വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, August 13, 2013

ഇരമ്പി ഉയര്‍ന്ന ജനവികാരം

ഇരമ്പി ഉയര്‍ന്ന ജനവികാരം

ദേശാഭിമാനി എഡിറ്റോറിയൽ,   12-Aug-2013


അത്യുജ്വലമായ ജനശക്തിക്കുമുന്നില്‍ വിറളിപിടിച്ച് ഭരണാധികാരികള്‍ സ്തംഭിച്ചുനില്‍ക്കുന്ന കാഴ്ചയാണ് കേരളത്തിന്റെ തലസ്ഥാനത്ത് തിങ്കളാഴ്ച കണ്ടത്. വര്‍ധിച്ച തീവ്രതയോടെ ഈ അവസ്ഥ വരുംദിവസങ്ങളില്‍ തുടരുകതന്നെചെയ്യും എന്നതിന്റെ ശക്തമായ വിളംബരംകൂടിയായി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിങ്കളാഴ്ചത്തെ സെക്രട്ടറിയറ്റ് ഉപരോധം. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ജനാധിപത്യവകാശങ്ങളും നഗ്നമായി ലംഘിച്ച് അമിതാധികാര സ്വേച്ഛാവാഴ്ചയുടെ ബുള്‍ഡോസര്‍ നീക്കി ജനശക്തിയെ ഞെരിച്ചമര്‍ത്താമെന്ന വ്യാമോഹത്തിന്റെ പത്തി താഴ്ന്നു. കോടികള്‍ ചെലവിട്ടുകൊണ്ടുവന്ന പട്ടാളം ഇരമ്പി ഉയര്‍ന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ ബാരക്കിലൊതുങ്ങി. ഉപരോധത്തിനെത്തുന്നവരെ വഴിയില്‍ തടയുമെന്ന ഭീഷണി കാറ്റില്‍ പറന്നു. അവര്‍ക്ക് ടോയ്ലറ്റുപോലും നല്‍കരുതെന്ന സര്‍ക്കാര്‍ വിലക്ക് തിരുവനന്തപുരത്തെ പ്രബുദ്ധരായ ജനത ചവറ്റുകുട്ടയില്‍ തള്ളി. ജനവിരുദ്ധനായ മുഖ്യമന്ത്രിക്കെതിരായി ഒരേ വികാരം പങ്കിട്ടുകൊണ്ട് സമരഭടന്മാരും ജനങ്ങളും സെക്രട്ടറിയറ്റ് ഗേറ്റുകളിലേക്ക് കടല്‍പോലെ ഇരമ്പിയെത്തി; അധാര്‍മികനായ ഭരണാധികാരിക്ക് കണ്ണുതുറക്കാനുള്ള അവസാന അവസരം നല്‍കിക്കൊണ്ട്!

വിറളിപിടിച്ച ഭരണാധികാരികള്‍ കുറെ നാളുകളായി തുടരുന്ന അവരുടെ കോമാളിത്ത കോപ്രായങ്ങള്‍ തിങ്കളാഴ്ചയും ഉപേക്ഷിച്ചില്ല. വി എസ് അച്യുതാനന്ദനെ ഒന്നാംപ്രതിയും പിണറായി വിജയനെ രണ്ടാംപ്രതിയുമാക്കി കേസെടുത്തുകൊണ്ടും സെക്രട്ടറിയറ്റില്‍ മന്ത്രിസഭായോഗം ചേര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് മന്ത്രിമാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചുകൊണ്ടും അവര്‍ കോമാളിത്തം തുടര്‍ന്നു. എന്നാല്‍, ഉപരോധം തുടങ്ങുംമുമ്പ് മന്ത്രിസഭായോഗം ചേര്‍ന്ന് ഉപരോധത്തെ അതിജീവിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന അപഹാസ്യതയിലാണ് കാര്യങ്ങള്‍ കലാശിച്ചത്. എല്ലാ അമിതാധികാര ഭീഷണിയെയും തൃണവല്‍ഗണിച്ച് പതിനായിരങ്ങള്‍ ത്യാഗപൂര്‍വം സെക്രട്ടറിയറ്റിലേക്ക് തിങ്കളാഴ്ച ഒഴുകിയെത്തിയപ്പോള്‍ വിലക്കുകളൊക്കെ മലവെള്ളപ്പാച്ചിലിനുമുന്നിലെ മണല്‍ത്തടകളായി.

അതിതീവ്രമായ മുഖ്യമന്ത്രിവിരുദ്ധവികാരമാണ് ജനങ്ങളില്‍ അലയടിച്ചത്. തെളിവുതരൂ, തെളിവുതരൂ എന്ന് പുലമ്പിക്കൊണ്ടിരുന്ന മുഖ്യമന്ത്രിക്കുനേര്‍ക്ക് സരിത മുഖ്യമന്ത്രിയുടെ കാതില്‍ മന്ത്രിക്കുന്ന ഉപജാപത്തിന്റെ തെളിവു ചിത്രവുമായാണ് അവര്‍ ഇരമ്പിയെത്തിയത്. സലിംരാജ് സാറിന്റെ ആരായി വരും എന്നവര്‍ വിളിച്ചുചോദിച്ചു. സലിംരാജിനുവേണ്ടി അഡ്വക്കറ്റ് ജനറലിനെ ഇറക്കിയതിന്റെ യുക്തി വിശദീകരിക്കാനവര്‍ ആവശ്യപ്പെട്ടു. ബിജുരാധാകൃഷ്ണന്‍ എന്ന ക്രിമിനലുമായി സംസ്ഥാന മുഖ്യമന്ത്രിക്ക് ഒരു മണിക്കൂര്‍ രഹസ്യമായി ചര്‍ച്ചനടത്താന്‍ എന്തു വിഷയമാണുള്ളതെന്ന് അവര്‍ ആരാഞ്ഞു. ശ്രീധരന്‍നായരുടെ മൊഴിക്കുമേല്‍ നടപടിയില്ലാത്തതെന്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യാമറ പരിശോധിക്കാന്‍ പൊലീസിനെ അനുവദിക്കാത്തതെന്തെന്നും മുഖ്യമന്ത്രിക്കെതിരെ പരാതികൊടുത്തയാളെ പിടിച്ച് ജയിലിലടച്ചതിന് എന്തു ന്യായമുണ്ടെന്നും അവര്‍ വിളിച്ചുചോദിച്ചു. ചോദ്യങ്ങളുടെ ചാട്ടവാറടികളേറ്റ് മുഖ്യമന്ത്രി പുളഞ്ഞു. സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെതന്നെ അധ്യക്ഷതയിലാണ് നടന്നത്. ഈ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ്- വീട്- സ്റ്റാഫ് ഫോണുകളാണ് തുടര്‍ച്ചയായി ഉപയോഗിക്കപ്പെട്ടത്. ഇതൊക്കെ പകല്‍പോലെ തെളിഞ്ഞ് മുമ്പില്‍ നില്‍ക്കുമ്പോഴും തെളിവുചോദിക്കുകയാണ് മുഖ്യമന്ത്രി; എന്ത് അപമാനം സഹിച്ചും ഭരണത്തില്‍ പിടിച്ചിരിക്കുമെന്ന് പിറുപിറുത്തുകൊണ്ട്. സോളാര്‍ തട്ടിപ്പു മാത്രമല്ല, അധാര്‍മികവും നിയമവിരുദ്ധവുമായ കൃത്യങ്ങളുടെ ഒരു പരമ്പരതന്നെയുണ്ട് ഉമ്മന്‍ചാണ്ടിയുടേതായി. അദ്ദേഹം തന്റെ ഭരണത്തെ ഉപയോഗിച്ചുപോരുന്നത് തന്റെയും തന്റെ സഹമന്ത്രിമാരുടെയും പേരിലുള്ള അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും രാഷ്ട്രീയ എതിര്‍പക്ഷത്തുള്ളവരെയാകെ കള്ളക്കേസുകളില്‍ കുടുക്കിയിടാനുമാണ്. കെ സുധാകരന്‍ എംപി സുപ്രീംകോടതി ജഡ്ജി കൈക്കൂലിവാങ്ങിയതായി പറഞ്ഞു. അയാള്‍ക്കെതിരെ കേസില്ല. ദല്ലാള്‍ നന്ദകുമാറിനെതിരെ ഡല്‍ഹിയില്‍ കേസുണ്ടെന്നു പറഞ്ഞ് ഇവിടത്തെയും ഇവിടെ കേസുണ്ടെന്ന് പറഞ്ഞ ഡല്‍ഹിയിലെയും കേസുകള്‍ ഇല്ലായ്മചെയ്യാന്‍നോക്കി. സൈന്‍ബോര്‍ഡ്, പാമോയില്‍, ടൈറ്റാനിയം തുടങ്ങി എത്രയോ കേസുകളില്‍ സ്വയം രക്ഷപ്പെടാനോ ഒപ്പം നില്‍ക്കുന്നവരെ രക്ഷപ്പെടുത്താനോ ആയി വിജിലന്‍സിനെയും പൊലീസിനെയും ദുരുപയോഗിച്ചു. അതേസമയംതന്നെ ഇടതുപക്ഷ നേതാക്കളെ കേസില്‍ കുടുക്കിയിടാനും നാടുകടത്താനുംവരെ ശ്രമിച്ചു. ഇതാണോ നിയമവാഴ്ച? മാറാട് കേസില്‍ ഗൂഢാലോചന, വിദേശബന്ധം തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ന്ന ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ശുപാര്‍ശ മുക്കി. കാസര്‍കോട് കലാപകാര്യത്തില്‍ അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടം വന്നപ്പോള്‍ ജുഡീഷ്യല്‍ കമീഷനെതന്നെ പിരിച്ചുവിട്ടു. നിയമത്തെയും നിയമവാഴ്ചയെയും സ്വാര്‍ഥ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വികലപ്പെടുത്തിയതിന് ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍! സത്യത്തെ അഗ്നിയെന്നവണ്ണം ഭയക്കുകയാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ പട്ടാളത്തെക്കൊണ്ട് അമര്‍ച്ചചെയ്യാന്‍ ചാടിപ്പുറപ്പെട്ടത്. അതിശക്തമായ ജനവികാരം ഉയര്‍ന്നില്ലായിരുന്നെങ്കില്‍ തിങ്കളാഴ്ച രാവിലെതന്നെ സെക്രട്ടറിയറ്റിന് മുന്നിലെ ജനസാഗരത്തിനുനേര്‍ക്ക് വേട്ടപ്പട്ടികളെയെന്നോണം പട്ടാളത്തെ അഴിച്ചുവിടുമായിരുന്നു ഈ മുഖ്യമന്ത്രി. കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞുവീണതിനെത്തുടര്‍ന്ന് ആകെ തുറന്നുകാട്ടപ്പെട്ടതിന്റെ പരിഭ്രാന്തിയിലാണദ്ദേഹം. അദ്ദേഹം എന്തും ചെയ്യാം. സമാധാനപരമായി ഒരു പ്രകോപനവുമുണ്ടാക്കാതെ സമരംചെയ്യുകയാണ് സെക്രട്ടറിയറ്റ് ഗേറ്റുകളില്‍ ജനങ്ങള്‍. പ്രകോപനങ്ങള്‍ക്കുമുന്നിലും ലംഘിക്കപ്പെടാത്ത അവരുടെ സംയമനം ആദരണീയമാണ്.

അച്ചടക്കത്തോടെ കേരളത്തിന്റെ ഹൃദയവികാരമാണ് അവര്‍ അറിയിക്കുന്നത്. ആ നില തുടരുമ്പോള്‍ അവിടെ എന്തെങ്കിലും പ്രകോപനം സൃഷ്ടിച്ച് അനിഷ്ട സംഭവങ്ങളുണ്ടാക്കി രാഷ്ട്രീയമായി ശ്രദ്ധതിരിക്കാന്‍ അധികാരപ്രമത്തരായ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിച്ചെന്നുവരും. അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ അതിനുത്തരവാദികളാവുക ഈ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നെയായിരിക്കും. ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ജനങ്ങളോടുള്ള പുച്ഛത്തിന്റെയും ആള്‍രൂപങ്ങളായി മാറിയ അവിവേകികളില്‍നിന്ന് ധാര്‍മികതയും ഔചിത്യവും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. എങ്കിലും അവരെ ഓര്‍മിപ്പിക്കേണ്ടതുണ്ട്; അവിവേകമരുതെന്ന്. സര്‍ സി പിയെയും അയാളുടെ ചോറ്റുപട്ടാളത്തെയും കെട്ടുകെട്ടിച്ച നാടും ജനതയുമാണിത്. പട്ടാളത്തെ ജാഗ്രതപ്പെടുത്തി നിര്‍ത്തിയിട്ടുള്ള ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതോര്‍മിച്ചാല്‍ അവര്‍ക്ക് നല്ലത്.

ആര്‍ത്തിരമ്പട്ടെ ജനശക്തി

ദേശാഭിമാനി എഡിറ്റോറിയൽ, 11-Aug-2013


കേരളം തീവ്രമായ സമരവേദിയാണിന്ന്. കൊള്ളക്കാരുടെയും തട്ടിപ്പുകാരുടെയും ആഭാസന്മാരുടെയും ഭരണം നയിക്കുന്ന കപടവേഷത്തെ നിയമത്തിനു മുന്നിലെത്തിക്കാന്‍; ഭരണത്തിന്റെ കടിഞ്ഞാണ്‍ ആ അനര്‍ഹമായ കൈയില്‍നിന്ന് എടുത്തുമാറ്റാന്‍ ജനശക്തി സടകുടഞ്ഞെണീറ്റിരിക്കുന്നു. പൊലീസും പട്ടാളവും അര്‍ധസൈന്യവും സര്‍ക്കാര്‍ സംവിധാനമാകെയും കെട്ടിയ തടയണകള്‍ വകഞ്ഞുമാറ്റിയാണ് പതിനായിരക്കണക്കിനു ജനങ്ങള്‍ തലസ്ഥാനനഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. പൊലീസ് കൊണ്ടുവരുന്ന ഓരോ വിലക്കുകളും ഓരോ തടസ്സങ്ങളും അവരുടെ ആവേശം വര്‍ധിപ്പിക്കുന്നതേയുള്ളൂ. ഈ വരികള്‍ അച്ചടിച്ചുവരുമ്പോള്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിന് ജനങ്ങള്‍ വലയം തീര്‍ത്തുകഴിയും. ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ദേശീയ നേതാക്കളടക്കം അണിചേരുന്ന ഉപരോധസമരം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ പുതിയ അധ്യായമാക്കി മാറ്റാനുള്ള തയ്യാറെടുപ്പാണ് ഇതിനകം പൂര്‍ത്തിയായത്്.

സമൂഹത്തിനു മുന്നില്‍ കുറ്റവാളിയായി നില്‍ക്കുന്ന; സംശയത്തിന്റെയും തെളിവുകളുടെയും മധ്യേ വിവസ്ത്രനായി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി നീതിന്യായവ്യവസ്ഥയുടെ പരിശോധനയ്ക്ക് വിധേയനാകുക എന്ന ഏറ്റവും ചുരുങ്ങിയ ആവശ്യമാണ് സമരത്തില്‍ ഉയരുന്നത്. സോളാര്‍ തട്ടിപ്പ് അധികാരത്തിന്റെ ഉന്നതതലങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ്. എന്തുകൊണ്ട് നിങ്ങള്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നില്ല എന്ന് ആരാഞ്ഞത് കേരള ഹൈക്കോടതിയാണ്. മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത സഹചാരികളാകെ തട്ടിപ്പില്‍ പങ്കാളികളാണ്. ഉമ്മന്‍ചാണ്ടിയെ നിഴല്‍പോലെ പിന്തുടര്‍ന്നിരുന്ന ടെന്നി ജോപ്പന്‍ ജയിലഴിക്കുള്ളില്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ തട്ടിപ്പിന് വേദിയായി. തട്ടിപ്പിന്റെ നായകരായ സരിത നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരാണെന്ന് തെളിഞ്ഞു. എന്നിട്ടും തെളിവുനശിപ്പിച്ച് രക്ഷപ്പെടാന്‍ സ്വന്തം വരുതിക്കു നില്‍ക്കുന്ന പൊലീസുദ്യോഗസ്ഥരെ നിയോഗിച്ച് ലജ്ജാശൂന്യനായി ഉമ്മന്‍ചാണ്ടി ശ്രമം തുടരുന്നു.

ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് എല്‍ഡിഎഫ് മാത്രമല്ല. കെപിസിസിയെ നയിക്കുന്ന രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അനുവാദത്തോടെ പറഞ്ഞത്, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് താനില്ല എന്നാണ്. തനിക്ക് കയറിച്ചെല്ലാന്‍ പറ്റാത്തത്ര അധഃപതിച്ച മന്ത്രിസഭയാണത് എന്ന ആ നിലപാടില്‍ തന്നെയുണ്ട് ഉമ്മന്‍ചാണ്ടി ഇറങ്ങിപ്പോകണമെന്ന ആവശ്യം. സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് പരസ്യമായി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ എംഎല്‍എമാര്‍ തങ്ങളുടെ വിയോജിപ്പുകള്‍ പരസ്യമാക്കി. പ്രതിപക്ഷം ഒന്നടങ്കം രാജി ആവശ്യപ്പെട്ടു നില്‍ക്കുമ്പോള്‍ സ്വപക്ഷത്തുനിന്നുതന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ഈ നിലപാടുകള്‍ നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷത്തെപ്പോലും നിരര്‍ഥകമാക്കുന്നു. യുഡിഎഫ് ഘടകകക്ഷികളില്‍നിന്നും ഉമ്മന്‍ചാണ്ടിക്ക് പിന്തുണയില്ല. അദ്ദേഹത്തെ ന്യായീകരിക്കാന്‍ ഒരൊറ്റ കക്ഷിയും വന്നിട്ടില്ല.

ജനങ്ങളും നിയമവും കോടതിയും സ്വന്തം അണികളും ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമ്പോള്‍ പ്രതിപക്ഷസമരത്തെ ദുര്‍വ്യാഖ്യാനം ചെയ്തും അടിച്ചമര്‍ത്തിയും രക്ഷപ്പെടുക എന്ന ദുര്‍ബലതന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സെക്രട്ടറിയറ്റ് ഉപരോധത്തെ "അട്ടിമറി" സമരമാക്കി ചിത്രീകരിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിട്ടാല്‍ യുഡിഎഫ് സര്‍ക്കാര്‍ എങ്ങനെ ഇല്ലാതാകും; അട്ടിമറിക്കപ്പെടും? ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനാകാന്‍ യുഡിഎഫില്‍ മറ്റാരുമില്ലാതെ പോയോ? എ കെ ആന്റണിയും കെ കരുണാകരനും മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്നപ്പോള്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയായിരുന്നുവോ? ചരിത്ര ബോധവും വിവേകവുമുള്ള ജനങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങളില്‍ ചിലതുമാത്രമാണ് ഇവ.

കേരളത്തില്‍ ഇത്തരമൊരവസ്ഥ ഇന്നുവരെയുണ്ടായിട്ടില്ല. തട്ടിപ്പുകേസില്‍പ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു പൊലീസുകാരനുവേണ്ടി സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലിനെ ഹൈക്കോടതിയില്‍ എത്തിച്ച നാണക്കേട് നാണംകെട്ട മുഖ്യമന്ത്രിയുടെ ഗതികേട് സൂചിപ്പിക്കുന്നു. എന്തിന് നിയമത്തെ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നു? താന്‍ നിരപരാധിയെങ്കില്‍ എന്തേ അന്വേഷണത്തെ നേരിടാന്‍ മടിക്കുന്നു? സുതാര്യതയുടെ വായ്ത്താരി എക്കാലത്തും പാടാറുള്ള ഉമ്മന്‍ചാണ്ടിക്ക്, തന്റെ കാര്യത്തില്‍ എല്ലാം സുതാര്യമാക്കാന്‍ എന്താണ് ഇത്ര വൈക്ലബ്യം. ന്യായാധിപന്റെ മുന്നില്‍ "നിരപരാധിത്വം" തെളിയിക്കാന്‍ തയ്യാറാകാത്ത; അന്വേഷണത്തെ അകറ്റിനിര്‍ത്തുന്ന ഒരാള്‍ക്കുള്ളതല്ല കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര എന്നുകരുതുന്ന ജനങ്ങളോട് എന്തു മറുപടിയാണ് ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത്?

കെപിസിസിയുടെ ഔപചാരിക പ്രമേയംകൊണ്ടോ യുഡിഎഫ് യോഗം ചേര്‍ന്ന് വഴിപാടു പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടോ രക്ഷപ്പെടാനാകുന്ന അവസ്ഥയിലല്ല ഇന്ന് ഉമ്മന്‍ചാണ്ടി. ജുഡീഷ്യല്‍ അന്വേഷണം നേരിട്ടേ തീരൂ. അതിനുമുമ്പ് അധികാരത്തില്‍നിന്ന് ഇറങ്ങിയേ മതിയാകൂ. അത് ഉറപ്പാക്കാനാണ് എല്ലാ ഭീഷണികളെയും തൃണവല്‍ഗണിച്ച് സമര വളന്റിയര്‍മാര്‍ തലസ്ഥാനനഗരത്തിലേക്ക് ഒഴുകിയെത്തിയത്. കുടിവെള്ളവും താമസവും ഭക്ഷണവും പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യവും നിഷേധിച്ചാല്‍, പൊലീസിനെയും പട്ടാളത്തെയും കാട്ടി ഭയപ്പെടുത്തിയാല്‍ അവര്‍ പിന്തിരിഞ്ഞോടിക്കൊള്ളുമെന്ന വ്യാമോഹമൊന്നും വേണ്ട. സമാധാനപരമായി സമരം ചെയ്യാനാണവര്‍ വരുന്നത്. അതങ്ങനെ തന്നെ ചെയ്യും. ആ സമരത്തിനുനേരെ പട്ടാളത്തിന്റെയും പൊലീസിന്റെയും ആയുധങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് നല്ലത്. ജനകീയസമരങ്ങളെ ചോരയില്‍ മുക്കി ഒടുക്കാന്‍ നോക്കിയ ദുര്‍ഭരണാധികാരികളുടെ അനുഭവം ഓര്‍ത്തുനോക്കാം. കേരളത്തെ തട്ടിപ്പുകാരില്‍നിന്ന് രക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിനിരക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്ക് യുഡിഎഫില്‍ നിന്നുതന്നെ ഇതിനകം ലഭിച്ച പിന്തുണ ഉമ്മന്‍ചാണ്ടിയെ പുനര്‍ചിന്തനത്തിലേക്ക് നയിച്ചാല്‍ അത്രയും നല്ലത്. സമര വളന്റിയര്‍മാരെയും അവര്‍ക്ക് സര്‍ക്കാര്‍വിലക്കുകള്‍ തള്ളി സഹായസഹകരണങ്ങള്‍ നല്‍കുന്ന ജനങ്ങളെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. ഈ സമരത്തിനുള്ള സര്‍വ പിന്തുണയും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

അവിസ്മരണീയ അനുഭവം

പ്രകാശ് കാരാട്ട്

ദേശഭിമാനി ലേഖനം,12-Aug


കേരളം കണ്ട ഏറ്റവും ശക്തമായ സമരമുഖമാണ് തിരുവനന്തപുരത്ത് തിങ്കളാഴ്ച കാണാനായത്. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിനു ചുറ്റും ആദ്യദിവസം അണിനിരന്ന ജനസഞ്ചയം അവിസ്മരണീയ അനുഭവമായി. സോളാര്‍ പാനല്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍തന്നെ അതിനെതിരെ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം തുടങ്ങിയിരുന്നു. രാപ്പകല്‍ സത്യഗ്രഹവും തുടര്‍ന്ന് ജില്ലാ ജാഥകളും നടന്നു. അതിനുശേഷമാണ് സെക്രട്ടറിയറ്റിനുമുന്നില്‍ അനിശ്ചിതകാല ഉപരോധസമരം നടക്കുന്നത്. തലസ്ഥാനം കണ്ട ഏറ്റവും വലിയ സമരത്തിലാണ് ഞാന്‍ തിങ്കളാഴ്ച പങ്കാളിയായതെന്ന് നിസ്സംശയം പറയാം.

സമരത്തെ നേരിടാന്‍ കേന്ദ്രസേനയെ അടക്കം വിന്യസിച്ചത് അനിതരസാധാരണമായ നടപടിയാണ്. ജമ്മുവിലെ കിസത്വര്‍ ജില്ല വര്‍ഗീയകലാപത്തില്‍ കത്തുകയാണ്. പത്തു ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ വിന്യസിക്കേണ്ട കേന്ദ്രസേനയെ ജനകീയസമരത്തെ നേരിടാന്‍ വിളിക്കുന്നത് ഭീരുത്വമാണ്. രാജ്യത്ത് മറ്റൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത നടപടികളും കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുകയുണ്ടായി. ഹോട്ടലുകളില്‍ മുറിയെടുക്കുന്നതും ഹാളുകള്‍ ഉപയോഗിക്കുന്നതും സര്‍ക്കാര്‍ വിലക്കി. സമരവളന്റിയര്‍മാര്‍ വീടുകളില്‍ താമസിക്കുന്നതുപോലും തടഞ്ഞു. ഇതൊക്കെ കാണിക്കുന്നത് സര്‍ക്കാരിന്റെ പരിഭ്രാന്തിയാണ്.

സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പ്രാധാന്യം വലുതാണ്. ഉന്നതസ്ഥാനങ്ങളിലെ അഴിമതിക്കെതിരായ സമരമാണിത്. യുക്തിബോധമുള്ള ജനത എങ്ങനെയാണ് ഭരണാധികാരികളെ ചോദ്യംചെയ്യുന്നത് എന്നതിനുള്ള മികച്ച ഉദാഹരണമാണ് ഈ സമരം. ധാര്‍മികബോധമുള്ള ഒരു രാഷ്ട്രീയനേതാവും ഇത്രയും ആരോപണങ്ങള്‍ ഉണ്ടായാല്‍ ആ സ്ഥാനത്ത് തുടരില്ല. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രി രാജിവച്ചൊഴിയാത്തത് കേരളജനതയ്ക്ക് അപമാനമാണ്. ജനാധിപത്യബോധം അല്‍പ്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം.

ആവേശകരമായ പങ്കാളിത്തം

പിണറായി വിജയന്‍

ദേശാഭിമാനി, 2013 ആഗസ്റ്റ് 12


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരു ലക്ഷം വളന്റിയര്‍മാരാണ് സമരകേന്ദ്രങ്ങളിലെത്തിയത്. വലിയ ആവേശത്തോടെയാണ് സഖാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച മുതല്‍തന്നെ തിരുവനന്തപുരം നഗരത്തില്‍ കൂട്ടംകൂട്ടമായി മുദ്രാവാക്യം മുഴക്കി വളന്റിയര്‍മാര്‍ വന്നിറങ്ങി. സെക്രട്ടറിയറ്റിനു ചുറ്റുമുള്ള വീഥികള്‍ തിങ്കളാഴ്ച പുലര്‍ന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നിറഞ്ഞുകവിഞ്ഞു. വലിയ ജനസഞ്ചയം തികഞ്ഞ അച്ചടക്കത്തോടെയാണ് സമരത്തില്‍ പങ്കാളികളാകുന്നത്. സെക്രട്ടറിയറ്റിലേക്ക് കടക്കാനുള്ള മന്ത്രിമാരുടെ ശ്രമങ്ങള്‍ ചില പ്രകോപനങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും നല്ല സംയമനമാണ് സമരസഖാക്കള്‍ കാണിച്ചത്. ഒരു ലക്ഷം വളന്റിയര്‍മാര്‍ പ്രശംസനീയമായ അച്ചടക്കത്തോടെയാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ, മുദ്രാവാക്യം വിളിച്ച് സമരകേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണവര്‍.

സോളാര്‍ തട്ടിപ്പുകേസില്‍ കളങ്കിതനായി നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണം നേരിടണമെന്ന മുദ്രാവാക്യം പൊതുവെ ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് ഈ ജനമുന്നേറ്റം. ആള്‍ക്കൂട്ടത്തിന്റെ വര്‍ധിതമായ വരവ് ഉണ്ടായിട്ടും അവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നതിലും ഭക്ഷണം നല്‍കുന്നതിലുമെല്ലാം നാട്ടുകാര്‍ നല്‍കുന്ന സഹായം എടുത്തുപറയേണ്ടതാണ്. കക്ഷിവ്യത്യാസമില്ലാതെ ജനങ്ങള്‍ സമരത്തെ സഹായിക്കാന്‍ മുന്നോട്ടു വരുന്നു. അധികാരം നഷ്ടപ്പെടുമെന്നുറപ്പായ ഏകാധിപതിയില്‍മാത്രം പ്രകടമാകുന്ന വിഹ്വലമായ നീക്കങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്നുണ്ടായത്. ഏതു പൗരനും എവിടെയും സഞ്ചരിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനില്‍ക്കെ സമരവളന്റിയര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഹോട്ടലുകളിലും ലോഡ്ജുകളിലും ആളുകള്‍ താമസിക്കുന്നതിനെ വിലക്കി. സമരക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യംപോലും നല്‍കരുതെന്ന് നാട്ടുകാരെ താക്കീതുചെയ്തു. ഉപരോധം സംപ്രേഷണംചെയ്യുന്നത് ഏതുനിമിഷവും നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് കേബിള്‍ ടിവികള്‍ക്ക് മുന്നറിയിപ്പുനല്‍കി. സമരഭടന്മാര്‍ക്ക് ആഹാരം കൊടുക്കുന്നത് തടയാന്‍ പാചകപ്പുര പൊളിക്കാന്‍നോക്കി. കുട്ടികള്‍ പഠിക്കേണ്ട വിദ്യാലയങ്ങളില്‍ പഠിപ്പുതടഞ്ഞ് ക്ലാസ്മുറികള്‍ പട്ടാളബാരക്കുകളാക്കി. വിദ്യാലയങ്ങള്‍ക്കാകെ അവധി നല്‍കി. വിഭ്രാന്തികളുടെ പരമ്പരയ്ക്ക് അവസാനമില്ലായിരുന്നു.

പരിഭ്രാന്തനായ ഒരു ഭരണാധികാരിയില്‍നിന്നല്ലാതെ ആരില്‍നിന്നുണ്ടാവും നിയമത്തിന്റെ പിന്‍ബലമില്ലാത്ത ഇത്തരം ഏകാധിപത്യനീക്കങ്ങള്‍? സമരത്തെ അടിച്ചമര്‍ത്തുമെന്നും അതിനായി സര്‍വസന്നാഹങ്ങളുമൊരുക്കുകയാണെന്നുമുള്ള സൂചനകള്‍ തുടര്‍ച്ചയായി പുറത്തുവിട്ടു. ഭയപ്പെടുത്തി അകറ്റിനിര്‍ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അത്തരം പേടിപ്പിക്കലുകള്‍ സമരസഖാക്കളുടെ ആവേശത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മാറ്റുകൂട്ടിയതേയുള്ളൂ. സര്‍ക്കാരിന്റെ അത്തരം ശ്രമങ്ങളെയാകെയാണ് സഹന സമരത്തിലൂടെ സഖാക്കള്‍ മറികടക്കുന്നത്. എല്ലാവിധ പ്രതികൂല സാഹചര്യങ്ങളും കടന്ന് യാതനാനിര്‍ഭരമായ നിലയില്‍ ത്യാഗപൂര്‍വം സമരംചെയ്യുന്നവരെ കള്ളക്കേസുകളും ലാത്തിയും തോക്കും ഗ്രനേഡുകളുംകൊണ്ട് അമര്‍ച്ച ചെയ്യാമെന്നു കരുതുന്നത് മൗഢ്യമാണ്. അപമാനിതനാണെന്ന് സ്വയംതന്നെ പറയുന്ന ഒരാളെ മുഖ്യമന്ത്രിക്കസേരയിലിരുത്തി പേറുക എന്ന അപമാനം സഹിക്കാന്‍ കേരളീയര്‍ തയ്യാറല്ല എന്ന തീവ്രമായ വികാരമാണ് സമരമുഖത്താകെ പ്രകടമാകുന്നത്. അന്തസ്സുറ്റ മുദ്രാവാക്യമാണ് പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്നത്. ജനാധിപത്യധ്വംസനത്തിനും നീതിന്യായ നിരാസത്തിനും എതിരെയുള്ള വികാരമാണത്. അത് ബോധ്യപ്പെട്ടുകൊണ്ടുതന്നെ പതിനായിരങ്ങള്‍ സ്വമേധയാ സമരത്തിലേക്ക് ഒഴുകിയെത്തുകയാണ്. ഈ പൊതുജന സമ്മര്‍ദത്തിന്റെ പ്രതിഫലനമായി ന്യായമായ തീരുമാനം ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്ന് ഏതാനും മണിക്കൂറുകള്‍ക്കകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം സമരം കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകും. കൂടുതല്‍ സഖാക്കള്‍ വരുംനാളുകളില്‍ സമരത്തില്‍ അണിചേരും. നിലവില്‍ പങ്കെടുക്കുന്ന വളന്റിയര്‍മാര്‍ക്കു പുറമെയാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും പുതിയ വളന്റിയര്‍മാര്‍ അണിനിരക്കും.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്