ഹ്യൂഗോ ഷാവേസ് അന്തരിച്ചു
(ദേശാഭിമാനി, മലയാള മനോരമ എന്നീ ദിനപ്പത്രത്തിൽ ഇതുസംബന്ധിച്ചുവന്ന വാർത്തകളും ലേഖനങ്ങളും കുറിപ്പുകളും മറ്റും)
വിട കമാന്‍ഡര്‍
(ദേശാഭിമാനി, 2013 മാർച്ച് 7)
കാരക്കാസ്: ശിരസ് കുനിക്കാത്ത സാമ്രാജ്യത്വവിരുദ്ധതയും വിട്ടുവീഴ്ചയില്ലാത്ത ദരിദ്രപക്ഷ നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് ലോകവേദികളില്‍ ഇടിമുഴക്കം സൃഷ്ടിച്ച വെനസ്വേലയുടെ ഇതിഹാസ നായകന്‍ പ്രസിഡന്റ് ഹ്യൂഗോ റാഫേല്‍ ഷാവേസ് ഫ്രയസ് അന്തരിച്ചു. വെനസ്വേലന്‍ സൈനിക ആശുപത്രിയില്‍ 2013 മാർച്ച് 5 ചൊവ്വാഴ്ച വൈകിട്ട് 4.25ന് (ഇന്ത്യന്‍ സമയം 2013 മാർച്ച് 6 ബുധനാഴ്ച പുലര്‍ച്ചെ 2.25) അന്ത്യശ്വാസംവലിച്ച ഷാവേസിന് 58 വയസ്സായിരുന്നു.
ദൈവത്തെയെന്നപോലെ തങ്ങള്‍ സ്നേഹിച്ച പ്രിയനായകന്‍ രോഗത്തെ തോല്‍പ്പിച്ച് തിരിച്ചുവരാന്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന ജനലക്ഷങ്ങള്‍ മരണവിവരമറിഞ്ഞ് തലസ്ഥാനമായ കാരക്കാസിലേക്ക് പ്രവഹിക്കുകയാണ്. പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ദുഃഖം അണപൊട്ടി. വെനസ്വേലയില്‍ ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇറാനും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖത്താല്‍ ഇടറിയ വാക്കുകളില്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ധീരനായ കമാന്‍ഡറുടെ മരണവിവരം ലോകത്തെ അറിയിച്ചത്. സൈനിക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വെള്ളിയാഴ്ച അടക്കംചെയ്യും. ബുധനാഴ്ച രാവിലെ എട്ടിന് 21 വെടിമുഴക്കത്താല്‍ രാഷ്ട്രം പ്രിയനായകന് പ്രമാണമര്‍പ്പിച്ചു.
പിതൃഭൂമിയെ ബാധിച്ച ചരിത്രപ്രധാനമായ ദുരന്തത്തിന്റെ വേദനയില്‍ സമാധാനത്തിനും സ്നേഹത്തിനും ശാന്തതയ്ക്കുംവേണ്ടി ജാഗ്രതയോടെ നിലകൊള്ളാന്‍ മഡുറോ ജനങ്ങളോട് അഭ്യര്‍ഥിച്ചു. എണ്ണസമ്പന്നമെങ്കിലും തെക്കനമേരിക്കയില്‍ അത്ര ശ്രദ്ധിക്കപ്പെടാത്ത രാഷ്ട്രമായിരുന്ന വെനസ്വേലയെ 14 വര്‍ഷംകൊണ്ട് ലോക ഭൂപടത്തില്‍ മുന്‍നിര രാഷ്ട്രങ്ങളില്‍ ഒന്നാക്കിയ ഷാവേസ് കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനുവരി 10ന് നാലാം ഊഴത്തിന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഡിസംബറില്‍ വീണ്ടും അര്‍ബുദബാധിതനായത്. രണ്ടു വര്‍ഷംമുമ്പ് ഇടുപ്പില്‍ അര്‍ബുദബാധിതനായ ഷാവേസ് ക്യൂബയിലെ ചികിത്സയെത്തുടര്‍ന്ന് രോഗമുക്തനായിരുന്നു. വീണ്ടും രോഗബാധിതനായപ്പോള്‍ ഡിസംബര്‍ 11ന് ക്യൂബന്‍ ആശുപത്രിയില്‍ത്തന്നെ ശസ്ത്രക്രിയക്ക് വിധേയനായി. തുടര്‍ന്ന് അണുബാധയുണ്ടായെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ട ഷാവേസിന്റെ ചിത്രം വെനസ്വേല സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 18ന് ക്യൂബയില്‍നിന്ന് തിരിച്ചുകൊണ്ടുവന്ന് കാരക്കാസിലെ സേനാ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. രണ്ടുതവണ വിവാഹിതനായ ഷാവേസ് രണ്ട് ബന്ധവും വേര്‍പ്പെടുത്തിയിരുന്നു. റോസ വിര്‍ജീനിയ, മരിയ ഗബ്രിയേല, ഹ്യൂഗോ റാഫേല്‍, റോസിനെസ് എന്നിവര്‍ മക്കള്‍. അസാധാരണമായ നിശ്ചയദാര്‍ഢ്യത്താല്‍ രോഗത്തെ നേരിട്ട ഷാവേസ് ഇത്തവണ രോഗബാധിതനായപ്പോള്‍ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വൈസ് പ്രസിഡന്റ് മഡുറോയെ പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്താണ് അദ്ദേഹം ഹവാനയിലേക്ക് ചികിത്സയ്ക്ക് തിരിച്ചത്.
ഷാവേസിന്റെ മരണത്തോടെ, ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള ഒപെക് രാഷ്ട്രത്തിന്റെ ഭാവി ഉറ്റുനോക്കുകയാണ് ലോകം. ബൊളീവിയ, അര്‍ജന്റീന, ഉറുഗ്വേ തുടങ്ങി വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ പ്രിയസഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാരക്കാസില്‍ എത്തിയിട്ടുണ്ട്. കത്തോലിക്കാ പുരോഹിതനാകണമെന്ന് ഉദ്ദേശിച്ചിരുന്ന ഷാവേസ് ബേസ്ബോള്‍ കളിയോടുള്ള അടങ്ങാത്ത പ്രണയത്താല്‍ സൈനിക അക്കാദമിയില്‍ ചേരുകയായിരുന്നു. സേനയില്‍ ലഫ്റ്റനന്റ് കേണലായിരിക്കെ 1992ല്‍ പ്രസിഡന്റ് കാര്‍ലോസ് ആന്ദ്രെ പെരസിനെതിരെ സൈനികവിപ്ലവത്തിന് ശ്രമിച്ച് അറസ്റ്റിലായി രണ്ടുവര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞു. മോചിതനായശേഷം ഫിദല്‍ കാസ്ട്രോയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഷാവേസിന് പുതിയ വഴിതെളിച്ചത്.
1998ല്‍ 44ാം വയസ്സില്‍ രാജ്യത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ക്യൂബയടക്കം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുമായി സഖ്യം വളര്‍ത്തുകയും സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പാക്കുകയുംചെയ്ത ഷാവേസ് തുടക്കംമുതലേ അമേരിക്കയുടെ നോട്ടപ്പുള്ളിയായിരുന്നു. 2002ല്‍ അമേരിക്കന്‍ പിന്തുണയോടെ വലതുപക്ഷശക്തികള്‍ സൈന്യത്തില്‍ ഒരുവിഭാഗത്തെ കൂട്ടുപിടിച്ച് ഷാവേസിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ രംഗത്തിറങ്ങിയതോടെ 47 മണിക്കൂറിനകം ആ നീക്കം പരാജയപ്പെട്ടു. 21ാം നൂറ്റാണ്ടിലെ സോഷ്യലിസമെന്ന് താന്‍ വിശേഷിപ്പിച്ച നയങ്ങള്‍ ശക്തമാക്കിയാണ് ഷാവേസ് അട്ടിമറിക്കാര്‍ക്കും അവരെ രംഗത്തിറക്കിയ അമേരിക്കയ്ക്കും മറുപടി നല്‍കിയത്. ഗ്രാമീണമായ തുറന്നടിച്ച സംസാരശൈലിയാല്‍ അമേരിക്കയെ അലോസരപ്പെടുത്തിയ ഷാവേസ് പക്ഷേ ലോകമെങ്ങും ആരാധകരുള്ള ഭരണാധികാരിയായി വളര്‍ന്നു. അണിചേരാം.
********************************
നിത്യപ്രചോദനം
(ദേശാഭിമാനി മുഖപ്രസംഗം)
സാമ്രാജ്യത്വവിരുദ്ധ ലാറ്റിനമേരിക്കന്‍ ചെറുത്തുനില്‍പ്പിന്റെയും ആഗോളവല്‍ക്കരണവിരുദ്ധ അതിജീവനത്തിന്റെയും സമകാലിക ഇതിഹാസമായി സ്വന്തം ജീവിതത്തെ മാറ്റിയെടുത്ത ധീരനായകനാണ് വെനസ്വേലയുടെ ഹ്യൂഗോ ഷാവേസ്. വിമോചനത്തിനും അതിജീവനത്തിനുംവേണ്ടി പൊരുതുന്ന ലോകത്തിന്റെ ഏതുഭാഗത്തെ നിസ്വജനമുന്നേറ്റങ്ങള്‍ക്കും ഊര്‍ജംപകരുന്ന വറ്റാത്ത പ്രചോദനമായി ലോകത്തിനുമേല്‍ ആ വിപ്ലവനക്ഷത്രം ധീരസ്മൃതിയായി ജ്വലിച്ചുനില്‍ക്കും എക്കാലവും. ആ ധന്യസ്മൃതിയെ 'ദേശാഭിമാനി' അഭിവാദ്യംചെയ്യുന്നു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സോവിയറ്റ് പ്രസ്ഥാനങ്ങള്‍ക്കേറ്റ തിരിച്ചടി എന്നിവയുടെ പശ്ചാത്തലത്തില്‍ സോഷ്യലിസം എന്നേക്കുമായി മരിച്ചുവെന്നും ഇനിയുള്ളത് മുതലാളിത്തം മാത്രമെന്നും സാമ്രാജ്യത്വം ലോകവ്യാപകമായി ഉയത്താന്‍ ശ്രമിച്ച മുദ്രാവാക്യത്തിന്റെ നിറുക തകര്‍ക്കുന്ന ആവേശോജ്വലശക്തിയായാണ് തൊണ്ണൂറുകളില്‍ പുതുമുഖച്ഛായയുമായി വെനസ്വേലയും അതിന്റെ ധീരനായകനായി ഹ്യൂഗോ ഷാവേസും ഉയര്‍ന്നുവന്നത്.
യുഎസ് സാമ്രാജ്യത്വത്തിന്റെ പാവഭരണാധികാരിയായിനിന്ന് ഒരുവശത്ത് എണ്ണയടക്കമുള്ള ദേശീയവിഭവങ്ങളാകെ ചോര്‍ത്തിക്കൊണ്ടുപോകാന്‍ വിദേശശക്തികളെ അനുവദിച്ചും മറുവശത്ത് അതിദരിദ്രാവസ്ഥയില്‍ ഉഴലുകയായിരുന്ന ജനതയെ നിഷ്ഠുരമായി അടിച്ചമര്‍ത്തിയും മുമ്പോട്ടുപോയിരുന്ന പ്രസിഡന്റ് കാര്‍ലോസ് ആന്ദ്രേസ് പെറേസിനെതിരായ ജനകീയപോരാട്ടത്തിന്റെ പരിസമാപ്തിയായിരുന്നു ഫിഫ്ത് റിപ്പബ്ലിക് മൂവ്മെന്റിന്റെയും ഷാവേസിന്റെയും ഐതിഹാസികമാനങ്ങളുള്ള വിജയം. സൈന്യത്തിനുള്ളില്‍ത്തന്നെ ജനകീയ വിമോചനസേന രൂപീകരിച്ച് സൈനികനായിരുന്ന ഘട്ടത്തില്‍ത്തന്നെ ഷാവേസ് തുടങ്ങിവച്ച ജനതയ്ക്കുവേണ്ടിയുള്ള ത്യാഗപൂര്‍ണമായ പോരാട്ടം ജനങ്ങള്‍തന്നെ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. ജയിലുകളിലും പോര്‍മുഖങ്ങളിലും ജ്വലിച്ചുനിന്ന യാതനാനിര്‍ഭരമായ ഷാവേസിന്റെ പോരാട്ടത്തിന് സൈമന്‍ ബൊളീവറുടെയും ഫ്രാന്‍സിസ് മിരാന്തയുടെയുമൊക്കെ ചിന്തകള്‍ ഊര്‍ജംപകര്‍ന്നു. ആ പോരാട്ടപരമ്പരയാണ് ആദ്യ സുലിയ എന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍സ്ഥാനത്തേക്കും പിന്നീട് വെനസ്വേലയുടെതന്നെ പ്രസിഡന്റ്സ്ഥാനത്തേക്കും ഷാവേസിനെ ഉയര്‍ത്തിയത്.
എണ്ണരാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കില്‍ സ്ഥാപകാംഗമായിരുന്നിട്ടും എണ്ണകയറ്റുമതികൊണ്ട് അതിസമ്പന്നമായിരുന്നിട്ടും വെനസ്വേല ജനതയ്ക്ക് പട്ടിണിയിലും ദാരിദ്ര്യത്തിലും രോഗപീഡയിലും വിഷമിക്കേണ്ടിവരുന്നതെന്തുകൊണ്ടെന്ന് അവരെ ബോധവല്‍ക്കരിച്ചാണ് ഷാവേസ് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനൊപ്പം മുന്നേറിയത്. അതിപിന്നോക്കാവസ്ഥയിലായിരുന്ന രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുക, അന്താരാഷ്ട്രരംഗത്ത് വെനസ്വേലയുടെ യശസ്സ് സ്ഥാപിച്ചെടുക്കുക, വെനസ്വേലയെ സമ്പൂര്‍ണമായി ജനാധിപത്യവല്‍ക്കരിക്കുക തുടങ്ങിയവയ്ക്കായിരുന്നു ഷാവേസ് മുന്‍ഗണന കല്‍പ്പിച്ചത്. ക്യൂബയിലെ ഫിദല്‍ കാസ്ട്രോയെ ഗുരുവായി കണ്ട ഷാവേസ് വെനസ്വേലയില്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് നിരവധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിമോചനപ്പോരാട്ടങ്ങള്‍ക്ക് പുത്തന്‍ വീറുപകര്‍ന്നുകിട്ടി. തെക്കന്‍ അമേരിക്കയിലാകെ മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശി. ഒരുഡസനോളം രാജ്യങ്ങള്‍ ഇടതുപക്ഷത്തുനില്‍ക്കുന്ന അവസ്ഥയിലേക്ക് ലാറ്റിനമേരിക്ക മാറിയെങ്കില്‍ അതില്‍ ഷാവേസിന്റെ പ്രചോദകമായ വ്യക്തിത്വപ്രഭാവം വലിയ പങ്കുതന്നെ വഹിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് പക്ഷത്തുനില്‍ക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തിയെടുക്കുന്നതിന് സാമ്രാജ്യത്വകല്‍പ്പനപ്രകാരം നീങ്ങുന്ന അന്താരാഷ്ട്ര സാമ്പത്തികസ്ഥാപനങ്ങള്‍ക്ക് ബദലായ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സാമ്പത്തിക സഹകരണ സംവിധാനങ്ങളുണ്ടാക്കുന്നതിനും 'ടെലിസുര്‍' ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വാര്‍ത്താവിന്യാസ സംവിധാനങ്ങളുണ്ടാക്കി ബദല്‍ അന്താരാഷ്ട്ര വാര്‍ത്താക്രമം സ്ഥാപിക്കുന്നതിനുമൊക്കെ അദ്ദേഹം മുന്‍കൈയെടുത്തു. ഉയര്‍ന്ന തൊഴിലാളിവര്‍ഗ സാര്‍വദേശീയതാബോധം, വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, ഭാവനാപൂര്‍ണമായ ആസൂത്രണവൈദഗ്ധ്യം തുടങ്ങിയവയൊക്കെ പ്രസിഡന്റ്സ്ഥാനത്തെത്തിയശേഷമുള്ള ഓരോ ക്രിയാത്മകനടപടിയിലും പ്രതിഫലിച്ചുവെന്നത് എടുത്തുപറയേണ്ടതുണ്ട്. എണ്ണ ദേശസാല്‍ക്കരണം, ഇറാഖിലെ ന്യായരഹിതമായ യുഎസ് ആക്രമണത്തിനെതിരായ നിലപാട്, ഇറാന്‍ ആക്രമണത്തിന് കോപ്പുകൂട്ടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നീക്കങ്ങള്‍ക്കെതിരായ അന്താരാഷ്ട്രവേദികളിലെ നിശിതമായ വിമര്‍ശം എന്നിവയൊക്കെ ഷാവേസിനെ ലോകജനതയ്ക്ക് പ്രിയങ്കരനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കണ്ണിലെ കരടുമാക്കി മാറ്റി.
അമേരിക്കന്‍ സാമ്രാജ്യത്വപ്രേരണയിലുള്ള അട്ടിമറിയെയും അട്ടിമറിശ്രമപരമ്പരകളെയും ജനപിന്തുണയുടെ ശക്തികൊണ്ടാണ് ഷാവേസ് അതിജീവിച്ചത്. അട്ടിമറിയെത്തുടര്‍ന്ന് 48 മണിക്കൂറിനകം അധികാരത്തില്‍ തിരിച്ചെത്തിയതും ഒന്നരപതിറ്റാണ്ടിനുള്ളില്‍ ആദ്യവട്ടം ജനഹിതപരിശോധനയിലൂടെയോ ജനവിധിയിലൂടെയോ സ്വാധീനം തെളിയിച്ചതും വെനസ്വേലന്‍ ജനത ഷാവേസിനൊപ്പംതന്നെയെന്നത് ആവര്‍ത്തിച്ച് തെളിയിച്ചു. മുന്‍ ഭരണാധികാരികുടുംബങ്ങളും സാമ്രാജ്യത്വവും എണ്ണ ഏജന്റുമാരും യാഥാസ്ഥിതികരായ ചില പട്ടാളമേധാവികളും ചേര്‍ന്ന് നടത്തിയ ഉപജാപങ്ങളെ അതിജീവിച്ചതും ജനശക്തിയുടെ പിന്‍ബലംകൊണ്ടാണ്. ആ ജനശക്തിയുടെ ഉറവിടമാകട്ടെ, ഷാവേസിന്റെ നയസമീപനങ്ങള്‍തന്നെയായിരുന്നുതാനും.
ആഗോളവല്‍ക്കരണകാലത്ത് അതിനുള്ള ബദലിന്റെ പ്രതീകമായാണിന്ന് വെനസ്വേല സാമ്രാജ്യത്വത്തിനുമുമ്പില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്നത്. ബദലില്ല എന്ന സാമ്രാജ്യത്വവാദത്തിനുള്ള ജീവിക്കുന്ന മറുപടിയായി ആ രാജ്യത്തെ ഷാവേസും അദ്ദേഹത്തിന്റെ വിപ്ലവപ്രസ്ഥാനവും ഉയര്‍ത്തിനിര്‍ത്തി. ജനങ്ങളുടെ ജീവിതം പ്രഥമപരിഗണനയാക്കിയ ഭരണമായിരുന്നു ഷാവേസിന്റേത്. സോഷ്യലിസത്തിന്റെ അജയ്യത ആവര്‍ത്തിച്ച് വിളംബരം ചെയ്താണ് ഷാവേസ് കടന്നുപോകുന്നത്. ഷാവേസ്, വെനസ്വേലയ്ക്കുമാത്രമല്ല, ലാറ്റിനമേരിക്കയ്ക്കുമാത്രമല്ല, രാജ്യത്തിന്റെ പരമാധികാരം, സാമൂഹികനീതി, മനുഷ്യത്വം, നാടിന്റെ വികസനം എന്നിവയ്ക്കായി പൊരുതുന്ന ലോകത്തെ ഏതുഭാഗത്തെ ജനതതിക്കും നിത്യപ്രചോദനമായി മരണാനന്തരവും ജീവിക്കുതന്നെചെയ്യും; തീര്‍ച്ച.
************************************
ഷാവേസ്, കാലം വാര്‍ത്തെടുത്ത പോരാളി
(മലയാള മനോരമയിൽനിന്ന്)
ഒരു സിനിമാക്കഥപോലെ പോലെ. ദാരിദ്യ്രത്തില്‍ കഴിഞ്ഞ ബാല്യം, ജനനായകനായി പോരാട്ട വഴികളിലൂടെ യാത്ര, അമേരിക്കയെ എതിര്‍ത്തു നില്‍ക്കാന്‍ കഴിയുമെന്ന ലോകത്തിനു കാണിച്ചുകൊടുത്ത പോരാട്ട വീര്യം. ഒരു സാദാ പട്ടാളക്കാരന്‍ ഒരു ജനതയുടെ നേതാവായി മാറിയ കഥ. വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ജീവിതകഥ.
വെനസ്വേnയിലെ kസബനേറ്റ എന്ന കുഗ്രാമത്തില്‍ ഹ്യൂഗോ ദെ ലോ റെയ്സ് ഷാവേസിന്റെയും എലേന ഫ്രയസ് ദെ ഷാവേസിന്റെയും ഏഴു മക്കളില്‍ രണ്ടാമനായി 1954 ജൂലൈ 28ന് ജനനം. ദാരിദ്യ്രം കാരണം അച്ഛനും അമ്മയും കൊച്ചു ഹ്യുഗോയെയും ചേട്ടന്‍ അഡാന്‍ ഷാവെസിനെയും മുത്തശ്ശി റോസയുടെ അരികിലേക്ക് അയച്ചു. ഇരുവരുടെയും പഠനകാര്യങ്ങളില്‍ മുത്തശ്ശി വളരെയധികം ശ്രദ്ധചെലുത്തി. ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍ പഠനത്തിനു ശേഷം റോസ സഹോദരന്‍മാരുമായി ബാരിനാസ് നഗരത്തിലേക്കു കുടിയേറി. ആ മേഖലയിലെ ഏക ഹൈസ്കൂള്‍ അവിടെയായിരുന്നു.
വെനസ്വേലന്‍ സൈനികനും ഫെഡറലിസ്റ്റ് മൂവ്മെന്റിന്റെ നേതാവുമായിരുന്ന ജനറല്‍ എസെക്വെല്‍ സമോറയുടെ ആദര്‍ശങ്ങളില്‍ കൌമാരകാലത്തു തന്നെ ഷാവെസ് ആകൃഷ്ടനായി. തുടര്‍ന്ന് കരാക്കസിലെ വെനസ്വേലന്‍ അക്കാദമി ഓഫ് മിലിട്ടറി സയന്‍സസില്‍ ചേര്‍ന്നു. അക്കാദമിയിലെ പഠനം ലോകത്തെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഷാവേസിനെ പ്രാപ്തനാക്കി. വെനസ്വേലയിലെ താഴത്തേത്തട്ടിലുള്ളവരുടെ ജീവിത നിലവാരവും പട്ടിണിയും നേരിട്ടു കണ്ടറിഞ്ഞു. അങ്ങനെ അക്കാദമിക്കു വെളിയില്‍ ജനങ്ങളുടെ ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. കളികളിലേര്‍പ്പെട്ടും കവിതകളും കഥകളും എഴുതിയും ചിത്രം വരച്ചും സമയം ചെലവഴിച്ച ഷാവെസ് ദക്ഷിണ അമേരിക്കന്‍ വിപ്ളവകാരിയായ സൈമണ്‍ ബൊലിവറിന്റെ ജീവിതത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കുന്നതിനും ശ്രമിച്ചു. ചെഗുവേരയുടെ വിപ്ളാവാശയങ്ങളില്‍ ആകൃഷ്ടനായി.
അക്കാദമിയിലെ ബിരുദ പഠനത്തിനു ശേഷം ബാരിനസിലെ ഒരു യൂണിറ്റില്‍ കമ്യൂണിക്കേഷന്‍ ഓഫിസറായി ജോലി ലഭിച്ചു. സര്‍ക്കാരിനെതിരെ മാര്‍ക്സിസ്റ്റ് വിപ്ളവ ശ്രമം നടന്ന സ്ഥലമായിരുന്നു അത്. എന്നാല്‍ പ്രക്ഷോഭമൊക്കെ തണുത്തതിനാല്‍ ഷാവേസിന് മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ഏറെ സമയം ലഭിച്ചു. തദ്ദേശീയരായ ബേസ്ബോള്‍ കളിക്കാര്‍ക്കൊപ്പം സമയം ചെലവിട്ട അദ്ദേഹം പ്രാദേശിക പത്രത്തില്‍ വാരാന്ത്യ കോളവും എഴുതി. വിപ്ളവകാരികള്‍ അവശേഷിപ്പിച്ചു പോയവയില്‍ നിന്ന് ഒരിക്കല്‍ കാള്‍ മാര്‍ക്സിന്റെയും ലെനിന്റെയും മാവോയുടെയും സിദ്ധാന്തങ്ങള്‍ ലഭിച്ചു. ഇവ വായിച്ചതിലൂടെ വെനസ്വേലയില്‍ ഇടതു ചിന്താഗതിയുള്ള സര്‍ക്കാര്‍ വരേണ്ടതിന്റെ ആവശ്യകത ഷാവെസിന്റെ മനസ്സില്‍ ഉറച്ചു.
സമ്പന്നമായ എണ്ണപ്പാടങ്ങളില്‍ നിന്നു രാജ്യം പുരോഗതി പ്രാപിക്കുന്നുണ്ടെങ്കിലും സാധാരണക്കാരിലേക്ക് ആ പണം എത്തുന്നില്ലെന്നു ഷാവെസ് തിരിച്ചറിഞ്ഞു. കൂടാതെ, ഭരണകൂടത്തിലും സൈന്യത്തിലും നിറയെ അഴിമതിയും. ഈ തിരിച്ചറിവ് ഷാവെസിന്റെ ഉള്ളിലെ പോരാളിയെ വാര്‍ത്തെടുക്കുകയായിരുന്നു. പട്ടാളത്തിലെ ഇടതു ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തി വെനസ്വേലന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന രഹസ്യ സംഘടന ആരംഭിച്ചു. 1977ലായിരുന്നു ഇത്.
അഞ്ചു വര്‍ഷത്തിനു ശേഷം റെവലൂഷനറി ബൊളിവേറിയന്‍ മൂവ്മെന്റ് - 200 (എംബിആര്‍ - 200) എന്ന പുതിയ സംഘടനയും രഹസ്യമായി സ്ഥാപിച്ചു. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തന്നെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക്് ഷാവേസിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിത്തുടങ്ങി. അവര്‍ ഷാവേസിനെ അപ്യൂര്‍ സംസ്ഥാനത്തെ എലോര്‍സയിലേക്കു സ്ഥലം മാറ്റി. അവിടെ ഗോത്രവര്‍ഗക്കാരുടെ ഇടയിലായി പിന്നീട് പ്രവര്‍ത്തനം. ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങളെക്കുറിച്ചു ബോധാവാനായ കാലഘട്ടമായിരുന്നു ഇത്. പിന്നീട് ഭരണഘടന പൊളിച്ചെഴുതിയപ്പോള്‍ ഈ വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
1988ല്‍ മേജറായി സ്ഥാനക്കയറ്റം കിട്ടി. അന്നത്തെ ജനറല്‍ റോഡ്രിഗ്വെസ് ഓഛയുടെ വിശ്വസ്തനായി.
ഭരണകൂടത്തിന്റെ ഭീകരതയ്ക്കെതിരെ ഓപ്പറേഷന്‍ സമോറ എന്ന പേരില്‍ പട്ടാള അട്ടിമറി ശ്രമം നടത്തി പരാജയപ്പെട്ടു. 1992ലായിരുന്നു അത്. അദ്ദേഹത്തെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ഷാവേസിനെയും കൂട്ടരെയും വിട്ടയച്ചു. ജയിലില്‍ നിന്നിറങ്ങിയ ഷാവേസ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെ തന്റെ പ്രസ്ഥാനത്തിനു പിന്തുണ തേടി സഞ്ചരിച്ചു. ക്യൂബന്‍ വിപ്ളവനേതാവായ ഫിഡല്‍ കാസ്ട്രോയുമായുള്ള സൌഹൃദം ആരംഭിക്കുന്നത് ഇങ്ങനെയാണ്. രാജ്യത്ത് തിരിച്ചെത്തിയ അദ്ദേഹം ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഷാവെസ് വിജയിച്ചു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും അവഗണിക്കപ്പെട്ടു കിടന്ന വിഭാഗങ്ങളുടെയും വോട്ടാണ് ഷാവേസിനു ലഭിച്ചതെന്നു പിന്നീടുള്ള പഠനങ്ങള്‍ തെളിയിച്ചു. തുടര്‍ന്ന് നാലു വട്ടം ഷാവേസിനെ വെനസ്വേല പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ആദ്യ അവസരത്തില്‍ തന്നെ രാജ്യത്തിന്റെ ഭരണഘടന പൊളിച്ചെഴുതി. അശരണര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ പണത്തിന്റെ ഗുണം ലഭിക്കുന്ന നയങ്ങള്‍ കൊണ്ടുവന്നു. ഷാവേസ് ജനകീയനായി മാറുകയായിരുന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2011 ജൂണില്‍ തനിക്കു ക്യാന്‍സറാണെന്നു ഷാവേസ് തന്നെയാണു ലോകത്തെ അറിയിച്ചത്. ക്യൂബയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ രോഗ മുക്തനായെന്നും വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അദ്ദേഹം നാലാമതും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ചു. എന്നാല്‍ ക്യാന്‍സര്‍ ആ പോരാളിയെ വിട്ടു പോകാന്‍ ഒരുക്കമല്ലായിരുന്നു. വീണ്ടും ശസ്ത്രക്രിയയെ അഭിമുഖീകരിക്കേണ്ടി വന്നു. തുടര്‍ന്നു മരണത്തേയും.
******************************
ചരിത്രമായി ഷാവേസ്
(മലയാളമനോരമ മുഖപ്രസംഗം)
വെനസ്വേലയില്‍ മാത്രമല്ല, ലാറ്റിന്‍ അമേരിക്കയില്‍ പൊതുവില്‍ തന്നെ ഇനിയെന്ത് എന്ന ഉദ്വേഗം മുറ്റിനില്‍ക്കുന്ന ചോദ്യമാണു പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്താടെ ഉയര്‍ന്നിരിക്കുന്നത്. കാരണം, കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ആ മേഖലയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും ഇത്രയേറെ ആഴത്തില്‍ സ്വാധീനംചെലുത്തിയ മറ്റൊരു നേതാവില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിക്കു മറ്റൊരു ഷാവേസാകാന്‍ കഴിയുമോ എന്ന സംശയവും നിലനില്‍ക്കുന്നു.
പോരാളിയായിരുന്നു ഷാവേസ്. മുന്‍സൈനികനായ അദ്ദേഹം സ്വന്തം നാട്ടിലെ രാഷ്ട്രീയ പ്രതിയോഗികളോടെന്ന പോലെ ലാറ്റിന്‍ അമേരിക്കയിലെ യുഎസ് ഇടപെടലുകള്‍ക്കെതിരെയും നിരന്തരം പോരാടി. ഒന്നര വര്‍ഷമായി അര്‍ബുദരോഗത്തോടും മല്ലിടുകയായിരുന്നു. അതിനിടയില്‍ തന്നെയാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ നാലാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും. പക്ഷേ, വീണ്ടും ആശുപത്രിയിലായതിനാല്‍ ഇത്തവണ സ്ഥാനമേറ്റെടുക്കാനായില്ല.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കേ അറ്റത്തുകിടക്കുന്ന വെനസ്വേല സമീപകാലത്തു ലാറ്റിന്‍ അമേരിക്കയിലെ മറ്റേതു രാജ്യത്തെക്കാളും ശ്രദ്ധയാകര്‍ഷിച്ചതിനു കാരണം തന്നെ ഷാവേസായിരുന്നു. ക്യൂബയിലെ ഫിദല്‍ കാസ്ട്രോ കഴിഞ്ഞാല്‍ ആ മേഖലയിലെ ഏറ്റവും വ്യക്തിപ്രഭാവമുള്ള നേതാവായി അദ്ദേഹം. കാസ്ട്രോയെപ്പോലെ യുഎസ് ഭരണകൂടവുമായുള്ള ഏറ്റുമുട്ടല്‍ ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല, ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും ഷാവേസിനെ വര്‍ധിച്ചുവരുന്ന യുഎസ് വിരുദ്ധതയുടെ പ്രതീകവുമാക്കി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്പെയിനിന്റെ ആധിപത്യത്തില്‍ നിന്നു വെനസ്വേലയെ മോചിപ്പിക്കുകയും ലാറ്റിന്‍ അമേരിക്കയില്‍ ഉടനീളം സാമ്രാജ്യത്വവിരുദ്ധ തരംഗം സൃഷ്ടിക്കുകയും ചെയ്ത സൈമണ്‍ ബൊളിവറായിരുന്നു ഷാവേസിന്റെ ആരാധനാമൂര്‍ത്തി.
ദാരിദ്യ്രനിര്‍മാര്‍ജനം, ഭൂവിതരണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, തൊഴിലവസരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വെനസ്വേലയ്ക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞതിനു കാരണം ആ രാജ്യത്തിന്റെ എണ്ണസമ്പത്തു മാത്രമല്ല, അതു പൊതുജന ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കാന്‍ ഷാവേസ് കാണിച്ച തന്റേടവും ദൃഢനിശ്ചയവുമാണ്. അതാണു കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിനു വിജയം നേടിക്കൊടുത്തതും. അതേസമയം, ഏകാധിപതി, അമേരിക്കയുമായുള്ള അനാവശ്യമായ സംഘര്‍ഷങ്ങളില്‍ അഭിരമിക്കുന്നയാള്‍ തുടങ്ങിയ ആരോപണങ്ങള്‍ക്കും അദ്ദേഹം പാത്രമായി.
മാറിമാറിവന്ന യുഎസ് ഭരണകൂടങ്ങള്‍ ക്യൂബയെപ്പോലെ വെനസ്വേലയെയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. ക്യൂബയും വെനസ്വേലയും തമ്മിലുള്ള സുദൃഢബന്ധത്തിനാണ് അതു വഴിയൊരുക്കിയത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ക്യൂബയെ തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്തിയതു ഷാവേസായിരുന്നു. അര്‍ബുദം ബാധിച്ചപ്പോള്‍ ചികില്‍സയ്ക്കുവേണ്ടി പാശ്ചാത്യരാജ്യങ്ങളിലേക്കൊന്നും പോകാതെ ക്യൂബയിലെ ഡോക്ടര്‍മാരുടെ കൈകളിലാണ് അദ്ദേഹം വിശ്വാസം അര്‍പ്പിച്ചതും.
ലാറ്റിന്‍ അമേരിക്കയിലുടനീളം യുഎസ് വിരുദ്ധശക്തികളെ ഒന്നിപ്പിക്കാന്‍ ഷാവേസ് മുന്‍കയ്യെടുത്തപ്പോള്‍ ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിച്ചതായും ആരോപണമുണ്ടായി. 2002ല്‍ വെനസ്വേലയില്‍ നടന്ന അലസിപ്പോയ പട്ടാളവിപ്ളത്തിന്റെ പിന്നില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ആണെന്നാണു ഷാവേസ് കുറ്റപ്പെടുത്തിയത്. 2006ല്‍ യുഎന്‍ പൊതുസഭയില്‍ ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം ബുഷിനെ ‘ചെകുത്താന്‍” എന്നു വിളിക്കുകയും ചെയ്തു.
ലാറ്റിന്‍ അമേരിക്കയ്ക്കു പുറത്തും ഷാവേസിന്റെ ഉറ്റസുഹൃത്തുക്കള്‍ കടുത്ത യുഎസ് വിരോധികളായിരുന്നു. ഉദാഹരണം: ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനിജാദ്, സിറിയന്‍ പ്രസിന്റ് ബഷാര്‍ അല്‍ അസദ്, ഇറാഖിലെ സദ്ദാം ഹുസൈന്‍, ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി. ബ്രസീല്‍, അര്‍ജന്റീന, പാരഗ്വായ്, ഇക്വഡോര്‍, ബൊളീവിയ തുടങ്ങിയ മറ്റു ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ നേതാക്കള്‍ അധികാരത്തിലെത്തുന്നതു കാണാനും ഷാവേസിനു കഴിഞ്ഞു.
ഇതിനെല്ലാമിടയിലും വെനസ്വേലയില്‍ ശക്തമായ ഒരു രണ്ടാംനിര ഉയര്‍ന്നുവന്നില്ലെന്നതു ഷാവേസിന്റെ വീഴ്ചയായിട്ടാണു കരുതപ്പെടുന്നത്. പിന്‍ഗാമിയായി ഷാവേസ് നിര്‍ദേശിച്ച വൈസ് പ്രസിഡന്റ് നിക്കൊളാസ് മദുറോയെപ്പറ്റി നാട്ടുകാരില്‍ പലരും അറിഞ്ഞതു തന്നെ രണ്ടുമാസം മുന്‍പ് അതു സംബന്ധിച്ചു ഷാവേസ് നടത്തിയ പ്രഖ്യാപനത്തോടെയാണ്. 30 ദിവസത്തിനകം നടക്കുന്ന പുതിയ തിരഞ്ഞെടുപ്പില്‍ മദുറോ ജയിക്കുമോ? ജയിച്ചാല്‍ തന്നെ മറ്റൊരു ഷാവേസാകാന്‍ അദ്ദേഹത്തിനു കഴിയുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്.
**************************
അണിചേരാം, ഇതിഹാസത്തിനുപിന്നില്‍
പ്രകാശ് കാരാട്ട്
(ദേശാഭിമായിൽനിന്ന്)
ഈ കോളം പൂര്‍ത്തിയാക്കിയശേഷമാണ് ഹ്യൂഗോ ഷാവേസ് അന്തരിച്ചെന്ന ദുഃഖകരമായ വാര്‍ത്തയെത്തിയത്. ഷാവേസ് എന്ന വിപ്ലവനായകന്‍ 58ാമത്തെ വയസ്സില്‍ വിടപറഞ്ഞത് വെനസ്വേലയിലെ ജനങ്ങളെയും ലാറ്റിനമേരിക്കയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വെനസ്വേലയിലെ വിപ്ലവകരമായ പ്രക്രിയയെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ആ രാജ്യത്തെ വലതുപക്ഷശക്തികള്‍ ശ്രമിക്കും. എന്നാല്‍, സോഷ്യലിസ്റ്റ് ഇടതുപക്ഷ ശക്തികള്‍ ഷാവേസിന്റെ ഇതിഹാസപാരമ്പര്യത്തിന് പിന്നില്‍ അണിനിരന്ന് വിഷമകരമായ ഈ ഘട്ടത്തെ അതിജീവിക്കുമെന്ന് ഉറപ്പാണ്. ഞങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും അവര്‍ക്കുണ്ടാകും: പ്രകാശ് കാരാട്ട്
ഇക്വഡോറില്‍ ഫെബ്രുവരി 18ന് നടന്ന തെരഞ്ഞെടുപ്പില്‍ റാഫേല്‍ കൊറിയ മൂന്നാംതവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 58 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. വലതുപക്ഷ എതിരാളിക്ക് 24 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഇക്വഡോര്‍, വെനസ്വേല, ബൊളീവിയ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നതാണ് ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ അച്ചുതണ്ട്. ഈ മൂന്ന് രാജ്യങ്ങളിലാണ് ഇടതുപക്ഷം തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും നവഉദാരവല്‍ക്കരണത്തിനും സാമ്രാജ്യത്വമേല്‍ക്കോയ്മയ്ക്കുമെതിരെ ബദല്‍മാര്‍ഗം സ്വീകരിക്കുകയും ചെയ്തത്. വെനസ്വേലയില്‍ കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഹ്യൂഗോ ഷാവേസ് നാലാംതവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബൊളീവിയയില്‍ ഇവാ മൊറേലിസിന് ഇത് തുടര്‍ച്ചയായ രണ്ടാം ഊഴമാണ്്. ഈ മൂന്ന് രാജ്യങ്ങളിലും ഇടതുപക്ഷശക്തികള്‍ നവഉദാര നയങ്ങള്‍ക്കെതിരെ പൊരുതുന്നതോടൊപ്പം ദേശീയപരമാധികാരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
സോഷ്യലിസ്റ്റ് ക്യൂബയുമായി അടുത്ത സഖ്യമുള്ള ഈ മൂന്ന് രാജ്യങ്ങള്‍ക്കൊപ്പം നിക്കരാഗ്വ, ഉറുഗ്വെ, എല്‍ സാല്‍വഡോര്‍, പരാഗ്വ എന്നീ രാജ്യങ്ങളിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളത്. സോഷ്യല്‍ ഡെമോക്രാറ്റുകളാണെങ്കിലും ബ്രസീലിലും അര്‍ജന്റീനയിലും ദേശീയ സര്‍ക്കാരുകളാണ് അധികാരത്തിലുള്ളത്. 21ാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കയില്‍ സോഷ്യലിസ്റ്റ് പാതയ്ക്കുവേണ്ടിയുള്ള ശ്രമത്തിനും അവിടത്തെ ഇടതുപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഏറെ പ്രധാന്യമുണ്ട്. 1980കളുടെ ആദ്യം നവഉദാരവല്‍ക്കരണ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത് ലാറ്റിനമേരിക്കയിലാണ്. ചിലിയില്‍ സാല്‍വദോര്‍ അലന്‍ഡെയുടെ സര്‍ക്കാരിനെതിരെ നടന്ന ഫാസിസ്റ്റ് അട്ടിമറിയിലൂടെ തുടങ്ങി ഇടതുപക്ഷത്തിനുണ്ടായ പരാജയ പരമ്പരകളുടെ തുടര്‍ച്ചയായിരുന്നു ഈ നയം.
ഗറില്ലാ സമരരീതി സ്വീകരിച്ച പല വിപ്ലവശക്തികളും അടിച്ചമര്‍ത്തപ്പെട്ടു. 1991ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായതോടെ ഇടതുപക്ഷത്തിന്റെ പിന്മാറ്റം പൂര്‍ത്തിയായി. എങ്കിലും ഇടതുപക്ഷം വീണ്ടും സംഘടിച്ച്, സ്വകാര്യവല്‍ക്കരണത്തിനും വിഭവങ്ങള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ തട്ടിയെടുക്കുന്നതിനുമെതിരെ പോരാട്ടം ആരംഭിച്ചു. തദ്ദേശീയരായ ഇന്ത്യന്‍ വംശജരുടെയും ഭൂരഹിതരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനങ്ങളും അതിവേഗം വളര്‍ന്നു. ഈ ജനകീയ സമരങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നുമാണ് ഇടതുപക്ഷത്തിന്റെ പുതിയരൂപങ്ങള്‍ ഉരുത്തിരിഞ്ഞത്. വെനസ്വലയില്‍ ഇത് ബൊളിവേറിയന്‍ വിപ്ലവത്തിനുള്ള പ്രസ്ഥാനമാണ്. ബൊളീവിയയിലാകട്ടെ ഇത് സോഷ്യലിസത്തിന് വേണ്ടിയുള്ള പ്രസ്ഥാനമാണ് (എംഎഎസ്). ബ്രസീലില്‍ തൊഴിലാളി പാര്‍ടിയും ഭൂരഹിത ഗ്രാമീണ തൊഴിലാളിപ്രസ്ഥാനവും ഉയര്‍ന്നുവന്നു. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷത്തിന്റെ മറ്റൊരു പ്രത്യേകത ജനകീയ ജനാധിപത്യരാഷ്ട്രീയത്തിലേക്കുള്ള ചായ്വാണ്. സായുധ സമരം നയിച്ച വിപ്ലവകാരികള്‍ക്കും ഉല്‍പതിഷ്ണുക്കളായ തൊഴിലാളിസംഘടനാ നേതാക്കള്‍ക്കും ഒപ്പം കര്‍ഷകരുടെയും ഭൂരഹിതരുടെയും പ്രസ്ഥാനങ്ങളുടെയും നേതാക്കളും കമ്യൂണിസ്റ്റ് പാര്‍ടികളുടെയും ചേരിനിവാസികളുടെയും നേതാക്കളും ദേശസ്നേഹികളായ സൈനിക ഓഫീസര്‍മാരും ഒത്തുചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും സംഘടനകള്‍ക്കും രൂപം നല്‍കി.
എടുത്തുപറയേണ്ട വസ്തുത വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ ഇത്തരം കക്ഷികളും സഖ്യവും തുടര്‍ച്ചയായി 50 ശതമാനത്തിലധികം വോട്ട് നേടി വിജയിക്കുകയാണെന്നതാണ്. ഈ മൂന്ന് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ രാഷ്ട്രീയക്രമം പുതുക്കിപ്പണിതു. കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്ന പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കിയ സര്‍ക്കാരുകള്‍ പങ്കാളിത്ത ജനാധിപത്യവും പ്രാതിനിധ്യ ജനാധിപത്യവും അനുവദിച്ചു. ഈ സര്‍ക്കാരുകളെല്ലാം മൗലികമായ ഭൂപരിഷ്കരണങ്ങള്‍ നടപ്പാക്കുകയും എണ്ണ, വാതകം, ധാതുലവണങ്ങള്‍ എന്നീ പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം ബഹുരാഷ്ട്രകമ്പനികളില്‍നിന്നും സ്വകാര്യ കമ്പനികളില്‍നിന്നും മോചിപ്പിക്കുകയും ചെയ്തു. കൂടാതെ ബൃഹത്തായ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുകയും വിദ്യാഭ്യാസം, ആരോഗ്യം എന്നിവ കൂടുതല്‍ പേര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്തു. അതേസമയം, ഈ രാജ്യങ്ങളിലൊന്നും ഇതുവരെയും സോഷ്യലിസം സ്ഥാപിച്ചിട്ടില്ല. സോഷ്യലിസത്തിലേക്ക് പോകാനുള്ള പ്രക്രിയയിലാണ് ഈ രാജ്യങ്ങള്‍. രാഷ്ട്രഘടനയും ഓരോ രാജ്യത്തിലെയും ശാക്തികബലാബലവും വലതുപക്ഷശക്തികളെ പിടിച്ചുകെട്ടാനുള്ള പോരാട്ടം തുടരേണ്ട അവസ്ഥ സംജാതമാക്കി. ഉദാഹരണത്തിന് വെനസ്വേലയില്‍ മുതലാളിത്തമേഖല ഇന്നും നിലനില്‍ക്കുന്നു. മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോഴും ദുഷ്പ്രഭുത്വത്തിന്റെയും കോര്‍പറേറ്റ് മേഖലയുടെയും നിയന്ത്രണത്തിലാണ്. അട്ടിമറിനീക്കങ്ങള്‍ തടയാനും സാമ്രാജ്യത്വത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദം അതിജീവിക്കാനും ഈ മൂന്ന് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണ്.
ലാറ്റിനമേരിക്കയില്‍ വളര്‍ന്നുവരുന്ന പ്രാദേശിക സഹകരണമാണ് മറ്റൊരു പ്രധാന പ്രത്യേകത. ക്യൂബ, വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍, ഉറൂഗ്വെ, പരാഗ്വെ എന്നീ ഇടതുപക്ഷ, പുരോഗമനരാജ്യങ്ങള്‍ ചേര്‍ന്നുള്ള അല്‍ബ (ബൊളിവേറിയന്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ലാറ്റിനമേരിക്ക)യാണിതില്‍ പ്രധാനം. മെര്‍ക്കോസര്‍, ഉനാസര്‍ തുടങ്ങിയ ബൃഹത്തായ പ്രാദേശിക സംഘടനകളുമുണ്ട്. ഉനാസറില്‍നിന്നും ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാഷ്ട്ര സഖ്യത്തില്‍നിന്നും(സിഇഎല്‍എസി) അമേരിക്കയെ ഒഴിച്ചുനിര്‍ത്തി എന്നത് ശ്രദ്ധേയമാണ്. ലാറ്റിനമേരിക്കയിലെ പ്രമുഖ ബുദ്ധിജീവിയായ എമിര്‍ സഡേര്‍ എഴുതിയ 'ദ ന്യൂ മോള്‍' എന്ന പുസ്തകം ലാറ്റിനമേരിക്കയില്‍ നടക്കുന്ന രാഷ്ട്രീയസാമൂഹ്യ സംഭവവികാസങ്ങളും അതില്‍ ഇടതുപക്ഷത്തിന്റെ പങ്കിനെയും പ്രതിപാദിക്കുന്നു. (ഈ പുസ്തകം ഡല്‍ഹിയിലെ ലെഫ്റ്റ്വേര്‍ഡാണ് പ്രസിദ്ധീകരിച്ചത്). ലാറ്റിനമേരിക്കന്‍ ഇടതുപക്ഷത്തിന്റെ ഭാവി ശോഭനമാണ്. ഹ്യൂഗോ ഷാവേസിന്റെ അഭാവം ഒരു തിരിച്ചടിയാകുമെങ്കിലും ദശാബ്ദം പിന്നിട്ട വെനസ്വേലയിലെ വിപ്ലവപ്രക്രിയയെ എളുപ്പത്തില്‍ അട്ടിമറിക്കാനാകില്ല.
ഷാവേസ് ക്യൂബയിലെ ആശുപത്രിയിലായിരിക്കുമ്പോഴാണ് വെനസ്വേലയിലെ 23 പ്രവിശ്യകളില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ 20ലും ഷാവേസ് സ്ഥാപിച്ച യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിയാണ് വിജയിച്ചത്. വിപ്ലവപ്രസ്ഥാനത്തിനുള്ള ജനകീയപിന്തുണ ഇന്നും ശക്തമാണ്. ഷാവേസ് നിലവില്‍ തന്റെ പിന്തുടര്‍ച്ചക്കാരനായി വൈസ് പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ പേര് നിര്‍ദേശിച്ചിട്ടുണ്ട്. ഷാവേസിന് തുടരാന്‍ കഴിയാത്തപക്ഷം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഡുറോയെ മത്സരിപ്പിക്കാനാണ് നിര്‍ദേശം. സാമൂഹ്യമാറ്റത്തിനായുള്ള ജനാധിപത്യപ്രക്രിയക്കാണ് വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍ എന്നീ ത്രിമൂര്‍ത്തികള്‍ തുടക്കം കുറിച്ചിട്ടുള്ളത്. ഈ പ്രക്രിയയില്‍ നേതാക്കള്‍ക്കുള്ള പങ്ക് നിര്‍ണായകമാണെങ്കിലും അവരുടെ അഭാവത്തിലും ഈ ജനകീയപ്രസ്ഥാനവും അത് അഴിച്ചുവിട്ട സാമൂഹ്യശക്തികള്‍ക്കും അന്ത്യമാകില്ല.
*********************************************
വിപ്ലവതാ രകം
അഡ്വ. കെ അനില്‍കുമാര്‍
(ദേശാഭിമാനിയിൽ നിന്ന്)
ഒരു കൊള്ളിയാന്‍ മിന്നിമറയുന്നപോലെ, രണ്ടുദശകം നീണ്ട രാഷ്ട്രീയ ജീവിതംകൊണ്ട് ജനകോടികളുടെ മനസ്സില്‍, ചരിത്രത്തില്‍, സ്വന്തം സിംഹാസനം തീര്‍ത്ത ധ്രുവതാരകമാണ് ഹ്യൂഗോ ഷാവേസ്. ഭൂഗോളത്തില്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മാത്രം രാഷ്ട്രീയ സമവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ ചരിത്രത്തിലേക്ക്, തെക്കിന്റെ ആത്മബോധവുമായി കടന്നുവന്ന്, ഒരു ലാറ്റിനമേരിക്കന്‍ വിപ്ലവസൂര്യനെ ജ്വലിപ്പിച്ചുയര്‍ത്തിയ ഷാവേസ് ആഗോളവല്‍ക്കരണത്തിന്റെ തേരോട്ടങ്ങളില്‍ പകച്ചുപോയ പ്രതിരോധ രാഷ്ട്രീയത്തിന് തെക്കേ അമേരിക്കയില്‍ ഇളം ചുവപ്പിന്റെ കൂടൊരുക്കി. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും വിപ്ലവ ദര്‍ശനങ്ങള്‍ക്ക് പ്രയോഗപടുത്വംകൊണ്ട് റഷ്യയിലും ചൈനയിലും സാക്ഷാത്കാരം നേടിയ ലെനിന്റെയും മാവോയുടെയും വഴികളില്‍നിന്ന് വ്യത്യസ്തമായാണ് ക്യൂബയില്‍ ഫിദലിന്റെ സ്വപ്നങ്ങളിലെ വിപ്ലവ കാമനകള്‍ക്ക് സിന്ദൂര തിലകം ചാര്‍ത്തപ്പെട്ടത്.
സോവിയറ്റ് തകര്‍ച്ചയോടെ ക്യൂബന്‍ വിപ്ലവം പൊലിഞ്ഞുവെന്ന പ്രചാരണങ്ങള്‍ക്കിടയില്‍, തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ വെനസ്വേലയില്‍ ഷാവേസ് ജ്വലിച്ചുയര്‍ന്നു. ക്യൂബ ചെറുതാണെങ്കില്‍ വെനിസ്വേല താരതമ്യേന വലിയ രാജ്യമാണ്. തെക്കേ ഇന്ത്യയോളം വലുപ്പമുള്ള എണ്ണ സമ്പന്നമായ നാട്. ഷാവേസ് അധികാരത്തിലെത്തുംവരെ, ഭരണാധികാരികള്‍ വെറും ഇത്തിള്‍കണ്ണികളായിരുന്നു. അമേരിക്കന്‍ കമ്പനികള്‍ ടണ്‍ കണക്കിന് ബാരല്‍ എണ്ണ പ്രതിദിനം ഊറ്റിക്കൊണ്ടുപോകുമ്പോള്‍ കമ്മീഷന്‍ പറ്റി ജീവിച്ച ദല്ലാള്‍മാര്‍ പട്ടാളത്തിലെ ചെറിയ ഒരോഫീസര്‍ മാത്രമായിരുന്നു ഷാവേസ്. അധികാരം നേടാന്‍ നടത്തിയ ആദ്യ പോരാട്ടം ആദ്ദേഹത്തെ ജയിലിലെത്തിച്ചു. കാരാഗൃഹം പാഠശാലയാക്കിയ പുറത്തിറങ്ങിയപ്പോള്‍ ക്യൂബയിലേക്ക് പോയി. ഫിദല്‍ കാസ്ട്രോയില്‍ തന്റെ ഗുരുവിനെ കണ്ടെത്തി. സ്പാനിഷ് അധിനിവേശത്തിനെതിരെ തെക്കേ അമേരിക്കയുടെ വിമോചന ധിഷണകളെ ജ്വലിപ്പിച്ചുയര്‍ത്തിയ ഫ്രാന്‍സിസ് ഡി മിരാന്തയുടെയും സൈമണ്‍ ബൊളിവറുടെയും സാമ്രാജ്യത്വവിരുദ്ധ ചോദന ജനകോടികളുടെ സിരകളില്‍ തിരകളായിരമ്പിക്കൊണ്ടിരുന്നു. ലാറ്റിനമേരിക്കന്‍ മണ്ണിന്റെ മണവും ഗുണവുമുള്ള രാഷ്ട്രീയം കണ്ടറിഞ്ഞ് അതിനെ ആധുനിക കാലത്തിലെ ചാലക ചക്രങ്ങളാക്കി, സോഷ്യലിസ്റ്റ് സ്വപ്നങ്ങളുടെ വിമോചന ശേഷികൂടി അതിലാവാഹിച്ചാണ് ഷാവേസ് വ്യത്യസ്തമായ വഴി കണ്ടെത്തിയത്. ജനാധിപത്യത്തിന്റെ നിയമ നിഷ്ഠകള്‍ക്കിടയിലൂടെയായിരുന്നു. അട്ടിമറിയുടെ കനല്‍ വഴികള്‍ അതിനിടയില്‍ താണ്ടേണ്ടി വന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു പിറകില്‍ അമേരിക്ക തന്നെയായിരിക്കുമെന്ന് ഷാവേസ് പല തവണ പറഞ്ഞിരുന്നു. പക്ഷെ, കാലം ഒളിപ്പിച്ചുവച്ച ദുരന്തം ക്യാന്‍സറിന്റെ രൂപത്തിലാണ് കടന്നുവന്നത്. ഒന്നര പതിറ്റാണ്ടിനിടയില്‍ ആറു തവണ തുടര്‍ച്ചയായി ജനവിധി നേടി ഷാവേസ്. ആശുപത്രിയിലേക്ക് ഒരിക്കല്‍കൂടി പോകും മുമ്പ് പിന്‍ഗാമിയെകൂടി പ്രഖ്യാപിച്ച് ഭാവിയിലേക്ക് വിരല്‍ചൂണ്ടി പ്രത്യാശാഭരിതമായ പുഞ്ചിരിയുമായി ഷാവേസ് അത് ആരിലും ആത്ഭുതവും ആദരവും അവശേഷിപ്പിക്കും.
അധികാരമേറ്റയുടനെ രാജ്യത്തെ എണ്ണവ്യവസായം ദേശസാല്‍ക്കരിച്ച ഷാവേസ്, എണ്ണ വിറ്റുകിട്ടിയ പണം ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവക്കായി നീക്കിവച്ചു. ആഗോളവല്‍ക്കരണകാലത്ത് ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളെ ഉപേക്ഷിക്കാന്‍, എല്ലാ ദേശീയ ഭരണകൂടങ്ങളും നിര്‍ബന്ധിക്കപ്പെട്ടപ്പോഴായിരുന്നു, ബൊളിവേറിയന്‍ ബദല്‍. അതിന്റെ ചൂടും ചൂരുമേറ്റ് ലാറ്റിനമേരിക്കയില്‍ ഇളം ചുവപ്പ് വിപ്ലവം അരങ്ങേറി. പകുതി രാജ്യങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തുക മാത്രമല്ല, ദക്ഷിണ അമേരിക്കയുടെ കൂട്ടായ്മയ്ക്ക് വെനിസ്വേലേയും ക്യൂബയും നേതൃത്വം നല്‍കുന്ന ഉയരത്തിലേക്ക് അതെത്തി. തെക്കിന്റെ ടെലിവിഷനായ ടെലിസൂറും തെക്കിന്റെ ബാങ്കും ലാറ്റിനമേരിക്കയുടെ സ്വന്തമായ ഒരു കറന്‍സിയുടെ സ്വപ്നങ്ങളും വിശ്വസനീയമായ ബദലിന്റെ സാധ്യതകള്‍ വികസിപ്പിച്ചു. ധൈഷണിക ധീരതയുടെ വേറിട്ട വഴികള്‍ വെട്ടിത്തുറന്ന് ലോകത്തെ വിസ്മയിപ്പിച്ച ആ ധീര നേതൃത്വമാണ് മധ്യാഹ്ന സൂര്യന്റെ വിടവാങ്ങല്‍പോലെ ചരിത്രത്തില്‍ ലയിച്ചത്. കരാക്കസില്‍ 2005ല്‍ നടന്ന യുവജന സമ്മേളനത്തില്‍ നിറഞ്ഞുനിന്ന ഷാവേസിന്റെ രൂപം മനസ്സില്‍നിന്ന് മായുന്നില്ല. ഉദ്ഘാടന സമ്മേളനവേദിയില്‍ ഒരോ രാഷ്ട്രത്തിന്റെയും പ്രതിനിധി സംഘത്തെ പ്രത്യേകമായി സ്വീകരിച്ച് പ്രസരിപ്പോടെ ഷാവേസ് തിളങ്ങിനിന്നു. ചിരിയും ചിന്തയും വിസ്മയവും സമ്മേളിച്ച വാഗ്ധോരണി മണിക്കൂറുകളോളം സ്വച്ഛന്തമായി പ്രവഹിക്കും. ഇടയ്ക്ക് സംഗീതത്തിന്റെ ചുവടുവയ്പ്പില്‍ ഉദ്ഘാടകന്‍ നര്‍ത്തകനായി മാറും. ലാറ്റിനമേരിക്കയുടെ ചടുല സംഗീതത്തിന്റെ ഈണങ്ങള്‍ക്കും താളങ്ങള്‍ക്കും ഷാവേസും നൃത്തം ചെയ്തപ്പോള്‍ ഉദ്ഘാടനവേദി ഇരമ്പിമറിഞ്ഞു. നിറങ്ങള്‍ പെയ്തിറങ്ങിയ ആ വെനസ്വേലന്‍ രാവിന്റെ അഭൗമ സൗന്ദര്യം പടര്‍ന്ന പശ്ചാത്തലത്തില്‍ ഷാവേസ് തന്റെ ലക്ഷ്യം സോഷ്യലിസമാണെന്ന് ലോകത്തോട് ആദ്യമായി പറഞ്ഞു. മാനവരാശിയുടെ ശത്രു സാമ്രാജ്യത്വവും അതിന്റെ ഹസ്തിനപുരിയായ അമേരിക്കയുമാണെന്ന് സദാ മന്ത്രിച്ചുകൊണ്ടേയിരുന്നു. കമ്യൂണിസ്റ്റുകാരെന്ന് സ്വയം വെളിപ്പെടുത്തുന്ന ഏതൊരു വിപ്ലവകാരിയെയും പ്രസ്ഥാനത്തേയും തകര്‍ക്കുന്ന വലതുപക്ഷ കൗടില്യങ്ങള്‍ക്കിടയിലാണ്, സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു സാമ്രാജ്യത്വ വിരുദ്ധതയില്‍നിന്ന് ദേശീയാധികാരത്തിലേക്കും ലാറ്റിനമേരിക്കന്‍ കൂട്ടായ്മയിലേക്കും വികസിച്ച് വിമോചന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ഭാവുകത്വം നല്‍കിയത്.
രോഗപീഡകള്‍ ഏറ്റുവാങ്ങുന്നതിനിടയിലാണ് ഷാവേസ് വിരുദ്ധ മഹാസഖ്യം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ ആയുധങ്ങളും പുറത്തെടുത്തത്. ജനങ്ങളില്‍ അമ്പത്തഞ്ചു ശതമാനത്തിന്റെ പിന്തുണ അദ്ദേഹം നേടി. വീണ്ടും ഉത്സാഹഭരിതവും ചടുലവുമായ ആ ജീവിതത്തിനാണ് അകാലത്തില്‍ തിരശ്ശീല വീണത്. ബൊളിവേറിയന്‍ വിപ്ലവത്തിന്റെ ഭാവിയെത്തന്നെ ബാധിക്കാവുന്ന തീവ്രനഷ്ടം. വ്യക്തിയും ചരിത്ര നിര്‍മിതിയും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഷാവേസ് എന്ന നേതൃരൂപം എല്ലാ നിര്‍വചനങ്ങളെയും അതിലംഘിച്ചു നില്‍ക്കുന്നു. അമ്പത്തിനാലാം വയസിലെ ലെനിന്റെ നഷ്ടം ഇരുപതാം നൂറ്റാണ്ടിന് ഏല്‍പ്പിച്ച ക്ഷതത്തോളം തീവ്രതരമായ ആഘാതമാണ് ഷാവേസിന്റെ വിയോഗം. അദ്ദേഹം പകര്‍ന്ന വിപ്ലവ ചൈതന്യം തിരമാലകള്‍പോലെ കാലത്തെയും തലമുറകളെയും ജാഗ്രതപ്പെടുത്തി, അലയടിച്ചുകൊണ്ടേയിരിക്കും.
******************************************
നിലച്ചത് ഇടിമുഴക്കം
പി രാജീവ്
(ദേശാഭിമാനിയിൽനിന്ന്)
"ഇന്നലെ ഇവിടെ ഒരു ചെകുത്താന്‍ ഉണ്ടായിരുന്നു. ഇതാ ഇവിടെ തന്നെ. ഇപ്പോഴും ആ വെടിമരുന്നിന്റെ ഗന്ധം ഇവിടെ തളംകെട്ടിനില്‍ക്കുന്നു. ഇന്നലെ ഇവിടെ അമേരിക്കയുടെ പ്രസിഡന്റുണ്ടായിരുന്നു. അദ്ദേഹത്തെ തന്നെയാണ് ഞാന്‍ ചെകുത്താന്‍ എന്നു വിളിച്ചത്്. ഈ ലോകം തനിക്ക് തീറെഴുതിക്കിട്ടിയ സ്വത്തുപോലെയാണ് അയാള്‍ പ്രസംഗിച്ചത്. അതേ ശരിക്കും ലോകത്തിന്റെ ഉടമസ്ഥനെന്നപോലെ"&ൃറൂൗീ; 2006 സെപ്തംബറില്‍ ഐക്യരാഷ്ട്രസഭയെ പിടിച്ചുലച്ച ഈ വാക്കുകള്‍ മറ്റാരുടേതുമല്ല, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ആള്‍രൂപമായി മാറിയ ഹ്യൂഗോ ഷാവേസിന്റേതാണ്്. ലോകത്തിലെ മിക്കവാറും രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന യുഎന്നില്‍ അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ച് ഇങ്ങനെ പരസ്യമായി പറയാന്‍ മറ്റാര്‍ക്കാണ് ധൈര്യം?
ഷാവേസിന്റെ വാക്കുകളില്‍നിന്ന് ജോര്‍ജ് ബുഷ് ഒളിച്ചോടുകയാണ് ചെയ്തത്. ഇപ്പോള്‍ ആ ശബ്ദം നിലച്ചിരിക്കുന്നു. സാമ്രാജ്യത്വകഴുകന്റെ എല്ലാ ആയുധങ്ങളോടും ഭയമേശാതെ പൊരുതിയ ധീരനെ മരണം കവര്‍ന്നെടുത്തു. ഇതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അമേരിക്ക തന്നെയായിരിക്കും. പലതവണ അധികാരത്തില്‍നിന്നും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍ക്ക് ആ മരണം തല്‍ക്കാലത്തേക്ക് ആശ്വാസം നല്‍കുമായിരിക്കും. മരണത്തിന്റെ മുമ്പിലും ഷാവേസ് ധീരമായി പൊരുതി. ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഊര്‍ജമായി ജനങ്ങള്‍ വീണ്ടും അനുകൂലമായി വിധിയെഴുതി. എന്നാല്‍, ഒളിച്ചിരുന്ന രോഗം മരണത്തിലേക്കുള്ള വഴിതുറക്കാവുന്ന കരുത്തുമായി വീണ്ടും വന്നതറിഞ്ഞപ്പോള്‍ തളര്‍ന്നില്ല. തന്റെ മരണം സൃഷ്ടിക്കാവുന്ന ശൂന്യതയില്‍നിന്നും മുതലെടുക്കാന്‍ കാത്തിരിക്കുന്നവരെകുറിച്ച് നന്നായി അറിയാവുന്നതുകൊണ്ട് പിന്‍ഗാമിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചു. മറ്റാരുടെയും സൗജന്യങ്ങള്‍ക്ക് കാത്തുനിന്നില്ല. എക്കാലത്തും വഴിതെളിച്ച ക്യൂബയുടെ മണ്ണില്‍ ചികിത്സ നേടി. അധികാരത്തിന്റെ വഴിയില്‍നിന്നും ആരോഗ്യപ്രശ്നങ്ങളാല്‍ കാസ്ട്രോ മാറിയപ്പോള്‍ കരുത്തോടെ ഷാവേസ് ലാറ്റിനമേരിക്കയെ നയിച്ചു. ആരായിരുന്നു ഷാവേസ്? "ഞാന്‍ ഇവിടെ നില്‍ക്കുന്നത് വെനസ്വേലയുടെ പ്രസിഡന്റ് എന്ന നിലയില്‍ മാത്രമല്ല. ചില സവിശേഷമായ കാരണങ്ങളാല്‍ ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റായി. ഞാന്‍ ഹ്യൂഗോ ഷാവേസ്, ഒരു പോരാളി. അതെ, ഒരു വിപ്ലവകാരി". 2005ല്‍ ബ്രസീലിലെ പോര്‍ട്ടോ അലഗ്രയില്‍ വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ വേദിയില്‍ നിലക്കാത്ത കൈയടികള്‍ക്കിടയില്‍ സ്വയം പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഈ വാക്കുകളില്‍ എല്ലാം ഉണ്ട്. ആര്‍ക്കെതിരായിരുന്നു ഷാവേസിന്റെ പോരാട്ടം? എന്തായിരുന്നു അദ്ദേഹം പിന്തുടര്‍ന്ന ദര്‍ശനം?
ചരിത്രത്തില്‍ പ്രധാനമായും ഷാവേസ് അടയാളപ്പെടുത്തുന്നത് സാമ്രാജ്യത്വ വിരുദ്ധപോരാളിയെന്ന നിലയില്‍ തന്നെയാണ്്. സാമ്രാജ്യത്വരൂപമായ ആഗോളവല്‍ക്കരണഘട്ടത്തില്‍ ബദലുകളില്ലെന്ന വാദത്തിനു മറുപടി ഭരണാധികാരിയെന്ന നിലയിലും. ചരിത്രത്തില്‍ വ്യക്തി മഹദ്വല്‍ക്കരിക്കപ്പെടുന്നത് മൂര്‍ത്ത സാഹചര്യം തിരിച്ചറിഞ്ഞ് മൂര്‍ത്ത മുദ്രാവാക്യം ആവിഷ്കരിക്കാനും അതിനു അനുസൃതമായ രൂപങ്ങള്‍ മുന്നോട്ടുവയ്ക്കാനും പിന്നില്‍ ജനതയെ അണിനിരത്താനും കഴിയുമ്പോഴാണ്. ചരിത്രം നിര്‍മിക്കുന്ന ജനങ്ങളെ ശരിയായി നയിക്കുന്നതിനു ഷാവേസിനു കഴിഞ്ഞു. അധികാരത്തില്‍വന്ന ഷാവേസിനെ അമേരിക്ക വല്ലാതെ ഭയപ്പെട്ടിരുന്നു. ആദ്യതെരഞ്ഞടുപ്പിന്റെ ഘട്ടത്തില്‍ വിസ നിഷേധിച്ചു. എന്നാല്‍, പ്രസിഡന്റായപ്പോള്‍ വിസ നല്‍കി. അദ്ദേഹത്തിന്റെ സന്ദര്‍ശന പരിപാടി അനുസരിച്ച് ക്യൂബ കഴിഞ്ഞാണ് അമേരിക്ക ഉള്‍പ്പെടുത്തിയത്. ഇത് അമേരിക്കയ്ക്ക് ഇഷ്ടമായില്ല. പരിപാടിയില്‍ മാറ്റം വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. താന്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട തലവനാണെന്നും മറ്റു രാജ്യങ്ങളിലെ ഭരണകൂട താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്താന്‍ തയ്യാറല്ലെന്നും ഷാവേസ് തീര്‍ത്തുപറഞ്ഞു. ഈ പ്രതികരണം അമേരിക്കയെ ഞെട്ടിച്ചു. അതുകൊണ്ടുതന്നെ ഔദ്യാഗിക സ്വീകരണം നല്‍കാന്‍ അവര്‍ തയ്യാറായില്ല. വൈറ്റ് ഹൗസിലെ അനൗപചാരിക ചര്‍ച്ചകള്‍ക്ക് ഉപയോഗിക്കുന്ന മുറിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ഒരു കൈയില്‍ സോഡയുമായി ബില്‍ ക്ലിന്റന്‍ ഷാവേസിനെ സ്വീകരിച്ചു. തന്നെ ഒരു ഭരണാധികാരിയായി പരിഗണിക്കാന്‍ തയ്യാറാകാത്തവരെ അതേ രൂപത്തിലാണ് ഷാവേസും കണ്ടത്. അഫ്ഗാനിസ്ഥാനെ അമേരിക്ക ആക്രമിച്ചപ്പോള്‍ ആദ്യം പ്രതികരിച്ച ഭരണാധികാരി ഷാവേസായിരുന്നു. ഭീകരതയെ മറ്റൊരു ഭീകരതകൊണ്ട് തോല്‍പ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതുപോലെ അപലപിക്കേണ്ടതാണ് അഫ്ഗാനുനേരെയുള്ള ആക്രമണമെന്നായിരുന്നു ഷാവേസിന്റെ അഭിപ്രായം. ഈ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ അംബാസഡര്‍ ഷവേസിനെ സന്ദര്‍ശിച്ചു. അവര്‍ തയ്യാറാക്കിയ പ്രസ്താവന വായിക്കാന്‍ തുടങ്ങി. നിങ്ങള്‍ ഒരു രാജ്യത്തിന്റെ തലവനോടാണ് സംസാരിക്കുന്നത്. നിങ്ങള്‍ എന്റെ രാജ്യത്തിലേക്കുള്ള അംബാസഡര്‍ മാത്രമാണ്. നിങ്ങള്‍ പരിധി വിട്ടിരിക്കുന്നു. എന്റെ ഓഫീസില്‍നിന്നും ഇപ്പോള്‍ ഇറങ്ങണം. അമേരിക്കയുടെ അംബാസാഡറോട് ഇങ്ങനെ സംസാരിക്കാന്‍ ധൈര്യമുള്ള അധികം ഭരണാധികാരികള്‍ ലോകത്തുണ്ടാവില്ല.
ഹ്യൂഗോ ഷാവേസിനെ താഴെയിറക്കുന്നതിന് പ്രത്യേക പദ്ധതി അമേരിക്ക നടപ്പിലാക്കുകയുണ്ടായി. 2000 മുതല്‍ 2005 വരെ പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരം മൂന്നുകോടിയിലധികം ഡോളറാണ് ജനാധിപത്യം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ചെലവഴിച്ചത്. രണ്ടു ദിവസത്തേക്ക് അധികാരത്തില്‍നിന്ന് താഴെയിറക്കി അട്ടിമറി വിജയിച്ചെന്ന പ്രതീതി സൃഷ്ടിക്കുന്നതിനും കഴിഞ്ഞു. ജനശക്തിക്കുമുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് പണിമുടക്കുകളുടെ പരമ്പര സൃഷ്ടിക്കാന്‍ നോക്കി. 68 ദിവസം രാജ്യം സ്തംഭിച്ചെന്ന പ്രതീതിയുണ്ടാക്കി. യഥാര്‍ഥത്തില്‍ അത് പണിമുടക്കായിരുന്നില്ല. ഉടമകള്‍ ലോക്ക് ഔട്ട് പ്രഖ്യാപിച്ച് സാമ്പത്തിക ജീവിതം സ്തംഭിപ്പിക്കുകയായിരുന്നു. ഈ ശ്രമത്തെയും മറികടക്കാന്‍ ഷാവേസിനും അദ്ദേഹത്തിന്റെ പാര്‍ടിക്കും കഴിഞ്ഞു. 1992 ഫെബ്രുവരിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇത്രയുമധികം തവണ ജനപിന്തുണ നേടിയ മറ്റൊരു ഭരണാധികാരി ലോകത്തുണ്ടാവില്ല. ജനാധിപത്യത്തെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് അദ്ദേഹം വച്ചുപുലര്‍ത്തി. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യം സമ്പന്നന്റെ ആധിപത്യം മാത്രമാണ്. അത് പൊളിച്ചെഴുതണം. അതിനു സോഷ്യലിസ്റ്റ് ജനാധിപത്യം വേണം. ജനാധിപത്യമെന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വോട്ടുരേഖപ്പെടുത്തി ഭരണാധികാരികളെ തെരഞ്ഞെടുക്കല്‍ മാത്രമല്ല. അതൊരു ജീവിത രീതിയാണ്. ജനങ്ങള്‍ക്ക് അധികാരം കൈമാറലാണ്്. ഇന്ന് ജനാധിപത്യമെന്ന് വിളിക്കപ്പെടുന്ന സമ്പന്നന്റെ ഭരണകൂടം ജനതയുടെ മേല്‍ നടത്തുന്ന അടിച്ചമര്‍ത്തലല്ലെന്ന് ഷാവേസ് ഉറപ്പിച്ചു പറഞ്ഞു. ജനാധിപത്യ പ്രയോഗത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ക്ക് വെനസ്വേല നേതൃത്വം നല്‍കി. താരിഖ് അലി ചുണ്ടിക്കാണിക്കുന്നതുപോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും ചേര്‍ന്നുള്ള പുതിയ പ്രവര്‍ത്തനത്തിനു വെനസ്വേല മാതൃകയായി. ഈ സംഘടനകള്‍ ഉദാരവല്‍ക്കരണത്തിന്റെ സന്നദ്ധസംഘടനകളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളുടെ നിയന്ത്രണം ഇവയ്ക്കുണ്ട്. അതോടൊപ്പം തെരഞ്ഞെടുക്കല്‍ പ്രക്രിയയില്‍ അയല്‍ക്കൂട്ടങ്ങള്‍ പോലുള്ള സംവിധാനത്തിനും പങ്കുണ്ട്. ജനങ്ങളുടെ അവകാശം തെരഞ്ഞെടുക്കലില്‍ മാത്രമല്ല, പിന്‍വലിക്കുന്നതിലേക്കും വികസിക്കുന്നു. വിദ്യാഭ്യാസം, വീട്, ആരോഗ്യം, ഭൂപരിഷ്കരണം എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് താഴേതലത്തില്‍ നേതൃത്വം നല്‍കുന്നത് അയല്‍ക്കൂട്ട സംവിധാനങ്ങളാണ്. ഇവയെ സമരരൂപംകൂടിയായി ഷാവേസ് വികസിപ്പിച്ചെടുത്തു. ഇതിന്റെ ഭാഗമായി എല്ലാ സാമുഹ്യസൂചകങ്ങളിലും വന്‍മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ദശകങ്ങളില്‍ വെനസ്വേലക്ക് കഴിഞ്ഞു. സോഷ്യലിസമാണ് തന്റെ ദര്‍ശനമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു തെല്ലും സംശയമുണ്ടായില്ല. അത് 21ാം നൂറ്റാണ്ടിന്റെ സോഷ്യലിസമായിരിക്കണമെന്നും പറഞ്ഞു. യന്ത്രങ്ങള്‍ക്കും ഭരണകൂടത്തിനുമല്ല മനുഷ്യനായിരിക്കണം ഇതില്‍ പ്രധാനമെന്നും പുതിയ മാതൃക ലോകം ചര്‍ച്ച ചെയ്യണമെന്നും ഷാവേസ് അഭ്യര്‍ഥിച്ചു. സോഷ്യലിസം മനുഷ്യന്റെ മോചനദര്‍ശനംതന്നെയാണല്ലോ.
തൊഴിലാളി സഹകരണസംഘങ്ങളിലുടെ ഉടമസ്ഥതയുടെ പുതിയ രൂപം വികസിപ്പിക്കാന്‍ ശ്രമം തുടങ്ങി. എണ്ണയുള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം സാമൂഹ്യസേവനത്തിനായി മാറ്റിവച്ചു. ഇപ്പോഴും അവിടെ സമ്പദ്ഘടനയുടെ മൂന്നില്‍ രണ്ടും മുതലാളിത്തത്തിനു കീഴിലാണെങ്കിലും ബദല്‍ മാതൃകക്ക് തുടക്കമിടാന്‍ കഴിഞ്ഞു. സാമ്രാജ്യത്വാധിപത്യത്തിന്റെ എല്ലാ ഉപകരണങ്ങള്‍ക്കും ബദല്‍ സൃഷ്ടിക്കാന്‍ ഷാവേസ് ശ്രമിച്ചു. തെക്കിന്റെ പ്രത്യേക ബാങ്കു രൂപീകരണത്തിലൂം സ്വന്തമായ മാധ്യമശൃംഖല നിര്‍മിതിയിലും അത് കാണാം. അമേരിക്കയുടെ സ്വന്തന്ത്ര വ്യാപാരമേഖലക്ക് പകരം രൂപീകരിച്ച ബൊളിവേറിയന്‍ ബദല്‍ സംഘടന ബഹുധ്രുവതയുടെ ശക്തിരൂപമാണ്. ഷാവേസ് എപ്പോഴും ദേശീയവികാരം ഉയര്‍ത്തിപ്പിടിച്ചു. സാര്‍വദേശീയ വീക്ഷണവും കൈവിട്ടില്ല. രാഷ്ട്രങ്ങളുടെ പരമാധികാരം മുറുകെ പിടിക്കുകയുണ്ടായി. അമേരിക്കയുടെ ഉറക്കംകെടുത്തിയ ഷാവേസിന്റെ ഇടിമുഴക്കം നിലച്ചിരിക്കുന്നൂ. ജനതയെ ശാക്തീകരിക്കുകയും ലാറ്റിനമേരിക്കയെ ശക്തിപ്പെടുത്തുകയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിലക്കുന്നതല്ല.
************************************
സംശയനിഴലില്‍ വീണ്ടും അമേരിക്ക
(ദേശാഭിമാനിയിൽ നിന്ന്)
കാരക്കാസ്: ഹ്യൂഗോ ഷാവേസ് ഉള്‍പ്പടെ ലാറ്റിനമേരിക്കയിലെ പല പ്രമുഖ നേതാക്കളും അര്‍ബുദ ബാധിതരായതില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. വെനസ്വേലയുടെ ഭാവി നായകനായി ഷാവേസ് നിര്‍ദേശിച്ച വൈസ്പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ഷാവേസിന്റെ രോഗബാധയ്ക്ക് പിന്നില്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്നും മഡുറോ അറിയിച്ചു.
രാജ്യത്തെ അസ്ഥിരീകരിക്കാന്‍ സേനാ ഓഫീസര്‍മാരെ കണ്ടതിന് അമേരിക്കന്‍ എംബസിയിലെ രണ്ട് എയര്‍ഫോഴ്സ് അറ്റാഷെമാരെ വെനസ്വേല ചൊവ്വാഴ്ച പുറത്താക്കി. എന്നാല്‍, അമേരിക്കയുമായി ക്രിയാത്മകമായ ബന്ധം സ്ഥാപിക്കാന്‍ വെനസ്വേലയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് ഇത്തരം പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ തിടുക്കത്തില്‍ പ്രതികരിച്ചു. ലാറ്റിനമേരിക്കയിലെ പ്രമുഖ നേതാക്കള്‍ അര്‍ബുദ ബാധിതരാവുന്നതില്‍ അമേരിക്കയ്ക്ക് പങ്കുണ്ടാകാമെന്ന് 2011ല്‍ ഷാവേസും അഭിപ്രായപ്പെട്ടിരുന്നു. 'ലാറ്റിനമേരിക്കന്‍ നേതാക്കള്‍ക്ക് മാരകരോഗം പടര്‍ത്താന്‍ അമേരിക്ക എന്തോ പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയതായി ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു'. പാരഗ്വായ് പ്രസിഡന്റ് ഫെര്‍ണാണ്ടോ ലൂഗോ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫ്, മുന്‍ പ്രസിഡന്റ് ലുല ഡാ സില്‍വ എന്നിവര്‍ക്ക് അര്‍ബുദരോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഷാവേസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ക്യൂബന്‍ നേതാവ് ഫിദെല്‍കാസ്ട്രോയെ വധിക്കാന്‍ സിഐഎ നടത്തിയ ശ്രമങ്ങളെ കുറിച്ച് അറിവുള്ളതിനാലാണ് താന്‍ ഈ നിഗമനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
'എപ്പോഴും കരുതിയിരിക്കണമെന്ന് ഫിദെല്‍ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. അവരുടെ സാങ്കേതികവിദ്യകള്‍ അത്രയും മെച്ചപ്പെട്ടതാണ്. ഭക്ഷണം കഴിക്കുമ്പോള്‍പോലും നാം ജാഗ്രത പുലര്‍ത്തണം. ചെറിയ സൂചിമുനകൊണ്ട് പോലും നമ്മെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കും"ഷാവേസ് കൂട്ടിചേര്‍ത്തു. ബൊളീവിയന്‍ നേതാവായ ഇവോ മൊറാലിസ്, ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറീയ എന്നിവരോട് കരുതിയിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കാനും ഷാവേസ് മറന്നില്ല.
മാരകമായ അര്‍ബുദബാധയെ അതിജീവിച്ച നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ക്കാനും ഷാവേസ് ആഗ്രഹിച്ചിരുന്നു. അധികാരത്തിലിരുന്ന 14 വര്‍ഷ കാലയളവിനിടയ്ക്ക് ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക പലതവണ പദ്ധതിയിട്ടിരുന്നു. 2002ല്‍ സിഐഎയുടെ സഹായത്തോടെ നടന്ന അട്ടിമറിശ്രമം ഇതിന്റെ ഭാഗമായിരുന്നു. ഈ സാഹചര്യത്തിലാണ് സംശയമുനകള്‍ വീണ്ടും അമേരിക്കയിലേക്ക് നീളുന്നത്. സംശയകരമായ ചിലതാണ് ഷാവേസിന്റെ രോഗത്തിനിടയാക്കിയതെന്ന് താന്‍ വിശ്വസിക്കുന്നതായി ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദ് പറഞ്ഞു.
****************************************
നിക്കോളാസ് മഡുറോ ഇടക്കാല പ്രസിഡന്റ്
(ദേശാഭിമാനിയിൽ നിന്ന്)
കാരക്കാസ്: ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റാകും. വിദേശകാര്യമന്ത്രി ഏലിയാസ് ജോവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 30 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കും. മഡുറോ തന്നെയാവും ഭരണമുന്നണിയുടെ സ്ഥാനാര്‍ഥി. വെനസ്വേലയുടെ ഭരണഘടന അനുസരിച്ച് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതുവരെ ദേശീയ അസംബ്ലിയുടെ സ്പീക്കറാണ് ഭരണം നടത്തേണ്ടത്. എന്നാല്‍, ഡിസംബറില്‍ ഷാവേസ് നാലാംവട്ടം ക്യൂബയില്‍ അര്‍ബുദചികിത്സയ്ക്കുപോകുമ്പോള്‍ത്തന്നെ അധികാരം മഡുറോയെ ഏല്‍പ്പിച്ചിരുന്നു.
**********************************
ആദരാഞ്ജലികളോടെ ലോകം
(ദേശാഭിമാനിയിൽ നിന്ന്)
കാരക്കാസ്: ലാറ്റിനമേരിക്കയുടെ ഇതിഹാസനായകന് ലോകരാഷ്ട്രങ്ങള്‍ വേദനയോടെ ആദരാഞ്ജലി അര്‍പ്പിച്ചു. ക്യൂബയുടെ വിശിഷ്ടപുത്രനായ ഷാവേസിന്റെ വേര്‍പാട് തീവ്രദുഃഖത്തോടെയാണ് ജനങ്ങളും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് ക്യൂബന്‍ സര്‍ക്കാര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മഹാനായ നേതാവും സുഹൃത്തുമായിരുന്നു ഹ്യൂഗോ ഷാവേസെന്ന് ചൈനയുടെ വക്താവ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. വെനസ്വേലയും ചൈനയും തമ്മിലുള്ള സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം പ്രയത്നിച്ചു. സംശയാസ്പദമായ രോഗത്തിന്റെ രക്തസാക്ഷിയാണ് ഹ്യൂഗോ ഷാവേസെന്ന് ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമദി നെജാദ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. വെനസ്വേലയ്ക്ക് സ്വന്തം വീരപുത്രനെയും ലോകത്തിന് അതുല്യനായ വിപ്ലവനേതാവിനെയുമാണ് നഷ്ടപ്പെട്ടത്നെജാദ് പറഞ്ഞു. മഹാനായ ലാറ്റിനമേരിക്കന്‍ നേതാവും ബ്രസീലിന്റെ അടുത്തസുഹൃത്തുമായിരുന്നു ഹ്യൂഗോ ഷാവേസെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് അനുശോചിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാകാത്ത ശൂന്യതയാണെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമായി പോരാടുന്ന ജനവിഭാഗങ്ങള്‍ക്ക് ഹ്യൂഗോ ഷാവേസ് എക്കാലവും പ്രചോദമേകുമെന്ന് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് പറഞ്ഞു. ലോകത്തിന്റെ എല്ലാ മേഖലയിലും സാമൂഹ്യരംഗത്തും ഷാവേസിന്റെ സ്മരണ നിലനില്‍ക്കും. ഷാവേസ് എക്കാലവും നമ്മോടൊപ്പമുണ്ടാകും മൊറാലിസ് പറഞ്ഞു. വെല്ലുവിളികള്‍ തരണംചെയ്യാന്‍ വെനസ്വേലന്‍ ജനതയെ സഹായിച്ചത് ഷാവേസാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ലാറ്റിനമേരിക്കന്‍ ഐക്യം മുന്നില്‍കണ്ട് പ്രാദേശിക ഉദ്ഗ്രഥനത്തിന് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം മേഖലയിലെ മറ്റു രാഷ്ട്രങ്ങളുമായി ഐക്യദാര്‍ഢ്യം പുലര്‍ത്താനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയെന്ന് മൂണ്‍ പറഞ്ഞു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ വെനസ്വേലയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഒബാമ പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ധീരതയോടെ നിലകൊണ്ട നേതാവായിരുന്നു ഷാവേസെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മികാര്‍ട്ടര്‍ പറഞ്ഞു. മരണമില്ലാത്ത നേതാവാണ് ഹ്യൂഗോ ഷാവേസെന്ന് നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ വക്താവ് അനുശോചനസന്ദേശത്തില്‍ പ്രസ്താവിച്ചു. അതിരറ്റ പ്രചോദനം സമ്മാനിക്കുന്ന നേതാവാണ് ഷാവേസെന്ന് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറീയ അനുസ്മരിച്ചു. ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദ് ഷാവേസിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഷാവേസിന്റെ നിശ്ചയദാര്‍ഢ്യത്തെ
*******************************************

No comments:
Post a Comment