെയാകും നികുതി. ഉദാഹരണമായി മഹാരാഷ്ട്ര ഫാക്ടറിയില്‍ ഉണ്ടാക്കിയ ടെലിവിഷന്‍ സെറ്റിന് ഉല്‍പ്പാദനസ്രോതസ്സില്‍ നികുതിയില്ല. കേരളത്തില്‍ വില്‍ക്കുമ്പോള്‍ കേരള സര്‍ക്കാരും രാജസ്ഥാനിലോ ബംഗാളിലോ വില്‍ക്കുമ്പോള്‍ അതത് സംസ്ഥാന സര്‍ക്കാരുകളും ചരക്ക്സേവന നികുതി ചുമത്തും. ഇനി മഹാരാഷ്ട്രയില്‍ത്തന്നെ വില്‍ക്കുന്നുവെന്ന് കരുതുക. മഹാരാഷ്ട്ര സര്‍ക്കാര്‍ ചരക്ക്സേവന നികുതി ചുമത്തും. ഇതുമൂലം ഉല്‍പ്പാദക സംസ്ഥാനങ്ങളുടെ നികുതിവരുമാനം കുറയും. അതാണ് ഉല്‍പ്പാദക സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനം. അഞ്ചുവര്‍ഷത്തേക്ക് വരുമാന നഷ്ടം പൂര്‍ണമായി നികത്തിക്കൊടുക്കുമെന്ന നിര്‍ദേശം ചരക്ക്സേവന നികുതി ബില്ലിന്റെ ഭാഗമാണ്. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് വരുമാനവര്‍ധനയുണ്ടാകും. കേരളം ഉല്‍പ്പാദക സംസ്ഥാനമല്ല; ഉപഭോക്തൃസംസ്ഥാനമാണ്. കേരളത്തിന്റെ പോരായ്മയും അതുതന്നെയാണെങ്കിലും ഊര്‍വശി ശാപം ഉപകാരം എന്ന നിലയിലാണ.് അഞ്ചുകൊല്ലത്തേക്ക് നഷ്ടം നികത്തുമെന്നായിരുന്നു ഒറിജിനല്‍ ബില്ലില്‍. സെലക്ട് കമിറ്റി ശുപാര്‍ശപ്രകാരം അത് അഞ്ചുകൊല്ലം വരെ എന്ന കൃത്യതയുണ്ടാക്കി.

ഇരട്ട നികുതിസമ്പ്രദായമാണ് നിലവില്‍വരുന്നത്. സംസ്ഥാന ചരക്ക്സേവന നികുതിയുണ്ടാകും. കേന്ദ്ര ചരക്ക്സേവന നികുതിയുമുണ്ടാകും. അന്തര്‍സംസ്ഥാന വ്യാപാരത്തിന്മേല്‍ കേന്ദ്രത്തിന്റെ സംയോജിത ചരക്ക്സേവന നികുതിയുമുണ്ടാകും. അവയ്ക്ക് പുറമെയായിരുന്നു ഒരുശതമാനം അധിക നികുതി ചുമത്താനുള്ള നിര്‍ദേശം. ആ നിര്‍ദേശം പിന്‍വലിച്ചിരിക്കുന്നു.
ഒരു പുതിയ നികുതിസമ്പ്രദായം ഏര്‍പ്പെടുത്തുമ്പോള്‍ പ്രായോഗികവും നിയമപരവുമായ പ്രശ്നങ്ങള്‍ അനവധി ഉയര്‍ന്നുവരും. എണ്ണമറ്റ ചരക്കുകളും സേവനങ്ങളും ഒപ്പം സംസ്ഥാനങ്ങളും കേന്ദ്രവും എല്ലാം ബന്ധപ്പെടുന്നതുകൊണ്ട് പ്രശ്നങ്ങള്‍ക്ക് സങ്കീര്‍ണതയേറും. അവ പരിഹരിക്കുന്ന ചുമതല സംസ്ഥാന ധനമന്ത്രിമാരും കേന്ദ്ര ധനമന്ത്രിമാരും ഉള്‍പ്പെട്ട ജിഎസ്ടി കൌണ്‍സിലിനായിരുന്നു ഒറിജിനല്‍ ബില്ലില്‍. അതില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ജിഎസ്ടി കൌണ്‍സില്‍ നിര്‍ദേശിക്കുന്ന ഒരു പ്രത്യേക തര്‍ക്കപരിഹാര സംവിധാനമായിരിക്കും അവ പരിശോധിക്കുക. ആ സംവിധാനത്തില്‍ കേന്ദ്രത്തിന് വീറ്റോ അധികാരമുണ്ട്. സംസ്ഥാനങ്ങള്‍ക്കുമുണ്ട് വീറ്റോ അധികാരം.

ഇന്ത്യയാകെ ഒരൊറ്റ വിപണിയും ബാധകമായ ഒരൊറ്റ നികുതി നിരക്കുമാകുമ്പോള്‍, ചരക്കുകളുടെ സുഗമമായ ഒഴുക്ക് സാധ്യമാകും. വ്യാപാരം വര്‍ധിക്കും. വ്യാപാരവര്‍ധന ഉല്‍പ്പാദന വളര്‍ച്ചയ്ക്ക് കരുത്തേകും. നികുതി ആനുകൂല്യവും നല്‍കി അന്യസംസ്ഥാനങ്ങളില്‍നിന്ന് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധ്യമല്ലാതാകും. കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് നിക്ഷേപകര്‍ നീങ്ങുന്ന കാരണമായി പറയപ്പെട്ടിരുന്നത് അവിടങ്ങളില്‍ നിലവിലുള്ള കുറഞ്ഞ നികുതി നിരക്കാണ്. ആ പ്രശ്നത്തിന് ജിഎസ്ടി വരുന്നതോടെ പരിഹാരമാകും. നികുതിവെട്ടിപ്പ് കുറയുന്നതിനും സാധ്യതയേറി.

നാല്‍പ്പത്തെട്ട് പാര്‍ടിയുണ്ട് പാര്‍ലമെന്റില്‍. അവയെ ഓരോന്നിനെയും പൂര്‍ണമായി വിശ്വസത്തിലെടുത്തല്ല അരുണ്‍ ജെയ്റ്റിലി മുന്നോട്ടുപോയത്. പ്രധാന പ്രതിപക്ഷകക്ഷിയുമായി സംസാരിച്ചാല്‍ മതിയാകുമെന്ന ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടത്. ഇത് ജനാധിപത്യപരമല്ല. ഇടതുപക്ഷ പാര്‍ടികളുമായി ഗൌരവകരമായ ആശയസംവാദത്തിന് ഗവണ്‍മെന്റ് സന്നദ്ധമായില്ല. ബിജെപിയുടെ സ്വേച്ഛാധിപത്യമുഖമാണ് അത് കാണിക്കുന്നത്. അഥവാ കമ്യൂണിസ്റ്റ്കാരോടുള്ള വര്‍ഗീയകക്ഷിയുടെ അസഹിഷ്ണതയും.
ഫെഡറല്‍ ഭരണഘടനയാണ് ഇന്ത്യയുടേത്. ഫെഡറല്‍ സംവിധാനത്തിന്റെ കരുത്ത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ സുഗമമായ സാമ്പത്തിക ബന്ധമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശങ്ങള്‍ അംഗീകരിക്കുകയാണ് അതില്‍ പ്രധാനം. ചരക്ക്സേവന നിയമം നടപ്പാക്കുന്നതോടെ നികുതിനിരക്ക് ചര്‍ച്ചചെയ്യാനുള്ള സംസ്ഥനങ്ങളുടെ അവകാശം കവര്‍ന്നെടുക്കപ്പെടുന്നു. ഈ പ്രശ്നം ചര്‍ച്ചകളിലും തീരുമാനങ്ങളിലും വേണ്ടത്ര ഇടം നേടിയില്ല. സംസ്ഥാനങ്ങളോടുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയുംചിറ്റമ്മ നയമാണ് അതിനുകാരണം.
ചരക്ക്സേവന നികുതി ബില്‍ രാജ്യസഭ അംഗീകരിച്ചെങ്കിലും കടമ്പകള്‍ അനവധിയുണ്ട്. ഭേദഗതികളോടെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. അതുകൊണ്ട് ബില്‍ വീണ്ടും ലോക്സഭ പരിഗണിക്കണം. തുടര്‍ന്ന് സംസ്ഥാന നിയമസഭകള്‍ സംസ്ഥാന ചരക്ക്സേവന നികുതി ബില്ലുകള്‍ പാസാക്കണം. 29 സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം (15) അംഗീകരിച്ചാല്‍ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചതായി പരിഗണിക്കും. സംസ്ഥാനങ്ങളും കേന്ദ്രവും തങ്ങളുടേതായ നടപടിയും ചട്ടവും ഉണ്ടാക്കണം.

നികുതിനിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പരിഗണനാവിഷയമാണ്. 18 ശതമാനത്തില്‍ കൂടരുതെന്ന ധാരണയുണ്ട്. കുറയ്ക്കുന്നതാണ് സാധാരണക്കാര്‍ക്ക് ഗുണം. പരോക്ഷ നികുതി എല്ലാവരുടെയുംമേല്‍ പതിക്കുന്നു. പ്രത്യക്ഷനികുതി പണക്കാരുടെമേലും. ഇന്ത്യയില്‍ പരോക്ഷനികുതിയാണ് കൂടുതല്‍. നികുതിവരുമാനത്തില്‍ ആദായനികുതി ഉള്‍പ്പെടെയുള്ള പ്രത്യക്ഷനികുതിയുടെ പങ്ക് 35 ശതമാനമാണ്. 65 ശതമാനം ലഭിക്കുന്നത് പരോക്ഷനികുതിയില്‍ നിന്നാണ്. കോര്‍പറേറ്റ് നികുതിദായകര്‍ അനവധി നികുതി ആനൂകൂല്യങ്ങളും ഇളവുകളും അനുഭവിക്കുന്നുണ്ട്. അവയ്ക്ക് അനുകൂലമായാണ് ബജറ്റുകള്‍ തയ്യാറാക്കപ്പെടുന്നത്. ആയതിനാല്‍ പരോക്ഷ നികുതിനിരക്ക് സംബന്ധിച്ച് വിപുലമായ ചര്‍ച്ചയും കൂടിയാലോചയും ആവശ്യമാണ്.

നികുതി നിരക്ക് നിര്‍ദേശം മണിബില്‍ രൂപത്തില്‍ ലോക്സഭയില്‍ അവതരിപ്പിച്ചാല്‍ തുടര്‍ന്ന് രാജ്യസഭയ്ക്ക് അത് നിരസിക്കാന്‍ അവകാശമില്ല. ഫിനാന്‍സ് ബില്ലിന്റെ രൂപത്തിലാണെങ്കില്‍ ലോക്സഭ അംഗീകരിക്കുന്നതുപോലെ രാജ്യസഭയും അംഗീകരിക്കേണ്ടതുണ്ട്. ഫിനാന്‍സ് ബില്ലായി അവതരിപ്പിക്കണമെന്ന ആവശ്യത്തിന്മേല്‍ അരുണ്‍ ജെയ്റ്റിലി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചരക്ക്സേവന ഭരണഘടനാ ഭേദഗതി ബില്‍ അംഗീകരിച്ചുകിട്ടിയാല്‍ ഇനിയെല്ലാം സര്‍ക്കാര്‍ നിശ്ചയിക്കുമെന്ന ധാര്‍ഷ്ട്യം

ദളിതരും മനുഷ്യരാണ്


ദളിതരും മനുഷ്യരാണ്
 
ദേശാഭിമാനി എഡിറ്റോറിയൽ, Wednesday Jul 27, 2016 

ഏറ്റവുമൊടുവില്‍ കേട്ടത്, വടക്കന്‍ ഡല്‍ഹിയില്‍ ജനനേന്ദ്രിയത്തിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതമേറ്റ്, ആസിഡോ കീടനാശിനിയോ ആമാശയത്തെ ദ്രവിപ്പിച്ച് വേദനയുടെ കൊടുമുടികയറിയാണ് ദളിത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത് എന്ന വാര്‍ത്തയാണ്. അതിക്രമം ആ മരണംകൊണ്ടും അവസാനിച്ചിട്ടില്ല. മുഖ്യപ്രതിയുടെ ഗുണ്ടകള്‍ തന്റെ മകനെയും മകളെയും ഭീഷണിപ്പെടുത്തുകയാണെന്നും ആഴ്ചകളായി മകന്‍ സ്കൂളില്‍ പോകുന്നില്ലെന്നും ഇളയ മകളെയും അക്രമികള്‍ തട്ടിക്കൊണ്ടുപോകുമോ എന്ന ഭയംകാരണം ഉറങ്ങാനാകുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ ലോകത്തോട് വിളിച്ചുപറയുകയാണ്.  പെണ്‍കുട്ടിയെ ശിവശങ്കറും കൂട്ടരുമാണ് ബലാത്സംഗംചെയ്തത്.  ബലാത്സംഗത്തിന് ഇരയാക്കിയശേഷം മെയ് 15ന് പ്രതികള്‍ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി. മെയ് 26 വരെ അജ്ഞാതകേന്ദ്രത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. ആഴ്ചകള്‍നീണ്ട കൂട്ടബലാത്സംഗത്തിലും മര്‍ദനത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് തിരികെ ലഭിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ ദളിത് ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പെണ്‍കുട്ടിയുടെ അനുഭവം.  
ഗുജറാത്തിലേക്ക് നോക്കുക. ജൂലൈ 11ന് ഗുജറാത്തിലെ സൌരാഷ്ട്രമേഖലയിലെ ഗ്രാമത്തില്‍ ചത്ത പശുവിന്റെ തോല്‍ ശേഖരിച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ സംഘപരിവാറുകാരായ ഗോസംരക്ഷകര്‍ കെട്ടിയിട്ട് തല്ലിച്ചതയ്ക്കുകയും നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയുംചെയ്തു. പൊലീസ് സ്റ്റേഷനു മുന്നിലൂടെയാണ് പശുസംരക്ഷകര്‍ ഈ ദളിത് യുവാക്കളെ നഗ്നരാക്കി ഇരുമ്പുദണ്ഡുകൊണ്ട് തല്ലിച്ചതച്ച് നടത്തിച്ചത്. ജൂലൈ ആദ്യം പോര്‍ബന്ധറിനടുത്ത് ദളിത് കൃഷിക്കാരന്‍ പൊതു മേച്ചില്‍സ്ഥലത്തിനു സമീപം കൃഷിചെയ്തെന്ന് ആരോപിച്ച് സവര്‍ണരായ ഗ്രാമീണര്‍ തല്ലിക്കൊന്നിരുന്നു. അഹമ്മദാബാദില്‍ കോടതി ക്ളര്‍ക്കായിരുന്ന കേതന്‍ കൊരാഡിയ എന്ന ദളിത് യുവാവ് ആത്മഹത്യചെയ്തത് ഓഫീസില്‍ സഹപ്രവര്‍ത്തകരില്‍നിന്നും അധികാരികളില്‍നിന്നും നേരിടേണ്ടിവന്ന ജാതിവിവേചനത്തിലും അവഹേളനത്തിലും മനംനൊന്താണ്. ഗുജറാത്ത് ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനസാതന്ത്യ്രമില്ല.
ചായക്കടകളിലിരിക്കാനോ ഭക്ഷണം കഴിക്കാനോ അനുവാദമില്ല. പൊതുശ്മശാനങ്ങളില്‍ ശവസംസ്കാരം നിഷിദ്ധം. ഹരിയാനയില്‍ ദളിത് കുട്ടികളെ ചുട്ടുകൊന്നപ്പോള്‍ കേന്ദ്രമന്ത്രി വി കെ സിങ് പട്ടിക്കുട്ടികള്‍ കൊല്ലപ്പെട്ടതിനോടാണ് ഉപമിച്ചത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ദുരന്തം ദളിതരോടുള്ള മനോഭാവത്തിന്റെ മറ്റൊരു സൂചികയാണ്.

ഗുജറാത്തിലെ ദളിത് ജനവിഭാഗത്തിന്റെ രോഷം തിളച്ചുമറിഞ്ഞു. ഇരുപതോളം ദളിത് യുവാക്കള്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആത്മഹത്യക്കൊരുങ്ങി. ഒരാള്‍ വിഷദ്രാവകം ഉള്ളില്‍ച്ചെന്ന് മരണമടഞ്ഞു. സൌരാഷ്ട്ര കലക്ടറേറ്റിനുമുന്നില്‍ പ്രതിഷേധപ്രകടനക്കാര്‍ ചത്തമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍കൊണ്ടിട്ട്  രോഷം പ്രകടിപ്പിച്ചു. ഈ രോഷത്തിന്റെ പ്രതിഫലനം പാര്‍ലമെന്റിലുമുണ്ടായി. അതോടെ, ബിജെപിയും മോഡിസര്‍ക്കാരും പ്രതികരിക്കേണ്ടിവന്നു. ബിജെപിയുടെ ദളിത് വിരുദ്ധ മുഖം ലോകത്തിനുമുന്നില്‍ തുറന്നുകാട്ടപ്പെട്ട അനുഭവമാണിത്. അതേസമയം തന്നെയാണ്, ബിഎസ്പി നേതാവ് മായാവതിയെ യുപിയിലെ ബിജെപി വൈസ് പ്രസിഡന്റ് ദയാശങ്കര്‍ സിങ് ലൈംഗികത്തൊഴിലാളികളോട് ഉപമിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിഷേധമുയര്‍ന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ ദയാശങ്കറിനെ ഭാരവാഹിത്വത്തില്‍നിന്ന് നീക്കംചെയ്യാന്‍ ബിജെപി നിര്‍ബന്ധിതമായി.

രാജ്യത്തെ ദളിതരെ രഷിക്കാനല്ല, ശിഷിക്കാനാണ് ബിജെപി യുടെ എക്കാലത്തെയും ശ്രമം. ദളിതരെ മനുഷ്യരായിപ്പോലും കണക്കാക്കാത്ത പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിന്റേത്. അതിന്റെ ബഹിര്‍സ്ഫുരണമാണ് അടിക്കടിയുണ്ടാകുന്ന ദളിത് വിരുദ്ധ ആക്രമണങ്ങളില്‍ കാണാനാവുക. രോഹിത് വെമുല ദളിതനല്ലെന്നു സ്ഥാപിക്കാന്‍ രേഖചമയ്ക്കാന്‍ ശ്രമിച്ചതുമുതല്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ ഈ മനോഭാവം തെളിയിക്കാനായി ചൂണ്ടിക്കാട്ടാവുന്നതാണ്. ദളിതര്‍ മനുഷ്യരാണെന്നു സ്ഥാപിക്കാന്‍ പോരാടേണ്ടിവരുന്ന അവസ്ഥയിലാണ് ഇന്നത്തെ ഇന്ത്യ. ദളിത് ജീവിതത്തിനുമുന്നില്‍ പുരോഗതിയുടെ വഴി കൊട്ടിയടച്ചത് കോണ്‍ഗ്രസാണെങ്കില്‍, ദളിത് പീഡനത്തിന്റെ പുത്തന്‍വഴികളിലൂടെ സഞ്ചരിക്കുന്നത് സംഘപരിവാറാണ്. വോട്ടുയന്ത്രങ്ങള്‍ മാത്രമായി ദളിത് ജനതയെ കാണുകയും അതിനായി ഇരുളടഞ്ഞ ലോകത്ത് അവരെ തളച്ചിടാന്‍ ശ്രമിക്കുകയുംചെയ്യുന്ന രാഷ്ട്രീയത്തെയാണ് ബിജെപിയും കോണ്‍ഗ്രസും പ്രതിനിധാനംചെയ്യുന്നത്. ആ രാഷ്ട്രീയത്തിന്റെ തണലിലാണ് ദളിത് പെണ്‍കുട്ടിക്ക് നരകയാതനയനുഭവിച്ച് മരിക്കേണ്ടിവരികയും ഇരയുടെ കുടുംബം വീണ്ടും വേട്ടയാടപ്പെടുകയും ചെയ്യുന്നത്. ഇതിനെതിരായ പോരാട്ടം ദളിതരുടെ സ്വകാര്യതയല്ല. സമൂഹമാകെ അതില്‍ അണിചേരേണ്ടതുണ്ട്

Sunday, January 24, 2016

ആത്മഹത്യയുടെ രാഷ്ട്രീയം

ആത്മഹത്യയുടെ രാഷ്ട്രീയം

Deshabhimani, Wednesday Jan 20, 2016

പ്രഭാവര്‍മ്മ

രാഷ്ട്രഭരണഘടനയെ മനുസ്മൃതികൊണ്ടു പകരംവയ്ക്കാന്‍ വ്യഗ്രതപ്പെടുന്ന സംഘപരിവാറിന്റെ ഭരണരാഷ്ട്രീയ സംവിധാനമാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയെന്ന ദളിത് വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്കു തള്ളിവിട്ടത്. ഭാവി ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക ജ്ഞാനരംഗത്തെ ഭാഗധേയം നിര്‍ണയിക്കേണ്ടിയിരുന്ന ഗവേഷണപ്രതിഭയെ കുരുന്നിലേ തല്ലിക്കെടുത്തിയത് ബ്രാഹ്മണാധിപത്യ ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്ന സംഘപരിവാറിന്റെ ഭരണരാഷ്ട്രീയ വ്യവസ്ഥിതിയാണ്. ഈ സത്യത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ടേ ആ ആത്മഹത്യയെ പരിശോധിക്കാനാകൂ.
ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്നു പറയുന്നത് എന്ത് അസംബന്ധമാണെന്ന് ഒരു സംഘപരിവാര്‍ വക്താവ് ഇംഗ്ളീഷ് ചാനലില്‍ ചോദിക്കുന്നതു കേട്ടു. കലാലയരാഷ്ട്രീയത്തിന്റെ ഭാഗമായി ഒരു വിദ്യാര്‍ഥി നല്‍കുന്ന പരാതിക്കുമേല്‍ നടപടി എടുക്കുന്നത് വൈസ് ചാന്‍സലറല്ല, കേന്ദ്രമന്ത്രിയാണ് എന്നുവരുന്ന അസംബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് എന്ന് ആരും ചര്‍ച്ചയില്‍ പറഞ്ഞുകണ്ടില്ല. പരാതി ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിക്കെതിരെയാണെന്നു വന്നപ്പോള്‍ തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ഇടപെടുന്നു. മനുഷ്യവിഭവമന്ത്രി സ്മൃതി ഇറാനി നടപടി നിര്‍ദേശിക്കുന്നു. എവിടെപ്പോയി നമ്മുടെ സര്‍വകലാശാലയുടെ ജനാധിപത്യഘടനയും സ്വയംഭരണാധികാരവും അക്കാദമിക് സ്വാതന്ത്യ്രവും മറ്റും? ഇന്ത്യയിലെ ഏതെല്ലാം കോളേജുകളില്‍ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിനിടെ പരാതികള്‍ ഉയര്‍ന്നിരിക്കുന്നു. അവിടെയൊന്നുമില്ലാത്ത കേന്ദ്ര ഇടപെടല്‍ ഇവിടെ എങ്ങനെയുണ്ടായി? ഈ ചോദ്യത്തിന്റെ ഉത്തരം ഒന്നുമാത്രം. അങ്ങേത്തട്ടില്‍ നില്‍ക്കുന്നത് ദളിത് സമുദായത്തില്‍പ്പെട്ടവനാണെന്നതുമാത്രം!

ദളിതന്‍ പഠിക്കാനേ പാടില്ല എന്ന വിശ്വാസക്കാരാണ് സംഘപരിവാറുകാര്‍. ഇവിടെ ഇതാ ഒരു ദളിതന്‍ പഠിച്ചു മിടുക്കനായി നെറ്റും ജെആര്‍എഫും ഒക്കെ എടുത്ത് ഗവേഷകനായി നില്‍ക്കുന്നു. ഏകലവ്യന്റെ പെരുവിരലെടുത്ത, ശംബൂകന്റെ കഴുത്തറുത്ത ആ ജീര്‍ണസംസ്കാരം സഹിക്കുമോ അത്? ആ അസഹിഷ്ണുതയാണ് ദത്താത്രേയന്റെയും സ്മൃതി ഇറാനിയുടെയും രൂപത്തില്‍ ഇടപെട്ടത്. 'ശൂദ്രം അക്ഷരസംയുക്തം ദൂരതപരിവര്‍ജ്ജയേല്‍' (അക്ഷരം പഠിച്ച ശൂദ്രനെ വര്‍ജിക്കണം) എന്ന സ്മൃതിവാക്യമാണ് സംഘപരിവാറിനെ നയിക്കുന്നത്. സംശയമുള്ളവര്‍ക്ക് മുന്‍ ആര്‍എസ്എസ് മേധാവി എം എസ് ഗോള്‍വാള്‍ക്കറുടെ വിചാരധാര (Bunch of Thought) പരിശോധിക്കാം. ധര്‍മമാണ് ജീവിതക്രമം എന്ന് അതില്‍ അദ്ദേഹം പറയുന്നു. ഏതു ധര്‍മത്തെക്കുറിച്ചാണ് പറയുന്നത് എന്നു സംശയിക്കേണ്ട, വര്‍ണാശ്രമധര്‍മം തന്നെ. അതായത് ബ്രാഹ്മണനെ ഏറ്റവും മുകള്‍ത്തട്ടിലും ശൂദ്രനെ ഏറ്റവും താഴെത്തട്ടിലും സ്ഥാപിക്കുന്ന സാമുദായിക ഘടന. ഈ ഘടനയുടെ താഴെത്തട്ടിലുള്ള ശൂദ്രനുപോലും അറിവുനേടല്‍ വിധിച്ചിട്ടില്ല. അപ്പോള്‍ ആ ഘടനയിലേ പെടാത്ത ദളിതന്‍ പഠിക്കാന്‍ തുടങ്ങിയാലോ? അന്ന് ഏകലവ്യന് പെരുവിരല്‍ നഷ്ടപ്പെട്ടു; ശംബൂകന് ശിരസ്സ് നഷ്ടപ്പെട്ടു; ഇന്ന് രോഹിതിനു ജീവന്‍ നഷ്ടപ്പെട്ടു.

ജാതിസമ്പ്രദായം നമ്മുടെ പ്രശസ്തമായ ദേശീയ ജീവിതത്തില്‍ ആയിരത്താണ്ടുകളായി നിലനിന്നുപോരുന്നുവെന്നും സാമുദായിക യോജിപ്പിന്റെ മഹത്തായ ശക്തിയായി അതു തുടരുന്നുവെന്നുമാണ് ഗോള്‍വാള്‍ക്കര്‍ പറയുന്നത്. ബ്രാഹ്മണേതര പ്രസ്ഥാനങ്ങള്‍ തലപൊക്കിത്തുടങ്ങിയപ്പോള്‍ അതിനെ ചെറുക്കാന്‍ പോരുന്ന പ്രസ്ഥാനം എന്ന നിലയ്ക്കാണ് ആര്‍എസ്എസ് സ്ഥാപിച്ചതുതന്നെ എന്നാണ് ഡോ. ഹെഡ്ഗേവാര്‍ അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ സി പി ഭിഷിക്കിനോടു പറഞ്ഞത്. ജീവചരിത്രത്തില്‍ അതു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 'സംഘവൃക്ഷത്തിന്റെ വിത്ത്' എന്നാണ് അതിന്റെ പേര്.
മുന്‍ ഹൈക്കോടതി ജഡ്ജിയായ ശങ്കര്‍ ശുഭ അയ്യര്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട്, മനു നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നു എന്നാണ്. മനുവിന്റെ നാളുകള്‍ കഴിഞ്ഞുപോയതായി അംബേദ്കര്‍ പറഞ്ഞെങ്കിലും നമുക്ക് ബാധകമാകുന്നത് മനുസ്മൃതിയിലെ തത്വങ്ങളും വിലക്കുകളും തന്നെയാണെന്നും അദ്ദേഹം പറയുന്നു. പൌരാണിക മനുസ്മൃതിയുമായുള്ള ബന്ധം വിച്ഛേദിച്ചതാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്നാണ് 'ആര്‍എസ്എസിന്റെ കഥ'യില്‍ ആര്‍എസ്എസ് ചിന്തകന്‍ കെ ആര്‍ മല്‍ഖാനി പറയുന്നത്. മനുസ്മൃതിയാകണം ഭരണഘടന എന്നു ചുരുക്കം.

എന്താണ് മനുസ്മൃതി പറയുന്നത്? ശൂദ്രന് അക്ഷരജ്ഞാനം ഉണ്ടായിക്കൂടാ. ധാന്യം പതിരുകലര്‍ത്തിയേ അളന്നുകൊടുക്കാവൂ. ജീര്‍ണവസ്ത്രമേ നല്‍കാവൂ. ഉച്ഛിഷ്ടമേ ആഹാരമായി കൊടുക്കാവൂ. ഏതെങ്കിലും ഒരു രാജാവ് അയാളുടെ ബുദ്ധിമോശത്തിന് ഒരു ശൂദ്രന് ധര്‍മനിര്‍ണയാധികാരം നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയാണ് സ്മൃതിവ്യവസ്ഥകള്‍. ശൂദ്രനുപോലും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ആ സ്മൃതിനിയമം, അതിനും താഴെയായി കാണുന്ന ദളിതന് ജീവിച്ചിരിക്കാനുള്ള അവകാശംകൂടി നിഷേധിക്കുന്നതില്‍ എന്താണ് അത്ഭുതം?  ആര്യപുരാതനരുടെ വംശമഹിമ പുനഃസ്ഥാപിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു; നാസിസം ശ്രമിച്ചു. പ്രാചീന റോമിന്റെ ജീര്‍ണാന്ധകാരം പുനഃസ്ഥാപിക്കാന്‍ മുസോളിനി ശ്രമിച്ചു; ഫാസിസം ശ്രമിച്ചു. അതേപോലെ, ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ജീര്‍ണബ്രാഹ്മണ്യാധികാര വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. അവിടെ ദളിതന് എന്ത് അവകാശം! ഈ ചിന്തയാണ് സംഘപരിവാര്‍ നേതാക്കളെ നയിക്കുന്നത്. ജാതി–മത–ലിംഗ–ഭാഷാ–പ്രദേശ ഭേദങ്ങള്‍ക്കതീതമായ നിയമത്തിനുമുന്നിലെ തുല്യത എന്ന ഭരണഘടനാതത്വം അവര്‍ക്കു ബാധകമേ അല്ല.

ദളിതുകളുടെ ഒരു അവകാശസമരത്തെയും സംഘപരിവാര്‍ പിന്തുണച്ച ചരിത്രമില്ല. ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള ദളിത് സമരങ്ങള്‍ ഇപ്പോഴും നടക്കുന്ന സ്ഥലങ്ങളുണ്ട്. അവിടെയൊക്കെ എതിര്‍പക്ഷത്താണ് ആര്‍എസ്എസ്. തലസ്ഥാന നഗരത്തിലെ വസന്ത്കുഞ്ജില്‍ ആര്‍എസ്എസുകാര്‍ വേദപഠന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തറക്കല്ലിടല്‍ നടത്തിയപ്പോള്‍ 'അന്തരീക്ഷം മലിനമാകാതിരിക്കാന്‍' എന്നുപറഞ്ഞ് പത്ത് ദളിത് കുടുംബങ്ങളെ അവിടെനിന്ന് ഒഴിപ്പിച്ച സംഭവം വിദൂരഭൂതകാലത്തല്ല ഉണ്ടായത്. ഉമാഭാരതി മുഖ്യമന്ത്രിയായിരുന്നകാലത്ത് ഗോവധ നിരോധന ഓര്‍ഡിനന്‍സിറക്കിയപ്പോള്‍ അതില്‍ നിയമവകുപ്പുകളല്ല, മറിച്ച് മനുസ്മൃതി സൂക്തങ്ങളായിരുന്നു ഉദ്ധരിച്ചത്. ദളിത് വിഭാഗത്തില്‍പ്പെട്ടവരെ മനുഷ്യരായേ കണക്കാക്കേണ്ടതില്ല എന്നു വിശ്വസിക്കുന്ന സവര്‍ണാധിപത്യത്തിന്റെ ജീര്‍ണശക്തികളാണ് രാജ്യഭരണം നടത്തുന്നത്.

ഈ അധികാരത്തണലിലാണ് ബീഫ് സൂക്ഷിച്ചു എന്ന് ആരോപിച്ച് ദാദ്രിയില്‍ ഒരു മുസ്ളിമിനെ തല്ലിക്കൊന്നതിനെമുതല്‍ ഹരിയാനയില്‍ രണ്ടു ദളിത് കുഞ്ഞുങ്ങളെ കൊന്നതിനെവരെ കാണാന്‍. ഇതേ അധികാരത്തിന്റെ തണലിലാണ് കര്‍ണാടകയിലെ ഹ്യുച്ചംഗി പ്രസാദ് എന്ന ദളിത് യുവസാഹിത്യകാരന്റെ വിരലുകളറുത്തതുമുതല്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിതിനെ ആത്മഹത്യയിലേക്കു തള്ളിവിട്ടതുവരെയുള്ള സംഭവങ്ങള്‍ നടക്കുന്നത്. ഹരിയാനയിലെ ജജ്ജാറില്‍ ചത്ത പശുവിന്റെ തോല്‍ ചെരിപ്പ് ഉണ്ടാക്കാന്‍ ഉരിഞ്ഞെടുത്ത അഞ്ചു ദളിതരെ കൊന്നത് ഈയിടെയാണ്. ദളിതര്‍ പശുവിനെ കൊന്നു എന്ന് പ്രചരിപ്പിച്ച് ഈ കൂട്ടക്കൊല നടത്തിയത് സംഘപരിവാര്‍ ശക്തികളാണ്. ദളിത് ആയതുകൊണ്ടുമാത്രം പ്രമോഷന്‍ നിഷേധിക്കപ്പെട്ട ഐഎഎസ് ഓഫീസര്‍ ഇസ്ളാമിലേക്ക് മതംമാറിയത് ഈയിടെയാണ്. ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഒരു പരമ്പരയിലെ കണ്ണികളാണിവ. മനുഷ്യത്വരഹിതമായ ഒരു കൂരിരുട്ടിന്റെ വാഴ്ച സ്ഥാപിക്കാനുള്ള സുസംഘടിതമായ ശ്രമങ്ങള്‍.

ഭരണഘടനയുടെ 51–ാം വകുപ്പ് പൌരന്റെ കടമയായി എടുത്തുപറയുന്നത് ശാസ്ത്രബോധം വളര്‍ത്തണമെന്നാണ്. എന്നാല്‍, ഇതിനു നേര്‍വിപരീതമായി പ്രധാനമന്ത്രിതന്നെ തുടരെ പ്രവര്‍ത്തിക്കുന്നു. പണ്ടേ ഇന്ത്യയില്‍ പ്ളാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നു എന്നതിനു തെളിവാണ് ആനയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഗണപതി എന്നു പറഞ്ഞുനടക്കുന്നത് പ്രധാനമന്ത്രിയാണ്. സ്റ്റെന്റ് ടെക്നോളജിയുണ്ടായിരുന്നതിനു തെളിവാണ് കര്‍ണന്‍ എന്നും പണ്ട് ഇവിടെ വിമാനമുണ്ടായിരുന്നുവെന്ന് രാമായണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഒക്കെയുള്ള വങ്കത്തങ്ങള്‍ പറഞ്ഞുനടക്കുകയാണ് ഒരു പ്രധാനമന്ത്രി. മുസോളിനി അധികാരത്തിന്റെ രാഷ്ട്രീയഭാഷയില്‍ മുന്നോട്ടുവച്ച പ്രധാന ചിന്തയാണ് 'ആന്റി പോസിറ്റീവിസം.'

മനുഷ്യമനസ്സ് ഉദ്ദീപിപ്പിക്കപ്പെടുന്നത് ശാസ്ത്രചിന്തകൊണ്ടോ യുക്തികൊണ്ടോ കാര്യകാരണവിചിന്തനംകൊണ്ടോ അല്ല എന്നും മറിച്ച്, മിത്തുകളും കെട്ടുകഥകളും തോന്നലുകളും വൈകാരിക പ്രതികരണങ്ങളും കൊണ്ടാണ് എന്നും കരുതുന്ന ചിന്തയാണ് ആന്റി പോസിറ്റീവിസം. ശാസ്ത്രതത്വങ്ങളെയും ചരിത്രവസ്തുതകളെയും മിത്തുകളും കെട്ടുകഥകളും ഐതിഹ്യങ്ങളും കൊണ്ടു പകരംവച്ച് ജനത്തെ പഴയകാല 'മഹിമ'യിലേക്കു തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കലാണത്. എന്തു പുതിയ കാര്യമുണ്ടായാലും പണ്ടേ അത് ഇവിടെ ഉണ്ടായിരുന്നു എന്നു വാദിക്കുന്ന മോഡി യഥാര്‍ഥത്തില്‍ നടപ്പാക്കുന്നത് പഴയതിന്റെ മഹത്വവല്‍ക്കരണമാണ്. ആ മഹത്വവല്‍ക്കരണത്തിന്റെ മറുവശമാണ് 'മഹിമ' ഇല്ലാത്തത് എന്ന് അവര്‍ കരുതുന്നതിനെ നാശിപ്പിക്കല്‍. പുതിയ ദളിത് വേട്ടകളില്‍ കാണുന്നത് മുസോളിനിയുടെ ഈ തന്ത്രം തന്നെയാണ്. ആദ്യം ഇസ്ളാം വേട്ടയായിരുന്നു. പിന്നെ ദളിത് വേട്ടയായി.

സംഘപരിവാറിന്റെ ഈ യഥാര്‍ഥ പശ്ചാത്തലവും തന്ത്രശാലിത്വവും കൂടുതല്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. അവരുടെ നശീകരണ കൂടാരത്തിലേക്ക് ഒറ്റിക്കൊടുക്കപ്പെടാതിരിക്കാന്‍ ഇത്തരം മനസ്സിലാക്കലുകള്‍ ഉണ്ടായേ പറ്റൂ. ജാതി പരിഗണനവച്ച് രോഹിതിനെയും മറ്റും അക്കാദമിക് സമൂഹത്തില്‍നിന്ന് ഊരുവിലക്കുകയാണ് യഥാര്‍ഥത്തില്‍ കേന്ദ്രമന്ത്രിമാര്‍ ചെയ്തത്. എബിവിപി എന്ന സംഘപരിവാര്‍ വിദ്യാര്‍ഥിസംഘടനയ്ക്കു പരാതിയുണ്ടായി എന്നതാണ് പ്രകോപനം. എബിവിപിപരാതി മറയാക്കി രോഹിത് അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളെ ദേശവിരുദ്ധരെന്നും തീവ്രവാദികളെന്നും മുദ്രയടിച്ച് തകര്‍ക്കാനായിരുന്നു ശ്രമം. ജീര്‍ണമായ ഒരു ഫ്യൂഡല്‍ മനോഘടനയില്‍നിന്നേ ജാതി അടിസ്ഥാനത്തിലുള്ള ഈ വിവേചനമുണ്ടാകൂ. മനുഷ്യത്വമില്ലായ്മയുടേതായ ഈ മനോഘടന സംഘപരിവാറിന്റെ രാഷ്ട്രീയ സൃഷ്ടിയാണ്.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ പതിനെട്ട് ദളിത് വിദ്യാര്‍ഥികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. രോഹിതിന്റെ ആത്മഹത്യയോടെ എണ്ണം പത്തൊമ്പതായി. രോഹിത് എന്റെ സഹോദരന്‍ എന്ന ചിന്തയുടെ തിരി മനസ്സില്‍ കൊളുത്തിവച്ചുകൊണ്ട് ജീര്‍ണമായ ബ്രാഹ്മിണിക്കല്‍ ഹിന്ദുത്വാധികാരത്തിന്റെ പുനഃസ്ഥാപനത്തിനെതിരായ പോരാട്ടത്തില്‍ മുഴുവന്‍ മനുഷ്യസ്നേഹികളും അണിനിരക്കേണ്ട ഘട്ടമാണിത്. അതാകട്ടെ, സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കലില്‍നിന്നു വേറിട്ട ഒന്നല്ലതാനും
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്