വധശിക്ഷ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
ദേശാഭിമാനി, by പി കരുണാകരന് on 12-August-2015
ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെതന്നെ അത്യപൂര്‍വ സംഭവങ്ങള്‍ക്കാണ് രാജ്യം ജൂലൈ 30ന് സാക്ഷിയായത്. മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. വീണ്ടും നല്‍കിയ ദയാഹര്‍ജിയില്‍ ജൂലൈ 30ന് രാത്രി പത്തോടെയാണ് രാഷ്ട്രപതി തീരുമാനമെടുത്തത്. വൈകിട്ട് ആറുമുതല്‍ 10വരെ അഭ്യന്തരമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ദയാഹര്‍ജി തള്ളാനുള്ള തീരുമാനം രാഷ്ട്രപതി വീണ്ടും കൈക്കൊണ്ടത്.
ദയാഹര്‍ജി തള്ളിയെങ്കിലും വധശിക്ഷയ്ക്ക് സാവകാശം തേടി മേമന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചു. പുലര്‍ച്ചെ മൂന്നോടെ ഈ ഹര്‍ജി കോടതി പരിഗണിച്ചു. നേരത്തേ വിധി പറഞ്ഞ മൂന്നംഗ ബെഞ്ചുതന്നെ ഹര്‍ജി പരിഗണിച്ചു. പ്രശസ്ത അഭിഭാഷകരായ ആനന്ദ് ഗ്രോവര്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ഹാജരായി. അറ്റോര്‍ണി ജനറല്‍ വിചാരണാ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. മഹാരാഷ്ട്ര സര്‍ക്കാരും രാഷ്ട്രപതിയും ദയാഹര്‍ജി നേരത്തേതന്നെ തള്ളി എന്നതായിരുന്നു സര്‍ക്കാരിന്റെ മുഖ്യവാദം. ആദ്യം വിധിപറഞ്ഞ ജഡ്ജിമാരെത്തന്നെ പുതിയ ഹര്‍ജി കേള്‍ക്കാന്‍ ചുമതലപ്പെടുത്തിയതു സംബന്ധിച്ച് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. സ്വാഭാവികമായും അവര്‍ മണിക്കൂറുകള്‍ക്കുമുമ്പ് നടത്തിയ വിധിയില്‍ പുനര്‍ചിന്തനമുണ്ടാകില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിമര്‍ശം. തുടര്‍ന്ന് അന്തിമവിധി വന്നതോടെ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ പുലര്‍ച്ചെ 6.43ന് വധശിക്ഷ നടപ്പാക്കി.
കോടതിവിധി അന്തിമമാണ്, നിയമം നിയമത്തിന്റെ വഴിക്ക്, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതാണ് തുടങ്ങി ഒട്ടേറെ ചര്‍ച്ചകള്‍ ഇതുസംബന്ധിച്ച് ഉയര്‍ന്നു. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ കോടതിവിധി നടപ്പാക്കുന്നതിനുമുമ്പ് രാഷ്ട്രപതിക്ക് നിവേദനം നല്‍കി. കുറ്റവാളികളെ ശിക്ഷിക്കരുതെന്ന വാദഗതിയല്ല അവര്‍ ഉന്നയിച്ചത്. ലോകത്ത് തൊണ്ണൂറ്റിയേഴോളം രാജ്യങ്ങളില്‍ വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിലും വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം പല വേദികളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.അത്യപൂര്‍വ കേസുകളില്‍മാത്രമാണ് വധശിക്ഷ നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് നിയമജ്ഞരുടെ ഇടയില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായമുണ്ട്. കുറ്റംചെയ്ത ഒരാളെ ശിക്ഷിക്കാം, പക്ഷേ അയാളുടെ ജീവനെടുക്കാന്‍ അവകാശമില്ല എന്ന വാദം ഉയര്‍ന്നു. മറ്റൊരു ശ്രദ്ധേയ വാദഗതി, സാമ്പത്തികശേഷി ഉള്ളവര്‍ മേല്‍ക്കോടതിയില്‍നിന്ന് ശിക്ഷയില്‍ ഇളവുനേടുന്നു എന്നതാണ്. മാത്രമല്ല, നിരവധി കേസുകളില്‍ കീഴ്ക്കോടതികള്‍ വധശിക്ഷ വിധിച്ചത് മേല്‍ക്കോടതി റദ്ദാക്കുകയോ ജീവപര്യന്തമായി ഇളവുചെയ്യുകയോ ചെയ്തിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ എത്തുന്ന നിഗമനങ്ങളില്‍ ജഡ്ജിമാര്‍ക്കിടയില്‍പ്പോലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും എന്നതിന് തെളിവാണിത്.
കീഴ്ക്കോടതി വിധിക്കെതിരെ തീരുമാനമെടുക്കാനുള്ള അധികാരം മേല്‍ക്കോടതിക്കില്ലായിരുന്നെങ്കില്‍ എത്രയോ പേര്‍ തൂക്കിലേറ്റപ്പെടുമായിരുന്നു. ഇത് പരിഗണിക്കേണ്ട വിഷയംതന്നെ. കുറ്റം ചെയ്തിട്ടും കേസില്‍പ്പെടാത്തവരുമുണ്ട്് എന്നതും വിസ്മരിക്കാനാകില്ല. 2000 മുതല്‍ 2015 വരെ വിവിധ കോടതികളിലെ വധശിക്ഷയുമായി ബന്ധപ്പെട്ട വിധി പരിശോധിക്കുന്നത് ഉചിതമാകും. ഈ കാലഘട്ടത്തില്‍ 1790 പേരെയാണ് വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതില്‍ ഹൈക്കോടതി 55.5 ശതമാനം പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തു. 27.8 ശതമാനം പേരെ നിരപരാധികളെന്ന് കണ്ട് വിട്ടയച്ചു. ബാക്കി കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തില്‍ ഹൈക്കോടതി വധശിക്ഷ വിധിച്ച 212 പേരില്‍ ഏഴുപേരുടെ ശിക്ഷമാത്രമാണ് സുപ്രീം കോടതി അംഗീകരിച്ചത്. 1986നും 1995നുമിടയില്‍ ടാഡ കോടതി 23 തടവുകാര്‍ക്ക് വധശിക്ഷ വിധിച്ചു. ഇതില്‍ 16 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഇളവുചെയ്തു. ഇതില്‍നിന്ന് വ്യക്തമാകുന്നത് വിചാരണക്കോടതി എടുത്ത തീരുമാനത്തില്‍ വലിയ മാറ്റമാണ് ഹൈക്കോടതി വരുത്തിയത് എന്നാണ്.
അതുപോലെ, ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയും തീരുമാനമെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വധശിക്ഷ ഒഴിവാക്കേണ്ടതാണ് എന്ന വാദം കൂടുതല്‍ അര്‍ഥവത്താകുന്നു. മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് കോടതി തീരുമാനങ്ങള്‍ക്കപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ ഉയരുന്നുണ്ട്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണകമീഷന്‍ റിപ്പോര്‍ട്ടിലെ ചിലഭാഗങ്ങള്‍ ഇതിന് തെളിവാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമിച്ച കമീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ചൂണ്ടിക്കാണിച്ച ഒരു കാര്യം 1992ലെയും 1993ലെയും സ്ഫോടന പരമ്പരകള്‍ക്ക് മറ്റേതെങ്കിലും സംഭവവുമായി ബന്ധമുണ്ടോ, പ്രത്യേകിച്ച് മുംബൈ കലാപവുമായി എന്നാണ്. കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത് മുംബൈ കലാപം, ബാബറി മസ്ജിദ് തകര്‍ത്ത സംഭവം എന്നിവയുമായി ഇതിന് വൈകാരിക ബന്ധമുണ്ട് എന്നാണ്. എന്നാല്‍, അതുകൊണ്ട് നൂറുകണക്കിന് ആളുകളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കിയ സ്ഫോടനപരമ്പരകളെ ന്യായീകരിക്കാനാകില്ല. അതേസമയം ഇതിലേക്ക് വഴിതെളിച്ച സംഭവങ്ങളും വിസ്മരിക്കാനാകില്ല.രാഷ്ട്രപിതാവിനെ കൊലചെയ്തത് ഹിന്ദു തീവ്രവാദത്തിന്റെ മുഖമായ ആര്‍എസ്എസാണ്. ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിനുപിന്നില്‍ സിഖ് തീവ്രവാദികളാണ്. തുടര്‍ന്ന് സിഖ് ജനവിഭാഗങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടന്ന കൂട്ടക്കൊല തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത് തീവ്രവാദ സംഘടനയായ എല്‍ടിടിയുടെ മുന്‍കൈയോടെയാണ്. വര്‍ഗീയതയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും പഠിക്കാനും ചിന്തിക്കാനുമുള്ള ഒട്ടേറെ ചരിത്ര അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ജുഡീഷ്യറിയായാലും സര്‍ക്കാരായാലും എടുത്ത തീരുമാനങ്ങള്‍ എങ്ങനെ ഈ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഫലിക്കുമെന്നതും നാം കണ്ടു. യാക്കൂബ് മേമന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോള്‍ രാജ്യത്തെയാകെ ഞെട്ടിപ്പിച്ച മറ്റ് ചില വര്‍ഗീയ കലാപങ്ങളില്‍ പങ്കാളികളായവര്‍ ഒഴിവാക്കപ്പെടുന്നു എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
മുംബൈ വര്‍ഗീയ കലാപത്തെക്കുറിച്ചും സിഖുകാര്‍ക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ചുമുള്ള ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ഉത്തരവാദിയായവര്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. വധശിക്ഷയ്ക്കുമുമ്പ് അഫ്സല്‍ ഗുരുവിന് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരംപോലും നല്‍കിയില്ലെന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. മുംബൈ സ്ഫോടനപരമ്പരയില്‍ ടാഡ കോടതിയുടെ നിഗമനങ്ങളെ പലരും ചോദ്യംചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണകമീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമാണെന്നാണ്. മേമന്‍ കുടുംബത്തിലെ ടൈഗര്‍ മേമന്‍ ഐഎസ്ഐയുമായി ബന്ധപ്പെട്ടതറിഞ്ഞപ്പോള്‍ പിതാവ് അബ്ദുള്‍ റസാഖ് മേമന്‍ അദ്ദേഹത്തെ ഭീകരമായി മര്‍ദിച്ചു എന്നാണ് റിപ്പോര്‍ട്ട്. ടൈഗര്‍ മേമനായിരുന്നു സംഭവത്തിലെ പ്രധാന കണ്ണി. യാക്കൂബ് മേമന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു. കേസില്‍ പ്രതിയായ അദ്ദേഹം പാകിസ്ഥാനിലായിരുന്നു. തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കുന്നതിലും അവ കോടതിമുന്നില്‍ അവതരിപ്പിക്കുന്നതിലും പ്രോസിക്യൂഷന് വീഴ്ച വന്നു എന്ന വിമര്‍ശവുമുണ്ട്. യാക്കൂബ് മേമന്‍ കീഴടങ്ങിയതാണെന്നും പാകിസ്ഥാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹമാണ് നല്‍കിയതെന്നുമുള്ള വസ്തുതകള്‍ വിചാരണക്കോടതിയുടെ മുന്നില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചിട്ടില്ല. മേമന്‍ കുടുംബത്തിലെ ഏതാണ്ടെല്ലാവരും ഈ കേസില്‍ പ്രതികളായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിപോലും തടവിന് ശിക്ഷിക്കപ്പെട്ടു. സ്ഫോടന സമയത്ത് ഉപയോഗിച്ച കാറിന്റെ രജിസ്്രടേഷന്‍ അവരുടെ പേരിലായിരുന്നു എന്നതായിരുന്നു കുറ്റം.
ഈ കേസില്‍ നേരത്തേ വാദംകേട്ട രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ്റ്റ് കുര്യന്‍ ജോസഫ് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തുകയും വിധി സ്റ്റേചെയ്യണമെന്ന് പറയുകയും ചെയ്തു. കേസ് കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍വന്ന വീഴ്ചകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ ബെഞ്ച് രൂപീകരിക്കുമ്പോള്‍ നേരത്തേ കേസ് കേട്ടവരെ ഉള്‍പ്പെടുത്തണമെന്ന 2013ലെ സുപ്രീംകോടതി അംഗീകരിച്ച ഓര്‍ഡര്‍ 48 റൂള്‍ 4ലെ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ്റ്റ് കുര്യന്‍ ജോസഫ് വിമര്‍ശിച്ചു. അതിന് അറ്റോര്‍ണി ജനറലിന്റെ മറുപടി സാങ്കേതിക വീഴ്ച എന്നു മാത്രമായിരുന്നു. ഇതിനോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രതികരിച്ചത്, ഒരു മനുഷ്യന്റെ ജീവന്‍തന്നെ അപകടപ്പെടുത്തുന്ന നിലയില്‍ സാങ്കേതിക പിഴവ് അംഗീകരിച്ചത് നിയമവ്യവസ്ഥയുടെ അംഗീകൃത തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നത് ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണെന്ന ആക്ഷേപം തീര്‍ത്തും നിരര്‍ഥകമാണ്. വധശിക്ഷയുമായി ബന്ധപ്പെട്ട് ലോകത്താകെ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളുടെയും നിയമജ്ഞരുടേതുള്‍പ്പെടെയുള്ള വ്യത്യസ്ത അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തില്‍ വേണം ഇതിനെ കാണാന്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമം, ബലാത്സംഗം, കൂട്ടക്കൊലപാതകങ്ങള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ കടുത്ത ശിക്ഷതന്നെ നല്‍കണം. പക്ഷേ അടുത്തകാലത്ത് മതപരവും വര്‍ഗീയവുമായ ഒട്ടേറെ സംഭവങ്ങള്‍ കെട്ടുപിണഞ്ഞ് രാജ്യത്തിന്റെ നിയമ സംവിധാനത്തിനുതന്നെ അപകടമുണ്ടാക്കുന്നു. ഇവിടെ സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ കണ്ടെത്തി കൂടുതല്‍ ആഴത്തില്‍ പരിശോധിച്ച് പരിഹാരം കാണാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. നീതി നിര്‍വഹിച്ചാല്‍ മാത്രം പോരാ നീതിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കഴിയണം. നിയമങ്ങള്‍ക്ക് രൂപം നല്‍കുന്നത് നിയമസഭയും പാര്‍ലമെന്റുമാണെങ്കിലും നിയമം നിര്‍മിക്കുന്നത് യഥാര്‍ഥത്തില്‍ ജനങ്ങളാണ്. ജനങ്ങള്‍ നടത്തിയ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായാണ് ഇന്നു കാണുന്ന ഒട്ടേറെ നിയമങ്ങള്‍ നിലവില്‍വന്നത്. അതിന് സാമൂഹികപരവും ചരിത്രപരവുമായ പശ്ചാത്തലമുണ്ട്. ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങളും വേണ്ടിവരും. ഇവയ്ക്ക് രൂപംനല്‍കുകയാണ് യഥാര്‍ഥത്തില്‍ നിയമസഭയും പാര്‍ലമെന്റും ചെയ്യുന്നത്.
ഒരേ നിയമം വ്യാഖ്യാനിക്കുന്ന ജഡ്ജിമാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉയരുന്നു. കീഴ്ക്കോടതി തീരുമാനങ്ങള്‍ മേല്‍ക്കോടതി തിരുത്തുന്നു. പലപ്പോഴും പ്രസക്തമായ തെളിവുകളും വിശദാംശങ്ങളും കോടതിയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ വരുന്നു. ഭീമമായ കോടതിച്ചെലവു കാരണം സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാന്‍ കഴിയാതെവരുന്നു. ജഡ്ജിമാര്‍ ഒട്ടേറെ സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്നു. ഇതിന്റെയൊക്കെ ഭാഗമായി നീതിന്യായം നിര്‍വഹിക്കേണ്ട പരമോന്നത നീതിപീഠത്തിനുതന്നെ പരിമിതികള്‍ ഉണ്ടാകുന്നുണ്ടെന്നത് അനുഭവങ്ങളിലൂടെയും വസ്തുതകളിലൂടെയും കണക്കുകളിലൂടെയും വ്യക്തമാക്കുന്നു. വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞാല്‍ അത് തിരുത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് വധശിക്ഷ ഒഴിവാക്കണം എന്ന ശക്തമായ അഭിപ്രായം ഇന്ത്യയിലായാലും മറ്റു രാജ്യങ്ങളിലായാലും ഉയര്‍ന്നുവരുന്നത്.
1 comment:
സെലക്റ്റിവ് വധശിക്ഷയാണ് ഒരു പ്രശ്നം
Post a Comment